ഇസ്മത്ത് ഹുസൈൻ

Published: 10 september 2026 കഥ

ഫണ്ട് ഫണ്ട് ഫോലോ
ലക്ഷദ്വീപിലെ വാമൊഴിക്കഥകൾ – 8

പാമ്പ് രാജാവ്

ലക്ഷദ്വീപ് സമൂഹത്തിൽപ്പെട്ട ഒരു ദ്വീപിലെ ദമ്പതികൾ കല്യാണം കഴിഞ്ഞ് വർഷങ്ങൾ പതിനഞ്ച് കഴിഞ്ഞിട്ടും ഒരു കുഞ്ഞിനെ കിട്ടാത്ത വിഷമത്തിലായിരുന്നു. അവർ വൈദ്യന്മാരുള്ള ദ്വീപുകളിലേക്കും വൻക രകളിലേക്കും യാത്ര ചെയ്തു. അവിടന്ന് കിട്ടിയ മരുന്നുകൾ കഴിച്ച് ജീവിച്ചിട്ടും കുഞ്ഞിക്കാലുകാണാനുള്ള മോഹം നടക്കാതെ അവർ സങ്കടത്തിലായി. അപ്പോയാണ് കവരത്തി ദ്വീപിൽ നിന്നും കണ്ട്മുട്ടിയ ഒരു കടൽ വൈദ്യൻ അവർക്ക് ഒരു രഹസ്യം പറഞ്ഞ് കൊടുത്തത്. 
       “ നിങ്ങക്കുര് കുന്നിയ ബേണും എങ്കിൽ നിങ്ങ ഏള് കടൽ കടക്കോണ്ടും. ഏള് മലയും ഏറി ചാത്തിര ശീവാം തയ്യാറാകോണ്ടും. അങ്ങന ഫുവ്വാൽ അവിടെ ഉര് ബല്യ കോട്ട കാണും. ഏള് തലയുള്ള രണ്ട് ബല്യ ഫാമ്പ് ഫട്ടാളക്കാർ കാവൽ നിൽക്കിണ്ട കോട്ട. “
        ആ കോട്ടക്കകത്ത് കയറിയാൽ ഒരു വലിയ കാടാണ്. കാട്ടിലെ ഒറ്റയടിപ്പാത യിലൂടെ നടക്കുമ്പോൾ നല്ല ശ്രദ്ധ വേണം. പുലിയും നെരിയും കടുവയും സിംഹവും ആനയുമൊക്കെയുള്ള കാടാണ്. ഏകാഗ്ര തയോടെ വേണം നടക്കാൻ. നടന്ന് മുന്നേറിയാൽ ആകാശം മുട്ടേ വളർന്ന് നിൽക്കുന്ന തിങ്ങി നിറഞ്ഞ മരങ്ങൾ ഉള്ള പ്രദേശത്ത് എത്തിച്ചേരും. അതും കഴിഞ്ഞ് നടന്നാൽ മൺപുറ്റുകളാൽ നിർമ്മിച്ച ഒരു വട്ട കയ്യാല കാണാം. ആ കയ്യാലക്കുള്ളിലാണ് പാമ്പ് രാജാവ് കിടക്കുന്നത്. ഈ ലോകത്തുള്ള എല്ലാ പാമ്പുകളുടെയും രാജാവാണത്. ആ രാജാവിൻ്റെ കയ്യാലക്ക് മുകളിൽ മുളച്ച് പൊന്തി നിൽക്കുന്ന ഒരു വലിയ പഴ വൃക്ഷമുണ്ട്. അതിലുള്ള പഴം കഴിച്ചാൽ നിങ്ങൾക്ക് കുട്ടികളുണ്ടാവും.
        “നിങ്ങ ഫുവ്വാം തയ്യാറുണ്ടാ?”
        ആ കടൽ വൈച്ചിയർ ചോദിച്ചു. 
പുരുഷന്  പോവണമെന്നുണ്ടായിരുന്നു. 
        “ഓ നാം ഫോകും.”
       ആ കടൽ വൈച്ചിയർ അവരേയും കൂട്ടി അയാളുടെ കുടിലിലേക്ക് നടന്നു. കൂടിലിൻ്റെ അകത്ത് പോയി ഉറയിലിട്ട ഒരു വാള് കൊണ്ട് വന്ന് അയാളെ ഏൽപ്പിച്ചു. 
        “ ഇത് അലിയിന വാൾപോലത്തത്. ദുൽഫുക്കാർ. ഫോ, ഫോയി ജയിച്ച് ബാ.”
        അയാൾ കടപ്പുറത്ത് ചെന്ന് ഓടം ഒരുക്കി, ഭക്ഷണ സാധനങ്ങളും വിറകുകളും കയറ്റി. പായകൾ തയ്യാറാക്കി, യാത്ര പുറപ്പെട്ടു. 
