ജൂലി ഡി എം

Published: 10 may 2026 ട്രോൾ വിമർശനം

നോവൽ സാഹിത്യത്തിലെ ഒരേയൊരു മരിയ

എല്ലാവരും അല്ലെങ്കിൽ ഭൂരിപക്ഷവും ഒരേപോലെ ചിന്തിക്കുകയും പെരുമാറുകയും ജീവിക്കുകയും ചെയ്യുന്നതിനെയാണ് ‘നോർമലാ’യി  യാഥാസ്ഥിതിക സമൂഹം കണക്കാക്കുന്നത്. വ്യതിരിക്തമായ ചിന്തയെ, വിമർശക ബുദ്ധിയെ, ചോദ്യം ചെയ്യലുകളെ, മാറി നടക്കലുകളെ ഒക്കെ അവയുടെ തീവ്രത അനുസരിച്ച് തോന്ന്യാസമായോ ഭ്രാന്തായോ വ്യാഖ്യാനിക്കുകയാണ് പതിവ് രീതി. എന്നാൽ സമൂഹം തികച്ചും നോർമൽ എന്ന് കരുതുന്നതും ആചാരമായി കൊണ്ടാടുന്നതുമായ കാര്യങ്ങളെ യുക്തിപരമായി വിശകലന വിധേയമാക്കിയാൽ അതെല്ലാം അബ്നോർമൽ ആണെന്ന് കാണാം. വ്യത്യസ്ത അഭിരുചികളുള്ള, ഇഷ്ടാനിഷ്ടങ്ങളുള്ള, ചിന്താഗതികളുള്ള രണ്ട് മനുഷ്യരെ, സാമ്പത്തിക താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരുടെ താല്പര്യപ്രകാരം ഒരുമിച്ചു കഴിയാൻ നിർബന്ധിതരാക്കുന്ന സമ്പ്രദായം( വിവാഹം) പ്രാകൃതമായ ഏർപ്പാടായി ചിന്താശേഷിയുള്ളവർക്ക് തോന്നാം. എന്നാൽ അത് തികച്ചും സ്വാഭാവികമായ ഒരു നാട്ടുനടപ്പാണ് നമ്മുടെ നാട്ടിൽ. കാട്ടിൽ കിടക്കുന്ന ഒരു വന്യജീവിയെ നാട്ടിൽ കൊണ്ടുവന്ന്, പരമാവധി ഉപദ്രവങ്ങളിലൂടെ പരുവപ്പെടുത്തി കൊടുംചൂടിൽ വലിയ ശബ്ദ കോലാഹലങ്ങൾക്കും വെടിക്കെട്ടിനും നടുവിൽ അലങ്കരിച്ച് തിടമ്പേറ്റിനിർത്തുന്നത് യാഥാസ്ഥിതിക സമൂഹത്തിന് തികച്ചും നോർമലായ ഒരു കാര്യമാണ് എന്നാൽ അത് ആ ജീവിയോട് ചെയ്യുന്ന കൊടും ക്രൂരതയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആരെങ്കിലും പറഞ്ഞാൽ പറഞ്ഞയാൾക്ക് ഭ്രാന്താണെന്ന് സമൂഹം പറയും. ഇങ്ങനെ നോർമലായി ചിന്തിക്കുന്ന മനുഷ്യർക്ക് അബ്നോർമൽ എന്ന് തോന്നുന്ന നിരവധി കാര്യങ്ങൾ നൂറ്റാണ്ടുകളായി നോർമലൈസ് ചെയ്യപ്പെട്ട ഒരു സമൂഹത്തിനു മുന്നിലേക്കാണ് സന്ധ്യാ മേരി എന്ന എഴുത്തുകാരി ഗീവർഗീസിനെയും കുഞ്ചെറിയയെയും മാത്തുവിനെയും ഗീവർഗീസിന്റെ ഭാര്യ മറിയാമ്മയേയും  മാത്തുവിന്റെ ഭാര്യ മാത്തിരി വല്യമ്മയേയും ചിന്നൻ കയറിയ അന്ന വല്യമ്മച്ചിയേയും ചാണ്ടിപ്പട്ടിയേയും അമ്മിണി തത്തയേയും ഇവരുടെയെല്ലാം കഥ പറയുന്ന ‘അബ്നോർമലാ’യ മരിയയേയും അടങ്ങുന്ന വലിയൊരു അസാധാരണ ലോകത്തെ ‘മരിയ വെറും മരിയ’ എന്ന കൃതിയിലൂടെ ആനയിച്ചുകൊണ്ടുവന്ന് നിർത്തുന്നത്. വേറിട്ട കാഴ്ചകളിലൂടെ, അവതരണത്തിലൂടെ, നോവൽ എന്ന സാഹിത്യ രൂപത്തെ പുതുക്കിപ്പണിയുന്നതിലൂടെ നോവൽസാഹിത്യത്തിൽ ഇടം ഉറപ്പിക്കുന്നുണ്ട് സന്ധ്യാമേരി എന്ന എഴുത്തുകാരി. മറ്റുള്ളവരുടെ കാഴ്ചപ്പാടിലൂടെ അബ്നോർമൽ ആയ മനുഷ്യരെ അവതരിപ്പിക്കുന്ന പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി അബ്നോർമലായ അല്ലെങ്കിൽ അങ്ങനെ മുദ്രകുത്തപ്പെട്ട മനുഷ്യരുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ അവതരിപ്പിക്കുന്ന രീതി എഴുത്തിന്റെ ശീലങ്ങളെയും വായനാശീലങ്ങളെയും മാറ്റിമറിക്കുന്നതാണ്.

തികച്ചും നോർമലായ മനുഷ്യരുടെ ജീവിതത്തിനുള്ള ചിട്ടവട്ടങ്ങളൊന്നും  അബ്നോർമലായ മനുഷ്യരുടെ ജീവിതത്തിൽ ഉണ്ടാവില്ല എന്നതുപോലെ അബ്നോർമലായ മരിയഭ്രാന്താശുപത്രിയിൽ കിടക്കുമ്പോൾ കുത്തികുറിച്ച് വേസ്റ്റ് ബിന്നിലിട്ട ഒരു കുന്നു കടലാസിലൂടെ ജീവൻ വയ്ക്കുന്ന നോവലായതുകൊണ്ടുതന്നെ പ്രസ്തുത നോവൽ നോവലിന്റെ തനത് ചിട്ടവട്ടങ്ങളെയെല്ലാം നിരാകരിക്കുന്നു. തികച്ചും നോർമൽ എന്ന് ഭാവിക്കുന്നവർക്ക് അബ്നോർമൽ എന്ന് തോന്നുന്ന ഒരാൾ എഴുതുന്ന രീതിയിലാണ് നോവലിന്റെ ആഖ്യാനം നിർവഹിക്കപ്പെട്ടിരിക്കുന്നത്. ക്രമബദ്ധമായി പറയാൻ ഒരു കഥ ഇല്ലെന്നതാണ് ‘മരിയ വെറും മരിയ’യുടെ  പ്രത്യേകത. കൊട്ടാരം വീട്ടിൽ ഗീവർഗീസ് അപ്പച്ചന്റെ കൊച്ചുമോളാണ് മരിയ. അപ്പച്ചൻ നശിപ്പിച്ച കുട്ടിയായാണ് വീട്ടുകാരും നാട്ടുകാരും മരിയയെ കാണുന്നത്. “ പിള്ളേരെ തന്തയും തള്ളയും വളർത്തണം. വലിയപ്പച്ചൻ വളർത്തിയാ, ദേ ഇതുപോലിരിക്കും.”എന്നാണ് ഗീവർഗീസിന്റെ ഭാര്യ മറിയാമ്മ മരിയയെക്കുറിച്ച് പറയുന്നത്. ജീവിതത്തിന്റെ ഭൂരിഭാഗവും കള്ളുഷാപ്പും ഊരു തെണ്ടലുമായി കഴിയുകയും ഇതിനൊക്കെയും കൊച്ചുമോളെ കൂട്ട് കൊണ്ടുപോവുകയും ചെയ്യുന്ന വലിയപ്പച്ചൻ ആയിരുന്നു മരിയയുടെ ഗീവർഗീസ് വല്യപ്പച്ചൻ.  തൊണ്ണൂറ് കഴിഞ്ഞ ഗീവർഗീസിന്റെ അപ്പനായ കുഞ്ചെറിയ, കുഞ്ചെറിയയുടെ അപ്പൻ മാത്തു വല്ല്യപ്പച്ചൻ, ചിന്നൻ കയറിയ അന്ന വല്യമ്മച്ചി, പലതലമുറകൾക്ക് മുമ്പേ ജീവിച്ചിരുന്ന കടമറ്റത്തു കത്തനാരെ മാജിക്ക് പഠിപ്പിച്ച ചിറമ്മേൽ കത്തനാർ, പ്രവചനങ്ങൾ നടത്തി പേരെടുത്ത മാത്തിരി വല്ല്യമ്മച്ചി, വലിയ ഫിലോസഫി പറഞ്ഞു നടക്കുന്ന ചാണ്ടിപ്പട്ടി, നല്ല കാഞ്ഞ ബുദ്ധിയുള്ള അമ്മിണി തത്ത തുടങ്ങിയവരായിരുന്നു മരിയയുടെ ജീവിതം രൂപപ്പെടുത്തിയ കൊട്ടാരത്തിൽ കുടുംബത്തിലെ പ്രമുഖർ. തികച്ചും നോർമലായ മനുഷ്യർ സാമൂഹിക നിയമങ്ങളെ, പൊതുബോധങ്ങളെ തകിടം മറിക്കുന്നത് വലിയ സംഘർഷാത്മകമായ സ്ഥിതിവിശേഷമുണ്ടാക്കും, എഴുത്തിലും ജീവിതത്തിലും. അബ്നോർമൽ ആയാൽ മാത്രം മറികടക്കാൻ പറ്റുന്ന സ്ഥിതി വിശേഷങ്ങളെ അങ്ങനെ മറികടക്കുന്ന കഥാപാത്രങ്ങളാണ് ‘മരിയ വെറും മരിയ’യിൽ ഉള്ളത്. തികച്ചും നോർമലായ മറിയാമ്മ അമ്മായിയമ്മ “അത്താഴമുണ്ടാക്കിയോ?” എന്ന് ചോദിക്കുമ്പോൾ ഒരു മണിക്കൂർ നിർത്താതെ ചിരിച്ചാണ് കുടുംബം എന്ന സ്ഥാപനത്തിനകത്ത് താൻ അനുഭവിക്കുന്ന ദുരന്തങ്ങളെ മറികടക്കുന്നത്! മറിയാമ്മയുടെ അഭിപ്രായത്തിൽ അഞ്ചുവയസ്സിൽ വട്ടായ മുപ്പതിലും അത് തുടരുന്ന മരിയ തന്റെ  കുടുംബത്തെയും ചുറ്റുപാടിനെയും ലോകത്തെയും നോക്കിക്കാണുന്നതിന്റെ ക്രമം തെറ്റിയ ദൃശ്യ ശകലങ്ങളാണ് നോവലിനെ രൂപപ്പെടുത്തിയിരിക്കുന്നത്. കുടുംബത്തിന്റെ നിയമങ്ങൾ, മതത്തിന്റെ ശാസനകൾ, ലോകത്തിന്റെ പൊതുബോധങ്ങൾ ഇവയ്ക്കൊന്നും വശപ്പെടാത്ത അല്ലെങ്കിൽ അതിനെയെല്ലാം തന്റെ അബ്നോർമാലിറ്റി കൊണ്ട് അതിജീവിക്കുന്ന ഒരുവളുടെ ത്രില്ലടിപ്പിക്കുന്ന ജീവിതമാണ് സന്ധ്യാമേരി ‘മരിയ വെറും മരിയ’യിലൂടെ പറയുന്നത്.

