ഏ. വി. സന്തോഷ് കുമാർ

Published: 10 may 2026 ഭാഷാശാസ്ത്രം

ഭാഷ ഒരു വസ്തുവല്ല

ഭാഷയേയും ഭാഷാഭേദങ്ങളേയും കുറിച്ച്

ഭാഷയ്ക്ക് പൊതുവായ ഒരു വ്യാകരണം (Universal Grammar) ഉണ്ടെന്ന് അംഗീകരിക്കപ്പെട്ടതോടെ ഭാഷകൾ തമ്മിലുള്ള അന്തരം വല്ലാതെ നേർത്തുപോയിട്ടുണ്ട്. ഇംഗ്ലീഷും മലയാളവും തമിഴുമെല്ലാം വെവ്വേറെ ഭാഷകളാണെന്ന് നമ്മൾ ഉറച്ചു വിശ്വസിക്കുന്നു. ഓരോന്നിനും അതിൻ്റേതായ നിയമങ്ങളും പദസമ്പത്തും ഉണ്ട്. എന്നാൽ ഈ വേർതിരിവുകൾ എത്രത്തോളം യാഥാർത്ഥ്യമാണ്? ഭാഷാ പണ്ഡിതനായ വൂക് വുക്കോട്ടിക്ക് പറയുന്നത് ഭാഷ എന്നത് വ്യാകരണത്തിൻ്റെയോ വാക്കുകളുടെയോ മാത്രം കണക്കല്ല എന്നാണ്. അധികാരം, വ്യക്തിത്വം, സാമൂഹികമായ വേർതിരിവുകൾ എന്നിവയെല്ലാം ചേർന്നാണ് ഭാഷയെ നിർവചിക്കുന്നത്. സ്വിസ് ജർമ്മൻ മുതൽ സംസ്കൃതം വരെ, നമ്മൾ കാണുന്ന ഈ ഭാഷാപരമായ അതിരുകൾ സ്വാഭാവികമായി ഉണ്ടായതല്ല. മനുഷ്യർ അവരവരുടെ താല്പര്യങ്ങൾക്കനുസരിച്ച് നിർമ്മിച്ചെടുത്തവയാണ്. ആളുകളെ പല തട്ടുകളായി തിരിക്കാനും ഗോത്രങ്ങളും രാജ്യങ്ങളും ഉണ്ടാക്കാനും ഭാഷ ഒരു ഉപകരണമായി ഉപയോഗിച്ചു. അതുകൊണ്ട്, പല പല ഭാഷകളെക്കുറിച്ച് പറയുന്നതിന് പകരം, ഭാഷയെ നമ്മളെല്ലാവരും പങ്കുചേരുന്ന, ഒഴുകിനീങ്ങുന്ന, കൃത്യമായ രൂപമില്ലാത്ത ഒരു പ്രവൃത്തിയായി കാണുന്നതാണ് ശരിയെന്ന് അദ്ദേഹം വാദിക്കുന്നു.

