ജിതിൻ കെ. എസ്

Published: 10 June 2026 ശാസ്ത്രമലയാളം

ജെയിൻ തോമസ്

Published: 10 June 2026 ശാസ്ത്രമലയാളം

ഡോ. സുരേഷ് കുമാർ കെ. എ

Published: 10 June 2026 ശാസ്ത്രമലയാളം

സ്ത്രീകളുടെ ജനിതക ശക്തിയും സാമൂഹിക സ്ഥിതിയും ശാസ്ത്രീയാന്വേഷണം

സംഗ്രഹം
മനുഷ്യവംശത്തിലെ സ്ത്രീ-പുരുഷ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ പ്രധാനമായും സാമൂഹികവും സാംസ്കാരികവുമായ ദൃഷ്ടികോണങ്ങളിൽ നിന്നാണ് നടന്നിട്ടുള്ളത്. എന്നാൽ മനുഷ്യരാശിയിലെ സ്ത്രീ-പുരുഷ വ്യത്യാസങ്ങൾ വെറും സാമൂഹികമോ ശാരീരികമോ ആയതല്ല, അത് ജനിതക-ജൈവ തലങ്ങളിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒരു പരിണാമസത്യമാണ്. ആധുനിക ജനിതകശാസ്ത്രവും ജൈവശാസ്ത്രവും വ്യക്തമാക്കുന്നത് സ്ത്രീകൾ പല സാഹചര്യങ്ങളിലും പുരുഷന്മാരേക്കാൾ ജനിതകമായും ജൈവപരമായും കൂടുതൽ പ്രതിരോധശേഷിയുള്ളവരാണെന്നാണ്. സ്ത്രീകളിലെ XX ക്രോമോസോം ഘടനയും പുരുഷന്മാരിലെ XY ഘടനയും തമ്മിലുള്ള വ്യത്യാസങ്ങൾ രോഗപ്രതിരോധം, ആയുർദൈർഘ്യം, ഹൃദയാരോഗ്യം, സമ്മർദ്ദപ്രതിരോധം, ഗർഭസ്ഥശിശുവിന്റെ നിലനിൽപ്പ് തുടങ്ങിയ മേഖലകളിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്നു. ഈ ലേഖനം സ്ത്രീകളുടെ ജൈവ-ജനിതക മേന്മയുടെ ശാസ്ത്രീയ അടിത്തറയും അതിനൊപ്പം നിലനിൽക്കുന്ന സാമൂഹിക ദ്വന്ദ്വവുമാണ് പരിശോധിക്കുന്നത്.

ആമുഖം

മനുഷ്യരിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം വെറും ദൃശ്യമായ ശരീരഘടനയിൽ മാത്രം ഒതുങ്ങുന്നില്ല. അത് കോശതലത്തിൽ, ക്രോമോസോം തലത്തിൽ, ഹോർമോൺ നിയന്ത്രണത്തിൽ, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വരെ വ്യാപിച്ചു കിടക്കുന്നു. ചരിത്രപരമായി പുരുഷന്മാർ സാമൂഹിക ആധിപത്യം നേടിയിട്ടുണ്ടെങ്കിലും, ജൈവപരമായ തെളിവുകൾ പലപ്പോഴും സ്ത്രീകളുടെ നിലനിൽപ്പിനും സഹനശേഷിക്കും അനുകൂലമാണെന്ന് കാണിക്കുന്നു. ഈ വൈരുദ്ധ്യം ശാസ്ത്രീയമായി പഠിക്കപ്പെടേണ്ട ഒരു പ്രധാന വിഷയമാണ്. ജൈവജനിതക തലങ്ങളിലെ സ്ത്രീ പുരുഷ വൈജാത്യതയുടെ വ്യാപ്തിയും ആഴവും എത്രയാണെന്നും അതിന്റെ പ്രസക്തി എന്തൊക്കെയാണെന്നും വിശദമായി പരിശോധിക്കാം.
1. XX – XY ക്രോമോസോമുകളുടെ അടിസ്ഥാന വ്യത്യാസം
മനുഷ്യരിൽ ലിംഗനിർണ്ണയം പ്രധാനമായും ക്രോമോസോമുകളുടെ ഘടനയെ ആശ്രയിച്ചാണ് നിർണയിക്കപ്പെടുന്നത്. സ്ത്രീകൾക്ക് രണ്ട് X ക്രോമോസോമുകൾ (XX) ഉള്ളപ്പോൾ, പുരുഷന്മാർക്ക് ഒരു Xയും ഒരു Yയും (XY) ആണ് ഉള്ളത്. X ക്രോമോസോം വലുപ്പത്തിലും ജീനുകളുടെ എണ്ണത്തിലും Y ക്രോമോസോമിനെക്കാൾ വളരെ സമ്പന്നമാണ്; X ക്രോമോസോമിൽ ഏകദേശം 800–900 ജീനുകൾ ഉള്ളപ്പോൾ, Y ക്രോമോസോമിൽ 50–70 ജീനുകൾ മാത്രമേ കാണപ്പെടുന്നുള്ളൂ. ഈ ഘടനാപരമായ വ്യത്യാസം സ്ത്രീകൾക്ക് കൂടുതൽ ജനിതക വൈവിധ്യവും ശക്തിയും നൽകുന്നു.
സ്ത്രീകളിൽ കാണുന്ന ഈ രണ്ട് X ക്രോമോസോമുകളുടെ സാന്നിധ്യം ഒരു “ബാക്കപ്പ് സംവിധാനം” പോലെയാണ് പ്രവർത്തിക്കുന്നത്. ഒരു X ക്രോമോസോമിൽ മ്യൂട്ടേഷൻ സംഭവിച്ചാലും, മറ്റൊരു X അതിന്റെ പ്രവർത്തനം പരിഹരിക്കാൻ സഹായിക്കുന്നതിനാൽ, പല ജനിതക രോഗങ്ങളും പ്രത്യക്ഷപ്പെടാതെ തടയപ്പെടാൻ കഴിയും. ഇതിനെ * “ജനിതക റെഡൻഡൻസി” എന്ന് വിളിക്കുന്നു. എന്നാൽ പുരുഷന്മാർക്ക് ഒരേയൊരു X ക്രോമോസോം മാത്രമുള്ളതിനാൽ, X-ലിങ്ക്ഡ് രോഗങ്ങൾ—ഉദാഹരണത്തിന് ഹീമോഫീലിയയും **ഡുചെന്നി മസ്കുലർ ഡിസ്ട്രോഫിയും (Duchenne Muscular Dystrophy – DMD) – അവരിൽ കൂടുതലായി കാണപ്പെടുന്നു.