    ഓരോ കടലിലും വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു അയാളെ കാത്തിരുന്നത്.  കരിങ്കടലിലൂടെ പോവുമ്പോൾ കറുകറുത്ത മുതളകളായിരുന്നു വായ പിളർന്നെത്തിയത്. കാറ്റുകൊണ്ട് ഓടുന്ന ഓടത്തിന് ചുറ്റും അവ ഇരക്ക് വേണ്ടി തക്കം പാർത്ത് നീന്തിക്കൊണ്ടിരുന്നു. ചോരക്കടൽ ചുമന്ന് ചോര പോലെ നുരച്ചു. അവിടെ ചുമന്ന ഒരു തരം സ്രാവുകളായിരുന്നു. അവ എപ്പോഴും മനുഷ്യരെ പോലെ കരഞ്ഞ് കൊണ്ടിരുന്നു. മഞ്ഞ് കടലിൽ വലിയ വലിയ മഞ്ഞ് മലകളായിരുന്നു. വളരെ സാഹസപ്പെട്ടാണ് ഓടത്തെ മഞ്ഞ് കടൽ കടത്തിയത്. പിന്നെ കയറിയത് കാറ്റുകടലിലേക്കായിരുന്നു. കാറ്റുകടലിൽ എപ്പോഴും കാറ്റ് വീശിക്കൊണ്ടിരിക്കും. ഏതു ദിശയിൽ നിന്നും എപ്പോ വേണമെങ്കിലും കാറ്റ് വീശാം. ഓടം കാറ്റുകളിൽപ്പെട്ട് തകർന്ന് പോവാതെ വേണം ഓടിക്കാൻ. ചുറ്റുകാറ്റിൽപെട്ട് ഒന്നും ചെയ്യാനാവാതെ നോക്കിയിരുന്നിട്ടുണ്ട്. പിന്നീട് ശാന്തമായപ്പോൾ ഓടം പിന്നേയും മുന്നോട്ട് ഓടിച്ചു. പിന്നീട് എത്തിയത് ചാവുകടലിലാണ്. ചത്ത ശവം പോലെ കിടക്കുന്ന കടൽ. ഒരു കാറ്റോ തിരയോ ഇല്ലാത്ത ഉപ്പു കൂടിയ കടൽ. കടലിന് മുകളിൽ കൂടി നടന്ന് പോവാം. ഓടത്തെ ഇറങ്ങി ഉന്തി ഉന്തിയാണ് ചാവുകടൽ കടത്തിയത്. പസഫിക്ക് സമുദ്രത്തിലും വലിയ ചുഴികളും ഗർത്തങ്ങളും ഉണ്ടായിരുന്നു. അവസാനം എത്തിയത് പാൽക്കടലിലാണ്. നല്ല പാല് പോലെ നുര പൊന്തുന്ന തിരകൾ അടിക്കുന്ന പാൽക്കടൽ. പാൽ കടലിൻ്റെ തീരത്ത് ഓടം നങ്കൂരമിട്ട് അയാൾ കരക്കിറങ്ങി. ഏഴു മലയും കടന്ന് പാമ്പ് രാജാവിൻ്റെ നാട്ടിലെത്തി. 
       ദൂരെ നിന്നെ ഏഴ് തലയുള്ള പാമ്പ് പട്ടാളക്കാരെ കണ്ടു. ഒരു തല താഴ്ന്നു  പോയാൽ അടുത്ത ഏഴു തല പൊന്തി വരാൻ തുടങ്ങുന്നു. സദാ ജാഗ്രതയോടെ കോട്ടക്ക് കാവൽ നിൽക്കുന്ന പാമ്പ് പട്ടാളക്കാർ. അയാൾ നേരെ നടന്ന്ചെന്ന് കോട്ടക്ക് മുമ്പിൽ നിന്നു. എന്നിട്ട് കടൽവൈച്ച്യർ പറഞ്ഞു കൊടുത്ത ആ രഹസ്യ മന്ത്രം ഉറക്കെ വിളിച്ച് പറഞ്ഞു.
          രാജാവേ രാജാവേ പാമ്പ് ലായാവേ
          നാം ഉര് ദ്വീപിണ്ട് ബന്നത് കണ്ടീ
          മക്കളും ഇല്ല ബലിയോനും ഇല്ല
          നാക്കീ ഭൂമിക്ക് ഉരടയാളം ബേണും
          പാമ്പ് ലായാവിന കരുണയും ബേണും
   അയാൾ ഈ ചൊല്ല് ആവർത്തിച്ച് കൊണ്ടിരുന്നു. പെട്ടെന്ന് ഏഴ് തലയുള്ള പാമ്പ് പട്ടാളക്കാർ ഇഴഞ്ഞിഴഞ്ഞ് കോട്ടക്ക് പുറത്തേക്ക് വന്നു. 
   “അതൃപ്പം അതൃപ്പം യാ പാമ്പ് ലായാവേ
   ഇന്ന കാണുവാം ഉര് മനിഷൻ ബെന്നിന
  കാൺമാം അനുമതി കൂട്ത്തൂട് ലായാവേ “

