
സുജിത്ത് ബാബു. എസ്
Published: 10 July 2026 കവര്‍സ്റ്റോറി
സോക്കറൂസും സാംസ്കാരിക ബഹുസ്വരതയും
ആഫ്രിക്കൻ വൻകരയിലെ ടാൻസാനിയയുടെ പശ്ചിമ പ്രദേശത്തുള്ള ‘കിഗോമ’ യിലുള്ള ഒരു അഭയാർത്ഥി ക്യാമ്പും, ആഗോള ഫുട്ബോളിന്റെ മാസ്മരിക കാഴ്ചകൾ നിറഞ്ഞ ഫിഫ ലോകകപ്പ് വേദിയായ വാൻകൂവർ സ്റ്റേഡിയവും തമ്മിലുള്ള ദൂരം പലർക്കും സ്വപ്നം കാണാവുന്നതിനേക്കാൾ വലുതാണ്. എന്നാൽ 20 വയസ്സുകാരനായ നെസ്റ്റോറി ഇരാൻ കുണ്ടയെ സംബന്ധിച്ചെടുത്തോളം ഈ ദൂരം താണ്ടുന്നത് അപ്രാപ്യമായ ഒന്നായിരുന്നില്ല.ബുറുണ്ടിയിലെ ആഭ്യന്തരയുദ്ധത്തിൽ നിന്ന് ജീവനും കൊണ്ട് പലായനം ചെയ്യപ്പെട്ട മാതാപിതാക്കളുടെ മകനായി അഭയാർത്ഥി ക്യാമ്പിൽ ജനിച്ച്, ഓസ്ട്രേലിയയിൽ കുടിയേറി അഡലെയ്ഡിന്റെ വടക്കൻ പ്രാന്ത പ്രദേശങ്ങളിൽ പത്തുതട്ടി പഠിച്ച്, തന്റെ സ്ഫോടനാത്മകമായ ശൈലിയിൽ കളിച്ച്, ഇന്ന് ഓസ്ട്രേലിയൻ ഫുട്ബോൾ ടീമിന്റെ മുന്നേറ്റ നിര താരമായ ഇരാൻകുണ്ട യുടെ ജീവിതം, ബഹു സംസ്കാരങ്ങളുടെ ഒത്തു ചേരൽ ഒരു നാടിന് നൽകുന്ന ഗുണപരമായ മാറ്റത്തിന്റെ ഉത്തമോദാഹരണമാണ്.
സോക്കറൂസ് എന്ന പേരിൽ പരക്കെ അറിയപ്പെടുന്ന ഓസ്ട്രേലിയൻ ഫുട്ബോൾ ടീം, ഇതിനുമുൻപ് 6 തവണ ഫിഫ വേൾഡ്കപ്പിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും 2006 ,2022 ലും മാത്രമേ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും മുന്നേറുവാൻ സാധിച്ചിട്ടുള്ളൂ. 2000-2010 കാലഘട്ടത്തിൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മിന്നും താരങ്ങളായിരുന്ന ടിം കേഹിൽ, മാർക്ക് വിദുക, ഹാരി കെവൽ,ലുകാസ് നീൽ എന്നിവരുൾപ്പെട്ട , സുവർണ്ണ തലമുറ എന്ന് പേരുകേട്ട ഓസ്ട്രേലിയൻ ഫുട്ബോൾ ടീമിന്, പ്രതിഭാ ബാഹുല്യം നിറഞ്ഞിട്ടും കഴിവിനൊത്ത പ്രകടനം പലപ്പോഴും സാധ്യമായിട്ടില്ല. കൂടുതൽ മത്സര പരിചയത്തിനായി ഓഷ്യാനിയ യിൽ നിന്നും ഏഷ്യൻ കോൺഫെഡറേഷൻസ് ലേക്ക് വരെ ചേക്കേറുകയുണ്ടായി സോക്കറൂസ് ടീം.
