
ഇസ്മത്ത് ഹുസൈൻ
Published: 05 June 2026 കഥ
ഫണ്ട് ഫണ്ട് ഫോലോ
ലക്ഷദ്വീപിലെ വാമൊഴിക്കഥകൾ – 5
ചെവികൊട്ടി
ലക്ഷദ്വീപ് സമൂഹത്തിൽപ്പെട്ട ഒരു വടക്കൻ ദ്വീപിൽ പിട്ടിയപുറം എന്നൊരു വീടുണ്ടായിരുന്നു. അവിടെ ബിയ്യത്തി എന്നൊരു പെണ്ണുമുണ്ടായിരുന്നു. അവർ ഇടയാവാത്തെ കയ്യാലയിൽ ഇശാ നമസ്ക്കാരം കഴിഞ്ഞ് ഇറങ്ങാൻ നേരം പുറത്തെ കൂടത്തിൻ്റെ (അടുക്കള) ഭാഗത്ത് നിന്നും എന്തോ വീഴുന്നത് പോലൊരു ശബ്ദം കേട്ടു. ബിയ്യത്തി നിസ്ക്കാര കുപ്പായം ഊരി അഴലിൽ ഇട്ട് വാതിൽ തുറന്ന് നോക്കി. കൂടത്തിൻ്റെ മുറ്റത്ത് ഒരു കറുത്ത രൂപം കിടക്കുന്നു. നീണ്ട് കാലോളം എത്തുന്ന ചെവികളും പൊക്കം കുറഞ്ഞ ശരീരവുമായി ഒരു പ്രത്യേക രൂപമുള്ള ആളായിരുന്നു നിലത്ത് കിടക്കുന്നത്. ബിയ്യത്തി ആ രൂപത്തെ കണ്ട് പേടിച്ചില്ല. അവർ ആ രൂപത്തെ നോക്കി ചോദിച്ചു.
“ ന്നീം ആര്? എബിടേണ്ട് ബന്നത്?”
ആ രൂപം മലയാളത്തിലാണ് മറുപടി പറഞ്ഞത്.
“എൻ്റെ പേര് ചെവികൊട്ടി എന്നാണ്. അറബിക്കടലും കടന്ന് ഏഴ് ബഹറും കടന്ന് പോയാൽ എത്തുന്ന അറബി നാടാണ് എന്റേത്. എൻ്റെ ചെവികൾ വിരിച്ച് ഒരു പക്ഷിയെ പോലെ എനിക്ക് പറക്കാനാവും. ഞാൻ ജിന്ന് വർഗത്തിൽപ്പെട്ട ജീവിയാണ്. ത്വായിഫ് നാട്ടിലെ സൂഫി ഗുരുവാണ് എന്നെ ഈ ദ്വീപിലേക്ക് പറഞ്ഞയച്ചത്. നിങ്ങളുടെ വീടിൻ്റെ പേര് പറഞ്ഞ് തന്നതും അദ്ദേഹമാണ്. ആദൃശ്യമായതും ജ്ഞാന സമ്പന്നമായതും ആയ കാര്യങ്ങൾ എനിക്ക് അറിയാൻ കഴിയും. അപ്രത്യക്ഷമാവാനും വേണ്ട ഇടത്ത് പ്രത്യക്ഷപ്പെടാനും എനിക്ക് പറ്റും. എനിക്ക് നിങ്ങളുടെ വീട്ടിൽ താമസിക്കാൻ അനുവാദം തരണം. നിങ്ങൾക്ക് മാത്രമല്ലാതെ മറ്റാർക്കും എന്നെ കാണാനുമാവില്ല.”
“ന്നീം ന്നങ്ങള ഏതും നുറ്മ്പിരിയാരം ശിയ്യുങ്ങാ?”
തങ്ങളെ വല്ല ഉപദ്രവവും ചെയ്യുമോ എന്ന്, ബിയ്യത്തി തൻ്റെ സംശയം ചെവികൊട്ടി എന്ന ജിന്നിനോട് ചോദിച്ചു.
“ ഇല്ല ഞാൻ ആരേയും ഉപദ്രവിക്കില്ല. എന്നെക്കൊണ്ട് നിങ്ങൾക്ക് ഉപകാരം മാത്രമേ ഉണ്ടാവൂ. “
“ ന്നിങ്ങക്ക് ഫതിമാറ് വാം എങ്ങനത്ത ഇടം താം ബേണ്ടിയത്?”
