ജയന്തികുമാരി ആർ.

Published: 10 July 2026 വിജ്ഞാനചരിത്രം

വിജ്ഞാനകോശങ്ങളുടെ വളർച്ചയും
വികാസവും

സംഗ്രഹം.
വിവിധ വിജ്ഞാനശാഖകളിലെ അറിവുകളെ സമാഹരിച്ചും സംഗ്രഹിച്ചും വർഗ്ഗീകരിച്ചും ചില സംവിധാനക്രമങ്ങളനുസരിച്ച് സജ്ജീകരിച്ചും പ്രകാശനംചെയ്യുന്ന ഗ്രന്ഥം അല്ലെങ്കിൽ ഗ്രന്ഥാവലികളാണ് എൻസൈക്ലോപീഡിയ എന്ന പേരിൽ അറിയപ്പെടുന്നത്. എൻസൈക്ലോപീഡിയകളുടെ ആവിർഭാവ ചരിത്രത്തോടൊപ്പം മലയാളത്തിലുള്ള വിജ്ഞാനകോശങ്ങളുടെ സംക്ഷിപ്തചരിത്രം രേഖപ്പെടുത്തുകയാണ് പ്രബന്ധലക്ഷ്യം. ഭാരതീയഭാഷകളിൽ എൻസൈക്ലോപീഡിയ എന്ന വാക്കാണ് ഉപയോഗിക്കുന്നതെങ്കിലും ഓരോ ഭാഷയും തനതായ സംജ്ഞകളാണ് സ്വീകരിച്ചിരിക്കുന്നത്. മലയാളത്തിൽ വിജ്ഞാനകോശം,തമിഴിൽ കലൈക്കളഞ്ചിയം,  തെലുഗുവിൽ വിജ്ഞാന സർവസ്വമു, കന്നഡയിൽ വിശ്വകോശ എന്നീ പദങ്ങൾ എൻസൈക്ലോപീഡിയ എന്ന അർഥത്തിൽ ഉപയോഗിച്ചു വരുന്നു.ഗ്രീക്കു ഭാഷയിലെ സമഗ്രം എന്നർഥമുള്ള ‘എൻകൈക്ലിയോസ്'(enky-klios) ബോധനം എന്നർഥമുള്ള ‘പീഡിയ’ എന്നീ പദങ്ങൾ കൊണ്ട് കലയിലും ശാസ്ത്രത്തിലും സമഗ്രബോധനം നല്കുന്ന പ്രക്രിയയെ സൂചിപ്പിച്ചു. ലത്തീൻ ഭാഷയിലാണ് എൻസൈക്ലോപീഡിയ എന്ന ലത്തീൻ പദം രൂപം കൊണ്ടത്. സർവവിജ്ഞാനങ്ങളും സംഗ്രഹിക്കുന്ന കൃതി എന്ന അർഥത്തിലാണ് എൻസൈക്ലോപീഡിയ എന്ന പദം പ്രയോഗിച്ചു വരുന്നത്. ‘ലോകത്തെമ്പാടും അനുദിനം വികസിച്ചു വരുന്ന വിജ്ഞാനത്തെ സമാഹരിച്ചും സംഗ്രഹിച്ചും നിർദ്ദിഷ്ടമായ ചില സംവിധാനങ്ങളനുസരിച്ച് സജ്ജീകരിച്ചും പ്രകാശനം ചെയ്യുന്ന പുസ്തകം അല്ലെങ്കിൽ പുസ്തകാവലിയാണ്’ എൻസൈക്ലോപീഡിയ എന്ന് സർവവിജ്ഞാനകോശം വാല്യം 5-ൽ നിർവ്വചനം നൽകിയിരിക്കുന്നു.
 
താക്കോൽവാക്കുകൾ. വിജ്ഞാനകോശം, വർഗീകരണം, വിജ്ഞാന മണ്ഡലം, ഗ്രന്ഥസൂചി, റഫറൻസ്, പ്രബന്ധം.
