സലീം അഹമ്മദ് ഷാഫി

Published: 10 June 2026 കവർ സ്റ്റോറി

അറബി-മലയാളം: മലയാള സാഹിത്യ ചരിത്രത്തിലെ അഭാവവും ബദൽ മുന്നേറ്റവും

സംഗ്രഹം
മലയാള സാഹിത്യ ചരിത്രരചനയിൽ അറബി-മലയാള സാഹിത്യം നേരിട്ട അവഗണനയെയും അതിനെതിരെയുള്ള പ്രതിരോധങ്ങളെയും ഈ ഗവേഷണ പ്രബന്ധം വിശകലനം ചെയ്യുന്നു. പരമ്പരാഗത മലയാള സാഹിത്യ ചരിത്ര ഗ്രന്ഥങ്ങളിൽ അറബി-മലയാള സാഹിത്യത്തിന് ലഭിച്ച അപര്യാപ്തമായ പ്രാതിനിധ്യം, കൊളോണിയൽ ചരിത്രരചനാ രീതിയുടെ സ്വാധീനത്തെയും മുഖ്യധാരാ സാഹിത്യ ചിന്താഗതികളുടെ പരിമിതികളെയുമാണ് വെളിപ്പെടുത്തുന്നത്.
ഗ്രാംഷിയുടെ പ്രതി-ആധിപത്യ (Counter-Hegemony) സങ്കൽപ്പത്തെ അടിസ്ഥാനമാക്കി, ഈ പാർശ്വവൽക്കരണത്തിനെതിരെ ഒ. അബു, കെ.കെ. അബ്ദുൽ കരീം തുടങ്ങിയ മാപ്പിള സാഹിത്യകാരന്മാർ നടത്തിയ ബദൽ സാഹിത്യ ചരിത്രരചനാ ശ്രമങ്ങളെ ഈ പഠനം വിലയിരുത്തുന്നു. ജൈവ ബുദ്ധിജീവികളുടെ (Organic intellectuals) ഇടപെടലുകളിലൂടെ രൂപപ്പെട്ട ഈ പ്രതിരോധം, സാഹിത്യ ചരിത്രരചനയിലെ അധികാര ഘടനകളെ ചോദ്യം ചെയ്യുകയും, കൂടുതൽ ജനാധിപത്യപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സാഹിത്യ ചരിത്രത്തിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു. അറബി-മലയാള സാഹിത്യത്തിന്റെ സമ്പന്നമായ പൈതൃകത്തെയും മലയാള ഭാഷയ്ക്കും സംസ്കാരത്തിനും അത് നൽകിയ സംഭാവനകളെയും പൂർണ്ണമായി അംഗീകരിക്കുന്ന ഒരു പുനർവായനയാണ് ഈ ഗവേഷണം ലക്ഷ്യമാക്കുന്നത്.
Keywords:പ്രതി-ആധിപത്യം (Counter-Hegemony), അറബി-മലയാള സാഹിത്യം, മാപ്പിള സാഹിത്യം, സാഹിത്യ ചരിത്രം, പ്രാതിനിധ്യം, പ്രതിരോധം, ബുദ്ധിജീവികൾ.
 
ആമുഖം
 മലയാള സാഹിത്യചരിത്ര രചനയിലെ ഒരു സുപ്രധാനമായ വിടവിനെക്കുറിച്ചാണ് ഈ പ്രബന്ധം ചർച്ച ചെയ്യുന്നത്. പരമ്പരാഗത മലയാള സാഹിത്യ ചരിത്ര ഗ്രന്ഥങ്ങളിൽ അറബി-മലയാള സാഹിത്യം അർഹിക്കുന്ന പ്രാധാന്യത്തോടെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഈ അവഗണനയുടെ രാഷ്ട്രീയ സാംസ്കാരിക കാരണങ്ങളെയും, ഇതിനെതിരായി ഉയർന്നുവന്ന ബദൽ രചനകളെയും ഗ്രാംഷിയുടെ ബദൽ പ്രത്യയശാസ്ത്രം, നവചരിത്രവാദം എന്നീ സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ഈ പ്രബന്ധം വിശകലനം ചെയ്യുന്നു. കൊളോണിയൽ ആധിപത്യത്തിന്റെ ചരിത്രരചനാ രീതിശാസ്ത്രം എങ്ങനെ അറബി-മലയാള സാഹിത്യത്തെ പാർശ്വവൽക്കരിച്ചു എന്നും, ഈ പാർശ്വവൽക്കരണത്തിനെതിരെ മാപ്പിള സാഹിത്യകാരന്മാർ നടത്തിയ പ്രതിരോധ ശ്രമങ്ങൾ എങ്ങനെ ബദൽ സാഹിത്യ ചരിത്ര രചനയായി വളർന്നു എന്നും പരിശോധിക്കുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.
