
എസ് സുധീഷ്
Published: 10 June 2026 സംസ്കാരപഠനം
ഡേറ്റ ദൈവമാണ്
ഉത്തരാധുനികതയുടെ ഡിജിറ്റല് മുതലാളിത്തയുക്തികള്
ഭാഗം-14
രാജഭരണകാലത്ത് രാജാവായ പുരുഷന് ലൈംഗികമായ അമിത അധികാരങ്ങൾ ഉണ്ടായിരുന്നു. പിന്നീട് പുരോഹിതന്മാരും ഇടപ്രഭുക്കന്മാരും ജന്മികളും ലൈംഗികമായ അമിതാധികാരം അനുഭവിച്ചു. സാമ്പത്തിക വിഭവാധികാരത്തിന്റെ അനുബന്ധമായിരുന്നു ഈ അമിത ലൈംഗിക അധികാരം. അല്ലെങ്കിൽ ഈ അമിത ലൈംഗികാധികാരത്തിന്റെ സിഗ്നിഫൈഡ് വിഭവാധികാര സ്ഥാനിയുടെ ആഡംബരമായിരുന്നു വിഭവാധികാര ജീവിതം.
മുതലാളിത്തത്തിന്റെ കാലമെത്തുമ്പോൾ മൂലധന ഉടമയായ പുരുഷൻ അമിത ലൈംഗിക സ്ഥാനിയായി മാറുന്നു. രാജാവിന്റെയോ പുരോഹിതന്റെയോ ഇടപ്രഭുവിന്റെയോ ജന്മിയുടെയോ സ്ഥാനത്ത് സാമ്പത്തിക അധികാരത്തിന്റെ പുതിയ രൂപമായ മുതലുടമ ലൈംഗികമായ അമിതാധികാരത്തെ തന്റെ അധികാരശക്തിയുടെ അടയാളമാക്കി മാറ്റുന്നു. ലൈംഗികതയെ സംബന്ധിച്ച് മനുഷ്യൻ രൂപപ്പെടുത്തിയ ആവശ്യത്തിന്റെ നിയമങ്ങൾക്കും അപ്പുറത്ത് നിൽക്കുക എന്നത് ധനാധികാരത്തിന്റെ അടയാളമായി മാറുന്നു.
ഓരോ സാമ്പത്തിക രാഷ്ട്രീയ അധികാര വ്യവസ്ഥയിലും അതീശവർഗ്ഗത്തിന് അതിനെ സംബന്ധിച്ച ജ്ഞാനവ്യവസ്ഥയുടെ സംരക്ഷണം ആവശ്യമായി വരുന്നു. സാമ്പത്തിക അധികാര വ്യവസ്ഥയിൽ സാമ്പത്തിക രാഷ്ട്രീയ അധികാരം എന്തുകൊണ്ട് ഒരു വ്യക്തിയിൽ അല്ലെങ്കിൽ സാമൂഹ്യ വിഭാഗത്തിൽ കേന്ദ്രീകരിക്കുന്നു എന്നതിന്റെ ന്യായപ്രമാണം ചമയ്ക്കുന്ന ജ്ഞാനികൾ ഉണ്ടായി വരുന്നത് അങ്ങനെയാണ്. മനുഷേച്ഛയ്ക്ക് അതീതമായി വർത്തിക്കുന്ന ഒരു അതിമാനുഷ ശക്തിയുടെ വർത്തകരായ പുരോഹിതന്മാർ ജ്ഞാനപ്രമാണ വക്താക്കളായി നിന്നുകൊണ്ട് സാമ്പത്തിക രാഷ്ട്രീയ അധികാര നീതിയെ,രാജനീതിയെ അതിമാനുഷികമായി ദൈവ നീതിയോട് അനുരഞ്ജിപ്പിച്ചിരുന്നു. ഓരോ കാലവും അധീശവർഗ്ഗാനുകൂല രാഷ്ട്രീയ ജ്ഞാന നിയമങ്ങൾ നിർമ്മിക്കുകയും ആ ജ്ഞാനനിർമ്മാണ പ്രക്രിയയിൽ ഏർപ്പെട്ടിരുന്നവരെ കലാകാരന്മാർ, തത്വചിന്തകന്മാർ എന്നൊക്കെ പറഞ്ഞ് ബഹുമാനിക്കുകയും ചെയ്തിരുന്നു.