2. X ക്രോമോസോമിന്റെ ജൈവ ശക്തികൾ
X ക്രോമോസോം ജീനുകളുടെ സമ്പത്ത് മനുഷ്യശരീരത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങളുമായി അടുക്കിച്ചേർന്നതാണ്. ശരീരവികസനം, നാഡീവ്യവസ്ഥയുടെ രൂപീകരണം, പ്രതിരോധസംവിധാനത്തിന്റെ പ്രവർത്തനം, ബുദ്ധിവികാസം എന്നിവയെ നിയന്ത്രിക്കുന്ന നിരവധി പ്രധാന ജീനുകൾ X ക്രോമോസോമിൽ സ്ഥിതി ചെയ്യുന്നു. സ്ത്രീകൾക്ക് രണ്ട് X ക്രോമോസോമുകൾ (XX) ഉള്ളതിനാൽ, ഈ ജീനുകളുടെ ഇരട്ട സാന്നിധ്യം അവർക്കു കൂടുതൽ ജനിതക സ്ഥിരതയും സംരക്ഷണവും നൽകുന്നു. ഇതിലൂടെ, ചില ജനിതക തകരാറുകൾ സംഭവിച്ചാലും അതിനെ പരിഹരിക്കാൻ മറ്റൊരു X ക്രോമോസോം സഹായിക്കുന്ന ഒരു “ബാക്കപ്പ് സംവിധാനം” സ്ത്രീകളിൽ സ്വാഭാവികമായി ലഭ്യമാണ്.
രോഗപ്രതിരോധ ശേഷിയുടെ കാര്യത്തിലും X ക്രോമോസോത്തിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. X ക്രോമോസോമിൽ പ്രതിരോധവുമായി ബന്ധപ്പെട്ട ജീനുകൾ കൂടുതലായി അടങ്ങിയതിനാൽ സ്ത്രീകളുടെ ഇമ്മ്യൂൺ റെസ്പോൺസ് സാധാരണയായി ശക്തമാണ്. വൈറൽ ഇൻഫെക്ഷനുകൾക്കെതിരെ സ്ത്രീകൾക്ക് കൂടുതൽ ഫലപ്രദമായ പ്രതികരണം കാണപ്പെടുന്നു, ചില ബാക്ടീരിയ രോഗങ്ങളോടുള്ള പ്രതിരോധ ശേഷിയും ഉയർന്നതാണ്. കൂടാതെ, വാക്സിനുകൾക്ക് സ്ത്രീകൾ നൽകുന്ന പ്രതികരണവും സാധാരണയായി കൂടുതൽ ശക്തവും ദീർഘകാലത്തേക്കുള്ളതുമാണ്. COVID-19 മഹാമാരിയുടെ സമയത്ത് പല രാജ്യങ്ങളിലുമുള്ള കണക്കുകൾ പുരുഷന്മാരിൽ മരണനിരക്ക് കൂടുതലാണെന്ന് സൂചിപ്പിച്ചതും ഈ ജൈവ വ്യത്യാസങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
ദീർഘായുസ്സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് ലോകവ്യാപകമായി മുൻതൂക്കം ലഭിക്കുന്നതും ഈ ജൈവ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്. ശരാശരിയായി സ്ത്രീകൾ പുരുഷന്മാരേക്കാൾ 5 മുതൽ 7 വർഷം വരെ കൂടുതൽ ജീവിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. ശക്തമായ പ്രതിരോധസംവിധാനം, ഹോർമോണുകളുടെ സംരക്ഷണ സ്വഭാവം (പ്രധാനമായും ഈസ്ട്രജൻ), കൂടാതെ കോശനാശനിരക്ക് താരതമ്യേന കുറവായിരിക്കുക എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ. ഈ ഘടകങ്ങൾ ചേർന്ന് സ്ത്രീകളിൽ ആരോഗ്യസംരക്ഷണവും രോഗങ്ങളെ നേരിടാനുള്ള ശേഷിയും കൂടുതൽ ദൈർഘ്യമേറിയ ജീവിതത്തിലേക്ക് നയിക്കുന്നു.
ചില സ്ത്രീകൾക്ക് സാധാരണ മനുഷ്യരെക്കാൾ കൂടുതൽ നിറവ്യത്യാസങ്ങൾ തിരിച്ചറിയാൻ കഴിയുന്ന അപൂർവ ദൃഷ്ടിശേഷിയുണ്ട്. ഇവരെ “സൂപ്പർസീയർ” (Superseer) അഥവാ “ടെട്രാക്രോമാറ്റിക്” സ്ത്രീകൾ എന്ന് വിളിക്കുന്നു. സാധാരണ മനുഷ്യർക്കു മൂന്ന് തരത്തിലുള്ള കോൺ കോശങ്ങളാണ് (cone cells) കണ്ണിൽ ഉള്ളത്. എന്നാൽ ഇത്തരം സ്ത്രീകൾക്ക് നാല് വ്യത്യസ്ത കോൺ കോശങ്ങൾ ഉണ്ടായിരിക്കും. മനുഷ്യരിൽ നീല നിറം തിരിച്ചറിയുന്ന ഓപ്സിൻ ജീൻ 7-ാം ഓട്ടോസോമിലാണുള്ളത്. പക്ഷേ ചുവപ്പും പച്ചയും തിരിച്ചറിയുന്ന ഓപ്സിൻ ജീനുകൾ X ക്രോമോസോമിലാണ്. സ്ത്രീകൾക്ക് രണ്ട് X ക്രോമോസോമുകൾ ഉള്ളതിനാൽ, ഒന്നിലുണ്ടാകുന്ന ചെറിയ മ്യൂട്ടേഷൻ (ഉൾപരിവർത്തനം) മറ്റൊന്നിലെ സാധാരണ ജീനിനൊപ്പം ചേർന്ന് പുതിയ തരത്തിലുള്ള പ്രകാശ തരംഗദൈർഘ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവ് സൃഷ്ടിക്കാം. അതിനാൽ ചില സ്ത്രീകൾക്ക് സാധാരണ ആളുകൾക്ക് ഒരേപോലെ തോന്നുന്ന നിറങ്ങൾക്കിടയിലെ അതിസൂക്ഷ്മ വ്യത്യാസങ്ങൾ പോലും മനസ്സിലാക്കാൻ കഴിയും.
ഇത്തരം അവസ്ഥ സാധാരണയായി കളർ ബ്ലൈൻഡ് (colour blind) പുരുഷന്മാരുടെ അമ്മമാരിലും മകളിലും, കൂടാതെ കളർ ബ്ലൈൻഡ് സഹോദരന്മാരുള്ള സ്ത്രീകളിലും കൂടുതലായി കാണപ്പെടാം. പുരുഷന്മാർക്ക് ഒരു X ക്രോമോസോം മാത്രമുള്ളതിനാൽ അതിലെ മ്യൂട്ടേഷൻ നേരിട്ട് കളർ ബ്ലൈൻഡ്നസിലേക്ക് നയിക്കും. എന്നാൽ സ്ത്രീകളിൽ അതേ ജനിതക വ്യത്യാസം ചിലപ്പോൾ അധിക നിറബോധ ശേഷിയായി മാറുന്നു. അതുകൊണ്ടുതന്നെ ചിലപ്പോൾ ടെക്സ്റ്റൈൽ ഷോറൂമുകളിൽ സാരിയുടെ നിറത്തെക്കുറിച്ച് ഭാര്യയും ഭർത്താവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് കാണാം. ഭർത്താവിന് ഒരേ നിറമായി തോന്നുന്നതിൽ ഭാര്യക്ക് നിരവധി സൂക്ഷ്മ നിറഭേദങ്ങൾ കാണാൻ കഴിയും. അതിനാൽ ചില പുരുഷന്മാരുടെ ജൈവപരമായ പരിമിതി, സ്ത്രീകളിൽ അതേ കുടുംബത്തിൽ തന്നെ അത്യുന്നതമായ ദൃഷ്ടിശേഷിയായി മാറുന്ന അത്ഭുതകരമായ ജനിതക സവിശേഷതയാണിത്.