     കോട്ടയുടെ വലിയ വാതിലുകൾ ഒരു കിരുകിരു ശബ്ദത്തോടെ അകത്തേക്ക് തുറത്തു. ഉടനെ രണ്ട് പച്ചനിറത്തിലുള്ള നാഗങ്ങൾ അകത്ത് നിന്നും ഇഴഞ്ഞ് വന്നു. 
       “നിങ്ങളെ രാജാവ് വിളിക്കുന്നു. “
       അയാൾ പച്ച പാമ്പുകൾക്ക് പുറകെ നടന്നു. അകത്ത് പ്രവേശിച്ചപ്പോൾ ഏഴ് പാമ്പുകളെ പൂട്ടിയ ഒരു പാമ്പ് വണ്ടി അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അയാൾ അതിൽ കയറിയിരുന്നു. 
        വണ്ടി കിഴക്കോട്ട് ഓടാൻ തുടങ്ങി, വലിയ കാട്ടിലൂടെ, തിങ്ങിയ വലിയ വൃക്ഷങ്ങൾ തിങ്ങിയ ഇടത്തിലൂടെ ഓടി നീർച്ചാലും കഴിഞ്ഞപ്പോൾ പുറ്റുകളുടെ ചുമന്ന വട്ടക്കയ്യാല കാണാനായി. കയ്യാലയിൽ സുമുഖനായ ഒരു രൂപം ഇരിക്കുന്നു. മനുഷ്യൻ്റെ ശരീരവും പാമ്പിൻ്റെ തലയുമുള്ള ഒരപൂർവ്വ രൂപമായിരുന്നു രാജാവിന്. രാജാവിൻ്റെ കയ്യാലക്കടുത്ത് പാമ്പ് വണ്ടി ബഹുമാനാർത്ഥം നിർത്തി. അയാൾ വണ്ടിയിൽ നിന്നുമിറങ്ങി പാമ്പ് രാജാവിൻ്റെ മുന്നിലേക്ക് ചെന്നു.
        രാജാവ് എഴുന്നേറ്റ് അയാളെ സ്വീകരിച്ചു. വട്ട കയ്യാലയിൽ അവർ ഇരുന്നു.
      “ എന്താ ഇത് വരെയായിട്ടും കുട്ടികളൊന്നുമായില്ലേ?”
       “ഇല്ല”
      പെട്ടെന്ന് പാമ്പ് രാജാവ് സ്വർണ്ണ നിറമുള്ള വലിയ പാമ്പായി മാറി. വട്ടക്കയ്യാലയിൽ തൻ്റെ നീണ്ട ശരീര ഭാഗം വട്ടത്ത് ചുറ്റിവെച്ച്  പത്തി വിരിച്ച് കിടന്നു. ആ പാമ്പിൻ്റെ തലക്ക് മുകളിൽ മാങ്ങ പോലുള്ള പഴങ്ങൾ കായ്ച്ച് തൂങ്ങി നിൽക്കുന്നു. 
        “ ഈ പഴങ്ങൾ നൽകുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. ഇത് കഴിച്ച് ഉണ്ടാവുന്ന കുട്ടി ആണാണെങ്കിൽ ആ കുട്ടിയെ നിങ്ങൾക്കെടുക്കാം. എന്നാൽ പെൺകുട്ടിയാണെങ്കിൽ അത് ഞങ്ങളുടെ രാജകൊട്ടാരത്തിന് അവകാശപ്പെട്ടതാണ്. ആയതിനാൽ പെൺകുട്ടിയെ കൊട്ടാരത്തിലേൽപ്പിക്കണം. ഈ നിബന്ധനക്ക് നിങ്ങൾ തയ്യാറാണോ? “
        “ നിങ്ങൾ പറയുന്ന എല്ലാ നിബന്ധനക്കും ഞാൻ തയ്യാറാണ്. എങ്ങനെയായാലും ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കിട്ടിയാൽ മതി”
           രാജാവ് വീണ്ടും മനുഷ്യകോലത്തിലേക്ക് മാറി. രണ്ട് പഴങ്ങൾ പറിച്ചെടുത്ത് അയാൾക്ക് നൽകി.
       “ഈ പഴങ്ങൾ നിങ്ങൾ ഭാര്യയും ഭർത്ഥാവും ഒന്നിച്ചിരുന്ന് കഴിക്കണം. എന്നിട്ട് ബന്ധപ്പെട്ടാൽ നിങ്ങൾക്ക് കുട്ടികൾ ഉണ്ടാവും. “
        അയാൾ പഴങ്ങളുമായി തിരികെ യാത്ര ചെയ്ത് നാട്ടിലെത്തി. ഭാര്യയും ഭർത്താവും പഴങ്ങൾ കഴിച്ച് കിടന്നുറങ്ങി.  ഭാര്യ ഗർഭിണിയായി. മാസം തികഞ്ഞ് ഭാര്യ പ്രസവിച്ചു. ലക്ഷണമൊത്ത സുന്ദരനായൊരു ആൺകുട്ടിയായിരുന്നു. ദമ്പതികൾക്ക് സന്തോഷമായി. ആൺകുട്ടിയായത് കൊണ്ട് പാമ്പ് രാജാവിന് കുഞ്ഞിനെ കൊടുക്കേണ്ടതില്ലല്ലോ ?
