
ഡോ.സോണിയ ജോർജ്
Published: 10 May 2026 ശാസ്ത്രമലയാളം
മനശ്ശാസ്ത്രസംജ്ഞകൾ മലയാളത്തിലൂടെ 22
ഉപബോധാത്മക ധാരണ (Subliminal perception)
മനഃശാസ്ത്രത്തിലും കോഗ്നിറ്റീവ് സയൻസിലും അതീവ ശ്രദ്ധേയമായ ഒരു സംജ്ഞയാണ് ഉപബോധാത്മക ധാരണ (Subliminal Perception). ഒരു വ്യക്തി തന്റെ ബോധമനസ്സ് കൊണ്ട് തിരിച്ചറിയാത്ത വിധം, എന്നാൽ അയാളുടെ തലച്ചോറിനെ സ്വാധീനിക്കാൻ തക്കവണ്ണം നൽകപ്പെടുന്ന ചോദനകളെയാണ് (Stimuli) ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
ലളിതമായി പറഞ്ഞാൽ, നമ്മുടെ ശ്രദ്ധയിൽപ്പെടാതെ തന്നെ നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്ന സന്ദേശങ്ങളാണിവ.
‘സബ് ലിമിനൽ’ (Subliminal) എന്ന വാക്ക് ലാറ്റിൻ പദങ്ങളായ ‘Sub’ (താഴെ), ‘Limen’ (പരിധി/Threshold) എന്നിവയിൽ നിന്നാണ് ഉണ്ടായത്. അതായത്, ബോധമനസ്സിന്റെ പരിധിക്ക് താഴെയുള്ളത്. നാം ഒരു വസ്തുവിനെ കാണുകയോ ശബ്ദം കേൾക്കുകയോ ചെയ്യുന്നുണ്ടെങ്കിലും, അത് നമ്മുടെ ശ്രദ്ധയിൽ പതിയാത്ത അത്രയും വേഗതയിലോ തീവ്രത കുറഞ്ഞതോ ആണെങ്കിൽ അത് അബോധമനസ്സിനെ (Unconscious) സ്വാധീനിക്കുന്നു.
സിഗ്മണ്ട് ഫ്രോയിഡിന്റെ അബോധമനസ്സിനെക്കുറിച്ചുള്ള പഠനങ്ങളാണ് ഇതിന് അടിത്തറ പാകിയത്. എന്നാൽ പിന്നീട് 1957-ൽ ജെയിംസ് വികാരി (James Vicary) എന്ന മാർക്കറ്റിംഗ് ഗവേഷകനാണ് ഈ വാക്കിനെ ജനകീയമാക്കിയത്. ഒരു സിനിമയ്ക്കിടയിൽ കണ്ണുചിമ്മുന്നതിനേക്കാൾ വേഗത്തിൽ (1/3000 സെക്കൻഡ്) “Eat Popcorn”, “Drink Coca-Cola” എന്നീ സന്ദേശങ്ങൾ കാണിച്ചപ്പോൾ അവയുടെ വിൽപന വർദ്ധിച്ചു എന്ന് അദ്ദേഹം അവകാശപ്പെട്ടു. പിന്നീട് ഇത് ഒരു വ്യാജ അവകാശവാദമാണെന്ന് അദ്ദേഹം സമ്മതിച്ചെങ്കിലും, സബ്ലിമിനൽ പെർസെപ്ഷൻ എന്ന വിഷയം ശാസ്ത്രലോകത്ത് വലിയ ചർച്ചയായി മാറി.
“സബ് ലിമിനൽ പെർസെപ്ഷൻ എന്നത് ബോധപൂർവം അനുഭവിക്കാൻ കഴിയാത്തത്ര ദുർബലവും എന്നാൽ വ്യക്തിയുടെ പെരുമാറ്റത്തെയോ മാനസിക പ്രക്രിയകളെയോ സ്വാധീനിക്കാൻ കഴിയുന്നത്ര ശക്തമായ ഉത്തേജക ഫലങ്ങളെ സൂചിപ്പിക്കുന്നു..” ( Norman Dixon, Preconscious Processing (1981)അതായത്, ബോധപൂർവ്വമായ അറിവില്ലാതെ തന്നെ വിവരങ്ങൾ പ്രോസസ്സ് ചെയ്യാനുള്ള തലച്ചോറിന്റെ കഴിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഓരോ വ്യക്തിക്കും ഒരു വസ്തുവിനെ തിരിച്ചറിയാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തീവ്രതയെയാണ് ‘അബ്സല്യൂട്ട് ത്രെഷോൾഡ്’ എന്ന് വിളിക്കുന്നത്. ഈ പരിധിക്ക് താഴെ നൽകപ്പെടുന്ന വിവരങ്ങൾ നമ്മൾ “കണ്ടു” എന്ന് പറയില്ലെങ്കിലും തലച്ചോറിലെ നാഡീവ്യൂഹങ്ങൾ അത് രേഖപ്പെടുത്തുന്നു.
