അർജ്ജുൻ ഒ.എൻ.

Published: 05 June 2026 കഥ

ഗുരുജി

ഒരുപാട് നാളായി കിടപ്പിലായിരുന്ന, വകയിലെ ഒരമ്മൂമ്മ മരിച്ചു.കാലത്ത് എഴുന്നേറ്റ് ഗ്രൗണ്ടിലേക്ക് പോകുവാൻ തയ്യറായിനിന്ന എൻ്റെ അടുത്തുകൂടി അകത്തേയ്ക്ക് കയറിപ്പോയ അച്ഛൻ, അമ്മയോട് ഉറക്കെ പറഞ്ഞ വാർത്തയാണത്. അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരു അമ്മൂമ്മ ആയിരുന്നു അത്. പറഞ്ഞു വരുമ്പോൾ അകന്നതാണ് എങ്കിലും താമസിച്ചിരുന്ന വീട് നാല് വീടുകൾക്ക് അപ്പുറമായിരുന്നു അച്ഛൻ ജോലി സ്ഥലത്തുനിന്ന് വരുമ്പോഴൊക്കെ ആ അമ്മൂമ്മയുടെ അടുത്ത് പോകുമായിരുന്നു. ഇടയ്ക്ക് ഞാനും ചേട്ടനും കൂടി അമ്മൂമ്മ കിടന്നിരുന്ന വാരത്തിന്റെ (നാട്ടിലെ പഴയ ഓട് വീടിന്റെ തെക്കേ അറ്റത്തെ മുറി) ജനലിൽ കൂടി നോക്കി അമ്മൂമ്മയെ കാണാറുണ്ടായിരുന്നു.കുറച്ചുനാളുകളായി അയൽപക്കത്തെ സ്ത്രീകളുടെ കൂട്ടായ്മയിലെ പ്രധാന വിഷയങ്ങളിൽ ഒന്ന് അമ്മൂമ്മയുടെ മരണമായിരുന്നു ആയകാലത്ത് മക്കൾക്കും ഭർത്താവിനും വേണ്ടി മാത്രം ജീവിച്ച അവരെ എന്തിനിങ്ങനെ കിടത്തി നരകിപ്പിക്കുന്നു. എല്ലാവരും ഉള്ളുരുകി പ്രാർത്ഥിച്ചിരുന്നു അമ്മൂമ്മയുടെ മരണത്തിനായി. കിടപ്പിലായ കാലം മുതൽ മരണം വരെ അമ്മയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് രാഗിണി ചിറ്റയായിരുന്നു അമ്മുമ്മയുടെ മകന്റെ ഭാര്യ ആണ് രാഗിണി ചിറ്റ. എന്റെ അച്ഛനും അമ്മയും അവരെ വിളിച്ചിരുന്നത് അങ്ങനെ ആയിരുന്നതുകൊണ്ടാണ് ഞാനും ചേട്ടനും അവരെ ചിറ്റ എന്ന് വിളിച്ചത് ബന്ധം കൊണ്ടും സ്ഥാനം കൊണ്ടും അവരെ എന്താണ് വിളിക്കേണ്ടത് എന്ന് എനിക്കറിയില്ല.

 

അമ്മൂമ്മയുടെ മൂത്തമകളുടെ മൂത്തമകനും എന്റെ അച്ഛനും അമ്മൂമ്മയുടെ ഇളയ മകനും ഒരേ പ്രായക്കാർ ആയിരുന്നു.
അമ്മൂമ്മ ശരിക്കും നമ്മുടെ ആരാണ് എന്ന എൻ്റെ ചോദ്യത്തിന് അച്ഛൻ തന്ന മറുപടി ഇത് ആയിരുന്നു.
അച്ഛന്റെ അച്ഛനും മരിച്ചുപോയ ഈ അമ്മൂമ്മയും ചേട്ടന്റെയും അനിയന്റെയും മക്കളായിരുന്നു അത്രേ.