     പിറ്റേ കൊല്ലവും ഭാര്യ ഗർഭിണിയായി. അവർ ഒരു പെൺകുട്ടിക്ക് ജന്മം നൽകി. വിവരമറിഞ്ഞ് പാമ്പ് രാജാവ് ആളെ അയച്ചു. 
 “കുട്ടി പെണ്ണായതിനാൽ രാജകൊട്ടാരത്തി ലേൽപ്പിക്കാനായിരുന്നു കൽപ്പന. എന്നാൽ ദമ്പതികൾ കുട്ടിയെ ഏൽപ്പിക്കാൻ കൂട്ടാക്കിയില്ല. കുട്ടി നിരങ്ങാൻ തുടങ്ങിയപ്പോഴും രാജാവിൻ്റെ ആളുവന്നു. കുട്ടി പിച്ചനടക്കാൻ തുടങ്ങിയപ്പോഴും രാജാവിൻ്റെ ആളു വന്നു. അപ്പോഴൊന്നും ദമ്പതികൾ കുഞ്ഞിനെ പാമ്പ് രാജാവിന് നൽകാൻ കൂട്ടാക്കിയില്ല. 
     ഒരു ദിവസം ഉമ്മ കുഞ്ഞുമായി കടലിൽ കുളിക്കാൻ പോയി. കുഞ്ഞിനെ മേലാവായിൽ (കടൽ തീരം ) നിർത്തിയാണ് ഉമ്മ ബില്ലത്തിൽ കുളിക്കാനിറങ്ങിയത്. കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ഞ് കരയാൻ തുടങ്ങി.
      “ഉമ്മാ കുഞ്ഞിക്കാലും കുഞ്ഞി കൈയും ഫോണ്ടാം ഫോണ്ടാം”
          കരച്ചിലിനിടയിൽ കുഞ്ഞ് പറഞ്ഞ് കൊണ്ടിരുന്നു. കുളിക്കുന്നതിനിടയിൽ കുഞ്ഞിൻ്റെ വികൃതിയാണെന്ന് കരുതി ഉമ്മ അത് ശ്രദ്ധിച്ചതുമില്ല. 
        “ ഉമ്മാ കുഞ്ഞിക്കാലും കുഞ്ഞി കൈയ്യും ഫോണ്ടാം ഫോണ്ടാം”
      അപ്പോഴേക്കും കുഞ്ഞിൻ്റെ അരയോളം മണ്ണിനടിയിലേക്ക് ആഴ്ന്ന് പോയിരുന്നു. ഇത് കണ്ട് ഉമ്മ കടലിൽ നിന്നും കയറി വന്നു. അപ്പോഴും കുട്ടി കരച്ചിലോടെ പറയുന്നുണ്ടായിരുന്നു. “ ഉമ്മാ കുഞ്ഞിക്കാലും കുഞ്ഞി കൈയ്യും ഫോണ്ടാം ഫോണ്ടാം.”
         ഉമ്മ കുഞ്ഞിനെ വലിച്ചെടുക്കാൻ നോക്കീട്ടും പറ്റിയില്ല. തലയടക്കം കുഞ്ഞ് മണ്ണിനടിയിലേക്ക് അപ്രത്യക്ഷമായി. ഉമ്മ മണ്ണിൽ കുഴി കുഴിച്ച് നോക്കീട്ടും കുഞ്ഞിനെ കണ്ടെത്താനായില്ല. ഉമ്മ സങ്കടം സഹിക്കാനാവാതെ കരഞ്ഞ് കൊണ്ട് വീട്ടിലേക്കോടി. പാമ്പ് രാജാവിൻ്റെ പണിയാവും എന്നത് ഉറപ്പായിരുന്നു. അങ്ങനെ വർഷങ്ങൾ കടന്നുപോയി. ആദ്യത്തെ ആൺകുട്ടി വളർന്ന് യുവാവായി. അവൻ്റെ പെങ്ങളുടെ വിവരമറിഞ്ഞ് സങ്കടമായി. അവൻ ആയോധന കലകളും യുദ്ധതന്ത്രങ്ങളും അഭ്യസിച്ചു. പെങ്ങളെ മക്ഷപ്പെടുത്തി കൊണ്ടുവരും എന്ന് ദൃഢ പ്രതിജ്ഞയിൽ അവൻ ഒരുക്കങ്ങൾ നടത്തി തുടങ്ങി. അവൻ പല തരത്തിലുള്ള മരങ്ങളുടെ വിത്തുകൾ ശേഖരിച്ചു. ഒരു നല്ല ഓടം പണിതുണ്ടാക്കി. കടൽ യാത്രക്കാവശ്യമായ സങ്കേതിക ജ്ഞാനങ്ങൾ കരസ്ഥമാക്കി. അങ്ങനെ എല്ലാം പൂർത്തിയായപ്പോൾ അവൻ യാത്ര പുറപ്പെടുന്ന ദിവസം നിശ്ചയിച്ചു. അപ്പോഴേക്കും അവൻ്റെ പിതാവ് വാർദ്ധക്യത്തിലേക്ക് പ്രവേശിച്ചിരുന്നു. 