ഈ വാദം കേൾക്കുമ്പോൾ നമുക്ക് സംശയം തോന്നാം. കാരണം ഇംഗ്ലീഷും ജർമ്മനും തായ് ഭാഷയുമെല്ലാം നിലവിലുണ്ട് എന്നത് പകൽ പോലെ വ്യക്തമായ കാര്യമാണ്. ഭാഷാപരമായ ആപേക്ഷികതാവാദം (linguistic relativity) പിന്താങ്ങുന്നവർ ഭാഷകൾ യാഥാർത്ഥ്യമാണെന്ന് മാത്രമല്ല, അവ സംസാരിക്കുന്നവരുടെ ലോകവീക്ഷണത്തെ രൂപപ്പെടുത്തുന്നു എന്നും വിശ്വസിക്കുന്നു. ഈ കാഴ്ചപ്പാടിൽ, ഭാഷയാണ് നമ്മുടെ യാഥാർത്ഥ്യങ്ങളെ നിർമ്മിക്കുന്നത്. എന്നാൽ മറ്റൊരു വിഭാഗമുണ്ട്. ഉൽപ്പാദനക്ഷമമായ ഭാഷാശാസ്ത്രജ്ഞർ (generativist linguists) എന്ന് വിളിക്കപ്പെടുന്ന ഈ കൂട്ടർ പറയുന്നത് ‘ഭാഷ’ എന്നൊന്ന് മാത്രമേയുള്ളൂ എന്നാണ്. മനുഷ്യന് ചിഹ്നങ്ങളുപയോഗിച്ച് ആശയവിനിമയം നടത്താനുള്ള ഒരു സാർവത്രിക കഴിവുണ്ടെന്നും, നമ്മൾ കാണുന്ന വ്യത്യസ്ത ഭാഷകൾ ഈ കഴിവിൻ്റെ പലതരം പ്രകടനങ്ങൾ മാത്രമാണെന്നും അവർ വാദിക്കുന്നു. ഈ കാഴ്ചപ്പാടിൽ, ഭാഷ എന്നത് യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കാനുള്ള സുതാര്യമായ ഒരു മാധ്യമം മാത്രമാണ്. ഇതിനെ ഭാഷാപരമായ യാഥാർത്ഥ്യവാദം (linguistic realism) എന്ന് വിളിക്കുന്നു.

ഈ രണ്ട് കാഴ്ചപ്പാടുകളിലും ശരിയുടെ അംശങ്ങളുണ്ട്. ആപേക്ഷികതാവാദികൾ ഓരോ ഭാഷയുടെയും പ്രത്യേകതകളെയും സൂക്ഷ്മമായ വ്യത്യാസങ്ങളെയും കുറിച്ച് വിശദമായി പഠിക്കുന്നു. ഭാഷയിലെ എല്ലാം സാർവത്രികമല്ല എന്ന് അവർ തെളിയിക്കുന്നു. പക്ഷേ, അടുത്തടുത്തുള്ള പ്രദേശങ്ങളിലെ സംസാരരീതികളെക്കുറിച്ച് പഠിക്കുമ്പോൾ അവർ കുഴങ്ങിപ്പോകുന്നു. തൊട്ടടുത്തുള്ള രണ്ട് ഗ്രാമങ്ങളിലെ സംസാരരീതികൾ രണ്ട് ഭാഷകളാണോ, അതോ ഒരേ ഭാഷയുടെ രണ്ട് ഭേദങ്ങളാണോ? ഉദാഹരണത്തിന്, സ്വിസ് ജർമ്മൻ, ബവേറിയൻ ജർമ്മൻ, ലോ ജർമ്മൻ എന്നിവയെല്ലാം ഒരേ ഭാഷയാണോ അതോ വ്യത്യസ്ത ഭാഷകളാണോ? ഒരു സംസാരരീതിയെ പുതിയൊരു ഭാഷയായി കണക്കാക്കാൻ എത്രത്തോളം വ്യത്യാസം വേണം? ഈ ചോദ്യങ്ങൾക്കൊന്നും ഇന്നുവരെ കൃത്യമായ ഒരു ഉത്തരം കണ്ടെത്താനായിട്ടില്ല.