നിങ്ങൾ താമസിക്കാൻ ഏതു തരം സ്ഥലമാണ് വേണ്ടത്?
“എനിക്ക് ഒരു ചാക്ക് തൂക്കിയിടാനുള്ള ഒരു മച്ച് മതി. അടുക്കളയായാലും മതി. ഞാൻ പകല് ചാക്കിൽ തൂങ്ങി കിടന്ന് കൊള്ളാം. രാത്രി ഉപ്പ് ചാക്കിൻ്റെ അടുത്ത് ഒരു ചെവി വിരിച്ച് മറ്റേ ചെവി കൊണ്ട് പുതച്ച് കിടന്നുറങ്ങി കൊള്ളാം.“
അങ്ങനെ ചെവികൊട്ടി പിട്ടിയപുറത്തെ അടുക്കളയിലെ ചാക്കിൽ തൂങ്ങി കിടന്ന് അവിടത്തെ അന്തേവാസിയായി. ബിയ്യത്തി ചെവി കൊട്ടിയെ മാമ്മാ എന്നാണ് വിളിച്ചിരുന്നത്. പോകെ പോകെ ചെവി കൊട്ടിമാമ്മായും ബിയ്യത്തിയും അടുത്ത ചങ്ങാതിമാരായി.
പിട്ടിയ പുറത്തെ ആക്കത്തിയോടം ആയിടക്ക് കുണക്കേടിൽ കുടുങ്ങി. കടൽ ഇളകി മറിഞ്ഞു. കാറ്റ് ചെകുത്താനെ പോലെ ഓടത്തെ കശക്കിയെറിഞ്ഞു. ഓടത്തിലുള്ളവർ ജീവന് വേണ്ടി നിലവിളിച്ച് കരയാൻ തുടങ്ങി.
ആ സമയം ബിയ്യത്തി “മുന്നലവാത്ത് “ (സീകരണ മുറ്റി ) അരി പെറുക്കുകയായിരുന്നു. പെട്ടെന്ന് അടുക്കളയിൽ എന്തോ നിലത്തേക്ക് വീണത് പോലൊരു ശബ്ദം. മാമ്മായിക്ക് എന്തെങ്കിലും പറയാനുണ്ടായാലാണ് ഈ ശബ്ദം ഉണ്ടാക്കുക. ബിയ്യത്തി അരിയും തടപ്പയും കയ്യാലയിൽവെച്ച് അടുക്കളയിലേക്ക് കയറി.
“ അല്ലീ ബിയ്യത്തീ, നിന്നാ ആക്കത്തി ഓടത്തേയും കൊണ്ട് അറബിക്കടൽ ബിളിയാടിണ്ട. ന്നമ എന്ന് ശീയ്യിണ്ട”
(ബീയത്തി, നിൻ്റെ ആക്കത്തി ഓടത്തേയും എടുത്ത് അറബി കടൽ കളിക്കുന്നു. നമ്മളെന്താ ചെയ്യേണ്ടത്?)
വളരെ പെട്ടെന്നാണ് ചെവി കൊട്ടിമാമ്മാ ദ്വീപു ഭാഷ പഠിച്ചെടുത്തത്. സാദാ ദ്വീപുകാർ പറയുന്നത് പോലെ സ്വാഭാവികമായി അയാൾ പറയാൻ തുടങ്ങി.
“അല്ലാ മാമ്മാ ന്നമക്കെന്ന് ശീവാം കളിയും?”
(എടാ, മാമ്മാ നമുക്കെന്താ ചെയ്യാനാവുക.)
“ന്നമ ഫോയി കടലിനക്കൂട ബിഷിയം പറയും. അപ്പ അവ അവളാ അരിഷം നിർത്തും.”
( നമ്മൾ പോയി കടലിനോട് സംസാരിക്കും. അപ്പോൾ അവർ അവരുടെ ദേശ്യം നിർത്തും )
“മാമ്മാ വേഗം ഫോയി ആക്കത്തി ഓടക്കാറ സലാമത്താക്കോണ്ടും.”
