
ഷൂബ. കെ. എസ്.
Published: 10 july 2026 മുന്നുര
ഹിഗ്വിറ്റ.മാധവൻ.മയക്കുമരുന്ന്
എസ്കോബാർ മുതൽ എസ്കോബാർ വരെ
ചില വ്യക്തികളെക്കുറിച്ച് ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്: മാഷ് മഹാനായ ഒരു മനുഷ്യനാണ്, വലിയ പ്രശ്നങ്ങളുണ്ടാകുമ്പോൾ അതു പരിഹരിക്കാനറിയാം. അപ്പോൾ കേട്ടു നിന്നയാൾ ഇങ്ങനെ ചോദിക്കുന്നു: മാഷ് വരുന്നതിന് മുൻപ് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലല്ലോ… അപ്പോഴാണ് അതിനെക്കുറിച്ച് ആലോചിക്കുന്നത്. പ്രശ്നം ഉണ്ടാക്കുന്നതും പരിഹരിക്കുന്നതും ഒരാൾ തന്നെയാണല്ലോ എന്ന്.വെള്ളം കലക്കി മീൻ പിടിക്കുക എന്നത് വലിയ രാഷ്ട്രീയായുധമായി എക്കാലത്തും ഉണ്ടായിരുന്നു.പക്ഷെ ഇന്ന് അതു ഭീമാകാരമായി മാറിയിരിക്കുന്നു. നന്മയും തിന്മയും ഒരാൾ തന്നെ ഉണ്ടാക്കുകയും രണ്ടായാലും ചിലർക്ക് നേട്ടമായി മാറുകയും ചെയ്യുന്നു. ദുരന്തങ്ങൾ പതിവുപോലെ ഏറ്റവും ഒടുവിലാകുന്ന ജനങ്ങൾക്ക് തന്നെയായി മാറുന്നു. നിലവിലുള്ള പ്രശ്നങ്ങളെ കൂടുതൽ വഷളാക്കി, അതിൽ നന്മയുടെയും തിന്മയുടെയും ചേരികളുണ്ടാക്കി രണ്ടിലും തരാതരം പോലെ നിലയുറപ്പിച്ച് നേട്ടങ്ങൾ ഉണ്ടാക്കുന്നത്, രക്ഷകനായും ശിക്ഷകനായും വരുന്നത് ലോക രാഷ്ട്രീയത്തിൽ ആവർത്തിക്കുന്ന പ്രമേയമാണ്. അമേരിക്കൻ ചാരസംഘടനയായ ClA യുടെ പ്രധാന രാഷ്ട്രീയപ്രവർത്തനം തന്നെ ഇതാണ് എന്നു ഇന്നു ലോകത്തിനറിയാം.സദ്ദാം ഹുസൈനെയും, പനാമയിലെ നൊറിയേഗയെയും, വിയറ്റ്നാമിലെ ദീമിനെയുമൊക്കെ ആവശ്യാനുസരണം രക്ഷകന്റെ വേഷമണിഞ്ഞു സിംഹാസനത്തിലിരുത്തിയതും പിന്നീട് കൊന്നതും ഈ രാഷ്ട്രീയത്തിൻ്റെ ഭാഗമാണ്. കൊളമ്പിയൻ ഫുട്ബോൾ ചരിത്രം രക്ഷയുടെയും ശിക്ഷയുടെയും രക്തരൂക്ഷിതമായ ചരിത്രമാണ്.
1.
ഒരു ജനത അവരുടെ രക്ഷ സ്വയം കണ്ടെത്തിയില്ലെങ്കിൽ ഏതറ്റം വരെ പോകാൻ സാധിക്കും എന്നതിൻ്റെ രാഷ്ട്രീയ ദൃഷ്ടാന്ത കഥയാണ് ഫുട്ബോളുമായി ബന്ധപ്പെട്ട് കിടക്കുന്ന കൊളമ്പിയൻ രാഷ്ട്രീയം. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ കോടീശ്വരനായി ഫോർബ്സ് മാസിക തിരഞ്ഞെടുത്തയാളാണ് കൊളമ്പിയൻ മയക്കുമരുന്നു വ്യാപാരി പാബ്ലോ എസ്കോബാർ. അമേരിക്കയിലേക്ക് കടത്തുന്ന കൊക്കെയ്ന്റെ 80 ശതമാനവും നിയന്ത്രിച്ചിരുന്ന എസ്കോബാറിൻ്റെ മെദെലിൻ കാർട്ടൽ (Medellin Cartel) പ്രതിദിനം ദശലക്ഷക്കണക്കിന് ഡോളറാണ് സമ്പാദിച്ചിരുന്നത്. സ്വന്തമായി അത്യാധുനിക സൈന്യമുള്ള ഒരു സമാന്തര ഭരണകൂടം തന്നെയായിരുന്നു എസ്കോബാറിന്റെ മയക്കുമരുന്ന് സാമ്രാജ്യം.കൊളംബിയൻ സർക്കാരിനെ വെല്ലുവിളിച്ച് ബോംബാക്രമണങ്ങളും കൊലപാതകങ്ങളും പരമ്പരയായി നടത്തിയ എസ്കോബാർ, ഭരണകൂടത്തിൻ്റെയും കൊളമ്പിയയുടെ രക്ഷയ്ക്കായി എത്തിയ അമേരിക്കയുടെയും സമ്മർദ്ദത്തിന് വഴങ്ങി ഒടുവിൽ 1991-ൽ സർക്കാരിന് മുന്നിൽ കീഴടങ്ങാൻ തയ്യാറായി. എന്നാൽ ഒരു കുറ്റവാളിയും ചരിത്രത്തിൽ ഇന്നേവരെ മുന്നോട്ടുവെക്കാത്ത വിധം അവിശ്വസനീയവും നാടകീയവുമായ ഉപാധികളാണ് എസ്കോബാർ സമർപ്പിച്ചത്. താൻ സർക്കാർ ജയിലിൽ കിടക്കില്ല.തനിക്കായി താൻ ജയിൽ പണിയും.അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.