
മധു ഇളയത്
Published: 10 september 2026 സംസ്കാരവിമർശനം
നിശ്ശബ്ദതയുടെ രാഷ്ട്രീയവും
സോഷ്യൽ മീഡിയയും
ജർമ്മനിയിലെ നാസി നേതാവ് അഡോൾഫ് ഐച്ച്മാന്റെ യുദ്ധക്കുറ്റ വിചാരണ, ദി ന്യൂയോർക്കറിനു വേണ്ടി റിപ്പോർട്ട് ചെയ്തത് തത്ത്വചിന്തകയായ ഹന്ന ആരെൻഡായിരുന്നു (Hannah Arendt). 1961 ൽ ആയിരുന്നു അത്. അനേകം ജൂത വംശജർ തടങ്കൽപ്പാളയങ്ങളിൽ കൊല്ലപ്പെട്ടതിന് ഉത്തരവാദിയായിരുന്നു അഡോൾഫ് ഐച്ച്മാൻ. തികച്ചും ആശയക്കുഴപ്പമുണ്ടാക്കുന്ന ആ റിപ്പോർട്ടിൽ ഐച്ച്മാനെ ഒരു സാധാരണ ഉദ്യോഗസ്ഥനായാണ് ആരെൻഡ് പരിചയപ്പെടുത്തുന്നത്. അവരുടെ വാക്കുകളിൽ അയാൾ ‘ഭീകരനോ സാഡിസ്റ്റോ അല്ല’, ഒരു സാധാരണക്കാരൻ മാത്രമാണ്. നാസി ബ്യൂറോക്രസിയിൽ തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകുക എന്നതല്ലാതെ ഈ ദുഷ് കൃത്യത്തിൽ മറ്റൊരുദ്ദേശ്യവും അയാൾക്കില്ലായിരുന്നു. ഐച്ച്മാൻ ഒരു അധാർമ്മികനായിരുന്നില്ല എന്നാണ് ‘ഐച്ച്മാൻ ഇൻ ജെറുസലേം: എ റിപ്പോർട്ട് ഓൺ ദി ബാനാലിറ്റി ഓഫ് ഈവിൾ’ (1963) എന്ന പുസ്തകത്തിൽ അവർ നിഗമനത്തിലെത്തുന്നത്. പകരം, ‘ക്രൂരമായ ഉദ്ദേശ്യങ്ങളില്ലാതെ’ തന്നെ അയാൾ ദുഷ്പ്രവൃത്തികൾ ചെയ്തു, അയാളുടെ ‘ചിന്താശൂന്യത’, അഥവാ ‘മറ്റൊരാളുടെ കാഴ്ചപ്പാടിൽ നിന്ന് ചിന്തിക്കാനുള്ള കഴിവില്ലായ്മ’ എന്നിവ കാരണം ‘എന്താണ് ചെയ്യുന്നതെന്ന് അയാൾ ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല’. അത്തരമൊരു പ്രത്യേക വൈജ്ഞാനിക കഴിവില്ലാത്തതിനാൽ, താൻ തെറ്റ് ചെയ്യുകയാണെന്ന് അറിയാനോ തോന്നാനോ കഴിയാത്ത സാഹചര്യങ്ങളിൽ അയാൾ കുറ്റകൃത്യങ്ങൾ ചെയ്തു എന്നാണ് ആരെൻഡ് എഴുതുന്നത്.