കുടുംബ – പ്രണയ സങ്കല്പങ്ങളെ പൊളിച്ചു കളയുന്ന നോവൽ

ഫെമിനിസ്റ്റുകളാണ് കുടുംബം പൊളിക്കാൻ നടക്കുന്നത് എന്ന പൊതുബോധമാണ് സമൂഹത്തിനുള്ളത്. പുരുഷന്മാർക്കും കുലസ്ത്രീകൾക്കും കുടുംബം സ്വർഗ്ഗമാണെന്നും ഫെമിനിസ്റ്റുകൾക്ക് മാത്രമേ കുടുംബം നരകമാകുന്നുള്ളൂ  എന്നുമാണ് മേൽപ്പറഞ്ഞ പൊതുബോധം ഉൾക്കൊള്ളുന്ന മനുഷ്യരുടെ പൊതു ധാരണ. കുടുംബം എന്ന സ്ഥാപനം അതിന്റെ സ്ത്രീവിരുദ്ധ – മനുഷ്യവിരുദ്ധ നിലപാടുകൾ കൊണ്ട് എങ്ങനെ സ്ത്രീക്കും പുരുഷനും ഒരുപോലെ നരകമാകുന്നുവെന്ന് ‘മരിയ വെറും മരിയ’ എന്ന നോവൽ കാണിച്ചു തരുന്നുണ്ട്. മനുഷ്യർ തമ്മിൽ സന്തോഷത്തോടെ കഴിയുന്ന ഇടങ്ങളെ കുടുംബമായി കാണാൻ കഴിയാതിരിക്കുകയും ഒരിക്കലും ചേരാത്ത മനുഷ്യർ ഒരുമിച്ച് കഴിയേണ്ടി വരുന്നതിനാൽ വലിയ സംഘർഷങ്ങൾ കൊണ്ട് പ്രകമ്പനങ്ങൾ ഉണ്ടാകുന്ന ഇടം ‘സന്തുഷ്ട കുടുംബ’മായി മാറുകയും ചെയ്യുന്നത് എന്തുകൊണ്ട് എന്ന ചോദ്യം നോവൽ ഉയർത്തുന്നുണ്ട്. ജീവിതത്തിന്റെ ഭൂരിഭാഗവും കള്ളുഷാപ്പും ഊരു തെണ്ടലുമായി കഴിഞ്ഞ കൊട്ടാരത്തിൽ വീട്ടിൽ ഗീവർഗീസ് “നല്ല കുടുംബത്തിൽ” ജനിച്ചവനായിരുന്നു. വീട്ടിൽ മരിയ ഒഴിച്ച് മറ്റെല്ലാവർക്കും പേടിസ്വപ്നമായ ഗീവർഗീസ് വീട്ടിൽ നിന്നിറങ്ങിയാൽ ഫുൾടൈം ജോളിയായിരുന്നു. “ വീടിന്റെ അന്തരീക്ഷം ഞാനുമായിട്ട് എന്തോ അങ്ങ് ചേരുന്നില്ല.” എന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞിരുന്ന ഗീവർഗീസ് വീട് എന്നതുകൊണ്ട് ഉദ്ദേശിച്ചത് സ്വന്തം വീടിനെ മാത്രമല്ല എല്ലാ വീടുകളെയുമായിരുന്നു എന്ന് നോവലിസ്റ്റ് പറയുന്നുണ്ട്.

ചാവുന്നതുവരെയും സ്വത്ത് കൈകാര്യം ചെയ്യാൻ മകനായ ഗീവർഗീസിനെ അനുവദിക്കാതിരുന്ന കുഞ്ചെറിയ മകൻ വട്ടച്ചിലവിന് ഒരു കച്ചവടം തുടങ്ങിയപ്പോൾ- “കുടുംബത്തിൽ പിറന്ന ആരും കച്ചവടത്തിനെറങ്ങൂലാ.അതും ഇമ്മാതിരി അലവലാതി കച്ചോടം.” എന്ന് അലറുകയായിരുന്നു. നല്ല സൗന്ദര്യവും കൈപ്പുണ്യവും ദൈവഭക്തിയും ഉള്ള മറിയാമ്മയെ കല്യാണം കഴിച്ച ഗീവർഗീസിന് മറിയാമ്മയെയും മറിയാമ്മ ഉണ്ടാക്കിയ ഭക്ഷണത്തെയും മറിയാമ്മയുടെ ദൈവങ്ങളെയും ഇഷ്ടമല്ലായിരുന്നു. വീട്ടിൽ തന്നെ കയറാത്ത ഗീവർഗീസ് ആകട്ടെ “എന്താന്നറിയില്ല. വീട്ടിലെ ഭക്ഷണം എന്റെ വയറിന് അത്ര പിടിക്കില്ല.” എന്നാണ് പറഞ്ഞിരുന്നത്. ഇവിടെയും വീട് എന്നതുകൊണ്ട് ഗീവർഗീസ് ഉദ്ദേശിച്ചത് സ്വന്തം വീടിനെ മാത്രമല്ല എല്ലാ വീടുകളെയുമായിരുന്നു ,വീട് എന്ന പ്രസ്ഥാനത്തെ തന്നെയായിരുന്നു.വീട്ടിൽ ഭീകരനായിരുന്ന തങ്ങളുടെ അപ്പൻ “ചത്തുപോണേ” എന്നായിരുന്നു മക്കൾ ഗീവർഗീസ് പുണ്യാളനോട് മുട്ടിപ്പായി പ്രാർത്ഥിച്ചിരുന്നത്. അപ്പൻ അമ്മക്ക് നേരെ പാത്രം എറിയുന്നതും അസാമാന്യമായ മെയ് വഴക്കത്തോടെ അവർ ഓരോ പ്രാവശ്യവും  ഒഴിഞ്ഞുമാറുന്നതുമാണ് ഗീവർഗീസിന്റെ സ്വന്തം അപ്പനമ്മമാരെക്കുറിച്ചുള്ള ആദ്യ ഓർമ്മച്ചിത്രം. പതിനഞ്ചാം വയസ്സിൽ ഗീവർഗീസിനെ കല്യാണം കഴിച്ച മറിയാമ്മയാകട്ടെ വർഷങ്ങൾ നീണ്ട ദാമ്പത്യത്തിനിടയിൽ പതിനഞ്ച്പെറ്റു. വർഷങ്ങൾക്ക് ശേഷവും തന്റെ വിവാഹ ജീവിതവുമായി പൊരുത്തപ്പെടാൻ കഴിയാതിരുന്ന മറിയാമ്മ ആദ്യം കരുതിയിരുന്നത് ഗീവർഗീസ്‌ സാത്താന്റെ സ്വാധീനത്തിൽ ആണെന്നാണ്. പക്ഷേ, പിന്നീട് ഗീവർഗീസ് തന്നെയാണോ സാത്താൻ എന്ന് മറിയാമ്മയ്ക്ക് സംശയമായി. സാത്താനായ ഗീവർഗീസിൽ നിന്ന് കിട്ടാതെ പോയ സ്നേഹവും കരുതലും അയാളുടെ ഇളയപ്പന്റെ മകനായ മാത്തച്ചനിൽ നിന്നാണ് മറിയാമ്മയ്ക്ക് ലഭിച്ചത്. ഇത്തരം കുടുംബ കാഴ്ചകളിൽ നിന്ന് മരിയയുടെ സ്വന്തം ജീവിതത്തിലേക്കെത്തുമ്പോൾ സ്വന്തം ഇഷ്ടപ്രകാരം നടന്ന വിവാഹത്തിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരം തന്നെ ഇറങ്ങി പോരുകയായിരുന്നു മരിയ എന്ന് കാണാം. എന്താണ് പ്രശ്നം എന്ന് ചോദിച്ചവരോട് “എനിക്ക് ഇതല്ല വേണ്ടത്. ” എന്നായിരുന്നു അവളുടെ മറുപടി. “ അത് നിനക്ക് നേരത്തെ അറിഞ്ഞുകൂടായിരുന്നോ?- എന്ന ചോദ്യത്തിന് “ഇത് എന്താണെന്ന് അറിഞ്ഞപ്പോഴല്ലേ ഇതല്ല എനിക്ക് വേണ്ടത് എന്ന് മനസ്സിലായത്.” എന്നും “മറ്റൊരു വിധത്തിലുള്ള സന്തോഷം സാധ്യമാണെന്ന് മറ്റുള്ളവർക്ക് കൂടി കാണിച്ചു കൊടുക്കാനാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്” എന്നും പറഞ്ഞുകൊണ്ട് എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു മരിയ.

