
എസ് സുധീഷ്
Published: 10 September 2026 സംസ്കാരപഠനം
ഡേറ്റ ദൈവമാണ്
ഉത്തരാധുനികതയുടെ ഡിജിറ്റല് മുതലാളിത്തയുക്തികള്
ഭാഗം-17
കമ്പോള മുതലാളിത്തത്തിന്റെ കാലത്ത് പുറത്തുവരുന്ന സാഹിത്യകൃതികളിൽ പ്രത്യക്ഷമായും പരോക്ഷമായും കമ്പോള മുതലാളിത്തമൂല്യങ്ങളുടെ സമ്മർദ്ദങ്ങൾ ഉണ്ടാവും. അടിമത്തത്തിന്റെ കാലം തൊട്ട് കാർഷിക വ്യവസായിക മുതലാളിത്തത്തിന്റെ കാലം വരെയും കമ്പോളം ഒരു ഹെജിമണിക് ആഖ്യായിക ആയിരുന്നില്ല.
അതുകൊണ്ടുതന്നെ അക്കാലത്തെ സാഹിത്യകൃതികൾ വിലയിരുത്തുമ്പോൾ കമ്പോളത്തിന്റെ ആധിപത്യ’പ്രകൃതം പ്രസക്ത ഘടകമായി തീരുന്നില്ല. പക്ഷേ 1960-കൾക്ക് ശേഷം ഉണ്ടായിവരുന്ന കൃതികളെ കമ്പോളത്തിന്റെ മേധാപരമായ ആധിപത്യത്തെ പരിഗണിച്ചുകൊണ്ട് ചർച്ച ചെയ്യേണ്ടിവരുന്നു. ഏതാണ്ട് അക്കാലത്തുതന്നെ പുതിയ കാലത്തിന്റെ കല പരസ്യകലയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടീഷ്-യു.എസ് സാംസ്കാരിക സ്ഥാപനങ്ങൾ മുന്നോട്ടുവരുന്നുണ്ട്. അങ്ങനെ ഒരു നിലപാടിൽ നിന്നുകൊണ്ട് ആധുനിക കലയെ തള്ളിക്കളയണമെന്ന ഒരു നിലപാടും അക്കാലത്ത് രൂപപ്പെടുന്നുണ്ട്.
‘ഖസാക്കിന്റെ ഇതിഹാസം’ ഒരു കലാസൃഷ്ടി എന്ന നിലയിൽ ബഹുമാനിക്കപ്പെടുന്നുവെങ്കിലും അതിന്റെ സൂചിതം കമ്പോളം എന്ന ബൃഹദാഖ്യായികയാണ്. സുരതത്തിന്റെ എപ്പിസോഡുകളിലൂടെ സ്ത്രീപക്ഷ ചൂഷണം സുഖകരമായി ആസ്വദിക്കുന്ന ഉപരിസമുദായ പുരുഷാധികാരത്തെയാണ് നോവലിൽ ഉദാത്തീകരിക്കുന്നത്. മുൻകാല സാമ്പത്തിക വിഭവാധികാര ചൂഷണ സമ്പ്രദായങ്ങളിൽ നിന്ന് കാമ്പോളിക ചൂഷണം വേർതിരിഞ്ഞു നിൽക്കുന്നത് എങ്ങനെ എന്നു കൂടി ഇവിടെ പരിശോധിക്കേണ്ടതുണ്ട്.
(A)മുൻകാലങ്ങളിൽ അധികാരവ്യവസ്ഥയുടെ പുരുഷരൂപം രാജാവ്, നാടുവാഴി, ജന്മി, മൂലധന നിക്ഷേപകൻ എന്നീ സ്ഥാപനങ്ങളായി പ്രത്യക്ഷപ്പെടുന്നു.
( a ) കമ്പോള വികസനവാദ രാഷ്ട്രീയത്തിന്റെ ഘട്ടത്തിൽ മൂലധന നിക്ഷേപകൻ എന്ന അധികാര സ്ഥാപനം ജ്ഞാനിക്ക് വഴിമാറുന്നു. കമ്പോളം ആശയാധിഷ്ഠിത ആഖ്യാനങ്ങളുടെ സ്ഥാപനം എന്ന നിലയിൽ അധികാരം കയ്യാളുന്നു.