ഒരു സാങ്കേതികവിദ്യാ രൂപവും ഒരു ഉപകരണവും മൗലികമായി അധീശവർഗ്ഗാനുകൂലമല്ല എന്നതുപോലെ ഒരു ജ്ഞാനപ്രമാണവും മൗലികമായി അധീശവർഗ്ഗാനുകൂലമല്ല. എന്നാൽ അവയെ അധീശവർഗ്ഗാനുകൂലമാക്കി മാറ്റുകയും അധീശവർഗ്ഗാനുകൂല ജ്ഞാന നിയമങ്ങളും ന്യായപ്രമാണങ്ങളും നിർമ്മിക്കുകയും എന്നത് ജ്ഞാനി സമൂഹത്തിന്റെ ചുമതലയായിരുന്നു. എന്നാൽ ജ്ഞാനി സമൂഹത്തിൽ തന്നെ ഉൾപ്പെട്ടിരുന്ന ചിന്തകന്മാരോ കലാകാരന്മാരോ അപ്പാടെ അധീശവർഗ്ഗാനുകൂല ജ്ഞാനപ്രമാണ നിർമ്മാതാക്കൾ ആയിരുന്നില്ല. അധീശവർഗ്ഗാനുകൂല ജ്ഞാനപ്രമാണങ്ങൾക്ക് പ്രതിവ്യവഹാരങ്ങൾ നിർമ്മിച്ചുകൊണ്ട് നിലവിലിരിക്കുന്ന സാമ്പത്തിക രാഷ്ട്രീയ അധികാര വ്യവസ്ഥയെ തിരുത്തിമറിക്കുവാൻ അവർ ശ്രമിച്ചിരുന്നു.
നാടുവാഴിത്ത ഭൂപ്രഭുത്വ കാലത്ത് അധീശവർഗ്ഗത്തിന്റെ അമിത അധികാര സംരക്ഷണത്തിന്റെ വക്താവായിട്ടാണ് ഒരു നിമിഷം കൊണ്ട് കുചേലന്റെ കുടിൽ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കൊട്ടാരമാക്കി മാറ്റുന്ന ജ്ഞാനധർമ്മിഷ്ഠൻ പ്രത്യക്ഷപ്പെടുന്നത്. ജ്ഞാനധർമ്മിഷ്ഠനായ സ്വരൂപം പ്രകൃതി നിയമങ്ങളെ ഭേദിക്കുകയും മനുഷ്യന്റെ ആവശ്യത്തിന്റെ നിയമങ്ങൾക്കുമേൽ ആധ്യാത്മിക ബലപ്രയോഗം നടത്തിക്കൊണ്ട് ഒരു പ്രതിയാഥാർത്ഥ്യ സംഹിതയായി മാറുകയും ചെയ്യുന്നു. മനുഷ്യരിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ ധർമ്മം ആവശ്യ നിയമങ്ങൾ അനുശാസിക്കുന്നത് പ്രകാരം ചെയ്യേണ്ടുന്നത് പാദസേവയാണ്. അവർക്ക് ആളെ കൊല്ലാനുള്ള അവകാശമില്ല. ആളെ കൊല്ലുക എന്നത് ഭരണാധികാരി വർഗ്ഗമായ ക്ഷത്രിയന്റെ കുലധർമ്മമാണ്. അങ്ങനെയൊരു ആവശ്യം