എസ് സുധീഷ്

Published: 10 July 2026 സംസ്കാരപഠനം

ഡേറ്റ ദൈവമാണ്

ഉത്തരാധുനികതയുടെ ഡിജിറ്റല്‍ മുതലാളിത്തയുക്തികള്‍
ഭാഗം-15

കമ്പോള വികസന രാഷ്ട്രീയം(Market expansionism)പുതിയ കാലത്തിന്റെ സാമ്രാജ്യത്വ രാഷ്ട്രീയമായി മാറുമ്പോഴാണ് ആഗോളവൽക്കരണ ഉദാരവൽക്കരണ പ്രക്രിയകൾ സാർവദേശീയ തലത്തിൽ ആരംഭിക്കുന്നത്. ദേശ രാഷ്ട്ര അതിർത്തികളെ മറികടന്നുകൊണ്ടും ഇറക്കുമതി നിയമങ്ങളെ ഉദാരവൽക്കരിച്ചുകൊണ്ടും ഒരു രാജ്യാന്തര കമ്പോള വികസനമുണ്ടായി വരുമ്പോഴാണ് ലോകബാങ്ക് വിജ്ഞാന കേന്ദ്രീകൃതമായ വികസനമെന്ന വാദമുഖവുമായി മുന്നോട്ടുവരുന്നത്. ബാങ്ക് എന്ന് വെച്ചാൽ ധനകാര്യ സ്ഥാപനമാണ്. ലോക ധനകാര്യ സ്ഥാപനം തന്നെ പണമല്ല, വിജ്ഞാനമാണ് വികസനത്തിന്റെ ജീവനും ആത്മാവും വഴിയുമെന്ന് പ്രഖ്യാപിച്ച് വളരെനാൾ കഴിഞ്ഞ ശേഷമാണ് പണാധിപത്യത്തിന്റെ സ്ഥാനത്ത് വിവര വിഭവാധിപത്യം ഉണ്ടായിരിക്കുന്നു എന്ന് സൈദ്ധാന്തികർ പറഞ്ഞുതുടങ്ങുന്നത്.
ധനകാര്യാധിപത്യം പിന്തള്ളപ്പെടുന്നു എന്നത് ഒരു മിഥ്യയും വിവര വിഭവ ആഖ്യാനം മിച്ച മൂല്യപ്പെരുപ്പത്തിന്റെ ഉപാധിയായിത്തീരുന്നു എന്നത് ഒരു യാഥാർത്ഥ്യവുമാണ്. വിവര സാങ്കേതിക വിദ്യയുടെ വളർച്ചയോടെ വിവര വിഭവ ചരക്കുവൽക്കരണത്തിന് കമ്പോളത്തിൽ വമ്പിച്ച മുന്നേറ്റം ഉണ്ടാകുന്നുണ്ട്. വിവര വിഭവ ചരക്കുവൽക്കരണത്തിലൂടെ പാദാർത്ഥികോല്പന്നങ്ങളെ അപനിർമ്മിക്കുന്നുവെങ്കിൽ പോലും വിവര വിഭവ വിദ്യ ധനകാര്യ പണസമ്പാദനം എന്ന ലക്ഷ്യം വെച്ചുകൊണ്ടുതന്നെയാണ് മുന്നോട്ടുപോകുന്നത്.