പരസ്യങ്ങളിലും മറ്റും ഇതിന്റെ പല പ്രായോഗിക ഉദാഹരണങ്ങൾ കാണാൻ സാധിക്കും. പല പ്രമുഖ ബ്രാൻഡുകളുടെ ലോഗോകളിലും ഒളിഞ്ഞിരിക്കുന്ന സന്ദേശങ്ങളുണ്ടാകാം. ഉറക്കത്തിൽ കേൾക്കുന്ന ഓഡിയോ ക്ലിപ്പുകളിലൂടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാമെന്നോ പുകവലി നിർത്താമെന്നോ ഉള്ള അവകാശവാദങ്ങൾ ഈ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹൊറർ സിനിമകളിൽ പ്രേക്ഷകർക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം വളരെ ചെറിയ ശബ്ദതരംഗങ്ങൾ (Infrasound) ഉപയോഗിക്കാറുണ്ട്. ഇത് ബോധപൂർവ്വം തിരിച്ചറിയില്ലെങ്കിലും പ്രേക്ഷകനിൽ അകാരണമായ ഭയമുണ്ടാക്കാൻ സഹായിക്കുന്നു.
സബ് ലിമിനൽ സന്ദേശങ്ങൾക്ക് ഒരാളുടെ തീരുമാനങ്ങളെ പൂർണ്ണമായും മാറ്റാൻ കഴിയില്ലെങ്കിലും, നിലവിലുള്ള താല്പര്യങ്ങളെ ഉത്തേജിപ്പിക്കാൻ (Priming) അവയ്ക്ക് കഴിയും. ഉദാഹരണത്തിന്, ഒരാൾക്ക് ദാഹമുണ്ടെങ്കിൽ മാത്രം സബ് ലിമിനലായി നൽകുന്ന ഒരു ശീതളപാനീയത്തിന്റെ പരസ്യം അയാളെ സ്വാധീനിച്ചേക്കാം. അല്ലാതെ, ഒട്ടും താല്പര്യമില്ലാത്ത ഒരു കാര്യം ചെയ്യിക്കാൻ ഇതിന് കഴിയില്ലെന്ന് ആധുനിക പഠനങ്ങൾ തെളിയിക്കുന്നു.
മനുഷ്യ മനസ്സ് എത്രത്തോളം സങ്കീർണ്ണമാണെന്ന് സബ് ലിമിനൽ പെർസെപ്ഷൻ കാണിച്ചുതരുന്നു. നാം കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ മാത്രമല്ല, നാം ശ്രദ്ധിക്കാത്ത കാര്യങ്ങൾ പോലും നമ്മുടെ പെരുമാറ്റത്തെയും വികാരങ്ങളെയും രൂപപ്പെടുത്തുന്നുണ്ട് എന്ന് ഇതിലൂടെ നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു..
മിഥ്യാബോധം (Illusion)
മനഃശാസ്ത്രത്തിലും ഫിലോസഫിയിലും ഒരുപോലെ ചർച്ച ചെയ്യപ്പെടുന്ന സങ്കീർണ്ണമായ ഒരു സംജ്ഞയാണ് ‘ഇല്യൂഷൻ’ (Illusion) അഥവാ മിഥ്യാബോധം. യാഥാർത്ഥ്യത്തെ നമ്മുടെ ഇന്ദ്രിയങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്ന അവസ്ഥയാണിത്. അതായത്, പുറത്തുള്ള ഒരു ചോദന (Stimulus) നിലവിലുണ്ട്, പക്ഷേ അത് യഥാർത്ഥത്തിലുള്ളതു പോലെയല്ല നമ്മൾ മനസ്സിലാക്കുന്നത്.
ഇല്യൂഷൻ എന്നത് വെറുമൊരു ‘കണ്ണ് കെട്ട്’ മാത്രമല്ല, മറിച്ച് നമ്മുടെ തലച്ചോറ് വിവരങ്ങളെ എങ്ങനെ ക്രമീകരിക്കുന്നു (Perceptual Organization) എന്നതിന്റെ തെളിവാണ്. ജെസ്റ്റാൾട്ട് മനഃശാസ്ത്രം (Gestalt Psychology) ഇതിനെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുണ്ട്. “മുഴുവൻ എന്നത് അതിന്റെ ഭാഗങ്ങളുടെ തുകയേക്കാൾ വലുതാണ്” (The whole is greater than the sum of its parts) എന്ന തത്വം ഇല്യൂഷനുകളെ വിശദീകരിക്കാൻ സഹായിക്കുന്നു.
ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞനായ റിച്ചാർഡ് ഗ്രിഗറി (Richard Gregory) ഇല്യൂഷനുകളെ തലച്ചോറിന്റെ ‘ഹൈപ്പോതിസിസ് ടെസ്റ്റിംഗ്’ (Hypothesis Testing) ആയി കണ്ടു. ലഭ്യമായ അപൂർണ്ണമായ വിവരങ്ങൾ വെച്ച് തലച്ചോറ് നടത്തുന്ന തെറ്റായ നിഗമനങ്ങളാണ് ഇല്യൂഷനുകൾ എന്ന് അദ്ദേഹം വാദിച്ചു.