     അവൻ സമ്മതം ചോദിക്കാനായി ബാപ്പാനെ കാണാൻ ചെന്നു. ബാപ്പ വളരെ ശ്രദ്ധാപൂർവ്വം സൂക്ഷിച്ച് വെച്ച ദുൽഫുക്കാർ വാള് മകന് സമ്മാനിച്ചു. അവൻ ഓടത്തിൽ യാത്ര പുറപ്പെട്ടു. ഏഴു കടലും കടന്ന് ഏഴു മലയും കടന്ന് അവൻ യാത്ര തുടർന്നു. കരയിൽ കൂടിയുള്ള യാത്രയിലെല്ലാം അവൻ കൈയ്യിൽ കരുതിയ മരങ്ങളുടെ വിത്തുകൾ വിതച്ച് കൊണ്ടാണ് പോയത്. അങ്ങനെ അവൻ പാമ്പ് രാജാവിൻ്റെ കോട്ടയിൽ എത്തിച്ചേർന്നു.
       അവൻ കോട്ടയുടെ മുന്നിൽ പോയി നിന്നു. 
       “ഞാൻ പാമ്പ് രാജാവിനെ കാണാൻ വന്നത്, അനുവദിക്കണം”
          വാതിൽ തുറക്കപ്പെട്ടു. പറഞ്ഞപോലെ അവൻ പാമ്പ് രാജാവിൻ്റെ മുന്നിലേക്ക് നയിക്കപ്പെട്ടു. ദുൽഫുക്കാർ ബാളിൽ തൊട്ട് എന്തിനും തയ്യാറായി അവൻ നിന്നു. കുറേ കഴിഞ്ഞപ്പോൾ പാമ്പ് രാജാവ് മനുഷ്യക്കോലം പൂണ്ട് വട്ടക്കയ്യാലക്കുള്ളിൽ നിന്നും ഇറങ്ങി വന്നു. 
        “ പെങ്ങളെ കൊണ്ടുപോവാൻ വന്നതാണല്ലേ. എത്രയോ വർഷമായി ആയോധന അഭ്യാസം നടത്തിക്കൊണ്ട് വന്ന നീ ചുറ്റിലും ഒന്ന് നോക്കൂ. നിൻ്റെ അവസാനമാണിന്ന്. നീ ഈ യുദ്ധം ജയിച്ച് വന്നാൽ നിൻ്റെ പെങ്ങളുമായി തിരികെ പോകാം.“
           അവൻ ചുറ്റിലും നോക്കി. വിഷ സർപ്പങ്ങൾ എന്തിനും തയ്യാറായി തനിക്ക് ചുറ്റും നിലയുറപ്പിച്ചിരിക്കുന്നു. ഇനി രക്ഷയില്ല. യുദ്ധമാണ്. അവൻ തൻ്റെ ദുൽഫുക്കാർ കൈയ്യിലെടുത്തു. ആകാശം മുട്ടേ തല ഉയർത്തി നിൽക്കുന്ന പാമ്പുകൾ വായ പിളർന്ന് അവനെ വിഴുങ്ങാനായി വന്നു. അവൻ പറന്ന് അന്തരീക്ഷത്തിൽ നിന്നാണ് ഓരോ പാമ്പിൻ്റെയും തല അരിഞ്ഞത്. പാമ്പുകൾ നിലത്ത് കിടന്ന് ജീവന് വേണ്ടി നിലവിളിച്ചു. ആ നാഗപ്പട വീണതും കരിനാഗങ്ങൾ പറന്നാണ് എത്തിയത്. അവൻ ദുൽഫുഖാർ വാൾ നീട്ടി എറിഞ്ഞു. അപ്പോഴാണ് ആ വാളിലെ അൽഭുതം അവൻ കാണുന്നത്. ആയിരക്കണക്കിന് വാളുകളായി തിരിഞ്ഞ് ദുൽഫുക്കാർ പറന്ന് നടന്ന് യുദ്ധം ചെയ്ത് കരിനാഗങ്ങളെ കൊന്ന് തോൽപ്പിച്ചു. 
         അവൻ പാമ്പ് രാജാവിൻ്റെ വട്ട കയ്യാലയിൽ ചെന്നിരുന്നു. ദുൽഫുക്കാർ വാളിൻ്റെ പരാക്രമം കണ്ട പാമ്പ് രാജാവ് പെങ്ങളെ കോട്ടയിൽ നിന്നും പുറത്തിറക്കി അവന് നൽകി. പെങ്ങൾ അതിസുന്ദരിയായ യുവതിയായിമാറിയിരുന്നു. അവൻ അവളേയും കൊണ്ട് ദ്വീപിലേക്ക് തിരികെ വന്നു. തിരിച്ചുള്ള യാത്രയിൽ അവൻ വരവിൽ വിതച്ച വിത്തുകളെല്ലാം മരങ്ങളായി പഴങ്ങളും തണലും നൽകി വഴി കാട്ടികളായി. അവനേയും അവളേയും സ്വീകരിക്കാൻ ദ്വീപു പാട്ടും ചമയങ്ങളുമായി ഒരുങ്ങി നിന്നു.