 
സാഹിത്യ ചരിത്രമെഴുതുമ്പോൾ ആദ്യത്തെ പ്രശ്‌നം സാഹിത്യം ഏതാണ് ഏതല്ല എന്നതിലാണ്. മലയാള സാഹിത്യ ചരിത്ര ഗ്രന്ഥങ്ങൾ പരിശോധിക്കുമ്പോൾ സംസ്‌കൃത സംബന്ധിയായ ഗ്രന്ഥങ്ങൾക്കാണ്   പ്രധാന ഇടം. അങ്ങാടി ഓർമ്മകളായ ഉണ്ണിയാടിചരിതവും, ഉണ്ണിയച്ചീചരിതവുമൊക്കെ മഹാ സാഹിത്യത്തിനകത്ത് നിലകൊള്ളുമ്പോൾ പല ആധുനിക റൊമാൻറിക് കവിതയുടെ പല ഘടകങ്ങളും അടങ്ങിയിട്ടുള്ള മോയിൻകുട്ടി വൈദ്യരുടെ ഹുസ്‌നുൽ ജമാൽ മഹാകാവ്യഗണത്തിൽ പെടുന്നില്ല. 
സാഹിത്യചരിത്രരചന പദ്ധതി നിർണയിക്കുന്നതിൽ ചരിത്രബോധത്തിനും സാഹിത്യ ബോധത്തിനും വലിയ പങ്കുണ്ട്. സവിശേഷമായ സങ്കല്പങ്ങൾ പുലർത്തുന്ന വ്യവഹാരങ്ങളെ പ്രതിഷ്ഠിക്കുന്ന വ്യക്തിത്വങ്ങളെ നിരന്തരം പാഠവിധേയമാക്കുന്നു. ചരിത്രമെപ്പോഴും പെരുപ്പിച്ചുകാണിക്കലിന്റെയും ന്യൂനോക്തിയുടെയും വ്യവഹാരമാണ്.  സാഹിത്യ ചരിത്രത്തിനും സമാനമായ സ്വഭാവമുണ്ട്. കൊളോണിയൽ ചിന്താ സംഭാവനയായിട്ടാണ് ചരിത്രരചന കേരളത്തിലെത്തുന്നത്.
മലയാള സാഹിത്യത്തിന്റെ ചരിത്രം കാലാകാലങ്ങളിൽ പല സാഹിത്യ ചരിത്രങ്ങളിലൂടെയും അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ സാഹിത്യപ്രസ്ഥാനങ്ങൾ, സാഹിത്യകാരന്മാർ, സാഹിത്യസംഭവങ്ങൾ, കൃതികൾ എന്നിവയുടെയെല്ലാം ഉൾച്ചേരലുകളാണ് സാഹിത്യചരിത്രങ്ങൾ. മലയാളത്തിലെ ആദ്യ സാഹിത്യചരിത്രമെന്ന് അറിയപ്പെടുന്നത് 1881-ൽ രചിക്കപ്പെട്ട പി. ഗോവിന്ദപ്പിള്ളയുടെ മലയാളഭാഷാചരിത്രമാണ്. രചനാകാലഘട്ടം വരെയുള്ള എല്ലാ സാഹിത്യ കൃതികളെയും പ്രാധാന്യമനുസരിച്ച് ഈ കൃതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇപ്രകാരംതന്നെ ധാരാളം സാഹിത്യചരിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.
 
 
അറബി-മലയാളം സാഹിത്യചരിത്രത്തിൽ 
 
അറബി-മലയാളം രൂപമെടുത്ത കാലത്തെ കൃത്യമായി നിർണയിക്കാൻ സാധ്യമല്ല. കേരളത്തിലെ മുസ്ലിങ്ങൾ ഒരു സമൂഹമായി രൂപപ്പെടുകയും മതപഠനവും അറിവുകളും സാധാരണ മുസ്ലിങ്ങൾക്ക് ലഭിക്കുകയും ചെയ്ത സാഹചര്യം മുതൽ ഇത് രൂപപ്പെട്ടു എന്നു വേണം മനസ്സിലാക്കാൻ. ഉള്ളൂർ എസ്. പരമേശ്വരൻ പിള്ള, 1953-ൽ പ്രസിദ്ധീകരിച്ച തന്റെ കേരള സാഹിത്യ ചരിത്രത്തിൽ അറുനൂറു വർഷത്തെ പഴക്കമാണ് കൽപ്പിക്കുന്നത്. ചില വസ്തുതകൾ വെച്ചു നോക്കുമ്പോൾ ഒമ്പതാം  നൂറ്റാണ്ടു മുതൽ അറബി മലയാളം ആവിർഭവിച്ചതായി കാണാനാകുമെന്ന് ഒ.അബു അറബിമലയാള സാഹിത്യ ചരിത്രത്തിൽ പറയുന്നു.  