മനഃശാസ്ത്രപരമായി ഇല്യൂഷനുകളെ പ്രധാനമായും മൂന്നായി തിരിക്കാം:
ആദ്യത്തേത് ഫിസിക്കൽ ഇല്യൂഷൻ (Physical Illusions) ആണ്.
ഇന്ദ്രിയങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ പ്രകാശത്തിലോ ശബ്ദത്തിലോ ഉണ്ടാകുന്ന മാറ്റം കാരണം സംഭവിക്കുന്നതാണിത്. ഉദാഹരണത്തിനു, വെള്ളം നിറഞ്ഞ ഗ്ലാസ്സിലിട്ട പെൻസിൽ വളഞ്ഞു ഇരിക്കുന്നത് പോലെ തോന്നുന്നത് (Refraction). അടുത്തത് ഫിസിയോളജിക്കൽ ഇല്യൂഷനുകൾ ആണ്. (Physiological Illusions).
കണ്ണിലെ റെറ്റിനയിലോ തലച്ചോറിലെ നാഡീവ്യൂഹങ്ങളിലോ ഉണ്ടാകുന്ന അമിതമായ ഉത്തേജനം (Over-stimulation) കാരണം ആണിവ സംഭവിക്കുന്നത്. ഉദാഹരണത്തിനു, തിളക്കമുള്ള ഒരു വസ്തുവിലേക്ക് നോക്കിയ ശേഷം കണ്ണ് ചിമ്മുമ്പോൾ കാണുന്ന ‘ആഫ്റ്റർ ഇമേജുകൾ’ (After-images).
കോഗ്നിറ്റീവ് ഇല്യൂഷൻ (Cognitive Illusions) ആണ് മൂന്നാമത്തേത്. നമ്മുടെ അറിവും മുൻധാരണകളും വെച്ച് തലച്ചോറ് വിവരങ്ങളെ തെറ്റായി പ്രോസസ്സ് ചെയ്യുന്നതാണിത്. ഇത് പല തരത്തിലുണ്ട്. ഒരേ ചിത്രത്തിൽ തന്നെ രണ്ട് വ്യത്യസ്ത രൂപങ്ങൾ മാറിമാറി കാണുന്ന അവ്യക്തമായ മിഥ്യാധാരണകൾ (Ambiguous Illusions), വലിപ്പമോ നീളമോ തെറ്റായി തോന്നുന്ന വികലമായ മിഥ്യാധാരണകൾ (Distorting Illusions) എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.
മുള്ളർ-ലയർ ഇല്യൂഷൻ, ഹൊറിസോണ്ടൽ-വെർട്ടിക്കൽ ഇല്ല്യൂഷൻ, പോൺസോ ഇല്യൂഷൻ എന്നിവയൊക്കെ ഇതിന്റെ വിഖ്യാതമായ ഉദാഹരണങ്ങളാണ്. ഒരേ നീളമുള്ള രണ്ട് വരകളിൽ ഒന്നിൽ അമ്പടയാളം അകത്തേക്കും മറ്റൊന്നിൽ പുറത്തേക്കും നൽകുമ്പോൾ, അകത്തേക്ക് അമ്പടയാളമുള്ള വരയ്ക്ക് നീളം കൂടുതൽ തോന്നും. ഇതാണ് മുള്ളർ – ലയർ ഇല്യൂഷൻ(Müller-Lyer Illusion). റെയിൽവേ ട്രാക്ക് പോലെ അകലേക്ക് പോകുന്ന രണ്ട് വരകൾക്കിടയിൽ ഒരേ വലിപ്പമുള്ള രണ്ട് കട്ടകൾ വെച്ചാൽ, ദൂരെയുള്ള കട്ടയ്ക്ക് വലിപ്പം കൂടുതൽ തോന്നും. ഇതാണ് പോൺസോ ഇല്യൂഷൻ (Ponzo Illusion). തലച്ചോറ് ദൂരത്തെ കണക്കിലെടുക്കുന്നത് കൊണ്ടാണിത്.
മനുഷ്യന്റെ ബോധമണ്ഡലം എത്രത്തോളം പരിമിതമാണെന്നും, നാം കാണുന്ന ‘യാഥാർത്ഥ്യം’ യഥാർത്ഥത്തിൽ തലച്ചോറ് നിർമ്മിച്ചെടുക്കുന്ന ഒന്നാണെന്നും ഇല്യൂഷനുകൾ തെളിയിക്കുന്നു. അതുകൊണ്ടാണ് മനഃശാസ്ത്രജ്ഞർ ഇതിനെ “തലച്ചോറിന്റെ പരാജയമല്ല, മറിച്ച് അതിന്റെ കാര്യക്ഷമതയുടെ ഉദാഹരണം” എന്ന് വിളിക്കുന്നത്.
