അലികുട്ടി ബീരാഞ്ചിറ

Published: 10 July 2026 കവര്‍‌സ്റ്റോറി

പന്തുബാധയേറ്റ നാട്ടുവഴികൾ

മലപ്പുറത്തെ കാൽപന്താവേശത്തിന്റെ ചരിത്രവും വർത്തമാനവും

അമേരിക്കൻ ഭൂഖണ്ഡത്തിലെ ഫുട്ബോൾ മൈതാനങ്ങളിൽ ട്രിയോണ്ട ഉരുണ്ടു തുടങ്ങുന്നതിനു മുമ്പെ മലബാറിലെ ഫുട്ബോൾ പ്രേമികൾ തങ്ങളുടെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. മെസി, റൊണാൾഡോ, നെയ്മർ, എംബാപ്പെ തുടങ്ങിയ ഇഷ്ടതാരങ്ങളുടെ പടുകൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും ഉയർന്നു. പ്രിയ ടീമുകളുടെ കൊടിതോരണങ്ങ‍ൾ കൊണ്ട് അങ്ങാടികൾ നിറഞ്ഞു. സ്കൂളുകളിലും കോളേജുകളിലും ഫാൻസ് ഷോകൾ. തെരുവുകളിലും കടപ്പുറത്തും എന്തിന് പള്ളിയിൽ വരെ മെസ്സിയും റൊണാൾഡോയും നിറഞ്ഞുനിന്നു. ലോകക്കപ്പിന് കിക്കോഫ് തുടങ്ങുന്നതിന് അഞ്ചുദിവസം മുമ്പെ ഇത്തവണയും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം ഉണർന്നു. ലോകകപ്പ് ഫുട്‌ബോൾ വരവറിയിച്ച് മലപ്പുറം നഗരസഭ സംഘടിപ്പിച്ച ബ്രസീൽ – അർജന്റീന സ്വപ്ന ഫൈനൽ നടക്കുന്ന സ്റ്റേഡിയത്തിലേക്കുള്ള വഴികളെല്ലാം മൂന്നുമണിയോടെ തന്നെ ഫുട്ബോൾ ഭ്രാന്തന്മാർ കീഴടക്കി.പതിനായിരംപേർക്ക് മാത്രം ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ മുപ്പതിനായിരത്തോളം കാണികൾ. ഒരുവശം നിറയെ ബ്രസീലിന്റെ മഞ്ഞയിൽ കുളിച്ചിരിക്കുന്നു.മറുവശം വെള്ളയും നീലയും വിരിച്ചു.അർജന്റീനയുടേയും ബ്രസീലിന്റേയും പതാകകൾ ഗാലറികളിൽ പാറിക്കളിച്ചു.ഇന്ത്യൻ താരങ്ങളായിരുന്ന അനസ് എടത്തൊടികയും സി.കെ.വിനീദും മുഹമ്മദ്റാഫിയുമെല്ലാം അർജന്റീനയുടെയും ബ്രസീലിന്റെയും കുപ്പായത്തിൽ കളംനിറഞ്ഞുകളിച്ചു. നെയ്മറും മെസ്സിയുമെല്ലാം കോട്ടപ്പടി സ്റ്റേഡിയത്തെ ത്രസിപ്പിച്ചു. കാണികൾ ആർത്തുവിളിച്ചു. ബാന്റുമേളങ്ങളും ചെണ്ടവാദ്യങ്ങളും കളി നിയന്ത്രിച്ചു. വുവുസേല കാതടപ്പിക്കുന്ന ആവേശമായി.