 
‘ജ്ഞാനവിജ്ഞാനങ്ങളുടെ സമാഹാരങ്ങൾ മാത്രമായിരുന്നു ആദ്യകാല പ്രസിദ്ധീകരണങ്ങൾ. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങൾ സമാഹരിക്കുക മാത്രമായിരുന്നു അന്ന് എൻസൈക്ലോപീഡിയകളുടെ ഉദ്ദേശ്യം. സമുദായത്തിന്റെ ഉന്നതശ്രേണിയിലുള്ള ഒരു വിശിഷ്ടവർഗ്ഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുവാൻ വേണ്ടിയാണ് ഒരുകാലത്ത് എൻസൈക്ലോപീഡിയകൾ പ്രസിദ്ധീകരിക്കപ്പെട്ടത്. എൻസൈക്ലോപീഡിയയുടെ സുദീർഘ ചരിത്രത്തിലെ ആദ്യത്തെ ആയിരം വർഷങ്ങളിൽ ലത്തീൻ ഭാഷയിൽ മാത്രമാണ് എൻസൈക്ലോപീഡിയകൾ നിർമ്മിക്കപ്പെട്ടത്. തുടർച്ചയായ വായനയ്ക്കു വേണ്ടിയുള്ള ഗ്രന്ഥങ്ങളായിരുന്നു എൻസൈക്ലോപീഡിയകൾ. വിപുലമായൊരു അനുവാചക മണ്ഡലത്തിന്റെ ബുദ്ധിപരമായ ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന തരത്തിലുള്ള വിജ്ഞാന കോശങ്ങൾ ക്രോഡീകരിക്കാൻ തുടങ്ങിയത് പതിനെട്ടാം ശതകത്തോടു കൂടിയാണ്. ജർമനിയാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ നില്ക്കുന്നത്. ജർമൻ ഭാഷയിലെ എൻസൈക്ലോപീഡിയ കളിൽ സുപ്രധാനമെന്ന് പണ്ഡിതൻമാർ വിധിയെഴുതിയിട്ടുള്ള ബ്രോക് ഹൗസിന്റെ കോൺവർ സേഷൻസ് ലെക്‌സിക്കൻ(1796-1811) ജൻമനിയിലെ മധ്യവർഗത്തെ ഉദ്ദേശിച്ചാണ് പ്രകാശനം ചെയ്യപ്പെട്ടിട്ടുള്ളത്. എൻസൈക്ലോപീഡിയയ്ക്ക് റഫറൻസ് മൂല്യം കൈവന്നതോടെ അതിന്റെ അനുവാചക മണ്ഡലത്തിന്റെ വ്യാപ്തി വർദ്ധിക്കുവാൻ തുടങ്ങി’ (സർവവിജ്ഞാനകോശം വാല്യം 5, പുറം 192). കാലികമായ അറിവുകളുടെ സർവ വശങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന വിദഗ്ധ ലേഖനങ്ങളും ലേഖന സംബന്ധിയായ ചിത്രങ്ങളും ഭൂപടങ്ങളും സ്ഥിതിവിവരക്കണക്കുകളുടെ പട്ടികകളും ബന്ധപ്പെട്ട വിഷയങ്ങളിലെ സൂക്ഷ്മ പഠനങ്ങൾക്കുപയോഗിക്കാവുന്ന ഗ്രന്ഥസൂചികളും ഉൾക്കൊള്ളുന്ന ബൃഹദ് ഗ്രന്ഥങ്ങളാണിവ. 
 
ഉള്ളടക്കത്തിന്റെ വ്യാപ്തി, സ്വരൂപം, വിഷയ പ്രതിപാദനരീതി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ എൻസൈക്ലോപീഡിയകളെ ജനറൽ എൻസൈക്ലോപീഡിയകൾ, വിഷയാധിഷ്ഠിത എൻസൈക്ലോപീഡിയകൾ, ബാലവിജ്ഞാനകോശങ്ങൾ, രാജ്യങ്ങളെക്കുറിച്ചുള്ള എൻസൈക്ലോപീഡിയകൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. മതം, തത്വചിന്ത, സാമൂഹികശാസ്ത്രം, ടെക്‌നോളജി, ശാസ്ത്രം, കല, സാഹിത്യം, ചരിത്രം, ജീവചരിത്രം തുടങ്ങി വൈജ്ഞാനിക മേഖലയിലെ വിവിധ വിഷയങ്ങൾ വിഷയാധിഷ്ഠിത എൻസൈക്ലോപീഡിയകൾ സമഗ്രമായി കൈകാര്യം ചെയ്യുന്നു.