രാഷ്ട്രീയപരമായി ഏറെ അപകടകരമായതാണ് ചിന്തയുടെ അഭാവം എന്നാണ് ഹന്നാ ആരൻഡ് ആ പുസ്തകത്തിലൂടെ പറഞ്ഞു വെക്കുന്നത്. സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് ആ വീക്ഷണത്തിന് വലിയ പ്രസക്തിയാണുള്ളത്. ‘ശ്രദ്ധ’ എന്നത് ഒരു ആന്തരിക ശേഷിയാണ്. ശ്രദ്ധയാണ് ചിന്തക്ക് ഹേതുവാകുന്നതും. ആ ‘ശ്രദ്ധ’യെ തന്നെ വിപണന വസ്തുവായി മാറ്റി എന്നതാണ് ഡിജിറ്റൽ സംസ്കാരത്തിന്റെ സാമ്പത്തിക പരിവർത്തനങ്ങളിൽ പ്രധാനപ്പെട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ യഥാർത്ഥത്തിൽ വിൽക്കുന്നതും മനുഷ്യന്റെ ശ്രദ്ധയെ ആണല്ലോ? എത്രനേരം ഒരാൾ സ്ക്രീനിൽ തുടരും, എത്ര വേഗത്തിലാണയാൾ പ്രതികരിക്കുന്നത്, എന്തെല്ലാമാണയാളെ കൂടുതൽ പ്രകോപിപ്പിക്കുന്നത്, എന്താണ് കൂടുതൽ ഭയപ്പെടുത്തുന്നത് — എന്നിങ്ങനെയുള്ള മുഴുവൻ മാനസിക ചലനങ്ങളും ഡാറ്റകളായി പരിവർത്തനം ചെയ്യപ്പെടുന്നുണ്ടിപ്പോൾ. മനുഷ്യന്റെ വികാരങ്ങൾ പോലും വിപണനയോഗ്യമായ വിവരങ്ങളായി ശേഖരിക്കപ്പെടുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്നു. ഫലത്തിൽ ചിന്താശൂന്യത, മേൽക്കൈ നേടുന്ന കാലം എന്ന് ഡിജിറ്റൽ കാലത്തെ വിശേഷിപ്പിക്കാം. അതെ, ആരെൻഡ് ചൂണ്ടിക്കാട്ടിയ ‘ചിന്താശൂന്യത’ തന്നെ!
ശക്തിയുടെ ഉറവിടമായി നിശ്ശബ്ദതയെ അവതരിപ്പിക്കുന്ന ലാവോത്സു, ചിന്തയാണ് നിശ്ശബ്ദതയുടെ ഉൽപ്പന്നം എന്ന് പറയുന്നുണ്ട്. വാസ്തവത്തിൽ അതൊരു തത്വചിന്തയല്ല. ചരിത്രത്തിലെ മുന്നേറ്റങ്ങളാകട്ടെ, ദാർശനിക വെളിപ്പെടുത്തലുകളാകട്ടെ, സൃഷ്ടിപരമായ വിപ്ലവങ്ങളാകട്ടെ, അവയിൽ ഭൂരിപക്ഷവും ജനിച്ചത് ഏകാന്തതയിലും നിശബ്ദതയിലുമായിരുന്നു. ബോധിവൃക്ഷത്തണലുകളിൽ, മരുഭൂമിയിലെയും വനാന്തരങ്ങളിലെയും നിശ്ശബ്ദതകളിൽ, പല കാലങ്ങളോളം ഒരേ സത്യത്തെ വ്യത്യസ്ത ഭാഷകളിൽ അന്വേഷിക്കപ്പെട്ടു പോന്നു. ലോകത്തെ ഒരാൾ അഭിമുഖീകരിക്കുന്നത്, സ്വയം അഭിമുഖീകരിക്കാൻ പഠിക്കുമ്പോഴാണ് എന്നതാണ് നിശബ്ദത നൽകുന്ന പാഠം. അതിനാൽ ഏകാന്തത എന്നത് മനുഷ്യന്റെ ആത്മീയ-ബൗദ്ധിക ശേഷികളിലൊന്നായി ഒരിക്കൽ കണക്കാക്കപ്പെട്ടിരുന്നു. ഒന്ന് കൂടി കടന്ന്, ആന്തരിക സാന്നിധ്യത്തിന്റെ ഏറ്റവും തീവ്രമായ രൂപമായിരുന്നു ഏകാന്തത, അല്ലെങ്കിൽ നിശ്ശബ്ദത.