ധനകാര്യത്തിന്റെ സ്ഥാനത്ത്, പണത്തിന്റെ സ്ഥാനത്ത് വിവര വിഭവം, വിജ്ഞാനം ആധിപത്യ ശക്തിയായിത്തീരുന്നു എന്ന് പറയുമ്പോൾ മൂലധന നിക്ഷേപകന്റെ സ്ഥാനത്ത് ജ്ഞാനി ആധിപത്യ ശക്തിയായിത്തീരുന്നു. കമ്പോളം ഉല്പന്നങ്ങളെ അവയുടെ തന്നെ ആഖ്യായികകൾ കൊണ്ട് അപനിർമ്മിക്കുന്ന ഒരു ജ്ഞാനമണ്ഡലമായിത്തീരുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് ലോകബാങ്ക് ജ്ഞാനകേന്ദ്രീകൃതമായ ഒരു വികസന രാഷ്ട്രീയത്തിന്റെ വായ്ത്താരി മുഴക്കുന്നത്. ഭൗതിക പാദാർത്ഥികതയെ അപനിർമ്മിക്കുന്ന ഒരു ജ്ഞാനനിർമ്മിതിയാണ് കമ്പോളം എന്നതുകൊണ്ട്, കമ്പോളമാണ് ധനകാര്യ മിച്ചമൂല്യപ്പെരുപ്പത്തിന്റെ സാമ്രാജ്യമെന്നതുകൊണ്ട് ജ്ഞാനം മൂലധനത്തേക്കാൾ ആധിപത്യശക്തി ആർജ്ജിക്കുന്നു. മൂലധനത്തിൽ നിന്ന് മിച്ചമൂല്യപ്പെരുക്കം സൃഷ്ടിക്കുന്ന ലാഭവ്യവഹാര കർത്താവാണ് വിജ്ഞാനം / വിവര വിഭവം / ജ്ഞാനി.
മൂലധന നിക്ഷേപത്തിൽ നിന്ന് ഉല്പന്നങ്ങൾ നിർമ്മിക്കുന്നു എന്നതുകൊണ്ട് മാത്രം മിച്ചമൂല്യത്തിന് അത്യുന്നത കുതിപ്പുണ്ടാകുന്നില്ല. പ്രാചീനവും ആധുനികവുമായ മൂല്യങ്ങളെ മാത്രമല്ല മനുഷ്യശരീരത്തെയും ഫിഗറിനെയും ലൈംഗികതയെയും മനുഷ്യനെത്തന്നെയും ചരക്കുവൽക്കരിക്കുന്ന ആഖ്യാനങ്ങളുടെ മണ്ഡലമായി കമ്പോളം വികസിച്ചുവരുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് ആധുനിക കലയുടെ ഏറ്റവും ഉത്തമമായ രൂപം പരസ്യകലയാണ് എന്ന് യു എസ്സ് -ബ്രിട്ടീഷ് സാംസ്കാരിക വ്യാഖ്യാന സ്ഥാപനങ്ങൾ പറഞ്ഞുതുടങ്ങുന്നത്.
രാജാവ് -പുരോഹിതൻ ദ്വന്ദ്വം അടിമത്ത വ്യവസ്ഥയുടെ കാലത്തുതന്നെ അധികാര വ്യവസ്ഥയുടെ ഭാഗമായി ഉണ്ട്. ജന്മിത്ത നാടുവാഴിത്ത കാലത്തും ആധ്യാത്മികതയുടേതായ പരിരക്ഷ അധികാര വ്യവസ്ഥയ്ക്ക് ഉണ്ടായിരുന്നു. ഭൗതിക സമ്പത്ത് ഭൂഗർഭ അറകളിലാക്കി സൂക്ഷിക്കുമ്പോൾ അതിന്റെ മുകളിൽ അനന്തശയന പരിരക്ഷ ഉണ്ടാവുക എന്നത് മുതലാളിത്ത ജനാധിപത്യ പൂർവ്വകാലത്തെ സമ്പ്രദായമായിരുന്നു. ഇവിടെ രാജാവ് ഭരണാധികാരിയും അനന്തപത്മനാഭൻ ജ്ഞാനവുമാണ്.