 
ഗ്രീക്കു ദാർശനികനായ പ്ലേറ്റോയുടെ ആശയങ്ങളും സിദ്ധാന്തങ്ങളും സ്‌പെയു സ്‌പെയുസിപ്പസ് (പ്ലേറ്റോയുടെ സഹോദരീപുത്രൻ) സമാഹരിച്ചതോടെയാണ് സമഗ്രമായ അർഥത്തിൽ ഒരു വിജ്ഞാന ഗ്രന്ഥം ആദ്യമായി രൂപം കൊണ്ടത്. ബി.സി. 1116-27 കാലഘട്ടത്തിൽ ജീവിച്ചിരുന്ന മാർക്കസ് പൊർഷ്യസ് കാറ്റോ തന്റെ പുത്രന്റെ വിദ്യാഭ്യാസത്തിനു വേണ്ടി രചിച്ച ഒരു കൂട്ടം കത്തുകൾ (praecepta and Filium) ആണ് വിജ്ഞാന സംഗ്രഹത്തിന്റെ ആദ്യ മാതൃക. എൻസൈക്ലോപീഡിയ പ്രസ്ഥാനത്തെ പരിപോഷിപ്പിച്ചവരിൽ പ്രധാനിയായ ലത്തീൻ ഗ്രന്ഥകാരനാണ് മാർക്കസ് ടെറൻഷ്യസ് വാറൊ (1116-27). ഡിസിപ്ലിനേറിയം ലിബ്രി എന്ന ശീർഷകത്തിലുള്ള ഗ്രന്ഥപരമ്പരയിൽ അദ്ദേഹത്തിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന സമസ്ത അറിവുകളെയും അദ്ദേഹം രേഖപ്പെടുത്തി. പുൽക്കടലാസിൽ രേഖപ്പെടുത്തിയ വാറൊ കൃതികളൊന്നും ഇന്ന് ലഭ്യമല്ല. പ്ലിനിയുടെ പ്രകൃതിചരിത്രം (Historia Naturalis) ആണ് എൻസൈക്ലോപീഡിയയുടെ ഏറ്റവും പഴയ മാതൃകയായി കണക്കാക്കപ്പെടുന്ന കൃതി. ഒന്നാം ശതകത്തിലെ സകല വിജ്ഞാനങ്ങളും ഇതിൽ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. അഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന മാർട്ടിനസ് കപ്പേലയുടെ ഡെ നപ്ഷിസ് ഫിലോളോജിയെ എറ്റ് മെർകുറി (De Nuptis philologiae et Mercurii), എ.ഡി. 560-636 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഡെവില്ലയിലെ ആർച്ച് ബിഷപ്പ് ഇസിഡോർ തയ്യാറാക്കിയ ഒറിജിനം സ്യൂ എറ്റിമോലോജി യേറം ലിബ്രി (Originum sue Etymologiarum Libri) 20 വാല്യം, ചെയൻസിലെ ആർച്ച്ബിഷപ്പ് ഹ്രബാനസ് മാറസ് ക്രോഡീകരിച്ച ദെ യൂണിവേർസൊ (De Universo), ഹൊണോറിയസ് ഇൻക്ലസസ് തയ്യാറാക്കിയ വിശ്വദർപ്പണം (Imago Mundi), ഡൊമിനിക്കൻ സന്ന്യാസസഭയിലെ വിൻസന്റ് തയ്യാറാക്കിയ സ്‌പെകുലം മാജസ് (Speculam Majus), ബ്രൂനറ്റൊ ലറ്റീനി (ദാന്തെയുടെ ഗുരു) രചിച്ച ജ്ഞാനഭണ്ഡാരം (Le Tivere Thou Treasure) തുടങ്ങിയവ പ്രധാനപ്പെട്ട ആദ്യകാല എൻസൈക്ലോപീഡിയകളാണ്.
ആധുനികകാലഘട്ടം.
