സഫീദ് ഇസ്മായിൽ

Published: 10 september 2026 കവിത

സുകുമാരക്കുറുപ്പ്

സുകുമാരക്കുറുപ്പ്
ഇപ്പോൾ ഒരു മനുഷ്യനാണോ,
അതോ
നിറം മങ്ങിയ ഒരു കേസ് ഫയലിൽ
രണ്ട് താളുകളെ ചേർത്തുവെച്ചിരിക്കുന്ന
ഒരു പേപ്പർക്ലിപ്പോ?

ജീവിച്ചിരിപ്പുണ്ടെന്ന് പറയുന്നവർ
ഓരോ അപരിചിത മുഖത്തിനകത്തും അയാളെ കാണുന്നു.
മരിച്ചുപോയെന്ന് ഉറപ്പിച്ചു പറയുന്നവർ
ഒരു കല്ലറയുടെ മുന്നിലും
ഒരിക്കലും ചെന്നെത്തുന്നുമില്ല.

അതുകൊണ്ടാവാം
ആ കൊലപാതകത്തിന് ഇന്നുവരെ ഭൂതകാലമാകാൻ കഴിയാത്തത്.
കാലമിപ്പോഴും അതിന്റെ സാക്ഷിപ്പട്ടികയിൽ പുതിയ പേരുകൾ ചേർത്തുകൊണ്ടിരിക്കുന്നു.

ബാക്കി എല്ലാവരും
വാർദ്ധക്യത്തിലേക്ക് മാറി.

കൊലചെയ്യപ്പെട്ട മനുഷ്യന്റെ പുഞ്ചിരി
പഴയ ഫോട്ടോയുടെ വെളിച്ചത്തിൽ നിന്ന് പതുക്കെ ഇറങ്ങിപ്പോയി.

പക്ഷേ,
പ്രതിയെന്ന സാധ്യതയ്ക്ക്
ചുളിവുകൾ വീഴുന്നില്ല.
ഓരോ വർഷവും അത്
പുതിയൊരു യവ്വനം ധരിക്കുന്നു.

തിരക്കേറിയ ബസിൽ
എതിർസീറ്റിലിരിക്കുന്ന ഒരു മനുഷ്യനെ
ഒരു നിമിഷം നോക്കുമ്പോൾ,
മനസ്സ് നിശ്ശബ്ദമായി ചോദിക്കും,
ഇയാളാകുമോ?

ആ ചോദ്യം ഒരാളെയല്ല,
നമ്മുടെ ഓർമ്മയെയാണ്
തിരിച്ചറിയാൻ ശ്രമിക്കുന്നത്.

ചില മനുഷ്യർ നിയമത്തിൽ നിന്ന് ഒളിച്ചോടുന്നതല്ല,
ഓർമ്മയിൽ നിന്ന്
പുറത്തുകടക്കാൻ ശ്രമിക്കുകയാണ്.

ഓർമ്മകൾക്ക്
പോലീസ് സ്‌റ്റേഷൻ പരിധികളില്ല.
അതിനുള്ളത്
സാക്ഷയിടാതെ ചാരിനിൽക്കുന്ന
ഒരു വാതിലാണ്.

ഓരോ രാത്രിയും
അത് താനേ തുറക്കുന്നു.
അതിലൂടെ സുകുമാരക്കുറുപ്പ്
കടന്നുപോകുന്നു.

നമ്മളും

സഫീദ് ഇസ്മായിൽ

7356688809

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x