സത്യം പറഞ്ഞാൽ വീടിന്റെ അടുത്തായിരുന്നതുകൊണ്ട് മാത്രം നിലനിന്നിരുന്ന ഒരു ബന്ധം ആയിട്ടാണ് എനിക്ക് തോന്നിയത്, കാരണം അമ്മൂമ്മയുടെ ജീവിച്ചിരിക്കുന്ന എട്ടു പെൺമക്കളെയും മരിച്ചുപോയി എന്ന് പറഞ്ഞ മൂന്നു പെൺമക്കളെയും ഞാനും ചേട്ടനും കണ്ടിട്ടില്ല പക്ഷേ ഏറ്റവും ഇളയ മകനായ പുരുഷന്‍ ചേട്ടനെയും ഭാര്യയെയും നന്നായി അറിയുകയും ചെയ്യാം.
അകത്തേക്ക് കയറിപ്പോയ അച്ഛൻ ഒരു കാവിമുണ്ട് ധരിച്ച് പുറത്തേക്കിറങ്ങി അപ്പോഴേക്കും അടുക്കളയിൽ നിന്നും അമ്മ കട്ടൻചായയും കൊണ്ടുവന്നു ചായ വാങ്ങി കുടിച്ചുകൊണ്ട് അച്ഛൻ എന്നെയും ചേട്ടനെയും നോക്കി എന്നിട്ട് പറഞ്ഞു,
വല്ലതും കഴിച്ചിട്ട് അമ്മൂമ്മയെ കണ്ട് ചടങ്ങ് തീരും വരെ അവിടെ തന്നെ നിൽക്കണം
ഞാനും ചേട്ടനും അച്ഛനെ നോക്കി തലകുലുക്കി അച്ഛൻ മുറ്റത്തേക്ക് ഇറങ്ങിപ്പോയി കഴിഞ്ഞപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു എന്താ ഞങ്ങളോട് കളിക്കാൻ പോകണ്ട എന്ന് പറഞ്ഞത്-
മരിച്ചവരോട് ബഹുമാനം കാണിക്കണം അതിന് ആഘോഷങ്ങൾ എല്ലാം മാറ്റിവയ്ക്കണം ഉറക്കെ പാട്ട് വയ്ക്കരുത് ദഹിപ്പിക്കുന്നതുവരെ ഭക്ഷണം കഴിക്കരുത് അമ്മ പറഞ്ഞു.
അതിന് ഞങ്ങളും ഭക്ഷണം കഴിക്കാതെ ഇരിക്കണമോ ഞാൻ ചോദിച്ചു
അമ്മ ഇത്രയും പറഞ്ഞ് അകത്തേക്ക് കയറിപ്പോയി ഞാനും ചേട്ടനും എന്ത് ചെയ്യണം എന്നറിയാതെ മുറ്റത്തു തന്നെ നിന്നു.
പാടത്തും പറമ്പിലും ഒന്നും പോകണ്ട ഇപ്പോൾ കഴിക്കാൻ തരാം അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.
ഒരാൾക്ക് ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത സ്നേഹം അവർ മരിച്ചു കിടക്കുന്ന ദിവസം കിട്ടുന്നു, എന്താ അങ്ങനെ ചേട്ടാ- ഞാൻ ചോദിച്ചു .
എനിക്കൊന്നും അറിയാൻ മേല, കയ്യിൽ ഇരുന്ന ചൂണ്ട ഭിത്തിയിൽ ചാരി വച്ച് വീടിനകത്തേക്ക് നടന്നു ഞാൻ പുറകെയും ,,
വീടിന്റെ അരമതിലിൽ പുറത്തേക്ക് നോക്കിയിരുന്ന ഞങ്ങളുടെ കയ്യിലേക്ക് പുട്ടും പപ്പടവും കൊണ്ടുവന്നു തന്നിട്ട് അകത്തേക്ക് പോയി കട്ടൻചായയും കൊണ്ട് തിരിച്ചുവന്നു തിരിച്ചുവന്നു.