പതിനേഴാം ശതകമാണ് എൻസൈക്ലോപീഡിയകളുടെ ആധുനികഘട്ടമായി കണക്കാക്കപ്പെടുന്നത്. എൻസൈക്ലോപീഡിയകളുടെ ഉള്ളടക്ക സംവിധാനത്തിൽ ശാസ്ത്രീയാടിസ്ഥാനം കൊണ്ടുവന്ന ബേക്കന്റെ വിജ്ഞാന വിഭജനപദ്ധതി പ്രസിദ്ധീകരിച്ചതും പതിനേഴാം ശതകത്തിലാണ്. 1694-ൽ ലേഡീസ് ഡിക്ഷ്‌നറിയും 1695-ൽ കുട്ടികൾക്കായി രചിച്ച ആദ്യത്തെ ഗ്രന്ഥവും (Pera Li brorum Juvenilium) പ്രസിദ്ധപ്പെടുത്തി. ആൽസ്റ്റഡിന്റെ എൻസൈക്ലോപീഡിയ സെപ്റ്റം ടൊമിസ് ഡിസ്റ്റിൻക്റ്റ, ലൂയി മൊറെരി രചിച്ച ലാ ഗ്രാന്റ് ഡിക്ഷ്ണറി ഹിസ്റ്റോറിക് എറ്റ് ക്രിട്ടിക് എന്നിവ പതിനേഴാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ച എൻസൈക്ലോപീഡിയകളാണ്. പതിനൊന്ന് വാല്യങ്ങളുള്ള ഹംഗേറിയൻ എൻസൈക്ലോപീഡിയയാണ് മാഗ് യാർ എൻസൈക്ലോപീഡിയ. ജോൺ ഹെൻറിക് സെഡ്‌ലർ ജർമൻ ഭാഷയിൽ രചിച്ച യൂണിവേഴ്‌സൽ ലെക്‌സിക്കൻ, ഫ്രഞ്ച് എൻസൈക്ലോപീഡി, എഫ്രേം ചേംബേഴ്‌സിന്റെ സൈക്ലോപീഡിയ, എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക എന്നിവ പതിനെട്ടാം ശതകത്തിലെ പ്രധാന എൻസൈക്ലോപീഡിയകളാണ്. ജോൺ ഹാരിസിന്റെ ലെക്‌സിക്കൻ ടെക്‌നിക്കും (Universal Dictionary of Arts and sciences), ഡെനിസ് ഡിഡെറോട്ടിന്റെ  (Denis Diderot ) ഫ്രഞ്ച് എൻസൈക്ലോപീഡി, ജോഹാൻ ഹെൻറിച്ച് സെഡ്‌ലറുടെ യൂണിവേഴ്‌സൽ ലക്‌സിക്കൻ, എൻസൈക്ലോപീഡിയ മെത്രോ പൊലിത്താന തുടങ്ങിയവ ഈ മേഖലയിലെ എടുത്തു പറയേണ്ട ഗ്രന്ഥങ്ങളാണ്. ഫ്രഞ്ച് വിപ്ലവത്തിന് അടിത്തറയിട്ട ജ്ഞാനോദയ കാലഘട്ടത്തിലെ ഗ്രന്ഥമായ ഡിസറോട്ടിന്റെ എൻസൈക്ലോപീഡിയ അക്കാലത്തെ ഭരണ വർഗ്ഗത്തിനും പൗരോഹിത്യത്തിനും എതിരെ ശാസ്ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിക്കാൻ ഉപയോഗിക്കപ്പെട്ടു. എൻസൈക്ലോപീഡിയ അമേരിക്കാനാ, എൻസൈക്ലോപീഡിയ ഇറ്റലിയാന തുടങ്ങി ഓരോ രാജ്യത്തിനും അവരുടേതായ എൻസൈക്ലോപീഡിയകളുണ്ട്.
വിജ്ഞാനകോശം-മലയാളത്തിൽ.
