വി. എം. ഗിരിജ

Published: 10 July 2026 പുസ്തകവായന

പുതു ഞാറു പൊട്ടും പാടങ്ങൾ, എല്ലാം എത്ര പെട്ടെന്നു പച്ചയ്ക്കുന്നു !

‘യുദ്ധവും സമാധാനവും’ എന്ന മഹത്തായ നോവൽ മുൻപ് മൂന്നുവട്ടം വായിച്ചിരുന്നു. ആദ്യം വായിച്ചത് ഇടപ്പള്ളി കരുണാകരമേനോൻ്റെ പരിഭാഷയായിരിക്കാം. വാടാനാംകുറുശ്ശി വായനശാലയിൽ നിന്ന് അച്ഛൻ എടുത്തു തന്ന ബൈൻ്റ് ചെയ്ത പുസ്തകം ഓർക്കുന്നു. അന്ന് പരിഭാഷകൻ്റെ പേര് മനസ്സിൽ പതിഞ്ഞിട്ടില്ല. 
പിന്നീട് ഇംഗ്ലീഷ് പരിഭാഷ വാങ്ങി, ദീർഘ ഇടവേളകൾക്കിടയിൽ രണ്ടുവട്ടം വായിച്ചു. ഇപ്പോൾ റിച്ചാർഡ് പീവിയർ, ലാറിസ്സ വൊളോഖോൻസ്കി എന്നിവരുടെ പരിഭാഷയുടെ കിൻഡിൽ എഡിഷൻ വായിച്ചിട്ടാണ് ഈ കാവ്യം വായിക്കാൻ തുടങ്ങിയത്. മൂലഗ്രന്ഥം വീണ്ടും വായിച്ചില്ലെങ്കിലും സാരമില്ല എന്ന് ഹരികൃഷ്ണൻ പറഞ്ഞെങ്കിലും, എനിയ്ക്കതിന് ധൈര്യം വന്നില്ല. 
‘യുദ്ധവും സമാധാനവും’ ഓടിച്ചു വായിക്കാവുന്ന കൃതിയല്ല. ഇടക്കിടെ നാം ആ ചിന്തയിലും ചരിത്രത്തിലും ആണ്ടുപോകും. ആലോചനാമധുരമല്ല, ചിന്താസാന്ദ്രമാവും വായന. ഇങ്ങനെ നോവൽ വായിച്ചിട്ടും, കാവ്യം പലകുറി വായിച്ചിട്ടും എഴുതാൻ എനിയ്ക്ക് എളുപ്പമായിട്ടില്ല. 
നോവലിലെ പ്രധാന കഥാപാത്രങ്ങളായ ആന്ദ്രേ, പിയർ, മരിയ, നടാഷ, നിക്കൊളായ് എന്നിവരും പെറ്റ്യ, നിക്കൊളൂഷ്ക എന്നീ കൗമാര/ ബാല കഥാപാത്രങ്ങളും തങ്ങളോടു തങ്ങൾ സംസാരിക്കുന്ന വിധം ഏഴു ഖണ്ഡങ്ങൾ– ആത്മവിചാരങ്ങൾ. അവയിൽ കഥയല്ല, ജീവിതച്ചുഴികളും മലരികളും സങ്കീർണ്ണമായ ചിന്താച്ചുഴച്ചിലുകളുമാണ്. താരതമ്യേന ചിന്താരഹിത എന്നു കരുതാവുന്ന, ‘ഇംപൾസീവ്’ ആയ നടാഷപോലും, നൂലറ്റത്ത് ആകാശത്ത് ഉയർന്നു പൊങ്ങിയ പട്ടംപോലെ തനിക്ക് കാണാനാവാത്ത ജീവിതത്തെ മിന്നൽവെളിച്ചം കൊണ്ടെങ്കിലും കാണാൻ ശ്രമിക്കുന്നു. 
“സ്വസ്ഥിതി തൻ മറുപുറം തപ്പുന്ന” ഉൾയാത്ര ഈ കാവ്യത്തിലും മർത്ത്യനീതിയാണ്. 
“എന്നതുവരും, എന്നു മാനവ മഹാരോഗ – 
പ്പുണ്ണിനു മണ്ണല്ലാതെ മറ്റൊരൗഷധമുണ്ടാം ?” 
എന്ന് ആന്ദ്രേയും പിയറും ഒക്കെ ആലോചിക്കുന്നുണ്ട്. 