കഴിച്ചിട്ട് മരിച്ച വീട്ടിലേക്ക് ചെല്ലു അമ്മ പറഞ്ഞു. അമ്മൂമ്മയുടെ വീട് എന്ന് പറഞ്ഞു കേട്ടിരുന്ന ആ വീട് പെട്ടെന്ന് മരിച്ച വീട് ആയിരിക്കുന്നു അത് അങ്ങനെയാണ് കല്യാണം നടക്കുന്നതിനും രണ്ടുദിവസം മുമ്പ് പന്തൽ ഇടും അപ്പോൾ മുതൽ അത് കല്യാണവീടാണ്.
ഞങ്ങൾ ഭക്ഷണം കഴിച്ച് കട്ടൻകാപ്പി കുടിച്ചു മരിച്ച വീട് ലക്ഷ്യമാക്കി നടന്നു മരിച്ച വീടിന്റെ വേലിക്കപ്പുറത്ത് എത്തിയപ്പോഴേ നിലവിളിയുടെ ശബ്ദം കേൾക്കാൻ തുടങ്ങി ഞങ്ങളുടെ നടത്തത്തിന്റെ വേഗത കൂടി അതോട്ടമായി . വീടിൻ്റെ മേൽക്കൂര താങ്ങി നടത്തുന്ന ഉത്തരവുമായി ബന്ധിപ്പിക്കുന്ന തൂണിൽ രണ്ടുവശത്ത് നിന്നുകൊണ്ട് അമ്മൂമ്മയെക്കണ്ടു.
വെള്ള പുതപ്പിച്ച് വാഴയിലയിൽ തെക്കോട്ട് കിടത്തിയിരിക്കുന്നു തലഭാഗത്ത് നിലവിളക്ക് കത്തിച്ചുവച്ചിരിക്കുന്നു
തലയിൽ നിന്നും താടിയിലേക്ക് ഒരു വെളുത്ത തുണിയുടെ കഷ്ണം കൊണ്ട് കെട്ടിയിരിക്കുന്നു മൂക്കിൽ പഞ്ഞി തിരക്കി വച്ചിരിക്കുന്നു ഞാൻ പതിയെ നോട്ടം മാറ്റി, രാഗിണി ചിറ്റയെ നോക്കി, കണ്ടില്ല ഉറക്കെ കരയുന്നത് ചിറ്റയാണ് എന്നാണ് കരുതിയത്,
എന്റെ ഓർമ്മയിൽ ഇതുവരെ അമ്മമ്മയുടെ വീട്ടിൽ കണ്ടിട്ടില്ലാത്ത ഒരു സ്ത്രീ അവരാണ് അലമുറ ഇട്ടുകരയുന്നത്. അപ്പോഴാണ് അച്ഛന്റെ രാവിലെ പറഞ്ഞ ജീവിച്ചിരിക്കുന്ന എട്ട് പെണ്മക്കളുടെ കാര്യം ഓർമ്മ വന്നത്.അവരിൽ പ്രധാനിയാണ്.
ഞാൻ എണ്ണി നോക്കി പതിനാല് പെണ്ണുങ്ങൾ അമ്മൂമ്മയുടെ ചുറ്റും ഇരിപ്പുണ്ട് അതിൽ രാഗിണി ചിറ്റ ഇല്ല. ഞാൻ ആ വരാന്ത മുഴുവനും നോക്കി എന്റെ കാഴ്ചയിൽ എവിടെയും രാഗിണിയെ കണ്ടില്ല. ഞാൻ കാണുന്ന നേരത്തൊക്കെ അമ്മമ്മയുടെ അടുത്ത് എല്ലായിപ്പോഴും ഉണ്ടായിരുന്ന ആളെ പെട്ടെന്ന് കാണാത്തത് എനിക്ക് അത്ഭുതം തോന്നി. അമ്മുമ്മയുടെ അടുത്തിരിക്കുന്ന ഒരു സ്ത്രീ വീണ്ടും അലമുറയിട്ട് കരയാൻ തുടങ്ങി അതുവരെ നിശബ്ദമായി കണ്ണുനീർ തുടച്ചും സാരിത്തുമ്പ് പിടിച്ചും നിശബ്ദമായി പുറത്തേക്കും മാറിമാറി നോക്കിയിരുന്ന ആൾ പെട്ടന്ന് ഇങ്ങനെ അലമുറയിട്ട് കരയാൻ തുടങ്ങിയത് എന്ന് സംശയം തോന്നി. ഞങ്ങൾ പരസ്പരം നോക്കി അപ്പോഴാണ് കറുത്ത പാന്റും വെളുത്ത ഷർട്ടും ധരിച്ച ഒരാൾ ഞങ്ങളുടെ അരികിലൂടെ വന്നത് ഞാൻ ശ്രദ്ധിച്ചത്, ആളെ നോക്കി ആ സ്ത്രീ വീണ്ടും പാടി കരയാൻ തുടങ്ങി നല്ല ഇണത്തിൽ ഏതോ പഴങ്കഥ പറയുന്നതുപോലെ തോന്നി എനിക്ക് “അമ്മയെ കാണാൻ വരണം എന്ന് കഴിഞ്ഞ ദിവസം കൂടി എന്റെ കണ്ണൻ പറഞ്ഞതാണ് എന്നിട്ട് വന്നപ്പോൾ,എന്റെ കണ്ണനെ നോക്കണേ” ഉറക്കെ കരഞ്ഞുകൊണ്ട് മരിച്ചുകിടക്കുന്ന അമ്മയോട് ഇങ്ങനെ പറഞ്ഞു.
ആ വരികളിൽ നിന്ന് ആ സ്ത്രീയുടെ മകനാണ് വന്ന ആൾ എന്ന എല്ലാവർക്കും മനസ്സിലായി അമ്മൂമ്മയുടെ മുഖത്തേക്ക് നോക്കി തൊഴുത് പുറത്തേക്ക് ഇറങ്ങി. ഞങ്ങൾ പതിയെ മുറ്റത്തെ ഒരു വശത്തേക്ക് മാറിനിന്നു അപ്പോൾ എന്റെ മനസ്സിൽ രാഗിണി ചിറ്റ എവിടെയെന്ന് ചിന്തയായിരുന്നു ഞാൻ വീടിന്റെ പുറകിലേക്ക് നടന്നു ചെന്നു. ആ വീടിന്റെ പുറകിലായിക്കൊണ്ട് അവിടെ കുറെ സ്ത്രീകൾ ഒരുമിച്ചിരുന്നു എന്തോ ചെയ്യുന്നു, അവരുടെ കൂടെ രാഗിണി ചിറ്റയും ഉണ്ട്, എന്താണ് ചെയ്യുന്നത് മറുപടി പറയുന്നതിനുമുമ്പ് ഞങ്ങളുടെ അമ്മയും വന്ന് അവരുടെ കൂടെ കൂടി എന്താണ് ചെയ്യുന്നത് എന്റെ ചോദ്യം സ്വാഭാവികമായും അമ്മയോട് ആയി .ശവസംസ്‌കാരം കഴിഞ്ഞാൽ ബലിയിട്ടവർക്ക് കഴിക്കാനുള്ള കഞ്ഞി ഉണ്ടാക്കാൻ തുടങ്ങുകയാണ്.