മെദെലിൻ നഗരത്തിന് മുകളിലുള്ള കുന്നിൻമുകളിൽ സ്വന്തം ചിലവിൽ അയാൾ ഒരു ലക്ഷ്വറി ജയിൽ നിർമ്മിച്ചു. ‘ലാ കത്തീഡ്രൽ’ (The Cathedral) എന്നറിയപ്പെട്ട ഈ ജയിലിൽ വാട്ടർഫാൾ, ഫുട്ബോൾ മൈതാനം, ബാർ, കാസിനോ എന്നിവയുണ്ടായിരുന്നു.ജയിലിന്റെ കാവൽക്കാരായി ആര് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം എസ്കോബാറിനായിരുന്നു. കൊളംബിയൻ സൈന്യത്തിന് ഈ ജയിലിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രവേശിക്കാൻ അനുവാദമില്ലായിരുന്നു.ജയിലിനുള്ളിലിരുന്ന് തന്റെ മയക്കുമരുന്ന് സാമ്രാജ്യം നിയന്ത്രിക്കാനും കൂട്ടാളികളെ കാണാനുമുള്ള സ്വാതന്ത്ര്യം അവൻ ഉറപ്പുവരുത്തി. ഇങ്ങനെയൊരു ഡീൽ ഉണ്ടാക്കുമ്പോൾ കൊളമ്പിയൻ ഭരണകൂടത്തിന് എസ്കോബാർ നല്കിയ വാഗ്ദാനം ഭയപ്പെടുത്തും വിധം അവിശ്വസനീയമായിരുന്നു.കൊളംബിയയുടെ അന്നത്തെ ആകെ വിദേശ കടമായിരുന്ന ഏതാണ്ട് 10 മുതൽ 14 ബില്യൺ ഡോളർ (തങ്ങളുടെ മയക്കുമരുന്ന് പണം ഉപയോഗിച്ച്) മുഴുവനായി വീട്ടിക്കൊള്ളാം എന്നായിരുന്നു വാഗ്ദാനം.ഇന്നത്തെ നിലയിൽ ഏതാണ്ട് 3.5 ലക്ഷം കോടി രൂപയോളം രൂപ വരും അത്.ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുഴുവൻ വിലയ്ക്കെടുക്കാൻ തക്കവണ്ണം വന്യമായ സാമ്പത്തിക അപ്രമാദിത്വം ഒരു അധോലോക നായകൻ കൈവരിച്ചു എന്നതിന്റെ ചരിത്രപരമായ സാക്ഷ്യപത്രമാണ് ഈ അക്കങ്ങൾ.
ജയിലിലും എസ്കോബാർ കൊലപാതകങ്ങൾ ആവർത്തിച്ചപ്പോൾ ഭരണകൂടവും CIA യും എസ്കോബാറെ പിടികൂടാൻ ശ്രമിച്ചു.ലാ കത്തീഡ്രൽ ജയിലിൽ നിന്ന് ചാടിയ എസ്കോബാറെ പിടികൂടാൻകൊളംബിയൻ പോലീസ് രൂപീകരിച്ച ‘സെർച്ച് ബ്ലോക്ക്’ (Search Bloc) എന്ന പ്രത്യേക സായുധ സംഘത്തിന് അമേരിക്കയുടെ CIA-യും DEA-യും (Drug Enforcement Administration) അത്യാധുനിക സാങ്കേതിക സഹായങ്ങൾ നൽകി. ഒപ്പം, എസ്കോബാറിന്റെ ശത്രുക്കളായ മറ്റൊരു മാഫിയ സംഘം ‘ലോസ് പെപെസ്’ (Los Pepes) എന്ന പേരിൽ വംശീയയുദ്ധം പ്രഖ്യാപിച്ച് എസ് കോബാറിൻ്റെ കൂട്ടാളികളെ വേട്ടയാടിക്കൊണ്ടിരുന്നു.
ഒളിവിൽ കഴിയുമ്പോൾ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്ന എസ്കോബാറിന് ഒടുവിൽ പിഴച്ചു. മെദെലിനിലെ ഒരു മധ്യവർഗ്ഗ ക്വാർട്ടേഴ്സിൽ ഒളിച്ചിരിക്കെ, തന്റെ മകനുമായി അയാൾ ഫോണിൽ സംസാരിച്ചു. ആ റേഡിയോ സിഗ്നലുകൾ പിന്തുടർന്ന കൊളംബിയൻ ഇലക്ട്രോണിക് സർവൈലൻസ് ടീം അവൻ ഇരിക്കുന്ന കൃത്യമായ കെട്ടിടം കണ്ടെത്തുകയായിരുന്നു.ബ്ലോക്ക് സൈന്യം കെട്ടിടം വളഞ്ഞതോടെ എസ്കോബാറും അവന്റെ ബോഡിഗാർഡായ ‘എൽ ലിമോണും’ തൊട്ടടുത്ത കെട്ടിടങ്ങളുടെ മേൽക്കൂരയിലൂടെ വെടിയുതിർത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ചുറ്റും വളഞ്ഞ സൈന്യം അവർക്കു നേരെ തുരുതുരാ വെടിയുതിർത്തു.ആ കെട്ടിടത്തിന്റെ മേൽക്കൂരയിൽ വച്ച് എസ്കോബാറിന്റെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ തറച്ചു—കാലിലും തോളിലും, ഒടുവിൽ വലത് ചെവിയിലൂടെ തുളച്ചുകയറിയ മാരകമായ ഒരു വെടിയുണ്ടയും. ആ വെടിയേറ്റാണ് അയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചുവീണത്.