“പോം വഴി പക്ഷേ മറ്റൊരുവിധമായിരുന്നെങ്കിൽ,
മർത്യലോക മഹിമ പുലർത്താൻ പറ്റിയവിധമായിരുന്നെങ്കിൽ”
എന്ന് ഇതിലെ യുദ്ധരംഗങ്ങളും മന്ത്രിക്കുന്നു. (ഈ മൂന്ന് ഉദ്ധരണികളും വൈലോപ്പിള്ളിയുടേത്.)
“എൻ്റെ മറുപുറം വിളിക്കുന്നെന്നെ. ഞാൻ കേൾക്കുന്ന കാലൊച്ചകൾ എൻ്റേതുതന്നെ.” എന്ന് തൊട്ട് ക്ലാരിസ് ലിഷ്പെക്റ്റോറിൻ്റെ ‘അഗ്വാ വിവ’ എന്ന പുസ്തകത്തിലെ ഉദ്ധരണികൾകൊണ്ട് കൊരുത്തു കെട്ടിയിരിക്കുകയാണ് ഓരോ ഭാഗവും. നല്ല കൊളുത്തുകൾ, നല്ല പിരിനൂലുകൾ, വികാരവിചാരപ്പിരിയൻകോവണികൾ, ആലോചനാനുഭവവഴികൾ ! 
‘പിറകി,ലോർമ്മയ്ക്കു പിടിതരാതൊളിക്കും ചെറിയകുട്ടിയായിരുന്ന ശേഷം’ ആന്ദ്രേ അതിർവെട്ടത്തിൽ, അരികുമൂർച്ചയിൽ, അകം പുറം നിമിഷങ്ങൾ അപഗ്രഥിയ്ക്കുന്നു. മരിച്ച ഭാര്യ, ലഭിച്ച, നഷ്ടപ്പെട്ട, വീണ്ടും വന്ന കാമുകി, ഉരുക്കുകോട്ട അച്ഛൻ, വിനീത സഹോദരി, കുഞ്ഞുമകൻ എന്നിവർക്കും അപ്പുറം വിശാല ഗഗനവും വേദനയുമാണ് ആന്ദ്രേയെ മാറ്റിമറിക്കുന്നത് എന്ന് കാവ്യം ചൂണ്ടിത്തരുന്നു. 
മൂടൽമഞ്ഞിൻ്റെ രാത്രി, ഗൂഢം പ്രകാശിക്കുന്ന നിലാവ്, ഉത്തുംഗ ഗഗനം, മന്ദമൊഴുകും മേഘങ്ങൾ, മൗനനിർവൃതികൾ – ഇങ്ങനെ മനസ്സിൻ്റെ വാതിൽ തുറക്കുന്ന മഹാത്ഭുതങ്ങൾ ഇതിലുണ്ട്. അപരസുഖം–സ്വസുഖം, നന്മ–തിന്മ എന്നിവയൊക്കെ കൂട്ടിയും കിഴിച്ചും നിൽക്കുമ്പോഴും, നിലാവു നോക്കിനിന്ന പെൺകുട്ടിയുടെ മാന്ത്രികചിത്രം ഉജ്ജ്വലമായി ഹൃദയത്തിലുണരുന്നു. ഇത്ര മിഴിവുള്ള അമ്പിളി ഇനിയില്ല എന്ന് നടാഷ പറയുന്നു. 
“മരമുകളിലമ്പിളിവട്ടം, 
നക്ഷത്രമൊഴിഞ്ഞ വസന്ത വാനം” 
ടോൾസ്റ്റോയിയുടെ എഴുത്തിലെ കവിത ഊറ്റിയെടുക്കുന്ന ഹരികൃഷ്ണൻ എന്ന കവിയുടെ വികാര, ഭാഷാ സൂക്ഷ്മത എന്നെ ആനന്ദിപ്പിക്കുന്നു. അതേ ആനന്ദമാണോ, ‘വെയിൽവാട്ടിത്തിളങ്ങും കൊച്ചുകാലുകൾ ഓടിക്കളിക്കുന്ന പുൽത്തകിടി’യുടെ സൗന്ദര്യമായി നാം അനുഭവിക്കുന്നത് ?
എത്ര കുറച്ചേ ദീർഘകാവ്യങ്ങൾ നമ്മുടെ ഭാഷയിൽ ഇറങ്ങുന്നുള്ളൂ. ഒരു തരി വാക്കുകൊണ്ടോ, വിരലിൽ തടഞ്ഞ ഒരു വരികൊണ്ടോ, ആകസ്മിക മിന്നൽക്കാഴ്ചകൊണ്ടോ തൃപ്തനായില്ല ഈ കവി ! ആശ്വാസം !
 