രാഗിണി ചിറ്റ എന്താ അമ്മൂമ്മയുടെ അടുത്ത് പോയി ഇരിക്കാത്തത്. എന്റെ സംശയം ചോദ്യമായി. ‘അത് ചിറ്റയ്ക്ക് ഇരുന്നുകൂട അതാ‘ അമ്മ പറഞ്ഞു. അപ്പോൾ ഇവിടെ ഇരിക്കുന്നുണ്ടല്ലോ പിന്നെന്താ.. എന്റെ സംശയം. അതിന് മറുപടി പറഞ്ഞത് അമ്മയല്ല. കൂട്ടത്തിൽ മുതിർന്ന ഒരു സ്ത്രീയായിരുന്നു. അത് വടക്കേ വളപ്പിലെ വല്യമ്മയായിരുന്നു: ‘ഗുരുജി പറഞ്ഞു.’
നാട്ടിലെ എന്തിനും ഏതിനും പ്രത്യേകിച്ച് ചടങ്ങുകൾ കല്യാണം മരണം വഴിപാട് മന്ത്രവാദം ജ്യോതിഷം എല്ലാത്തിനും അവസാനവാക്ക് അതായിരുന്നു ഗുരുജി. രാഗിണി ചിറ്റ അമ്മുമ്മയുടെ അടുത്ത് ഇരിക്കരുത് എന്ന് ഗുരുജി പറഞ്ഞു, എന്നാലും എന്തിനായിരിക്കും അങ്ങനെ പറഞ്ഞത് ഇത്രയും കാലം അമ്മൂമ്മയുടെ എല്ലാ കാര്യങ്ങളും നോക്കി വൃത്തിയാക്കി പിന്നെ എന്തിനാ ചിറ്റയോട് അവിടെ ഇരിക്കേണ്ട എന്ന് ഗുരുജി പറഞ്ഞത്.ഗുരുജി നാട്ടിലെ ഏതു ചടങ്ങുകൾക്കും ആചാരങ്ങൾക്കും അവസാന വാക്കാണ്. കല്യാണം, മുഹൂർത്തം, ജാതക പ്പൊരുത്തം, മരണം, വഴിപാട്,കാതുകുത്ത്, നൂലുകെട്ട്, മന്ത്രവാദം എന്ന് വേണ്ട പ്രശ്നപരിഹാരക്രിയകൾ വരെ ഗുരുജിയുടെ നിർദേശത്തിലാണ് നടക്കുന്നത്. ചില കാര്യങ്ങളിലെ അവസാനവാക്ക്. എന്നാലും എന്തിനായിരിക്കും ഗുരുജി അങ്ങനെ പറഞ്ഞത്.ഇത്രയും കാലം എല്ലാ കാര്യങ്ങളും നോക്കി,വൃത്തിയാക്കി ഭക്ഷണവും കൊടുത്തു ഒരു കുറവും വരുത്താതെ ആരെക്കൊണ്ടും കുറ്റവും പറയാതെ ആരോടും പരാതിയും പറയാതെ ശുശ്രൂഷിച്ച രാഗിണി ചിറ്റ. എന്താണ് ഗുരുജി അങ്ങനെ പറഞ്ഞത് എന്ന ചിന്ത മാത്രമായി എന്റെ മനസ്സ് നിറയെ.
ഗുരുജിയെ സാധാരണ കാണാറുള്ളത് കാവിലെ പാല മരത്തിന്റെ ചുവട്ടിൽ കല്ലിൽ യക്ഷിയമ്മയ്ക്ക് വിളക്കും, ഗുരുതിക്ക് ചുവന്ന വെള്ളവും പഴവും കരിക്കിൻവെള്ളവും നേദിക്കുമ്പോഴും, പാലമരത്തിൽ ചുവന്ന പട്ടുചുറ്റി മുത്തപ്പന് തെങ്ങിൽ കള്ളും അടയും നേദിക്കുമ്പോഴും ആണ്. ആ ദിവസങ്ങളിലെല്ലാം ആളുകൾ ഗുരുജിയോട് സങ്കടങ്ങൾ പറയും അത് കേട്ട് കയ്യിൽ ഭസ്മം എടുത്ത് നെഞ്ചോട് ചേർത്ത് പ്രാർത്ഥിച്ചു കൈകൊണ്ട് വരുന്നവരുടെ തലയിൽ വെച്ച് സങ്കടനിവാരണ മാർഗം പറയും. കൂടെ കുറച്ച് കർമ്മങ്ങളും ചിലർക്ക് വഴിപാടായി മറ്റു ചിലർക്ക് വീട്ടിൽ മന്ത്രവാദമായി മറ്റു ചിലർക്ക് ദേശത്തെ അമ്പലങ്ങളിൽ വഴിപാട് ആയും ,
അത്തരത്തിൽ വലിയ മനുഷ്യൻ പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ എന്തോ കാരണമുണ്ട് ആരും എതിർപ്പ് ഒന്നും പറയാതെ അത് അംഗീകരിക്കുകയും ചെയ്തു.