ഇങ്ങനെയുള്ള സാഹചര്യങ്ങൾ യൂറോപ്പിൽ മാത്രമല്ല, ലോകത്തെവിടെയും കാണാം. ഭാഷാഭേദങ്ങളുടെ ഒരു തുടർച്ച (dialectal continua) പല രാജ്യങ്ങളുടെയും അതിരുകൾ ഭേദിച്ച് നീണ്ടുകിടക്കുന്നു. പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ റൊമൻ ഭാഷകളുടെ ഒരു തുടർച്ച കാണാം. അതുപോലെ റഷ്യ, പോളണ്ട്, ചെക്കസ്ലോവാക്യ എന്നിവിടങ്ങളിൽ നോർത്ത് സ്ലാവിക് ഭാഷകളുടെയും സ്ലോവേനിയ മുതൽ ബൾഗേറിയ വരെ സൗത്ത് സ്ലാവിക് ഭാഷകളുടെയും തുടർച്ചയുണ്ട്. ഇന്ത്യയിലെ കാര്യം ഇതിലും സങ്കീർണ്ണമാണ്. കേരളത്തിൻ്റെ തെക്കേ അറ്റത്തുനിന്ന് തമിഴ്നാട്ടിലേക്ക് കടക്കുമ്പോൾ മലയാളം എവിടെ അവസാനിക്കുന്നു, തമിഴ് എവിടെ തുടങ്ങുന്നു എന്ന് കൃത്യമായി പറയാൻ സാധിക്കില്ല. സംസാരരീതി പതിയെ പതിയെ മാറുന്നത് നമുക്ക് കാണാം. ഇതിൽ എവിടെയാണ് ഒരു ഭാഷ അവസാനിച്ച് മറ്റൊന്ന് ജനിക്കുന്നത്? ഇതിനൊരുത്തരമില്ല.

ഇവിടെയാണ് സാർവത്രിക വ്യാകരണത്തിൻ്റെ (universal grammar) വക്താക്കൾ ഒരു കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്. ഭാഷകളെ നിർമ്മിക്കുന്നത് പ്രകൃതിയല്ല, രാഷ്ട്രീയമാണ്. യീദിഷ് പണ്ഡിതനായ മാക്സ് വെയ്ൻറിച്ച് പ്രശസ്തമാക്കിയ ഒരു വാചകമുണ്ട്, “സൈന്യവും നാവികസേനയുമുള്ള ഒരു ഭാഷാഭേദമാണ് ഭാഷ” (A language is a dialect with an army and navy). ഈ തമാശപോലുള്ള വാചകത്തിൽ വലിയൊരു സത്യമുണ്ട്. ഇന്ന് നമ്മൾ കാണുന്ന പല ദേശീയ ഭാഷകളും ഒരു കാലത്ത് ഏതെങ്കിലും ഒരു പ്രദേശത്തെ സംസാരരീതി മാത്രമായിരുന്നു. ഇറ്റാലിയൻ ഭാഷ എന്നത് ഫ്ലോറൻസിലെ സംസാരരീതിയാണ്. സ്പാനിഷ് എന്നത് കാസ്റ്റിലിയൻ എന്ന പ്രാദേശിക രൂപമാണ്. ജർമ്മൻ ഭാഷ ലൂഥറിൻ്റെ ബൈബിളിൽ ഉപയോഗിച്ച സാക്സൺ ശൈലിയിലുള്ള ഭാഷയാണ്. ഇങ്ങനെ ഒരു സംസാരരീതിയെ ഔദ്യോഗിക ഭാഷയായി ഉയർത്തുമ്പോൾ, മറ്റ് പല സംസാരരീതികളും വെറും ഭാഷാഭേദങ്ങളായി (dialects) തരംതാഴ്ത്തപ്പെടുന്നു. ഒരു രാഷ്ട്രം നിർമ്മിക്കുന്നതിന് ഒരു പൊതു ഭാഷ എന്നത് അത്യാവശ്യമായിരുന്നു. ഒരു ആധുനിക രാജ്യത്തിന് ഒരു ഭാഷ എന്നത് പ്രായോഗികവും ചിലപ്പോൾ ആത്മീയവുമായ ഒരു ആവശ്യകതയായി മാറി. ഇന്ത്യയിൽത്തന്നെ ഹിന്ദി ഭാഷയുടെ കാര്യം നോക്കുക. ഖരീബോലി എന്ന ഒരു പ്രാദേശിക സംസാരരൂപത്തെ സംസ്കൃതവൽക്കരിച്ച് ഒരു ഔദ്യോഗിക ഭാഷയായി മാറ്റുകയായിരുന്നു. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചു.