(B)ദൈവം, പൗരോഹിത്യം എന്നീ പ്രതിയാഥാർത്ഥ്യ ആഖ്യാനങ്ങൾ അധികാര സ്ഥാപനങ്ങൾക്ക് തുണ നൽകുന്നു. എന്നാൽ സാമ്പത്തിക വിഭവാധികാര സ്ഥാപനത്തെയോ സാമ്പത്തിക വിഭവത്തെയോ അപനിർമ്മിക്കുന്ന പ്രവർത്തനം പാർശ്വവൽകൃതമാണ്, കേന്ദ്രീയമല്ല.
(b)കമ്പോള മുതലാളിത്ത കാലത്തെ അധികാരവ്യവസ്ഥ ധനകാര്യ അടിത്തറയിൽ ഉള്ളതാണെങ്കിലും കമ്പോളം ധനകാര്യ മുതലാളിത്തത്തിന്റെ സിഗ്നിഫയർ ആണെങ്കിൽ പോലും ധനകാര്യത്തിന്റെ സ്ഥാനം പ്രത്യക്ഷത്തിൽ, പ്രത്യക്ഷ തലത്തിൽ വിവരവിഭവം പിടിച്ചെടുക്കുന്നു.
(C) മുൻകാല അധികാരവ്യവസ്ഥകളിൽ ഭക്തിയും രതിയും സാമ്പത്തികവിഭവചൂഷണാനുഭവത്തെ ചൂഷിതന്റെ ആനന്ദ അനുഭവമാക്കി മാറ്റുന്നുണ്ട്.
(c)കമ്പോള അധികാരവ്യവസ്ഥയിൽ സാമ്പത്തിക വിഭവ ചൂഷണത്തെ ഉപഭോക്താവിന്റെ ആനന്ദ അനുഭവമാക്കി തീർക്കുന്നു.
(D)മുൻകാല അധികാരവ്യവസ്ഥയിലെ ലൈംഗിക കൊടുക്കൽ വാങ്ങലുകളിൽ സ്ത്രീ പ്രജാപക്ഷവും പുരുഷൻ ഭരണാധികാര പക്ഷവുമായിരുന്നു.
(d)കമ്പോള അധികാരവ്യവസ്ഥയിലെ ലൈംഗിക കൊടുക്കൽ വാങ്ങലുകളിൽ പുരുഷൻ അധികാര സ്ഥാപന പക്ഷവും സ്ത്രീ ഉപഭോക്തൃ പക്ഷവുമായി തീരുന്നു.
രാജാവ്->മൂലധന നിക്ഷേപകൻ-> ജ്ഞാനി എന്ന നിലയിലേക്ക് കമ്പോളത്തിൽ അധികാര നിർവ്വഹണ സ്ഥാപനത്തിന് വ്യതിയാനം ഉണ്ടാവുന്നു. ചിഹ്നം, വ്യവഹാരം, ആഖ്യാനം എന്നിവ കമ്പോളത്തെ സ്വരൂപിക്കുന്ന കല്പനകളായി തീരുകയും ഭക്തിയുടെ അനുഭവമണ്ഡലത്തിൽ വിഗ്രഹത്തിനുണ്ടാവുന്ന സാങ്കേതികമായ പ്രാധാന്യം മാത്രമേ കമ്പോള അനുഭവമണ്ഡലത്തിൽ പാദാർത്ഥിക ഉല്പന്നത്തിന് ഉണ്ടാവുന്നുള്ളൂ. പ്രതിയാഥാർത്ഥ്യപരമായ ആഖ്യാനങ്ങളാണ് കമ്പോളത്തിന്റെ ഉള്ളടക്കം, ഉപഭോക്താവ് അതിന്റെ ഭക്തനും. ഖസാക്കിന്റെ ഇതിഹാസം കമ്പോളത്തിന്റെ സൂചിതം എന്ന നിലയിൽ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ഒന്ന്: ലൈംഗികത നോവലിലെ ഏറ്റവും പ്രധാനപ്പെട്ട സിഗ്നിഫയറാണ്. കാർഷിക- വ്യവസായിക മുതലാളിത്തത്തിന്റെ കാലത്ത് വിവാഹപൂർവ്വ ലൈംഗികത, ദാമ്പത്യേതര ലൈംഗികത, ബഹുഭർത്തൃത്വം, ബഹുഭാര്യാത്വം എന്നതിനുപുറമേ അപരതി (incest)യും പാർശ്വവൽക്കരിക്കപ്പെട്ടിരുന്നു. വ്യത്യസ്ത മണ്ഡലങ്ങളിലെ രതിനിരോധങ്ങൾ ജനസംഖ്യാ നിയന്ത്രണം എന്ന ആവശ്യത്തെ മുൻനിർത്തി ചരിത്രത്തിൽ രൂപപ്പെട്ടു വന്നതാണ്.
