ഷൂബ. കെ. എസ്.

Published: 10 october 2026 മുന്നുര

സാഹിത്യം വിശക്കുന്നവന്റെ വിളി

-എം എൻ വിജയൻ്റെ കലാദർശനത്തെക്കുറിച്ച്

ആമുഖം

പഠിക്കുമ്പോൾ പതിവു പാഠപുസ്തക വിഭവങ്ങൾപോലെ വരണ്ട ഒരു മനശ്ശാസ്ത്ര കഷണമായാണ് എം എൻ വിജയനെ കാണുന്നത്. എന്നാൽ പിന്നെ എപ്പോഴോ വർണ്ണങ്ങളുടെ സംഗീതം എന്ന പുസ്തകം പോസ്റ്റിൽ വന്നത് ഓർക്കുന്നു.. ചിത്രകലയോട് താല്പര്യമുണ്ടായിരുന്നതുകൊണ്ടാണ് അതു വാങ്ങുന്നത്. ചിത്രകലയുടെ ആസ്വാദനത്തിൽ ഒരു പരിശീലനവുമില്ലായിരുന്നു.എന്നാൽ ഇതു വായിക്കുമ്പോഴാണ് വർണ്ണങ്ങൾക്കും രാഷ്ട്രീയമുണ്ട് എന്നറിയുന്നത്. വളരെ പിന്നീടാണ് ഡേവിഡ് ബാച്ചിലറുടെ ക്രോമോഫോബിയ എന്ന പുസ്തകം കാണുന്നത്. പാശ്ചാത്യ സംസ്കാരത്തിലും കലാചിന്തയിലും നിറങ്ങളോടുള്ള ഭയവും വർണ്ണങ്ങളെ മാറ്റിനിർത്താനുള്ള പ്രവണതയും വിശകലനം ചെയ്യുന്ന കൃതിയാണത്. വരകളും (Line / Drawing), രൂപങ്ങളുമാണ് (Form) ചിന്തയെയും യുക്തിയെയും പ്രതിനിധീകരിക്കുന്നത്; മറിച്ച് നിറങ്ങൾ (Colour) വികാരങ്ങളെയും അനിയന്ത്രിതത്വത്തെയുമാണ് കാണിക്കുന്നത്, അതു കിഴക്കൻ രാജ്യങ്ങൾക്ക് ഉള്ളതാണ് എന്നൊക്കെ ഇതിൽ വിശദീകരിക്കുന്നു. ഇന്ത്യയിൽ തന്നെ രസങ്ങളുടെ നിറങ്ങളെക്കുറിച്ച് പറയുന്നുണ്ട്.വർണ്ണങ്ങൾക്ക് ഇന്ത്യൻ വർണ്ണ വ്യവസ്ഥയുമായും ബന്ധമുണ്ട്. വർണ്ണ സങ്കര ഭയമാണ് ഇന്ത്യക്കാർക്കുള്ളത്.കഥകളിയിലെ നളൻ്റെ പച്ച നിറത്തിൽ കൊത്തി കലർപ്പുണ്ടാക്കുന്ന കാർക്കോടകൻ ഈവർണ്ണ സങ്കരഭീതിയാണ്. നിറങ്ങളുടെ എന്നു മാത്രമല്ല, ഭാഷ മുതൽ ദൈവം വരെ ഭൂമി മുതൽ ആകാശം വരെ എല്ലാറ്റിനെയും രാഷ്ട്രീയമായി വായിക്കാനും അങ്ങനെയുള്ള പുസ്തകങ്ങൾ വായിക്കാനും മാഷിൻ്റെ കൃതികൾ പ്രേരകമായിട്ടുണ്ടാവാം.  എന്നാൽ എംഎൻ വിജയൻ്റെ ലഭ്യമായ എല്ലാ കൃതികളും വായിച്ച് എം എൻ വിജയൻ്റെ ലോകങ്ങൾ രചിക്കുന്ന സന്ദർഭം മറ്റൊന്നാണ്. പാഠം ലേഖകനെ ചങ്ങലക്കിടണമെന്നും എഴുത്തു നിർത്തിയില്ലെങ്കിൽ ലേഖകൻ തേരാ പാരാ നടക്കേണ്ടി വരും എന്നും ഒരു രാഷ്ട്രീയക്കാരൻ പറഞ്ഞത് ഞങ്ങൽ ഞെട്ടലോടെയാണ് കേട്ടത്. വ്യക്തിപരമായ ഭയം കൊണ്ടല്ല ഞെട്ടിയത്.കമ്മ്യൂണിസ്റ്റുകാർ എന്നു പറഞ്ഞു നടക്കുന്നവർ തെരുവിൽ തേരാ പാരാ നടക്കുന്ന ഞങ്ങളുടെ ഒപ്പമല്ലേ ഉള്ളത്, അങ്ങനെ അല്ല എന്നു പ്രഖ്യാപിക്കാൻ കഴിയുംവിധമുള്ള രാഷ്ട്രീയ ശൂന്യത അമ്പരപ്പിക്കുന്നതായിരുന്നു. ഒരിടത്തും ഒരു പരിഗണനയും ലഭിക്കാത്ത, ജോലിയില്ലാത്ത, എല്ലാ അഭിമുഖങ്ങളിലും, ‘ നന്നായിട്ടുണ്ട്, ഇനിയും അഭിമുഖങ്ങളിൽ പങ്കെടുക്കൂ ‘ എന്ന് അഭിനന്ദിച്ച് പിൻവാതിൽ നിയമനം നടത്താൻ മുൻവാതിലൂടെ ഇറക്കി വിടപ്പെട്ട ഞങ്ങൾ, തേരാപ്പാരാ നടന്ന ഞങ്ങൾ, ആരാണ് ഞങ്ങളുടെ ഒപ്പം ഉള്ളത് എന്നു നോക്കിയപ്പോൾ ബുദ്ധിയുള്ള സാഹിത്യകാരന്മാരെയും ബുദ്ധിജീവികളെയും ആരെയും കണ്ടില്ല.എം എൻ വിജയനല്ലാതെ. അപ്പോഴാണ് വിജയൻ മാഷുമായി കൂടുതൽ അടുക്കുന്നത്. രാഷ്ട്രീയ പ്രവർത്തനത്തെ എങ്ങനെ കലാ പ്രവർത്തനമാക്കാം എന്നും കലാപ്രവർത്തനത്തെ എങ്ങനെ രാഷ്ട്രീയ പ്രവർത്തനമാക്കാൻ കഴിയുമെന്നും തെളിയിച്ച എം എൻ വിജയൻ്റെ കലാദർശനം വളരെ ലളിതമായിരുന്നു.