ഒരു പെൺകുട്ടി പിറന്നു. കുട്ടിക്ക് ഓമനപ്പൂവ് എന്ന് പേര് വിളിച്ചു. വളർന്നു വരികെ കുട്ടിയെ ആ ദ്വീപിലെ ചെറുപ്പക്കാർ എല്ലാരും ഇഷ്ടം വെക്കാൻ തുടങ്ങി. എന്നാൽ അവൾക്ക് ബിയ്യാമ്മാട കുട്ടിത്തറവായോടായിരുന്നു ഇഷ്ടം. അങ്ങിനെ ആ പ്രണയം സാക്ഷാൽക്കരിക്കപ്പെട്ടു. കുട്ടിത്തറവാ ഓമനപ്പൂവിനെ വിവാഹം കഴിച്ചു.

         ആ സമയത്താണ് ലക്ഷദ്വീപുകൾ ഭരിച്ചിരുന്ന കണ്ണൂർ അറക്കൽ ആദി രാജാവിൻ്റെ ഭാര്യ മരണപ്പെടുന്നത്. രാജാവിന് ഒരു ഭാര്യയെ വേണമായിരുന്നു. പല ദേശത്തേക്കും രാജാവിന് പറ്റിയ ഒരു സുന്ദരിയായ സ്ത്രീയെ തേടി രാജ ഉദ്യോഗസ്തർ യാത്ര പുറപ്പെട്ടു. പല സ്ത്രീകളേയും കണ്ടെത്തിയെങ്കിലും രാജാവിന് യോജിച്ച ഒരു സ്ത്രീയും ശ്രദ്ധയിൽ വന്നില്ല. അവസാനം കടൽ മാർഗം യാത്ര ചെയ്തവരാണ് അമ്മേനി പുറക്കാട്ടകത്തെ സുന്ദരിയായ ഓമനപ്പു വിൻ്റെ വിവരം രാജസന്നിഥിയിൽ അറിയി ക്കുന്നത്.