എന്നാൽ,ഇത്തവണ ഫിഫ വേൾഡ് കപ്പ് 2026 രണ്ടാം റൗണ്ടിലെത്തി നിൽക്കുമ്പോൾ ചരിത്രമെഴുതുകയാണ് സോക്കറൂസ് ടീം.ലോക ഫുട്ബോളിൽ അത്രയൊന്നും അറിയപ്പെടാത്ത കുറച്ച് യുവ കളിക്കാരുടെ പിൻബലത്തിൽ അവർ തേരോട്ടം തുടരുകയാണ്. ടോണി പോപ്പോവിച്ച് പരിശീലകനായുള്ള ഇത്തവണത്തെ ടീമിന്റെ കുന്ത മുനകൾ നേരത്തെ പരാമർശിച്ച നെസ്റ്റോറി ഇരാൻകുണ്ട, മുഹമ്മദ് ടൂറെ എന്നിവരാണ്. ടീമിന്റെ മുഖ്യ സ്ട്രൈക്കർ ആണ് ടൂറെ. ആദ്യ കളിയിൽ തന്നെ ഗോൾ നേട്ടം കൈവരിച്ച് ടീമിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച് കളിയിലെ “സുപ്പീരിയർ പ്ലയെർ ഓഫ് ദ മാച്ച് “ അവാർഡ് കരസ്ഥമാക്കിക്കഴിഞ്ഞിരിക്കുന്നു അതിവേഗക്കാരനായ ഇരാൻകുണ്ട. ഇരാൻ കുണ്ടയെപ്പോലെ തന്നെ നന്നേ ചെറു പ്രായത്തിൽ,മാതാപിതാക്കൾക്കൊപ്പം സുഡാനിലെ അഭയാർത്ഥി ക്യാമ്പിൽ നിന്നും ഓസ്ട്രേലിയയിൽ എത്തിച്ചേർന്നവനാണ് ടുറേ. ഇവരെ കൂടാതെ കെനിയയിൽ നിന്നും അവർ മാബിൽ, ക്രൊയേഷ്യയിൽ നിന്നും മിലോസ് ഡിജനെക് എന്നീ അഭയാർത്ഥി കളിക്കാരും ടീമിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഇവരെ കൂടാതെ 18 ഓളം കുടിയേറ്റ പാരമ്പര്യമുള്ള കളിക്കാരും ഉൾപ്പെട്ടതാണ് ഇത്തവണത്തെ സോക്കറൂസ് ടീം.
ഒരു ഗവൺമെന്റിന്റെ സാംസ്കാരിക ബഹുസ്വരതാ നയങ്ങൾ, കുടിയേറ്റക്കാരോടും അഭയാർഥികളോടും ഉള്ള ഉദാരമായ നയങ്ങളും സമീപനവും, ഫുട്ബോൾ പോലെയുള്ള ഏറ്റവും പ്രചാരമുള്ള കളിയിൽ പോലും ഉന്നത തലത്തിലേക്ക് കളിക്കാരെ സംഭാവന ചെയ്യുന്നതിലേക്കും, അവരുടെ ജീവിത നിലവാരവും സാഹചര്യങ്ങളും ഉയർത്തുന്നതിലേക്കും വഴിതെളിക്കുന്നു എന്നതിന്റെ നേർ സാക്ഷ്യമാണ് സോക്കറൂസ് ടീം ലോകത്തിന് മുൻപിൽ കാഴ്ചവെക്കുന്നത്.
അഭയാർത്ഥികളായി വന്ന് ഒരു രാജ്യത്തിൽ പൗരത്വം ലഭിക്കുന്നതിലൂടെ ഈ കളിക്കാർക്ക് ഒരു ദേശീയ വ്യക്തിത്വം (National identity) ലഭ്യമാവുന്നതും, പിന്നീട് അവർ. ഫുട്ബോളിലൂടെ ആ രാജ്യത്തിന്റെ മൊത്തം അഭിമാന സ്തംഭങ്ങൾ ആയി മാറുന്നതും സോക്കറൂസിന്റെ കണ്ണിലൂടെ ലോകത്തിന് നോക്കി കാണാവുന്നതാണ്. ഇത് സമൂഹ്യ ശാസ്ത്രത്തിൽ ഒരു പ്രത്യേക പഠന, ഗവേഷണ വിഷയമാക്കേണ്ട ഒന്നാണ്.
അഭയാർത്ഥികളെയും, ആഭ്യന്തരമായി പലായനം ചെയ്യേണ്ടി വന്ന ജനവിഭാഗങ്ങളെയും, ഇന്റർനാഷനൽ ഒളിമ്പിക് കമ്മിറ്റി ( IOC) തങ്ങളുടെ പതാകക്ക് കീഴിൽ ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുമതി നൽകാറുണ്ട്. മികച്ച കായിക താരങ്ങൾക്കായുള്ള റെഫ്യൂജി ഒളിമ്പിക് ടീം, കമ്യൂണിറ്റി തലത്തിൽ പ്രവർത്തിക്കുന്ന ഒളിമ്പിക് റീഫ്യജ് ഫൗണ്ടേഷൻ എന്നീ പ്രോഗ്രാമുകളിലൂടെ ‘IOC’സഹായിക്കുന്നുമുണ്ട് .അതേസമയം ഫിഫയുടെ കാര്യപരിപാടികൾ തികച്ചും വ്യത്യസ്തമാണ്. ഘടനാപരമായ ധനസഹായം,യുണൈറ്റഡ് നേഷൻസ് ഹൈ കമ്മീഷണർ ഫോർ റിഫ്യൂജീസ് (UNHCR)
മായുള്ള പങ്കാളിത്തം, പ്രാദേശിക പരിപാടികൾ എന്നിവയിലൂടെ അഭയാർഥികളെ ആഗോള തലത്തിൽ പിന്തുണയ്ക്കുവാൻ ഫിഫ ഫുട്ബോളിനെ ഉപയോഗപ്പെടുത്തുന്നു. 2023 ലെ ധാരണാപത്രം അനുസരിച്ച് ഫിഫ ഫൌണ്ടേഷൻ റഫ്യൂജി പ്രോഗ്രാം; ഫിഫ പീസ് ഫണ്ട്, UNHCR ഗെയിം ചേഞ്ചിങ് ടീം, അഫ്ഗാൻ വനിതാ ടീം എന്നിവയിലൂടെ ഇവർക്ക് നേരിട്ടുള്ള പിന്തുണ കൊടുക്കുന്നു.
അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിനായി, UNHCR സഹകരണത്തോടെ ഔദ്യോഗിക പുനരധിവാസ പദ്ധതി ( Offshore Resettlement) പ്രകാരം പ്രതിവർഷം 20000 ഓളം പേർക്ക് അഭയാർത്ഥി പദവി ഓസ്ട്രേലിയ അനുവദിക്കുന്നുണ്ട്. ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസകളിൽ നിയമപരമായി രാജ്യത്തെത്തിയവർക്കും അഭയം നൽകിവരുന്നുണ്ട്. അതേ സമയം ഓപ്പറേഷൻ സോവറിൻ ബോർഡർസ് പ്രകാരം മതിയായ രേഖകളില്ലാതെ ബോട്ടുമാർഗ്ഗം രാജ്യത്ത് കടക്കാൻ ശ്രമിക്കുന്നവരെ തടങ്കൽ പാളയങ്ങളിലേക്ക് അയക്കുന്നതിന്റെ പേരിൽ മനുഷ്യാവകാശലംഘനങ്ങൾ പരക്കെ വിമർശ വിധേയവുമാവുന്നുമുണ്ട് . പക്ഷേ ഓസ്ട്രേലിയയുടെ നയങ്ങൾ, അവിടെ അഭയാർഥികളായി വന്ന് ഫുട്ബോളിൽ വെന്നിക്കൊടി പാറിച്ച കളിക്കാരിലൂടെയാണിന്ന് ലോകം അറിയുന്നത്,എന്നത് ഒരു അതിശയോക്തിയല്ല.
എന്നിരുന്നാലും ഫുട്ബോൾ എന്ന ഈ മഹത്തായ കളിക്ക് പൊതുവിലും, ഫിഫ എന്ന സംഘടനക്ക് പ്രത്യകിച്ചും ഫിഫ ഫൗണ്ടേഷൻപോലെയുള്ള മഹത്തായ ലക്ഷ്യങ്ങൾ ഉള്ള കാര്യപരിപാടികൾ തുടർന്നും സംഘടിപ്പിച്ച് മാനുഷിക മൂല്യങ്ങൾക്കായി എന്നെന്നേക്കും നിലകൊള്ളുവാൻ സാധിക്കും.
ഫുട്ബോൾ എന്ന കളി അഭയാർഥികളുടെയും, പാലായനം ചെയ്യപ്പെട്ടവരുടെയും, കുടിയേറ്റക്കാരുടെയും ജീവിതത്തിൽ ഗണ്യമായ മാറ്റം വരുത്തുന്നുവെന്നത് നിസംശയമെന്യേ നമുക്ക് പറയുവാൻ സാധിക്കും. അതേ സമയം മേൽപ്പറഞ്ഞ ഗണത്തിലുള്ള കളിക്കാർ ഈ ഗെയിമിനെ എങ്ങനെ കൂടുതൽ ജനപ്രിയമാക്കുന്നുവെന്നതും ചിന്തിക്കേണ്ട കാര്യമാണ്. എന്തെന്നാൽ ലോക ഫുട്ബോളിലെ അതികായന്മാരായ ടീമുകളും അവരുടെ കളിക്കാരെയും പരിശോധിക്കുകയാണെങ്കിൽ, ഫ്രാൻസ്, നെതർലൻഡ്സ്, ഇംഗ്ലണ്ട് തുടങ്ങിയർ ഈ പറഞ്ഞ കളിക്കാരിലൂടെയാണ് ജനമനസ്സിൽ ഇടം നേടിയതെന്ന് കാണാം,
കൊളോണിയൽ കാലത്തിന്റെ ബാക്കിപത്രമായ പഴയ ആഫ്രിക്കൻ, കരീബിയൻ കോളനികളിൽ നിന്നും വന്ന് ഫുട്ബോൾ ലോകം കീഴടക്കിയ ലോകോത്തര കളിക്കാർ ആരൊക്കെയാണെന്ന് നോക്കൂ. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആയ സിനേദിൻ സിദാൻ അൽജീരിയൻ വംശജൻ ആണ്. ഈ വേൾഡ്കപ്പിൽ അദ്ദേഹത്തിന്റെ നാലാമത്തെ മകൻ അൾജീരിയൻ ഗോൾ വല കാക്കുന്നതും, സിദാൻ ആ മത്സരം വീക്ഷിക്കുന്നതും, കൗതുക പൂർവം നമ്മൾ കണ്ടതാണ്.
1998 ലെ ലോക കപ്പ് ജേതാക്കളായ ഫ്രാൻസിന്റെ ടീമിലെ സെനഗലിൽ നിന്നുള്ള പാട്രിക് വിയേര,ഘാനയിൽ നിന്നുമുള്ള മാർസൽ ഡിസെയി, കരീബിയയിൽ നിന്നുള്ള ലിലിയൻ തുറാം, തിയറി ഹെൻറി,ക്രിസ്ത്യൻ കരേമ്പു, അർമേനിയൻ വംശജൻ ആയ യോർക്കഫ്, പോർച്ചുഗീസ് പാരമ്പര്യമുള്ള റോബർട്ട് പീരസ് എന്നീ മഹാരഥൻമാർ ഫ്രാൻസിന്റെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെയെല്ലാം ആരാധനാ പാത്രങ്ങൾ ആണ്. എക്കാലത്തും മനോഹരമായ ഫുട്ബോൾ കളിച്ച് പോന്ന നെതർലാൻഡ്സ് ന്റെ മഹാൻ മാരായ റൂഡ് ഗുള്ളിട്, റെയ്ക്കാർഡ്, എഡ്ഗാർ ഡേവിഡ്സ്, ക്ലാരൻസ് സീഡോർഫ്, പാട്രിക് ക്ലൂയിവേർട്ട്,റെയ്സിഗർ എന്നിവരെല്ലാം തന്നെ സുരിനാം, കുറസോവ തുടങ്ങിയ പഴയ ഡച്ച് കോളനികളിൽ നിന്നുള്ളവരാണ്.