എന്നാൽ ഈ രണ്ട് കാഴ്ചപ്പാടുകൾക്കും ഒരു പ്രധാന ചോദ്യത്തിന് ഉത്തരമില്ല. എന്തുകൊണ്ടാണ് നമ്മൾ ഭാഷകൾക്കിടയിൽ ഇത്രയധികം വ്യത്യാസങ്ങളും അതേസമയം സാമ്യങ്ങളും കാണുന്നത്? ആപേക്ഷികതാവാദികൾ ഓരോ സംസാരരീതിക്കും ‘ഭാഷ’ എന്നും ‘ഭാഷാഭേദം’ എന്നും തരംതിരിച്ച് പേരിടുന്നു. സാർവത്രികവാദികൾ ഈ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാതെ മാറിനിൽക്കുന്നു. വെയ്ൻറിച്ചിൻ്റെ വാദം പ്രസക്തമാണെങ്കിലും, അത് ഭാഷാഭേദങ്ങളെ മാത്രമാണ് യഥാർത്ഥ ഭാഷാപരമായ വസ്തുക്കളായി കാണുന്നത്. പക്ഷേ എന്താണ് ഒരു ഭാഷാഭേദം? അവയും അവ്യക്തമാണ്. ആധുനിക ഭാഷാശാസ്ത്രത്തിൻ്റെ പിതാവായ ഫെർഡിനാൻഡ് ഡി സൊസൂർ പറഞ്ഞത്, “ഭാഷയുടെ മൊത്തത്തിലുള്ള പ്രതലത്തിലെ സാങ്കൽപ്പികമായ വിഭജനങ്ങൾ മാത്രമാണ് ഭാഷാഭേദങ്ങൾ” എന്നാണ്. അതായത്, ഭാഷാഭേദങ്ങളും മനുഷ്യനിർമ്മിതമാണ്.

ഈ പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കാൻ ഒരു പുതിയ സമീപനം ആവശ്യമാണ്. ഭാഷയെക്കുറിച്ച് കൂടുതൽ ചരിത്രപരവും മനുഷ്യകേന്ദ്രീകൃതവുമായ ഒരു ആശയം വേണം. ഭാഷയെക്കുറിച്ചുള്ള നരവംശശാസ്ത്രപരവും കോളനിവാഴ്ചാനന്തരവുമായ എഴുത്തുകൾ ഒരു പുതിയ വെളിച്ചം വീശുന്നുണ്ട്. ഭാഷ, ഭാഷാഭേദം, പ്രാദേശികമൊഴി എന്നിങ്ങനെയുള്ള സാങ്കൽപ്പികമായ വേർതിരിവുകൾ ‘സാമൂഹിക നിർവഹണം’ (social doing) എന്ന് വിളിക്കപ്പെടുന്ന ഒന്നിനുള്ള വഴിയാണ്. ആശയവിനിമയം എന്ന അടിസ്ഥാന ധർമ്മത്തിനപ്പുറം മറ്റെന്തെങ്കിലും ഒരു ധർമ്മം നിർവഹിക്കാനാണ് ഭാഷാപരമായ അസ്തിത്വങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടാകുന്നത്.