3. Y ക്രോമോസോമിന്റെ പരിമിതികൾ
Y ക്രോമോസോം പ്രധാനമായും പുരുഷലിംഗ നിർണ്ണയവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക ക്രോമോസോമാണ്. മനുഷ്യരുടെ പരിണാമ ചരിത്രത്തിൽ ഇത് നിരവധി ജീനുകൾ നഷ്ടപ്പെടുത്തിയതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ജീനറ്റിസിസ്റ്റായ Bryan Sykes Y ക്രോമോസോമിനെ “Lonely Chromosome” എന്നായി വിശേഷിപ്പിക്കുന്നു. അതായത്, മറ്റു ക്രോമോസോമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് കൂടുതൽ ഒറ്റപ്പെട്ടതും പരിമിതമായ ജീനുകളുള്ളതുമായ ഒരു ഘടകമായി മാറിയിരിക്കുന്നു.
Y ക്രോമോസോമിന്റെ മറ്റൊരു പ്രധാന സവിശേഷത gene recombination (ജീൻ പുനഃസംയോജനം) കുറവാണ്. X ക്രോമോസോമിനൊപ്പം സാധാരണയായി ഉണ്ടാകുന്ന recombination പ്രക്രിയ Y ക്രോമോസോമിൽ വളരെ പരിമിതമാണ്. ഇതിന്റെ ഫലമായി ദോഷകരമായ മ്യൂട്ടേഷനുകൾ നീക്കം ചെയ്യാനുള്ള കഴിവ് കുറയുന്നു. ഇത് ജനിതക സ്ഥിരത കുറയാനും, പുരുഷന്മാരിൽ fertility സംബന്ധമായ പ്രശ്നങ്ങൾ ഉയരാനും കാരണമാകുന്നു.
ഇതിനുപുറമെ, Y ക്രോമോസോമുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് Y ക്രോമോസോമിലെ microdeletions (സൂക്ഷ്മ ജീൻ നഷ്ടങ്ങൾ) വന്ധ്യതക്കും ശുക്ലാണുക്കളുടെ എണ്ണക്കുറവിനും കാരണമാകുന്നു. കൂടാതെ ചില പ്രത്യേക തരത്തിലുള്ള കാൻസറുകളുടെ സാധ്യതയും വർധിപ്പിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ Y ക്രോമോസോമിന്റെ ഘടനയും പ്രവർത്തനവും മനുഷ്യാരോഗ്യത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നു.