ആധുനിക കാലത്ത്, സോഷ്യൽ മീഡിയായുഗം അടിസ്ഥാനപരമായി പുനർനിർവചിച്ചത് പൗരാണികമായ ആ മനുഷ്യാനുഭവത്തെയാണ്. ഒരിക്കൽ ആത്മപരിശോധനയുടെ ഭാഗമായിരുന്ന ഏകാന്തത, അൽഗോരിതമിക് സംസ്കാരത്തിൽ ശൂന്യതയത്രെ. അൽഗോരിതമിക് സംസ്കാരത്തിൽ, ഓരോ പങ്കാളിയും ഓരോ നിമിഷവും ദൃശ്യമായിരിക്കണം എന്നാണല്ലോ? പ്രതികരിക്കണം, പങ്കുവെക്കണം എന്നതെല്ലാം നിർബന്ധമാകുന്നുണ്ടവിടെ. സോഷ്യൽ മീഡിയയിലെ മനുഷ്യൻ, മറ്റുള്ളവരിൽ നിന്ന് മാത്രമല്ല, തന്നിൽ നിന്നും തന്നെ വേർതിരിച്ചവനാകുന്നു എന്നതാണ് അതിന്റെ പരിണതി. നിശ്ശബ്ദതയെന്നത് അസ്വസ്ഥതയാണവിടെ. ഇന്നിപ്പോൾ മനുഷ്യൻ ഒറ്റയ്ക്കാകുമ്പോൾ അനുഭവിക്കുന്നത് നിശ്ശബ്ദതയുടെ ആത്മസാന്നിധ്യമല്ല; ശൂന്യതയാണ്. ശ്രദ്ധയെയും നിശ്ശബ്ദതയെയും ആന്തരികമായ സ്വാതന്ത്ര്യത്തെയുമെല്ലാം പുനർക്രമീകരിക്കുന്ന സാംസ്കാരിക-രാഷ്ട്രീയ സംവിധാനങ്ങളായി മാറിയിട്ടുണ്ട് സോഷ്യൽ മീഡിയ. പല മുന്നേറ്റങ്ങൾക്കും ദാർശനിക വെളിപ്പെടുത്തലുകൾക്കും ജന്മം നൽകിയ പുരാതനമായ ആ മനുഷ്യാനുഭവത്തിന് ഇന്ന് സ്ഥാനമെവിടെ?
ഇവിടെയാണ് ഹന്നാ ആരൻഡിന്റെ ചിന്തകൾ പ്രസക്തമാകുന്നത്. ആരൻഡ് എഴുതുന്നത് ‘ചിന്ത’യെന്നത് ബൗദ്ധിക പ്രവർത്തനം മാത്രമല്ല എന്നാണ്. ഒരാൾ സ്വയം നടത്തുന്ന ആന്തരിക സംഭാഷണം കൂടെയാണത്. ഒരാളിൽ നിലനിൽക്കുന്ന രണ്ട് സാന്നിധ്യങ്ങൾ തമ്മിലുള്ള സംവാദം എന്നും പറയാം. ഇത്തരം ആത്മസംഭാഷണങ്ങൾക്ക് അനിവാര്യമായവയാണല്ലോ ഏകാന്തതയും നിശ്ശബ്ദതയുമെല്ലാം. നിശ്ശബ്ദതയില്ലാതെ ചിന്ത സാധ്യമാകുന്നുമില്ല. ചിന്തയില്ലാതെ വിവേചനശേഷിയോ സ്വാതന്ത്ര്യമോ ജനാധിപത്യമോ നിലനിൽക്കുകയുമില്ല. ഡിജിറ്റൽ സംസ്കാരമാകട്ടെ മനുഷ്യനെ ‘ചിന്തിക്കുന്ന സത്ത’ യിൽ നിന്ന് ‘പ്രതികരിക്കുന്ന സത്ത’യാക്കി മാറ്റാനുള്ള ഉദ്യമത്തിലാണ്. ആത്മപരിശോധനക്കു പകരം ഉടനടിയുള്ള പ്രതികരണവും, ആന്തരികതക്കു പകരം ദൃശ്യപ്രകടനവുമാണ് ഡിജിറ്റൽ സംസ്കാരത്തിന്റെ സ്വഭാവം. മനുഷ്യന്റെ ആന്തരിക ജീവിതം തന്നെ ഒരു ദൃശ്യപ്രകടനമായി ചുരുങ്ങുന്ന അവസ്ഥ.