ഭാഷ ആശയവിനിമയത്തിനായി മാത്രം ഉപയോഗിക്കുമ്പോൾ, സംസാരിക്കുന്നവർ ‘ഭാഷകളെയോ’ ‘ഭാഷാഭേദങ്ങളെയോ’ പ്രത്യേക അസ്തിത്വങ്ങളായി കാണുന്നില്ല എന്നതിന് തെളിവുകളുണ്ട്. ആധുനികമല്ലാത്ത ചില സമൂഹങ്ങളെ നിരീക്ഷിച്ചപ്പോൾ, ഉദാഹരണത്തിന് ഓസ്ട്രോനേഷ്യൻ ജനതയെയും മറ്റ് യൂറോപ്യൻ ഇതര ജനവിഭാഗങ്ങളെയും, അവരിൽ പലർക്കും ‘ഒരു ഭാഷ’ എന്ന ആശയം തന്നെയില്ലായിരുന്നു എന്ന് കണ്ടെത്തി. അവർ തങ്ങളുടെ സംസാരത്തെ പലതരം വിഭവങ്ങളുടെ ഒരു കൂട്ടമായാണ് കണ്ടിരുന്നത്. ഇതേ കാര്യം ഇന്ത്യയിയും ബാധകമാണ്. പല ഭാഷകൾക്കും പേര് ഉണ്ടായിരുന്നില്ല.
പല നാടുകളിലേയും ഭാഷകളെയും അവയുടെ പേരുകളെയും യൂറോപ്യന്മാർക്ക് കണ്ടുപിടിക്കേണ്ടി വന്നു ആസാമീസ്, ബംഗാളി തുടങ്ങിയ പേരുകൾ അങ്ങനെയുണ്ടായതാണ്. കാരണം, അവിടുത്തെ ഭൂരിഭാഗം ജനങ്ങൾക്കും ‘ഒരു ഭാഷ’ എന്ന സങ്കൽപ്പം തന്നെ ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ഭാഷയെക്കുറിച്ചുള്ള ധാരണ വളരെ അയവുള്ളതാണ്. ‘നമ്മൾ’, ‘അവർ’ എന്നിങ്ങനെ കർക്കശമായ വംശീയ ഭാഷാപരമായ വേർതിരിവുകൾ ഉണ്ടാക്കാൻ സഹായിക്കുന്ന ഭാഷാപരമായ വിഭാഗങ്ങൾ അവിടെയില്ല.

നമ്മുടെ മനസ്സിൽ ഭാഷാപരമായ അസ്തിത്വങ്ങൾ, അതായത് ഭാഷാഭേദങ്ങൾ, ഭാഷകൾ തുടങ്ങിയവ രൂപപ്പെടുന്നത് അവയ്ക്ക് എന്തെങ്കിലും സാമൂഹികമായ ധർമ്മം നിർവഹിക്കാനുണ്ടാകുമ്പോഴാണ്. സ്വന്തം വ്യക്തിത്വത്തിൻ്റെ ഘടകങ്ങളെ തിരിച്ചറിയുക എന്നതാണ് പലപ്പോഴും ഈ ധർമ്മം. ഇതിനായി ‘ഷിബോലെത്ത്’ (shibboleth) എന്ന് വിളിക്കുന്ന ഒരു തത്വം ഉപയോഗിക്കപ്പെടുന്നു. ഷിബോലെത്ത് എന്ന ആശയം പഴയ നിയമത്തിൽ നിന്നാണ് വരുന്നത്. ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ വംശഹത്യയുടെ കഥയാണത്. യിഫ്താഹ് എഫ്രയീം ഗോത്രത്തെ പരാജയപ്പെടുത്തിയ ശേഷം, ഒളിച്ചിരിക്കുന്ന എഫ്രയീംകാരെ തിരിച്ചറിയാൻ ഒരു സൂത്രം പ്രയോഗിച്ചു. അവരോട് ‘ഷിബോലെത്ത്’ എന്ന് പറയാൻ ആവശ്യപ്പെട്ടു. എഫ്രയീംകാർക്ക് ആ വാക്ക് ശരിയായി ഉച്ചരിക്കാൻ കഴിഞ്ഞിരുന്നില്ല, അവർ ‘സിബോലെത്ത്’ എന്നാണ് പറഞ്ഞിരുന്നത്. അങ്ങനെ തെറ്റായി ഉച്ചരിച്ചവരെയെല്ലാം പിടിച്ച് കൊന്നുകളഞ്ഞു. ഒരു വാക്കിൻ്റെ ഉച്ചാരണം ഒരു ജനതയെത്തന്നെ ഇല്ലാതാക്കാൻ കാരണമായി. പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു സെർബിയൻ ഭാഷാ പണ്ഡിതൻ സമാനമായ ഒരു തിരിച്ചറിയൽ രീതിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഡാൽമേഷ്യയിലെ കർഷകർ ഉച്ചാരണത്തിലൂടെ ആളുകളുടെ മതം തിരിച്ചറിഞ്ഞിരുന്നു. ‘ഞാനല്ല’ എന്ന് പറയാൻ ‘നിസാം’ എന്ന് ഉപയോഗിക്കുന്നവർ കത്തോലിക്കരും ‘നിയേസാം’ എന്ന് ഉപയോഗിക്കുന്നവർ ഓർത്തഡോക്സുകാരുമായിരുന്നു. ഒരു പ്രദേശത്തെ ആളുകളെ അവരുടെ ഉച്ചാരണത്തിലെ ഷിബോലെത്തുകൾ ഉപയോഗിച്ച് തിരിച്ചറിയാൻ മനുഷ്യർക്ക് എപ്പോഴും കഴിഞ്ഞിരുന്നു. കേരളത്തിൽ തന്നെ ഇതിന് ഉദാഹരണങ്ങളുണ്ട്. തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സംസാരരീതികൾ കേട്ടാൽ ഒരാൾ എവിടുത്തുകാരനാണെന്ന് നമ്മൾ പെട്ടെന്ന് തിരിച്ചറിയും. ‘വരുന്നു’, ‘വരണു’, ‘വെരുന്നു’ തുടങ്ങിയ പ്രയോഗങ്ങൾ കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഒരു സാമൂഹികമായ വേർതിരിവ് നടക്കുന്നുണ്ട്.