നമ്മുടെ മുൻകാല അനുഭവങ്ങൾ (Prior Experience) നാം ലോകത്തെ കാണുന്ന രീതിയെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് ഇല്യൂഷനുകൾ വ്യക്തമാക്കുന്നു. റിച്ചാർഡ് ഗ്രിഗറി പറഞ്ഞതുപോലെ, കാണുന്നത് വിശ്വസിക്കുകയല്ല, മറിച്ച് നാം വിശ്വസിക്കുന്നതാണ് പലപ്പോഴും കാണുന്നത്.
മതിഭ്രമം (Hallucination)
മനഃശാസ്ത്രത്തിലും മനോരോഗചികിത്സയിലും (Psychiatry) അതീവ ഗൗരവകരമായി ചർച്ച ചെയ്യപ്പെടുന്ന ഒരു സംജ്ഞയാണ് ‘ഹാലൂസിനേഷൻ’ (Hallucination) അഥവാ മതിഭ്രമം. ബാഹ്യമായ യാതൊരുവിധ ചോദനകളും (External Stimuli) ഇല്ലാതെ തന്നെ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന ഇന്ദ്രിയാനുഭവങ്ങളെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
ഇല്യൂഷനിൽ (Illusion) നിലവിലുള്ള ഒരു വസ്തുവിനെ തെറ്റായി കാണുമ്പോൾ, ഹാലൂസിനേഷനിൽ വസ്തുവോ ശബ്ദമോ ഇല്ലാതെ തന്നെ അവ ഉണ്ടെന്ന് അനുഭവപ്പെടുന്നു. ഇതിനെ “Perception without Stimulus” എന്ന് വിളിക്കുന്നു.
മനഃശാസ്ത്രജ്ഞനായ കാൾ ജാസ്പേഴ്സ് (Karl Jaspers) ഹാലൂസിനേഷനെ നിർവ്വചിച്ചത് ഇങ്ങനെയാണ്:
“ അനുബന്ധമായ ഒരു ബാഹ്യ ഉത്തേജനത്തിൻ്റെ അഭാവത്തിൽ സംഭവിക്കുന്ന ഒരു ധാരണയാണ് ഹാലുസിനേഷൻ. അതിന് യഥാർത്ഥ ധാരണയുടെ ശക്തമായ സ്വഭാവമുണ്ട്.”( Karl Jaspers, General Psychopathology (1913)
അതായത്, അനുഭവിക്കുന്ന വ്യക്തിക്ക് അത് തികച്ചും യാഥാർത്ഥ്യമായിത്തന്നെ തോന്നും. അവർക്ക് അത് വെറുമൊരു തോന്നലല്ല, മറിച്ച് നേരിട്ടുള്ള അനുഭവമാണ്.
നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങളെയും അടിസ്ഥാനമാക്കി ഹാലൂസിനേഷനുകളെ തരംതിരിക്കാം. ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക എന്നതാണ് ശ്രവണമതിഭ്രമം (auditory hallucination). ഇത് ഏറ്റവും സാധാരണമാണ്, പ്രത്യേകിച്ച് സ്കീസോഫ്രീനിയ പോലുള്ള അവസ്ഥകളിൽ. ഒരാൾ സംസാരിക്കുന്നതോ ശകാരിക്കുന്നതോ ആയ ശബ്ദങ്ങൾ ഇതിൽ ഉൾപ്പെടുന്നു.ഇല്ലാത്ത കാഴ്ചകൾ കാണുക എന്നതാണ് ദൃശ്യമതിഭ്രമം ( visual hallucination). ആളുകളെയോ വെളിച്ചത്തെയോ രൂപങ്ങളെയോ കാണുന്നത് ഇതിൽപ്പെടും.ഇല്ലാത്ത മണങ്ങൾ അനുഭവപ്പെടുക എന്നതാണ് ഗന്ധമതിഭ്രമം (olfactory hallucination). പലപ്പോഴും അസുഖകരമായ മണങ്ങളായിരിക്കും ഇവ. ഇല്ലാത്ത രുചികൾ തോന്നുക എന്നതാണ് രുചിമതിഭ്രമം (gustatory hallucination). ഉദാഹരണത്തിന് ഭക്ഷണത്തിൽ ലോഹത്തിന്റെ രുചി തോന്നുക. ശരീരത്തിൽ എന്തോ സ്പർശിക്കുന്നതായോ ഇഴയുന്നതായോ തോന്നുക (Formication) എന്നതാണ് സ്പർശമതിഭ്രമം (tactile hallucination).