സോഷ്യൽ മീഡിയയും ശ്രദ്ധയെ ആധാരമാക്കുന്ന ഡിജിറ്റൽ സമ്പദ് വ്യവസ്ഥയും (attention economy) മനുഷ്യന്റെ ഏകാന്തതയെ എങ്ങനെയാണ് കോളനിവൽക്കരിക്കുന്നതെന്ന അന്വേഷണത്തിന് ഇന്ന് പ്രസക്തിയുണ്ട്. മനുഷ്യനൊരിക്കൽ ആത്മീയവും ദാർശനികവുമായ അനുഭവമായിരുന്ന നിശബ്ദത ഇന്നെന്തുകൊണ്ട് അന്യമായി. മനുഷ്യന്റെ ശ്രദ്ധയെയും, ചിന്തയെയും ഡിജിറ്റൽ ലോകം എങ്ങനെയാണ് പുനർനിർമ്മിച്ചുത്? ഈ ചോദ്യങ്ങൾ വാസ്തവത്തിൽ മനുഷ്യന്റെ ആന്തരിക സ്വാതന്ത്ര്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യങ്ങളാണ്. മനുഷ്യന്റെ ഏറ്റവുമാഴത്തിലുള്ള സാധ്യതകളെയാണോ ഡിജിറ്റൽ കാലം ഇല്ലാതാക്കുന്നത് എന്ന് അന്വേഷിക്കേണ്ടതല്ലേ?
സൃഷ്ടിപരമായ നിറവാണ് ഏകാന്തത എന്നതിനെ ഇപ്പോൾ ഡിജിറ്റൽ സംസ്കാരം പൂർണ്ണമായും മറിച്ചിടുന്നുണ്ട് എങ്കിലും, ഒരിക്കൽ, നഗരങ്ങളുടെയും വിപണികളുടെയും രാഷ്ട്രീയശബ്ദങ്ങളിൽ നിന്ന് മാറി നിൽക്കുക എന്നതായിരുന്നു ആന്തരിക ശബ്ദം കേൾക്കാനുള്ള മാർഗം. ഏതാണ്ടെല്ലാ ആത്മീയപാരമ്പര്യങ്ങളിലും ഏകാന്തത ആത്മസാക്ഷാത്കാരത്തിനുള്ള സാധ്യതയായിരുന്നു. ആദ്യകാലങ്ങളിൽ യൂറോപ്പിൽ റൊമാന്റിസിസവും ഏകാന്തതയ്ക്ക് സൗന്ദര്യാത്മകമായ മാനം നൽകുകയുണ്ടായി. പിന്നീട്, കവികളെയും ചിന്തകരെയുമെല്ലാം പ്രകൃതിയിലേക്കും ഏകാന്തതയിലേക്കും മടങ്ങിപ്പോകാൻ നിർബന്ധിതമാക്കിയത് വ്യവസായവൽക്കരണവും നഗരവൽക്കരണവുമായിരുന്നു. അത്തരമൊരു ആത്മീയ-ബൗദ്ധിക പ്രതിരോധത്തിന്റെ ഉദാഹരണമാണല്ലോ തോറോയുടെ വാൾഡൻ. .