(മാമ്മാ വേഗം പോയി ആക്കത്തി ഓടക്കാരെ രക്ഷപ്പെടുത്തണം)
ചെവികൊട്ടി മാമ്മാ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി. നടന്ന് ചെന്ന് കിണറ്റിനടുത്ത് നിന്നും ചെവികൾ വിരിച്ച് മെല്ലെ ആകാശത്തേക്ക് പറന്നുയർന്നു. പെട്ടെന്ന് എങ്ങോട്ടോ അപ്രത്യക്ഷമായി. ബിയ്യത്തി പ്രതീക്ഷയോടെ കടൽ തീരത്തേക്ക് നടന്നു. കടപ്പുറത്ത് പ്രക്ഷുബ്ദമായ കടലും കാറ്റുമായിരുന്നു. ആ കാറ്റിലും കോളിലും ആകാശത്ത് ഒരു പക്ഷി രൂപം പ്രത്യക്ഷപ്പെട്ടു. വലിയ ചെവികൾ ചിറക് പോലെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ആകാശത്ത് ആ രൂപം വളരാൻ തുടങ്ങി. ആ പക്ഷി പെട്ടെന്ന് ഒരു രാക്ഷസരൂപിയായി തീർന്നു. അതിൻ്റെ നീണ്ട വിരലുകൾ ആകാശത്തിൽ നിന്നും ഇറങ്ങി വന്ന് കടലിനെ തൊട്ടു. ഉടനെ കടൽ ശാന്തമായി. കാറ്റും അടങ്ങി. മണിക്കൂറുകൾ പിന്നിട്ടപ്പോൾ ആക്കത്തി ഓടം വടക്കും തല തുറന്ന് ദ്വീപിലേക്ക് പ്രവേശിച്ചു.
അതുപോലൊരു സംഭവമാണ്, നാട്ടിൽ ഒരിക്കൽ പകർച്ചവ്യാധി പിടിച്ചപ്പോൾ ചെവി കൊട്ടിമാമ്മാ പറഞ്ഞ് കൊടുത്ത മരുന്നാണ് ഫലം കണ്ടത്.
ബിയ്യത്തിക്ക് മനസിൽ വലിയ സംശയമുണ്ടായിരുന്നു. ഇങ്ങിനെ ഒരാവശ്യവുമില്ലാതെ പ്രകൃതിയിലെ ഒരു ജീവി ഇവിടെ ഒരു ചെറിയ ദ്വീപിൽ വന്ന് താമസിക്കുമോ? അതിന് വലിയ എന്തെങ്കിലും കാരണമുണ്ടാവും. ആ രഹസ്യം മമ്മാനോട് ഹിഖ്മത്തിൽ ചോദിച്ചറിയണം.
അന്നൊരു മുഹറം പത്ത് ആശുറാഇൻ്റെ ദിവസമായിരുന്നു. അന്ന് ഒമ്പതിനം വിത്തുകളും തെങ്ങിൻ ശർക്കരയും ചേർത്ത് വിശേഷപ്പെട്ട ഒരു തരം പായസം വെച്ചു ബിയ്യത്തി. കൊത്ത് പണികളുള്ള ഒരു പാത്രത്തിൽ വിളമ്പി ചെവികൊട്ടി മാമ്മാക്ക് കൊടുത്തു. അയാൾ ഏറേ രുചിയോടെയും സന്തോഷത്തോടെയും പായസം കുടിക്കാൻ തുടങ്ങി. ഇതാണ് കാര്യങ്ങൾ ചോദിക്കാൻ പറ്റിയ സമയമെന്ന് ബിയ്യത്തിക്ക് തോന്നി. അവർ പറഞ്ഞു.
“മാമ്മാ നന്നാ ഹൽബിൽ ഉര് തമിശിയം?”
(മാമ്മാ എൻ്റെ ഖൽബിൽ ഒരു സംശയം)
ചെവി കൊട്ടിമാമ്മാ ബിയ്യത്തിയുടെ മുഖത്തേക്ക് എന്താണ് എന്ന ഭാവത്തിൽ നോക്കി.
“ കുറേ ന്നാളായി മാമ്മാ ഇവിടെ ബന്നോണ്ട് ഫർക്കിണ്ട. എന്തെങ്കിലും കാര്യം ഇല്ലാതെ ന്നിങ്ങ ബന്ന് ഫർക്കായിലോ? അതെന്നെന്ന് അറിവാം ഉരാശ?”