 പ്രണയത്തെക്കുറിച്ച്, സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ച് മലയാളസാഹിത്യം ഉണ്ടാക്കി വെച്ചിരിക്കുന്ന എല്ലാ കാല്പനിക സങ്കല്പങ്ങളെയും പരിഹസിക്കുകയും തകർത്തു തരിപ്പണമാക്കുകയും ചെയ്യുന്നുണ്ട് ‘മരിയ വെറും മരിയ’ എന്ന നോവൽ. സുന്ദരിയും കൈപ്പുണ്യമുള്ളവളും ഭക്തയുമായ മറിയാമ്മയെ ഇഷ്ടപ്പെടാൻ കഴിയാതിരുന്ന ഗീവർഗീസിന് ദേശത്തിന്റെ മുഴുവൻ ദൗർബല്യമായിരുന്ന കാളിയോടായിരുന്നു പ്രേമം മുഴുവൻ. കാളിക്കും ഭർത്താവിനെക്കാളും കൂടെക്കിടന്ന ഏതൊരാണിനേക്കാളും ഗീവർഗീസിനെ ആയിരുന്നു ഇഷ്ടം. തിമ്മനോടൊപ്പം കടൽ കാണാൻ കാളിയെയും കൂട്ടിപ്പോയ ഗീവർഗീസിന് മറിയാമ്മയെ ആയിരുന്നില്ല, കാളിയെ ആയിരുന്നു താൻ വിവാഹം കഴിക്കേണ്ടിയിരുന്നതെന്ന ജ്ഞാനോദയം ഉണ്ടായി. പക്ഷേ, കടൽകണ്ട് തിരിച്ചുവന്ന് കുറച്ചു ദിവസങ്ങൾക്കകം കാളി തിമ്മനൊപ്പം ഒളിച്ചോടിപ്പോവുകയായിരുന്നു. മനുഷ്യബന്ധങ്ങൾ രൂപം കൊള്ളുന്നതിനും ഇല്ലാതാവുന്നതിനും സമൂഹത്തിന് കാരണങ്ങൾ വേണമായിരുന്നു. എന്നാൽ മനുഷ്യർക്ക് അത് വേണമെന്നില്ല. മരിയയുടെ ആദ്യ പ്രണയം കുട്ടപ്പായിയോടായിരുന്നു. പക്ഷേ, അക്കാര്യം കൂട്ടപ്പായി ഒരിക്കലും അറിഞ്ഞില്ല. അതുകൊണ്ട് ഗീവർഗീസ്‌ അപ്പച്ചന്റെടുത്ത് നിന്ന് പപ്പയും മമ്മയും ‘നല്ല നടപ്പിന്’ മരിയയെ കൂട്ടിക്കൊണ്ടു പോകാൻ വരുന്ന കാര്യം പറഞ്ഞപ്പോൾ ഏഴു വയസ്സുള്ള കുട്ടപ്പായി മത്തക്കണ്ണും തുറുപ്പിച്ച് നോക്കിനിന്നതേയുള്ളൂ.

“ ഞാൻ പോവുകാ ഇനി തിരിച്ചുവരുകേലാ…” എന്ന മരിയയുടെ വാക്കുകൾ കേട്ട് “പെണ്ണ് പോയാ എനിക്കെന്നാ? ”  എന്നാണ് കുട്ടപ്പായി തിരിച്ചു ചോദിച്ചത്. ആദ്യ പ്രണയ പരാജയം മരിയയെ വിഷമിപ്പിച്ചെങ്കിലും തളർത്തിയില്ല. നാലാം ക്ലാസിൽ അജയ് ജോർജിനോട് ഇഷ്ടം… അഞ്ചാം ക്ലാസിൽ ശ്രീകുമാറിനോട് ഇഷ്ടം… ആറാം ക്ലാസിലെ കാര്യം പാവം മരിയ മറന്നു പോയിരുന്നു. ഏഴാം ക്ലാസിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ജെയിംസ് സാറിനോടും ശ്രീകുമാറിന്റെ ചേട്ടൻ ജയശങ്കറിനോടും ഇഷ്ടം. എട്ടാം ക്ലാസിൽ റോണി തോമസിനോട് പ്രേമം. ഒപ്പം ഏഴാം ക്ലാസിലെ സാവിയോയോട് ഇഷ്ടം…. വലിയ ആൾക്കാരിൽ സൺഡേ സ്കൂളിൽ പഠിപ്പിക്കുന്ന ജോൺസൺ ചേട്ടനോട് ഇഷ്ടം… ഒമ്പതാം ക്ലാസിൽ ടിസ്സൺ കുര്യനോട് പ്രേമം. വലിയ ആൾക്കാരിൽ കപ്യാർ എൽദോസ് ചേട്ടനോട് പ്രേമം. പിന്നെ റോണിയോടും ലിജു ജോർജ് ബേബിയോടും പ്രേമം… അങ്ങനെ പത്താം ക്ലാസ് വരെ പൊരിഞ്ഞു പ്രേമിച്ച മരിയയാണ് വീട്ടുകാരെ ഞെട്ടിച്ചുകൊണ്ട് വീട്ടുകാർക്കറിയാത്ത കാമുകനൊപ്പം പോവുകയും അതിനുശേഷം വീട്ടുകാരെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ആ ബന്ധത്തിൽ നിന്ന് പുറത്തു വരികയും ചെയ്തത്. അതേപ്പറ്റിയുള്ള മറിയാമ്മയുടെ ചോദ്യത്തിന് തനിക്ക് അതേപ്പറ്റി ഒന്നും ഓർമ്മയില്ലെന്ന മറുപടിയാണ് മരിയ നൽകിയത്. അത് കഴിഞ്ഞാണ് മരിയ അരവിന്ദിനെ പ്രേമിക്കുന്നത്. ഇത്തരത്തിൽ പ്രേമിച്ച ഒരു നായികയേ മലയാള സാഹിത്യത്തിലുള്ളൂ. അത് കെ.സരസ്വതിയമ്മയുടെ ‘പ്രേമ ഭാജന’ത്തിലെ നായികയാണ്. ‘പ്രേമ ഭാജന’ത്തിലെ നായിക സമൂഹത്തിന്റെ സദാചാര നിയമങ്ങളെ ധിക്കരിക്കുന്ന നായികയായിരുന്നു. അതുകൊണ്ടുതന്നെ യാഥാസ്ഥിതിക വായനാലോകത്തെ പ്രസ്തുത കൃതി വലിയ രീതിയിൽ പ്രകോപിപ്പിക്കുകയാണുണ്ടായത്.’ പ്രേമ ഭാജന’ത്തിലെ നായികയുടെ ചിന്തയും പ്രണയ സങ്കല്പങ്ങളും പെരുമാറ്റവുമെല്ലാം വായനാ സമൂഹത്തിന് പ്രകോപനപരമായി തോന്നിയത് അവർ തികച്ചും നോർമൽ ആയതുകൊണ്ടാണ്. നോർമലായ മനുഷ്യരെ വച്ച് സാമൂഹിക സദാചാര നിയമങ്ങളെ തകർക്കുന്നത് എഴുത്തുകാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. വലിയ എതിർപ്പുകൾ നേരിടേണ്ടിവരുന്ന അങ്ങനെ ഒരു സാഹചര്യത്തെ വളരെ ബുദ്ധിപരമായി നേരിടുകയായിരുന്നു സന്ധ്യാമേരി എന്ന എഴുത്തുകാരി.