ഹാലൂസിനേഷനുകൾ ഉണ്ടാകുന്നതിനെക്കുറിച്ച് പ്രധാനമായും രണ്ട് സിദ്ധാന്തങ്ങളുണ്ട്. ന്യൂറോബയോളജിക്കൽ സിദ്ധാന്തം അനുസരിച്ചു, തലച്ചോറിലെ ഡോപാമിൻ (Dopamine) എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ അളവ് കൂടുന്നത് ഹാലൂസിനേഷനുകൾക്ക് കാരണമാകുന്നു. തലച്ചോറിന്റെ സെൻസറി ഭാഗങ്ങൾ യാതൊരു കാരണവുമില്ലാതെ സ്വയം ഉത്തേജിക്കപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. നമ്മുടെ ഉള്ളിലെ ചിന്തകളെ (Inner Speech) പുറത്തുനിന്നുള്ള ശബ്ദങ്ങളായി തലച്ചോറ് തെറ്റായി തിരിച്ചറിയുന്നതാണ് (Source Monitoring Error) ഓഡിറ്ററി ഹാലൂസിനേഷൻ എന്ന് കോഗ്നിറ്റീവ് സിദ്ധാന്തമനഃശാസ്ത്രജ്ഞർ വാദിക്കുന്നു.
പ്രമുഖ മനോരോഗ വിദഗ്ദ്ധനായ റോണാൾഡ് സീഗൽ (Ronald K. Siegel) തന്റെ പഠനങ്ങളിൽ ഇപ്രകാരം നിരീക്ഷിക്കുന്നു: “പുറം ലോകത്തിൽ നിന്നുള്ള വിവരങ്ങളും മനസ്സിനുള്ളിൽ നിന്നുള്ള വിവരങ്ങളും തമ്മിൽ മസ്തിഷ്കം വേർതിരിച്ചറിയുന്ന പ്രക്രിയയിലെ ഒരു തകർച്ചയാണ് ഹാലുസിനേഷനുകൾ.”- Ronald K. Siegel, Hallucinations: Behavior, Experience, and Theory (1975)
ഹാലൂസിനേഷനുകൾ എപ്പോഴും മനോരോഗത്തിന്റെ ലക്ഷണമാകണമെന്നില്ല. അവ വേറെ പല സാഹചര്യങ്ങളിലും ഉണ്ടാകാം. ദീർഘനേരം ഉറങ്ങാതിരിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ഹാലൂസിനേഷനുകൾക്ക് വഴിയൊരുക്കുകയും ചെയ്യും. എൽ.എസ്.ഡി (LSD) പോലുള്ള ലഹരിമരുന്നുകൾ തലച്ചോറിലെ സെറോടോണിൻ വ്യവസ്ഥയെ മാറ്റിമറിക്കുന്നത് വഴി തീവ്രമായ വിഷ്വൽ ഹാലൂസിനേഷനുകൾ ഉണ്ടാക്കുന്നു. ചാൾസ് ബോണറ്റ് സിൻഡ്രോം (Charles Bonnet Syndrome) മറ്റൊരു കാരണമാണ്. കാഴ്ചശക്തി കുറഞ്ഞ വ്യക്തികൾക്ക് തലച്ചോറ് സ്വയം ചിത്രങ്ങൾ നിർമ്മിച്ച് നൽകുന്ന അവസ്ഥയാണിത്.
ഹാലൂസിനേഷൻ എന്നത് യാഥാർത്ഥ്യബോധം താൽക്കാലികമായോ സ്ഥിരമായോ നഷ്ടപ്പെടുന്ന ഒരവസ്ഥയാണ്. ഇത് ഇല്യൂഷനിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇല്യൂഷൻ ഒരു സാധാരണ പ്രക്രിയയാണെങ്കിൽ, ഹാലൂസിനേഷൻ പലപ്പോഴും വൈദ്യസഹായം തേടേണ്ട ഒരു ഗൗരവകരമായ അവസ്ഥയാണ്.
ധാരണാപരമായ നിയമങ്ങൾ (Perceptual laws)
മനഃശാസ്ത്രത്തിലെ ജെസ്റ്റാൾട്ട് സ്കൂൾ ഓഫ് സൈക്കോളജി (Gestalt Psychology) വികസിപ്പിച്ചെടുത്ത ഏറ്റവും പ്രധാനപ്പെട്ട തത്വങ്ങളാണ് ധാരണാപരമായ നിയമങ്ങൾ (Perceptual Laws) അഥവാ ഗ്രൂപ്പിംഗിൻ്റെ നിയമങ്ങൾ (Laws of Grouping). നാം കാണുന്ന ചിതറിക്കിടക്കുന്ന വിവരങ്ങളെ എങ്ങനെയാണ് നമ്മുടെ തലച്ചോർ അർത്ഥവത്തായ രൂപങ്ങളായി (Patterns) സംയോജിപ്പിക്കുന്നത് എന്ന് ഈ നിയമങ്ങൾ വിശദീകരിക്കുന്നു.
“മുഴുവൻ എന്നത് അതിന്റെ ഭാഗങ്ങളുടെ തുകയേക്കാൾ വലുതാണ്” (The whole is greater than the sum of its parts) എന്നതാണ് ഇതിന്റെ അടിസ്ഥാന പ്രമാണം.
