
ഡോ. ബിജു ലോഞ്ചിനോസ്
Published: 10 september 2026 കവർസ്റ്റോറി
യൂറോപ്പ് വായിച്ച മലബാർ:
‘ജോസഫ് ദി ഇന്ത്യൻ’ തുറന്ന ചരിത്രജാലകം
എ.ഡി. 1501-ൽ കൊച്ചി തുറമുഖത്ത് അങ്കുരം കുറിച്ച ആ കാഴ്ച സങ്കൽപ്പിച്ചു നോക്കുക: അതികായന്മാരായ പോർച്ചുഗീസ് കപ്പലുകൾ നങ്കൂരമിട്ടു കിടക്കുന്നു. അക്കൂട്ടത്തിൽ പെഡ്രോ അൽവാരസ് കബ്രാളിന്റെ പായ്ക്കപ്പലിലേക്ക് ഒരു മലയാളി പുരോഹിതൻ കയറുന്നു. സ്വന്തം നാടിന്റെ അതിരുകൾ കടന്ന് ക്രിസ്തുമതത്തിന്റെ പുണ്യഭൂമികളായ ജെറുസലേമും റോമും കാണുക എന്നതായിരുന്നു ആ നാല്പതുകാരന്റെ ലക്ഷ്യം. കൊടുങ്ങല്ലൂരിനടുത്തുള്ള ഗ്രാമത്തിൽ നിന്ന് യാത്രതിരിച്ച ‘ജോസഫ് ദി ഇന്ത്യൻ’ (Joseph the Indie) എന്ന ആ സുറിയാനി വൈദികൻ, പക്ഷെ ആഗോള ചരിത്രത്തിലേക്ക് ചുവടുവെക്കുകയായിരുന്നു.
പോർച്ചുഗലിലെ മാനുവൽ രാജാവ്, അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ, വെനീസിലെ പ്രമുഖ ഭരണാധികാരികൾ എന്നിവരെ നേരിൽ കണ്ട ജോസഫ്, താൻ വന്ന ‘മലങ്കര’ അഥവാ ‘ചേരനാടി’നെക്കുറിച്ച് പങ്കുവെച്ച അറിവുകൾ യൂറോപ്പിനെ അമ്പരപ്പിച്ചു. പൗരസ്ത്യ ദേശങ്ങളെക്കുറിച്ചുള്ള യൂറോപ്യൻ വായനകളെയും ഭൂമിശാസ്ത്ര ധാരണകളെയും അടിയോടെ തിരുത്തിയ ഒന്നായിരുന്നു ആ വാമൊഴി വിവരണങ്ങൾ.
എ.ഡി. 1461-ൽ കൊടുങ്ങല്ലൂരിനടുത്തുള്ള ഗ്രാമത്തിൽ ജനിച്ച ജോസഫ്, അക്കാലത്തെ പൗരസ്ത്യ ക്രൈസ്തവ സമൂഹത്തിൽപ്പെട്ട ഒരാളായിരുന്നു. 1490-ൽ കൊടുങ്ങല്ലൂർ സ്വദേശിയായ ജോർജ്ജ് എന്ന മറ്റൊരു ക്രിസ്ത്യാനിയോടൊപ്പം മെസൊപ്പൊട്ടേമിയയിലേക്ക് പോയ അദ്ദേഹം, ഗസാർട്ട ബെറ്റ് സാബ്ദായിയിൽ വെച്ച് കത്തോലിക്കോസ് മാർ ശിമയോനിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് 1501-ൽ തന്റെ സഹോദരൻ മത്യാസിനൊപ്പമാണ് കബ്രാളിന്റെ കപ്പലിൽ യൂറോപ്പിലേക്ക് പുറപ്പെട്ടതെങ്കിലും യാത്രാമധ്യേ മത്യാസ് മരണപ്പെട്ടു. ലിസ്ബൺ വഴി റോമിലെത്തിയ ജോസഫ് അലക്സാണ്ടർ ആറാമൻ മാർപ്പാപ്പയുമായി സംസാരിക്കുകയും, തുടന്ന് വെനീസിലെ ഭരണാധികാരികൾക്ക് പൗരസ്ത്യ ലോകത്തെക്കുറിച്ചുള്ള വിലപ്പെട്ട അറിവുകൾ പകർന്നു നൽകുകയും ചെയ്തു.