“ഒരു നൂറുവയസ്സുള്ള 
കടും തടിയിൽനിന്നുറപൊട്ടി
നുരയ്ക്കുന്നു പച്ചനീരിലകൾ, 
പൊടുന്നനെ പച്ചപൊട്ടുന്നെനിയ്ക്കുള്ളിലൊരാനന്ദം,
അറിയാത്ത അറിയാത്ത തെളിവെളിച്ചം”
 
എന്ന് ഈ വായനാനുഭവം എന്നേയും പുനർനിർവചിക്കുന്നു.
പിയർ, നടാഷ, മരിയ തുടങ്ങി തുടർന്നു വരുന്ന ഓരോ ഖണ്ഡത്തിലും കഥാപാത്രത്തെ കവിതയാക്കി മാറ്റിയിട്ടുണ്ട്. 
“മീൻവലയിലെ വെള്ളംപോലെ മനുഷ്യൻ്റെ ഭാഗ്യം,
വെള്ളത്തിലൂടെ വലിക്കുമ്പോളതു വീർക്കുന്നു,
വള്ളത്തിൽനിന്നെടുക്കുമ്പോൾ ചോരുന്നു”
 
പ്ലാറ്റൺ കരാട്ടേയേവിൻ്റെ വാക്കുകൾ ഇങ്ങനെ ! കിളികൾ പാടുന്നപോലെ, താൻ തന്നെ ആണും പെണ്ണുമാവുന്നപോലെ, പഴമനൊരു കൃഷിക്കാരനാവുന്നപോലെ അപരിചിതങ്ങളിൽ അഴകു തെളിയിച്ച് ജി. ഹരികൃഷ്ണനും എഴുതിയിരിക്കുന്നു. അത് ജന്മനാ കിട്ടിയ പാട്ടല്ല; എത്രയോ വർഷങ്ങൾ അനുശീലിച്ച് സ്വാംശീകരിച്ച് മലയാള കവികളിലൂടെ ഇണക്കി ഉണ്ടാക്കിയതാണ് ആ അറിവ്. 
ഇറ്റ് വീഴുക, പൊഴിയുക, നനയുക, വീഴാതെ ഇലകളിൽ തുള്ളികളായി തൂങ്ങുക, ആ തുള്ളികളെ കയ്യിലെടുത്ത് പരിശോധിക്കുക–ഇത് ഹരികൃഷ്ണന് ആനന്ദം. അതുപോലെ ഈ കവിതാനീരൊഴുക്കിൽ കാളിദാസൻ, ശ്രീനാരായണഗുരു, കുമാരനാശാൻ, വിഷ്ണുസഹസ്രനാമകവി, ചങ്ങമ്പുഴ, ആർ. രാമചന്ദ്രൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരൊക്കെ തുള്ളികളായി മാറുന്ന അനുഭവങ്ങൾ നിരവധി. മാത്രമല്ല, ശരിക്കും പ്രപഞ്ചത്തിലുള്ള പല തുള്ളികൾ തൂളിവീഴുന്നതും കാണാം.
 
“തൂളുന്നു മണ്ണിലേയ്ക്കോരോരോ തുള്ളിയുരുകി മാനം,
തിളങ്ങുന്നു തുള്ളികൾ തൊടിയിലെ മരക്കൊമ്പുകളിൽ
തൂളുന്നു തൊട്ടുതൊട്ടു പൊഴിയുമിലകൾക്കുമേൽ”
എന്നും,
“പാടുന്നവൾ പാട്ടുതന്നെയായ്,
ഏതോ കാചത്തിലൂടെ പാഞ്ഞ് കേന്ദ്രിക്കുന്നു ലോകം”
 
എന്നും, ഒക്കെ ഈ കാവ്യത്തിലെ വരികൾ ധാരാളമാകും, ഈ തൂളിപ്പെടൽ ഉദാഹരിക്കാൻ. 
മരണത്തിനു മുൻപിലത്തെ രാത്രി പെറ്റ്യ അനുഭവിച്ച ആ വിചിത്രഗാനാനുഭവവും ഹരിനാമകീർത്തനവും തുടങ്ങി സമസ്ത വ്യക്തി/കലാ അനുഭവങ്ങളും ഇതിലേക്ക് കപ്പംകൊടുത്തിട്ടുണ്ട്, തീർച്ച. സമാധാനം ഇല്ലാത്ത യുദ്ധമായ ജീവിതത്തിൽ, ആ ഒഴുക്കിനെ ഒരു മാത്ര പിടിച്ചുനിർത്തി അടിമുടി പരിശോധിക്കാൻ കവിയ്ക്കു കഴിഞ്ഞിട്ടുണ്ട്. 
സഹ്യൻ്റെ മകനിൽ “മേഘസന്ദേശത്തിലെ അത്ഭുത കലാസൗഭാഗ്യത്തിൻ്റെ ഒരംശം ഉപസ്കരിച്ചിട്ടുണ്ടെന്നു പറയാൻ ഞാൻ ധൈര്യപ്പെടുന്നു” എന്ന് വിമർശകരിലെ കവിയായ കുട്ടികൃഷ്ണമാരാർ കന്നിക്കൊയ്ത്തിൻ്റെ അവതാരികയിൽ എഴുതി. വിനയത്തോടെ അത് ഓർത്തുകൊണ്ട്, ലിയോ ടോൾസ്റ്റോയിയുടെ ആന്തരികത ചുരുക്കി, മിനുക്കി, കെടാവിളക്കായി കത്തിക്കാൻ ഈ കാവ്യത്തിൽ ജി. ഹരികൃഷ്ണനും കഴിഞ്ഞിട്ടുണ്ടെന്ന് ഞാനും പറയട്ടെ.  
ഒരു സംശയം മാത്രം – ‘യുദ്ധവും സമാധാനവും’ എന്ന മൂലകൃതി വായിക്കാത്തവർക്ക് ഇത് സഞ്ചാരയോഗ്യമാണോ? ഭാവ, ഭാഷാ സൂക്ഷ്മതയുടെ സൗന്ദര്യം ആനന്ദമായി അവർ ഗ്രഹിക്കുമോ?
ഭാഗവതമാഹാത്മ്യം രണ്ടാം അദ്ധ്യായം 64, 65, 66 ശ്ലോകങ്ങളിൽ നാരദൻ സനകാദികളോട് ചോദിക്കുന്നത് ഭാഗവതത്തിന് വേദോപനിഷത്തുകൾക്ക് ഇല്ലാത്ത കേമത്തം എന്താണ് എന്നാണ്.  