1910-കളിൽ മാക്സ് വെർതൈമർ (Max Wertheimer), കർട്ട് കോഫ്ക (Kurt Koffka), വുൾഫ്ഗാങ്ങ് കോഹ്ളർ (Wolfgang Köhler) എന്നിവരാണ് ഈ നിയമങ്ങൾ ആവിഷ്കരിച്ചത്. ലോകത്തെ നാം കാണുന്നത് വെവ്വേറെ കഷണങ്ങളായല്ല, മറിച്ച് പൂർണ്ണരൂപത്തിലാണെന്ന് ഇവർ വാദിച്ചു.
വെർതൈമറിന്റെ വിഖ്യാതമായ ഉദ്ധരണി ഇങ്ങനെയാണ്. “മൊത്തത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ പ്രത്യേക ഭാഗങ്ങളുടെ സ്വഭാവസവിശേഷതകളിൽ നിന്ന് ഊഹിക്കാനാവില്ല, എന്നാൽ നേരെമറിച്ച് മൊത്തത്തിലുള്ള ഒരു ഭാഗത്തിന് സംഭവിക്കുന്നത് മൊത്തത്തിലുള്ള ആന്തരിക ഘടനാപരമായ നിയമങ്ങളാൽ നിർണ്ണയിക്കപ്പെടുന്നു.” (Max Wertheimer, Gestalt Theory (1924)
തലച്ചോറ് വിവരങ്ങളെ ക്രമീകരിക്കുന്നതിന് ഉപയോഗിക്കുന്ന അഞ്ച് പ്രധാന ധാരണപരമായ നിയമങ്ങൾ ഉണ്ട്. ഒന്നാമത്തേത് സാമീപ്യനിയമം (Law of Proximity) ആണ്. പരസ്പരം അടുത്തിരിക്കുന്ന വസ്തുക്കളെ ഒരേ ഗ്രൂപ്പായി നമ്മുടെ മനസ്സ് കണക്കാക്കുന്നു. ഉദാഹരണത്തിനു, അടുത്തടുത്ത് നിൽക്കുന്ന കുറേ ആളുകളെ കാണുമ്പോൾ നമ്മൾ അവരെ ഒരു ‘കൂട്ടം’ ആയിട്ടാണ് കാണുന്നത്, അല്ലാതെ വ്യക്തികളായല്ല. മറ്റൊന്ന് സാമ്യതയുടെ നിയമം (Law of Similarity) ആണ്. ഒരേപോലെ ഇരിക്കുന്ന വസ്തുക്കളെ (നിറം, വലിപ്പം, ആകൃതി) ഒരേ വർഗ്ഗമായി നാം ഗ്രൂപ്പ് ചെയ്യുന്നു. ഉദാഹരണത്തിനു, സ്പോർട്സ് ഗ്രൗണ്ടിൽ ഒരേ നിറത്തിലുള്ള ജേഴ്സി ധരിച്ചവരെ നമ്മൾ ഒരേ ടീമിലെ അംഗങ്ങളായി പെട്ടെന്ന് തിരിച്ചറിയുന്നു. ക്ലോഷർ നിയമം ആണ് മറ്റൊന്ന് (Law of Closure).
അപൂർണ്ണമായ രൂപങ്ങളെ പൂർണ്ണരൂപമായി കാണാനുള്ള മനസ്സിന്റെ പ്രവണതയാണിത്. ഇടയിലുള്ള വിടവുകൾ (Gaps) തലച്ചോറ് സ്വയം നികത്തുന്നു.ഉദാഹരണത്തിനു, മുറിഞ്ഞ വരകൾ കൊണ്ട് വരച്ച ഒരു വൃത്തത്തെ നമ്മൾ ‘വൃത്തം’ എന്ന് തന്നെ വിളിക്കുന്നു, അല്ലാതെ ‘കുറേ വരകൾ’ എന്ന് പറയുന്നില്ല. മറ്റൊന്ന് തുടർച്ചാനിയമം (Law of Continuity) ആണ്. ഒരു നിശ്ചിത ദിശയിൽ പോകുന്ന വരകളെയോ രൂപങ്ങളെയോ മുറിഞ്ഞ ഭാഗങ്ങളായി കാണാതെ ഒരു തുടർച്ചയായി കാണാൻ നാം ഇഷ്ടപ്പെടുന്നു. ഉദാഹരണത്തിന്, രണ്ട് വരകൾ പരസ്പരം മുറിച്ചുകടക്കുകയാണെങ്കിൽ, അവയെ ‘X’ എന്ന രൂപമായി കാണുന്നതാണ് നമുക്ക് എളുപ്പം. മറ്റൊരു നിയമം ആണ് ഫിഗർ-ഗ്രൗണ്ട് ബന്ധം (Figure-Ground Relationship). നാം നോക്കുന്ന ഒരു കാഴ്ചയിൽ പ്രധാന വസ്തുവിനെ (Figure) പശ്ചാത്തലത്തിൽ (Ground) നിന്നും വേർതിരിച്ചു കാണാനുള്ള കഴിവ്. ഉദാഹരണത്തിന്, കറുത്ത ബോർഡിലെ വെളുത്ത അക്ഷരങ്ങൾ. ഇവിടെ അക്ഷരം ‘ഫിഗറും’ ബോർഡ് ‘ഗ്രൗണ്ടും’ ആണ്.പ്രഗ്നൻസ് നിയമം (Law of Pragnanz) എന്നത് ഒരു മാസ്റ്റർ നിയമമാണ്. ലാളിത്യത്തിൻ്റെ നിയമം (law of simplicity) എന്നും ഇതിനെ വിളിക്കുന്നു. ലഭ്യമായ വിവരങ്ങളെ ഏറ്റവും ലളിതമായ രൂപത്തിൽ (Simplest form) മനസ്സിലാക്കാൻ തലച്ചോറ് ശ്രമിക്കുന്നു എന്നതാണ് ഇതിന്റെ സാരം.