നിർവ്വഹിക്കാതെ നിങ്ങൾക്ക് ഭരണാധികാര സ്ഥാപനത്തിന്റെ ഭാഗമായിരിക്കാൻ കഴിയുകയില്ല. ഇങ്ങനെയൊരു ജ്ഞാനപ്രമാണത്തെ അധിമാനുഷവൽക്കരിക്കുന്നതിന് സംഭാവ്യ നിയമങ്ങളെ ഭേദിക്കുന്ന ഒരു പ്രതിഭാസത്തെ പാദാർത്ഥിക സമ്പത്തുവ്യവസ്ഥ എന്ന ഭൗതിക യാഥാർത്ഥ്യവുമായി സങ്കലനം ചെയ്ത് ഒരു പ്രതിയാഥാർത്ഥ്യ പ്രമാണം രൂപപ്പെടുത്തേണ്ടി വരുന്നു. അധീശവർഗ്ഗ താല്പര്യ സംരക്ഷണത്തിന് പ്രതിയാഥാർത്ഥ്യ നിർമ്മിതികൾ ആവശ്യമായി വരുന്നു എന്നാണ് അതിന്റെ അർത്ഥം. ഈ പ്രതിയാഥാർത്ഥ്യ നിർമ്മിതികൾ ഒരു കാരണവശാലും രാഷ്ട്രീയ സാമ്പത്തിക അധികാര സ്ഥാപനത്തിനെ നിലനിർത്തുന്ന അന്യായവാദങ്ങളെ ചോദ്യം ചെയ്യുന്നില്ല എന്നതുകൊണ്ട് അവ സൃഷ്ടിപരമായ മാറ്റത്തിന്റെ വെല്ലുവിളികൾ ഉയർത്തുക എന്ന കലാധർമ്മം നിർവ്വഹിക്കുന്നില്ല. കലയും കലേതര ആഖ്യാനങ്ങളും തമ്മിൽ വേർതിരിയുന്നത് ഇവിടെയാണ്.
വ്യവഹാരങ്ങളും വ്യവഹാരമർമ്മങ്ങളായ ജ്ഞാന നിയമങ്ങളും പാദാർത്ഥിക യാഥാർത്ഥ്യ നിരപേക്ഷമായ സ്വതന്ത്ര ജ്ഞാനരൂപങ്ങളല്ല. ഓരോ കാലഘട്ടത്തിലും നിലവിലിരിക്കുന്ന രാഷ്ട്രീയ സാമ്പത്തിക അധികാര വ്യവസ്ഥ അതിന്റെ പരിരക്ഷയ്ക്ക് വേണ്ടി നിർമ്മിക്കുന്ന വ്യവഹാരങ്ങളും ജ്ഞാനനിയമങ്ങളും പൊതുസമൂഹത്തിന്റെ ആവശ്യങ്ങളുടെ നിയമത്തെ സ്വാധീനിക്കുകയും കൊലചെയ്യുക എന്നത് ഒരു വിഭാഗത്തിന്റെ ആവശ്യമാണെന്നും കൊലചെയ്യപ്പെടുക എന്നത് യുദ്ധത്തിൽ തോറ്റ് അടിമവൽക്കരിക്കപ്പെടുക ജനവിഭാഗങ്ങളുടെ ആത്മസാക്ഷാത്കാരമാണ് എന്നും പാദദാസ്യവൃത്തി ജീവനിരിക്കുവോളം അടിമവർഗ്ഗത്തിന്റെ ജീവിതാവശ്യമാണെന്നുമൊക്കെയുള്ള ജ്ഞാനപ്രമാണങ്ങൾക്ക് ഇരുപതാം നൂറ്റാണ്ടിനെ വരെ സ്വാധീനിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക രാഷ്ട്രീയ അധികാര സ്ഥാപനത്തിന് ലഭിക്കുന്ന പ്രത്യേക ശാസ്ത്ര പരിരക്ഷയിലൂടെ ഹിംസിക്കപ്പെടുന്നത് മനുഷ്യത്വ നീതിയാണ്. അതേസമയം മേധാവിത്വ പ്രത്യയ ശാസ്ത്രം രൂപപ്പെടുന്നത് ആകാശത്തുനിന്നല്ല. ദൈവകല്പനകളുടെ മേധാശക്തി എന്ന നിലയിൽ പ്രയോഗിക്കപ്പെടുമ്പോഴും ഭൗതിക ജീവിതതലത്തിൽ ഒരു സമൂഹത്തിന്റെ അധികാരം എന്ത് അവകാശം എന്ത് എന്ന് നിർണ്ണയിച്ചുകൊണ്ട് ആവശ്യത്തിന്റെ നിയമങ്ങൾ സ്ഥാപിച്ചെടുക്കുകയാണ് അവ ചെയ്യുന്നത്. ജ്ഞാനസമ്പാദനത്തിന്റെ ആവശ്യം നിനക്കില്ല എന്ന് അധ:സ്ഥിതനോട് പറയുകയും അത് അധ:സ്ഥിതന്റെ ആവശ്യമല്ലാതായിത്തീരുകയും ചെയ്യുന്നതിന് കാരണം ജ്ഞാനം ഒരു രാഷ്ട്രീയ ബലപ്രയോഗത്തിന്റെ ഉപകരണമായിത്തീരുന്ന തീരുന്നതാണ്.പ്രതിലോമപരമായ ഒരു വ്യവഹാരത്തിനോ അതിന്റെ വിപരീതമായ പ്രതിവ്യവഹാരത്തിനോ സുസൂറിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു സിഗ്നിഫൈഡ് ഉണ്ട്. മനുഷ്യർക്കിടയിലെ ഭൗതിക സാമ്പത്തിക അധികാര വ്യവസ്ഥയെയാണ് സിഗ്നിഫയേഴ്സ് എന്ന് വിളിക്കാവുന്ന വ്യവഹാരങ്ങളോ സൂചകങ്ങളോ നിർദ്ദേശിക്കുന്നത്.
കൊല്ലുന്നവൻ കൊല്ലുന്നുവെന്ന് കാണുന്നതും കൊല്ലപ്പെടുന്നവൻ കൊല്ലപ്പെടുന്നുവെന്ന് കാണുന്നതും വെറും തോന്നൽ മാത്രമാണോ എന്ന് കഠോപനിഷത്ത് പറയുന്നു. ആത്മാവ് വധിക്കപ്പെട്ട ശരീരത്തിൽ നിന്ന് പറന്നുപോവുകയാണ്. ജീർണ്ണമോ അല്ലാത്തതോ ആയ ശരീരം എന്ന വസ്ത്രത്തിൽ കുടുങ്ങിക്കിടക്കുന്ന ആത്മാവിനെ ബലം പ്രയോഗിച്ച് മോചിപ്പിക്കുന്ന പ്രക്രിയയെയാണ് നാം കൊലപാതകം എന്ന് വിളിക്കുന്നത് എന്നാണ് ജ്ഞാനസിദ്ധാന്ത പാഠം. ഇവിടെ കൊലപാതകം എന്നത് കൊല്ലുന്നവനേക്കാൾ കൊല്ലപ്പെടുന്നവന്റെ ആവശ്യമാണ് എന്നാണ് സിദ്ധാന്തിച്ചിരിക്കുന്നത് എന്ന് വാദിക്കാം. സമർത്ഥനായ ഒരു ഭരണാധികാരി സമർത്ഥനായ ഒരു കൊലയാളി ആയിരിക്കുമെന്നൊരു വാദവും ഇവിടെ ഉന്നയിക്കാം. വാൾത്തലപ്പ് സാമ്പത്തിക രാഷ്ട്രീയ അധികാരം നിർണ്ണയിച്ചിരുന്ന ഒരു കാലഘട്ടത്തെ ആവശ്യ നിയമപ്രമാണത്തിന്റെ ഭാഗമാണ് മഹായുദ്ധങ്ങൾ അല്ലെങ്കിൽ കൂട്ടക്കൊലകൾ എന്നത് ചരിത്രത്തെ മുൻനിർത്തി സാക്ഷ്യപ്പെടുത്താവുന്നതാണ്.