(കുറേ നാളായി മാമ്മാ ഇവിടെ വന്ന് താമസിക്കുന്നു. എന്തെങ്കിലും കാര്യം ഇല്ലാതെ നിങ്ങ വന്ന് താമസിക്കില്ലല്ലോ? അതെന്താണെന്ന് അറിയാൻ ഒരാഗ്രഹം)
ഈ ചോദ്യത്തിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. അറേബ്യൻ മരുഭൂമിയിൽ ഒരു പച്ചപ്പ് ഉണ്ടാക്കി ഞങ്ങളുടെ രാജാവ് അബ്ദുൾ അസീസ് ഒരു കൊട്ടാരം പണിതു. ആ കൊട്ടാരത്തിന് ചുറ്റും അദ്ദേഹം ജിന്നുകളുടെ ഒരു വലിയ രാജ്യം പണിതുഴർത്തി. അസീസ് രാജന് പത്തായിരം വയസ് പ്രായമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ സുന്ദരിയായ മകളാണ് നൂർജഹാൻ രാജകുമാരി. അവൾക്ക് ഒട്ടേറേ സവിശേഷതകൾ ഉണ്ടായിരുന്നു. അവൾ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല. അവളും പരിചാരകരും അറബിക്കടലിന് മുകളിൽ കൂടി പറന്ന് പോവുമ്പോൾ ചെകുത്താൻ ജിന്നുകളുടെ അധിപൻ ഇഫ്രീത്ത് രാജൻ നൂർജഹാനെ കാണാനിടയായി. അതോടെ നൂർജഹാനെ സ്വന്തമാക്കുന്ന തിനെക്കുറിച്ചായി അയാളുടെ ചിന്ത. അങ്ങനെ നൂർജഹാൻ ഞങ്ങളുടെ രാജ്യത്തിന് പുറത്തിറങ്ങുന്നത് നോക്കി വിവരമറിയിക്കാൻ ചെകുത്താൻ ജിന്നുകൾ ഞങ്ങളുടെ രാജ്യത്തിന് ചുറ്റും കാത്ത് കിടക്കാൻ തുടങ്ങി. അങ്ങനെ ഒരു വെള്ളിയാഴ്ച ദിവസം പുറത്തിറങ്ങിയ നൂർജഹാനെ ഇഫ് രീത്ത് രാജനും സംഘവും തട്ടിക്കൊണ്ട് പോയി.
ഇഫ്രീത്ത് രാജൻ്റെ കൊട്ടാരം ഈ ദ്വീപിന് തെക്ക് മാറി അറബിക്കടലിന് അടിയിലാണ്. ഒരു വർഷക്കാലമായി നൂർജഹാനെ ഇഫ്രീത്തിൻ്റെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയിട്ട്. ഇത് വരെയായിട്ടും അവളെ പുറത്തിറക്കിട്ടില്ല. അമ്മേനി , കടമത്ത്, ചെത്ത്ലാത്ത്, കിൽത്താൻ എന്നീ ദ്വീപുകളിലെല്ലാം എന്നെ പോലുള്ള ചെവികൊട്ടികൾ താമസിക്കുന്നുണ്ട്. നൂർജഹാനോ അവളെ തട്ടിക്കൊണ്ട് പോയ ഇഫ്രിത്ത് രാജനോ പുറത്ത് വരുന്ന നിമിഷം ഞങ്ങളുടെ ജോലി ആരംഭിക്കും. അതിന് വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഞങ്ങളുടെ രാജാവ് അബ്ദുൾ അസീസ് മരണ ശയ്യയിലാണ്. അയാൾ നാട് നീങ്ങിയാൽ ഞങ്ങളുടെ അടുത്ത രാജാവാകേണ്ടത് നൂർജഹാനാണ്. അതിന് രാജാവിൻ്റെ മരണത്തിന് മുമ്പ് നൂർജഹാനെ കൊട്ടാരത്തിലെത്തിക്കണം. അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടുള്ളത് എന്നെയാണ്.
ബിയ്യത്തിക്ക് കാര്യങ്ങൾ മനസിലായി. ഇഫ്രീത്തിൻ്റെ പിടിയിൽ പെട്ട് കഴിയുന്ന നൂർജഹാനെ ഓർത്ത് ബിയ്യത്തിക്ക് സങ്കടം വന്നു. ജിന്നാണെങ്കിലും അവളൊരു സ്ത്രീയല്ലേ … അവൾ രക്ഷപ്പെട്ട് കാണാൻ ബിയ്യത്തിക്കും മനസിൽ ആഗ്രഹമുണ്ടായി.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ഒരു സ്ത്രീ കരഞ്ഞ് കൊണ്ട് പിട്ടിയപുറത്തേക്ക് ഓടി വന്നു. ബിയ്യത്തി മുറ്റത്തിറങ്ങി കാര്യമന്വേഷിച്ചു.