ഇതിനു പല പ്രായോഗിക ഉദാഹരണങ്ങൾ കാണാൻ സാധിക്കും. ഒരു ഗ്രാഫിക് ഡിസൈനർ ലോഗോകൾ നിർമ്മിക്കുമ്പോൾ ‘ലോ ഓഫ് ക്ലോഷർ’ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് , WWF ലോഗോയിലെ പാണ്ടയുടെ രൂപം പൂർണ്ണമായി വരച്ചിട്ടില്ലെങ്കിലും നമ്മൾ അത് പാണ്ടയാണെന്ന് തിരിച്ചറിയുന്നു. പരസ്യകലയിൽ, ഒരേ തരത്തിലുള്ള ഉൽപ്പന്നങ്ങളെ ഒരേ കളർ കോഡിംഗിൽ അവതരിപ്പിക്കുന്നത് ‘ലോ ഓഫ് സിമിലാരിറ്റി’ ഉപയോഗിച്ചാണ്. വായനയ്ക്കിടയിൽ അക്ഷരങ്ങൾക്കിടയിലെ വിടവുകൾ ശ്രദ്ധിക്കാതെ വാക്കുകളെ പൂർണ്ണരൂപത്തിൽ നാം വായിക്കുന്നത് ഈ നിയമങ്ങൾ കൊണ്ടാണ്.
ധാരണാപരമായ നിയമങ്ങൾ നമ്മുടെ തലച്ചോറിന്റെ ‘ഡിഫോൾട്ട് ക്രമീകരണങ്ങൾ’ (Default settings) പോലെയാണ്. ഇവയില്ലായിരുന്നെങ്കിൽ ലോകം നമുക്ക് കുഴഞ്ഞുമറിഞ്ഞ വിവരങ്ങളുടെ ഒരു കൂമ്പാരം മാത്രമായി തോന്നുമായിരുന്നു. ഈ നിയമങ്ങൾ നമുക്ക് ലോകത്തെ ക്രമബദ്ധമായി കാണാൻ അവസരം നൽകുന്നു.
ചിന്ത (Thinking)
ചിന്ത എന്നാൽ എന്ത് എന്നതിനെക്കുറിച്ച് മനഃശാസ്ത്രത്തിലും തത്ത്വചിന്തയിലും വളരെ ആഴത്തിലുള്ള പഠനങ്ങളുണ്ട്. ബാഹ്യമായ ഉത്തേജനങ്ങൾ ഇല്ലാതെ തന്നെ തലച്ചോറിൽ വിവരങ്ങളെ വിശകലനം ചെയ്യാനും, പ്രോസസ്സ് ചെയ്യാനും, പുതിയ ആശയങ്ങൾ രൂപീകരിക്കാനുമുള്ള കഴിവിനെയാണ് ‘ചിന്ത’ (Thinking) എന്ന് വിളിക്കുന്നത്. ഇതിനെ ‘കോഗ്നിഷൻ’ (Cognition) എന്നും വിശേഷിപ്പിക്കാറുണ്ട്.
ചിന്തയെ കേവലം ഒരു പ്രക്രിയയായിട്ടല്ല, മറിച്ച് നിലവിലുള്ള അറിവിനെ (Knowledge) പുനഃക്രമീകരിച്ച് പുതിയൊരു ലക്ഷ്യത്തിലേക്ക് എത്തുന്ന രീതിയായിട്ടാണ് മനഃശാസ്ത്രം കാണുന്നത്.
കുട്ടികളിലെ ചിന്താരീതികൾ എങ്ങനെ വികസിക്കുന്നു എന്ന് പഠിച്ച ജീൻ പിയാഷെ (Jean Piaget), ചിന്തയെ ‘അഡാപ്റ്റേഷൻ’ (Adaptation) എന്ന് വിളിച്ചു. പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ തലച്ചോറ് നടത്തുന്ന ശ്രമമാണിത് എന്നദ്ദേഹം പറഞ്ഞു.