ഇരുപതാം നൂറ്റാണ്ടിലാണ് മലയാള ഭാഷയിൽ വിജ്ഞാനകോശം പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 1933-ൽ പ്രകാശനം ചെയ്ത സാഹിത്യാഭരണം നിഘണ്ടു, 1936-37 കാലഘട്ടത്തിൽ ആർ. ഈശ്വരപിള്ളയുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയ സമസ്ത വിജ്ഞാന ഗ്രന്ഥാവലി, 1950-ൽ തുടങ്ങി 1973-ൽ പൂർത്തിയാക്കിയ മാത്യു.എം. കുഴിവേലിയുടെ മലയാളം പോപ്പുലർ എൻസൈക്ലോപീഡിയ (വിജ്ഞാനം), എന്നിവ മലയാളത്തിലെ ആദ്യകാല വിജ്ഞാന ഗ്രന്ഥങ്ങളാണ്. ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ സാഹിത്യാഭരണം നിലണ്ടുവിൽ ഗ്രന്ഥകാരന്മാരെക്കുറിച്ചുള്ള വിവരണം, ഗ്രന്ഥങ്ങളുടെ വിവരണം, പദങ്ങളുടെ അർഥവിവരണം, ജീവചരിത്രക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. മലയാളത്തിലെ ആദ്യത്തെ സാഹിത്യ വിജ്ഞാനകോശമായി ഈ ഗ്രന്ഥം കണക്കാക്കപ്പെടുന്നു. വിജ്ഞാനകോശങ്ങളുടെ സംഗ്രഹിച്ചുള്ള പതിപ്പായിരുന്നു സമസ്ത വിജ്ഞാനഗ്രന്ഥാവലി 204 പുറങ്ങളിലായി സംഗ്രഹിച്ച ഈ പതിപ്പായിരുന്നു മലയാളം വിജ്ഞാനകോശ രംഗത്തെ ആദ്യത്തെ ഉദ്യമമായി കണക്കാക്കുന്നത്. ആർതർ മീയുടെ ചിൽഡ്രൻസ് എൻസൈക്ലോപീഡിയയുടെ മാതൃകയിൽ എട്ടു വാല്യങ്ങളിലുണ് വിജ്ഞാനം എൻസൈക്ലോപീഡിയ തയ്യാറാക്കിയിരിക്കുന്നത്. കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ മാതൃകയിൽ 10 വാല്യങ്ങളുള്ള ഒരു മലയാള വിജ്ഞാനകോശം തയ്യാറാക്കാൻ തീരുമാനിക്കുകയും 1967-ൽ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 1970 ഏപ്രിലിൽ പ്രസിദ്ധീകരണമാരംഭിച്ച ഈ വിജ്ഞാനകോശത്തിന്റെ പത്താം വാല്യം 1972-ൽ പ്രസിദ്ധീകരിച്ചു. 1992-ൽ ഈ ഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് (12 വാല്യങ്ങൾ) പുറത്തിറക്കി. 1998 ജനുവരിയിൽ പന്ത്രണ്ടാം വാല്യം പ്രസിദ്ധീകരിച്ചു.
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്.
    സമസ്തവിജ്ഞാനവും മാതൃഭാഷയിലൂടെ വായനക്കാരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 1961-ൽ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേരളസംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് 1972-ൽ സർവവിജ്ഞാനകോശത്തിന്റെ ആദ്യ വാല്യം പുറത്തിറക്കി. ലോകവിജ്ഞാനത്തെ വിവിധ ശാഖകളായി വർഗ്ഗീകരിച്ച് അകാരാദി ക്രമത്തിൽ ഇരുപതു വാല്യങ്ങളിലായിട്ടാണ് ഈ വിജ്ഞാനപരമ്പര സംവിധാനം ചെയ്തിരിക്കുന്നത്. 2025-ൽ പത്തൊമ്പതാം വാല്യം പുറത്തിറക്കി. അവസാനത്തെ വാല്യത്തിന്റെ പ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. സർവിജ്ഞാന കോശത്തിനു പുറമെ വിശ്വസാഹിത്യ വിജ്ഞാനകോശം (പത്തു വാല്യങ്ങൾ), പരിസ്ഥിതി വിജ്ഞാനകോശം, പരിണാമ വിജ്ഞാനകോശം, ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം, നിയമവിജ്ഞാനകോശം, മലയാള സാഹിത്യ വിജ്ഞാനകോശം മൂലക വിജ്ഞാനകോശം, മഹാകവി കുമാരനാശാൻ വിജ്ഞാനകോശം, വൈക്കം സത്യാഗ്രഹം, നിർമ്മിത ബുദ്ധി തുടങ്ങിയ വിജ്ഞാന ഗ്രന്ഥങ്ങളും വിവിധ മേഖലകളിലുള്ള ലഘുവിജ്ഞാന കോശങ്ങൾ, ബാലവിജ്ഞാന കോശങ്ങൾ, ജേർണലുകൾ ഓഡിയോ ബുക്ക്‌സ് എന്നിവയും ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്.  