4. ഹോർമോണുകളും സ്ത്രീകളുടെ ജൈവ സംരക്ഷണവും

സ്ത്രീകളുടെ ജൈവ ഘടനയിൽ ഈസ്ട്രജൻ (Estrogen) ഹോർമോണിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്, പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ. ഈസ്ട്രജൻ രക്തക്കുഴലുകളുടെ ഇളക്കം നിലനിർത്തുന്നതിനും അവയുടെ ഇലാസ്റ്റിസിറ്റി സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, രക്തത്തിലെ കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നതിലും ഇത് നിർണായകമാണ്. ഇൻഫ്ലമേഷൻ കുറയ്ക്കുന്നതിനുള്ള ഇതിന്റെ കഴിവ് ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ, മെനോപോസ് വരെ സ്ത്രീകളിൽ ഹൃദയാഘാത സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് കുറഞ്ഞതായാണ് കാണപ്പെടുന്നത്.
സമ്മർദ്ദസാഹചര്യങ്ങളിൽ സ്ത്രീകളുടെ ശരീരവും മനസ്സും വ്യത്യസ്തമായ രീതിയിൽ പ്രതികരിക്കുന്നു. സ്ത്രീകളിൽ ഓക്സിറ്റോസിൻ, എൻഡോർഫിൻസ്, പ്രോലാക്ടിൻ എന്നീ ഹോർമോണുകളുടെ പ്രവർത്തനം വർധിക്കുന്നതാണ് ശ്രദ്ധേയമായ ഒരു പ്രത്യേകത. ഈ ഹോർമോണുകൾ മാനസിക ആശ്വാസം നൽകുകയും, ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ വ്യക്തികൾക്ക് കൂടുതൽ ശാന്തതയും ആത്മവിശ്വാസവും ലഭിക്കുന്നു.
ഇത്തരം ഹോർമോണുകളുടെ സ്വാധീനം സ്ത്രീകളെ സാമൂഹിക പിന്തുണ തേടാനും, ബന്ധങ്ങൾ ശക്തിപ്പെടുത്താനും, മാനസികമായി പുനഃസ്ഥാപിക്കാനും സഹായിക്കുന്നു. അതേസമയം, പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ സ്വാധീനത്തിൽ “fight-or-flight” പ്രതികരണം കൂടുതൽ ശക്തമാകുന്നു. അതിനാൽ, സമ്മർദ്ദത്തെ നേരിടുന്ന രീതിയിൽ ലിംഗങ്ങൾക്കിടയിൽ വ്യക്തമായ വ്യത്യാസങ്ങൾ കാണപ്പെടുന്നു, ഇത് അവരുടെ മാനസിക-ശാരീരിക ആരോഗ്യം രൂപപ്പെടുത്തുന്നതിൽ നിർണായകമാണ്.
5. ഗർഭാവസ്ഥയിലും ശൈശവത്തിലും ഉള്ള സ്ത്രീമേൽക്കൈ