അറബിമലയാള സാഹിത്യചരിത്രം, ഒ. ആബു (1970), മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, കെ.കെ. അബ്ദുൽ കരീം, സി.എൻ. അഹ്മദ് മൗലവി, (1978) എന്നീ കൃതികൾ അറബിമലയാള സാഹിത്യത്തെ രേഖപ്പെടുത്തിയതിന് ശേഷം രചിക്കപ്പെട്ട മലയാള സാഹിത്യചരിത്രത്തിൽ അറബി മലയാള സാഹിത്യത്തെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയാതായി കാണുന്നില്ല. സംസ്‌കൃത തമിഴ് മണിപ്രവാളസാഹിത്യങ്ങളെ അധ്യായങ്ങളായി ചേർക്കുകയും  അറബി മലയാള സാഹിത്യത്തെ പാരാഗ്രാഫുകളിൽ ഒതുക്കുകയും ചെയ്തതിന്റെ കാരണം രാഷ്ട്രീയ സാംസ്‌കാരിക ഘടകങ്ങളിലാണ്. 
1881 ൽ പുറത്തിറങ്ങിയ പി ഗോവിന്ദപ്പിള്ളയുടെ മലയാളഭാഷാചരിത്രത്തിൽ നാലാം അധ്യായത്തിൽ മുഹമ്മദീയർ എന്ന വിഭാഗത്തെ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും അവരുടെ സാഹിതീയ ബന്ധങ്ങളെ പറയുന്നില്ല. 1922 ൽ പുറത്തിറങ്ങിയ പി ശങ്കരൻ നമ്പ്യാരുടെ മലയാളസാഹിത്യ ചരിത്ര സംഗ്രഹം മലയാളഭാഷാ ചരിത്രത്തിന്റെ വിമർശന കൃതി കൂടിയാണ്. പ്രസ്‌തുത കൃതിയിലും അറബിമലയാള കൃതികളെക്കുറിച്ച് വിവരം ലഭ്യമല്ല. 1927 ൽ പുറത്തിറങ്ങിയ ആർ നാരായണപ്പണിക്കരുടെ ഭാഷാസാഹിത്യചരിത്രം, 1936 ൽ പുറത്തിറങ്ങിയ ഭാഷാസാഹിത്യചരിത്രത്തിലും ടി.എം ചുമ്മാറിന്റെ ഗദ്യസാഹിത്യചരിത്രത്തിലും സമ്പന്നമായ അറബി-മലയാള ധാരയെ തിരിച്ചറിയുന്നില്ല. 
1947 മെയ് മാസത്തിൽ കോഴിക്കോട് നടന്ന സാഹിത്യപരിഷത്ത് സമ്മേളനത്തിൽ മാപ്പിളപ്പാട്ടുകളെക്കുറിച്ച് ടി. ഉബൈദ് നടത്തിയ പ്രസംഗത്തോടെയാണ് അറബി-മലയാള ജ്ഞാനസമ്പന്നതയെക്കുറിച്ച് അക്കാലത്തെ പ്രമുഖ മലയാള ബുദ്ധിജീവികൾക്ക് വിവരം ലഭിക്കുന്നത്. ഈ പ്രഭാഷണം മലയാളസാഹിത്യചരിത്രത്തിന് നിഷേധിക്കാനാവാത്ത സാന്നിധ്യമായി അറബി-മലയാളത്തെ മാറ്റി. 1953 ൽ പുറത്തിറങ്ങിയ ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രം മുതൽ അങ്ങോട്ട് മാപ്പിള സാഹിത്യത്തിന് മലയാള സാഹിത്യചരിത്രത്തിൽ നാമമാത്രമായ ഇടം കാണാം. സംസ്‌കൃത കൃതികളെ ധാരാളമായി പ്രതിപാദിക്കുന്ന ചരിത്രകൃതിയിൽ മാപ്പിളപ്പാട്ടിനെ നാടോടിപ്പാട്ടുകളിൽ ഉൾപ്പെടുത്തിയാണ് പരിചയപ്പെടുത്തുന്നത്. ചെറിയ വിശകലനം നൽകുന്നതോടൊപ്പം മാപ്പിളമലയാളകൃതികൾക്ക് അറബിപ്പദങ്ങളുടെ സംക്രണം മൂലം ശബ്ദശുദ്ധി കുറയുമെങ്കിലും സംഗീതാത്മകത ധാരാളമുണ്ട് എന്ന അഭിപ്രായവും ഉള്ളൂർ പങ്കുവെക്കുന്നു. ഡോ. എം ലീലാവതിയുടെ മലയാളകവിതാ സാഹിത്യചരിത്രത്തിൽ നാടോടിപ്പാട്ടുകളുടെ അവസാനഭാഗത്ത് മാപ്പിളപ്പാട്ടുകളെ ചെറുതായി ഉദ്ധരിക്കുന്നു. ‘ഉത്തരകേളത്തിലെ നാടോടിപ്പാട്ടുകളിൽ ബദർ പടപ്പാട്ട് മുതലായ ചില മാപ്പിളപ്പാട്ടുകളും ഉൾപ്പെടും” എന്നേയുള്ളൂ. ശേഷം അറബിമലയാളകൃതികൾ എന്ന ഭാഗത്ത് ചില രചനകളെ പരിചയപ്പെടുത്തുന്നു. ഡോ. കെ.എം. ജോർജിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കേരളസാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ എന്ന ഗ്രന്ഥത്തിൽ നാടൻ പാട്ടുകളെപ്പറ്റി ജി. ശങ്കരപ്പിള്ള എഴുതിയ ഒരു അധ്യായത്തിൽ മാപ്പിളപ്പാട്ടുകളെപ്പറ്റി നാമമാത്രമായി  പറയുന്നുണ്ട്. 
