സുജീഷ്

Published: 10 August 2026 കവിത

അധികജോലി

നിങ്ങളെ കണ്ടുമുട്ടുമ്പോൾ
ചിരിക്കേണ്ട രീതി ഞാൻ
കണ്ണാടിക്കു മുന്നിൽ ശീലിച്ചു.

എന്റെ റെസ്യൂമെ
എങ്ങനെയൊക്കെയെന്നെ
ഉപയോഗിക്കാം എന്നതിന്റെ
പട്ടികയായിരുന്നു.

ഞാൻ ജീവിക്കുന്നതെന്ന് നിങ്ങൾ
വിശ്വസിക്കേണ്ട ജീവിതമായിരുന്നു
എന്റെ സോഷ്യൽ പ്രൊഫൈൽ.

നിങ്ങളിൽ നിന്നുമങ്ങനെയാണ്
ഈ ജോലി ഞാൻ സ്വന്തമാക്കിയത്.

ചെയ്തതിനുള്ളതല്ല കൂലി.
ചെയ്തുകൊണ്ടേയിരിക്കാനുള്ള
പ്രലോഭനമത്രേ അത്.

ഇപ്പോൾ
ഇടയ്ക്കിടെ
കണ്ണാടി നോക്കി ചിരി ഉറപ്പിക്കണം.

റെസ്യൂമെ
ടു-ഡു ലിസ്റ്റാക്കണം.

ഒഴിവുനേരങ്ങളിൽ
പ്രൊഫൈൽ
അപ്ഡേറ്റ് ചെയ്യണം.

നിങ്ങൾ ജോലിക്കെടുത്ത
മനുഷ്യനെ നിലനിർത്താൻ
അയാളായി ജീവിക്കലാണ്
ശരിക്കുമെന്റെ ജോലി.

സുജീഷ് : കവിയും കവിതാപരിഭാഷകനും. 1992 ജുലൈ 21 ന് ജനനം. രാഷ്ട്രീയം, സാഹിത്യം എന്നീ വിഷയങ്ങളിൽ ആനുകാലികങ്ങളിൽ എഴുതുന്നു. ‘വെയിലും നിഴലും മറ്റു കവിതകളും ആദ്യ കവിതാസമാഹാരം. കവിതയ്ക്ക് മലയാളനാട്-കാർണിവൽ യുവകവിതാ പുരസ്കാരം, സച്ചി കവിതാപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വെബ്സൈറ്റ്: www.sujeesh.in

സുജീഷ്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x