പോപ്പുലേഷൻ എക്കോണമിയുടെ ഈ നിബന്ധനകളെ കമ്പോളം നേരിടുന്നത് ഉദാരവൽക്കരണ സിദ്ധാന്തം കൊണ്ടാണ്. പ്രജ അല്ലെങ്കിൽ പൗരൻ നിർമ്മിതി പ്രവർത്തന പങ്കാളിയാവുക എന്നതല്ല, ചെലവാളിയായ ഉപഭോക്താവായി തീരുക എന്നതാണ് കമ്പോളത്തിന്റെ സിദ്ധാന്തം. പ്രജനനത്തിന്റെ (ബയോളജിക്കൽ ഉത്പാദനത്തിൻ്റെ ) ശിശുകേന്ദ്രീകൃതമായ കുടുംബത്തിന് വേണ്ടുന്ന കരുതലുകളും ഇല്ലാതായി തീരുന്ന തരത്തിൽ ലൈംഗിക ബന്ധങ്ങളുടെ ഉദാരവൽക്കരണം സാധ്യമാവുമ്പോൾ ധൂർത്തമായ ചെലവാളിത്തം ഒരു ജീവിതശൈലിയായി തീരുന്നു. ധൂർത്തമായ ചെലവാളിത്തം കമ്പോളത്തിന്റെ താല്പര്യമാണ്. ആവശ്യത്തിന്റെ യുക്തിഭദ്രതയെ തകർക്കുന്ന പ്രതിയാഥാർത്ഥ്യം ഭൗതിക പാദാർത്ഥികതയിൽ നിന്ന് വിടർന്നു മാറുമ്പോഴുണ്ടാകുന്ന സാഹചര്യത്തിൽ, ധൂർത്തമായ ചെലവാളിത്തം വലിയൊരു സാധ്യതയായി മാറുന്നു. ലൈംഗികമായ കരുതൽ ഭൗതിക സാമ്പത്തിക വിഭവത്തിന്റെ കരുതൽ എന്നിവ തമ്മിൽ ഇവിടെ സമവാക്യം സാധ്യമാകുന്നു.
ലൈംഗികമായ കരുതൽ ഭൗതിക സാമ്പത്തിക വിഭവത്തിന്റെ കരുതൽ എന്നിവ തമ്മിൽ ഇവിടെ സമവാക്യം സാധ്യമാകുന്നു.ആധുനികതാവാദത്തിന്റെ കാലത്ത് മലയാള സാഹിത്യത്തിൽ ലൈംഗികമായ കരുതലിനെതിരെ – പ്രതിരോധത്തിനെതിരെ (ബഷീറിന്റെ സ്ത്രീ കഥാപാത്രം വസ്ത്രത്തിനടിയിൽ കത്തി തിരുകി വെച്ചിരിക്കുന്നത് ഓർക്കുക.) ലൈംഗികതയുടെ ധൂർത്തമായ ചെലവാളിത്തം എന്ന പ്രേരണ ആവിഷ്കരിക്കുന്നത് കാണുക. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സാമ്പത്തിക തലത്തിൽ ധൂർത്തമായ ചെലവാളിത്തത്തിൽ ഒഴുകിപ്പോകുന്ന ഉപഭോക്താവിനെയാണ് ധൂർത്തമായ ലൈംഗിക ചെലവാളിത്തം പ്രതിനിധാനം ചെയ്യുന്നത് എന്ന് കാണാം.