          ഓമനപ്പൂവിൻ്റെ വിവരമറിഞ്ഞ രാജാവ് അവളെ തൻ്റെ ഭാര്യയാകാൻ ക്ഷണിച്ച് കൊണ്ട് അമിനിയിലെ കാര്യക്കാരന് ഒരു കത്ത് കൊടുത്തയച്ചു. കത്ത് വായിച്ച കാര്യക്കാരൻ ആ കത്ത് ഓമനപ്പൂവിൻ്റെ ഭർത്താവും കച്ചേരി കാരണവരുമായ കുട്ടിത്തറവായിക്ക് കൈമാറി. വളരെ ചെറിയ പ്രായത്തിൽ തന്നെ കച്ചേരി കാരണവരായ ആളായിരുന്നു കുട്ടിത്തറവ. കത്ത് വായിച്ച കുട്ടിത്തറവാ സങ്കടത്തോടെ പുറക്കാട്ടേക്ക് പോയി. കത്തുമായി വന്ന കൊട്ടാര ഉദ്യോഗസ്‌തന്മാർ പുറക്കാട്ടെ വിവരമറിയാൻ അങ്ങോട്ട് ചെന്നു.

       “ഞാനങ്ങിനെ ഒരു ഫുവിന ഫെറ്റേയും ഇല്ല , പൂവെന്ന് ശൊല്ലിണ്ട കോളിയും ഇല്ല, ഫുവെന്ന് ശൊല്ലിണ്ട പൂച്ചയും ഇല്ല” എന്നൊക്കെ അവർ കളവ് പറഞ്ഞു. രാജ പത്‌നിയാവാൻ ഓമനപ്പൂവിനെ വിട്ട് കൊടുക്കാൻ പുറക്കാട്ടുകാരോ കുട്ടിത്തറവായോ തയ്യാറല്ലെന്ന് മനസിലാക്കിയ രാജാ വിൻ്റെ ആളുകൾ തിരികെ പോയി രാജാവിനെ വിവരമറിയിച്ചു. രാജാവിന് ദേഷ്യം പിടിച്ചു. ഏകാധിപതിയായ അറക്കൽ രാജാവ് പിന്നീട് പട്ടാളത്തെയാണ് അയച്ചത്. പട്ടാള കപ്പൽ കടലു കടന്ന് അമിനി ദ്വീപിൻ്റെ തീരത്ത് നങ്കൂരമിട്ടു. പട്ടാള ഉദ്യോഗസ്ഥർ കാര്യക്കാരനെ വിവരമറിയിച്ചു.