മനുഷ്യനെ നശിപ്പിക്കാൻ കഴിഞ്ഞേക്കും എന്നാൽ അവനെ പരാജയപ്പെടുത്താൻ ആവില്ല (ഹെമിങ് വെ) എന്നൊരു തത്വവും കൊല്ലുന്നതും കൊല്ലപ്പെടുന്നതും ഒന്നിന്റെയും അവസാനമല്ല എന്ന ഉപനിഷത് വാക്യത്തിൽ നിന്ന് വായിച്ചെടുക്കാം. പ്രത്യക്ഷത്തിൽ സാമ്പത്തിക രാഷ്ട്രീയ അധികാര വ്യവസ്ഥയുടെ സംരക്ഷണത്തിനായി നിർമ്മിക്കപ്പെടുന്ന ജ്ഞാന സിദ്ധാന്തങ്ങൾ പലതും അതിന്റെ വിപരീതമായ വിരുദ്ധോക്തി കൂടി പ്രസാധനം ചെയ്യുന്നുണ്ട് എന്നതിനാലാണ് അവയ്ക്ക് മനുഷ്യന്റെ ഭൗതിക ചരിത്ര സാധുത ആർജ്ജിക്കുന്നത്. ഒരാൾ കൊല്ലപ്പെട്ടു എന്നതുകൊണ്ടോ കൂട്ടക്കൊലകൾ ആവർത്തിക്കപ്പെടുന്നു എന്നതുകൊണ്ട് മനുഷ്യരാശിയുടെ നിലനിൽപ്പ് അവസാനിക്കുന്നില്ല എന്നത് സംഭാവ്യതാ നിയമങ്ങളെ ലംഘിക്കുന്ന അതിയാഥാർത്ഥ്യ സിദ്ധാന്തമായി തീരുന്നുമില്ല.
പ്രതിയാഥാർത്ഥ്യ പരിസരമുള്ള ഒരു ജ്ഞാന സിദ്ധാന്ത പരിസരം ചരിത്രത്തിലെ എല്ലാ സാമ്പത്തിക രാഷ്ട്രീയ അധികാര വ്യവസ്ഥയ്ക്കും രക്ഷാകവചം തീർത്തിരുന്നു. ദൈവ അവകാശ നിയമ നിയോഗമാണ് ഭരണാധികാരി എന്ന തത്വം തന്നെയും പ്രതിയാഥാർത്ഥ്യ ബദ്ധമായ രാഷ്ട്രീയ കവചമായിരുന്നു. അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവത്തിന്റെ സ്ഥാനത്ത് അതിനേക്കാൾ വലിയ അത്ഭുതങ്ങൾ പദാർത്ഥത്തിൽ നിക്ഷിപ്തമായിരിക്കുന്നു എന്ന് സമർത്ഥിക്കുന്ന ഉപകരണവിദ്യ സാമ്പത്തിക രാഷ്ട്രീയ സ്ഥാപനത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമ്പോൾ പ്രതിയാഥാർത്ഥ്യത്തിന്റെ സമകാലീന രൂപങ്ങൾ സാങ്കേതിക വിദ്യയുടെ സവിശേഷ സാഹചര്യത്തിൽ ഉല്പന്നമാകുന്നു എന്ന വാദം ഉത്തരാധുനികർ ഉന്നയിക്കുന്നുണ്ട്.