“ അന്നാ പുരുഷൻ തെങ്ങിണ്ട് ബീണ് നെടുമ്മുൾ പൊട്ടിപ്പുവ്വ.” അയ്യാൾ മരിച്ചാൽ ന്നാനും അന്നാ ഏള് മക്കളും മരിക്കിണ്ടതില്ലാതെ ബേറേ ഏതും പിടിയില്ല. ഇങ്ങള ശവി കൊട്ടിമാമ്മാക്കൂട ചൊല്ലി അന്നാ അബ്ബാസിന രച്ചപ്പെട്ത്തോണ്ടും. “
(എൻ്റെ പുരുഷൻ തെങ്ങിന്ന് വീണ് നെട്ടെല്ല് പൊട്ടിപോയി. അയാൾ മരിച്ചാൽ ഞാനും എൻ്റെ ഏഴ് മക്കളും മരിക്കുന്നതല്ലാതെ മറ്റൊന്നുമറിയില്ല. നിങ്ങളുടെ ചെവികൊട്ടി മാമ്മാനോട് പറഞ്ഞ് എൻ്റെ അബ്ബാസിനെ രക്ഷപ്പെടുത്തി തരണം)
ബിയ്യത്തി അടുക്കള ഭാഗത്തേക്ക് മാറി നിന്ന് പറഞ്ഞു.
“ മാമ്മാ മാമ്മാ ചെവികൊട്ടിമാമ്മാ
തങ്ങിന ബീണിന അബ്ബാസ്
നെടും മുൾ മുറിഞ്ഞിന അബ്ബാസ്
എന്നു ശീയും ചെവികൊട്ടി “
( മാമ്മാ മമ്മാ ചെവി കൊട്ടിമാമ്മാ
തെങ്ങിനെ വീണിട്ടുണ്ട് അബ്ബാസ്
നെട്ടെല്ല് മുറിഞ്ഞ അബ്ബാസ്
എന്തു ചെയ്യും ചെവികൊട്ടി)
അടുക്കളയിൽ എന്തോ വീഴുന്ന ശബ്ദം ബിയ്യത്തി കേട്ടു. ബിയ്യത്തി ചെവി കൂർപ്പിച്ചു. “ഏതും ബേജാറാകോണ്ടാ , മുഹിദ്ധീൻ ശൈഖിനും ഉരാട്ടിന നേർച്ചയാക്കുവാം ശൊല്ല് “
(മുഹിയുദ്ധീൻ ശൈഖിന് ഒരാട്ടിനെ നേർച്ചയാക്കാൻ പറയൂ. എല്ലാം ശരിയാക്കാം.)
ബിയ്യത്തി ആ സ്ത്രീയോട് ആടിൻ്റെ കാര്യം പറഞ്ഞു. ആ സ്ത്രീ ഒരാടിനെ നേർച്ചയാക്കി വീട്ടിലേക്ക് നടന്നു. വടക്കും തലയിലായിരുന്നു അവരുടെ വീട്. വീടെത്തുമ്പോഴേക്കും അവരുടെ പുരുഷൻ അബ്ബാസ് എഴുന്നേറ്റ് മുറ്റത്തെ കിണറ്റിൽ നിന്നും വെള്ളം കോരി കുടിക്കുന്നതാണ് കണ്ടത്. അരൂപിയായ ചെവികൊട്ടിയെ മനസ്സിൽ ശ്ലാഖിച്ച് അവൾ അബ്ബാസിൻ്റെ അടുത്തേക്ക് നടന്നു. പിട്ടിയ പുറത്ത് ചെവി കൊട്ടി മാമ്മാ പറഞ്ഞ കാര്യങ്ങൾ അവർ തൻ്റെ ഭർത്താവിനോട് പറഞ്ഞു.
ബര്ത്തം കൊണ്ട് സഹിപ്പാം കളിയാതെ നാം നെരിഫിരി കൊള്ളിണ്ടിയാഞ്ഞ. പെട്ടെന്ന്, നെട്ടെല്ലിൻ്റെ നേരെ അടിയിണ്ട് ഒരു തണുപ്പ് കേറി ബരുവാം തുടങ്ങിയ. ഐസ് കട്ട ബച്ചത് പോലെ, നെട്ടെല്ലാകെയും മരവിപ്പ്, ബരുത്തം ഫുവ്വ ഇടം ഫിടിയില്ല. നന്ന ആരോ പിടിച്ചിള്ന്ന് നിൽപ്പിച്ച്, നടത്തിച്ച, നടക്കിണ്ടേരം പുറടിക്കുര് അടി തന്ന… അന്നാ ചെവി കൊട്ടി മമ്മാ…. “
അബ്ബാസ് പറഞ്ഞ കാര്യങ്ങൾ കേട്ട് അവർക്ക് വലിയ സന്തോശമായി.