മനഃശാസ്ത്രജ്ഞർ ചിന്തയെ പല രീതിയിൽ തരംതിരിച്ചിരിക്കുന്നു. അതിൽ ഒന്നാണ് സംയോജിത ചിന്ത (Convergent Thinking). ഒരു പ്രശ്നത്തിന് കൃത്യമായ ഒരു ഉത്തരം മാത്രം കണ്ടെത്താൻ ശ്രമിക്കുന്ന രീതി. ഇത് യുക്തിയിലും (Logic) വസ്തുതകളിലും അധിഷ്ഠിതമാണ്. ഉദാഹരണത്തിന്, കണക്ക് പരീക്ഷയിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത്.
മറ്റൊരു തരം ആണ് വിഭിന്ന ചിന്ത (Divergent Thinking). ഒരു പ്രശ്നത്തിന് പലതരം ഉത്തരങ്ങളും സാധ്യതകളും കണ്ടെത്താൻ ശ്രമിക്കുന്ന രീതിയാണിത്. . ഇതാണ് സർഗ്ഗാത്മകതയുടെ (Creativity) അടിസ്ഥാനം. ഉദാഹരണത്തിന്, “ഒരു ഇഷ്ടിക കൊണ്ട് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം?” എന്ന് ചിന്തിക്കുന്നത്. വിമർശനാത്മകചിന്ത (Critical Thinking) ആണ് മറ്റൊരു തരം.ലഭ്യമായ വിവരങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുകയും അവയിലെ തെറ്റും ശരിയും വേർതിരിച്ചറിയുകയും ചെയ്യുന്ന രീതിയാണിത്.
ചിന്തയുടെ പല ഘടകങ്ങൾ (Elements of Thinking) ഉണ്ട്. ചിന്ത നടക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളിലൂടെയാണ്. ഒന്ന്, പ്രതീകങ്ങൾ (Concepts). വസ്തുക്കളെയും ആശയങ്ങളെയും വർഗ്ഗീകരിക്കാനുള്ള കഴിവ് ആണിത്. ഉദാഹരണത്തിനു ‘മൃഗം’ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന പൊതുവായ രൂപം. ബിംബങ്ങൾ (Images) ആണ് മറ്റൊരു ഘടകം. വസ്തുക്കളുടെ അഭാവത്തിലും അവയെ മനസ്സിൽ കാണാനുള്ള കഴിവ് (Mental Imagery). ഭാഷ (Language) ആണ് അടുത്ത ഘടകം. ചിന്തകളെ ക്രമീകരിക്കാനും മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള ഉപകരണം ആണ് ഭാഷ.
നോബൽ സമ്മാന ജേതാവായ ഡാനിയൽ കാനിമാൻ (Daniel Kahneman) തന്റെ ‘Thinking, Fast and Slow’ എന്ന പുസ്തകത്തിൽ ചിന്തയെ രണ്ട് സിസ്റ്റങ്ങളായി തിരിച്ചിട്ടുണ്ട്. സിസ്റ്റം 1 (Fast) വേഗത്തിലുള്ളതും, അബോധപൂർവ്വവും (Intuitive), വൈകാരികവുമായ ചിന്തയാണ്. ഉദാഹരണത്തിന്, പെട്ടെന്ന് ഒരാളുടെ മുഖം നോക്കി ദേഷ്യം തിരിച്ചറിയുന്നത്. സിസ്റ്റം 2 (Slow) പതുക്കെയുള്ളതും, കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതും, യുക്തിപരമായതുമായ ചിന്തയാണ്. ഉദാഹരണത്തിന്, സങ്കീർണ്ണമായ ഒരു കണക്ക് കൂട്ടുന്നത്. നിങ്ങൾ ഒരു കാർ വാങ്ങാൻ തീരുമാനിക്കുന്നു എന്ന് കരുതുക. കാറിന്റെ നിറം നോക്കി ഇഷ്ടപ്പെടുന്നത് സിസ്റ്റം 1 ആണ്. അതിന്റെ മൈലേജ്, വില, എൻജിൻ കപ്പാസിറ്റി എന്നിവ താരതമ്യം ചെയ്ത് തീരുമാനമെടുക്കുന്നത് സിസ്റ്റം 2 അഥവാ യുക്തിസഹമായ ചിന്ത ആണ്.
ചിന്ത എന്നത് വെറുമൊരു മാനസിക പ്രവർത്തനമല്ല, അത് ലോകത്തെ നാം എങ്ങനെ നിർമ്മിക്കുന്നു എന്നതിന്റെ അടിസ്ഥാനമാണ്. ഭാഷയും ഭാവനയും യുക്തിയും ഒത്തുചേരുമ്പോഴാണ് പൂർണ്ണമായ ഒരു ചിന്ത രൂപപ്പെടുന്നത്.

ഡോ.സോണിയ ജോർജ്ജ്
പ്രൊഫസർ, സൈക്കോളജിവിഭാഗം, സർക്കാർ വനിതാകോളേജ്, തിരുവനന്തപുരം