സാംസ്കാരിക വൈവിധ്യവും, ബഹു സ്വരതയും നില നിർത്തിക്കൊണ്ട് തന്നെ, വംശീയ വെറിക്കും, വിവേചനത്തിനും ഫുട്ബാളിൽ ഒരു സ്ഥാനവുമില്ലെന്ന് അടിവരയിട്ട് പ്രസ്താവിച്ചുകൊണ്ട് ഇനിയും മുന്നേറാൻ ഇത്തരം ടീമുകൾക്ക് സാധിക്കട്ടെ. യുദ്ധം, ആഭ്യന്തര കലാപങ്ങൾ,പട്ടിണി, രാഷ്ട്രീയ നിലപാടുകൾ എന്നിവ മൂലം നിർധന ബാല്യങ്ങൾ തങ്ങളുടെ സ്വത്വത്തിൽ നിന്നും ഇനിയെങ്കിലും പറിച്ചു മാറ്റപ്പെടാതിരിക്കട്ടെ. പലായനമധ്യേ ഒരു പിഞ്ചു ജീവനും പൊലിയാതെയിരിക്കട്ടെ. അഥവാ നിയമപരമായി പറിച്ചു നടപ്പെട്ടാൽ തന്നെ, അവർ മറ്റൊരു രാജ്യത്തിൽ, തങ്ങളുടെ സാംസ്കാരികതയും, സാംസ്കാരിക വ്യക്തിത്വവും ആർക്കും അടിയറവ് പറയാതെ തന്നെ തലയെടുപ്പോടെ ആ രാജ്യത്തിന്റെ അഭിമാന താരങ്ങളായി മാറുവാൻ സാധിക്കട്ടെ. ഫുട്ബോളിനെ സ്നേഹിക്കുന്ന നിരവധി ബാല്യങ്ങൾക്ക് സ്വപ്നം കാണുവാനും മാതൃകകളാകുവാനും അവർക്ക് സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
രാജ്യങ്ങൾക്കിടയിൽ മതിലു പണിയുന്നവരുടെയും, ചേരികൾ വേലികെട്ടി മറക്കുന്നവരുടെയും , കുട്ടികളെ കൊന്നൊടുക്കുന്നവരുടെയും കൂട്ട വംശഹത്യയും, അധിനിവേശവും മാത്രം നയങ്ങൾ ആയി കൊണ്ടാടുന്നവരുടെയും, അവരെ വാഴ്ത്തുന്നവരുടെയും ആയ ഈ കാലഘട്ടത്തിൽ നമുക്കിന്ന് വേണ്ടത് ഫുട്ബാളിലൂടെ മാനുഷികതയും സാംസ്കാരിക ബഹുസ്വരതയും എന്നെന്നും നിലനിർത്തുന്ന സോക്കറൂസ് മാതൃകകളും, എതിരാളികളായിരുന്നിട്ടും ആതിഥ്യ മര്യാദയോടും പരസ്പര സ്നേഹത്തോടും കൊറിയൻ ആരാധകരുടെ മനം കീഴടക്കിയ , ഇറാൻ ദേശീയ ടീമിന് സ്നേഹമസ്രുണത്താൽ ആതിഥ്യ മരുളിയ, ഫുട്ബോളിനെ നെഞ്ചേറ്റിയ, മെക്സിക്കൻ ജനതയുടെ മാതൃകകളും ആവട്ടെ.

Sujith Babu s
Assistant professor Department of physical education Govt Arts and Science College Ollur