പാദാർത്ഥിക യാഥാർത്ഥ്യത്തെ പിന്തള്ളിക്കൊണ്ട് ആഖ്യാനം അല്ലെങ്കിൽ ചിഹ്നം അല്ലെങ്കിൽ വ്യവഹാരം പാദാർത്ഥിക യാഥാർത്ഥ്യത്തെയല്ല സിഗ്നിഫൈ ചെയ്യുന്നത് എന്ന് പറയുന്നത് പ്രാചീനമായ ആശയവാദത്തിന്റെ പുനരാവർത്തനമാണ് എങ്കിൽപ്പോലും ആധുനിക കമ്പോളം പാദാർത്ഥിക ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനെ ലക്ഷ്യമാക്കി നിർമ്മിക്കുന്ന വ്യവഹാരങ്ങൾ പാദാർത്ഥിക ഉല്പന്നബദ്ധമല്ല എന്ന വാദം ലാഭചൂഷണത്തിന്റെ ആഴം മറച്ചുപിടിക്കാൻ വേണ്ടിയുള്ളതാണ് എന്ന് വ്യക്തമാണ്. ഒരു സാഹിത്യകൃതി അല്ലെങ്കിൽ കലാകൃതി എത്രമാത്രം സാമ്പത്തിക രാഷ്ട്രീയ അധികാര താല്പര്യത്തെ സംരക്ഷിക്കുവാനുള്ള പദ്ധതിയായി തീരുന്നു അതല്ല അത് എത്രമാത്രം സാമ്പത്തിക രാഷ്ട്രീയ അധികാര ചൂഷണത്തിന് എതിരുനിൽക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അതിന്റെ ഗുണമേന്മ തീരുമാനിക്കപ്പെടുന്നത്.
നവ രാഷ്ട്രീയ സാമ്പത്തിക അധികാര വ്യവസ്ഥയുടെ ബൃഹദ് ആഖ്യാനമാണ് കമ്പോളം എന്നതുകൊണ്ട് ജനസമൂഹത്തിന്റെ ആവശ്യങ്ങൾ തീരുമാനിക്കാനുള്ള അവകാശത്തെയും ആവശ്യ നിയമത്തിന്റെ യുക്തിയെയും തകർക്കുന്ന ആഖ്യാനങ്ങളുടെ നിർമ്മാണമാണ് കമ്പോളത്തിൽ നിർവ്വഹിക്കപ്പെടുന്നത്. ദെറീദയുടെ തന്നെ സങ്കേതം കടമെടുത്തു പറഞ്ഞാൽ ആഖ്യാനം പാദാർത്ഥിക ഉല്പന്നത്തിന്റെ അപകീർത്തിയായി തീർന്നിരുന്നു. വിശ്വാസ മാഹാത്മ്യത്തിന്റെ ആഖ്യാനം വസ്ത്രമെന്ന പാദാർത്ഥിക ഉല്പന്നത്തിന്റെ നിരാസമായിരുന്നു കല്യാൺ സിൽക്സിന്റെ പരസ്യചിത്രം. പരസ്യചിത്രത്തിന്റെ സിഗ്നിഫൈഡ് ഉടുവസ്ത്രമല്ല മറിച്ച് പിതൃപുത്രി ബന്ധത്തിന്റെ മഹിമയും വിശ്വാസത്തിന്റെ വൈകാരിക മൂല്യവും ആണ് എന്ന് വരുമ്പോൾ ആഖ്യാനത്തിന്റെ മേധാശക്തികൊണ്ട് വിറ്റഴിക്കപ്പെടുന്ന ഭൗതിക ഉല്പന്നം അപനിർമ്മിക്കപ്പെടുകയാണ്. പാദാർത്ഥിക ഉല്പന്നമെന്ന നിർമ്മിതി അപനിർമ്മിക്കപ്പെടുന്നത് പാദാർത്ഥിക യാഥാർത്ഥ്യത്തിന്റെ വെള്ളം തൊടാത്ത ആഖ്യാനത്തിലൂടെയാണ്. ചുരുക്കത്തിൽ കമ്പോളത്തിന്റെ ലാഭചൂഷണക്രിയ അതിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചേരുന്നത് ഇത്തരം അപനിർമ്മിതി പ്രവർത്തനത്തിലൂടെയാണ്.