1980-കളിൽ എത്തുമ്പോൾ വിവാഹപൂർവ്വ രതി, ദാമ്പത്യേതര രതി, സ്വവർഗ്ഗ രതി എന്നിങ്ങനെയുള്ള ലൈംഗിക ഉദാരവൽക്കരണ അനുഭവസ്വാതന്ത്ര്യം സ്ത്രീക്ക് അനുവദിച്ചു കിട്ടണമെന്നുള്ള ന്യായവാദമുയരുമ്പോൾ ധൂർത്തമായ ലൈംഗിക ചെലവാളിത്തത്തെ ലൈംഗിക കരുതലിനെതിരെയുള്ള വാദം എന്ന നിലയിൽ ഉയർത്തിക്കൊണ്ടു വരികയാണ് ചെയ്യുന്നത്. സ്ത്രീയുടെ എന്നപോലെ പുരുഷന്റെയും ലൈംഗിക വ്യക്തിത്വം അവളുടെ അല്ലെങ്കിൽ അയാളുടെ ആവശ്യബോധത്തിൽ നിന്നും ഇച്ഛയിൽ നിന്നും രൂപപ്പെടുന്നതാണ്. സ്ത്രീയുടെ എന്നപോലെ പുരുഷന്റെയും ലൈംഗിക കരുതൽ ബോധത്തെ തകർക്കുന്ന ജൈവശാസ്ത്രപരമായ സമ്മർദ്ദങ്ങളോട് സംഘർഷപ്പെട്ടുകൊണ്ടാണ് ലൈംഗികമായ കരുതലും ലൈംഗികമായ പ്രതിബദ്ധതയും സ്ത്രീ പുരുഷന്മാർ രൂപപ്പെടുത്തുന്നത്.
സ്ത്രീ-പുരുഷ ബന്ധത്തിൽ സാമാന്യമായി പുരുഷൻ അധികാര സ്ഥാനത്ത് നിൽക്കുന്നു എന്നതുകൊണ്ട് സ്ത്രീയുടെ ലൈംഗികമായ കരുതൽ ശക്തിയെയും പ്രതിബദ്ധതയെയും പൊളിച്ചുകൊണ്ട് അവളെ ദാമ്പത്യേതരബന്ധത്തിനോ ഗാന്ധർവ്വത്തിനോ വിവാഹപൂർവ്വരതിക്കോ പ്രേരിപ്പിക്കുക എന്നത് സ്ഥാനിയായ പുരുഷന്റെ എന്നത്തെയും അമിത അനുഭവതാല്പര്യമായിരുന്നു. രതിബന്ധത്തിന് ഉപാധികൾ മുന്നോട്ടുവെക്കുന്ന സത്യവതിയോ ശകുന്തളയോ ലൈംഗികബന്ധത്തെ സാമ്പത്തിക അധികാരബന്ധത്തിന്റെ സിഗ്നിഫയർ എന്ന നിലയിൽ കണ്ടുകൊണ്ട് ലൈംഗികതയുടെ ധൂർത്ത ചെലവാളിത്തത്തെ പ്രതിരോധിക്കുന്നുണ്ട്.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കമ്പോള മുതലാളിത്ത ഘട്ടത്തിൽ എത്തുമ്പോൾ,കാമ്പോളിക ആഖ്യാനത്തിന്റെ മാന്ത്രികവലയത്തിൽപ്പെട്ട് പ്രതിയാഥാർത്ഥ്യത്തിന്റെ ഭ്രമണപഥത്തിൽ കുരുങ്ങി സാമ്പത്തിക കരുതലിന്റെയും പ്രതിബദ്ധതയുടെയും പ്രതിരോധങ്ങൾ തകർന്ന് ധൂർത്തമായ ചെലവാളിത്തത്തിന്റെ അതിയാഥാർത്ഥ്യ പ്രവാഹത്തിൽ ആനന്ദിക്കുന്ന ഉപഭോക്തൃ മനസ്സായി സ്ത്രീയുടെ മനസ്സ് പരിവർത്തനപ്പെടുന്നു. പുരുഷൻ ഇവിടെ കാമ്പോളിക അധികാര സ്ഥാപനത്തിന്റെ സ്ഥാനത്തും സ്ത്രീ ഉപഭോക്താവിന്റെ സ്ഥാനത്തും നിൽക്കുന്നു. കാമ്പോളിക ചൂഷണത്തെ ലൈംഗികമായി പ്രതീകവൽക്കരിക്കുമ്പോഴാണ് പുരുഷൻ അധീശ സ്ഥാനത്തും സ്ത്രീ വിധേയത്വ സ്ഥാനത്തും വരുന്നത്. അതേസമയം ഭൗതിക സാമ്പത്തിക വിഭവ ചൂഷണത്തിന്റെ പ്രത്യക്ഷ തലത്തിൽ മൂലധനശക്തി അധീശ സ്ഥാനത്തും ജനങ്ങൾ വിധേയത്വ സ്ഥാനത്തും നിലനിൽക്കുന്നു.