എന്നാലും എന്താവും ആ കാരണം എന്റെ മനസ്സ് മരിച്ചുകിടന്ന രാഗിണി ചിറ്റയുടെയും ഗുരുജിയുടെയും ചുറ്റിലായി അങ്ങനെ നടന്നു.
ആണുങ്ങൾ എന്തിനാ അടുക്കളപ്പുറത്ത് നിൽക്കുന്നത് എന്ന ചോദ്യം കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത് .
അതെന്താ പെണ്ണുങ്ങൾക്ക് മാത്രമേ ഇവിടെ നിൽക്കാവുള്ളൂ എന്ന മറുചോദ്യം മനസ്സിൽ വന്നെങ്കിലും ഒന്നും പറഞ്ഞില്ല.
ഞാൻ പതിയെ വീടിന്റെ മുൻപിലെ പന്തലിൽ വന്നു നിന്നു.
പറമ്പിന്റെ തെക്ക് കിഴക്കേ മൂലയിലായി ദഹിപ്പിക്കാനുള്ള ചിത ഒരുക്കുന്നു.നിർദ്ദേശങ്ങൾ കൊടുത്തും സഹായിച്ചും അച്ഛനും അവിടെയുണ്ടായിരുന്നു. ഞാൻ പതിയെ അതിന്റെ അടുത്തുപോയി അപ്പോഴാണ് അതുവരെ എന്റെ കൂടെ ഉണ്ടായിരുന്ന ചേട്ടൻ കൂടെയില്ല എന്ന് ഞാൻ ശ്രമിച്ചത്.
ഗുരുജിയെ കുറിച്ചുള്ള ചിന്തകൾക്കിടയിൽ കൂടെയുണ്ടായിരുന്നു ചേട്ടൻ എവിടെപ്പോയി എന്ന് എനിക്ക് ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല ചിത യൊരുക്കുന്നത് ശ്രദ്ധിച്ചു നിന്ന എന്നോട് അച്ഛൻ ചേട്ടനെ കുറിച്ച് ചോദിച്ചു ,അപ്പുറത്ത് ഉണ്ട് എന്ന് ഞാൻ മറുപടി പറഞ്ഞു. അച്ഛൻ കൂടുതൽ ഒന്നും ചോദിക്കാതെ ചിതയൊരുക്കുന്നത് തുടർന്നു നാലുമണിക്കാണ് സംസ്കാരം രണ്ടുമണി കഴിയുമ്പോൾ ഗുരുജി കർമ്മിയേയും കൂട്ടിവരും എന്നു പറഞ്ഞിട്ടുണ്ട് ,അച്ഛൻ കൂടെ നിന്നവരോട് പറഞ്ഞു. സൂര്യാസ്തമയത്തിന് മുമ്പ് തീ കൊടുക്കണം. കൂട്ടത്തിൽ വിറകെടുത്ത് വെക്കുന്ന ആൾ പറഞ്ഞു.എല്ലാം എല്ലാം പറഞ്ഞേൽപ്പിച്ചിട്ടുണ്ടാവും. ജോലി തുടരുന്നതിനിടയിൽ അവരുടെ സംസാരവും തുടർന്നുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കർമ്മി വരാറായോ എന്ന് ചോദിച്ചുകൊണ്ട് അമ്മൂമ്മയുടെ മകൻ വന്നു ,സാധനങ്ങൾ എല്ലാം കടയിലെ ചെക്കൻ കൊണ്ടുവന്നു ചേട്ടൻ പറഞ്ഞു.