ഇത്തരത്തിൽ ഒരു ആക്ഷൻ സിനിമയിലെ നായക വിജയം പോലെ കൊളമ്പിയൻ ഭരണകൂടവും ClA യും നിൽക്കുമ്പോൾ ഈ രക്ഷാപ്രവർത്തനത്തിന് ഒരു മറുപുറമുണ്ട്. ഈ കുറ്റകൃത്യത്തെ നിർമ്മിച്ചതും ഇവർ തന്നെയാണ്.1996-ൽ ‘സാൻ ഹോസെ മെർക്കുറി ന്യൂസ്’ എന്ന പത്രത്തിൽ ജേർണലിസ്റ്റ് ഗാരി വെബ്ബ് (Gary Webb) എഴുതിയ ‘ഡാർക്ക് അലയൻസ്’ എന്ന പരമ്പര തെളിവുകൾ പുറത്തുകൊണ്ടുവന്നു. എസ്കോബാറിന്റെ കാർട്ടലിൽ നിന്നുള്ള കൊക്കെയ്ൻ ടൺ കണക്കിന് അമേരിക്കയിലെ കറുത്തവർഗ്ഗക്കാർ താമസിക്കുന്ന ചേരികളിലേക്ക് (Crack Epidemic ആയി) ഒഴുകിയപ്പോൾ CIA അതിന് സംരക്ഷണമൊരുക്കി എന്നായിരുന്നു ആ കണ്ടെത്തൽ. മയക്കുമരുന്ന് കടത്തുകാരായ ആളുകൾക്ക് സായുധ വിമാനങ്ങളും റൺവേകളും ഉപയോഗിക്കാൻ CIA-യുടെ ഉന്നതർ അനുമതി നൽകിയതിന്റെ രേഖകൾ അദ്ദേഹം പുറത്തുവിട്ടു.മെദെലിൻ കാർട്ടലിന്റെ പ്രധാന പൈലറ്റും എസ്കോബാറിന്റെ വിശ്വസ്തനുമായിരുന്ന ബാരി സീൽ (Barry Seal) ഒരേസമയം CIA-യുടെയും ഇൻഫോർമർ ആയിരുന്നു. ടൺ കണക്കിന് മയക്കുമരുന്ന് അമേരിക്കൻ മണ്ണിലേക്ക് കടത്താൻ ഇയാൾക്ക് കഴിഞ്ഞത് CIA-യുടെ തണലിലായിരുന്നു. പിന്നീട് ഇയാൾ പിടിയിലാവുകയും മാപ്പുസാക്ഷിയാവുകയും ചെയ്തെങ്കിലും, വിചാരണയ്ക്ക് തൊട്ടുമുമ്പ് 1986-ൽ മെദെലിൻ കാർട്ടലിന്റെ ഹിറ്റ്മാൻമാരാൽ കൊല്ലപ്പെടുകയായിരുന്നു.കമ്മ്യൂണിസത്തെ ചെറുക്കുക എന്ന ‘വലിയ നന്മയ്ക്ക്’ വേണ്ടി മയക്കുമരുന്ന് മാഫിയ എന്ന ‘ചെറിയ തിന്മയെ’ കൂട്ടുപിടിക്കുക എന്നതായിരുന്നു CIA തന്ത്രം. അതുകൊണ്ടാണ് സ്വന്തം രാജ്യത്തെ യുവത്വത്തെ കൊക്കെയ്ൻ അടിമകളാക്കാൻ പോന്ന ശേഷിയുണ്ടായിട്ടും, പ്രാരംഭഘട്ടത്തിൽ പാബ്ലോ എസ്കോബാറിനെപ്പോലൊരു ഭീകരനെ തടയാൻ അമേരിക്കൻ ഏജൻസികൾ വിമുഖത കാണിച്ചത്. എന്നാൽ സോവിയറ്റ് യൂണിയൻ്റെ തകർച്ചയോടെ കമ്മ്യൂണിസ്റ്റ് ഭീഷണി ഒടുങ്ങുകയും എസ്കോബാർ തങ്ങൾക്ക് പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയാത്തവിധം വളരുകയും ചെയ്തപ്പോഴാണ് എസ്കോബാറെ ഇല്ലാതാക്കാൻ ഇതേ ചാരക്കണ്ണുകൾ കൊളംബിയയിൽ വേട്ടനായ്ക്കളെപ്പോലെ ഇറങ്ങിയത്.ClA യുടെ പിന്തുണ ഉണ്ടായിരുന്ന കാലത്ത് എസ്കോബാർ തന്നെയും നാട്ടുകാരുടെ രക്ഷനായിരുന്നു. കൊളമ്പിയൻ ഭരണകൂടത്തിൻ്റെ പിടിപ്പുകേടുകളും പരാധീനതകളും പരിഹരിക്കുന്ന ആളായാണ് അവതരിക്കപ്പെട്ടത്.മയക്കുമരുന്ന് പണം ഉപയോഗിച്ച് മെദെലിനിലെ ചേരികളിൽ സൗജന്യ വീടുകൾ, ഫുട്ബോൾ മൈതാനങ്ങൾ, ആശുപത്രികൾ എന്നിവ നിർമ്മിച്ച് പാവപ്പെട്ടവരുടെ ‘രക്ഷകനായി’ മാറാൻ എസ്കോബാർ ശ്രമിച്ചു. ഈ ജനപ്രീതി ഉപയോഗിച്ച് 1982-ൽ കൊളംബിയൻ പാർലമെന്റിലേക്ക് (Alternate Member of Chamber of Representatives) തിരഞ്ഞെടുക്കപ്പെടാനും സാധിച്ചു. കള്ളപ്പണം വെളുപ്പിക്കാനുള്ള വഴികളായിരുന്നു ഈ സന്നദ്ധ സംഘ പ്രവർത്തനം.കാണികളുടെ കണക്ക് കൂട്ടിക്കാണിക്കുക,കളിക്കാരെ ഭീമമായ തുകയ്ക്ക് വാങ്ങിയതായി കാണിക്കുക തുടങ്ങിയവയായിരുന്നു കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗ്ഗം.തങ്ങളുടെ സ്വന്തം നഗരങ്ങളിലെ ക്ലബ്ബുകളെ (മെദെലിനിലെ ‘അത്‌ലറ്റിക്കോ നാഷനൽ’ ക്ലബ്ബിനെ എസ്കോബാറും, കാലി കാർട്ടൽ ‘അമേരിക്ക ഡി കാലി’ ക്ലബ്ബിനെയും) മാഫിയാ തലവന്മാർ വിലയ്ക്കെടുത്തു. വൻതോതിൽ പണമൊഴുക്കി ലോകോത്തര കളിക്കാരെയും കോച്ചുമാരെയും അവർ ടീമിലെത്തിച്ചു. ഇത് കള്ളപ്പണം വെളുപ്പിക്കാൻ മാത്രമല്ല, ഫുട്ബോളിനെ ജീവശ്വാസമായി കണ്ടിരുന്ന സാധാരണ ജനങ്ങൾക്കിടയിൽ മാഫിയാ തലവന്മാർക്ക് വലിയ ജനപ്രീതിയും രാഷ്ട്രീയസുരക്ഷിതത്വവും നേടിക്കൊടുക്കാനും സഹായിച്ചു.ഒരു ജനതയുടെ രക്ഷ, സേ്പോർട്ട്സിൻ്റെ ഉന്നമനം ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള അധോലോക – വൈദേശിക ഇടപെടലുകളായി മാറുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ് കൊളമ്പിയൻ ഫുട്ബോൾ ചരിത്രം, അതിന് എന്തുമാത്രം നേട്ട ചരിത്രങ്ങൾ അവകാശപ്പെടാൻ ഉണ്ടായാലും.