The wrights of Man എന്ന ലേഖനത്തെൽ തോമസ് പൈനിന്റെ നിരീക്ഷണം: എങ്ങനെയാണ് ചരിത്രാഖ്യാനത്തിലൂടെ അപരവൽക്കരണം നടക്കുന്നത്. സമൂഹത്തിലെ ഏതെങ്കിലും ഒരു ശക്തിക്ക്/വിഭാഗത്തിന് പൂർണ്ണമായി നിയന്ത്രിക്കാനുള്ള ശേഷിയില്ല. എല്ലാ കാലവും തലമുറകളും അതിന് തൊട്ടുമുമ്പുള്ള കാലത്തിൽ നിന്നും തലമുറകളിൽ നിന്നും സമൂഹത്തെ വിച്ഛേദിക്കാൻ സാധ്യമാവും. പക്ഷേ, പലപ്പോഴും ഓരോ സമുദായത്തിനും ഭൂതകാലത്തെപ്പറ്റിയുള്ള ഭാവനയെ, ഭാവിയെപ്പറ്റിയുള്ള സങ്കല്പങ്ങളെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമില്ല എന്നതാണ് എല്ലാ ദുരന്തങ്ങൾക്കും ഹേതു. 
ചരിത്ര നിർമ്മിതിയുടെ ഉദ്ദേശ്യം മരിച്ചുപോയവരെ മാത്രം ഉൾക്കൊള്ളിക്കുക എന്നാവരുത്. ജീവിച്ചിരിക്കുവരെയും ഉൾക്കൊള്ളിക്കണം. അപരവൽക്കരണമില്ലാതാക്കാൻ പരമാവധി ജീവിക്കുന്നവരുടെ ചരിത്രത്തെ ഉപയോഗിക്കണം. ചരിത്ര നിർമ്മിതിയുടെ ധാർമികത, സാഹിത്യചരിത്രത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്നുണ്ടോ എന്ന ദൃഷ്ടിക്കകത്താണ് നിൽക്കുന്നത്.  സാഹിത്യമേത് എന്നതിൽ മാത്രമല്ല പ്രശ്‌നമുള്ളത്. ഉത്തമസാഹിത്യമെന്ന് അറിയപ്പെടുന്നവ  മാത്രം ഉൾപ്പെടുത്തിയാൽ മതിയോ? പരന്ന് കിടക്കുന്ന കാലത്തെ അല്ലെങ്കിൽ ഏതെങ്കിലും പ്രധാന നിമിഷത്തെ ഉൾക്കൊള്ളിച്ചാൽ മതിയോ എന്നൊക്കെയുള്ള  പ്രാധിനിത്യ പ്രശ്‌നങ്ങളെ സംബോധന ചെയ്യുന്നുണ്ട്,  Lectures Owner The History Of Literature എന്ന ലേഖനത്തിൽ, ഷ്‌ളഗൽ.
 
അറബി മലയാള സാഹിത്യചരിത്രത്തിന്റെ
പ്രാതിനിധ്യവും പ്രതിരോധവും
 
സാഹിത്യചരിത്രത്തിൽ പുറത്തുനിൽക്കുന്ന സാഹിത്യങ്ങൾക്ക് സാഹിത്യമൂല്യമില്ല എന്ന് പറയുന്നതിന്റെ അർത്ഥം നിങ്ങൾ വിമർശനങ്ങളെ പരിഗണിക്കുന്നില്ല എന്നതാണ്. ഗ്രാംഷി ബദൽ പ്രത്യയശാസ്ത്ര പരികല്പന മുന്നോട്ട് വെക്കുന്നത് അധികാര ബന്ധിത കേന്ദ്രങ്ങളെ പ്രതിരോധിക്കാനാണ്. സാഹിത്യം, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങിയ വ്യവഹാരങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കാമെന്നാണ് അദ്ദേഹം വിവക്ഷിക്കുന്നത്. അപ്പോൾ അത്തരം സാഹിത്യമാണ് അംഗീകൃതമായത്.അതിനു പുറത്തുള്ളവ സാഹിത്യ ചരിത്രത്തിൽ നിന്നും പുറത്താക്കപ്പെടുന്നു. സാഹിത്യം സമൂഹത്തിലെ അധികാര സ്ഥാപനമായി പ്രവർത്തിക്കുന്നു. ചരിത്രമെന്ന പ്രത്യയശാസ്ത്ര ഉപകരണത്തിലൂടെ സ്ഥാപനം സാഹിത്യത്തെ നിർമ്മിക്കുന്നു, നിലനിർത്തുന്നു. 