മലബാറിലെ വിശേഷിച്ച് മലപ്പുറത്തെ പാതിരകൾ ലോകക്കപ്പുകാലമായാൽ പകലുകളാണ്. കയറിച്ചെല്ലുന്ന എവിടെയും ഫുട്ബാൾ മാത്രമാണ് ചർച്ച. കളി നടക്കുന്നത് അമേരിക്കയിലാണെങ്കിലും അതിന്റെ ആവേശം ഒട്ടുംചേർന്നുപോകാത്ത നാട്ടുവഴികളായി ഇവിടം പരിണമിച്ചു. കരയിലൂടെയായാലും കടലിലൂടെയായാലും ആകാശ മാർഗ്ഗത്തിലൂടെയായാലും ന്യൂയോർക്കിൽ നിന്നും മെക്സിക്കോസിറ്റിയിൽ നിന്നും ടൊറോണ്ടയിൽ നിന്നും മലപ്പുറത്തേക്കുള്ള ദൂരം അതിവിദൂരമാണ്. പക്ഷെ പന്തുകൊണ്ടാണ് അവിടങ്ങളിൽ നിന്നും മലപ്പുറത്തേക്കുള്ള ദൂരമളക്കേണ്ടത്. അങ്ങനെ അളന്നുനോക്കുമ്പോൾ നാമറിയുന്നു; മലപ്പുറത്ത് നിന്നും അമേരിക്കൻവൻകരയിലേക്ക് ദുരമേറെയില്ലെന്ന്. ലോകഫുട്ബോളിനെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രസക്തമായ ഒരു പ്രദേശം നാലാണ്ടിലൊരിക്കൽ വന്നെത്തുന്ന കായിക മാമാങ്കത്തെ വരവേൽക്കുന്നതിന്റെ ചിത്രമാണ് കോട്ടപ്പടിയിലെ സ്വപ്നഫൈനൽ. അതിലുമെത്രയോ തീവ്രമാണ് ഇവിടുത്തെ നാട്ടിൻപുറങ്ങളിലെ സ്ഥിതി.പരിസ്ഥിതിക്ക്മേൽ കൊടിയ ഭീഷണിയുയർത്തി ലക്ഷക്കണക്കിനു രൂപയുടെ ഫ്ലെക്സ്ബോഡുകളിൽ കയറി മെസ്സിയും നെയ്മറും റൊണാൾഡോയുമെല്ലാം വിജയത്തിനായി അവകാശവാദങ്ങൾ ഉന്നയിക്കുന്നു.തെരുവുകൾ തോറും വിവിധരാജ്യങ്ങളുടെ പതാകകൾ പാറുന്നു.പാടത്തും പറമ്പിലും ചായപ്പീടികയിലുമെല്ലാം സംസാരവിഷയം ഫുട്ബോൾ മാത്രമായിതീരുന്നു. കല്യാണചെക്കന്റെ കൂടെ ബ്രസീലിന്റെയും അർജന്റീനയുടേയും ജഴ്സിയണിഞ്ഞവരെത്തുമ്പോൾ കല്യാണങ്ങളും ആഘോഷങ്ങളുമെല്ലാം ഫുട്ബോൾ മയത്തിൽ മുങ്ങിപ്പോകുന്നു. ഫുട്ബോൾകാലങ്ങളിലെ തെരഞ്ഞെടുപ്പിന്റെ കൊട്ടികലാശങ്ങളിൽ മുസ്ലീം ലീഗിന്റെയും സി.പി.എമ്മിന്റേയും കൊടികൾക്കൊപ്പം അർജന്റീനയുടെയും ബ്രസീലിന്റേയും ജർമ്മനിയുടെയും പതാകകൾ പാറും.രാഷ്ട്രീയ സംഘർഷങ്ങൾകൊണ്ട് കലുഷിതമായ തീരദേശത്ത് ഫുട്ബോൾ സമാധാനത്തിന്റെ പന്തടിച്ചുകയറ്റുന്നു. തീയേറ്ററുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും ക്ലബ്ബുകളിലുമെല്ലാം ബിഗ്സ്ക്രീനിൽ ലോകകപ്പ് അരങ്ങുതകർക്കുന്നു.