രണ്ടു മണിയാവുമ്പോൾ എത്തിക്കോളും നീയൊന്നും ശ്രദ്ധിക്കേണ്ട എല്ലാ ഞങ്ങൾ നോക്കിക്കോളാം മറുപടിയായി പറഞ്ഞു.

അപ്പോഴും എന്റെ മനസ്സിൽ അമ്മൂമ്മയോ ചിതയോ കർമ്മയോ ഒന്നുമായിരുന്നില്ല. എന്റെ മനസ്സിൽ രാഗിണി ചിറ്റയും ചിറ്റയോട് അമ്മമ്മയുടെ അടുത്ത് ഇരിക്കരുത് എന്ന് പറഞ്ഞ് ഗുരുജിയും ആയിരുന്നു. എന്തിനും ഉത്തരം പറഞ്ഞു തന്നിരുന്ന ആളായിരുന്ന അച്ഛനോട് ചോദിക്കാൻ പറ്റുമായിരുന്നില്ല. ഞാൻ എന്തെല്ലാം ആലോചിച്ചുകൊണ്ട് ചിത യൊരുക്കുന്നത് നോക്കി ഏറ്റവും അടിയിലായി വാഴത്തണ്ടും അതിനു മുകളിലായി വിറകും , അതിന്റെ മുകളിൽ ചിരട്ടയും ചകിരിയും, ചിത ഏകദേശം തയ്യാറായി.
ഒന്നര മണിയായി കാണും എനിക്ക് വിശന്നു തുടങ്ങിയിരുന്നു.ഞാൻ പതിയെ വീട്ടിലേക്ക് നടന്നു വീട്ടിലെത്തിയപ്പോൾ ചേട്ടനും കൂട്ടുകാരും കൂടി വരാന്തയിൽ വർത്തമാനം പറഞ്ഞു ഇരിക്കുന്നുണ്ടായിരുന്നു.
എന്റെ ചിന്തകൾ രാഗിണി ചിറ്റയിലും ഗുരുജിയിലും മാത്രമായി നിന്ന നേരത്ത് എന്റെ അടുത്തുണ്ടായിരുന്ന ചേട്ടൻ എങ്ങോട്ടോ മാറിപ്പോയിരുന്നു എങ്ങോട്ടാണ് പോയതെന്ന് എന്തിനാണ് പോയത് എന്ന് ഞാൻ ശ്രദ്ധിച്ചില്ല സത്യം പറഞ്ഞാൽ കുറെ നേരത്തേക്ക് മറ്റാരെയും കുറിച്ച് ചിന്തിച്ചിട്ടില്ല എന്നതാണ് നേര്
ഗ്രൗണ്ടിലെ ഫുട്ബോൾ കളി അതുകഴിഞ്ഞാൽ മീൻ പിടുത്തം അതാണ് ചേട്ടന്റെയും കൂട്ടുകാരനെയും പ്രധാന വിനോദം പക്ഷേ ഇന്ന് ഒരിടത്തും പോകേണ്ട എന്ന അച്ഛൻ പറഞ്ഞത് കേൾക്കാതെ അവൻ കൂട്ടുകാരുടെ കൂടെ പോയി. മരിച്ച വീട്ടിലെ തിരക്കിനിടയിൽ അച്ഛൻ മറ്റൊന്നും ശ്രദ്ധിക്കാൻ സാധ്യതയില്ല എന്ന് അവന് നന്നായി അറിയാമായിരിക്കണം അതുകൊണ്ടാണ് കൂട്ടുകാരുടെ കൂടെ പോകുവാൻ ധൈര്യം കാണിച്ചത് അല്ലെങ്കിലും നിന്ന നിൽപ്പിൽ മുങ്ങുന്നതും ആരും ശ്രദ്ധിക്കാത്ത രീതിയിൽ രംഗപ്രവേശനം ചെയ്യുന്നത് അവന്റെ ഒരു കഴിവാണ് .