സാഹിത്യചരിത്രരചനയിൽ അറബി-മലയാള കൃതികളെ പരമാവധി മാറ്റിനിർത്തുകയാണുണ്ടായത്.കൃതികൾ സ്വീകാര്യപ്പെടുന്നതിൽ തടസ്സമായ കാരണങ്ങളാണ് ഭാഷയും ലിപിയും. എന്നാൽ അറബി-മലയാള സാഹിത്യചരിത്രരചനകൾ വന്നതിന് ശേഷവും വിശാല മലയാളസാഹത്യചരിത്രത്തിലേക്ക് അറബി-മലയാള സാഹിത്യത്തിന് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. കൃതികളുടെ സാംസ്‌കാരിക-രാഷ്ട്രീയ പ്രാമുഖ്യം തിരിച്ചറിയാതെ നിർവ്വഹിക്കുന്ന സാഹിത്യചരിത്രരചനകളാണ് വിമർശനത്തിന് വിധേയമാക്കേണ്ടത്.അറബി മലയാളവും സാഹിത്യചരിത്രവും എന്ന പുസ്‌തകത്തിൽ ഡോ. വി ഹിക്മത്തുല്ല എഴുതുന്ന ഭാഗം നോക്കാം: ‘പ്രമുഖ ഭാഷാശാസ്ത്രകാരനായ വേണുഗോപാലപ്പണിക്കർ വൈദ്യരുടെ പാട്ടുകളിലെ ഭാഷാപരമായ പ്രത്യേകതകളെപ്പറ്റി 1992 ഫെബ്രുവരിയിലെ വിജ്ഞാനകൈരളിയിൽ മാപ്പിളപ്പാട്ടിലെ ഭാഷ എന്ന പേരിൽ എഴുതുന്നുണ്ട്. പാണ്ഡ്യഭാഷാസാരൂപ്യം, ഉണ്ണായിവാര്യരെ പോലുള്ള വെങ്കലഭാഷ തുടങ്ങിയ പ്രത്യേകതകൾ അദ്ദേഹം വൈദ്യർ കൃതികളിൽ കണ്ടെത്തുന്നു. 1990 കൾക്കു ശേഷമാണ് മുഖ്യസാഹിത്യപഠനങ്ങളിൽ മാപ്പിളസാഹിത്യം കടന്നുവരുന്നത് എന്ന് സാമാന്യമായി പറയാം. എം.എൻ കാരശ്ശേരി, ഇബ്രാഹീം ബേവിഞ്ച, എം.എ. റഹ്മാൻ തുടങ്ങിയവരുടെ ഗവേഷണ പഠനങ്ങൾ എടുത്തുപറയേണ്ടതാണ്. സ്‌കൂൾ, കോളേജ് സിലബസുകളിൽ ചെറിയ തോതിലെങ്കിലും മാപ്പിളപ്പാട്ട് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് 2000 ത്തിനു ശേഷമാണ്. ക്രമത്തിലുള്ള ഒരു മാറ്റം നമുക്ക് കാണാൻ കഴിയുന്നുണ്ട്. 2002 ൽ പരിഷ്‌കരിച്ച് പുറത്തിറക്കിയ എരുമേലി പരമേശ്വരൻ പിള്ളയുടെ മലയാളസാഹിത്യചരിത്രം കാലഘട്ടങ്ങളിലൂടെ എന്ന കൃതിയിൽ മാപ്പിളപ്പാട്ടുകളെ നന്നായി പരിചയപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.  വക്കം അബ്ദുൽ ഖാദർ, ടി. ഉബൈദ് തുടങ്ങിയവർ ആദ്യകാലങ്ങളിൽ പരിചയപ്പെടുത്തിയതിന്റെ ഫലമായാണ് ശൂരനാടിനെ പോലുള്ളവർ മാപ്പിള സാഹിത്യം ശ്രദ്ധിക്കുന്നത്. എന്നാൽ, 1970 കൾക്കു ശേഷം മുസ്ലിം എഴുത്തുകാർ വിപുലമായ തോതിൽ മാപ്പിള സാഹിത്യ ചരിത്രങ്ങൾ പുറത്തിറക്കിയതിനാൽ മുഖ്യധാരാ പണ്ഡിതന്മാർ തങ്ങളുടെ സാഹിത്യചരിത്രങ്ങളിൽ അവയെ പരാമർശിക്കാൻ നിർബന്ധിതരാവുകയായിരുന്നു. അത്തരം കൃതികളെക്കൂടി നമുക്ക് പരിശോധിക്കാം. 