1967-ൽ പ്രസിദ്ധീകരിച്ച വെട്ടം മാണിയുടെ പുരാണ നിഘണ്ടു, അയ്മനം കൃഷ്ണക്കൈമൾ തയ്യാറാക്കിയ കഥകളി വിജ്ഞാനകോശം എന്നിവയും മലയാളത്തിലെ എടുത്തു പറയേണ്ട വിജ്ഞാന ഗ്രന്ഥങ്ങളാണ്. (വിദ്യാർഥി മിത്രം) മലയാളം എൻസൈക്ലോപീഡിയ, വിജ്ഞാനമണ്ഡലം കോശഗ്രന്ഥം, ഭാരത വിജ്ഞാനകോശം, അഖില വിജ്ഞാനകോശം (ഡി.സി.ബുക്‌സ്), നിയമ വിജ്ഞാനകോശം (എസ്.പി.സി.എസ്സ്), ഇസ്ലാമിക വിജ്ഞാനകോശം (ഇസ്ലാമിക പബ്ലിഷിങ് ഹൗസ്, കോഴിക്കോട്) എന്നിവയും മലയാളം വിജ്ഞാന ഗ്രന്ഥങ്ങളിലുൾപ്പെടുന്നു. പ്രഭാത ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ആരോഗ്യ വിജ്ഞാനകോശം, ഗാർഹിക വിജ്ഞാനകോശം, രതിവിജ്ഞാനകോശം (ഡി.സി. ബുക്‌സ്) മഹച്ചരിതസംഗ്രഹസാരം (പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണൻ), മലയാള സാഹിത്യ സർവസ്വം (ചങ്ങാരപ്പള്ളി നാരായണൻ പോറ്റി), സംസ്‌കാര വിജ്ഞാനകോശം (എസ്.കെ. വസന്തൻ), ക്ഷേത്ര വിജ്ഞാനകോശം (ദേവസ്വം ബോർഡ് പ്രസിദ്ധീകരണം), സാഹിത്യ സംജ്ഞാ കോശം(ഡി.സി.ബുക്‌സ്), ബൈബിൾ വിജ്ഞാനകോശം (ഫാ. സെഡ്. എം. മുഴൂർ), വേദശബ്ദ രണ്‌നാകരം (ഡോ. ബാബു പോൾ) എന്നിവയും പ്രസിദ്ധമായ വിജ്ഞാന ഗ്രന്ഥങ്ങളാണ്. ഹൈന്ദവ വിജ്ഞാനകോശം, കുടുംബ വിജ്ഞാനകോശം, ബൈബിൾ വിജ്ഞാനകോശം, അനുഷ്ഠാന വിജ്ഞാനകോശം, ബാലശാസ്ത്ര വിജ്ഞാനകോശം തുടങ്ങിയ വിജ്ഞാന ഗ്രന്ഥങ്ങളും മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
വിവിധ വൈജ്ഞാനിക മേഖലകളിലെ അറിവുകൾ കൂട്ടിയിണക്കി ഗ്രന്ഥനിർമ്മിതി നടത്തുകയും അവയെ കാലാനുസൃതമായി പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന വൈജ്ഞാനികഗ്രന്ഥങ്ങൾ വിദ്യാർഥികൾക്കും ഗവേഷകർക്കുമുള്ള മികവുറ്റ വഴികാട്ടികളാണ്.
ഗ്രന്ഥസൂചി
1. എൻസൈക്ലോപീഡിയ ഒരു പഠനം-ഡോ.എം.എസ്. നായർ
2. സാംസ്‌കാരികം-കേരള സംസ്ഥാന സർവവിജ്ഞാനകോശം പ്രസിദ്ധീകരണം
3. സർവിജ്ഞാനകോശം വാല്യം 5,8

ജയന്തികുമാരി ആർ.

ഗവേഷക (പാർട്ട് ടൈം) സർക്കാർ വനിതാ കോളേജ് വഴുതക്കാട്, തിരുവനന്തപുരം (എച്ച്.എച്ച്.എസ്.ടി. മലയാളം)

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x