ഒരിക്കൽ അയൽപക്കത്തെ ചേച്ചിയുടെ കല്യാണത്തിന് എല്ലാവരും സദ്യയുടെയും മറ്റു കല്യാണങ്ങളുടെയും തിരക്കിൽ നിൽക്കുന്ന സമയത്ത് അവനെ കാണാതെയായി കല്യാണ തിരക്കിനിടയിൽ അവൻ എങ്ങോട്ടാണ് പോയത് എന്ന് ആർക്കും മനസ്സിലായില്ല രാത്രി ഊണ് കഴിക്കുന്ന നേരത്ത് അവനും കൂട്ടുകാരും കൃത്യമായി പ്രത്യക്ഷപ്പെട്ടു. കല്യാണങ്ങളുടെ തലയിൽ ദിവസം ഇങ്ങനെ ഇവർ അപ്രത്യക്ഷമാവുന്നത് ഊണ് നേരമാകുമ്പോൾ തിരികെ വരുന്നതും ഒരു പതിവായി. ഇവർ പോകുന്നത് കണ്ടുപിടിക്കാൻ ഞാൻ അവരുടെ അടുത്ത് നിന്ന് മാറാതെ കൂടെ കൂടി എന്നെ ഒഴിവാക്കി പോകാൻ സാധ്യമല്ല എന്ന സാഹചര്യം വന്നപ്പോൾ ചേട്ടന്റെ കൂട്ടുകാർക്കിടയിൽ കൂട്ടത്തിൽ മുതിർന്ന ചേട്ടൻ എന്നോട് കാര്യം പറഞ്ഞു. അവർ സിനിമ കാണാൻ പോകുന്നതാണ് എന്നെയും കൂട്ടി കൊണ്ടുപോകു എന്ന് ഞാൻ പറഞ്ഞു. കുട്ടികൾക്ക് കാണാൻ പറ്റുന്ന സിനിമയല്ല എന്നു പറഞ്ഞു. കുറെ കഴിയുമ്പോൾ കൊണ്ടുപോകാം എന്ന് അവർ എന്നോട് പറഞ്ഞു.
അമ്മൂമ്മയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞു കണ്ടതൊന്നും എന്റെ മനസ്സിൽ തങ്ങിയില്ല കാരണം എന്റെ മനസ്സ് രാഗിണി ചിറ്റയിലും, ഗുരുജിയിലും, അമ്മുമ്മയുടെ ചടങ്ങുകളിൽ നിന്നും രാഗിണി ചിറ്റയെ മാറ്റിനിർത്തിയ എനിക്ക് മനസിലാവാത്ത കരണങ്ങളിലും ആയിരുന്നു. അമ്മുമ്മയുടെ ചടങ്ങുകളിൽ ആചാരപരമായ എല്ലാ കാര്യങ്ങളും പറഞ്ഞു ചെയ്യിച്ചത് ഗുരുജി ആയിരുന്നു. നാട്ടുകാർ പതിയെ പിരിഞ്ഞു പോകാൻ തുടങ്ങിയിരുന്നു എല്ലാവർക്കും കട്ടൻ ചായ കൊണ്ടുവന്നു കൊടുക്കാനുള്ള തിരക്കിലായിരുന്നു രാഗിണി ചിറ്റ. അപ്പോഴും എന്റെ മനസ്സിൽ ഒരു ചിന്ത മാത്രം മാറാതെ എന്തിനായിരിക്കും രാഗിണി ചിറ്റയെ എല്ലാത്തിൽ നിന്നും മാറ്റിനിർത്തിയത്!!!!

അർജ്ജുൻ ഒ.എൻ

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x