         “ എതിർക്കുന്നവരെ ആരെ കൊന്നിട്ടായാലും ഓമനപ്പൂവിനെ രാജാവിന് വേണ്ടി കൊണ്ടുപോവാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. ചോരപ്പുഴ ഒഴുക്കാതെ തങ്ങളോട് സഹകരിക്കുന്നതാണ് നല്ലത്. “

        വിവരമറിഞ്ഞ പുറക്കാടുകാർ ഓമനപ്പൂവിനെ രാജകൊട്ടാരത്തിലേക്ക് അയക്കാൻ തീരുമാനിച്ചു. മരണത്തെക്കാളും നല്ലത് പോവുന്നതാണെന്ന് തീരുമാ നിക്കുകയായിരുന്നു. വിപുലമായി അലങ്കരിച്ച കപ്പലിലാണ് ഓമനപ്പൂവിനെ കണ്ണൂരിലേക്ക് കൊണ്ടു പോയത്. കുട്ടിത്തറവായും അവളോടൊപ്പം കണ്ണൂരി ലേക്ക് യാത്ര ചെയ്‌തു. അറക്കൽ കൊട്ടാരത്തിൽ വെച്ചാണ് കുട്ടിത്തറവാ ഓമനപ്പുവിൻ്റെ മൂന്ന് മൊഴി തലാഖും ചൊല്ലുന്നത്. അങ്ങനെ രാജാവ് ഓമനപ്പൂവിനെ അറക്കൽ ആദി രാജാവ് കല്യാണം കഴിച്ചു എന്നാണ് കഥ.

      ഈ കഥ ലക്ഷദ്വീപിലെ ഒരു നാടൻപ്പാട്ടിൽ വിശദമായി പറയുന്നുണ്ട്. ആ പാട്ടിൽ രാജാവിനോട് ദ്വീപിലെ സാധാരണക്കാരിയായ ഓമനപ്പൂവ് പറയുന്ന തൻ്റെ ഇഷ്ടക്കേടിൻ്റെ ഒരു ഭാഗമുണ്ട്. അത് ദ്വീപിലെ അധിനിവേശ പ്രതിരോധത്തിൻ്റെ നല്ലൊരു തെളിവു കൂടിയാണ്. രാജാവ് ഓമനപ്പൂവിനോട് ചോദിക്കുന്നു.

      “ ഞാൻ നന്നോ കുട്ടിത്തറവാ നന്നോ പൂവേ “

     അപ്പോൾ മറുപടിയായി ഓമനപ്പൂവ് പറയുന്നത്.

          “ആദി രാജാവിന കെട്ടും മാളികയും കുട്ടിത്തറവാ ചെറ്റേക്കും പോരാ” എന്നാണ്. ചെറ്റ എന്നാൽ ഓലപ്പുര എന്നാണ്. വീണ്ടും രാജാവ് ചോദിക്കുന്നു.

 “ ഞാൻ നന്നോ കുട്ടിത്തറവാ നന്നോ പൂവേ “

  അപ്പോൾ വീണ്ടും ഓമനപ്പൂവ് പറയുന്നത് . “ ആദിരാജാവിന കുത്തരിച്ചോറ് കുട്ടിത്തറവാ ചായക്കും പോരാ എന്നായിരുന്നു. വീണ്ടും രാജാവ് അതെ ചോദ്യം ആവർത്തിച്ചപ്പോൾ, ആദിരാജാവിന ആനയ കൂട്ടം കുട്ടിത്തറവാ കോളിക്കും പോരാ എന്ന് പറഞ്ഞതായിട്ടാണ് നാടൻ പാട്ട്. നിസ്സഹായരായ ഒറ്റപ്പെട്ട് കഴിയുന്ന ദ്വീപു നിവാസികളുടെ അധിനിവേശത്തിനെതിരായ ഒരു പ്രതിരോധം സാഹിത്യത്തിലൂടെ പ്രകടിപ്പിച്ചതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ നാടൻപ്പാട്ട്.

ഇസ്മത്ത് ഹുസൈൻ

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x