കേവലം വേൾഡ്കപ്പ് വരുമ്പോൾ മാത്രം ഉടലെടുക്കുന്ന പ്രതിഭാസമല്ല ഇവിടുത്തെ ഫുട്ബോൾകമ്പം.ഫുട്ബോൾ ഇവർക്ക് ജീവിതവും ആഘോഷവും അതിജീവനവുമൊക്കെയാണ്. ജീവിതത്തിലെ മറ്റെല്ലാ സന്തോഷവേളകളേയും പോലെ ഫുട്ബോൾമത്സരങ്ങളിലെ ജയവും അവർ ആഘോഷിക്കുന്നു. തിരൂരങ്ങാടിക്കടുത്ത് കൊടിഞ്ഞി ഗ്രാമം പന്തുകളിയിൽ ജയിച്ചത് ആഘോഷിച്ചത് നെയ്ച്ചോറും പോത്തിറച്ചിയും വിളമ്പിയാണ്.കോട്ടക്കൽ എം എസ് പി ഗ്രൗണ്ടിൽ നടന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കൊടിഞ്ഞിയിലെ റുമ്മാൻ ക്ലബ് വിജയിച്ചപ്പോഴാണ് പന്ത്രണ്ടായിരം പേർക്കായി നെയ്ച്ചോറും പോത്തിറച്ചിയും വെച്ചത്. നാട്ടുകാരെല്ലാം ചേർന്ന് കൊടിഞ്ഞിയിൽ കൂറ്റൻ പന്തലൊരുക്കി.അകമ്പടിയായി ബാന്റും ശിങ്കാരിമേളവും വന്നു. കല്പകഞ്ചേരിയിൽ നടന്ന അഖിലേന്ത്യസെവൻസ് ജയിച്ച ന്യൂവേ ബീരാഞ്ചിറ തങ്ങളുടെ വിജയം ആഘോഷിച്ചത് ബാന്റും ചെണ്ടയും വുവുസേലയുമൊക്കെയായി അതിഗംഭീരവരവ് ഒരുക്കിയാണ്.ഇതെല്ലാം ജില്ലയിൽ അങ്ങോളമിങ്ങോളം നടക്കുന്ന ഫുട്ബോൾ പ്രേമത്തിന്റെ ചെറിയ ചെറിയ ആഘോഷകാഴ്ച്ചകൾ മാത്രമാണ്.
ലോകകപ്പ് മാത്രമല്ല മലപ്പുറം ശ്രദ്ധയോടെ വീക്ഷിക്കുന്നത്.യൂറോകപ്പ്, കോപ്പഅമേരിക്ക, കോൺഫെഡറേഷൻകപ്പ് തുടങ്ങിയവയെല്ലാം ആവേശത്തിന്റെ ആരവങ്ങളുയർത്തുന്ന മത്സരങ്ങളാണ്.കൂടാതെ യൂറോപ്യൻ ക്ലബ് ഫുട്ബോൾ മത്സരങ്ങളെല്ലാം ഇവിടെ അലയൊലികൾ തീർക്കുന്നു.2005ലെ കോൺഫെഡറേഷൻ കപ്പ് ഫൈനലിൽ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടിയ ദിവസം തിരൂരിലും സമീപത്തുമുള്ളവർക്ക് അത്ര പെട്ടെന്നൊന്നും വിസ്മരിക്കാനാവില്ല.രാത്രി പന്ത്രണ്ടുമണി.ഫൈനൽ മത്സരം തുടങ്ങാൻ സമയമായി.പെട്ടന്ന് കേബിൾ കണക്ഷൻ കട്ടായി.ഫുട്ബോൾ പ്രേമികൾ റോട്ടിലിറങ്ങി.സമയം പാതിരാത്രിയാണെങ്കിലും നൂറുകണക്കിനാളുകൾ തടിച്ചുകൂടി.പെട്ടന്നതൊരു പടുകൂറ്റൻ പ്രതിഷേധപ്രകടനമായി കേബിൾ ഓപ്പറേറ്ററുടെ വീട്ടിലേക്ക്.. “മാസാമാസം നൂറ്റിയമ്പത് ഓസാരല്ല സൂക്ഷിച്ചൊ”. ഒരു നാട് ഉറക്കമിളച്ച് ഫുട്ബോളിനായി മുദ്രാവാക്യം വിളിച്ചരാത്രി.അന്നുരാത്രി മുഴുവൻ പ്രതിഷേധമായിരുന്നു.പിന്നീടെപ്പോഴൊ അറിഞ്ഞു ബ്രസീൽ ചാമ്പ്യന്മാരായെന്ന്. ഉടൻ പ്രതിഷേധം ആഘോഷത്തിന് വഴിമാറി. ഫുട്ബോളിനുവേണ്ടി അങ്ങനെ എത്രയെത്ര രാത്രികൾ!!