ഉപഹാസ രൂപത്തിൽ നടത്തുന്ന മത വിമർശനം

 ഹാസ്യത്തിന് മാത്രം ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്. സംഘർഷാത്മകമായ ഒരു അന്തരീക്ഷത്തെ അത് തീർത്തും ലഘുവാക്കി മാറ്റും.വലിയ പൊട്ടിത്തെറികളെ പൊട്ടിച്ചിരിയാക്കി മാറ്റും. ഏതു വമ്പനെയും നിഷ്കരുണം ആക്രമിക്കുക വഴി രൂപപ്പെടാവുന്ന, അപകടകരമായേക്കാവുന്ന സാഹചര്യത്തെ ചിരിയിലൂടെ തികച്ചും മയപ്പെടുത്തിയെടുക്കാൻ ഹാസ്യത്തിന് അസാമാന്യമായ കഴിവുണ്ട്. നമ്പ്യാരും ബഷീറും വി.കെ.എന്നുമെല്ലാം ഇത്തരത്തിൽ ഹാസ്യത്തെ ഉപയോഗിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം മുതൽ മലയാളത്തിലെ സ്ത്രീ എഴുത്തുകാർ ഈ രീതി വിജയകരമായി പരീക്ഷിക്കുന്നുണ്ട്. മതത്തെ തൊട്ടുള്ള കളിയൊക്കെ സമകാലിക ഇന്ത്യയിലും കേരളത്തിലും പൊള്ളുന്ന വിഷയമാണ്. എന്നാൽ സന്ധ്യാമേരി എന്ന എഴുത്തുകാരി വളരെ അനായാസമായി തന്നെ മതത്തെയും വിശ്വാസത്തെയും ഉപഹാസ രൂപത്തിൽ വിമർശിക്കുന്നത് കാണാം. വിശുദ്ധന്മാരെയും പുണ്യാളന്മാരെയും സഹദാമാരെയും മുട്ടി വഴി നടക്കാൻ പറ്റാത്ത മനുഷ്യരെയും വിശ്വാസികളെ കാരണം പൊറുതിമുട്ടിയ പുണ്യാളന്മാരെയും ഫലിതത്തിൽ ആവിഷ്കരിക്കാൻ ചെറിയ ധൈര്യം പോരാ. ലോകമെമ്പാടും ആരാധനാലയങ്ങളും വിശ്വാസി സമൂഹമുള്ള ക്രിസ്തുവിന്റെ രക്തസാക്ഷികളിൽ പ്രധാനിയായ ഗീവർഗീസ് സഹദയുടെ സങ്കടങ്ങൾ പറയാനായി എഴുത്തുകാരി ഒരധ്യായം തന്നെ മാറ്റിവെച്ചിട്ടുണ്ട്. കോഴികളെ കുറുക്കൻ, പരുന്ത്, പാമ്പ്, കാട്ടുമാക്കാൻ തുടങ്ങിയവയിൽ നിന്ന് രക്ഷിക്കുകയായിരുന്നു ദേശത്തിന്റെ പുണ്യവാളൻ ആയിരുന്ന ഗീവർഗീസ് സഹദയുടെ പ്രധാന ജോലി. ‘കോഴികളെ നോക്കിക്കോളണേ’ എന്ന വീട്ടു കാരണവത്തിമാരുടെ പ്രാർത്ഥന കേൾക്കുമ്പോൾ ചിലപ്പോഴൊക്കെ വിശുദ്ധ ഗീവർഗീസ്- “പാവങ്ങളാ, സമ്മതിച്ചു. പക്ഷേ, അവർക്കടെ വിചാരം അവരുടെ കോഴിനെ നോക്കലല്ലാണ്ട് എനിക്ക് വേറൊരു പണിയുമില്ലാന്നാ. എന്തൊരു മണ്ടത്തരം!” എന്ന് അതിശയിച്ചു. തന്നെ മനസ്സിലാക്കാനും തന്റെ ഉള്ളിൽ എന്താണെന്നറിയാനും നാട്ടുകാരാരും മെനക്കെടാത്തതിൽ സഹദയ്ക്ക് സങ്കടമുണ്ട്. സത്യത്തിൽ കോഴികളെ രക്ഷിച്ച് രക്ഷിച്ച് ’ ഠ’ വട്ടത്തിലെ ദേശത്തിൽ തന്നെ കഴിയേണ്ടി വന്ന സഹദയ്ക്ക് ബോറടിച്ചിട്ട് വയ്യായിരുന്നു. ഒരുമാതിരി സെന്റിമെന്റൽ ടൈപ്പ് ആയ പുണ്യാളച്ചന് നാട്ടുകാരുടെ ഒരുമാതിരി ആറ്റിറ്റ്യൂഡ് കാണുമ്പോഴൊക്കെ ദേഷ്യം വരികയും പിന്നീട് അത് പ്രതികാരമായി മാറുകയും ചെയ്തു. നാട്ടുകാരുടെ സ്വപ്നങ്ങളിൽ പ്രവേശിച്ച് അവരോട് പ്രതികാരം ചെയ്യാമെന്ന് ഉറച്ച സഹദ ആദ്യം മരിയയുടെ അപ്പച്ചൻ ഗീവർഗീസിന്റെ സ്വപ്നത്തിലാണെത്തിയത്. കുതിര ദേശത്ത് തികച്ചും അപരിചിതമായ ഒരു മൃഗമായിരുന്നതിനാൽ സ്വപ്നത്തിൽ സഹദ ആനപ്പുറത്താണ് പ്രത്യക്ഷപ്പെട്ടത്. തന്റെ ചോദ്യങ്ങൾക്ക് തറുതല പറഞ്ഞ ഗീവർഗീസിനെ സഹദ  ആനപ്പുറത്തിരുന്നുകൊണ്ട് ഓടിക്കാൻ തുടങ്ങി. എല്ലാ ദിവസവും സ്വപ്നത്തിൽ ഓടിയോടി ഗീവർഗീസ് പണ്ടാരടങ്ങി. കയ്യിൽ ഒരു റോസാപ്പൂവുമായി എപ്പോഴും തന്റെ പിറകെ നടക്കുന്ന ഗീവർഗീസ് സഹദയെയാണ് മറിയാമ്മ സ്വപ്നം കണ്ടത്. താൻ ദൈവദോഷമാണല്ലോ ചെയ്യുന്നതെന്നോർത്ത മറിയാമ്മ നരകത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. തന്റെ പശുവിന് എന്തോ വിമ്മിഷ്ടം വന്നപ്പോൾ ഗീവർഗീസ് സഹദയ്ക്കു നേർച്ച കഴിച്ചേക്കാം എന്ന് പറഞ്ഞിട്ട് അത് ചെയ്യാൻ വിട്ടുപോയ ത്രേസ്യ കണ്ടത് തന്റെ പശുവിനെ സഹദ കിണറ്റിൽ തള്ളിയിടുന്നതായിട്ടാണ്.

ദേശക്കാരെല്ലാം ഗീവർഗീസ് സഹദയെ സ്വപ്നം കാണാൻ തുടങ്ങിയെങ്കിലും സ്വപ്നങ്ങൾക്കൊന്നും ഒരു വെറൈറ്റി ഉണ്ടായിരുന്നില്ല. ഗീവർഗീസ് സഹദയുടെ അനുഭവജ്ഞാനം ആ പ്രദേശത്ത് മാത്രമായി ഒതുങ്ങിയിരുന്നതു കൊണ്ട് കലാപരതയുടെതായ ഒരു കുറവ്സ്വപ്നങ്ങൾക്കെല്ലാമുണ്ടായിരുന്നു. രാത്രിയിൽ നിത്യം സ്വപ്നത്തിൽ വരുന്നതുകൊണ്ട് പകലെങ്കിലും സഹദയെ കാണാതിരിക്കാനായി ദേശക്കാർ പള്ളിയിൽ പോകുന്നത് തന്നെ നിർത്തി.  സങ്കടം കൂടിയ വിശുദ്ധ ഗീവർഗീസ് സ്വപ്നദർശനത്തിൽ നിന്ന് ഒരു ബ്രേയ്ക്ക് എടുക്കുവാനും വേൾഡ് ടൂറിന് പോകാനും തീരുമാനിക്കുന്നു. ഇങ്ങനെ വേൾഡ് ടൂറിന് പോവുകയും പല പലതിരിച്ചറിവുകളുണ്ടാവുകയും ചെയ്ത  ഗീവർഗീസ് സഹദ വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ വിമർശിച്ചാൽ സഭകളും വിശ്വാസി സമൂഹവും കൂടോടെ ഇളകി വരും. അങ്ങനെയുള്ള സന്ദർഭങ്ങളെ ആക്ഷേപഹാസ്യ രൂപത്തിലാക്കി അവതരിപ്പിക്കുന്നതിൽ നോവലിസ്റ്റ് കാണിക്കുന്ന മിടുക്ക് എടുത്ത് പറയണം. കർത്താവും മരിയയും കൂടി പുതിയൊരു വിപ്ലവം ഉണ്ടാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ കടലിൽക്കൂടി നടന്നതും വെള്ളം വീഞ്ഞാക്കിയതുമൊന്നും പറയണ്ടെന്നും അതിനൊക്കെ മനുഷ്യന്മാർക്ക് വേറെ ടെക്നോളജി ഉണ്ടെന്നും മരിയ പറയുന്നു. ശേഷമുള്ള സന്ദർഭം നോവലിസ്റ്റ് അവതരിപ്പിക്കുന്നത് നോക്കുക – “ കഷ്ടപ്പെടുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്ന ഒരു ദൈവമാണ് ഞങ്ങൾക്ക് വേണ്ടത്. അതെങ്ങനാ, പഴമില്ലാന്നു  പറഞ്ഞ് ഒരു അത്തിമരത്തിനെ ശപിച്ച ദൈവത്തിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാ,?”