ഏകാന്തതയും ഒറ്റപ്പെടലും ഭാഷാപരമായി ഒന്നെങ്കിലും അവ വ്യത്യസ്ത അനുഭവങ്ങളാണ്. ഡിജിറ്റൽ യുഗത്തിന്റെ അപകടകരമായ പ്രവണതകളിലൊന്ന്, ഈ രണ്ടിനുമിടയിലെ ദൂരത്തെ ഇല്ലാതാക്കുന്നു എന്നതാണ്. മനുഷ്യൻ ഒറ്റയ്ക്കിരിക്കുമ്പോൾ അനുഭവിക്കുന്നത് അഭാവബോധമാണ്. ഏകാന്തത പക്ഷെ, ആത്മീയവും ബൗദ്ധികവുമായ ഒന്നത്രെ. ഒറ്റപ്പെടൽ മറ്റുള്ളവരിൽ വിച്ഛേദിക്കപ്പെട്ട അവസ്ഥയും ഏകാന്തത സ്വയം തന്നെ അറിഞ്ഞു കഴിയാനുള്ള ശേഷിയുമാണ്. ഒറ്റപ്പെടലിൽ ശൂന്യതയെ നേരിടുന്ന മനുഷ്യൻ ഏകാന്തതയിൽ സ്വയം കണ്ടെത്തുകയാണ് ചെയ്യുന്നത് എന്നർത്ഥം.
“ഏകാന്തതയിൽ ഞാൻ എന്റേതായ സാന്നിധ്യത്തോടൊപ്പം ഞാൻ തന്നെയായിരിക്കുന്നു.” എന്നാണ്, ഹന്ന ആരെൻഡ് ഏകാന്തത എന്ന അനുഭവത്തിന്റെ ദാർശനിക സാരാംശത്തെ വിശദീകരിക്കുന്നത്. ഏകാന്തതയിൽ മനുഷ്യൻ തന്റെയുള്ളിലെ മറ്റൊരു തന്നോടൊപ്പം സജീവമായ ആത്മസംഭാഷണത്തിലാണ്! സ്വയം ചോദ്യം ചെയ്യുകയും മറുപടി പറയുകയും ചെയ്യുന്ന ആന്തരിക സംവാദമാണത്. ഈ ആത്മസംഭാഷണത്തെ നഷ്ടപ്പെടുത്തുക എന്നതാണ് സോഷ്യൽ മീഡിയ സൃഷ്ടിക്കുന്ന അവസ്ഥ. സോഷ്യൽ മീഡിയയിലെ മനുഷ്യൻ നിരന്തരം ‘ബന്ധിതനായി’ തുടരുകയും, തന്റെ ആന്തരിക സംഭാഷണത്തിൽ നിന്ന് അകന്നുപോകുകയും ചെയ്യുന്നുണ്ട്. പുറംലോകവുമായി സംവദിക്കുന്നതിനിടെ, സ്വയം സംവദിക്കാനുള്ള സംഭാഷണശേഷി അവിടെ കൈമോശം വരുന്നു.
ഒന്ന് കൂടെ തെളിച്ചു പറഞ്ഞാൽ, ഏകാന്തത ഒരാൾ തന്റെ യഥാർത്ഥ അസ്തിത്വത്തെ നേരിടുന്ന നിർണ്ണായക നിമിഷമത്രെ. യാന്ത്രിക ജീവിതത്തിൽ സ്വയം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാധാരണ മനുഷ്യൻ തന്റെ യഥാർത്ഥ സത്തയിൽ നിന്ന് അകന്നു പോകുകയാണ്. എന്നാൽ ഏകാന്തമായ നിമിഷങ്ങളിലാണ് അയാൾ തന്റെ അസ്തിത്വത്തെ നേരിടാൻ തുടങ്ങുക. മനുഷ്യൻ തന്റെ ഭയത്തെയും, അസ്തിത്വവ്യഥകളെയും, ആത്മസങ്കടങ്ങളെയും നേരിടാൻ നിർബന്ധിതമാകുന്ന നിമിഷങ്ങൾ ഏകാന്തതയിലാണ് സംഭവിക്കുക. ജനക്കൂട്ടത്തിൽ മനുഷ്യന് സ്വയം മറക്കാൻ കഴിയുമെങ്കിലും ഏകാന്തതയിൽ സ്വന്തം അസ്തിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. ഈ അസ്തിത്വ അഭിമുഖീകരണത്തെയാണ് സോഷ്യൽ മീഡിയയുഗം അസാധ്യമാക്കിയത്. നിശ്ശബ്ദതയുടെ ആദ്യ നിമിഷം തന്നെ മനുഷ്യൻ ഫോൺ സ്ക്രീനിലേക്ക് രക്ഷപ്പെടുന്നു; തന്നെ തന്നെ നേരിടാനുള്ള ശേഷി ആധുനികനില്ല എന്നതാകാം കാരണം. ഏകാന്തത ആത്മാന്വേഷണത്തിന്റെ ഇടമെന്നതിനു പകരം ഒഴിവാക്കേണ്ട അസ്വസ്ഥതയായി മാറിക്കൊണ്ടിരിക്കുന്നു എന്നർത്ഥം. സ്വാതന്ത്ര്യം എന്നത് ഒരാന്തരിക ശേഷി എന്നതിൽ നിന്നും സാങ്കേതിക സംവിധാനത്തോടുള്ള ബന്ധമായി എന്നതാണ് സോഷ്യൽ മീഡിയക്കാലത്തിന്റെ സംഭാവന. അൽഗോരിതങ്ങൾ മനുഷ്യനെ നിർബന്ധിക്കുന്നില്ല; നയിക്കുന്നതേയുള്ളു.