ഭാഷയ്ക്ക് ഇതിലും സങ്കീർണ്ണമായ സാമൂഹിക ധർമ്മങ്ങൾ നിർവഹിക്കാൻ കഴിയും. വടക്കൻ ആമസോണിലെ തുകാനോ ഗോത്രങ്ങൾക്കിടയിൽ, വിവാഹം കർശനമായും ഗോത്രത്തിന് പുറത്തുനിന്നായിരിക്കണം. അതായത്, വ്യത്യസ്ത ഭാഷാ വിഭാഗങ്ങളിൽപ്പെട്ട വ്യക്തികൾ തമ്മിലേ വിവാഹം അനുവദിക്കൂ. ഈ സാംസ്കാരിക നിയമം അവിശ്വസനീയമായ ഭാഷാപരമായ വൈവിധ്യത്തിന് കാരണമായി. മിക്കവാറും എല്ലാവരും മൂന്നോ നാലോ അഞ്ചോ ഭാഷകൾ സംസാരിക്കുന്നവരായി. ഇവിടെ ഭാഷകളെ വേർതിരിച്ച് കാണുന്നത് സാമൂഹികമായി വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യാനാണ്. സഹോദരീസഹോദരന്മാരായി കരുതപ്പെടുന്നവർ തമ്മിലുള്ള വിവാഹം ഒഴിവാക്കുക എന്നതാണത്. ചുരുക്കത്തിൽ, എല്ലാ മനുഷ്യർക്കും ആശയവിനിമയം നടത്താൻ ഭാഷയുണ്ട്. പക്ഷേ, ഒരു സാമൂഹിക ആവശ്യം ഉണ്ടാകുന്നതുവരെ ഭാഷകളെ പ്രത്യേക അസ്തിത്വങ്ങളായി സങ്കൽപ്പിക്കേണ്ടതില്ല.