1. അറബിമലയാള സാഹിത്യചരിത്രം, ഒ. ആബു (1970). 2. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, കെ.കെ. അബ്ദുൽ കരീം, സി.എൻ. അഹ്മദ് മൗലവി, (1978). 3. മാപ്പിളമലയാളം ഒരു ഭാഷാമിശ്രം, കെ.ഒ. ശംസുദ്ദീൻ (1978). 4. മാപ്പിളപ്പാട്ട് പാഠവും പഠനവും, ബാലകൃഷ്ണൻ വള്ളിക്കുന്ന്, ഡോ. ഉമർ തറമേൽ (2006). 5. ഇശലുകളുടെ ഉദ്യാനം, ഡോ. ഉമർ തറമേൽ, (2006). 6. മാപ്പിളപ്പാട്ടുകൾ നൂറ്റാണ്ടുകളിലൂടെ, വി.പി. മുഹമ്മദലി (2007). 7. മാപ്പിളപ്പാട്ട് ചരിത്രവും വർത്തമാനവും, വി.എം. കുട്ടി (2007). 8. മാപ്പിളപ്പാട്ടിന്റെ വേരുകൾ തേടി, ഹസൻ നെടിയനാട് (2012). മാപ്പിളസാഹിത്യഗവേഷകർ പുറത്തിറക്കിയ സാഹിത്യചരിത്രസ്വഭാവത്തിലുള്ള കൃതികളാണിവയെല്ലാം.  മലയാളത്തിലെ മുഖ്യധാരാസാഹിത്യത്തിൽ ചേർക്കാൻ മാത്രം വൈപുല്യമുള്ള ഈ സാഹിത്യത്തെ പരിചയപ്പെടുത്തുകയും അവഗണിക്കുന്നതിൽ പരിതപിക്കുകയും ചെയ്യുന്നു ഈ കൃതികളിൽ മിക്കതും.  ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ സാഹിത്യചരിത്രങ്ങളിൽ നാടൻ പാട്ടിന്റെ ഗണത്തിലാണ് മാപ്പിളപ്പാട്ടുകളെ പരിഗണിച്ചിട്ടുള്ളത്. അറബിമലയാളത്തിലെ വിപുലമായ വൈജ്ഞാനിക സാഹിത്യത്തെ വേണ്ടവിധം മുഖ്യധാരാ സാഹിത്യചരിത്രം ഇനിയും പരിചയപ്പെട്ടിട്ടില്ല. മാപ്പിള എഴുത്തുകാരുടെ ഇടപെടൽ വഴിയാണ് ഈ നാമമാത്ര ശ്രദ്ധയെങ്കിലും ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത്. ഇവയൊക്കെയും നമ്മുടെ മലയാള ഭാവനയുടെ പരിമിതിയായാണ് ഞാൻ മനസ്സിലാക്കുന്നത്. കൂടുതൽ ജനാധിപത്യപരമായ അവബോധത്തിലേക്ക് വരുമ്പോൾ മാത്രമെ മാപ്പിളസംസ്‌കാരത്തെയും സാഹിത്യസമ്പത്തിനെയും മനസ്സിലാക്കാൻ മലയാളഭാവനക്ക് സാധിക്കുകയുള്ളൂ’. 
ഒ. ആബു രചിച്ച അറബിമലയാള സാഹിത്യചരിത്രം, കെ.കെ മുഹമ്മദ് കരീം സി.എൻ അഹമ്മദ് മൗലവി എന്നിവരുടെ  മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം – രചിക്കാനുണ്ടായ ഹേതു ഇവിടത്തെ കൊളോണിയൽ അധികാര രചന സമ്പ്രദായം പിന്തുടരുന്ന സാഹിത്യ ചരിത്ര രചനകൾ നിർമ്മിക്കപ്പെട്ടത് കൊണ്ടാണ്. മാപ്പിള സാഹിത്യത്തിന്റെ വിപുലമായ ഗദ്യ, പദ്യ ശാഖകൾ, അറബി മലയാളത്തിലെഴുതിയ നിരവധി സാഹിത്യകാരന്മാരെ മാപ്പിള സാഹിത്യ പാരമ്പര്യം പരിചയപ്പെടുത്തുന്നുണ്ട്.