ഏകാന്തതയുടെ പ്രാധാന്യത്തെ കുറിച്ച് കാൾ യുങ് (Carl Jung) എഴുതുന്നുണ്ട്. ആത്മവികാസത്തിന്റെ പ്രക്രിയ ഏകാന്തതയില്ലാതെ സാധ്യമാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ, മനുഷ്യൻ തന്റെ അബോധാവസ്ഥയെയും ആന്തരിക വൈരുദ്ധ്യങ്ങളെയും അഭിമുഖീകരിക്കുക എന്നത് അവശ്യം വേണ്ട ഒന്നാണ്. അതിനാവശ്യമാകുന്നതാകട്ടെ ശരിയായ ആത്മസാന്നിധ്യവും. സോഷ്യൽ മീഡിയ ഈ പ്രക്രിയയെ തന്നെയാണ് അടിസ്ഥാനപരമായി തടസ്സപ്പെടുത്തുന്നതെന്ന് ശ്രദ്ധിച്ചാൽ മനസിലാകും. ഉള്ളിലേക്ക് തിരിയാൻ ഡിജിറ്റൽ ലോകം ആരെയും അനുവദിക്കുന്നില്ല; പകരം, പുറംലോകത്തിന്റെ അംഗീകാരത്തിലേക്കാണ് മനുഷ്യന്റെ ആസക്തി. ലൈക്കുകൾ, നോട്ടിഫിക്കേഷനുകൾ, കമെന്റുകൾ, റീലുകൾ, എല്ലാം മനുഷ്യനെ മറ്റുള്ളവരുടെ ദൃഷ്ടിയിൽ നിർവചിക്കാൻ പ്രേരിപ്പിക്കുന്നവയത്രെ. മനുഷ്യൻ, മറ്റുള്ളവരിൽ നിന്ന് മാത്രമല്ല, തന്നിൽ നിന്നും അകന്നുപോകുന്നു എന്നതാണ് ഇതിന്റെ ഫലം. ഇതു തന്നെയാണ് ഡിജിറ്റൽ കാലഘട്ടത്തിന്റെ വിരോധാഭാസവും: ചരിത്രത്തിലാദ്യമായി മനുഷ്യർ തമ്മിൽ ഇത്രയധികം ‘ബന്ധിപ്പിക്കപ്പെട്ട കാലം മുൻപുണ്ടായിട്ടില്ല. അവർക്ക് തന്നോടൊപ്പം തന്നെ കഴിയാനുള്ള കഴിവ് നഷ്ടപ്പെട്ട മറ്റൊരു കാലഘട്ടവും ഇതുപോലെ മുൻപുണ്ടായിട്ടില്ല.