അച്ചടിശാലകളിലൂടെ യൂറോപ്പ് വായിച്ച മലബാർ
ജോസഫ് നൽകിയ വാമൊഴി യാത്രാക്കുറിപ്പുകൾ യൂറോപ്പിലുടനീളം പണ്ഡിതന്മാരും പ്രസാധകരും ഏറ്റെടുത്തു. 1507-ൽ ഇറ്റലിയിലെ വിചെൻസയിൽ നിന്ന് പുറത്തിറങ്ങിയ Paesi Nouamente Retrouati എന്ന കൃതിയാണ് ജോസഫിന്റെ നിരീക്ഷണങ്ങൾ ആദ്യമായി അച്ചടിച്ച സ്രോതസ്സ്.
തുടർന്ന് 1508-ൽ മിലാനിൽ നിന്ന് Itinerarium Portugallensium എന്ന ലാറ്റിൻ പതിപ്പും, 1532-ൽ ബാസലിൽ നിന്ന് Novus Orbis Regionum ac Insularum എന്ന വിപുലമായ യാത്രാസമാഹാരവും പ്രസിദ്ധീകരിക്കപ്പെട്ടു. 1706-ൽ ലൈഡനിൽ നിന്നുള്ള പീറ്റർ വാൻഡർ ആ എന്ന ഡച്ച് പ്രസാധകന്റെ Sonderlinge Reysen van Joseph എന്ന കൃതിയിലൂടെയും ഈ അറിവുകൾ ലോകശ്രദ്ധ നേടി. ഇറ്റാലിയൻ, പോർച്ചുഗീസ് കൈയെഴുത്തുപ്രതികളെ അടിസ്ഥാനമാക്കി വ്യാപിപ്പിക്കപ്പെട്ട ഈ ഗ്രന്ഥശേഖരങ്ങൾ, 15-ാം നൂറ്റാണ്ടിലെ മലബാറിനെക്കുറിച്ചുള്ള ഏറ്റവും വിശ്വസനീയമായ ചരിത്രരേഖകളായി മാറി.
മൂന്ന് തുറമുഖങ്ങളും വാണിജ്യ ശൃംഖലയും
തന്റെ ജന്മദേശത്തിന് സമീപമുള്ള വാണിജ്യ കേന്ദ്രങ്ങളായ ക്രാംഗനൂർ (കൊടുങ്ങല്ലൂർ), കോഴിക്കോട്, കൊച്ചി എന്നിവയുടെ സ്ഥാനവും അവ തമ്മിലുള്ള ബന്ധവും ജോസഫ് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്:
* ക്രാംഗനൂർ (കൊടുങ്ങല്ലൂർ): കൊച്ചിയിൽ നിന്ന് ഏകദേശം 20 മൈൽ വടക്കുമാറി, വലിയ കായലിന്റെയും നദിയുടെയും തീരത്ത്, കടലിൽ നിന്നും ഉൾനാട്ടിലേക്ക് മാറി സ്ഥിതിചെയ്തിരുന്ന പ്രദേശം. ക്രിസ്ത്യാനികളും യഹൂദരും മുസ്ലീങ്ങളും ഹിന്ദുക്കളും തികഞ്ഞ സാമൂഹിക ഐക്യത്തോടെ ജീവിച്ചിരുന്ന ഇവിടെ നിന്നാണ് പോർച്ചുഗീസുകാർ പ്രധാനമായും കുരുമുളക് ശേഖരിച്ചത്.