ബ്രസീൽ,അർജന്റീന,ജർമ്മനി,ഫ്രാൻസ്,സ്പെയിൽ, കേപേ വെർദ,സെനഗൽ,മൊറോക്ക ജപ്പാൻ തുടങ്ങി ലോകകപ്പിനായെത്തുന്ന രാജ്യങ്ങളെല്ലാം ലോകചാമ്പ്യന്മാരാവുക, സെമിഫൈനലിലെങ്കിലുമെത്തുക, കറുത്ത കുതിരകളാവുക, ഒരു മത്സരമെങ്കിലും ജയിക്കുക തുടങ്ങിയ സ്വപ്നങ്ങളുള്ളവരാണ്.എന്നാൽ ലോകറാങ്കിങ്ങിൽ നൂറ്റിമുപ്പത്തിയെട്ടാം സ്ഥാനമുള്ള, അടുത്തകാലത്തെങ്ങും ഒരു ലോകകപ്പിൽ കളിക്കാനാകുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത രാജ്യമായ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ജില്ലയായ മലപ്പുറം എന്തിനുവേണ്ടിയാണ് ഒരുമാസക്കാലം ഉറക്കം നഷ്ടപ്പെടുത്തി ആർപ്പുവിളിക്കുന്നത്? കൂലിപ്പണിക്ക് പോകുന്ന തൊഴിലാളികൾ വരെ കിട്ടുന്ന പണത്തിൽ നിന്നും ഒരു വിഹിതം തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ കട്ടൗട്ടുകളും ഫ്ലെക്സ്ബോർഡുകളും സ്ഥാപിക്കുന്നതിനായി മാറ്റി വെക്കുന്നതെന്തു കൊണ്ടായിരിക്കാം? ഫുട്ബോളിനെ ഇത്രമാത്രം നെഞ്ചോട് ചേർക്കാൻ ഈ ജനതയെ പ്രേരിപ്പിക്കുന്ന ചേതോവികാരമെന്താണ്?
രാഷ്ട്രീയം, കല, ഫുട്ബോൾ- എല്ലാത്തിനോടും വൈകാരികമായി പ്രതികരിക്കുന്നവരാണ് മലപ്പുറത്തുകാർ. ആ വൈകാരികമായ അടുപ്പത്തിന്റെ അടിസ്ഥാനത്തിൽ വേണം മലപ്പുറത്തെ പന്തുകളി സ്നേഹത്തിന്റെ ചരിത്രം പരിശോധിക്കാൻ. ലോകത്തിലെല്ലായിടത്തുമെന്ന പോലെ കൊളോണിയലിസത്തിന്റെ സന്തതിയായി തന്നെയാണ് മലപ്പുറത്തും ഫുട്ബോളെത്തുന്നത്.വൈദേശികർക്കെതിരെ സായുധസമരം നടത്തിയ ഇന്ത്യയിലെ വിരലിലെണ്ണാവുന്ന പ്രദേശങ്ങളിലൊന്നണ് മലപ്പുറം. പാശ്ചാത്യാധിനിവേശങ്ങൾക്കെതിരെ നേർക്കുനേർ നിന്ന് പോരാടിയ പാരമ്പര്യമാണ് മലപ്പുറത്തിന്റേത്.വെളിയങ്കോട് ഉമർഖാസി,കുഞ്ഞാലി മരക്കന്മാർ, ആലിമുസ്ല്യാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി.. പോരാടിയവരുടെ ചരിത്രം അങ്ങനെ നീണ്ടുപോവുകയാണ്. ജന്മിത്തത്തിനെതിരെ കലാപം പ്രഖ്യാപിച്ച കുടിയാന്മാരായ മാപ്പിളമാരെ അടിച്ചമർത്താൻ വേണ്ടിയാണ്1852ൽ മലപ്പുറം ആസ്ഥാനമായി മലബാർ സ്പെഷ്യൽ പോലീസ് രൂപീകരിച്ചത്. 1921ലെ കലാപത്തിനു ശേഷം വെള്ളക്കാരിൽ നിന്നും അകന്ന് അവരോട് കലഹിച്ചു ജീവിക്കുന്ന സാധാരണജനങ്ങളെ തങ്ങളോടടുപ്പിക്കുന്നതിനുള്ള തന്ത്രമായാണ് പട്ടാളക്കാർ മലപ്പുറത്ത് പന്തുകളി പരിചയപ്പെടുത്തുന്നത്.തെക്കനമേരിക്ക, ആഫ്രിക്ക തുടങ്ങിയ ലോകത്തിലെ വിവിധകോളനികളിൽ വിളമ്പിയ അതേ ഫുട്ബോൾ തന്നെയാണ് സായിപ്പന്മാർ ഇവിടെയും വിളമ്പിയത്.ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളും ദേശീയ പ്രസ്ഥാനവും ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ പട്ടാളവും ജനങ്ങളും രണ്ടുചേരിയിലായി.അങ്ങേയറ്റം അകൽച്ചയിലായ രണ്ടിനേയും വിളക്കിച്ചേർക്കാൻ പട്ടാളം തലപ്പന്ത് കളിയും വോളിബോളും പരിചയപ്പെടുത്തിയിരുന്നെങ്കിലും വേണ്ടത്ര വിജയം കണ്ടിരുന്നില്ല.