2.
ഫുഡ്ബോൾ പോലുള്ള കളികൾക്ക് ശാരീരികവും മാനസികവുമായ ധർമ്മങ്ങൾ ഉണ്ട്.പേശികൾക്കു കരുത്തു (Strength) നൽകുന്നതും ശരീരത്തിലെ അധിക കൊഴുപ്പ് ഇല്ലാതാക്കി ബോഡി മാസ് ഇൻഡക്സ് (BMI) കൃത്യമായ അളവിൽ നിലനിർത്തുന്നതും ശരീരത്തിൻ്റെ മാത്രമല്ല, മനസിൻ്റെയും ആരോഗ്യത്തിന് ആവശ്യമാണ്. പല മനശ്ശാസ്ത്രജ്ഞരും ഇക്കാര്യങ്ങൾ പഠിച്ചിട്ടുണ്ട്.കഥാർസിസ് തിയറി (Catharsis Theory) ഉദാഹരണമാണ്. മനുഷ്യനിൽ സഹജമായിട്ടുള്ള ആക്രമണോത്സുകതയും (Aggression) മാനസിക സമ്മർദ്ദവും ദേഷ്യവുമൊക്കെ സമൂഹത്തിന് ദോഷകരമല്ലാത്ത രീതിയിൽ ചാനലൈസ് ചെയ്യാൻ (പുറന്തള്ളാൻ) സ്പോർട്സ് സഹായിക്കുന്നു. കളിക്കളത്തിൽ തീരുന്ന ആവേശം യഥാർത്ഥ ജീവിതത്തിലെ അക്രമങ്ങൾ കുറയ്ക്കും എന്നാണ് ഈ സിദ്ധാന്തം പറയുന്നത്.സർപ്ലസ് എനർജി തിയറി (Surplus Energy Theory)ഹെർബർട്ട് സ്പെൻസറെപ്പോലുള്ളവർ മുന്നോട്ടുവെച്ചതാണ്. മനുഷ്യ ശരീരത്തിൽ (പ്രത്യേകിച്ച് കുട്ടികളിൽ) ദൈനംദിന ആവശ്യങ്ങൾക്ക് ശേഷം ബാക്കിവരുന്ന അധിക ഊർജ്ജം (Surplus Energy) ആരോഗ്യകരമായ രീതിയിൽ കളികളിലൂടെയും സ്പോർട്സിലൂടെയും പുറത്തുവിടേണ്ടതുണ്ട്. ഇല്ലെങ്കിൽ അത് മാനസിക അസ്വാസ്ഥ്യങ്ങൾക്ക് കാരണമാകാം.സെൽഫ്-ഡിറ്റർമിനേഷൻ തിയറി (Self-Determination Theory) മറ്റ് ചില കാര്യങ്ങൾ പറയുന്നു. മനുഷ്യന്റെ മൂന്ന് അടിസ്ഥാന ആവശ്യങ്ങളായ സ്വയംഭരണാവകാശം (Autonomy), കാര്യപ്രാപ്തി (Competence), സാമൂഹിക ബന്ധം (Relatedness) എന്നിവ നൽകാൻ സ്പോർട്സിന് കഴിയും. സ്പോർട്സിൽ ഏർപ്പെടുമ്പോൾ ഒരാൾക്ക് സ്വന്തം ശരീരത്തിന്മേലും തീരുമാനങ്ങളിന്മേലും നിയന്ത്രണം കിട്ടുകയും, കഴിവ് വർദ്ധിക്കുകയും, ഒരു ഗ്രൂപ്പിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു.ഫങ്ഷണലിസ്റ്റ് തിയറി (Functionalist Theory)പ്രകാരം സമൂഹം സുഗമമായി മുന്നോട്ടുപോകാൻ സ്പോർട്സ് അത്യാവശ്യമാണ്. സ്പോർട്സ് മനുഷ്യരിൽ ടീം വർക്ക്, അച്ചടക്കം, നിയമങ്ങളോടുള്ള ആദരവ്, കഠിനാധ്വാനം എന്നീ മൂല്യങ്ങൾ വളർത്തുന്നു. ഇത് സമൂഹത്തിൽ ഒരുമയും (Social Cohesion) സ്ഥിരതയും നിലനിർത്താൻ സഹായിക്കുന്നു. ഇതൊക്കെയാണ് നിരീക്ഷണങ്ങൾ. പരാജയങ്ങളെ സമചിത്ത തോയോടെയും സഹിഷ്ണുതയോടെയും സമീപിക്കാനും കൂട്ടായ്മയുടെജീവിതബോധം ഉണ്ടാക്കാനും അസ്തിത്വ സ്ഥാപനത്തിനും തീർച്ചയായും സ്പോർട്ട്സിന് കഴിയും. അതുകൊണ്ടാണ് മയക്കുമരുന്നിനെ ചെറുക്കാൻ കളികൾക്ക് കഴിയുമെന്നു കരുതുന്നത്.( ‘സ്പോർട്ട് സിനെ എട്, ഡ്രഗ്സിനെ വിട്’’ – തമിഴ് നാട് മുഖ്യമന്ത്രിയുടെ മുദ്രാവാക്യം ഇതാണ്)
എന്നാൽ ശരീരത്തെ അപകർഷമായി കരുതുന്ന ചില ചരിത്രസന്ദർഭങ്ങളിൽ കളികൾ പാപമായി കണ്ടിരുന്നു.മധ്യകാലഘട്ടത്തിലും പിന്നീട് വന്ന പ്യൂരിറ്റൻ (Puritans) പ്രസ്ഥാനങ്ങളിലും കായികവിനോദങ്ങൾ ‘പാപകരമായ ആഡംബരവും’, ദൈവചിന്തയിൽ നിന്ന് മനുഷ്യനെ അകറ്റുന്ന ‘സമയനഷ്ടവു’മായി ചിത്രീകരിക്കപ്പെട്ടു.കേരളത്തിലും രാജാക്കന്മാർക്ക് ആവശ്യമായതു കൊണ്ട് ആയോധ കലകൾ പോഷിപ്പിക്കപ്പെട്ടെങ്കിലും കായികതാരങ്ങൾ കുറഞ്ഞവരായി ചിത്രീകരിക്കപ്പെട്ടു.”