ഹന്നാ ആരൻഡിന്റെ കാഴ്ചപ്പാടിൽ ചിന്തിക്കുക എന്നത് മനുഷ്യന്റെ നൈതികവും രാഷ്ട്രീയവുമായ അസ്തിത്വത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ, ചിന്തിക്കാൻ കഴിയാത്ത സമൂഹം സാങ്കേതികമായി പുരോഗമിച്ചാലും ആത്മീയമായി അപകടകരമാകാമെന്നാണ് അവർ മുന്നറിയിപ്പ് നൽകിയത്. അതില്ലാത്ത പ്രവൃത്തികൾ യാന്ത്രിക പ്രതികരണങ്ങളായി ചുരുങ്ങുകയേ ഉള്ളു. സോഷ്യൽ മീഡിയ സൃഷ്ടിക്കുന്നതും ഇതു തന്നെ. നിരന്തരമായ പ്രതികരണങ്ങളാൽ നിറഞ്ഞ ലോകം, എന്നാൽ അതിന് പിന്നിലുള്ളതോ ക്രിയാത്മക ചിന്തയുടെ അഭാവവും.
‘പ്രവൃത്തി’ എന്ന ആശയത്തെ ഹന്നാ ആരൻഡ് വിശദീകരിക്കുന്നത് ദീർഘകാലം നിലനിൽക്കുന്ന ഒന്നിനെ സൃഷ്ടിക്കുന്ന പ്രക്രിയ എന്നാണ്. ഒരു കവിത, ഒരു പുസ്തകം, ഒരു ശാസ്ത്രീയ സിദ്ധാന്തം, ഒരു കലാസൃഷ്ടി — ഇവയെല്ലാം മനുഷ്യൻ ലോകത്തിൽ നിക്ഷേപിക്കുന്ന സ്ഥിരതയുടെ അടയാളങ്ങളത്രെ. എന്നാൽ ഇത്തരം സൃഷ്ടിന്മുഖ പ്രവർത്തനങ്ങൾ സാധ്യമാകാൻ അനിവാര്യമായതാണ് സമയം, ഏകാഗ്രത, നിശ്ശബ്ദത, അത് പോലെ ആന്തരികതയും. അതിനാൽ ഏകാന്തതയാണ് ഡിജിറ്റൽ മൂലധനശാസ്ത്രത്തിനെതിരായ ആത്മീയ-രാഷ്ട്രീയ പ്രതിരോധരൂപം എന്ന് വരുന്നു.
സമൂഹത്തിന്റെ വ്യവസ്ഥാപിതമായ ചട്ടക്കൂടുകളിൽ നിന്ന് മോചിതമാകാതെ സ്വാതന്ത്ര്യമില്ല എന്നാണല്ലോ മിക്കവാറുമെല്ലാ തത്വചിന്തകരുടെയും പക്ഷം. സോഷ്യൽ മീഡിയ, ആ വ്യവസ്ഥാപിത ചട്ടക്കൂടുകളെ ഏറ്റവും സൂക്ഷ്മ തലങ്ങളിലേക്കു പോലും വ്യാപിപ്പിക്കുകയാണ് ചെയ്തത്. അൽഗോരിതങ്ങൾ ശ്രദ്ധയെ മാത്രമല്ല, വികാരങ്ങളെയും ആഗ്രഹങ്ങളെയും പോലും രൂപപ്പെടുത്തുന്നു. എന്ത് കാണണം, എന്തിനെ ആഗ്രഹിക്കണം — എല്ലാം അദൃശ്യമായി ക്രമീകരിക്കപ്പെട്ടവയാണ്. ഇത്തരം സാഹചര്യത്തിലാണ് ഏകാന്തത സ്വകാര്യമായ പിൻവാങ്ങലല്ല എന്ന് വരുന്നത്;സ്വന്തം ബോധത്തെ അൽഗോരിതങ്ങളുടെ നിയന്ത്രണങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള ശ്രമമാണത്.
അതുകൊണ്ടു തന്നെ ആധുനിക കാലത്ത് ഏകാന്തതയ്ക്ക് പുതിയൊരു രാഷ്ട്രീയ അർത്ഥം കൈവരുന്നു. രാഷ്ട്രീയപ്രതിരോധങ്ങൾ പൊതുസ്ഥലങ്ങളിലാണല്ലോ പ്രകടമാകാറുള്ളത് — തെരുവുകളിൽ, പ്രക്ഷോഭങ്ങളിൽ, പ്രസംഗങ്ങളിൽ അങ്ങനെയങ്ങനെ. ഡിജിറ്റൽ കാലഘട്ടത്തിൽ അധികാരം മനുഷ്യന്റെ ആന്തരിക ജീവിതത്തിലേക്കു കടന്നുകയറുന്നു എന്നതിനാൽ പ്രതിരോധത്തിനും പുതിയ രൂപങ്ങൾ ആവശ്യമാകുന്നു. നിരന്തരം പ്രതികരിക്കാൻ നിർബന്ധിതമാകുന്ന ലോകത്തിൽ, പ്രതികരിക്കാൻ വിസമ്മതിക്കുക എന്നത് തന്നെ ഒരു പ്രതിരോധമാകുന്നുണ്ട്. നിരന്തരം ദൃശ്യമാകാൻ ആവശ്യപ്പെടുന്ന ലോകത്തിൽ, അദൃശ്യത തിരഞ്ഞെടുക്കുക എന്നത് മറ്റൊരു സ്വാതന്ത്ര്യപ്രഖ്യാപനമാകുന്നു. ഏകാന്തത മനുഷ്യന്റെ ആന്തരിക സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന അവസാന രാഷ്ട്രീയ പ്രവർത്തിയാകുന്നത് അങ്ങനെയാണ്.
തന്റെ പ്രവൃത്തികളെ നൈതികമായി ചോദ്യം ചെയ്യാനുള്ള കഴിവിനെ ഒരാൾ ഉപേക്ഷിക്കുമ്പോൾ, സ്വതന്ത്ര വ്യക്തി എന്നതിൽ നിന്ന് വെറുമൊരു യാന്ത്രിക ഘടനയായി അയാൾ ചുരുങ്ങുകയാണ് എന്നാണ് ഹന്നാ ആരൻഡിനെപ്പോലുള്ള ചിന്തകർ ചൂണ്ടിക്കാട്ടിയത്. ചരിത്രത്തിലെ ക്രൂരമായ പ്രവൃത്തികൾ പലപ്പോഴും ആത്മരഹിതമായ അനുസരണത്തിൽ നിന്നാണ് ജനിക്കുന്നതെന്ന് അവർ സാക്ഷ്യം നല്കുന്നുമുണ്ട്. ഇവിടെ ഹിംസയുടെ ഉറവിടം ചിന്തയുടെ നിശ്ശബ്ദതയാകുന്നു. ഡിജിറ്റൽ മൂലധനശാസ്ത്രം മനുഷ്യന്റെ ആന്തരിക ജീവിതത്തെ കീഴടക്കുമ്പോൾ ചിന്തയുടെ നിശ്ശബ്ദതയാണ് സംഭവിക്കുന്നതും
മനുഷ്യന്റെ സ്വാതന്ത്ര്യത്തെ അഭിപ്രായപ്രകടനത്തിന്റെ സ്വാതന്ത്ര്യത്തിൽ മാത്രമല്ല, ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തിലും അളക്കപ്പെടേണ്ടതുണ്ട്. ചിന്തിക്കാൻ നിശ്ശബ്ദതയും നിശ്ശബ്ദതയ്ക്ക് ഏകാന്തതയും വേണം. ഏകാന്തതയ്ക്ക് ഡിജിറ്റൽ ലോകം ഭീഷണിയുയർത്തുന്ന ഇക്കാലത്ത് ആന്തരിക ലോകത്തെ സംരക്ഷിക്കാൻ കഴിയുക എന്നത് സാംസ്കാരികവും രാഷ്ട്രീയപരവുമായ ഉത്തരവാദിത്തം കൂടിയാണ്.

മധു ഇളയത്
ഹിരണ്യ മാസിക കെ വി ആർ എഫ് സ്റ്റേഡിയത്തിനു സമീപം കോഴിക്കോട് Mob 77364 49289