എന്നാൽ പന്തുകളി അങ്ങനെയായിരുന്നില്ല, അത് പെട്ടെന്നുതന്നെ വിജയം കണ്ടു.എം.എസ്.പി.ഗ്രൗണ്ടിൽ ബ്രിട്ടീഷ് പോലീസ് പന്തുതട്ടുന്നത് നാട്ടുകാർ മാറിനിന്നു വീക്ഷിക്കാൻ തുടങ്ങി.കാഴ്ച്ചക്കാരായി വന്ന പലരും പട്ടാളത്തിന്റെ ഗോൾവല കാത്തു.അടിക്കാനും തടുക്കാനും പഠിച്ചവരെ പട്ടാളക്കാർ ഓടിക്കളിപ്പിച്ചു.അങ്ങനെ കളി പഠിച്ച നാട്ടുകാർ വെള്ളക്കാരുമായി സൗഹൃദമത്സരത്തിനിറങ്ങി.ബൂട്ടിട്ട പട്ടാളത്തിനെതിരെ നഗ്നപാദരായി തദ്ദേശീയർ. വെള്ളപട്ടാളത്തെ തോൽപ്പിക്കാൻ കരുത്തുള്ള ടീമിനെ വാർത്തെടുക്കാൻ മലപ്പുറത്തെ കുന്നിഞ്ചെരിവുകളിൽ നാട്ടുകാർ പന്തുതട്ടി.ഫുട്ബോൾ അതിജീവനത്തിന്റെ പോരാട്ടമായി.പട്ടാളം തോറ്റുതുന്നം പാറി.നാട്ടിലെങ്ങും ആവേശമായി ഫുട്ബോൾ പടർന്നുകയറി. എം.എസ്.പി. ക്യാമ്പുകൾ സ്ഥാപിക്കപ്പെട്ടിരുന്ന മലപ്പുറം, പാണ്ടിക്കാട്, അരീക്കോട് എന്നിവിടങ്ങളിൽ പന്തുകളി വ്യാപകമായതും മികച്ച ടീമുകളുണ്ടായതും ഈ പോരാട്ടത്തിന്റെ ചരിത്രത്തെ സാക്ഷ്യപ്പെടുത്തുന്നു.അന്ന് ബ്രിട്ടീഷുകാരുടെ ടീമിനെ നേരിട്ട മലപ്പുറം ഇലവന്റെ ആക്രമണവും പ്രതിരോധവും തന്നെയാണ് ഇന്നും ഫുട്ബോളിലൂടെ ഈ ദേശം ആർജ്ജിച്ചെടുക്കുന്നത്.