 “സത്യത്തിൽ എനിക്കതോർക്കുമ്പോൾ ഭയങ്കര നാണക്കേടുണ്ട്. ഞാനങ്ങു വല്ലാതെ സില്ലിയായിപ്പോയി. പക്ഷേ, എന്താന്നോ, ഭയങ്കര വെശപ്പായിരുന്നതു കൊണ്ട് എനിക്കങ്ങ് കൺട്രോളു പോയി!”

“ഏറ്റവും വലിയ വിശ്വാസിയായിരുന്ന എന്റെ കുഞ്ചെറിയ വല്യപ്പച്ചനു വരെ ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നു.ആട്ടെ,കുഞ്ചെറിയ വല്യപ്പച്ചനെ കാണാറുണ്ടോ?”

“എനിക്ക് എങ്ങനെയാ നിന്റെ കുഞ്ചെറിയ വല്യപ്പച്ചനെ തിരിച്ചറിയുക? കുഞ്ചെറിയകൾ, ദേവസ്യകൾ, വർക്കികൾ, ഐപ്പുകൾ മത്തായികൾ… ഒക്കെ ഒരുപോലിരിക്കും. ഒരേ പോലത്തെ ഭാവം, ഒരേ പോലത്തെ സംശയം നിറഞ്ഞ കണ്ണുകൾ… അവിടന്ന് എന്നെന്നേക്കുമായിട്ട് പുറപ്പെട്ടു പോരണംന്നാ എന്റെ ആഗ്രഹം. ഒരു ഡിസംബർ ഇരുപത്തഞ്ചിന്  ബോറടിച്ച് പണ്ടാരടങ്ങീപ്പോ – അന്ന് ലോകത്തിലുള്ള ക്രിസ്ത്യാനികള് മുഴുവൻ എന്റെ പേരും പറഞ്ഞ് കുടിച്ചു കൂത്താടി നടക്കുവാന്നോർക്കണം- നമുക്കൊന്ന് ജോളിയാക്കിയാലോ എന്ന് ഞാനവരോട് ചോദിച്ചു. അമ്പമ്പോ! അവരെന്നെ നോക്കിയ നോട്ടം! ഞാൻ പിന്നെ ചുരുണ്ട് ഒരു മൂലയ്ക്ക് പോയിക്കെടന്നുറങ്ങി.”കർത്താവിന്റെ ഈ അവസ്ഥ അറിഞ്ഞാൽ ഏത് വിശ്വാസിക്കും സങ്കടം വരും! അക്ഷരം കൂട്ടി വായിക്കാൻ പഠിച്ചപ്പോൾ മുതൽ ബൈബിൾ വായിക്കാൻ തുടങ്ങിയ ഗീവർഗീസിന്റെ മകൻ സക്കറിയ എന്ന കറിയാക്കുട്ടി തന്റെ ആത്മാവിന് വേണ്ടുന്നതൊന്നും പള്ളിക്കൂടത്തിൽ നിന്ന് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഏഴാം വയസ്സിൽ തന്നെ സ്വന്തം നിലയ്ക്ക് പടുപ്പു നിർത്തി. എപ്പോഴും വേദപുസ്തകവുമായി ചടഞ്ഞു കൂടിയിരിക്കുന്ന കറിക്കുട്ടിയെ സാത്താനേക്കാൾ പേടിയായിരുന്നു ഗീവർഗീസിന്.എട്ടാം വയസ്സിൽ സ്വന്തമായി നിർമ്മിച്ച ഷെഡ്ഡിൽ മരക്കുരിശ് നാട്ടി സ്വന്തമായി ‘പള്ളി’ നിർമ്മിച്ച കറിയക്കുട്ടി മരിക്കുന്നതുവരെ അതിലായിരുന്നു താമസം. കഴിക്കുന്നതാകട്ടെ ഇത്തിരി  കഞ്ഞിവെള്ളവും വറ്റുമായിരുന്നു. കുടുംബക്കാരുടെയും നാട്ടുകാരുടെയും പല പല വേദനകൾ മാറ്റി അദ്‌ഭുതങ്ങൾ കാട്ടിയ കറിയാക്കുട്ടി തന്റെ ‘പള്ളി’ പലതവണ തകർത്ത സഹോദരങ്ങളെ സകല ദൈവീകതയും മറന്നുകൊണ്ട് പച്ചത്തെറി വിളിക്കുകയും ശേഷം ‘പള്ളി’ പലതവണ പുതുക്കിപ്പണിയുകയും ചെയ്തു. വിശുദ്ധനാകുമെന്ന് നാട്ടുകാരും വീട്ടുകാരും ഉറച്ചു വിശ്വസിച്ചിരുന്ന കറിയാക്കുട്ടി പന്ത്രണ്ടാം വയസ്സിൽ വന്ന ഒരു ചെറിയ പനി കാരണം ദൈവസന്നിധിയിലേക്ക് തന്നെ തിരിച്ചു പോയി. മരിക്കുന്നതിനുമുമ്പ് പിടിയും ഇറച്ചിക്കറിയും വേണമെന്ന ഒരു കൊതി പറഞ്ഞു, കറിയാക്കുട്ടി. വയറു പൊട്ടുവോളം പിടിയും ഇറച്ചിക്കറിയും കഴിച്ച് ഒരു ഏമ്പക്കവും വിട്ട് കറിയാക്കുട്ടി ഇങ്ങനെ അലറിക്കരഞ്ഞു – “ ഇത്രയും രുചിയുള്ള സാധനങ്ങൾ ഈ ലോകത്ത് ഉണ്ടായിട്ടാണല്ലോ കർത്താക്കന്മാരേ ഞാനീ കഞ്ഞോള്ളോം വറ്റും കഴിച്ച് ഇക്കാലം മുഴുവൻ ജീവിച്ചത്. പണ്ടാരടങ്ങാനായിട്ട് എന്റെ സമയോം തീർന്നല്ലോ!”

 ഗീവർഗീസിന്റെ അപ്പൻ കുഞ്ചെറിയ ജനിച്ചത് തന്നെ സ്വർഗ്ഗത്തിൽ പോകാനായിരുന്നു. ഒരാളും ഒരിക്കലും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സ്ഥലം മനുഷ്യനെ എന്തുകൊണ്ടാണ് ഇത്രമാത്രം പ്രലോഭിപ്പിക്കുന്നത് എന്നോർത്ത് ഗീവർഗീസ് അത്ഭുതപ്പെടുന്നുണ്ട്.

ഗീവർഗീസും അപ്പൻ കുഞ്ചെറിയയും തമ്മിൽ കൊട്ടാരത്തിൽ വീടിന്മേൽ അവകാശത്തർക്കം ഉണ്ടാവുമ്പോഴെല്ലാം ഗീവർഗീസ് അപ്പനെ തനിക്കറിയാവുന്ന തെറി മുഴുവൻ വിളിക്കും. കുഞ്ചെറിയയും ആ തെറി മുഴുവൻ തിരിച്ചുവിളിക്കും. പക്ഷേ, അദ്‌ഭുതമെന്താന്ന് വെച്ചാൽ കേൾക്കുന്നവർക്ക് രണ്ട് പേരും ബൈബിൾ വായിക്കുകയാണെന്നേ തോന്നൂ.കയ്യിൽ കിട്ടുന്ന പാത്രം എടുത്ത് ഭാര്യയെ എറിഞ്ഞിരുന്ന കുഞ്ചെറിയ ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് തന്റെ സ്വർഗ്ഗരാജ്യ പ്രവേശനത്തിന് തടസ്സമാകുമെന്ന് കരുതി ഉന്നം തെറ്റിയെറിഞ്ഞത് കൊണ്ടാണോ ഒരെറി പോലും അമ്മച്ചിയുടെ പുറത്തു കൊള്ളാതിരുന്നതെന്ന് ഗീവർഗീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. കുഞ്ചെറിയയ്ക്ക് എല്ലാറ്റിനോടും കൊതി തോന്നിയിരുന്നെങ്കിലും സ്വർഗ്ഗത്തിനോടുള്ള കൊതി മറ്റെല്ലാ കൊതികളെയും ഇല്ലാതാക്കി. സ്വർഗ്ഗരാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുന്ന ബൈബിൾ കാണാപ്പാഠമായിരുന്നു കുഞ്ചെറിയയ്ക്ക്.  ഒരിക്കൽപ്പോലും തന്റെ ആത്മാവിനെയോ ശരീരത്തെയോ തൃപ്തിപ്പെടുത്താൻ ഭാര്യ ശോശാമ്മക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും ദൈവത്തെ പേടിച്ച് കുഞ്ചെറിയ മറ്റൊരു സ്ത്രീയെയും ഓർത്തില്ല.നൂറ് വയസ്സ് തികഞ്ഞതിനു ശേഷമാണ് കുഞ്ചെറിയ സ്വർഗത്തിലെത്തിയത്. സ്വർഗ പ്രവേശനത്തിനായി താൻ ചെയ്ത ത്യാഗങ്ങളൊക്കെ പാഴായിരുന്നെന്ന് സ്വർഗ്ഗത്തിലെത്തിയപ്പോഴാണ് കുഞ്ചെറിയക്ക് മനസ്സിലായത്. അക്കാര്യം നോവലിസ്റ്റ് ഇങ്ങനെ വ്യക്തമാക്കുന്നു – “ഒരു ദിവസം സ്വർഗത്തിൽ എല്ലാവരും ബൈബിൾ വായിച്ചുകൊണ്ടിരുന്നപ്പോൾ- അവിടെ എപ്പോഴും ബൈബിൾ വായന തന്നെയാണ്- ബോറടിച്ചു കോട്ടുവായിട്ടു  സഹികെട്ട കർത്താവ് അറിയാതെ പറഞ്ഞുപോയി “ആ കുന്തപ്പനാട്ടി ഒന്ന് അടച്ചു വെക്കാമോ? ച്ചിരി തലയ്ക്ക് സ്വൈര്യം താ…” കൂട്ടത്തിൽ നിന്നും ഒരു വല്യപ്പൻ മുന്നോട്ടു വന്ന് കലിപ്പിച്ച് കർത്താവിനെ നോക്കിപ്പറഞ്ഞു-

