പ്രാകൃതഭാഷയിൽ എങ്ങനെ പ്രണയിക്കാം?

പ്രാചീന പ്രാകൃതഭാഷയിലെഴുതിയ ‘ഗാഥാസപ്തശതി’ എന്ന കൃതിയിൽ നിന്നുമുള്ള വിവർത്തനങ്ങൾ

[ ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ ദക്ഷിണപഥം ഭരിച്ചിരുന്ന ശാതവാഹന രാജവംശത്തിലെ ഹാലൻ എന്ന രാജാവാണ് മഹാരാഷ്ട്രീ പ്രാകൃത ഭാഷയിലുള്ള ഈ മുക്തക കവിതകൾ ശേഖരിച്ച് സമാഹരിച്ചത്.തന്റെ സാമ്രാജ്യത്തിലുടനീളം പ്രചാരത്തിലിരുന്ന ഒരു കോടിയോളം വരുന്ന ഗ്രാമീണ ഗാഥകളിൽ നിന്ന് അലങ്കാരസമ്പുഷ്ടവും ഭാവസാന്ദ്രവുമായ ഏറ്റവും മികച്ച എഴുനൂറ് ശ്ലോകങ്ങൾ (ഗാഥകൾ) തിരഞ്ഞെടുത്ത് ഹാലൻ ചിട്ടപ്പെടുത്തുകയായിരുന്നു. സംസ്കൃത സാഹിത്യത്തിന്റെ കൊട്ടാരക്കെട്ടുകളിൽ നിന്നും രാജവാഴ്ച വർണ്ണനകളിൽ നിന്നും വ്യത്യസ്തമായി ഗോദാവരീ തീരത്തെ നാട്ടിൻപുറങ്ങളുടെ പ്രകൃതിസൗന്ദര്യവും, കർഷകരുടെയും വേട്ടക്കാരുടെയും സാധാരണക്കാരായ സ്ത്രീപുരുഷന്മാരുടെയും പച്ചയായ ജീവിതവുമാണ് ഈ കാവ്യത്തിന്റെ കാതൽ.ഗാഥാസപ്തശതിയുടെ ഈ മലയാള ഗദ്യകവിതാ വിവർത്തനത്തിനായി പ്രധാനമായും ആസ്പദമാക്കിയിട്ടുള്ളത് ബോംബെയിലെ നിർണ്ണയസാഗർ പ്രസ്സ് (കാവ്യമാലാ സീരീസ് – നം. 21)വഴി പണ്ഡിറ്റ് ദുർഗ്ഗാപ്രസാദും കാശിനാഥ് പാണ്ഡുരംഗ് പരബും ചേർന്ന് എഡിറ്റ് ചെയ്ത് പുറത്തിറക്കിയ ആധികാരിക പതിപ്പാണ്. ഗംഗാധരഭട്ടന്റെ ‘ഭാവലേശപ്രകാശിക’ എന്ന പ്രശസ്ത സംസ്കൃത വ്യാഖ്യാനത്തോടു കൂടിയതാണ് ഈ പതിപ്പ്.കൂടാതെ, വിവർത്തനത്തിലെ പാഠഭേദങ്ങളുടെ കൃത്യതയ്ക്കും സന്ദർഭ വിശകലനങ്ങൾക്കുമായി താഴെ പറയുന്ന രണ്ട് പ്രമുഖ ഗവേഷണ ഗ്രന്ഥങ്ങളെക്കൂടി ആശ്രയിച്ചിട്ടുണ്ട്:പ്രൊഫ. എസ്. എ. ജോഗ്ലേക്കറുടെ പതിപ്പ് (Hala Satavahanachi Gathasaptashati – 1956)ഗാഥകളുടെ സാമൂഹിക-ഭൂമിശാസ്ത്രപരമായ ആഴങ്ങളെ വെളിപ്പെടുത്തുന്ന മറാഠി ഗവേഷണ ഗ്രന്ഥമാണ്.ഡോ. ആൽബ്രെഷ്റ്റ് വെബറിന്റെ പതിപ്പ് (Das Saptacatakam des Hala1881)കൈയെഴുത്തുപ്രതികളെ സൂക്ഷ്മമായി വിശകലനം ചെയ്ത് ജർമ്മനിയിലെ ലൈപ്സിഗിൽ നിന്നും പ്രസിദ്ധീകരിച്ച ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന പാഠമാണ്.