ഈ രീതിയിൽ നോക്കുമ്പോൾ, പത്തൊൻപതാം നൂറ്റാണ്ടിലെ ഉന്നതർ ഭാഷകളെ ദേശീയ ആരാധനയുടെ വ്യാകരണ വസ്തുക്കളാക്കി മാറ്റിയപ്പോൾ, അതും അവർക്ക് ഒരുതരം സാമൂഹിക നിർവഹണമായിരുന്നു. ഭാഷാസ്നേഹികളായ രാജ്യസ്നേഹികൾ ഭാഷകളെ അത് സംസാരിക്കുന്ന ദേശീയ വിഭാഗങ്ങളുടെ സ്വത്തായി സങ്കൽപ്പിച്ചു. അതുവഴി രാഷ്ട്രങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിച്ചു. ജർമ്മൻ തത്വചിന്തകനായ യോഹാൻ ഗോട്ട്ഫ്രൈഡ് വോൺ ഹെർഡർ ഭാഷകളെ ഓരോ രാജ്യത്തിൻ്റെയും പ്രതിഭയുടെ പ്രതിഫലനമായി കണ്ടു. ആ പ്രതിഭ രാജ്യത്തിൻ്റെ പാട്ടുകളിലും നാടോടിക്കഥകളിലും സാഹിത്യത്തിലും അടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാൽ ഈ രാജ്യസ്നേഹികൾക്ക് ഒരു പ്രശ്നമുണ്ടായിരുന്നു. അവരുടെ രാജ്യത്തെ അംഗങ്ങൾ ഗ്രാമങ്ങൾ തോറും പട്ടണങ്ങൾ തോറും വ്യത്യസ്തമായ രീതിയിലാണ് സംസാരിച്ചിരുന്നത്. ഇതിനൊരു പരിഹാരമായാണ് അവർ ദേശീയ ഭാഷ എന്ന ആശയത്തെ സാധാരണക്കാരുടെ സംസാരത്തിൽ നിന്ന് വേർപെടുത്തി, എല്ലാവരും സ്കൂളിൽ പോയി പഠിക്കേണ്ട ഒരു വിശിഷ്ട വസ്തുവാക്കി മാറ്റിയത്. അതായത്, ജനങ്ങളുടെ ഭാഷയെ ലത്തീൻ ഭാഷയെപ്പോലെയാക്കുക. അതിന് ഒരു വ്യാകരണവും നിഘണ്ടുവും നൽകി ഉപയോഗത്തിന് നിയമങ്ങൾ നിർദ്ദേശിക്കുക. കേരളത്തിൽ ഹെർമൻ ഗുണ്ടർട്ടിൻ്റെ സംഭാവനകൾ ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. പലതരം പ്രാദേശിക ഭേദങ്ങളായി ചിതറിക്കിടന്ന മലയാളത്തിന് ഒരു നിഘണ്ടുവും വ്യാകരണവും നൽകി അതിനെ ഒരു ‘നിലവാരമുള്ള’ ഭാഷയാക്കി മാറ്റുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു.

ഇതെല്ലാം ഭാഷകളെക്കുറിച്ച് നാം എങ്ങനെ മനസ്സിലാക്കണം എന്നതിനെക്കുറിച്ച് എന്താണ് പറയുന്നത്? ജോർജിയോ അഗാംബെൻ വാദിച്ചത്, “ഒരു ജനതയോ ഒരു ഭാഷയോ എന്താണെന്ന് നമുക്ക് ഒരു ധാരണയുമില്ല” എന്നാണ്. അദ്ദേഹം കൂട്ടിച്ചേർത്തു, നമ്മുടെ മുഴുവൻ രാഷ്ട്രീയ പ്രത്യയശാസ്ത്രവും “ഇതിനകം അവ്യക്തമായ ഒന്നിനെ (ജനത എന്ന ആശയം) കൂടുതൽ അവ്യക്തമായ ഒന്നിൻ്റെ (ഭാഷ എന്ന ആശയം) സഹായത്തോടെ നിർവചിക്കുന്നു.” ഞാൻ ഇതിനോട് യോജിക്കുന്നു. എങ്കിലും, ഭാഷകളെ ജനതയുടെ ധർമ്മങ്ങളായി ചിന്തിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്ന് തോന്നുന്നു.
നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം പത്തൊൻപതാം നൂറ്റാണ്ട് മുതൽ പല തലമുറകളിലായി ഒരു പുതിയ ആശയം കുത്തിവെച്ചിട്ടുണ്ട്. ഭാഷ എന്നത് നിയമങ്ങളാൽ ഭരിക്കപ്പെടുന്ന ഒരു അമൂർത്തമായ സംവിധാനമാണ്, പ്രത്യേകിച്ച് യൂറോപ്യൻ പശ്ചാത്തലത്തിൽ, ഒരു രാജ്യത്തിൻ്റെ ഭാഷാപരമായ സത്തയുടെ പ്രതിഫലനമാണ് എന്ന ആശയം. എന്നാൽ തുകാനോ ഗോത്രങ്ങളുടെ ഭാഷകൾ സാമൂഹിക പുനരുൽപ്പാദനത്തിൻ്റെ ഉപകരണങ്ങളായതുപോലെ, ദേശീയ ഭാഷകളും സമാനമായ ഒരു സാമൂഹിക നിർവഹണത്തിൻ്റെ വഴിയാണ്. സാംസ്കാരിക ഉന്നതർക്ക്, തങ്ങളുടെ രാജ്യങ്ങൾ എങ്ങനെ സങ്കൽപ്പിക്കപ്പെടണം എന്ന് നിയന്ത്രിക്കാനുള്ള ഉപകരണങ്ങളാണവ.