 “ നിങ്ങൾ ഇത്തരക്കാരനാണെന്ന് അറിഞ്ഞിരുന്നെങ്കി നൂറ് കൊല്ലം

ഞാനവടെക്കിടന്ന് പണ്ടാരടങ്ങില്ലായിരുന്നു.” ആ വല്യപ്പൻ കൊട്ടാരത്തിൽ വീട്ടിൽ കുഞ്ചെറിയ ആയിരുന്നത്രേ! ഗീവർഗീസിന്റെ വല്യമ്മച്ചിയായ പ്രവചനക്കാരി  മാത്തിരി പള്ളിയും പള്ളിയുടെ ആൾക്കാരുമായി ഒരു ബന്ധവുമില്ലാത്ത ആളായിരുന്നു. പള്ളിയിൽ പോകുന്നത് ഒഴിവാക്കാനായി വല്യമ്മച്ചി ഓരോ മാസത്തിലെയും ‘അവിശുദ്ധ ദിനങ്ങൾ’ നാല് ഞായറാഴ്ചകളിലായി വിഭജിച്ചിരുന്നു എന്നാണ് കഥ. “ കണ്ടോ അവൾ പള്ളിയിൽ കാലെടുത്തു കുത്താതിരിക്കാൻ കർത്താവ് കൊടുത്ത ശിക്ഷയാ അത്.” എന്നായിരുന്നു കഥകേട്ട വെട്ടിക്കാട്ട് കത്തനാർ പറഞ്ഞത്. അത് കേട്ട ഗീവർഗീസ് കർത്താവിന് വേറൊരു പണിയുമില്ലല്ലോ എന്നോർത്ത് ചിരിച്ചു മറിഞ്ഞു. ഗീവർഗീസാണ് മാത്തിരി വല്യമ്മച്ചിയെ എഴുത്തിനിരുത്തിയതും പഠിപ്പിച്ചതും. സ്വന്തം പേര് എഴുതാൻ പഠിച്ചതിന്റെ അന്ന് പായസം വെച്ച മാത്തിരി, അക്ഷരം മുഴുവൻ പഠിച്ചുകഴിഞ്ഞപ്പോൾ ഭിത്തിയിൽ കരിക്കട്ട കൊണ്ട് എഴുത്താരംഭിച്ചു. വേദപുസ്തകം തിരുത്തി എഴുതുന്നു എന്നാണ് ചോദിച്ചവരോടെല്ലാം വല്യമ്മച്ചി പറഞ്ഞത്. ചുമരിൽ തിരുത്തിയെഴുതിയിട്ട വേദപുസ്തകം മായ്ക്കാൻ ഏണിയിൽ കയറിയ ഈനാശൂ വീണു നടുവൊടിയുകയായിരുന്നു. ദേശക്കാർ മുഴുവൻ തിരുത്തിയെഴുതിയ വേദപുസ്തകം കണ്ട് അദ്‌ഭുതപരതന്ത്രരായി. ഇങ്ങനെ തലതിരിഞ്ഞ കുറെ കഥാപാത്രങ്ങളെ വെച്ച് മതത്തെയും വിശ്വാസി സമൂഹത്തെയും കണക്കിന് പരിഹസിച്ച നോവലിസ്റ്റിന് നേർക്ക് പള്ളിയും പട്ടക്കാരും വാളെടുക്കാത്തത് കൃതിയിലെ കലാപരത കണ്ടിട്ടാവണം. അല്ലെങ്കിലും രാമായണത്തിലെയും മഹാഭാരതത്തിലെയും കലാപരതയെന്നും ബൈബിളിൽ ഇല്ലെന്ന് കണ്ടെത്തിയ മാത്തിരി വല്യമ്മച്ചിയെയും സ്വർഗാന്വേഷിയായ മകൻ കുഞ്ചെ റിയയെയും കുഞ്ചെറിയയുടെ ദൈവനിഷേധിയായ മകൻ ഗീവർഗീസിനെയും കടമറ്റത്ത് കത്തനാരെ മാജിക് പഠിപ്പിച്ച ചിറമേൽ കത്തനാരെയും ഇവരുടെയെല്ലാം കഥ പറഞ്ഞ  ഗീവർഗീസിന്റെ കൊച്ചുമോൾ മരിയയെ യും ഒക്കെ സൃഷ്ടിച്ചെടുക്കണമെങ്കിൽ ചില്ലറ കലാപരതയൊന്നും പോരാ!