ഭാരതീയ – പാശ്ചാത്യ സാഹിത്യലോകത്ത് വലിയ സ്വാധീനം ചെലുത്തിയ കൃതിയാണ് ഗാഥാസപ്തശതി. ലോകത്തിലെ വിവിധ ഭാഷകളിൽ ഇതിന് വിവർത്തനങ്ങളും അനുകരണങ്ങളും ഉണ്ടായിട്ടുണ്ട്.സംസ്കൃതത്തിൽ, പന്ത്രണ്ടാം നൂറ്റാണ്ടിൽ ബംഗാളിലെ ലക്ഷ്മണസേനന്റെ സഭാകവിയായ ഗോവർദ്ധനാചാര്യർ ഗാഥാസപ്തശതിയുടെ മാതൃകയിൽ ‘ആര്യാസപ്തശതി’ രചിച്ചു.വ്രജ് ഭാഷയിൽ, പതിനേഴാം നൂറ്റാണ്ടിൽ ജയ്‌പൂർ കൊട്ടാരത്തിലെ പ്രശസ്ത കവി ബിഹാരി ലാൽ രചിച്ച ‘സത്സഈ’ (ബിഹാരി സത്സഈ)ഗാഥാസപ്തശതിയുടെ ശൈലിയെയും ഭാവത്തെയും പിൻപറ്റിയുള്ളതാണ്. പ്രൊഫ. എസ്. എ. ജോഗ്ലേക്കർ, ജയന്ത് കുൽക്കർണി തുടങ്ങിയ പ്രമുഖർ പ്രാകൃതത്തിൽ നിന്നും മറാഠിയിലേക്ക് വൃത്താനുസൃതമായും ഗദ്യ രൂപത്തിലും ഇതിന് വിവർത്തനങ്ങളും വ്യാഖ്യാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.1881-ൽ ഡോ. ആൽബ്രെഷ്റ്റ് വെബർ തയ്യാറാക്കിയ ജർമ്മൻ പരിഭാഷ ഗാഥാസപ്തശതിയെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് നയിച്ചു.എൽ. ഒ. വാർഡർ, എ. കെ. രാമാനുജൻ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാർ ഇതിലെ തെരഞ്ഞെടുത്ത ഗാഥകൾ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.മലയാള സാഹിത്യത്തിൽ ഗാഥാസപ്തശതി എത്തിച്ചത് മഹാകവി വള്ളത്തോൾ നാരായണമേനോനാണ്. 1952-ൽ ‘ഗ്രാമസൗഭാഗ്യം’എന്ന പേരിൽ അദ്ദേഹം നിർവ്വഹിച്ച ശ്ലോകമയമായ പരിഭാഷ മലയാളവിവർത്തന ശാഖയിലെ പ്രധാന സംഭാവനയാണ്.ഈ ഗ്രന്ഥത്തിൻ്റെ പ്രസാധനക്കുറിപ്പിൽ  ഇങ്ങനെ നിരീക്ഷിക്കുന്നു”.പ്രാചീനഭാരതത്തിലെ ഗ്രാമങ്ങളുടെ പ്രയത്നശീലരായ കൃഷിക്കാരുടെ സുഭിക്ഷവും സുഖവും ആരോഗ്യവും ആഹ്ലാദവും ചേർന്ന ജീവിതം പ്രസ്പഷ്ടമായി പ്രതിഫലിച്ചിട്ടുള്ള ഒരു കണ്ണാടിയാണ്, “ഫാല ഗാഥാസപ്തശതി’.നിലവിലുള്ള വൃത്താനുസൃത വിവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ സ്വീകരിച്ചിരിക്കുന്നത് ആധുനിക ഗദ്യകവിതാ ശൈലിയാണ് (Prose-Poetry Style).ഓരോ ശ്ലോകവും സ്വതന്ത്രമായി നിൽക്കുന്നവയായതിനാൽ, ദ്രാവിഡ അകം/തിണ കാവ്യ പാരമ്പര്യത്തിലെ പ്രണയഘട്ടങ്ങൾക്ക് അനുയോജ്യമായി ഈ സമാഹാരത്തിലെ തെരഞ്ഞെടുത്ത കവിതകളെ അഞ്ച് പ്രധാന ഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു:

  1. പുണർതൽ(സമാഗമം / അനുരാഗ സംഗമം)

   2.ഇരുത്തൽ( കാത്തിരുപ്പ്)

  1. ഊടൽ(പ്രണയകലഹവും വ്യാജകോപവും)

   4.ഇരിങ്ങൽ(പ്രണയവൈമനസ്യവും സപത്നീകലഹവും)

   5.പിരിതൽ(വേർപാടും വിരഹതാപവും)

ശീർഷകം, How to Love in Sanskrit (AnushaRao& Suhas Mahesh) എന്ന മനോഹരമായ വിവർത്തന കൃതിയെ അനുകരിച്ച് സൃഷ്ടിച്ചതാണ്.

ഒന്നാം ഭാഗമാണ് ഈ ലക്കത്തിൽ.]

ഭാഗം 1: പുണർതൽ (സമാഗമം)

  1. കള്ളമില്ലാത്ത ആലിംഗനം

ഗോദാവരീതീരത്തെ കുത്തനെയുള്ള ഇറക്കം,

അബദ്ധത്തിൽ കാലിടറിയപ്പോൾ

രക്ഷപ്പെടാനെന്ന വ്യാജേന

അവൾ അവന്റെ മാറോടു ചേർന്നു;

അവളുടെ പരിഭ്രമം കണ്ട കാരുണ്യത്താൽ അവനും അവളെ കെട്ടിപ്പുണർന്നു,

അതിൽ അവൻ തീർത്തും നിർദ്ദോഷിയാണ്!

[ശ്ലോകം: 5]

  1. ചുംബനവും മുടിയിഴകളും

അധരങ്ങൾ കടിച്ചമർത്തി ചുംബിച്ചപ്പോൾ

വിട്ടോടാനുള്ള അവളുടെ വെപ്രാളത്തിൽ മുടിയിഴകൾ മുഖത്തേക്ക് കെട്ടഴിഞ്ഞുവീണു;

സുഗന്ധം നിറഞ്ഞ താമരപ്പൂവിന്മേൽ

വണ്ടുകൾ പതിച്ചപോലെ.

[ശ്ലോകം: 11]

  1. വിളക്കിന്റെ മറവി

പുതുകമിതാക്കളുടെ പ്രണയലീലകൾ കണ്ടുകൊണ്ട്

രാത്രി മുഴുവൻ കൺചിമ്മാതെ നിന്ന വിളക്ക്;

എണ്ണ തീർന്നുപോയിട്ടുപോലും

അണഞ്ഞുപോകാൻ മറന്നുനിൽക്കുന്നു!

  1. മാറിടത്തിലെ ചിത്രങ്ങൾ

“നിന്റെ മാറിടത്തിൽ ഭർത്താവ് പ്രണയലേഖനം എഴുതിയെന്നോർത്ത് നീ അഹങ്കരിക്കേണ്ട;

എന്റെ ഭർത്താവിനും എന്നോട് അത്രയും പ്രണയമുണ്ട്,

പക്ഷേ, എന്നെ തൊടുമ്പോൾ അവന്റെ കൈകൾ വിറയ്ക്കുന്നതുകൊണ്ടാണ്

എന്റെ മാറിടത്തിൽ ചിത്രങ്ങൾ വരയ്ക്കാൻ കഴിയാത്തത്!”

 

[ശ്ലോകം: 23]

  1. അപൂർവ്വ സമാഗമം

രാത്രിയിലെ പ്രണയനിമിഷം

അവൻ്റെ ഗാഢമായ ആലിംഗനം;

അതുവരെ പുകഞ്ഞിരുന്ന

അവളുടെസകല ദുഃഖങ്ങളെയും

കഴുകിക്കളഞ്ഞു,ഒറ്റനിമിഷം കൊണ്ട്.

[ശ്ലോകം: 36]

  1. കണ്ണുകളുടെ പുണർതൽ

ഒളിഞ്ഞുനോക്കുന്ന  ഒരു കടക്കൺ നോട്ടം,

പരസ്പരം കൈമാറിയ  കൊച്ചു പുഞ്ചിരി;

അവിടെ നിന്നാണ് രണ്ടു ഹൃദയങ്ങൾ

ഒന്നായി മാറുന്ന വലിയ പ്രണയം തുടങ്ങുന്നത്!

[ശ്ലോകം: 50]

  1. നവവധുവിന്റെ സമാഗമം

ആദ്യരാത്രിയുടെ ഭയവും ലജ്ജയും കാരണം

അവൾ അവന്റെ തലോടലിൽ നിന്ന് വിറച്ചു മാറി;

പക്ഷേ, അവന്റെ ആർദ്രമായ വാക്കുകൾ

അവളുടെ പേടിയെ പതുക്കെ പ്രണയമാക്കി മാറ്റി.

[ശ്ലോകം: 56]

  1. രഹസ്യ സമാഗമം

വീട്ടുകാരുടെ കണ്ണുവെട്ടിച്ച്,

ഇരുട്ടിന്റെ മറവിൽ പ്രിയനെ കാണാൻ പോകുന്നവൾ;

അവളുടെ കാൽവെപ്പുകളിൽ ഭയത്തേക്കാൾ മുന്നിൽ

അനുരാഗത്തിന്റെ ലഹരിയായിരുന്നു.

[ശ്ലോകം: 66]

  1. ആത്മാക്കളുടെ സംഗമം

അവന്റെ കണ്ണുകളിൽ സ്വന്തം പ്രതിബിംബം കണ്ടപ്പോൾ

അവൾക്ക് തന്റെ സകല ദുഃഖങ്ങളും മറന്നു;

രണ്ടു ശരീരങ്ങളെങ്കിലും

അവർ ഒരൊറ്റ ഹൃദയമായി മാറി.

  1. ചുംബന ലഹരി

അവന്റെ ചുംബനം

ലോകം മുഴുവൻ മറന്നുപോയ അവൾ;

അടഞ്ഞ കൺപോളകൾ

ആനന്ദത്തിന്റെ അതിസാനിധ്യം

[ശ്ലോകം: 72]

  1. വസന്തവും പ്രണയവും

കാടുകളിൽ പൂത്തുലഞ്ഞുനിൽക്കുന്ന അശോകമരങ്ങൾ,

അതിൽ തങ്ങിനിൽക്കുന്ന വണ്ടുകളുടെ കൂട്ടം;

വസന്തത്തിൻ്റെ സന്ദേശം

പ്രണയോത്സവത്തിന്

[ശ്ലോകം: 73]

  1. നദീതീരത്തെ പ്രണയം

ഒഴുകിപ്പരക്കുന്ന പുഴയുടെ ഓളങ്ങൾ

തീരത്തു നിൽക്കുന്ന വൃക്ഷങ്ങളുടെ തണൽ,

രാഗലീലകൾ ആടാൻ

പ്രകൃതി ഒരുക്കിയ സുന്ദരമായ വേദി!

[ശ്ലോകം: 75]

 14.കുളിർകാറ്റും ആലിംഗനവും

ഹേമന്തത്തിന്റെ ശീതക്കാറ്റ്,

മഞ്ഞുതുള്ളികൾ നിറഞ്ഞ പച്ചപ്പുല്ലുകൾ

വിരഹികൾക്ക് പെരുകുന്ന തണുപ്പ്,

പ്രണയികൾക്ക് പ്രണയത്തീ

[ശ്ലോകം: 77]

15.പാതിരാത്രിയിലെ അനുരാഗം

നിൻ്റെ അരികിൽ

കാലത്തിന് എത്ര വേഗം

നിമിഷത്തെ യുഗമാക്കി മാറ്റാൻ

നിന്നസാന്നിധ്യം

[ശ്ലോകം: 81]

16.മാറുന്ന വേഷങ്ങൾ

മുഖം തിരിച്ചുനിന്ന അവൾ

അരികിലേക്ക് ചേർത്ത അവൻ,

മാഞ്ഞു പോയ വ്യാജ കോപം

ബാക്കിയായ മന്ദഹാസം

[ശ്ലോകം: 88]

17.ലോക സുഖങ്ങൾ

ഇരുമെയ്യെങ്കിലും ഒരൊറ്റ മനസ്സ്

പ്രണയത്തിന് മുന്നിൽ

ലോകത്തിലെ സകല സുഖങ്ങളും

അതിനിസ്സാരം

[ശ്ലോകം: 95]

 18.പരിപൂർണ്ണ സമർപ്പണം

എന്റെ ഹൃദയവും ചിന്തകളും

നിനക്ക്

ലക്ഷ്യം

ഈ പ്രണയക്കടലിൽ

ലയിച്ചുചേരുക മാത്രം

[ശ്ലോകം: 100]

19.രാവിൻ മടിത്തട്ടിൽ

അവന്റെ അരികിലെത്തുമ്പോൾ വാക്കുകൾ ഇല്ലാതാകുന്നു,

കണ്ണുകൾ അടയുന്നു

പ്രകടമാക്കാൻ ശ്രമിക്കാത്ത  വിഭ്രമം

പക്ഷെ പ്രണയം പരസ്യമായിപ്പോകുന്നു

[ശ്ലോകം: 126]

  1. ഉത്സവ ലഹരി

ഗ്രാമങ്ങളിൽ കൊണ്ടാടുന്നു

വസന്തത്തിന്റെ വരവറിയിച്ച്

വസന്തോത്സവം;

പ്രണയം പരസ്യമാക്കുന്ന

ആനന്ദത്തിന്റെ അനർഘ നിമിഷങ്ങൾ!

[ശ്ലോകം: 143]

21.വിരഹത്തിനൊടുവിലെ സമാഗമം

പിണങ്ങി തിരിഞ്ഞുനിന്ന അവൾ,

പാദങ്ങളിലെ പുൽകൽ

ഇല്ലാതായ പിടിവാശി

അവനെ പുണരാൻ നീട്ടിയ കൈകൾ

[ശ്ലോകം: 144]

22.പ്രണയലഹരിയും ലജ്ജയും

അവന്റെ ചോദ്യങ്ങൾക്ക് മുന്നിൽ

എന്തു പറയണമെന്നറിയാതെ പകച്ചുനിൽക്കുന്ന പെൺകുട്ടി;

അവളുടെ ആ കുസൃതിച്ചിരിയാണ്

അവന്റെ ഹൃദയം കവരുന്നത്!

[ശ്ലോകം: 145]

23.ഏകാന്ത നിമിഷങ്ങൾ

പാടത്തേയും പറമ്പിലേയും തൊഴിൽ നേരങ്ങൾ

കൈമാറുന്ന കള്ളനോട്ടങ്ങൾ;

ഗ്രാമത്തിലെ ഏറ്റവും നല്ല ചിത്രം

[ശ്ലോകം: 147]

24.പ്രണയ ലഹരി

വിരലുകൾ തട്ടി വിഭ്രമിച്ച മുടികൾ,

മദ്യത്തിന്റെ ലഹരി പടർന്ന പ്രണയവദനം;

ഉത്സവത്തിൽ പുണർന്നു ലയിക്കാൻ

യുവതികൾക്ക് വേറെ അലങ്കാരങ്ങളെന്തിന്?

[ശ്ലോകം: 22]

  1. അനുരാഗത്തിന്റെ പൂർണ്ണത

ഒടുവിൽ നെഞ്ചിൽ തലചായ്ക്കുന്നു,

മാഞ്ഞു പോകുന്ന ലോകഭാരങ്ങൾ

[ശ്ലോകം: 41]

26.രഹസ്യ നിമിഷങ്ങളിലെ തടസ്സം

ഇരുട്ടിന്റെ ആഴങ്ങൾ

ജാലകത്തിലൂടെ ഒളിഞ്ഞുനോക്കുന്ന

നിലാവെളിച്ചം

[ശ്ലോകം: 156]

27.ആലിംഗനത്തിന്റെ ആഴം

അകലങ്ങൾ ഇല്ലാതായി;

ശ്വാസങ്ങൾ ഒന്നായി

ആ രാത്രിയിൽ

അമരത്വം നേടി

[ശ്ലോകം: 344]

28.പ്രണയസമുദ്രം

ആരോരുമില്ലാത്ത ഏകാന്തത

സമുദ്രത്തിൻ്റെ ആഴത്തിലേക്കിറങ്ങി;

ഓരോ സ്പർശത്തിലും

പുതുലോകങ്ങളുടെ ഉദയം!

[ശ്ലോകം: 404]

29.ചിലങ്കയുടെ സംഗീതം

 

ലഹരിപിടിച്ച പ്രണയചലനങ്ങൾ

കാൽച്ചിലങ്കകളുടെ ശബ്ദം

നിശബ്ദതരാത്രിയിലെ

ഏറ്റവും മനോഹരമായ സംഗീതം

[ശ്ലോകം: 446]

 30.നിശ്ചലമായ കാലം

 

അവന്റെ കൈകളിൽ  ചാഞ്ഞു

പ്രണയം മാത്രം

കാലത്തിന്റെ ഗതി നിശ്ചലമായി

 

[ശ്ലോകം: 547]

 

31.മാധുര്യത്തിന്റെ ആകാശം

പാതിരാത്രിയിൽ തഴുകിയെത്തിയ ഇളംകാറ്റ്,

പുതിയ ആകാശങ്ങൾ തൊട്ടു,

അവർക്കൊപ്പം

[ശ്ലോകം: 614]

32.പ്രണയമുത്തുകൾ

ആദ്യമായി

ചേർത്തണച്ചു

പൊടിഞ്ഞ വിയർപ്പുതുള്ളികൾ

അവളുടെ ശരീരത്തിലെ

തിളങ്ങുന്നഅപൂർവ്വ മുത്തുകൾ

[ശ്ലോകം: 807]

33.പ്രണയവാചാലം

അധരങ്ങളുടെ ചേരൽ

ലോകത്തിലെ സകല വാക്കുകളും തോറ്റുമടങ്ങി;

വാചാലമായ നിശബ്ദത

[ശ്ലോകം: 808]

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x