* കോഴിക്കോട്: സാമൂതിരിയുടെ ആസ്ഥാനവും മലബാർ തീരത്തെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രവും. ക്രാംഗനൂരിലെ രാജാവ് സാമൂതിരിക്ക് കപ്പം നൽകിയിരുന്ന സാമന്തനായിരുന്നുവെന്നും ജോസഫ് വ്യക്തമാക്കുന്നു.
* കൊച്ചി: സുരക്ഷിതമായ സ്വാഭാവിക തുറമുഖവും വ്യാപാരസൗഹൃദ ഭരണാധികാരിയുമുള്ള പ്രധാന കച്ചവട കേന്ദ്രം.
ആണിയില്ലാത്ത കപ്പലുകളും നക്ഷത്ര വഴികളും
അക്കാലത്തെ മലബാറിന്റെ സമുദ്ര സാങ്കേതികവിദ്യ യൂറോപ്യന്മാരെ സംബന്ധിച്ച് അത്ഭുതമായിരുന്നു. കപ്പൽ നിർമ്മാണത്തിൽ ഇരുമ്പ് ആണികൾ ഉപയോഗിച്ചിരുന്നില്ല; പകരം തെങ്ങിന്റെയും മറ്റ് മരങ്ങളുടെയും നാരുകൾ കൊണ്ടുള്ള ചരടുകൾ ഉപയോഗിച്ച് പലകകൾ തുന്നിച്ചേർക്കുകയായിരുന്നു. ജലപ്രതിരോധത്തിനായി മത്സ്യനെയ്യ് ചേർത്ത കൂട്ട് അടിയൊഴുക്കുകളിൽ കപ്പലിന് സംരക്ഷണം നൽകി. പ്രധാനമായും മൂന്ന് തരം യാനങ്ങളാണ് അന്ന് കടൽ ഭരിച്ചിരുന്നത്:
* അൽമാദികൾ (Almadie): വേഗത്തിൽ തുഴയാവുന്ന, ഒറ്റത്തടിയിൽ നിർമ്മിച്ച ചെറിയ വള്ളങ്ങൾ.
* പാരാവോകൾ (Paraos): വാരിപ്പലകകൾ തുന്നിച്ചേർത്ത് നിർമ്മിച്ച വലിയ തോണികൾ.
* ജൂങ്കുകൾ (Giunchi): മൂന്നോ നാലോ പായ്മരങ്ങളും 12 പായകളും എണ്ണമറ്റ തുഴകളുമുള്ള ഭീമാകാരമായ കപ്പലുകൾ. വലിയ അളവിൽ ചരക്കുകൾ കയറ്റിയിരുന്ന ഈ കപ്പലുകളിൽ നാവികർ കുടുംബസമേതം താമസിച്ചിരുന്നു.
വടക്കുനോക്കി യന്ത്രങ്ങളുടെ (Compass) സഹായമില്ലാതെ, രാത്രികളിൽ ആകാശത്തെ നക്ഷത്രങ്ങളുടെ സ്ഥാനം മാത്രം നോക്കി സമുദ്രയാത്ര നിയന്ത്രിക്കാൻ മലബാറിലെ നാവികർക്ക് സാധിച്ചിരുന്നുവെന്നത് അവരുടെ ഖഗോളശാസ്ത്ര പ്രാവീണ്യത്തിന് തെളിവാണ്.
കാർഷിക സമ്പത്തും അനുബന്ധ ഉൽപ്പാദനവും
കേരളത്തിലെ കനത്ത മൺസൂൺ മഴയെക്കുറിച്ചും അത് കൃഷിക്ക് നൽകുന്ന ഉത്തേജനത്തെക്കുറിച്ചും ജോസഫ് പരാമർശിക്കുന്നു. മലബാറിലെ ഏറ്റവും മൂല്യമുള്ള സസ്യമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് തെങ്ങിനെയാണ്.