ഗീത വായിക്കുന്നതിനേക്കാൾ ഭേദം നിങ്ങൾ ഫുട്ബോൾ കളിക്കുന്നതാണ്. ഫുട്ബോൾ കളിച്ചാൽ നിങ്ങൾ സ്വർഗ്ഗത്തോട് കൂടുതൽ അടുക്കും.” എന്നു വിവേകാനന്ദൻ പറയുന്നത് ഭരണകൂടങ്ങളുടെ ആത്മീയവത്കരണത്തെ എതിർക്കാനാണ്. വിജ്ഞാന വിപണനത്തിൻ്റെ വിവര സാങ്കേതിക വിദ്യയുടെ കാലത്തും അങ്ങനെ സംഭവിക്കാം. സിലബസുകളിൽ നിന്നും കളികൾ നീക്കം ചെയ്യപ്പെടാം.അതേ സമയം തന്നെ കളികൾ ലാഭം കിട്ടാനുള്ള വിപണന വസ്തുവായി മാറുകയും ചെയ്യും.അപ്പോഴാണ് കളികൾ മയക്കുമരുന്നു പോലെ ആയി മാറുന്നത്.കോൺഫ്ലിക്റ്റ് തിയറി (Conflict Theory) ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.മാർക്സിസ്റ്റ് വീക്ഷണകോണിൽ നിന്നുള്ള ഈ കോൺഫ്ലിക്റ്റ് തിയറി (Conflict Theory), കായികരംഗത്തെ കേവലം ഒരു വിനോദമായല്ല, മറിച്ച് മുതലാളിത്ത വ്യവസ്ഥിതിയുടെ (Capitalist System) ഒടുക്കത്തെ തന്ത്രമായാണ് വിലയിരുത്തുന്നത്.കാൾ മാർക്സ് മതത്തെക്കുറിച്ച് പറഞ്ഞ വിഖ്യാതമായ പ്രസ്താവനയുണ്ടല്ലോ: “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” (Religion is the opium of the people). ആധുനിക മാർക്സിസ്റ്റ് ചിന്തകർ ഈ ‘ഓപ്പിയം’ എന്ന പ്രയോഗം സ്പോർട്സിനും ബാധകമാക്കുന്നു. സാധാരണക്കാരായ ജനങ്ങൾ (തൊഴിലാളിവർഗ്ഗം) തങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, വേതനചൂഷണം, ഭരണകൂട ഭീകരത എന്നിവയെക്കുറിച്ച് ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ട സമയത്ത്, അവരുടെ ശ്രദ്ധ പൂർണ്ണമായും കളിക്കളങ്ങളിലേക്ക് തിരിച്ചുവിടപ്പെടുന്നു.ഒരു വലിയ ടൂർണമെന്റ് (ഉദാഹരണത്തിന് ഫിഫ വേൾഡ് കപ്പോ, ഐ.പി.എല്ലോ) നടക്കുമ്പോൾ ജനങ്ങൾ തങ്ങളുടെ കഷ്ടപ്പാടുകൾ മറന്ന് മാസങ്ങളോളം അതിൽ മുഴുകിയിരിക്കുന്നു. ഭരണവർഗ്ഗത്തിന് തങ്ങളുടെ ജനവിരുദ്ധ നയങ്ങൾ എതിർപ്പുകളില്ലാതെ നടപ്പാക്കാൻ കിട്ടുന്ന ഏറ്റവും നല്ല ‘ഡൈവേർഷൻ’ ആണിത്.ഇന്ന് സ്പോർട്സ് എന്നത് കോർപ്പറേറ്റുകളുടെ കളിത്തട്ടാണ്. കായികതാരങ്ങൾ ഇവിടെ വെറും ‘ഉത്പന്നങ്ങൾ’ (Commodities) മാത്രമായി മാറുന്നു.ക്ലബ്ബുകളുടെ ഉടമസ്ഥരായ ശതകോടീശ്വരന്മാർ കായികപ്രേമികളുടെ വികാരങ്ങളെ ചൂഷണം ചെയ്ത് പരസ്യങ്ങളിലൂടെയും, ടിക്കറ്റ് വിൽപനയിലൂടെയും, സംപ്രേക്ഷണാവകാശത്തിലൂടെയും (Broadcasting rights) ഭീമമായ ലാഭം കൊയ്യുന്നു. അതായത്, തൊഴിലാളിയുടെ പണം വിനോദത്തിന്റെ പേരിൽ വീണ്ടും മുതലാളിമാരിലേക്ക് തന്നെ തിരിച്ചെത്തുന്നു
അതുപോലെ,സ്പോർട്സ് അതിന്റെ ഘടനയിലൂടെ ചില മുതലാളിത്ത ചിന്താഗതികളെ ജനങ്ങളിൽ സ്വാഭാവികമായി അടിച്ചേൽപ്പിക്കുന്നുണ്ട്.അമിതമായ മത്സരബുദ്ധി (Hyper-competitiveness) യാണ് ഒന്ന്.ജയിക്കുന്നവൻ മാത്രം ആദരിക്കപ്പെടുകയും തോൽക്കുന്നവൻ പാർശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നു. ഇത് മുതലാളിത്ത മാർക്കറ്റിന്റെ സ്വഭാവമാണ്. മറ്റൊന്ന് മെറിറ്റോക്രസി എന്ന മിഥ്യ (Illusion of Meritocracy) ഉണ്ടാക്കുന്നു. “കഠിനാധ്വാനം ചെയ്താൽ ആർക്കും വലിയ ആളാകാം” എന്ന ചിന്ത സ്പോർട്സ് തരുന്നു. എന്നാൽ യഥാർത്ഥ വ്യവസ്ഥിതിയിലെ പശ്ചാത്തല സൗകര്യങ്ങളുടെയും സാമ്പത്തിക അന്തരങ്ങളുടെയും അസമത്വം ഇത് മറച്ചുവെക്കുന്നു.