അപ്പോൾ കുമാരന്മാർ പറഞ്ഞു, “വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവയുടെ അന്തസ്സത്തയിൽ നിന്നാണ് ഭാഗവത കഥകൾ ഉണ്ടായത്. അതിന്റെ ഫലം, അതിന്റെ കേമത്തം വേറെ ആണ്.” വലിയൊരു കലാതത്വമോ  സാഹിത്യ സിദ്ധാന്തമോ ഒക്കെയാണ് അവർ പറയുന്നത് പിന്നെ:
ആമൂലാഗ്രം  രസസ്തിഷ്ഠൻ ആസ്തേ  ന സ്വാദ്യതേ  യഥാ
സംഭൂയ സ പൃഥഗ്ഭൂത: ഫലേ  വിശ്വമനോഹര:                  [ശ്ലോകം 68]
69, 70 ശ്ലോകങ്ങളും വേറെ ഉപമകളിലൂടെ ഇതു വിശദീകരിക്കുന്നു.
പാലിലുള്ള നെയ്യ് കടഞ്ഞ് വേറെ എടുത്താലാണ് ദേവന്മാർക്ക് കൂടി രസവർധനം ആവുന്നത്. പാലിൽ ലയിച്ചു കിടക്കുമ്പോൾ അതിനു സ്വാദില്ല. കരിമ്പിന് അടിമുടി മധുരരസം ആണെങ്കിലും ചക്കിലാട്ടി  കരിമ്പ് നീര് എടുത്ത് ശർക്കര ആക്കിയാലേ രുചി ഉണ്ടാവൂ. ഒരു വൃക്ഷത്തിൽ അടിതൊട്ട് മുടിവരെ രസം ഉണ്ട്; sap എന്ന് നാം വിളിക്കുന്ന പച്ചച്ചറം ഇല്ലേ, അത്. ഒന്ന് ആലോചിച്ചു നോക്കൂ; കൊമ്പുകളിൽ, തടിയിൽ, ഇലകളിൽ, പൂക്കളിൽ എല്ലാം സസ്യരസം വ്യാപിച്ചു  ഞരമ്പുകളിലൂടെ ഓടിക്കൊണ്ടിരിക്കുന്നു. എന്നാൽ തായ്ത്തടിയോ കൊമ്പോ  ഇലയോ ഒക്കെ ചവച്ചാൽ ചവർപ്പാണ്, കയ്പ്പാണ്, സ്വാദില്ല. അതേ രസം ഒരുമിച്ച് കൂടി ഒരു കായായി, പഴമായി, പൃഥഗ്ഭൂതമായി,  അതായത് വേറൊന്നായി,  ആസ്വദിക്കുമ്പോൾ എന്തു മനോഹരമാണ് !
അതുപോലല്ലേ ഈ കാവ്യവും? അതിബൃഹത്തായ വലിയ ഒരു വൃക്ഷമാണ് ‘യുദ്ധവും സമാധാനവും’. വിദൂരവ്യോമംപോലും മറച്ച് പരന്നു നിൽക്കുന്നു അത്. കയ്പ്പും ചവർപ്പും പുളിപ്പുമൊക്കെ ഉണ്ടാകാം. അതിന്റെ മധുരക്കനിയാണ്  ഹരികൃഷ്ണൻ  നമുക്ക് നൽകുന്നത്. ആസ്വദിക്കാം ആനന്ദത്തോടെ.   
 
( ജി.ഹരികൃഷ്ണൻ്റെ ‘യുദ്ധവും സമാധാനവും: ഒരു ചിന്താ കാവ്യം’ എന്ന കാവ്യത്തിന് എഴുതിയ അവതാരിക)

വി. എം. ഗിരിജ

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x