തേങ്ങയുടെ പുറംതോട് കയറിനും, ഉണങ്ങിയ തേങ്ങാപ്പീര തിളപ്പിച്ചുണ്ടാക്കുന്ന വെളിച്ചെണ്ണ പാചകത്തിനും വിളക്ക് കത്തിക്കാനും ഉപയോഗിച്ചു. തെങ്ങിൽ നിന്ന് ശേഖരിക്കുന്ന മധുരക്കള്ള് മൂന്ന് ദിവസത്തിനുള്ളിൽ വീര്യമുള്ള മദ്യമായും, പതിനഞ്ചു ദിവസം വെയിലത്തുവെച്ചാൽ നല്ല വിനാഗിരിയായും മാറി. ഇത് കുറുക്കിയെടുത്ത് ‘ചക്കര’ ഉണ്ടാക്കുന്ന വിദ്യയും അദ്ദേഹം വിവരിക്കുന്നുണ്ട്.
ഉയരമുള്ള മരങ്ങളിൽ പടർന്നു കയറുന്ന കുരുമുളക് വള്ളികളെക്കുറിച്ചും, ഒക്ടോബർ-നവംബർ മാസങ്ങളിൽ പച്ചയായി വിളവെടുത്ത് വെയിലത്തുണക്കി കറുത്ത കുരുമുളകാക്കുന്ന രീതിയെക്കുറിച്ചും, മണ്ണടിയിൽ വളരുന്ന ഇഞ്ചിയെക്കുറിച്ചും ജോസഫ് കൃത്യമായ വിവരങ്ങൾ നൽകുന്നു.
സാമൂഹിക ഘടനയും അതിരുകൾക്കപ്പുറമുള്ള ഇന്ത്യയും
നായന്മാർ സൈനികരായും ബ്രാഹ്മണർ പൂജാരിമാരായും സേവനമനുഷ്ഠിച്ച അന്നത്തെ സാമൂഹിക വ്യവസ്ഥിതിയും ജോസഫ് വിവരിക്കുന്നുണ്ട്. രാജകൊട്ടാരങ്ങളും അമ്പലങ്ങളും പള്ളികളും കല്ലും ചുണ്ണാമ്പും ഉപയോഗിച്ച് നിർമ്മിച്ചപ്പോൾ, സാധാരണക്കാരുടെ വീടുകൾ ലളിതമായ തടി-ഓല നിർമ്മിതികളായിരുന്നു. ക്രാംഗനൂരിലെ ക്രിസ്ത്യൻ പള്ളികളിൽ ചിത്രങ്ങളോ പ്രതിമകളോ ഉണ്ടായിരുന്നില്ല, പകരം ഒരു വിശുദ്ധ കുരിശ് മാത്രമാണ് സ്ഥാപിച്ചിരുന്നത്.
കേരളത്തിന് പുറമേ ഗുജറാത്തിലെ കാംബെ എന്ന സമ്പന്ന വാണിജ്യ നഗരത്തെക്കുറിച്ചും, കുതിരവ്യാപാര കേന്ദ്രമായ ഓർമൂസ് ദ്വീപിനെക്കുറിച്ചും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ തീരത്തെ വിജയനഗര സാമ്രാജ്യത്തിലെ (നർസിംഗ) 1,50,000 സൈനികരും 8,000 യുദ്ധാനകളും അടങ്ങുന്ന വൻപടയെക്കുറിച്ചും, മൈലാപ്പൂരിലെ വിശുദ്ധ തോമാശ്ലീഹായുടെ കബറിടത്തിലെ കെടാവിളക്കിനെക്കുറിച്ചും ജോസഫ് നൽകിയ വിവരങ്ങൾ അക്കാലത്തെ ഭാരതീയ ഭൂമിശാസ്ത്രത്തിലേക്ക് വെളിച്ചം വീശുന്നു.