മലയാളസാഹിത്യത്തിൽ ഇരിപ്പിടം നേടിയ ചാണ്ടിപ്പട്ടിയും അമ്മിണി തത്തയും

ബഷീറിന്റെ പാത്തുമ്മയുടെ ആടിന് ശേഷം മലയാളസാഹിത്യത്തിൽ ഇരിക്കാൻ കസേര കിട്ടിയ രണ്ട് മനുഷ്യേതര കഥാപാത്രങ്ങളാണ് ചാണ്ടിപ്പട്ടിയും അമ്മിണി തത്തയും. പല്ലുവേദന വന്ന, പല്ലുവേദനയ്ക്ക് ഡോക്ടറുടെ അടുത്ത് പോയി പല്ലു പറിച്ച ലോകത്തിലെ ആദ്യ പട്ടിയാണ് മരിയയുടെ ചാണ്ടിപ്പട്ടി.പല്ല് പറിക്കുക മാത്രമല്ല പിറ്റേന്ന് മുതൽ പേസ്റ്റിട്ട് ബ്രഷ് ചെയ്ത ആദ്യ പട്ടിയും ചാണ്ടിയാണ്. ഗീവർഗീസിന്റെ കടയിലെ ഓറഞ്ച് നിറമുള്ള ന്യൂട്രീൻ മിഠായി തിന്നുതിന്നാണ് ചാണ്ടിക്ക് പല്ലുവേദന വന്നത്. ചാണ്ടിപ്പട്ടി ഓറഞ്ചിന് പച്ചയെന്നും പച്ചയ്ക്ക് ഓറഞ്ചെന്നുമാണ് പറഞ്ഞിരുന്നത്. അത് കേട്ട് ശീലമായ മരിയ പരീക്ഷക്ക് ഇലകളുടെ നിറമെന്ത് എന്ന ചോദ്യത്തിന് ഓറഞ്ച് എന്നാണ് ഉത്തരമെഴുതിയത്. പട്ടികൾക്ക് കളർ ബ്ലൈൻഡ്‌നെസ്സ് അഥവാ നിറാന്ധത ഉണ്ടെന്ന് മരിയക്ക് ഷാജൻ ചാച്ചൻ പറഞ്ഞുകൊടുത്തു. ചാണ്ടിയോട് ഇക്കാര്യം പറഞ്ഞപ്പോൾ ചാണ്ടി ഒരു വൃത്തികെട്ട ചിരി ചിരിച്ചിട്ട് കുറെ ചാണ്ടിയൻ ഫിലോസഫി പറഞ്ഞു മരിയയുടെ വായടപ്പിച്ചു. കൊട്ടാരത്തിൽ വീട്ടിൽ പുതിയ അൽസേഷ്യൻ പട്ടിയെ വാങ്ങാൻ പോകുന്നു എന്നറിഞ്ഞ ചാണ്ടിപ്പട്ടി ചിരിച്ചു മറിയുകയും അൽസേഷ്യനൊന്നും പട്ടിയേ അല്ലെന്നും നാടൻ പട്ടിയാണ് പട്ടിയെന്നും മരിയയോട് പറഞ്ഞു. മരിയ സ്കൂളിൽ പോകുമ്പോൾ ചാണ്ടിയും കൂടെപ്പോകും. മരിയയുടെ കൂടെ ഇരിക്കാൻ ദേവകി ടീച്ചർ സമ്മതിക്കാത്തത് കൊണ്ട് ചാണ്ടി കാക്കയേയും പൂച്ചയേയും ഒക്കെ ഓടിച്ചു സ്കൂൾ മുറ്റത്ത് ഓടി നടന്നു. കുട്ടികളുടെ പാവാട കടിച്ചുപറിച്ചതിന് ചാണ്ടി സ്കൂളിന് പുറത്തായി. വീടുസംരക്ഷണം തന്റെ ചുമതലയാണെന്ന് ചാണ്ടി ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ഒരിക്കൽ കൊട്ടാരത്തിൽ വീട്ടിൽ ഒരു കള്ളൻ കയറിയത്രെ. കള്ളൻ മോഷ്ടിക്കുന്നതെല്ലാം കണ്ടുകണ്ട് കള്ളനെ പിന്തുടർന്നുകൊണ്ടിരുന്ന ചാണ്ടിയെ കണ്ട കള്ളൻ തന്റെ കാര്യത്തിൽ  തീരുമാനമായെന്ന് വിചാരിച്ച് ഭയന്നുനിന്നു. കള്ളനെ കണ്ട് പക്ഷേ, ചാണ്ടി കുരച്ചില്ല. പട്ടി ഊമയാണെന്നാണ് കള്ളൻ കരുതിയത്. മോഷണമെല്ലാം കഴിഞ്ഞ കള്ളൻ ഗേറ്റിനു പുറത്തിറങ്ങിയതും പട്ടി ഉറക്കെ കുരക്കാൻ തുടങ്ങി. ജീവിതത്തിൽ ആദ്യമായി ഒരു കിറുക്കൻ പട്ടിയെ കണ്ടതിന്റെ ആന്തലിൽ കള്ളൻ ജീവനും കൊണ്ടോടി. കള്ളനെ കണ്ടിട്ട് എന്താ കുരയ്ക്കാതിരുന്നത്  എന്ന മരിയയുടെ ചോദ്യത്തിന് “ഞാൻ അയാളെ എന്നും കാണുന്നതാ. അപരിചിതരെ കാണുമ്പോൾ മാത്രം കൊരച്ചാ മതി എന്നാണല്ലോ നെയമം. എനിക്കയാളെ നല്ല പരിചയാ.” എന്നായിരുന്നു ചാണ്ടിയുടെ മറുപടി. സാമൂഹിക നിയമങ്ങളെല്ലാം സ്വന്തം നിലയിൽ വ്യാഖ്യാനിച്ച് തനിക്ക് തോന്നുമ്പോൾ മാത്രം ചാണ്ടി കുരച്ചു. മാത്തിരി വല്യമ്മച്ചിക്ക് എവിടുന്നോ കിട്ടിയ തലതിരിഞ്ഞ തത്തയായിരുന്നു അമ്മിണി. മാത്തിരി തത്തക്ക് പറയാൻ പഠിപ്പിച്ചു കൊടുത്ത ആദ്യ പേര് മരുമകൾ ശോശാമ്മയുടെതായിരുന്നു- ‘ശോശാമ്മമണ്ടി.’ ഒരാളെത്തന്നെ പലരും പല പേരിൽ വിളിക്കുന്നതായിരുന്നു അമ്മിണിക്ക് ആകെ ഉണ്ടായിരുന്ന കൺഫ്യൂഷൻ. മാത്തിരിയെ  മരിയ വലിയമ്മച്ചിയെന്നും ഗീവർഗീസ് അമ്മച്ചിയെന്നും വല്യപ്പച്ചൻ മാത്തിരിയെന്നും അന്ന വല്യമ്മ വല്യമ്മയെന്നും ജോലിക്കാർ കൊച്ചമ്മയെന്നുമൊക്കെ വിളിക്കുന്നത് പോലെ മറ്റു പലരുടെ കാര്യത്തിലും ഇതുപോലുള്ള നാമസംബന്ധിയായ കൺഫ്യൂഷൻ അമ്മിണിക്ക് ഉണ്ടാകുമായിരുന്നു. എങ്കിലും വീട്ടിലെ ഏറ്റവും മുതിർന്ന ആൾ വിളിക്കുന്നതാണ് ഒരാളുടെ പേരെന്ന തീർപ്പിൽ അമ്മിണി എത്തുകയായിരുന്നു.പക്ഷേ, ശോശാമ്മയെ ശോശാമ്മമണ്ടിയെന്നു തന്നെ വിളിച്ചു.വല്യപ്പച്ചനേക്കാൾ മൂത്ത ആരും വീട്ടിലില്ലാത്തതിനാൽ അദ്ദേഹത്തെ വല്യമ്മച്ചി വിളിക്കുന്നത് കേട്ട് ‘അതേന്നേ’ എന്നു വിളിക്കാൻ തുടങ്ങി. ഇതിനിടെ മാത്തിരി എന്ന പേര് തനിക്ക് തീരെ ഇഷ്ടമല്ലെന്ന് പറഞ്ഞ് വല്യമ്മച്ചി ഊർസുല എന്ന പേര് സ്വീകരിച്ചു.ഈ പേരുമാറ്റം കാരണം ഏറെ ബുദ്ധിമുട്ടിയത് അമ്മിണി ആയിരുന്നു. ഊർസുല, മാത്തിരി എന്നീ പേരുകൾ രണ്ടും കൂടി മിക്സ് ആക്കി അമ്മിണി വല്യമ്മച്ചിയെ മൂർസുല എന്നും ഊത്തിരി എന്നും വിളിക്കാൻ തുടങ്ങി. ഇത് തന്റെ അമ്മച്ചിയെ കളിയാക്കാനായി അമ്മിണി മന:പൂർവ്വം  ചെയ്തതായിരുന്നുവെന്നാണ് ഗീവർഗീസ് വിശ്വസിച്ചിരുന്നത്.മാത്തിരിയോട് വഴക്കുണ്ടാക്കിയ അമ്മിണി വല്യമ്മച്ചിയെ മാത്തിരിമണ്ടി എന്ന് വിളിച്ചാണ് പ്രതികാരം തീർത്തത്. അമ്മിണിക്ക് ബുദ്ധിയുണ്ടെങ്കിലും തീരെ വകതിരിവില്ലായിരുന്നു. വെട്ടിക്കാട്ടിൽ കത്തനാർ ഒരിക്കൽ വീട്ടിൽ വന്നപ്പോൾ അമ്മിണി ഇങ്ങനെ ഈണത്തിൽ പാടി –

“ കർത്താവേ ഞാൻ ഭർത്താവില്ലാതേഴു പെറ്റു

കർത്താവിന്റെ കൃപയും കൊണ്ടതേഴും ചത്തു”

ആരാ തത്തേനെ ഈ വേണ്ടാതീനം പഠിപ്പിച്ചതെന്നലറിയ കത്തനാരോട് അമ്മിണി ‘മാത്തിരി’ എന്നാണ് ഉത്തരം പറഞ്ഞത്. സ്വന്തം ഫിലോസഫിയുള്ള കാര്യപ്രാപ്തിയും ബുദ്ധിയും നർമ്മബോധവുമുള്ള ചാണ്ടിപ്പട്ടിയും അമ്മിണി തത്തയുമില്ലെങ്കിൽ മരിയയുടെ കഥയും ജീവിതവും വളരെ ശുഷ്കമായിപ്പോയേനെ. ചാണ്ടിയുടെ ജീവിതം സംഭവബഹുലമാകുമ്പോൾ അമ്മിണിയുടെ ജീവിതം കൊട്ടാരത്തിൽ വീട്ടിൽ മാത്രമൊതുങ്ങി. സ്വർഗാനരകങ്ങളെക്കുറിച്ചുള്ള ചിന്തകൾ ഇല്ലാത്തതിനാൽ പാപബോധമൊഴിഞ്ഞ് തോന്നിയതുപോലെ ജീവിക്കാൻ ചാണ്ടിക്കും അമ്മിണിക്കും കഴിഞ്ഞു.