സാഹിത്യ പാരമ്പര്യത്തിന് അറബിമലയാള സാഹിത്യകൃതികളെ ചരിത്രപരമായി രേഖപ്പെടുത്തി വെക്കുന്നതിൽ തികഞ്ഞ രാഷ്ട്രീയ സാംസ്‌കാരിക ഘടകങ്ങൾ ഉണ്ടായിട്ടുണ്ട്. അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ വെള്ളക്കാരെ നേരിടുന്നതിനുള്ള മാധ്യമങ്ങളിൽ ഒന്നായിരുന്നു അറബി-മലയാള രചനകൾ. മാപ്പിള സഹോദരന്മാരുടെ മനോവീര്യം ഇത്തരം കൃതികൾ ധാരാളമായി സ്വാധീനിച്ചിട്ടുണ്ട്. അധികാരസ്ഥാപനത്തിന് തടസ്സമാകുന്ന  കൃതികൾ (മുഹിമ്മാത്തുൽ മുഅ്മിനീൻ, ചേറൂർ പടപ്പാട്ട്, മണ്ണാർക്കാട് പട, മഞ്ചേരി പടപ്പാട്ട്, സ്വദേശാഭിമാനി പത്രം, അൽ അമീൻ പത്രം) കണ്ടുകെട്ടുകയും ചെയ്തിരുന്നു. അറബി-മലയാള ലിപി വ്യവസ്ഥതിയിൽ അസംഖ്യം വൈജ്ഞാനികഗ്രന്ഥങ്ങളും സർഗാത്മക കൃതികളും ഉണ്ടായിട്ടുണ്ട്. മതവിജ്ഞാനഗ്രന്ഥങ്ങൾ, ചരിത്രരചനകൾ, ആധ്യാത്മികവിജ്ഞാനീയം, കർമശാസ്ത്രവിജ്ഞാനീയം, സംവാദങ്ങൾ, വൈദ്യഗ്രന്ഥങ്ങൾ, തർജ്ജമകൾ, ഭാഷാപഠനഗ്രന്ഥങ്ങൾ, നിഘണ്ടുക്കൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, പാട്ടുകൾ, നോവലുകൾ, കത്തെഴുത്ത്,  അങ്ങനെ നിത്യജീവിത വ്യവഹാരങ്ങളെ പാഠങ്ങളായി അറബി- മലയാള സമൂഹം രൂപപ്പെടുത്തിയിട്ടുണ്ട്.
ഗ്രാംഷി ബദൽ പ്രത്യയശാസ്ത്രത്തിന്റെ രൂപീകരണത്തിൽ ബുദ്ധിജീവികൾക്ക് (Intellectuals) സുപ്രധാന പങ്കുണ്ടെന്ന് വാദിക്കുന്നു. അദ്ദേഹം രണ്ട് തരത്തിലുള്ള ബുദ്ധിജീവികളെക്കുറിച്ച് പറയുന്നു. ഒന്ന്, പരമ്പരാഗത ബുദ്ധിജീവികൾ (Traditional Intellectuals): നിലവിലുള്ള സാമൂഹിക ക്രമത്തെ പിന്തുണയ്ക്കുകയും അതിന്റെ പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കുകയും ചെയ്യുന്നവർ. രണ്ട്, ജൈവ ബുദ്ധിജീവികൾ (Organic Intellectuals): അധീശത്വത്തിന് ഇരയായ വിഭാഗങ്ങളിൽ നിന്ന് ഉയർന്നുവരുന്നവരും അവരുടെ അനുഭവങ്ങളെയും ആവശ്യങ്ങളെയും പ്രതിനിധീകരിക്കുന്നവരുമാണ് ഇവർ. ജൈവ ബുദ്ധിജീവികളാണ് ബദൽ പ്രത്യയശാസ്ത്രം രൂപീകരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നത്. ജൈവിക ബുദ്ധിജീവികൾ അക്കാദമിക് രംഗത്തേക്ക് പ്രവേശിച്ചതോടെയാണ് അറബി-മലയാള സാഹിത്യത്തിന് ഇന്ന് കാണുന്ന വളർച്ച ലഭിച്ചത്. സാഹിത്യസ്ഥാപനങ്ങളിൽ ഗവേഷണം അടക്കമുള്ള സംവാദങ്ങൾ രൂപപ്പെടുത്തുകയും ഒരു സമൂഹത്തിന്റെ ചരിത്രപരതയെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതിൽ ജൈവിക ബുദ്ധിജീവികൾ വലിയ പങ്കുവഹിക്കുന്നു. അത് അറബി-മലയാള വ്യവഹാര ചർച്ചകളിൽ തെളിഞ്ഞുകാണാം.