ചരിത്രരേഖകളിലെ നിശബ്ദത: അപ്രത്യക്ഷമായ ഭൗമശാസ്ത്ര മാറ്റങ്ങൾ
ജോസഫ് ദി ഇന്ത്യൻ നൽകിയ വിവരണങ്ങൾ സമഗ്രമാണെങ്കിലും, ചില പ്രധാന ചരിത്ര-ഭൂമിശാസ്ത്ര യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള അജ്ഞാതത്വം അദ്ദേഹത്തിന്റെ വിവരണങ്ങളുമായ എഴുത്തുകളിൽ നിഴലിക്കുന്നുണ്ട്. 14-ാം നൂറ്റാണ്ടിൽ മലക്കാരനാട്ടിനുണ്ടായ പ്രകൃതിദത്തമായ ഭൗമവ്യതിയാനങ്ങളും പെരിയാറിലെ പ്രളയവുമാണ് ഇതിൽ പ്രധാനം. ഇറ്റാലിയൻ സഞ്ചാരിയായ ബാർത്തലോമിയോ രേഖപ്പെടുത്തിയത് പോലെ, വടക്ക് മൂത്തകുന്നം മുതൽ തെക്ക് ഫോർട്ട് കൊച്ചി വരെ നീളുന്ന 85 കിലോമീറ്ററോളം ദൈർഘ്യമുള്ള വേമ്പനാട് തീരദേശ മണൽത്തിട്ട (ഗുരുവായൂർ സമതലം) രൂപപ്പെടുന്നത് കനത്ത മഴ, പ്രളയം, കടലാക്രമണം, ഭൂചലനങ്ങൾ എന്നിവയുടെ ഫലമായാണ്.
ഈ സംഭവത്തിന് മുൻപ് കൊടുങ്ങല്ലൂർ ആഴക്കടൽ കപ്പലുകൾക്ക് നങ്കൂരമിടാൻ കഴിയുന്ന ദ്വീപുകളാൽ ചുറ്റപ്പെട്ട ആഴമുള്ള കടൽപ്രദേശമായിരുന്നു. അതുകൊണ്ടുതന്നെ, ചെറിയ യാനങ്ങൾക്ക് കുന്നംകുളം വരെയുള്ള ഉൾനാടൻ പ്രദേശങ്ങളിലേക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനും സാധിച്ചിരുന്നു. എന്നാൽ ഭൗമവ്യതിയാനത്തോടെ രൂപപ്പെട്ട മണൽത്തിട്ടകൾ മൂലം കൊടുങ്ങല്ലൂർ തുറമുഖത്തിന്റെ ആഴവും സ്വാഭാവിക നാവികസാധ്യതകളും നഷ്ടപ്പെടുകയും, കച്ചവട കേന്ദ്രം പതിയെ കൊച്ചിയിലേക്ക് മാറുകയും ചെയ്തു.
13-ാം നൂറ്റാണ്ടിലെ കുരിശുയുദ്ധങ്ങളും സലാഹുദ്ദീൻ-ബാൾഡ്വിൻ പോരാട്ടങ്ങളും യൂറോപ്പും ഇന്ത്യയും തമ്മിലുള്ള നേരിട്ടുള്ള കര-സമുദ്ര വ്യാപാരപാതകളെ ബാധിച്ചിരുന്നിരിക്കാം. അത് വഴി വെനീസ്-ഫ്ലോറൻസ് പ്രഭുക്കന്മാർക്ക് മലബാറുമായുള്ള വ്യാപാരബന്ധം നിന്നുപോയതാകാം ഭൂമിശാസ്ത്രപരമായ ഈ മാറ്റങ്ങൾ അവർക്കിടയിൽ ചർച്ചയാകാതിരിക്കാൻ കാരണം. എന്നിരുന്നാലും, കൊടുങ്ങല്ലൂരിൽ ജനിച്ചുവളർന്ന ജോസഫിനെപ്പോലൊരു പ്രാദേശിക വ്യക്തി, കൊടുങ്ങല്ലൂരിന്റെ പ്രതാപം മങ്ങാനും കൊച്ചി ഉയർന്നു വരാനും, അതിൻ്റെ ഭാഗമായുണ്ടാകാവുന്ന സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളെയും അതിനു കാരണമായ ഈ വൻ ഭൗമമാറ്റത്തെക്കുറിച്ചും യൂറോപ്യൻ ഭരണാധികാരികളോട് നിശബ്ദത പാലിച്ചു എന്നത് ചരിത്രവിദ്യാർത്ഥികളിൽ ഇന്നും സംശയങ്ങളും നിഗൂഢതയും അവശേഷിപ്പിക്കുന്നു.
