
ഐറിസ്
Published: 10 september 2026 വിവര്‍ത്തനകവിത
കളി
ദുൻയാ മിഹായേൽ
വിവ: ഐറിസ്
അവനൊരു പാവം കരു
അടുത്ത ചതുരത്തിലേക്ക് അവനെപ്പോഴും ചാടുന്നു
വലത്തേക്കോ ഇടത്തേക്കോ അവൻ തിരിയാറില്ല
പിന്നിലേക്ക് നോക്കാറുമില്ല.
ചതുരംഗത്തട്ടിൽ
നീളത്തിലും കോണോടുകോണും
മുറിച്ചുകടക്കുന്ന ചിന്തയില്ലാത്തൊരു
മഹാറാണിയാണവനെ ഉന്തുന്നത്.
ബിഷപ്പുമാരെ ശപിക്കുന്നതിലോ
കീർത്തിമുദ്രകൾ ചുമക്കുന്നതിലോ
അവൾക്ക് മടുപ്പില്ല.
എന്നും ചതുരങ്ങളെണ്ണുകയും
അവയുടെ എണ്ണം കുറയുന്നെന്ന്
വേവലാതിപ്പെടുകയും ചെയ്യുന്ന
വിവരംകെട്ടൊരു രാജാവ് ഉന്തുന്ന
ഒരു പാവം റാണിയാണവൾ.
സേനാനായകരെയും തേരുകളെയും നിരത്തി
ശാഠ്യക്കാരനായ ഒരു എതിരനെ കനവുകാണുകയാണയാൾ.
തലയും തടവി അന്തമില്ലാത്ത കളിയിൽ
നേരം കളയുന്നൊരു കളിയറിയും കളിക്കാരൻ
ഉന്തുന്ന ഒരു പാവം രാജാവാണയാളും.
കറുപ്പും വെളുപ്പുമില്ലാത്ത
ഇല്ലായ്മയുടെ വാഴ്‌വിനെ
ഉന്തുന്നൊരു പാവം കളിക്കാരനാണ് അവനും.
ആ വാഴ്‌വും പാവം
അതിനെ ഉന്തുന്നത്
പണ്ടെങ്ങോ കളിമണ്ണിൽ കളിച്ചുതളർന്ന്
പകച്ചുപോയ ഒരു ദൈവമാണ്.
ദൈവവും പാവം തന്നെ
താൻ പെട്ടുപോയ ഊരാക്കുടുക്കിൽ നിന്ന്
എങ്ങനെ തലയൂരണമെന്ന്
ദൈവത്തിനുമറിയില്ല.
ഇറാഖികവി ദുൻയാ മിഹായേൽ
1965ൽ ബാഗ്ദാദിൽ ജനിച്ചു .എഴുത്തിന്റെ സ്വാതന്ത്ര്യത്തിനായി യു എൻ ഏർപ്പെടുത്തിയ മനുഷ്യാവകാശപ്രവർത്തനപുരസ്‌കാരം 2001 ൽ നേടി .
1993ൽ ആദ്യ കവിതാസമാഹാരം ഇറാഖിൽ പ്രസിദ്ധീകരിച്ചു . തുടർന്ന് 1995, 1997, 2000 ആണ്ടുകളിൽ അവരുടെ കവിതകൾ പല നാടുകളിൽ നിന്നാണ് ഇറങ്ങിയത് . 2004ലെ പെൻ ട്രാൻസ്ലേഷൻ അവാർഡ് അവരുടെ കവിതാസമാഹാരത്തിന് ലഭിച്ചു . ഇപ്പോൾ യു എസ്സിൽ താമസം