ഖസാക്കിനെ മുൻനിർത്തി ഇതിങ്ങനെ വിശദീകരിക്കാം:
കമ്പോളത്തിൽ പർച്ചേസിനെ, (ഉപയോക്താവിനെ) ഉപഭോക്താവ് (കൺസ്യൂമർ ) ആക്കി പരിവർത്തിപ്പിക്കുന്നതിന് മൂലധന നിക്ഷേപകന്, ധനകാര്യ ഉല്പന്നത്തിന് കഴിയുന്നില്ല. അതിന്റെ ദൗത്യം ജ്ഞാനി (ആഖ്യാതാവ്) ഏറ്റെടുക്കുന്നു. ധനകാര്യത്തിൽ നിന്ന് വിവരജ്ഞാന (data)ത്തിലേക്ക് ‘ദൗത്യം’ കൈമാറ്റം ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ ഉപഭോക്താവായ സ്ത്രീക്ക് (ജനങ്ങൾക്ക് ) ആഖ്യാതാവുമായുള്ള (സാമ്പത്തികാധികാര സ്ഥാപനം) താദാത്മ്യത്തിലൂടെ ഉണ്ടാകുന്ന അനുഭൂതിയാണ് ലാഭകൊള്ളയ്ക്ക് വഴിയൊരുക്കുന്നത്. ഭഗവാനും ഭക്തയും (നും)തമ്മിലുള്ള താദാത്മ്യം പോലെയാണ്.വിഗ്രഹത്തിനു മുൻപിൽ നിന്ന് പ്രാർത്ഥിക്കുന്ന ഭക്തൻ തണുത്തുറഞ്ഞ വിഗ്രഹത്തെ മുൻനിർത്തി ധൂർത്തമായി പണം ചെലവഴിക്കുന്നുവെങ്കിലും വിഗ്രഹാതീതമായ വ്യവഹാരവുമായാണ് അയാൾ /അവൾ താദാത്മ്യം പ്രാപിക്കുന്നത്.
ജ്ഞാനി (രവി ) സാമ്പത്തിക വിഭവാധികാര സ്ഥാപനത്തിന്റെ പ്രതിനിധിയാണ്. എന്താണ് അയാളുടെ നിയോഗം? ധൂർത്ത ലൈംഗികതയുടെ ഒരു മണ്ഡലം രൂപപ്പെടുത്തുക എന്നതിനാണ് അയാൾ ഖസാക്കിലേക്ക് നിയോഗിക്കപ്പെടുന്നത്. ഖസാക്കിനകത്തും പുറത്തുമുള്ള സ്ത്രീകളുടെ ലൈംഗിക കരുതൽ മൂല്യത്തെയും ലൈംഗിക കരുതൽ മൂല്യത്തിന്റെ സാധുതയെയുമാണ് അയാൾ ഭേദിക്കുന്നത്. ചിറ്റമ്മയും യോഗിനിയും ഇന്ത്യൻ നൈതിക പദ്ധതി അനുസരിച്ച് ലൈംഗിക കരുതൽ നിലനിർത്തേണ്ടവരാണ്. ധൂർത്തമായ ഒരു ലൈംഗിക ചെലവാളിത്തത്തിന്റെ പാതയിൽ പൊളിഞ്ഞു വീണു കിടക്കുന്ന സ്ത്രീകളായി അവർ മാറുന്നു.
കമ്പോളത്തിലെ ജ്ഞാനാത്മകമായ ആഖ്യാനത്തിന്റെ സ്വാധീനത്തിൽ ആവശ്യത്തിന്റെ യുക്തി നഷ്ടപ്പെട്ട് സാമ്പത്തിക ചെലവാളിത്തത്തിന്റെ പാതയിൽ പൊളിഞ്ഞുവീണ് മോക്ഷപ്രാപ്തി അനുഭവിക്കുന്ന ഉപഭോക്താവിനെയാണ് ജ്ഞാനിയായ രവിയുടെ സ്പർശത്താൽ ഉടുപുടവുകൾ അഴിഞ്ഞു പോവുന്ന ചിറ്റമ്മ മുതൽ കുഞ്ഞാമിന വരെയുള്ള പെൺ വംശം പ്രതിനിധീകരിക്കുന്നത്.