മനുഷ്യ നാഗരികത രൂപപ്പെട്ടതിന് ശേഷം (മൂന്ന് ജ്ഞാനികളുടെ ബൈബിൾ കഥ ഓർക്കുക.)സാമ്പത്തിക രാഷ്ട്രീയ അധികാര വ്യവസ്ഥയുടെ സംരക്ഷകരായ പുരോഹിത ജ്ഞാനികളോ, അധികാര സ്ഥാപന വിമർശകരായ പ്രവാചകന്മാരോ ജ്ഞാന അധികാര സ്ഥാനത്ത് പ്രവർത്തിച്ചിരുന്നതായി ചരിത്രം പറയുന്നു. കല പ്രവാചക ദൗത്യമാണ്. അധികാര സ്ഥാപന പരിരക്ഷയെ മുൻനിർത്തി ജ്ഞാനസിദ്ധാന്തങ്ങൾ രൂപപ്പെടുത്തുന്നവരും കലാകാരന്മാരായാണ് അറിയപ്പെടുന്നതെങ്കിലും അതിനെ കുഴലൂത്തുകല അല്ലെങ്കിൽ വൾഗർ ആർട്ട് എന്ന് വിളിക്കുന്നതാവും ഉചിതം. അതേ അധികാര സ്ഥാപനത്തിന്റെ മനുഷ്യനീതി സംഹാരത്തിനെതിരെ കത്തുന്ന വിരലുകളുയർത്തുന്ന പ്രവാചകൻ അല്ലെങ്കിൽ ഋഷി കവിയായിരുന്നു, കലാകാരനായിരുന്നു.
മുതലാളിത്തത്തിന്റെ കാലമെത്തുമ്പോൾ വിജ്ഞാനതലത്തിൽ ദൈവത്തിന്റെ മരണം അസന്ദിഗ്ദ്ധമായി സ്ഥാപിക്കപ്പെട്ടു. ദൈവം അദൃശ്യനായിരിക്കുന്നു എന്നും വിശ്വസിക്കുന്നിടത്തുതന്നെ അസാന്നിധ്യത്തിന്റെ അതിഭൗതിക അനുഭവം ഉണ്ടായിരുന്നു. ഇപ്പോൾ ദൈവത്തിന്റെ സ്ഥാനം വിവര വിഭവ സാങ്കേതിക വിദ്യ ഏറ്റെടുത്തു. രാജാവിന്റെ സ്ഥാനത്ത് മൂലധന നിക്ഷേപകനും ദൈവത്തിന്റെ സ്ഥാനത്ത് ജ്ഞാനിയും എന്ന നില വന്നു. മുൻകാലങ്ങളിൽ രാജാവ് പ്രത്യക്ഷനും ദൈവം അദൃശ്യനുമായിരുന്നുവെങ്കിൽ ഇപ്പോൾ ജ്ഞാനം, (വിജ്ഞാനം എന്നു ലോകബാങ്ക്, വിവരവിഭവം – ഡാറ്റ എന്നു ഗായത്രി) അല്ലെങ്കിൽ ആഖ്യാനം പ്രത്യക്ഷവും പാദാർത്ഥിക ഉല്പന്നവും അതിന്റെ മൂലധന മിച്ചമൂല്യപ്പെരുക്കവും അദൃശ്യവുമായിത്തീരുന്നു.


രാജാവ് / ( രാജവാഴ്ച) = മൂലധന നിക്ഷേപകൻ /(മുതലാളിത്തം)


എന്ന സമവാക്യത്തിനോടൊപ്പം തന്നെ

ദൈവം ( പുരോഹിതൻ)/ (രാജവാഴ്ച ) = ജ്ഞാനി (ആഖ്യാനം)/(മുതലാളിത്തം)

എന്ന സമാവാക്യം


കമ്പോള മുതലാളിത്ത കാലത്തുണ്ടായി വന്നു.സർവ്വാധികാര ശക്തിയായ ധനകാര്യ മൂലധനം അദൃശ്യമാവുകയും അതിൽ നിന്ന് ഉല്പന്നമാകുന്ന പാദാർത്ഥിക വസ്തു ആഖ്യാനങ്ങൾ കൊണ്ട് അപനിർമ്മിക്കപ്പെടുകയും ചെയ്തു. ധനകാര്യവും പാദാർത്ഥിക ഉല്പന്നവുമാണ് കമ്പോളത്തിന്റെ ഭൗതികമായ അടിത്തറയെങ്കിലും അങ്ങനെയൊരു അടിത്തറ ഇല്ല എന്നൊരു വാദഗതി ഉയർന്നു വന്നു. ചിഹ്നത്തിന്റെ സിഗ്നിഫൈഡ് പാദാർത്ഥിക വസ്തു എന്താണ് എന്നത് ചിഹ്നത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല എന്നൊരു വാദഗതി ഉയർന്നുവന്നു. അതായത്, മലയാളികൾ സാമാന്യമായി ആന എന്ന് കരുതുന്ന മൃഗത്തിന് താഴെ പൂച്ച എന്നൊന്ന് പാഠപുസ്തകത്തിൽ തെറ്റായി അടിച്ചു വെച്ചാൽ ആന പൂച്ചയായി മാറുമെന്നതാണ് ഈ സിദ്ധാന്തം. ആഖ്യാനമാണ് പാദാർത്ഥിക ഉല്പന്നത്തെ നിർവ്വചിക്കുന്നത് എന്നതിനാൽ ആഖ്യാനപരമായ സത്യവും ഉല്പന്നം അതിന്റെ അനുകരണവും മാത്രമായിത്തീരുന്നു (അതാണ് പ്ലേറ്റോവിന്റെ സിദ്ധാന്തം).
പഴയ പ്ലേറ്റോണിക് ആശയവാദവും പുത്തൻ കമ്പോളിക ആശയവാദവും തമ്മിലുള്ള താരതമ്യം ഇങ്ങനെ:

പ്ലേറ്റോ: പരമമായ സത്യം ( ആശയം ) – അനുകരണം-> പാദാർത്ഥിക ലോകം.

പാദാർത്ഥിക ലോകം പരമമായ സത്യത്തിൽ നിന്ന് ഒരു മടങ്ങ് അകലെ.
പാദാർത്ഥിക ലോകത്തിന്റെ അനുകരണമായ ആഖ്യാനം ( കമ്പോളിക ആശയവാദത്തിലെ വെർച്വൽ റിയാലിറ്റി ) പരമമായ സത്യത്തിൽ നിന്ന് രണ്ടു മടങ്ങ് അകലെ.


കമ്പോളിക ആശയവാദം:പ്ലേറ്റോണിക് ആശയവാദം -പാദാർത്ഥിക വസ്തു ഇല്ല, ഒറിജിനൽ ഇല്ല (പൊതു നിലപാട്).


കമ്പോളിക ആശയവാദം:

മൂലധനം (പണം ) -> പാദാർത്ഥിക ഉല്പാദനം-> പാദാർത്ഥിക ഉല്പന്നം.


പാദാർത്ഥിക ഉല്പന്നം -> ആഖ്യാനം, -> പ്രതിയാഥാർത്ഥ്യം, പരമമായ സത്യം (പാദാർത്ഥിക ഉല്പന്നത്തെ അപ്രസക്തമാക്കുന്നു).

 

പണത്തിൽ നിന്ന് വിവര വിഭവത്തിലേക്ക്, ജ്ഞാനത്തിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് ഗായത്രി –

ചിഹ്നം -ജ്ഞാനിമം -അർത്ഥനിർണ്ണായക അധികാര ശക്തിയായിത്തീരുന്നു എന്ന് സുസൂർ – ഫുക്കോ


കാമ്പോളിക ആശയവാദത്തിന്റെ പശ്ചാത്തലത്തിൽ സുസൂറിന്റെയും ലോകബാങ്കിന്റെ ജ്ഞാനവാദത്തിന്റെയും ബോദ്രിലാർ, സിസെക് തുടങ്ങിയവരുടെ കമ്പോളിക ആശയവാദത്തിന്റെയും പശ്ചാത്തലത്തിൽ പാദാർത്ഥിക വസ്തു വിമുക്തമായ ആഖ്യാനത്തെ വിലയിരുത്തുമ്പോൾ ആഖ്യാനം എന്നത് പാദാർത്ഥിക വസ്തുവിന്റെ പലമടങ്ങ് അകലെ നിൽക്കുന്നു. ആഖ്യാനം അനുകരണം എന്ന നിലയിൽ പാദാർത്ഥിക വസ്തുവിൽ നിന്ന് വേർപെടുന്നു എന്ന സിദ്ധാന്തം മറ്റൊരു തലത്തിൽ ഇവിടെ സ്ഥാപിക്കപ്പെടുന്നു.


ഇങ്ങനെയൊരു വാദഗതിയുടെ പശ്ചാത്തലത്തിൽ


1. സംഭവിച്ചിട്ടില്ല എന്ന് ബോദ്രിലാർ പറയുന്ന ഗൾഫ് യുദ്ധം.

ഗൾഫ് യുദ്ധത്തിന്റെ ടിവി ആഖ്യാനം എന്ന പ്രതിയാഥാർത്ഥ്യം.

[ ടിവി ആഖ്യാനം പ്രതിയാഥാർത്ഥ്യമാണ് എന്ന് പറയുന്നതിന്റെ കാരണം ലോകമെമ്പാടുമുള്ള ജനങ്ങൾ കാണുന്ന ദൃശ്യം അതാണ് എന്നാണ്. ഒരുപക്ഷേ സംഭവിച്ചിട്ടില്ല എങ്കിൽ പോലും ജനങ്ങൾ കാണുന്ന ഗുരുവായൂരപ്പനുമായി ജനങ്ങൾ പ്രതിപ്രവർത്തിക്കുന്നു എന്നതിനാൽ ഗുരുവായൂരപ്പൻ എന്ന ഭൗതിക സംഭവമല്ല ആഖ്യാനമാണ് പ്രതിയാഥാർത്ഥ്യം എന്നു വാദിക്കുന്ന മാതൃകയിൽ )

2. സംഭവിച്ചിട്ടില്ല എന്ന് ഒരു കൂട്ടർ വാദിക്കുന്ന സൂര്യനെല്ലി സംഭവം.

സൂര്യനെല്ലി സംഭവത്തിന്റെ മാധ്യമ ആഖ്യാനം -പ്രതിയാഥാർത്ഥ്യം.

3.സംഭവിച്ചിട്ടില്ലാത്ത കസാക്കിന്റെ ഇതിഹാസം.

ഖസാക്കിന്റെ ഇതിഹാസം എന്ന ആഖ്യാനം -പ്രതിയാഥാർത്ഥ്യം.


മുകളിൽ ഉദാഹരിച്ചിരിക്കുന്ന രണ്ടെണ്ണം മാധ്യമ വിഭാഗത്തിൽ പെടുന്ന ആഖ്യാനങ്ങളാണ്. ഒരെണ്ണം കലാ സാഹിത്യ വിഭാഗത്തിൽ പെടുന്നതും. ഇതിൽ മൂന്നിലും സാമാന്യമായി വരുന്ന വിശേഷം മനുഷ്യജീവിതത്തെ, മനുഷ്യജീവിത മൂല്യങ്ങളെ ആഖ്യാനമാക്കുകയും ചരക്കുവൽക്കരിക്കുകയും വിറ്റഴിക്കുകയും ചെയ്യുന്നു എന്നതാണ്.
ചരക്കുവൽക്കരണം എന്നതാവട്ടെ ഇതിന്റെ രാഷ്ട്രീയ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇവ മൂന്നും കമ്പോളത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങൾ ഒരുപോലെ നിർവ്വഹിക്കുന്നു. കമ്പോള രാഷ്ട്രീയ താല്പര്യങ്ങൾ ഇവ നിർവ്വഹിക്കുന്നത് ഒരു പൊതു നിലപാടിൽ നിന്നുകൊണ്ട് ആണ്. അതായത്, വിറ്റഴിക്കൽ എന്ന ഭൗതിക ധനസമ്പാദന ക്രിയ പല തോതിലും നിർവ്വഹിക്കുമ്പോഴും -പാദാർത്ഥിക യാഥാർത്ഥ്യത്തെ തള്ളിക്കളഞ്ഞുകൊണ്ട്, സ്വതന്ത്രമായ ആഖ്യാനം എന്ന നിലയിൽ ആശയമണ്ഡലത്തിൽ ഇവ വ്യവഹരിക്കുന്നു എന്നതാണ് ഇവിടുത്തെ പൊതു നിലപാട്.


അധികാര സ്ഥാപനത്തിന്റെ ധർമ്മം നിർവ്വഹിക്കുവാൻ കാലാകാലങ്ങൾ പ്രകൃതി – സംഭാവ്യത-പാദാർത്ഥിക നിയമങ്ങളുടെ നിരാസമായ അതിമാനുഷൻ എന്ന കെട്ടുകഥ സംഭവിക്കുന്നുവെന്ന ആശയവാദപരമായ നിലപാട് വളരെ പഴയതാണ്. അക്കാലങ്ങളിലൊക്കെ പദാർത്ഥബദ്ധ വസ്തുലോകത്തെ തള്ളിക്കളഞ്ഞുകൊണ്ട് ആശയവാദ അധികാരം സ്ഥാപിക്കുവാനുള്ള ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് ന്യൂനപക്ഷ അധികാര സ്ഥാപനത്തിന്റെ ചൂഷണ താല്പര്യമാണ്. ഭൗതിക പാദാർത്ഥിക ലോകവുമായി പ്രതിപ്രവർത്തിച്ച് നിർമ്മിതി നടത്തുന്ന ജനവിഭാഗത്തെ കരബലം കൊണ്ട് അമർച്ച ചെയ്ത ശേഷം അവരെ ഇങ്ങനെ അമർച്ച ചെയ്യാൻ അതിമാനുഷമായ പ്രതിഭാസത്തിന്റെ അനുവാദമുണ്ടെന്ന് കാലാകാലങ്ങളിൽ സ്ഥാപിച്ചിരുന്നു. അതത് കാലത്തെ പ്രതിയാഥാർത്ഥ്യപരമായ പ്രതിയാഥാർത്ഥ്യ ആഖ്യാനങ്ങൾ ഇവ നിലപാട് സ്ഥാപിക്കുന്നതിനുള്ള മേധാപരമായ ഉപകരണങ്ങളായിരുന്നു.


അടിമ-ഉടമ, പ്രജ-രാജാവ്, ജന്മി-അടിയാൻ എന്നിങ്ങനെയുള്ള മൂന്നുതരം ബന്ധങ്ങളും പരിശോധിച്ചാൽ അവിടെ സാമ്പത്തിക വിഭവ ചൂഷണ ബന്ധങ്ങൾ കാലാന്തരത്തിൽ വൈകാരികവും ധാർമ്മികവുമായ ധർമ്മം എന്ന നിലയിൽ സ്വീകാര്യമായിത്തീരുന്നതായി കാണാം. ചൂഷകനും ചൂഷിതനും തമ്മിലുള്ള ബന്ധത്തിൽ ഒരു വശത്ത് ക്രൂരമായ മുറിവുകളുടെ ചോരയൊഴുകുന്ന നിലവിളികളും മറുഭാഗത്ത് വൈകാരികവും ധാർമ്മികവുമായി വിധേയത്വത്തിന്റെ താദാത്മ്യങ്ങളും പ്രകടമാണ്. സാമ്പത്തിക വിഭവ ചൂഷണ ബന്ധങ്ങൾ രതിയുടെയും ഭക്തിയുടെയും ധാർമ്മിക രസഭാവങ്ങളാൽ വായിക്കപ്പെടുകയും അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും നില അധീശന് എന്നപോലെ വിധേയനും സ്വീകാര്യമായിത്തീരുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക വിഭവാധിഷ്ഠിതമായ അധിശത്വ വിധേയത്വ ബന്ധമാവട്ടെ സ്ത്രീ-പുരുഷ ബന്ധത്തിന്റെ, ലൈംഗികതയുടെ ധർമ്മനീതി രസാനുഭവ പ്രതിസന്ധി എന്ന നിലയിലാണ് പ്രധാനമായും ചരിത്രത്തിലുടനീളം ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്.

എസ്.സുധീഷ്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x