അന്ന് മഗ്രിബ് നമസ്ക്കാരം കഴിഞ്ഞപ്പോയാണ് വീണ്ടും കൂടത്ത് എന്തോ വീഴുന്ന ശബ്ദം ബിയ്യത്തി കേൾക്കുന്നത്. ബിയ്യത്തി നിസ്ക്കാരക്കുപ്പായമൂരി വേഗം അടുക്കളയിലെത്തി.
“ബിയ്യത്തി, ഇന്നാണ്ടോം ഇഫ്‌രീത്ത് രാജനും ജിന്നികളും തമ്മിലുള്ള യുദ്ധം. നങ്ങക്ക് ഇത് നങ്ങള രാജകുമാരിയ തിരിച്ച് ഫിടിപ്പാം ഉള്ള യുദ്ധം ആണ്ടോം. ഇന്ന് രാവ് ഉര് മണികഴിഞ്ഞാൽ അറേബ്യയിണ്ട് ഉള്ള ജിൻ സൈന്യം എത്തും. മൂന്ന് മണി മുതൽ യുദ്ധം. നന്നാ നൂർജഹാന നാം രക്ഷിച്ച് കൊണ്ട് ഫോകും. ഉര് ഇഫ്‌രീത്ത് രാജനും നാം അന്നാ നൂറിന ബിട്ട് കുട്ക്കാ…”
(ഇന്നാണ് ജിന്നുകളും ചെകുത്താന്മാരും തമ്മിലുള്ള യുദ്ധം. ഞങ്ങൾക്ക് ഇത് ഞങ്ങളുടെ രാജകുമാരിയെ തിരിച്ച് പിടിക്കാനുള്ള യുദ്ധമാണ്. ഇന്ന് രാത്രി ഒരു മണി കഴിഞ്ഞാൽ അറേബ്യയിൽ നിന്നുള്ള ജിൻ സൈന്യം എത്തും. എൻ്റെ നൂർജഹാനെ ഞാൻ രക്ഷിച്ച് കൊണ്ട് പോവും. ഒരു ഇഫ്രീത്ത് രാജനും ഞാൻ എൻ്റെ നൂറിനെ വിട്ട് കൊടുക്കില്ല.)
ചെവികൊട്ടി മമ്മാൻ്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റ് വീണു. ഇവർക്കും ഇത്തരം വികാരങ്ങളുണ്ടെന്ന് ബിയ്യത്തി തിരിച്ചറിയുകയായിരുന്നു.
അറേബ്യയിൽ നിന്നും വന്ന ജിൻ സൈന്യം അറബിക്കടലിൽ കടമത്ത് കിൽത്താൻ ദ്വീപുകൾക്കിടയിലുള്ള കടലിനടിയിലെ ഇഫ്‌രീത്തിൻ്റെ കോട്ട വളഞ്ഞു. ആ കോട്ട കടലിനടിയിൽ ആഴിരമായിരം കിലോമീറ്ററുകൾ പരന്ന് കിടക്കുകയായിരുന്നു. ജിന്നുകളുടെ തന്ത്രപരമായ നീക്കം ഇഫ്രീത്തിൻ്റെ പട്ടാളത്തിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. സുന്ദരമായ ജയില് പണിത് താമസിപ്പിച്ച നൂർജഹാനെ ജയിലോടെയാണ് ചെവി കൊട്ടി ജിന്നും സംഘവും കടത്തിക്കൊണ്ടുപോയത്. നൂർജഹാൻ ജിന്നുകളുടെ കൊട്ടാരത്തിൽ തിരിച്ചെത്തിയതോടെ ചെവിക്കൊട്ടി ജിന്നിൻ്റെയും നൂർജഹാൻ്റെയും വിവാഹം ആർഭാടപൂർവ്വം നടന്നു. നൂർജഹാന് പകരം ചെവികൊട്ടിമാമ്മാ ജിന്നുകളുടെ രാജാവായി അവരോധിക്കപ്പെട്ടു. അങ്ങനെ അവർ സുഖമായി ജീവിച്ചു.