ഉപസംഹാരം
പോർച്ചുഗീസ് അധിനിവേശത്തിന് തൊട്ടുമുൻപുള്ള മലബാറിന്റെയും ഭാരതത്തിന്റെയും തനതായ സാമൂഹിക-സാമ്പത്തിക അന്തരീക്ഷത്തെയാണ് ജോസഫ് ദി ഇന്ത്യൻ യൂറോപ്പിന് മുന്നിൽ തുറന്നുവെച്ചത്. അക്കാലത്ത് സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ കുത്തക പുലർത്തിയിരുന്ന വെനീസ് റിപ്പബ്ലിക്കിന്റെ സാമ്പത്തിക വിപണി നയങ്ങളെ പുനർചിന്തിപ്പിക്കാനും, പോർച്ചുഗീസുകാരുടെ ഏഷ്യൻ സമുദ്രവാണിജ്യതന്ത്രങ്ങൾക്ക് (Naval Trade Strategies) മൂർച്ച കൂട്ടാനും ജോസഫിന്റെ നിരീക്ഷണങ്ങൾ ഗണ്യമായ സ്വാധീനം ചെലുത്തി. കേവലം യൂറോപ്യൻ സഞ്ചാരികളുടെ കാഴ്ചപ്പാടുകൾക്കപ്പുറം, ഒരു മലയാളി പുരോഹിതന്റെ അനുഭവസമ്പത്തിൽ നിന്ന് പിറന്ന ആ വിവരണം, സമുദ്രവ്യാപാരത്തിലും നാവികവിദ്യയിലും കാർഷിക സംസ്കാരത്തിലും കേരളം കൈവരിച്ച സ്വയംപര്യാപ്തതയുടെ നിഷേധിക്കാനാവാത്ത ചരിത്രരേഖയാണ്.
ഗ്രന്ഥസൂചി
Greenlee, William Brooks, editor and translator. The Voyages of Pedro Álvares Cabral to Brazil and India. Hakluyt Society, 1937.
Grynaeus, Simon, and Johann Huttich, editors. Novus Orbis Regionum ac Insularum Veteribus Incognitarum. Johann Hervagius, 1532.
Madrignanus, Archangelus, translator. Itinerarium Portugallensium e Lusitania in Indiam. Milan, 1508.
Mundadan, A. Mathias. The Traditions of St. Thomas Christians. Dharmaram College, 1970.
Paesi Nouamente Retrouati el Nouo Mondo da Alberico Vesputio Florentino Intitulato. Vicenza, 1507.
Schurhammer, Georg. “Three Letters of Mar Jacob, Bishop of Malabar.” Orientalia, vol. 21, 1963, pp. 333–86.
Vallavanthara, Antony. India in 1500 AD: The Narratives of Joseph the Indian. Research Institute for Studies in History (RISHI), 1984.
Vander Aa, Pieter, publisher. Sonderlinge Reysen van Joseph den geboornen Indiaan. Leyden, 1706.

ഡോ. ബിജു ലോഞ്ചിനോസ്
Professor CET Trivandrum