ഇന്ത്യ മഹാരാജ്യത്തെ മരിയയുടെ സ്വന്തം നാട്

നാട്ടുകാരും വീട്ടുകാരും അബ്നോർമൽ ആയി കാണുന്ന മരിയയുടെ സ്വന്തം നാട് തന്നെ കുഴപ്പം പിടിച്ചതായിരുന്നുവെന്നാണ് നോവലിസ്റ്റ് സാക്ഷ്യപ്പെടുത്തുന്നത്. ഒരു കുഴപ്പവും ഇല്ലാത്തതു കൊണ്ടുള്ള കുഴപ്പമായിരുന്നു പ്രസ്തുത നാടിനുണ്ടായിരുന്നത്. ആ നാടിനെ നോവലിസ്റ്റ് ഇങ്ങനെ വരച്ചിടുന്നു-

“ ഒരു വിധത്തിലുള്ള പ്രകൃതിക്ഷോഭങ്ങളോ യുദ്ധങ്ങളോ എന്തിന്, പകർച്ചവ്യാധികൾ പോലുമില്ലാത്ത നാട്.തലമുറകളായി ഇത്തരമൊരന്തരീക്ഷത്തിൽ ജീവിച്ചതുകൊണ്ടുണ്ടായി വന്ന ഒരുതരം ലാഘവത്വമായിരുന്നു അന്നാട്ടുകാരുടെ മുഖമുദ്ര. രാഷ്ട്രീയവും അവിഹിതബന്ധങ്ങളുമായിരുന്നു അവരുടെ ഇഷ്ട ചർച്ചാ വിഷയം. “ വളരെയധികം രാഷ്ട്രീയാവബോധമുള്ള ജനതയായതുകൊണ്ടുതന്നെ മണൽ വാരലുകാർ പോലും മണൽവാരലിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ദിവസവും പത്രങ്ങളിൽ കൃത്യമായി വായിച്ചതിനുശേഷമാണ് മണൽ വാരാനായി പോയിരുന്നത്. അന്നാട്ടിലെ ഏറ്റവും വലിയ ദേശീയോത്സവം അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന തിരഞ്ഞെടുപ്പായിരുന്നു. തങ്ങൾ ഇന്നേവരെ കേട്ടിട്ടുപോലുമില്ലാത്ത രാജ്യങ്ങളിലെ പട്ടാള അട്ടിമറികളെക്കുറിച്ച് വരെ അവർ ചർച്ച ചെയ്തു. യാതൊരു പ്രശ്നങ്ങളുമില്ലാതെ ജനാധിപത്യം മുന്നോട്ടു പോയിരുന്നത് കൊണ്ടുതന്നെ ആളുകൾ സ്വേച്ഛാധിപത്യത്തിനായി കൊതിച്ചു.

അഴിമതിക്കാരായ നേതാക്കൾക്കും ലൈംഗികാപവാദങ്ങളിൽ പെട്ട നേതാക്കൾക്കുമെല്ലാം സമൂഹത്തിൽ ഉന്നത സ്ഥാനവും ജനപിന്തുണയുണ്ടായിരുന്നു. രാഷ്ട്രീയക്കാർ ഇടപെടുന്ന വിഷയങ്ങൾ മാത്രം രാഷ്ട്രീയമായി കണക്കാക്കിയിരുന്ന ആ നാട്ടിൽ ഏതെങ്കിലും ഡ്യൂക്ലി വിഷയത്തിന്റെ പേരിൽ പോലും ടിവി ചാനലുകൾ ‘ബ്രേക്കിംഗ് ന്യൂസ്’ എന്നെഴുതിക്കാണിച്ചിരുന്നു. അല്ലാതെ വലിയ വിഷയങ്ങളൊന്നും അവർക്കുണ്ടായിരുന്നില്ല. ഇംഗ്ലീഷിനെ മാതൃഭാഷ പോലെ സ്നേഹിച്ച നാട്ടുകാർക്ക് കുട്ടികൾ ഇംഗ്ലീഷ് പറയുന്നത് കേട്ടാൽതന്നെ രോമം എഴുന്നേറ്റു നിൽക്കുമായിരുന്നു അടിയന്തരാവസ്ഥയ്ക്ക് ശേഷം വന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മഹാരാജ്യത്തെ നിരക്ഷരരും പട്ടിണിപ്പാവങ്ങളുമായ സകലമാന ജനങ്ങളും അടിയന്തരാവസ്ഥപ്പാർട്ടിയെയും അവരുടെ നേതാവിനെയും പാഠം പഠിപ്പിച്ചപ്പോൾ സ്വേച്ഛാധിപതിയായ പ്രധാനമന്ത്രിയുടെ പാർട്ടിക്ക് വൻഭൂരിപക്ഷം നൽകിയ രാജ്യത്തെ ഒരേയൊരു പ്രദേശമായിരുന്നു അവരുടെത്. ലോകഭൂപടത്തിൽ  കേരളം എന്നറിയപ്പെട്ട ഒരു നാട്ടിലായിരുന്നു മരിയ ജനിച്ചത്.

 മലയാളിയുടെ രാഷ്ട്രീയ സാംസ്കാരിക അഹംബോധങ്ങളെ നോവലിലുടനീളം കണക്കിന് കളിയാക്കുന്നുണ്ട് നോവലിസ്റ്റ്. അടിയന്തരാവസ്ഥയെ അനുകൂലിച്ച ഗീവർഗീസ് അടിയന്തരാവസ്ഥ കഴിഞ്ഞിട്ടും സ്വന്തം വീട്ടിൽ സ്ഥാനത്തും അസ്ഥാനത്തും ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. അടിയന്തരാവസ്ഥ നാട്ടിൽ അച്ചടക്കമുണ്ടാക്കി എന്ന അഭിപ്രായമായിരുന്നു ഗീവർഗീസിന്റെ മകൻ തോമാച്ചന് ഉണ്ടായിരുന്നത്. നാട്ടുകാർ മുഴുവൻ ജയിലിലായതുകൊണ്ട് സ്വാഭാവികമായും അച്ചടക്കം കൂടും എന്ന് പറഞ്ഞ് തോമാച്ചനെ പരിഹസിച്ച ഗീവർഗീസിന്റെ മകൾ ഷീന പ്രദേശത്തെ ആദ്യ കമ്മ്യൂണിസ്റ്റുകാരിയായിരുന്നു.

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ വന്നുപെട്ട ഗീവർഗീസ് പുണ്യാളൻ മലയാളികളെ ഓർത്ത് ഇങ്ങനെ അന്തം വിട്ടു പോകുന്നുണ്ട് – നൂറ്റിപ്പത്ത് വയസ്സുവരെയാ ഇവിടത്തെ ആൾക്കാരുടെ ആയുസ്സ്! എന്തെങ്കിലും ഒരു പ്രശ്നം അവർക്ക് ഇന്നുവരെ നേരിടേണ്ടി വന്നിട്ടുണ്ടോ? എന്തിന്, ഭൂമികുലുക്കം, അഗ്നിപർവ്വതം എന്നൊക്കെ അവർ കേട്ടിട്ടു പോലുമില്ല! പിന്നെ യുദ്ധം! ഞാനൊക്കെ എന്തോരം യുദ്ധം ചെയ്തേക്കണു! യുദ്ധംന്നൊരു സംഭവം ഉണ്ടെന്ന് പോലും ഇവന്മാർക്കറിയില്ല!” രാഷ്ട്രീയപ്രബുദ്ധർ എന്ന് വീമ്പ് പറയുമ്പോഴും നിർണായക രാഷ്ട്രീയ സാഹചര്യങ്ങളിൽ മലയാളി സമൂഹം എടുക്കുന്ന അരാഷ്ട്രീയമായ തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും പരിഹസിക്കപ്പെടേണ്ടത് തന്നെയാണ്.  അസാമാന്യമായ സർഗാത്മകതയുള്ളവർ, വ്യതിരിക്തമായ ചിന്താശേഷിയുള്ളവർ, ലോകത്തെ മാറ്റിമറിക്കാൻ തക്ക ബുദ്ധിശക്തിയുള്ളവർ, ജീവിതത്തെയും ലോകത്തെയും പരിവർത്തിപ്പിക്കാനുള്ള ശേഷിയുള്ളവർ…. ഒക്കെ ഭ്രാന്തുള്ളവരായി മുദ്രകുത്തപ്പെട്ടതിന്, തടവറയിൽ അടയ്ക്കപ്പെട്ടതിന്, ക്രൂശിക്കപ്പെട്ടതിന് ചരിത്രത്തിൽ തെളിവുകളുണ്ട്. സമൂഹം ഭ്രാന്തുള്ളവരായി മുദ്രകുത്തപ്പെട്ടവരെ കുറിച്ച് ഭ്രാന്തില്ലാത്തവർ എഴുതുന്ന കഥകളേ നമ്മൾ വായിച്ചിട്ടുള്ളൂ. ഭ്രാന്തിയായി മുദ്ര കുത്തപ്പെട്ട മരിയ ഭ്രാന്താശുപത്രിയിലിരുന്ന് തികച്ചും നോർമൽ എന്ന് വാഴ്ത്തപ്പെടുന്ന ലോകത്തെ നോക്കിക്കാണുന്നതിന്റെ ത്രിമാന ചിത്രമാണ് ‘മരിയ വെറും മരിയ’ എന്ന കൃതിയിലുള്ളത്. അബ്നോർമലായ ഒരു ലോകം സൃഷ്ടിച്ചുകൊണ്ട് നോർമൽ എന്ന് ഭാവിക്കുന്ന ലോകത്തെ പരിഹസിക്കുകയാണ് സന്ധ്യാമേരി ചെയ്യുന്നത്. ഇതേ അബ്നോർമാലിറ്റി കൊണ്ട് സാമൂഹിക -രാഷ്ട്രീയ- മത വിമർശനം നടത്താനും മലയാളിയുടെ ഹിപ്പോക്രസിയെ കണക്കറ്റ് കളിയാക്കാനും അവർക്ക് സാധിക്കുന്നു. നോർമൽ, അബ്നോർമൽ എന്നീ മനുഷ്യനിർമ്മിത അവസ്ഥകളുടെ പുനർനിർവചനമായി മാറുന്ന അനന്യമായ ഒരു രചന മലയാളസാഹിത്യത്തിന് സമ്മാനിച്ചതിന് മലയാളസാഹിത്യം സന്ധ്യാമേരി എന്ന എഴുത്തുകാരിയോട് കടപ്പെട്ടിരിക്കുന്നു.

ജൂലി ഡി എം

അദ്ധ്യാപിക

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x