മറ്റുകളികളിൽ നിന്നും വ്യത്യസ്തമായി സവിശേഷവും ജനകീയവുമായ ഒട്ടേറെ ഘടകങ്ങൾ ഫുട്ബോളിനുണ്ട്.ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ പ്രയാസമില്ലാത്ത ലളിതവും തുറന്നതുമായ നിയമങ്ങളാണ് പന്തുകളിയുടേത്. വളരെ കുറഞ്ഞ ചെലവിൽ യന്ത്രസാമഗ്രികളൊന്നുമില്ലാതെ കളിക്കാവുന്നതും അതുകൊണ്ട്തന്നെ സമൂഹത്തിലെ ഏതുതട്ടിലുള്ളവർക്കും പങ്കെടുക്കാവുന്നതും കാണാവുന്നതും ആസ്വദിക്കാവുന്നതുമായ കളിയാണ് ഫുട്ബോൾ. വൈവിധ്യങ്ങൾ നിറഞ്ഞ ആൾകൂട്ടത്തെ സംഘ ബോധത്തിലൂടെ ഒന്നാകലിന്റെ വഴിയിലേക്ക് ഒരു പന്ത് മെല്ലെമെല്ലെ മുന്നോട്ട് നയിക്കുന്നു. അത്തരമൊരു സംഘബോധത്തിന്റെ ഇടങ്ങളാണ് മലപ്പുറത്തിനായി ഫുട്ബോൾ തുറന്നുതന്നത്.മലബാർ കലാപം അതിഭീകരമായി അടിച്ചമർത്തപ്പെട്ടശേഷം മലപ്പുറത്തും സമീപദേശങ്ങളിലും കാര്യമായ ചെറുത്തുനിൽപ്പുകളൊന്നുമുയർന്നില്ല. ഭരണകൂടത്തിന്റെ മർദ്ദനമുറകൾ പഴയതുപോലെ തുടർന്നു.പട്ടിണിയും ദാരിദ്ര്യവും നാട്ടിൽ അരക്ഷിതാവസ്ഥ തീർത്തു.കർഷകരും തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാരന്റെ ജീവിതം ദുരിതപൂർണ്ണമായി.മതവും ജാതിയും രാഷ്ട്രീയവുമൊന്നും എല്ലാവരേയും ഒരുപോലെ ആശ്വസിപ്പിക്കുന്ന ഇടങ്ങളായില്ല.അത്തരമൊരുകാലത്ത് ജീവിതത്തിന്റെ സങ്കീർണ്ണതകളെ മറികടക്കാനുള്ള മാധ്യമമായി ഫുട്ബോൾ പടർന്നുപിടിച്ചു.പോരാട്ടവും ജീവിതവുമെല്ലാം ഫുട്ബോൾ ഗ്രൗണ്ടുകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.അങ്ങനെ മലപ്പുറത്തുകാരന്റെ പന്തുബാധ ഒരു രാഷ്ട്രീയപ്രോയോഗമായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് സംക്രമിച്ചു. സാമ്രാജ്യത്വവുമായി നേരിട്ടേറ്റുമുട്ടിയ മറഡോണ മലപ്പുറത്തിന്റെ വീരപുരുഷനാകുന്നത് ഫുട്ബോളിനുമാത്രം കഴിയുന്ന ഒരു രാഷ്ട്രീയയുക്തി ഉള്ളടങ്ങിയതുകൊണ്ടാണ്.
കുന്നും മലയും തോടും പുഴയും നിറഞ്ഞ മലപ്പുറത്തിന്റെ ഭൂമിശാസ്ത്രം ഫുട്ബോളിന്റെ പടർച്ചയ്ക്ക് ഒട്ടും അനുകൂലമല്ലാതിരുന്നിട്ടും ആയിരക്കണക്കിനു ടൂർണമെന്റുകളാണ് വർഷംതോറും ജില്ലയിലെമ്പാടും നടക്കുന്നത്.കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും പുഴയുടെ തീരങ്ങളിലും കുന്നിൻചെരിവുകളിലും കടൽതീരത്തെ പൂഴിപരപ്പിലും ഫുട്ബോളിന്റെ ആവേശം സെവൻസായും ലെവൻസായും എന്തിന് ഫൈവ്സായുമൊക്കെ അലയടിക്കുന്നു.പഴയതിൽനിന്നും വ്യത്യസ്തമായി രാത്രികാലങ്ങളിലാണിപ്പോൾ പ്രധാന ടൂർണമെന്റുകളെല്ലാം നടക്കുന്നത്. ഇരുപത്തിരണ്ടുപേർക്ക് കളം നിറഞ്ഞുകളിക്കാൻ പറ്റിയ വലിയ മൈതാനങ്ങൾ ഇല്ലാതെപോയതാണ് മലപ്പുറത്തുകാരെ സെവെൻസിലേക്ക് പന്തുതട്ടിച്ചത്. ഇന്നിപ്പോൾ സെവെൻസ് ഒരു വികാരമാണ്.ഫുട്ബോളിനെ നെഞ്ചോട് ചേർത്ത ജനതയുടെ ഭ്രാന്തമായ ആവേശത്തിന്റെ മൂർത്തരൂപം. വലിയ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും വളർന്നുവരുന്ന താരങ്ങൾക്ക് പരിശീലനം നൽകുന്നതിനും ഉള്ള അടിസ്ഥാനസൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒട്ടേറെ കളിക്കാർക്ക് മലപ്പുറം ജന്മം നൽകി. കാഞ്ഞിരാല മുഹമ്മദാലി, മലപ്പുറം അസീസ്, മൊയ്തീൻ കുട്ടി, കുഞ്ഞമ്മദ് എന്ന് കുഞ്ഞിക്ക, മയമം കക്കാടൻ, യു.ഷറഫലി, ആസിഫ് സെഹീർ, സഹോദരൻ ഷെബീറലി, മുഹമ്മദ് ബഷീർ, ഉസ്മാൻ, അനസ് എടത്തൊടിക.. പ്രഗൽഭരുടെ നിര നീണ്ടുപോകുന്നു. എന്നാൽ സെവെൻസ് മൈതാനങ്ങളിൽ അത്ഭുതങ്ങൾ തീർക്കുന്ന അപാരമായ പന്തടക്കമുള്ള അറിയപ്പെടാത്ത താരങ്ങളാണ് ഏറെയുള്ളത്. പ്രൊഫഷണലിസത്തിന്റെ ബാലപാഠങ്ങളൊന്നുമറിയാതെ സെവൻസ് ഫുട്ബോളിന്റെ ജീവനാഡികളായി, മലപ്പുറത്തിനപ്പുറത്തേക്ക് അറിയപ്പെടാത്തവരായി ജീവിതം പന്തുതട്ടി തീർക്കുന്നവരാണവർ. ഫുട്ബോളിനായി മാത്രം ജീവിക്കുന്നവർ.അവരിലൂടെയാണ് മലപ്പുറം ഫുട്ബോളിനോടുള്ള അദമ്യമായ സ്നേഹം ഒരിറ്റുപോലും ചോർന്നുപോകാതെ തലമുറകളിലേക്ക് പകർന്നുനൽകുന്നത്.
അമേരിക്കയിൽ നിന്നും ഉയരുന്ന, ആവേശത്തിന്റെ കാറ്റൂതി നിറച്ച ട്രിയോണ്ടയെന്ന തുകൽപന്തിനു പിന്നാലെ ലോകമൊന്നടങ്കം പായുമ്പോൾ ഫുട്ബോളിനെ കൂട്ടയ്മയുടെ ഉത്സവകാലമായി മാറ്റുന്ന ജനതയ്ക്ക് ആവേശം കൊള്ളാതിരിക്കാനാവില്ല. ലോകത്തിലെ പൊതു ആഘോഷങ്ങളിൽ ഫുട്ബോളിനോളം വലിയൊരാഘോഷം ഈ ദേശത്തിനില്ല. പൂരവും നേർച്ചയും പോലെ അവർ പന്തുകളിയേയും ജീവിതത്തിന്റെ ഭാഗമാക്കുന്നു. ലോകഫുട്ബോളിന്റെ ഭൂപടങ്ങളിലൊന്നും അടയാളപ്പെടാതെ പോയ ഒരുദേശം ഇപ്പോഴും പന്തുമായി മുന്നേറുകയാണ്.പൊതു സമൂഹത്തിന്റെ മുഴുവൻ ആഘോഷങ്ങളേയും ഒന്നായി തുന്നിച്ചേർക്കുന്ന ചരടായി പന്തുകളി പരിണമിക്കുകയാണിവിടെ. ഈ കളി ചരിത്രത്തിലൊന്നും രേഖപ്പെടാതെ പോയാലും ജീവിതത്തിന്റെ താളമായി എന്നും കൂടെയുണ്ടാകും. പന്തുകളി തുടരുകയാണ്.ഫുട്ബോളിനെ നെഞ്ചോടുചേർത്ത ദേശം കാലുകളിൽ പന്തുകുരുക്കി ഇടംവലം തിരിഞ്ഞ്, എതിരാളികളെ മുഴുവൻ ഡ്രിബിൾ ചെയ്ത് മുന്നേറി ഇടതുപാർശ്വത്തിൽ നിന്നും ഷോട്ടുതിർത്തു.. ഗോൾ!! ഗാലറി ആർത്തുവിളിച്ചു.കളിക്കാരും കാണികളും ഒന്നായിത്തീർന്നു. പന്തുബാധയേറ്റ ജനത ഒറ്റപന്തിന്റെ വിസ്മയത്തിൽ ആനന്ദനൃത്തം ചെയ്തു.

അലികുട്ടി ബീരാഞ്ചിറ

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x