ഗർഭസ്ഥാവസ്ഥയിൽ ആൺഭ്രൂണങ്ങൾ (XY) പെൺഭ്രൂണങ്ങളെ (XX) അപേക്ഷിച്ച് കൂടുതൽ അപകടസാധ്യത നേരിടുന്നതായി നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിന് പ്രധാന കാരണം, ആൺഭ്രൂണങ്ങളിൽ X ക്രോമോസോം ഒന്നാണ് ഉള്ളത് എന്നതാണ്. സ്ത്രീകളിൽ രണ്ട് X ക്രോമോസോമുകൾ (XX) ഉള്ളതിനാൽ, ഒരു ജീനിൽ തകരാർ ഉണ്ടായാൽ മറ്റൊന്ന് ഒരു “ബാക്കപ്പ്” ആയി പ്രവർത്തിക്കാൻ കഴിയും. എന്നാൽ, ആൺഭ്രൂണങ്ങളിൽ ഈ ബാക്കപ്പ് സംവിധാനമില്ലാത്തതിനാൽ ജനിതക തകരാറുകൾക്ക് കൂടുതൽ പ്രത്യാഘാതം ഉണ്ടാകാം. ഇതുമൂലം ഗർഭകാലത്ത് തന്നെ വികാസ ദുർബലത (developmental vulnerability) കൂടുതലായി കാണപ്പെടുന്നു.
ജനനശേഷവും ഈ ജൈവ വ്യത്യാസം തുടരുന്നതായി കാണുന്നു. ആൺകുഞ്ഞുങ്ങൾക്ക് neonatal mortality (ജനനാനന്തര ശിശുമരണ നിരക്ക്) പെൺകുഞ്ഞുങ്ങളേക്കാൾ കൂടുതലാണ്. കൂടാതെ, അവർക്കു രോഗബാധയ്ക്കുള്ള സാധ്യതയും കൂടുതലായി കാണപ്പെടുന്നു. പ്രത്യേകിച്ച് പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ചില ജീനുകൾ X ക്രോമോസോമിൽ കൂടുതലായി നിലനിൽക്കുന്നതിനാൽ, രണ്ട് X ക്രോമോസോമുകൾ ഉള്ള പെൺകുഞ്ഞുങ്ങൾക്ക് മികച്ച പ്രതിരോധ സംവിധാനമാണ് സാധാരണയായി ലഭിക്കുന്നത്.
ഈ സാഹചര്യങ്ങൾ എല്ലാം കൂടി നോക്കുമ്പോൾ, XX ഘടന നൽകുന്ന ജൈവ-ജനിതക സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാകുന്നു. സ്ത്രീകളിലെ ഇരട്ട X ക്രോമോസോം സംവിധാനം രോഗങ്ങളെ പ്രതിരോധിക്കുന്നതിലും, ശരീരവികസനത്തിലെ സ്ഥിരത ഉറപ്പുവരുത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. അതിനാൽ, ഗർഭസ്ഥാവസ്ഥ മുതൽ തന്നെ XX ഘടന ജീവൻ നിലനിർത്തുന്നതിനുള്ള ഒരു ശക്തമായ സുരക്ഷാ സംവിധാനമായി പ്രവർത്തിക്കുന്നു.

6.സ്ത്രീകൾ ജൈവപരമായി ശക്തരായിട്ടും സാമൂഹികമായി പിന്നാക്കം നിൽക്കുന്നതെന്തുകൊണ്ട്?

ജൈവശക്തി നേരിട്ട് സാമൂഹിക അധികാരമായി മാറുന്നില്ല എന്നത് മനുഷ്യസമൂഹത്തിന്റെ ചരിത്രപരമായ ഒരു സത്യമാണ്. കൃഷിസമൂഹങ്ങളുടെ രൂപീകരണത്തോടെ തൊഴിൽ വിഭജനത്തിൽ വലിയ മാറ്റം സംഭവിച്ചു. പുരുഷന്മാർ ബാഹ്യ തൊഴിൽ മേഖലകളായ കൃഷി, വേട്ട, സംരക്ഷണം തുടങ്ങിയ മേഖലകളിൽ കൂടുതൽ പങ്കാളികളായപ്പോൾ, സ്ത്രീകൾ ഗൃഹസംബന്ധ മേഖലകളിലേക്ക് പരിമിതപ്പെട്ടു. ഈ വിഭജനം സ്വാഭാവികമായ ജൈവ വ്യത്യാസങ്ങളിൽ നിന്നല്ല, മറിച്ച് സാമൂഹിക ആവശ്യങ്ങളും സാഹചര്യങ്ങളും നിർണ്ണയിച്ചതായിരുന്നു.
ഈ തൊഴിൽ വിഭജനത്തിന്റെ അടിസ്ഥാനത്തിൽ പിതൃസത്താധിപത്യ സമൂഹങ്ങൾ രൂപപ്പെട്ടു. സ്വത്തവകാശം, അവകാശപാരമ്പര്യം, രാഷ്ട്രീയനിയന്ത്രണം എന്നിവ പുരുഷകേന്ദ്രിതമായി വികസിച്ചു. ഇതിന്റെ ഫലമായി സ്ത്രീകളുടെ പങ്ക് കുടുംബപരിധിക്കുള്ളിൽ ഒതുങ്ങുകയും, സാമൂഹിക-രാഷ്ട്രീയ അധികാരങ്ങളിൽ അവരുടെ പങ്കാളിത്തം കുറഞ്ഞുപോകുകയും ചെയ്തു. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ തലമുറകളിലൂടെ ശക്തിപ്രാപിച്ച്, ഒരു സ്ഥിരമായ അധികാര ഘടനയായി മാറി.
ഇതിനൊപ്പം സാംസ്കാരിക നിർമാണങ്ങളും സ്ത്രീകളുടെ ജൈവശേഷിയെ വ്യത്യസ്തമായി പുനർവ്യാഖ്യാനിച്ചു. അവരുടെ കരുത്തും കഴിവും പലപ്പോഴും “ദൗർബല്യം”, “പരിപാലന സ്വഭാവം”, “അനുസരണം” എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടു. ഈ വ്യാഖ്യാനങ്ങൾ ശാസ്ത്രീയ സത്യങ്ങളെ മറച്ചുവെച്ചതോടൊപ്പം, സ്ത്രീകളുടെ സാമൂഹിക സ്ഥാനം താഴ്ത്താൻ സഹായിക്കുകയും ചെയ്തു. അതിനാൽ, ജൈവശേഷിയും സാമൂഹിക അധികാരവും തമ്മിലുള്ള ബന്ധം സങ്കീർണ്ണവും സാമൂഹികമായി നിർമ്മിതവുമായ ഒന്നാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

7.ശാസ്ത്രീയ ഗ്രന്ഥങ്ങളുടെ നിരീക്ഷണം

ബ്രയാൻ സൈക്സിന്റെ, ആഡം’സ് കഴ്സ്: എ ഫ്യൂച്ചർ വിതൗട്ട് മെൻ (Adam’s Curse: A Future Without Men written by Bryan Sykes) എന്ന ഗ്രന്ഥത്തിൽ Y ക്രോമോസോമിന്റെ പരിണാമപരമായ ദുർബലതയെ കുറിച്ചുള്ള ചര്‍ച്ച ശ്രദ്ധേയമാണ്. Y ക്രോമോസോമിൽ ജീനുകളുടെ എണ്ണം കുറയുകയും recombination സാധ്യത പരിമിതമാകുകയും ചെയ്യുന്നതിലൂടെ അതിന്റെ ദൈർഘ്യമേറിയ സ്ഥിരത ചോദ്യം ചെയ്യപ്പെടുന്നു എന്ന ആശയമാണ് ഇവിടെ മുന്നോട്ട് വെക്കുന്നത്. എങ്കിലും, “പുരുഷന്മാർ ഭാവിയിൽ ഇല്ലാതാകും” എന്ന തരത്തിലുള്ള പ്രവചനങ്ങൾ മുഖ്യധാരാ ജനിതകശാസ്ത്രത്തിൽ അംഗീകരിക്കപ്പെട്ട അന്തിമ നിഗമനങ്ങളല്ല. ഇതിനെക്കുറിച്ച് ശാസ്ത്രീയ സമൂഹത്തിൽ ഇപ്പോഴും ചർച്ചകൾ തുടരുന്നുണ്ട്.
ഷാരോൺ മോആലെമിന്റെ, ദി ബെറ്റർ ഹാഫ്: ഓൺ ദി ജനിറ്റിക് സുപീരിയോറിറ്റി ഓഫ് വിമൻ (The Better Half: On the Genetic Superiority of Women written by Sharon Moalem) എന്ന ഗ്രന്ഥം സ്ത്രീകളുടെ XX ക്രോമോസോം ഘടന നൽകുന്ന ആരോഗ്യപരമായ ഗുണങ്ങളെ വിശദമായി അവതരിപ്പിക്കുന്നു. X ക്രോമോസോമിലെ ജീനുകളുടെ സമ്പത്ത്, രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട പ്രത്യേകതകൾ, കൂടാതെ ഹോർമോൺ സ്വഭാവങ്ങൾ എന്നിവ സ്ത്രീകളിൽ ചില സാഹചര്യങ്ങളിൽ ആരോഗ്യപരമായ മുൻതൂക്കം സൃഷ്ടിക്കുന്നു എന്ന് ഈ ഗ്രന്ഥം വിശദീകരിക്കുന്നു. ഇതിലൂടെ സ്ത്രീകളുടെ ജൈവ സവിശേഷതകളെ ഒരു ശക്തമായ ശാസ്ത്രീയ ചർച്ചാവിഷയമാക്കുകയാണ്.
എങ്കിലും “genetic superiority” എന്ന ആശയം വളരെ സൂക്ഷ്മമായി മനസ്സിലാക്കേണ്ടതാണ്. ഇത് ഒരു ലിംഗത്തിന്റെ പൂർണ്ണ മേൽക്കൈയെ സൂചിപ്പിക്കുന്നതല്ല; മറിച്ച് ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ജൈവ ആനുകൂല്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യരുടെ നിലനിൽപ്പും പരിണാമവും ലിംഗങ്ങളുടെ പരസ്പരപൂരകമായ പങ്കാളിത്തത്തിലൂടെയാണ് സാധ്യമാകുന്നത് എന്നതും ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

8.മെഡിക്കൽ ശാസ്ത്രത്തിനുള്ള പാഠങ്ങൾ

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ജൈവവ്യത്യാസങ്ങൾ മനസ്സിലാക്കുന്നത് ആധുനിക ചികിത്സാരംഗത്ത് വളരെ നിർണായകമായ ഘടകമാണ്. ശരീരഘടന, ഹോർമോണുകൾ, ജനിതകഘടന എന്നിവയിൽ ഉള്ള വ്യത്യാസങ്ങൾ രോഗങ്ങളുടെ പ്രകടനത്തെയും ചികിത്സാ പ്രതികരണത്തെയും സ്വാധീനിക്കുന്നു. അതിനാൽ, ഒരേ രോഗം സ്ത്രീകളിലും പുരുഷന്മാരിലും ഒരേ രീതിയിൽ പ്രത്യക്ഷപ്പെടണമെന്നില്ല. ഈ വ്യത്യാസങ്ങളെ അവഗണിക്കുന്നത് തെറ്റായ രോഗനിർണയത്തിനും അസാധുവായ ചികിത്സയ്ക്കും കാരണമാകാം.
ഇത്തരം ജൈവവ്യത്യാസങ്ങളുടെ അറിവ് sex-specific ചികിത്സ വികസിപ്പിക്കാൻ സഹായിക്കുന്നു. ഉദാഹരണത്തിന്, ചില മരുന്നുകൾ സ്ത്രീകളിൽ കൂടുതൽ ഫലപ്രദമാകുമ്പോൾ, ചിലത് പുരുഷന്മാർക്ക് അനുയോജ്യമായിരിക്കും. അതുപോലെ, മരുന്ന് പരീക്ഷണങ്ങളിലും (clinical trials) സ്ത്രീ-പുരുഷ പങ്കാളിത്തം സമതുലിതമാക്കുന്നത് വളരെ പ്രധാനമാണ്, കാരണം വ്യത്യസ്ത ലിംഗങ്ങളിൽ മരുന്നുകളുടെ ഫലപ്രാപ്തിയും പാർശ്വഫലങ്ങളും വ്യത്യാസപ്പെടാം. ഈ സമീപനം കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ ചികിത്സാ മാർഗങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുന്നു.
കൂടാതെ, personalized medicine എന്ന ആശയത്തിന്റെ വളർച്ചയും ഈ ജൈവവ്യത്യാസങ്ങളെ ആശ്രയിച്ചാണ്. ഓരോ വ്യക്തിയുടെയും ജനിതക ഘടന, ഹോർമോൺ നില, ജീവിതശൈലി എന്നിവ പരിഗണിച്ച് ചികിത്സ നൽകുന്നത് രോഗനിർണയവും രോഗപ്രതിരോധവും കൂടുതൽ കൃത്യമായി നടത്താൻ സഹായിക്കുന്നു. disease risk prediction-ൽ സ്ത്രീ-പുരുഷ വ്യത്യാസങ്ങൾ ഉൾപ്പെടുത്തുന്നത് ചില രോഗങ്ങളുടെ സാധ്യത മുൻകൂട്ടി കണക്കാക്കാനും സമയബന്ധിതമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും സഹായകരമാണ്.
ഉപസംഹാരം
സ്ത്രീകൾക്ക് ജനിതകമായും ജൈവപരമായും ചില വ്യക്തമായ ആനുകൂല്യങ്ങൾ ഉണ്ടെന്നത് ശാസ്ത്രീയമായി പിന്തുണയ്ക്കപ്പെടുന്ന വസ്തുതയാണ്. സ്ത്രീകളുടെ സവിശേഷ ജൈവ ജനിതക സംവിധാനം മനുഷ്യവംശത്തിൽ സ്ത്രീകൾക്ക് നിർണായകമായ ജൈവ-ജനിതക സ്ഥാനം നൽകുന്നുണ്ട്. എന്നാൽ ഇതിനെ “സ്ത്രീകൾ പുരുഷന്മാരേക്കാൾ സമ്പൂർണ്ണമായി മുകളിലാണ്” എന്ന ലളിത നിഗമനത്തിലേക്ക് ചുരുക്കുന്നത് ശാസ്ത്രീയമായി ശരിയല്ല. ജൈവശക്തിയും സാമൂഹികാധികാരവും രണ്ടും വ്യത്യസ്ത തലങ്ങളാണ്. സ്ത്രീകളുടെ ജൈവപരമായ ഈ മേൽക്കൈ സാമൂഹിക സമത്വ നിർമ്മിതിക്കായി ഉപയോഗപ്പെടുത്തുവാൻ പിതൃാധിപത്യവും ചരിത്രപരമായ അധികാരവിതരണവും തടസ്സങ്ങൾ സൃഷ്ടിച്ചു. അദ്വൈതമാകേണ്ട മാനവ സമൂഹം, അതിന് തയ്യാറാവാതെ, സ്ത്രീകളെ ദ്വിതീയ സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോയി. അതിനാൽ ഭാവിയിലെ വെല്ലുവിളി സ്ത്രീകളുടെ ജൈവശക്തിയെ ആഘോഷിക്കുന്നതിൽ അല്ല; അത് സാമൂഹിക നീതിയിലേക്കും തുല്യതയിലേക്കും പരിഭാഷപ്പെടുത്തുന്നതിലാണ്. . സമൂഹത്തിന്റെ പുരോഗതി ലിംഗങ്ങളിൽ ഒരാളുടെ മേൽക്കൈയിൽ അല്ല, മറിച്ച് പരസ്പരപൂരകതയിലും സമത്വത്തിലുമാണ് നിലനിൽക്കുന്നത്. സ്ത്രീകളുടെ ജനിതക ശക്തിയെ അംഗീകരിക്കുന്നത് പുരുഷന്മാരെ കുറച്ച് കാണാനല്ല; മറിച്ച് ശാസ്ത്രീയ സത്യങ്ങളെ അടിസ്ഥാനമാക്കി കൂടുതൽ സമത്വപരമായ ഒരു സമൂഹം സൃഷ്ടിക്കാനാണ്. മനുഷ്യരാശിയുടെ ഭാവി സ്ത്രീകളുടെയും പുരുഷന്മാരുടെയും സഹപരിണാമത്തിലാണ്; മത്സരത്തിൽ അല്ല, സന്തുലിത സഹവർത്തിത്വത്തിലാണ്.
വിശദീകരണ കുറിപ്പുകൾ
* ജനിതക റെഡൻഡൻസി (Genetic Redundancy) എന്നത് ഒരേ പ്രവർത്തനം നിർവഹിക്കാൻ ഒരിലധികം ജീനുകൾ (genes) ഉള്ള അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. അതായത്, ഒരു ജീൻ പ്രവർത്തനക്ഷമമല്ലാതായാലും (mutation ഉണ്ടായാലും), അതിന്റെ പ്രവർത്തനം മറ്റൊരു സമാന ജീൻ ഏറ്റെടുക്കാൻ കഴിയും. ഇത് ജീവികളുടെ നിലനിൽപ്പിനും വികസനത്തിനും ഒരു സുരക്ഷാ സംവിധാനമായി പ്രവർത്തിക്കുന്നു.
** Duchenne Muscular Dystrophy (DMD) എന്നത് പേശികളെ ബാധിക്കുന്ന ജനിതകപരമായ ഒരു രോഗമാണ്. പ്രധാനമായും ആൺകുട്ടികളിലാണ് ഈ അസുഖം കണ്ടുവരുന്നത്. പേശികളുടെ ഘടന നിലനിർത്താൻ ആവശ്യമായ ‘ഡിസ്ട്രോഫിൻ’ (dystrophin) എന്ന പ്രോട്ടീൻ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടാത്തതാണ് ഇതിന് കാരണം.
*** ഈസ്ട്രജൻ സ്ത്രീകളുടെ പ്രധാന ലൈംഗിക ഹോർമോണുകളുടെ ഒരു ഗ്രൂപ്പാണ്. ഇതിൽ ഈസ്ട്രാഡിയോൾ (estradiol), ഈസ്ട്രോൺ (estrone), ഈസ്ട്രിയോൾ (estriol) എന്നിവ ഉൾപ്പെടുന്നു. ഈ ഹോർമോണുകൾ പ്രജനന വ്യവസ്ഥയെ നിയന്ത്രിക്കുകയും, ദ്വിതീയ ലൈംഗിക ലക്ഷണങ്ങളുടെ വികസനത്തിനും അസ്ഥി ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും പിന്തുണ നൽകുകയും ചെയ്യുന്നു. ഈസ്ട്രജൻ പ്രധാനമായും അണ്ഡാശയങ്ങളിൽ (ovaries) ഉത്പാദിപ്പിക്കപ്പെടുന്നു. കൂടാതെ കൊഴുപ്പ് കോശങ്ങളും അഡ്രീനൽ ഗ്രന്ഥികളും (adrenal glands) ചെറിയ അളവിൽ ഇത് ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോണുകൾ മാസവിരാമ ചക്രം (menstrual cycle) നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. അതുപോലെ തന്നെ മനോഭാവം (mood)യും ബുദ്ധികാര്യക്ഷമതയും (cognitive function) നിലനിർത്തുന്നതിനും ഇവ പ്രധാനമാണ്.
****ഓട്ടോസോമുകൾ (Autosomes) മനുഷ്യശരീരത്തിലെ ലിംഗനിർണയവുമായി നേരിട്ട് ബന്ധമില്ലാത്ത ക്രോമോസോമുകളാണ്.മനുഷ്യരിൽ ആകെ 46 ക്രോമോസോമുകളിൽ 44 എണ്ണം ഓട്ടോസോമുകളായാണ് കാണപ്പെടുന്നത്. ശരീരത്തിന്റെ വളർച്ച, രൂപം, രക്തഗ്രൂപ്പ് തുടങ്ങിയ നിരവധി ഗുണങ്ങൾ നിയന്ത്രിക്കുന്നത് ഓട്ടോസോമുകളാണ്. ഓട്ടോസോമുകളിൽ ഉണ്ടാകുന്ന ജനിതക വ്യതിയാനങ്ങൾ ചില പാരമ്പര്യ രോഗങ്ങൾക്ക് കാരണമാകാം.
*****മ്യൂട്ടേഷൻ (ഉൾപരിവർത്തനം) എന്നത് ജീവികളുടെ ജീനുകളിലോ ഡി.എൻ.എയിലോ ഉണ്ടാകുന്ന സ്ഥിരമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം മാറ്റങ്ങൾ പ്രകൃതിദത്തമായും രാസവസ്തുക്കൾ, കിരണങ്ങൾ തുടങ്ങിയ ബാഹ്യ ഘടകങ്ങളാലും സംഭവിക്കാം. മ്യൂട്ടേഷൻ ചിലപ്പോൾ പുതിയ ഗുണലക്ഷണങ്ങൾ സൃഷ്ടിച്ച് ജീവികളുടെ പരിണാമത്തിനും വൈവിധ്യത്തിനും കാരണമാകുന്നു.
അവലംബങ്ങൾ
Austad, S. N. (2006). Why women live longer than men. Scientific American.
Carroll, S. B. (2006). The making of the fittest. W. W. Norton & Company
McKissick, K. (2014). What’s in your genes? Prometheus Books
Migeon, B. R. (2007). Females are mosaics. Nature Genetics.
Moalem, S. (2020). The Better Half: On the Genetic Superiority of Women. Farrar, Straus and Giroux.
Sykes, B. (2003). Adam’s Curse: A Future Without Men. Bantam Press.

ഡോ. സുരേഷ് കുമാർ കെ.

അസ്സോസിയേറ്റ് പ്രൊഫസർ, സസ്യശാസ്ത്ര വിഭാഗം, ഗവൺമെന്റ് കോളേജ് ചിറ്റൂർ, പാലക്കാട്, കേരളം – 678104

ജെയിൻ തോമസ്

അസിസ്റ്റന്റ് പ്രൊഫസർ, ജന്തുശാസ്ത്ര വിഭാഗം, ഗവൺമെന്റ് കോളേജ് ചിറ്റൂർ, പാലക്കാട്, കേരളം – 678104

ജിതിൻ കെ. എസ്.

എം ബി ബി സ് വിദ്യാർത്ഥി, ഗവണ്മെന്റ് മെഡിക്കൽ കോളേജ്, മാനന്തവാടി, വയനാട്, കേരളം. 670645 Corresponding author: sureshtvmala74@gmail.com

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x