3
കൊളമ്പിയൻ ബുഡ്ബോൾ സ്വയം മയക്കുമരുന്നാണ് എന്നു മാത്രമല്ല മയക്കുമരുന്നുമാഫിയ തന്നെയായി മാറി എന്നതാണ് വാസ്തവം. കൊളമ്പിയയിലെ കളിക്കാർ പലരും മയക്കുമരുന്നിൻ്റെ ഉപഭോക്താക്കളായിരുന്നു എന്നു മാത്രമല്ല മയക്കുമരുന്നുമാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്തു.കൊളംബിയൻ ദേശീയ ടീമിലെ മുൻനിര സ്ട്രൈക്കറായിരുന്ന ആന്റണി, ‘കാലി കാർട്ടൽ’ (Cali Cartel) എന്ന മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ്. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം, 2021-ൽ ഇറ്റലിയിലെ നേപ്പിൾസിൽ വച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇറ്റാലിയൻ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുണ്ടായി.ജോൺ വിയാഫര (Jhon Viáfara)2004-ൽ വൺസ് കാൽഡാസ് ക്ലബ്ബിനെ പ്രശസ്തമായ കോപ്പ ലിബർട്ടഡോറസ് ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കൊളംബിയൻ മിഡ്ഫീൽഡർ ആണ്.അന്താരാഷ്ട്ര തലത്തിൽ ടൺ കണക്കിന് കൊക്കെയ്ൻ അമേരിക്കയിലേക്ക് കടത്തുന്ന മാഫിയാ സംഘത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം എന്ന് കണ്ടെത്തുകയും, 2019-ൽ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.ഫ്രെഡി റിങ്കൺ (Freddy Rincón)റിയൽ മാഡ്രിഡിന് വേണ്ടിയും കൊളംബിയൻ ദേശീയ ടീമിന് വേണ്ടിയും കളിച്ച വിഖ്യാത താരം ആണ്.പനാമയിലെ ഒരു വലിയ മയക്കുമരുന്ന് മാഫിയാ തലവനായ പാബ്ലോ റേയോ മോണ്ടാനോയുമായി ചേർന്ന് കള്ളപ്പണം വെളുപ്പിച്ചു (Money Laundering) എന്ന കേസിലാണ് ഇദ്ദേഹം പ്രതിയായത്.റെനെ ഹിഗ്വിറ്റ (René Higuita)ലോകപ്രശസ്തനായ കൊളംബിയൻ ഗോൾകീപ്പർ (Scorpion Kick ലൂടെ പ്രശസ്തനായ താരം) ആണ്.പാബ്ലോ എസ്കോബാറുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന കളിക്കാരനായിരുന്നു ഹിഗ്വിറ്റ. ഒരു തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് മയക്കുമരുന്നുമാഫിയാ സംഘങ്ങളുടെ ഇടനിലക്കാരനായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.പാബ്ലോ എസ്കോബാറിന്റെ എതിരാളികളായ കാലി കാർട്ടലിലെ ഒരു മാഫിയ തലവന്റെ മകളെയായിരുന്നു മറ്റൊരു സംഘം തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ മോചിപ്പിക്കുന്നതിനായി മാഫിയ തലവനിൽ നിന്ന് മോചനദ്രവ്യം (Ransom) വാങ്ങി മധ്യസ്ഥന്റെ റോളിലാണ് ഹിഗ്വിറ്റ പ്രവർത്തിച്ചത്.കൊളംബിയൻ നിയമപ്രകാരം തട്ടിക്കൊണ്ടുപോകൽ കേസുകളിൽ സർക്കാരിനെ അറിയിക്കാതെ മധ്യസ്ഥത വഹിക്കുന്നതും പണം കൈമാറുന്നതും ഗുരുതരമായ കുറ്റകൃത്യമായിരുന്നു. ഈ മധ്യസ്ഥതയ്ക്ക് പ്രതിഫലമായി ഹിഗ്വിറ്റ ഏതാണ്ട് 64,000 ഡോളർ കൈപ്പറ്റി. ഇതു പുറത്തുവന്നതോടെയാണ് പോലീസ് അയാളെ അറസ്റ്റ് ചെയ്തു.ഈ സംഭവമാണ് എൻഎസ് മാധവൻ ‘ഹിഗ്വിറ്റ’ എന്ന പേരിൽ കഥയാക്കിയത്.ഈ കഥയിലെ കത്തോലിക്കാ പുരോഹിതനായ ഫാദർ ഗീവർഗീസ് മേൽ സൂചിപ്പിച്ച ഹിഗ്വിറ്റയുടെ ആരാധകനാണ്.