അപ്പോൾ യാഥാർത്ഥ്യവാദവും ആപേക്ഷികതാവാദവും തമ്മിലുള്ള തർക്കത്തെക്കുറിച്ച് എന്തുപറയാം? വ്യത്യസ്ത ഭാഷകൾ വ്യത്യസ്ത ലോകവീക്ഷണങ്ങളെ നിർണ്ണയിക്കുന്നുണ്ടോ, അതോ എല്ലാ ഭാഷയും അടിസ്ഥാനപരമായി ഒന്നുതന്നെയാണോ? ഭാഷകൾ ആത്മനിഷ്ഠമായ യാഥാർത്ഥ്യങ്ങളെ നിർമ്മിക്കുന്നതായി കാണണമോ, അതോ ഭാഷയെ വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തെ സുതാര്യമായി പ്രതിഫലിപ്പിക്കുന്ന ഒന്നായി കാണണമോ?

മുകളിൽ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ, യാഥാർത്ഥ്യവാദികൾ (realists) പറയുന്നതാണ് അടിസ്ഥാനപരമായി ശരി എന്ന് കരുതുന്നവരാണ് ഏറെയും. നമ്മൾ വ്യത്യസ്ത ഭാഷകളായി കാണുന്നവയെല്ലാം നമുക്ക് ചുറ്റുമുള്ള ഒരേ ലോകത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഈ ഭാഷാപരമായ നിർമ്മിതികൾ രൂപപ്പെടുന്നത്, ആളുകൾ ആ ലോകവുമായി എന്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ്. അതിനാൽ ‘ഭാഷിക്കുക’ ((to) language) എന്നത് ഒരു ക്രിയയാകാം. സാമൂഹ്യഭാഷാശാസ്ത്രജ്ഞർ ‘(ബഹു)ഭാഷണം’ ((poly)languaging) എന്ന് വിളിക്കുന്ന പ്രവൃത്തിയിൽ ആളുകൾ ഏർപ്പെടുന്നു. ഇത് വ്യത്യസ്ത ഭാഷകളുടെയോ ഭാഷാഭേദങ്ങളുടെയോ നിർമ്മാണത്തിലേക്ക് നയിക്കാം, അല്ലെങ്കിൽ നയിക്കാതിരിക്കാം. ഈ ഭാഷാപരമായ അസ്തിത്വങ്ങൾ നിർമ്മിക്കപ്പെടുന്നത് പ്രാഥമികമായി അവയുടെ ഭാഷാപരമായ സവിശേഷതകളിലൂടെയല്ല. മറിച്ച്, മൂല്യങ്ങൾ, സംസ്കാരങ്ങൾ, സാമൂഹിക സംഘടനകൾ തുടങ്ങിയ ലോകത്തിലെ ഭാഷാപരമല്ലാത്ത സവിശേഷതകളുമായുള്ള അവയുടെ ബന്ധത്തിലൂടെയാണ്. ഭാഷ ഒരു വസ്തുവല്ല, അതൊരു പ്രവൃത്തിയാണ്. ഒരു സാമൂഹിക നിർവഹണമാണ്. അത് നമ്മൾ ഒരുമിച്ച് ചെയ്യുന്ന, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്.

ഏ. വി. സന്തോഷ് കുമാർ

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x