 
ഉപസംഹാരം
മലയാള സാഹിത്യ ചരിത്ര രചനയിൽ അറബി-മലയാള സാഹിത്യം നേരിട്ട അവഗണന ഒരു സാമൂഹിക-രാഷ്ട്രീയ പ്രശ്നമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു. കൊളോണിയൽ ഭരണകൂടത്തിന്റെ അധികാര താൽപ്പര്യങ്ങളും, അതിനെ പിന്തുടർന്ന മുഖ്യധാരാ സാഹിത്യ ചരിത്ര രചനാ രീതികളും അറബി-മലയാള സാഹിത്യത്തെയും അതിന്റെ സാംസ്കാരിക പ്രാധാന്യത്തെയും വേണ്ടവിധം പരിഗണിച്ചില്ല. എന്നാൽ ഒ. ആബു, കെ.കെ. അബ്ദുൽ കരീം, സി.എൻ. അഹ്മദ് മൗലവി തുടങ്ങിയവരുടെ ബദൽ സാഹിത്യ ചരിത്ര രചനകൾ ഈ പാർശ്വവൽക്കരണത്തിനെതിരായ ശക്തമായ പ്രതിരോധമായിരുന്നു. ഗ്രാംഷിയുടെ ബദൽ പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുന്ന പ്രതിരോധത്തിന്റെയും പ്രാതിനിധ്യത്തിന്റെയും രാഷ്ട്രീയത്തെ ഈ രചനകൾ ഓർമ്മിപ്പിക്കുന്നു.
സാഹിത്യചരിത്രം എന്നത് കേവലം വസ്തുതകളുടെ ഒരു ശേഖരമല്ല, മറിച്ച് അധികാര ബന്ധങ്ങളാൽ നിർമ്മിതമായ ഒരു ആഖ്യാനം കൂടിയാണ്. അറബി-മലയാള സാഹിത്യത്തെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ശ്രമങ്ങൾ, ചരിത്ര നിർമ്മിതിയിലെ അധികാരത്തിന്റെ ഇടപെടലാണ് വെളിവാക്കുന്നത്. എന്നാൽ ജൈവിക ബുദ്ധിജീവികളുടെ ഇടപെടലിലൂടെയും, ബദൽ സാഹിത്യചരിത്ര രചനകളിലൂടെയും ഈ പാർശ്വവൽക്കരണത്തിന് ഒരു പരിധി വരെ മാറ്റം വരുത്താൻ സാധിച്ചിട്ടുണ്ട്. എങ്കിലും, കൂടുതൽ ജനാധിപത്യപരമായ ഒരു സാഹിത്യചരിത്രരചന മലയാളത്തിൽ ഇനിയും ഉണ്ടാകേണ്ടതുണ്ട്. അതിലൂടെ മാത്രമേ അറബി-മലയാള സാഹിത്യത്തിന്റെ സമ്പന്നമായ പൈതൃകത്തെയും, മലയാള ഭാഷയ്ക്കും സംസ്കാരത്തിനും അത് നൽകിയ സംഭാവനകളെയും പൂർണ്ണമായി അംഗീകരിക്കാൻ സാധിക്കൂ.
 
അവലംബങ്ങൾ (References)
അബ്ദുള്ള മൗലവി, സി. എൻ., & മുഹമ്മദ് അബ്ദുൽ കരീം, കെ. കെ. (2023). മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി.
ബാലകൃഷ്ണൻ, കെ. (2014). മലയാളസാഹിത്യചരിത്രം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
ഗ്രാംഷി, എ. (2017). ജയിൽ കുറിപ്പുകൾ. പ്രോഗ്രസ്സ് ബുക്സ്.
ഹിക്മത്തുള്ള, വി. (2017). മാപ്പിള സാഹിത്യവും മലയാള ഭാവനയും. ബുക്ക് പ്ലസ്.
ജോർജ്ജ്, കെ. എം. (1982). ഭാരതീയസാഹിത്യചരിത്രം. കേരള സാഹിത്യ അക്കാദമി.
ജോർജ്ജ്, കെ. എം. (എഡിറ്റർ). (2018). ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ. ഡി.സി. ബുക്സ്.
മണി, വി. (1971). മലയാള സാഹിത്യ ചരിത്രം പ്രശ്നോത്തരി. ഗുരുനാഥൻ പബ്ലിക്കേഷൻസ്.
രത്നമ്മ, കെ. (1994). മലയാള ഭാഷാ ചരിത്രം എഴുത്തച്ഛൻ വരെ. ഗ്രന്ഥകൃതി പബ്ലിക്കേഷൻസ്.
രാമചന്ദ്രൻ നായർ, പി. (എഡിറ്റർ). (1970). സമ്പൂർണ്ണമലയാളസാഹിത്യചരിത്രം. ഡി.സി. ബുക്സ്.

സലീം അഹമ്മദ് ഷാഫി

ഗസ്റ്റ് ലക്ച്ചറർ എസ്.എം.എസ്.ടി.എം വുമൺസ് കോളേജ്, ആതവനാട് പിൻ: 676 302 EMAIL: seleemshafi@gmail.com 9656328906 ORCID: 0009-0002-3488-947X

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x