നിർധനനായ അന്ത്രയോസിന്റെ മകൾ ലൂസിയെ, നാട്ടിലെ ഗുണ്ടയായ ജബ്ബാർ എന്ന മനുഷ്യക്കടത്തുകാരൻ ലൈംഗികത്തൊഴിലിനായി ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നു.പ്രതിസന്ധി ഘട്ടങ്ങളിൽ സ്വന്തം ഗോൾപോസ്റ്റ് ഉപേക്ഷിച്ച് മൈതാനത്തിന്റെ മധ്യത്തിലേക്ക് പന്തുമായി കുതിച്ചുപായാറുള്ള ഗോൾകീപ്പർ ഹിഗ്വിറ്റയെപ്പോലെ, ഫാദർ ഗീവർഗീസ് തന്റെ ഇടവകയെന്ന സുരക്ഷിതവലയം ഭേദിച്ച് പുറത്തേക്കിറങ്ങുന്നു.ഒടുവിൽ, ഒരു സിനിമാറ്റിക് പോരാട്ടത്തിലൂടെ ജബ്ബാറിനെ അടിച്ചുനിലംപരിശാക്കി ലൂസിയെ രക്ഷിക്കുന്ന ഫാദർ ഗീവർഗീസ്, തിന്മയ്ക്കെതിരെയുള്ള പോരാട്ടത്തിൽ പോസ്റ്റിന് പുറത്തിറങ്ങി കളിക്കുന്ന ഒരു യഥാർത്ഥ ‘ഹിഗ്വിറ്റ’യായി മാറുന്നതോടെ കഥ അവസാനിക്കുന്നു. ഈ ലേഖനത്തിൽ ഇത്രയും വിശദീകരിച്ചതിൽ നിന്നും മാധവൻ്റെ രക്ഷാപ്രവർത്തനനായകത്വം എന്താണെന്നു വ്യക്തമാകുമല്ലോ. ദൈവത്തിനും ജനങ്ങൾക്കുമിടയിൽ നില്കുന്ന പൗരോഹിത്യം എന്നും ജനങ്ങൾക്കൊപ്പം എന്നു അഭിനയിച്ചു കൊണ്ട് അധികാര ദൈവങ്ങൾക്കൊപ്പം നില്കുന്ന ഇടനിലക്കാരാണ്. അവർ അഹിംസ ഉപദേശിക്കുകയും അധികാരികളുടെ ഹിംസയെ അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്തു. യഥാർത്ഥ ഹിഗ്വിറ്റയുടെ രക്ഷാപ്രവർത്തനവും ഇടനില പ്രവർത്തനവും പണത്തിനും അധികാരത്തിനും വേണ്ടിയായിരുന്നു.മതവും ഫുഡ് ബോളും മയക്കുമരുന്നും പണവും ചേർന്ന സവിശേഷ മിശ്രിതത്തെയാണ് എൻ.എസ്. മാധവൻ ഹിഗ്വിറ്റ എന്ന കഥയിലൂടെ ,നായകവത്കരിച്ചത്,മഹത്വവത്കരിച്ചത്.കൊളമ്പിയയുടെ ‘രക്ഷക’നായ എസ്കോബാറും എസ്കോബാറിൻ്റെ രക്ഷകനായ ClAയുമാണ് മാധവൻ്റെ നായകത്വം. ഇന്നു കേരളം ഒരു കൊളമ്പിയ ആയിക്കൊണ്ടിരിക്കുമ്പോൾ ഈ കഥയ്ക്ക് ലഭിച്ച ദൃശ്യത പ്രധാനപ്പെട്ട ഒരു കാര്യമാണ്. തന്നെ വിമർശിച്ച എഴുത്തുകാരനെ പട്ടിയായി ചിത്രീകരിച്ച എൻ എസ് മാധവൻ്റെ ‘നാനാർത്ഥം’ എന്ന കഥ മയക്കുമരുന്നു വിപണിയുടെ പരസ്യചിത്രമാണ്. (വിമർശകരെ കൊന്നുകളയുന്ന എസ്കോബാർമനസ്സാണ് വിമർശകനെ പട്ടിയാക്കി ആനന്ദിക്കുന്നതിലുള്ളത്)അതിൽ അഘോരികളെ നായകവത്കരിച്ചു കൊണ്ട് മയക്കുമരുന്നിൻ്റെ ഗുണഗണങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: “ഈ സിന്തിയയോട്- ഫ്രഞ്ചു കാരിയാണ് – എങ്ങനെയാണ് വീഞ്ഞ് ഉണ്ടാക്കുന്നതെന്ന് ചോദിക്കൂ. മുന്തിരിയെ നിർദയം ചവിട്ടികശക്കി ചാറുണ്ടാക്കുന്നു. അത് പിന്നീട് വീഞ്ഞാകുന്നു. അതുപോലെ കള്ള്; പനംങ്കുലയെ കത്തികൊണ്ട് വെട്ടി നോവിച്ചുകൊണ്ട്. ബാക്കിയെല്ലാ മദ്യങ്ങളും നരകാഗ്നിയെക്കാൾ കൂടുതൽ ചൂടിൽ വാറ്റുന്നു. കോടിക്കണക്കിന് ബാക്ടീരിയകളുടെ ആർത്തനാദം മദ്യത്തിൽ മുഴങ്ങും. അവരുടെ ശാപം നിങ്ങളെപ്പോലുള്ളവരെ നശിപ്പിക്കുന്നു. എന്നാൽ അഘോരികളുടെ സിരാകേ ന്ദ്രങ്ങളിലൂടെ അവ സദ്ഗതി പ്രാപിക്കുന്നു… ഞങ്ങൾ കഞ്ചാവ് കഴിക്കുന്നു. അയഥാർത്ഥമായ ഒരവസ്ഥ ഞങ്ങൾക്കില്ല. ശിവഭക്തരായ ഞങ്ങൾക്ക് ഭാംഗ് പ്രസാദമാണ് “. മതവും മയക്കുമരുന്നും വിപണനം ചെയ്യുന്ന ഫാസിസ്റ്റ് രാഷ്ട്രീയ നായകത്വം മാധവൻ്റെ ഈ കഥയിലും കാണാമെന്നർത്ഥം.
4.
