
സൗമ്യ പി.എൻ.
Published: 10 september 2026 വിവര്‍ത്തനകവിത
ഗുജറാത്തി കവി ജയേഷ് സോളങ്കിയുടെ രണ്ടു കവിതകൾ
വിവ: സൗമ്യ പി.എൻ.
മരണമില്ലാത്ത കവിത
ഇനിമുതൽ
എന്റെ കവിതകളെല്ലാം
കടലാസ്സിലല്ല,
കടൽത്തീരത്തെ
മിനുസമണൽപ്പുറത്താണ്
ഞാനെഴുതാൻ ആശിക്കുന്നത്.
നനഞ്ഞ മണലിൽ
ഞാനെഴുതിതീർന്ന ഉടനെ തന്നെ
ആ സുന്ദരകവിത
ഒരു വൻ തിരമാല വന്നു തൂത്തുകൊണ്ടുപോവുമെന്ന്,
അങ്ങനെ അത്രമേൽ മനോഹരമായ മറ്റൊരു കവിത,
ഇനിയുമൊരു വമ്പൻ തിരമാലക്ക്
തൂത്തെറിയാനായി എഴുതാമെന്ന്
ഞാൻ എത്രമേൽ ആശിക്കുന്നെന്നോ
എല്ലാ ദളിത് കവികളുടെയും
നശിച്ച വിധിയാണത്.
അനാദികാലം മുതലേ…
അന്തമില്ലാതെ എഴുതപ്പെടാനും എഴുതിത്തള്ളപ്പെടാനും
ഇന്റർവ്യൂ
അയാളെന്നോട് പേര് ചോദിച്ചു
ഞാൻ പറഞ്ഞു
കച്ചറ
അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു
എന്ത്, കച്ചറയോ!
ഞാൻ പറഞ്ഞു
ഉം, കച്ചറ
കച്ചറാ ഭാങ്കി
ആ പേരിട്ടത് പക്ഷെ എന്റെ അമ്മായിയല്ല
അതാണ് സങ്കടം
അയാൾ എന്റെ ഗ്രാമത്തിന്റെ പേര് ചോദിച്ചു
ഞാൻ കുഴങ്ങിപ്പോയി
അയാൾ ചിരിച്ചു ചോദ്യം ആവർത്തിച്ചു
ഞാനെന്ത് പറയാനാണ്
എന്നാലും പറഞ്ഞു —-ഗ്രാമത്തിന്റെ പുറത്താണ് എന്റെ ഗ്രാമം
അതിന് പേരില്ല
അയാൾക്ക് രസംപിടിച്ചു തുടങ്ങി
മൂന്നാമത്തെ ചോദ്യം ചോദിച്ചു
തൊഴിൽ?
ഞാൻ പറഞ്ഞു : ‘ഗൂ ‘ ഗൈസ് കമ്പനിയുടെ ഉടമയാണ് ഞാൻ.
പേരുകേട്ട ഹോട്ടലുകളിൽ ചത്ത മൃഗങ്ങളുടെ മാംസം വിതരണം ചെയ്യുന്നു,
ജാക്കറ്റ്, ബൂട്ട്, ബെൽറ്റ് എന്നിവയുണ്ടാക്കി മേത്തരം പൊതികളിലാക്കി നല്ലവിലക്ക് വിദേശത്തയക്കുന്നു,
ജഡങ്ങളിൽ ഒരിക്കൽമാത്രമണിയിച്ച
ഫാഷനബിൾ വസ്ത്രങ്ങൾ ഭാരതമൊട്ടാകെയുള്ള ശ്മശാനങ്ങളിൽനിന്ന് ശേഖരിച്ചു ഷോറൂമുകളിൽ അലങ്കരിച്ചു ഡിസ്പ്ലേയ്ക്ക് വെക്കുന്നു.
അയാൾ ആകെ പരവേശത്തിലായി
പൊടുന്നനെ അവസാനചോദ്യം ചോദിച്ചു
എവിടുന്നാണ് താങ്കൾക്ക് ഇതിനുള്ള പ്രചോദനം കിട്ടിയത്?
എനിക്ക് അരിശം വന്നു
ദേഷ്യവും വന്നു
ഞാൻ വായിൽ വന്ന തെറി മുഴുവൻ വിളിച്ചു
പിന്നെ ചില ചോദ്യങ്ങളുയർത്തി :
എന്തേ,
നിന്റെയും നിന്റെ അപ്പനപ്പൂപ്പന്മാരുടെയും പേര് മാത്രമേ വിവരമുള്ളതായിത്തോന്നൂ?
എന്തേ,
നിന്റെ അധ്വാനത്തെ മാത്രമേ ഡോളറാക്കി മാറ്റാൻ പറ്റൂ?
എന്തേ,
ഞങ്ങൾ മാത്രമേ തലയിൽ തീട്ടം ചുമക്കൂ?
എന്തേ,
ചത്തമൃഗങ്ങളുടെ മാംസം നിങ്ങൾ കഴിക്കാറില്ലേ?
എന്തേ,
നിങ്ങൾ ധരിക്കാറില്ലേ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളിൽ അണിയിച്ച വസ്ത്രങ്ങൾ?
അയാൾ കൗശലക്കാരനായിരുന്നു.
വേഗം തന്നെ കമെർഷ്യൽ ബ്രേക്ക് പറഞ്ഞു –
അത് ഇതുവരെ തീർന്നിട്ടില്ല
ഗുജറാത്തിലെ പ്രമുഖ ദളിത് അവകാശ പ്രവർത്തകനും, കവിയും, നാടക കലാകാരനുമായിരുന്ന ജയേഷ് ജീവിബെൻ സോളങ്കി (Jayesh Jeevibahen Solanki) തന്റെ ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് എഴുതിയ അവസാനത്തെ കവിതയാണ് ‘മരണമില്ലാത്ത കവിത’ (An Immortal Poem).2016-ലെ ചരിത്രപ്രസിദ്ധമായ ‘ഉന പ്രതിഷേധത്തിന്റെ’ (Una Dalit Protest) പ്രധാന മുഖങ്ങളിലൊന്നായിരുന്നു അദ്ദേഹം. കടുത്ത സാമ്പത്തിക പ്രതിസന്ധികളും വിഷാദരോഗവും കാരണം 2020 ഒക്ടോബറിൽ ജയേഷ് സോളങ്കി മരണത്തിന് കീഴടങ്ങി. അദ്ദേഹം ഗുജറാത്തി ഭാഷയിൽ എഴുതിയ ‘മരണമില്ലാത്ത കവിത’ പിന്നീട് ഹേമാംഗ് ദേശായി ഇംഗ്ലീഷിലേക്കും തുടർന്ന് മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.മാലിനി ഗൗതം ഈ രണ്ടു കവിതകളും ഹിന്ദിയിലേക്ക് മൊഴിമാറ്റിയിരുന്നു. ആ പരിഭാഷയെയാണ് ഇവിടെ ആശ്രയിച്ചത്.

