
കെ.കെ. ശിവദാസ്
Published: 10 july 2026 വിവര്‍ത്തനകവിത
രണ്ട് ബംഗാളിക്കവിതകൾ
എന്റെ കവിത
ആഷിഷ് ബരൻ സർക്കാർ
വിവ: കെ.കെ.ശിവദാസ്
ഇരുപതാം നൂറ്റാണ്ടിന്റെ തരിശുനിലമായ , എല്ലാവരാലും നിരാകരിക്കപ്പെട്ടതും വെറുപ്പുളവാക്കിയതും തുപ്പിയതും വിശപ്പു കൊണ്ട് അലറിവിളിക്കുന്നതുമായ
ചവറ്റുകുട്ടയിലേക്ക് എന്റെ കവിത വലിച്ചെറിയുക
എന്റെ എല്ലാ കവിതകളും അവിടെത്തന്നെ വലിച്ചെറിയുക.
ഭൂമിയിലെ പെറുക്കികൾ നിലവിളികളാൽ ഭാവം പ്രകാശിപ്പിക്കുന്ന അടഞ്ഞ ഇടുക്കുവഴി തീരുന്നേടത്ത് എന്റെ കവിതയെ വിവസ്ത്രമാക്കുക.
ജീവിതത്തിന്റെ ദയാരാഹിതമായ യാതനകളാൽ വളർന്ന
ആ പോഷകങ്ങളില്ലാത്ത ജഡങ്ങളിലേക്ക് എന്റെ കവിതകളെ അയക്കുക
യാചകന്റെ സഞ്ചിയിലേക്ക് എന്റെ കവിത ചെന്നെത്തിയേക്കാം.
അവരുടെ ദുർബലമായ കൈകൾ ഉയരുകയും കലാപത്തിനൊരുങ്ങുകയും ചെയ്യാം.
അവർക്കു നല്ലത്
ആയിരം വർഷം സഹിക്കുന്നതിനേക്കാൾ സിംഹത്തെപ്പോലെ ഒരു ദിവസം ജീവിക്കുന്നതാണ്.
ആ സൈനികരുടെ ഖഡ്ഗങ്ങളിൽ എന്റെ കവിത മിടിച്ചുകൊണ്ടിരിക്കട്ടെ
സഹസ്രാബ്ദത്തിന്റെ അടിമത്തത്തിനു ശേഷം അവരുടെ ചുമലുകളിൽ നിന്ന് അടിമത്തത്തിന്റെ മുദ്രകൾ മാഞ്ഞു പോകട്ടെ പകരം വെയ്ക്കപ്പെടട്ടെ സിംഹത്തിന്റെ സട .
പശ്ചിമബംഗാളിന്റെ ഛായാചിത്രം 2004
സുശീൽ പഞ്ച
പ്രിയ.കവേ, കൽക്കത്തയ്ക്കു പുറത്തുകടന്ന് ജില്ലകളിലേക്ക് പോവുക
മനുഷ്യർ അവിടെ അതിജീവിക്കുന്നതെങ്ങനെയാണ്?
മരിച്ച മനുഷ്യരുടെ , പട്ടിണിയായ ഗ്രാമങ്ങളെ ഉത്സാഹത്തോടെ നിരീക്ഷിക്കുക
അകലെയല്ല; കാൽചിനി, കാന്തൽഗുരി, ദേക് ലപാറ, റായ് മതംഗ് , സുജനയ്, റാംത്സാേറ. . .
അനവധി തൊഴിലാളികൾക്ക് പണിയില്ലാതായ , അടച്ചുപൂട്ടിയ തേയിലത്തോട്ടങ്ങളാണ് ഇവ
അങ്ങേയറ്റത്തെ പട്ടിണി മൂലം അമ്മമാർ മരിക്കുന്നു. അവിടെ ക്ഷാമമില്ല എന്നാൽ അവർ ജീവൻ നിലനിറുത്തുന്നത് ഏതെന്നറിയാത്ത ചെടികളുടെ വിഷമുള്ള വേരുകൾ കഴിച്ചാണ്
അവിടെ അമ്മമാരുടെ ,പാലില്ലാത്ത മുലകളുണ്ട്
ശിശു അതിന്റെ അന്ത്യശ്വാസമെടുക്കുന്നുണ്ട്.
വടക്കൻ ബംഗാളിൽ പോഷണമില്ലാത്തതു മൂലമുണ്ടായ മരണങ്ങളെക്കുറിച്ചുള്ള എല്ലാ പരാതികളെയും സർക്കാർ റിപ്പോർട്ടുകൾ നിഷേധിക്കുന്നു.
കവികൾ ഈ സ്ഥലത്തിന്റെ സൗന്ദര്യത്തെ പ്രശംസിക്കുന്നു.
ഈ തേയിലത്തോട്ടത്തിലൂടെ തെരയുമ്പോൾ
ഇക്കാലമത്രയും മനസ്സിൽ കൊണ്ടുനടന്ന
ചുവപ്പിനോടും പച്ചയോടുമുള്ള ഇഷ്ടത്തിന്റെ ഒരനുരണനവും ഞാൻ കാണുന്നില്ല.
മരണസംഖ്യ ഇപ്പോൾ എണ്ണൂറിലധികമാണ്
തൊഴിലാളികൾ ഞെരുങ്ങിക്കഴിയുന്നു
പ്രിയകവേ, കവിതയുടെ ചിറകുകളിൽ നമുക്ക് പറക്കാതിരിക്കാം
നിങ്ങൾക്ക് എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ ഒരിക്കലെങ്കിലും ധൈര്യത്തോടെ പ്രതികരിക്കുക.
ബാഹ്യമോടിയിൽ അഭിരമിക്കുന്ന നമ്മുടെ കണ്ണുകൾക്കു പകരം
മനുഷ്യത്വത്തിന്റെ ആഴങ്ങളിൽ വ്യാപരിക്കുന്ന ഗൗരവമേറിയതും ക്ഷുഭിതവുമായ ഉൾക്കാഴ്ച നമുക്ക് ലഭിക്കട്ടെ !

Dr. K. K. SIVADAS
Prof. Department of Malayalam University of Kerala, Karyavattom Campus.