ഇനി കൊളമ്പിയയിലെ മറ്റൊരു എസ്കോബാറിനെക്കുറിച്ചു പറയാം. മയക്കുമരുന്നു വ്യാപാരിയായ എസ്കോബാറുടെ സ്പോൻസർഷിപ്പിൽ വളർന്ന ഫുഡ്ബോൾ കളിക്കാരനാണ് അയാൾ.എന്നാൽ മയക്കുമരുന്നു വ്യാപാരിയിൽ നിന്നും അകലം സൂക്ഷിച്ച ആൾ.മയക്കുമരുന്ന് മാഫിയയായ പാബ്ലോ എസ്കോബാറുമായി യാതൊരു കുടുംബബന്ധവുമില്ലാതിരുന്നിട്ടും, ആ പേര് പങ്കിട്ടു.മൈതാനത്തെ ശാന്തവും മാന്യവുമായ പെരുമാറ്റം കൊണ്ടും മികച്ച കളിശൈലി കൊണ്ടും അദ്ദേഹം ആരാധകർക്കിടയിൽ ‘ഫുട്ബോളിലെ മാന്യൻ’ എന്ന് അറിയപ്പെട്ടു. കൊളംബിയയിലെ പ്രമുഖ ക്ലബ്ബായ അത്‌ലറ്റിക്കോ നാഷണലിന് വേണ്ടിയും കൊളംബിയൻ ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനമാണ് ഈ സെന്റർ ബാക്ക് ഡിഫെൻഡർ കാഴ്ചവെച്ചത്. ലോകപ്രശസ്ത ക്ലബ്ബായ എ.സി. മിലാൻ (AC Milan) അദ്ദേഹത്തെ ടീമിലെടുക്കാൻ കരാറിലെത്തിയിരുന്നു. ആ സന്ദർഭത്തിലാണ് ലോകകപ്പ് മത്സരം നടന്നത്.1994-ൽ അമേരിക്കയിൽ വച്ച് നടന്ന ലോകകപ്പിൽ പെലെ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ കിരീടസാധ്യത കൽപ്പിച്ച ടീമായിരുന്നു കൊളംബിയ. എന്നാൽ ആദ്യ മത്സരത്തിൽ റൊമാനിയയോട് അവർ തോറ്റു. തുടർന്ന് ജൂൺ 22-ന് അമേരിക്കയ്‌ക്കെതിരെ നടന്ന നിർണ്ണായക മത്സരത്തിൽ, അമേരിക്കൻ താരത്തിന്റെ ഒരു ക്രോസ് തടയാൻ ശ്രമിക്കുന്നതിനിടെ എസ്കോബാറിന്റെ കാലിൽ തട്ടി പന്ത് സ്വന്തം ഗോൾപോസ്റ്റിലേക്ക് തന്നെ പതിച്ചു (Self-Goal). ഈ മത്സരത്തിൽ കൊളംബിയ 2-1 ന് തോൽക്കുകയും ലോകകപ്പിൽ നിന്ന് പുറത്താവുകയും ചെയ്തു.ലോകകപ്പ് കഴിഞ്ഞ് പത്ത് ദിവസങ്ങൾക്ക് ശേഷം, 1994 ജൂലൈ 2-ന് കൊളംബിയയിലെ മെദെലിൻ നഗരത്തിലുള്ള ഒരു നൈറ്റ് ക്ലബ്ബിന് പുറത്തുവച്ച് എസ്കോബാർ ക്രൂരമായി വെടിയേറ്റു കൊല്ലപ്പെട്ടു. കളിയിൽ വൻതുക ബെറ്റ് വെച്ച് തോറ്റ മയക്കുമരുന്ന് മാഫിയാ തലവന്മാരുടെ (പെഡ്രോ ഗാലൺ, സാന്റിയാഗോ ഗാലൺ എന്നിവരുടെ) ബോഡിഗാർഡായ ഹംബർട്ടോ കാസ്ട്രോ എന്നയാളാണ് അദ്ദേഹത്തിന് നേരെ വെടിവച്ചത്. ആറ് തവണയാണ് എസ്കോബാറിന് നേരെ വെടിയുതിർത്തത്; ഓരോ തവണ വെടിവയ്ക്കുമ്പോഴും കൊളംബിയൻ കമന്റേറ്റർമാർ ഗോൾ അടിക്കുമ്പോൾ നിലവിളിക്കാറുള്ളതുപോലെ “ഗോൾ!” എന്ന് ആ കൊലയാളി ആക്രോശിച്ചിരുന്നതായി സാക്ഷികൾ പറഞ്ഞിട്ടുണ്ട്.അധോലോകത്തിന്റെ പണക്കൊഴുപ്പും ചൂതാട്ടവും കൊളംബിയൻ ഫുട്ബോളിനെ എത്രത്തോളം വിഴുങ്ങിയിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഈ കൊലപാതകം. വിലാപയാത്രയിൽ ഒരു ലക്ഷത്തിലധികം ജനങ്ങളാണ് പങ്കെടുത്തത്.ഒരു ജനതയുടെ സാമ്പത്തിക രക്ഷ, അവരുടെ സാംസ്കാരിക പ്രവർത്തനങ്ങളുടെ രക്ഷ, ലാഭം മാത്രം ലക്ഷ്യമാക്കുന്ന അധോലോക പണമിടപാടായി മാറുമ്പോൾ ജീവിതം നഷ്ടപ്പെട്ടു പോകുന്ന സാധാരണ ജനതയുടെ പ്രതീകമാണ് ഈ ഫുട്ബോൾ കളിക്കാരനയായ എസ്കോബാർ.എസ്കോബാറിൽ നിന്നും എസ്കോബാറിലേക്കുള്ള ദൂരം, വിമാനത്താവളങ്ങളും തുറമുഖങ്ങളും തുടങ്ങി എല്ലാം ലാഭം മാത്രം ലക്ഷ്യമായുള്ള അധോലോക സാമ്പത്തിക ഇടപാടുകൾക്കു തുറന്നുകൊടുക്കുന്ന ഭരണകൂടങ്ങൾക്ക് കീഴിലുള്ള ഒരു ജനതയുടെ വിധിയാണ്. അതിനെ തടയാതെ മയക്കുമരുന്ന് വ്യാപനത്തെയും തടയാൻ കഴിയില്ല.മയക്കുമരുന്നുമാഫിയ തലവനായ എസ്കോബാറും ഹിഗ്വിറ്റയും എൻ എസ് മാധവനും സൃഷ്ടിക്കുന്ന രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ ഒരു ജനത വെടിയേറ്റ് വീഴുന്നു.ലോകകപ്പ് തോൽവിക്ക് ശേഷം ഫുഡ്ബോൾ കളിക്കാരനായ എസ്കോബാർ ഇങ്ങനെ പത്രത്തിൽ എഴുതി:”ജീവിതം ഇവിടെ അവസാനിക്കുന്നില്ല, നമ്മൾ മുന്നോട്ട് പോകണം” (Life doesn’t end here)

ഡോ. ഷൂബ കെ.എസ്സ്.
പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി
