ഡോ.നിഷ്ണ കെ.

Published: 10 August 2026 കവിത

ഹൃദയാശുപത്രിയിൽ ഒരു വാലൻ്റൈൻസ് ഡേ

101ാം മുറി

ആൻജിയോപ്ലാസ്റ്റി–അതൊരു ഇറ്റാലിയൻ ചിത്രകാരനാണെന്ന് കവി സങ്കല്പിച്ചു.

അയാൾ ഡാവിഞ്ചിയുടെ സമകാലികൻ

ഡാവിഞ്ചിക്കൊപ്പം പ്രേതപരിശോധനയിൽ അയാളും കൂടും

പരേതൻ്റെ ഹൃദയം മാത്രം അയാൾ

ഏറ്റുവാങ്ങും, നെഞ്ചോട് ചേർത്ത് മുറിവുകളുണക്കും

ശേഷം ഇളം ചുവപ്പിൽ അത് കാൻവാസിൽ പകർത്തും

102ാം മുറി

ആൻജിയോപ്ലാസ്റ്റി- ഏഥൻസിലെ സുന്ദരിയായ കന്യ – ചിത്രകാരൻ പറഞ്ഞു.

അവളെ നോക്കുന്നവരുടെ

ഹൃദയം പിടച്ചു

അവളുടെ മാർബ്ൾ പ്രതിമകളൊരുക്കാൻ

ശില്പികൾ ഊഴം കാത്തു

സാഫോ വഴിയരികിൽ

റോസാപ്പൂവുമായി കാത്തു നിന്നത്

അവൾക്കായാണ്

103ാം മുറി

കരീബിയൻ കാടുകളിൽ

മാത്രം കാണപ്പട്ട ഒരു വള്ളിച്ചെടിയായിരുന്നു

ആൻജിയോപ്ലാസ്റ്റി, സസ്യശാത്രജ്ഞനുറപ്പിച്ചു.

ശരത്കാലത്ത് ഇലകൾ ഹൃദയം പോലെ ചുവക്കും ,

മനുഷ്യവാസത്തോടെ ഹൃദയം കരിഞ്ഞ

കാടുകൾക്കൊപ്പം അതും കൊഴിഞ്ഞു തീർന്നു.

104ാം മുറി

സൗരയൂഥങ്ങൾക്കപ്പുറത്ത് നിന്ന് വന്ന

ഒരു വാൽനക്ഷത്രമായിരുന്നു ആൻജിയോപ്ലാസ്റ്റി,

വാനനിരീക്ഷൻ കുറിച്ചിട്ടു.

ഹൃദയാകൃതി ആയിരുന്നു അതിന്

രാവുകളിൽ ത്രസിക്കുന്ന ഹൃദയവുമായി

അതുനോക്കി നിന്നിട്ടുണ്ട് എത്രയോ പേർ

പ്രപഞ്ചഹൃദയം തേടി അതിപ്പോഴും യാത്രയിലാണ്

105ാം മുറി

ചരിത്രകാരനറിയാമായിരുന്നു അവളെ, ആഫ്രിക്കയിൽ നിന്ന് എത്തിയ അടിമബാലിക

അവളുടെ ഭാഷയിൽ അവളുടെ പേര് ‘ഹൃദയത്തിൻ്റെ രാജ്ഞി’ എന്നത്രേ

എന്നിട്ടും അവൾ ഹൃദയം പൊട്ടി മരിച്ചു

 106ാം മുറി

മാഗി മുത്തശ്ശിയുടെ കഥയിൽ അവൻ കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ മുക്കുവൻ.

ചവിട്ടു നാടകങ്ങളിൽ സോളമനായി

അവൻ ഹൃദയം കവർന്നു.

അവനു ഷേബയാവാൻ

പെൺകിടാങ്ങൾ നേർച്ച നേർന്നു

107ാം മുറി

ഹൃദയത്തിലെ കടുംകെട്ടുകളലിയിച്ചു

കളയുന്ന സ്നേഹഗീതം, അഥവാ ഹൃദയരാഗം സംഗീതജ്ഞൻ

ആൻജിയോപ്ലാസ്റ്റിയെ അങ്ങനെ വിളിച്ചു.

ഡോ.നിഷ്ണ കെ

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x