അടിമത്തം, രാജവാഴ്ച, നാടുവാഴിത്തം, ജന്മിത്തം, മുതലാളിത്തം എന്നിങ്ങനെയുള്ള സാമ്പത്തിക രാഷ്ട്രീയ അധികാര സ്ഥാപനങ്ങളെ എല്ലാം നിലനിർത്തുന്നതിൽ ഉത്തരാധുനികർ വിവരിക്കുന്നതുപോലെയുള്ള പ്രതിയാഥാർത്ഥ്യപരമായ ആഖ്യാനങ്ങൾ അതതു കാലത്ത് നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. അടിമത്തത്തിന്റെ കാലത്ത് ഉടമയും രാജവാഴ്ചയുടെ കാലത്ത് രാജാവും നാടുവാഴിത്തത്തിന്റെ കാലത്ത് നാടുവാഴിയും ജന്മിയുമൊക്കെ അധികാര സ്ഥാപനങ്ങളായിരിക്കുമ്പോൾ തന്നെ ആ അധികാര സ്ഥാപനങ്ങളിൽ സംഭവിക്കുന്ന അധികാര തർക്കങ്ങളുടെ ആഖ്യാനങ്ങൾ ഉണ്ടായിവന്നിട്ടുണ്ട്. അതേസമയം അധികാര തർക്കങ്ങളിൽ ജേതാവായിത്തീരുന്ന ഭരണാധികാരിക്ക് ദൈവ നീതിയുടെ പിന്തുണ നൽകി കൊടുക്കുന്ന ആഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. അതിനു വിപരീതമായി അധികാര തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന വിഭാഗങ്ങളെ ജനകീയ പിന്തുണകൊണ്ട് മഹത്വപ്പെടുത്തുന്നതിനു പകരം ജനതാല്പര്യങ്ങൾ ചതിക്കപ്പെട്ടിരിക്കുന്നു എന്ന സൂചനകൾ നൽകുന്ന ആഖ്യാനങ്ങളും ഉണ്ടായിവന്നിട്ടുണ്ട്. രണ്ടാമതു പറഞ്ഞ വിഭാഗത്തിൽപ്പെട്ട കൃതികളാണ് സ്വാഭാവികമായും കലയുടെ ധർമ്മം നിർവ്വഹിക്കുന്നത്.
ഉടമ, രാജാവ്, സാമ്രാട്ട്, നാടുവാഴി, ജന്മി എന്നിങ്ങനെ ദൈവ പിന്തുണയാൽ മഹത്വപ്പെട്ട അധികാര സ്ഥാപനങ്ങളുടെ സ്ഥാനത്ത് പിൽക്കാലത്ത് മുതലുടമ പ്രത്യക്ഷപ്പെടുന്നത് ഭൗതിക സമ്പത്തിന്റെ ഉടമസ്ഥത മൂലധന ഉടമസ്ഥതയായി മാറുന്നു. ഭൗതിക സമ്പത്ത് പണത്തിന്റെ രൂപത്തിൽ നിർണ്ണയിക്കപ്പെടുന്നു. മുതലാളിത്തം അധികാര സ്ഥാപനമായി മാറുമ്പോൾ ധനകാര്യ ക്രയവിക്രയങ്ങൾ അധികാരം നടത്തുന്നു. ധനകാര്യത്തിന്റെ ചിഹ്നമെന്ന നിലയിൽ പണവും അധികാര സ്ഥാപനമെന്ന നിലയിൽ മൂലധന അധിപനും പൂർവ്വകാല അധികാര സ്ഥാപനങ്ങളെ പിന്തള്ളിക്കൊണ്ട് പ്രാമാണികത ആർജ്ജിക്കുന്നു. മൂലധന നിക്ഷേപം അധികാരശക്തിയുടെ മാനദണ്ഡവും മിച്ചമൂല്യപ്പെരുപ്പം അധികാര സ്ഥാപനത്തിന്റെ ലക്ഷ്യവുമായിത്തീരുന്നു.