വിശക്കുന്നവൻ്റെ വിളി

എം എൻ വിജയൻറെ കലാ ദർശനം സത്യത്തിൽ ഒന്നോ രണ്ടോ വാക്യത്തിൽ നമുക്ക് സംഗ്രഹിക്കാവുന്നതേയുള്ളൂ. ഈ ലേഖകൻ എം എൻ വിജയൻ്റെ ലോകങ്ങൾ എന്നു പറയുന്ന പുസ്തകം എഴുതുന്ന സന്ദർഭത്തിൽ കലയും സാഹിത്യവും എന്നു പറയുന്ന ഭാഗത്ത് ആമുഖമായി ചേർത്ത വാക്യങ്ങളാണ് അത്.

‘’സാഹിത്യം രണ്ട് തരത്തിലുണ്ട് വിശക്കുന്നവന്റെ വിളിയുണ്ട്. ഊണ് കഴിഞ്ഞ ശേഷമുള്ള വിളിയുണ്ട്. എന്തും ശരിയാണ് എന്ന് പറയുന്ന തത്വശാസ്ത്ര മെല്ലാം എന്തും ശരിയാണ് അതിൻറെ ഉള്ളിൽ ഒന്നേ ശരിയുള്ളൂ പണം മാത്രമേയുള്ളൂ എന്ന് പറയുന്ന മറ്റൊരു ശരി അതിൻ്റെ കൂടെ പിൻ ചെയ്ത് വച്ചിട്ടുണ്ട്. “

 എന്തും ശരിയാണ് എന്നു പറയുന്ന ഉത്തരാധുനിക സൗന്ദര്യ ശാസ്ത്രത്തോടുള്ള പ്രതികരണമായാണ് ഇത് അദ്ദേഹം പറഞ്ഞത്. ഉത്തരാധുനികതയെക്കുറിച്ച് അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്:

“ആഗോളവത്കരണത്തിൻ്റെ കലയാണ് പോസ്റ്റ് മോഡേൺ കല. അനുഭവങ്ങളെന്നപോലെ ധീരതയും എഴുത്തിൽ നിന്ന് ചോർന്ന് പോകുന്നു. രീതികളിൽ മാത്രം ഊന്നുകയും സത്യം മറച്ച് വയ്ക്കാൻ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഒന്നും ജീർണ്ണതയല്ലെന്നു പറഞ്ഞ് ജീർണ്ണതയെ അത് ഉയർത്തിപ്പിടിക്കുന്നു. ഒന്നും അധാർമ്മികമല്ലെന്ന് പറഞ്ഞ് അധാർമ്മികതയെ വാഴ്ത്തുന്നു. അശ്ലീലത്തിന് പുതുവ്യാഖ്യാനങ്ങൾ നൽകി അശ്ലീലം എഴുതുന്നതിനെ ന്യായീകരി ക്കുന്നു.”

ഈ ഉത്തരാധുനികതയും കടന്നു നിൽക്കുന്ന ഈ കാലത്ത്, സമ്പൂർണ്ണമായ ദാരിദ്ര്യ നിർമ്മാർജ്ജനം നടന്ന, പട്ടിണിയില്ലാതായ ഈ കാലത്ത് വിശക്കുന്നവൻ്റെ കല എന്ന വളരെ യാഥാസ്ഥിതികമായ സാഹിത്യ ദർശനം വച്ചു പുലർത്തുന്ന ആളാണ് എം എൻ വിജയൻ.നമുക്ക് ഒരു പാട് എഴുത്തുകാരുണ്ട്. ഒരു പാട് അവാർഡുകൾ കിട്ടിയ, പുസ്തകം പ്രസിദ്ധീകരിക്കാൻ ഒരു പ്രയാസവുമില്ലാത്ത – എം എൻ വിജയൻ മരിച്ച ശേഷവും അദ്ദേഹത്തിൻ്റെ കൃതികൾ പ്രസിദ്ധീകരിക്കാൻ ഔദ്യോഗിക സ്ഥാപനങ്ങൾ തയ്യാറായില്ല, നിരസിച്ചു – ഒരു പാട് എഴുത്തുകാരുണ്ട്.എം.എൻ. വിജയൻറെ തന്നെ ചിരിയും ചിന്തയും ഒക്കെ വളരെ  അശ്ലീലമായി അനുകരിക്കുന്ന ആസ്ഥാനനിരൂപകരും നമുക്കുണ്ട്. വെർട്ടിക്കലായും ഹൊറിസോങ്ങലായും എല്ലാം കൃതികളെ വായിക്കുന്നവരുണ്ട്.എം എൻ. വിജയൻ്റെ മേൽ പറഞ്ഞ പഴകിയ കലാദർശനത്തോട് അവർക്കെല്ലാം വിയോജിപ്പാണ്.

കാരണം വലിയ പാലങ്ങളും വലിയ റോഡുകളും ഒക്കെ ഉണ്ടാവുകയും ദാരിദ്ര്യ വിമുക്തമാവുകയും ചെയ്ത ഉത്തരാധുനിക കേരളത്തിലെ കാലഹരണപ്പെട്ട ആശയമാണ് വിശക്കുന്നവൻ്റെ വിളി കേൾക്കുന്ന സാഹിത്യം എന്നത്.

ഉത്തരാധുനികരുടെ നിഘണ്ടുവിൽ ഇങ്ങനെ ഉള്ളവർക്ക് ഒരു ആക്ഷേപവാക്കുണ്ട്. ക്ലാസിക്കൽ മാർക്സിസ്റ്റ്. (പോസ്റ്റ് മാർക്സിസ്റ്റുകളാവട്ടെ വിപ്ലവകാരികളാണ്.)വലിയ പാലങ്ങളും പാതകളും കണ്ട് സന്തോഷിക്കാത്തവർ. വലിയ റോഡുകൾ വരുമ്പോൾ പ്രാദേശിക ജനതയ്ക്ക് സർവ്വീസ് റോഡുകൾ ഉണ്ട്. നെഞ്ചിലിഴഞ്ഞു പോകാൻ പാവപ്പെട്ടവർക്ക് സർവീസ് റോഡുകൾ ഉണ്ട് എന്നു വിജയൻ മാഷ് പറയുന്നുണ്ട്.

ദിവ്യരത്നങ്ങളും കല്ലുകളും

കുചേലവൃത്തം കഥ എഴുതിയരാമപുരത്ത് വാര്യർ താമസിച്ചിരുന്ന മാർത്താണ്ഡവർമ്മയുടെ രാജ്യവും വികസിച്ച നാടായിരുന്നു.“ചന്ദ്രശാലാശതങ്ങളും ചാരുതരഹർമ്യങ്ങളും ചന്ദ്രിക ചർച്ചിതങ്ങളാം പ്രസാദങ്ങളും ” എന്നാണ് വാര്യരുടെ വർണ്ണന. കെട്ടിടങ്ങളെല്ലാം ദിവ്യ രത്നങ്ങൾ കൊണ്ട് ഉണ്ടാക്കിയതാണ്.പാപികൾക്കു മാത്രമേ കല്ലും മരവുമായി തോന്നു എന്നു വാര്യർ പറയുന്നുണ്ട്. എങ്കിലും ആ രാജ്യത്ത് ദൈവത്തിൻ്റെ വിളിയേക്കാൾ പ്രധാനം വിശപ്പിൻ്റെ വിളി പ്രധാനമായി തോന്നി കവിത എഴുതി സമ്പത്തുണ്ടാക്കാൻ ശ്രമിച്ച ഒരു രാമപുരത്ത് വാര്യർ ഉണ്ടായിരുന്നു എന്നു കവിതയിൽ നിന്നും മനസിലാക്കാം.

ദിവ്യ രത്നങ്ങൾ കൊണ്ടല്ല കല്ലും മരവും കൊണ്ടാണ് ഈ ലോകം നിർമ്മിച്ചിരിക്കുന്നത് എന്നു വിളിച്ചു പറഞ്ഞതു കൊണ്ട് പാപിയായി തീർന്ന ഒരാളാണ് എം എൻ വിജയൻ.. വിശക്കുന്നവൻ്റെ വിളി ഇല്ലാത്തതു കൊണ്ടല്ല, കാണാത്തതുകൊണ്ടാണ്. അഥവാ എന്തിന് കണ്ട് പാപിയായി മാറണം എന്നതാണ് ഉത്തരാധുനിക അസ്തിത്വ പ്രശ്നം.

ക്ലാസിക്കൽ മാർക്സിസ്റ്റ് എന്നാൽ ദിവ്യരത്നം കണ്ടിട്ട് കല്ല് ആണ് എന്നു വിളിച്ചു പറയുന്ന പാപിയാണ്.

പട്ടത്തിൻ്റെ സ്വാതന്ത്ര്യം

വിജയൻ മാഷ് വളരെ സൗമ്യമായി ആശയങ്ങൾ അവതരിപ്പിക്കുന്ന വിമർശകൻ എന്നാണ് നാം കരുതുന്നത്. അതു ശരിയായിരിക്കാം എന്നാൽ ഉണ്ടവൻ്റെ വിളിയായി മാറുന്ന ആശയങ്ങളോട് മാഷ് വിട്ടുവീഴ്ചയില്ലാത്തതും ഒട്ടു അക്രമാസക്തവുമായ നിലപാട് സ്വീകരിക്കുന്നത് കാണാം.

ക്ലാസിക്കൽ മാർക്സിസ്റ്റ് / പോസ്റ്റ് മാർക്സിസ്റ്റ് എന്ന വിഭജന നിലപാടുകൾ അദ്ദേഹം നേരിടുന്നത് നോക്കു :

ഒരു അഭിമുഖത്തിൽ നിന്നുമുള്ള ഭാഗമാണിത്:

“ചോദ്യം:സമ്പദ്ഘടനക്കും ചരിത്ര ഘടനയ്ക്കും അനുസൃതമായി സദാചാരബോധ സൗന്ദര്യ സങ്കല്പങ്ങൾ മാറുന്നുവെന്ന് പറയുന്നത് ശരി തന്നെ. പക്ഷേ ഉപരി ഘടനയും അടിത്തറയും തമ്മിലുള്ള ബന്ധം അങ്ങനെ യാന്ത്രികമാണോ?ഒരു മെറ്റീരിയൽ ഫോഴ്സിന്‍റെ സ്വതന്ത്ര കൈവരില്ലേ?

വിജയൻ മാഷ്: മെറ്റീരിയൽ കണ്ടീഷൻ ആണ് സൂപ്പർ സ്ട്രക്ച്ചറിനെ നിയന്ത്രിക്കുന്നത് എന്ന വാദം ഡിറ്റർമിനിസം ആണെന്ന് പറയും ഒരു ഡിസ്റ്റൻസിൽ നിന്ന് നോക്കിയാൽ അത് ഡിറ്റര്‍ മൈൻഡഡ് ആയി തന്നെ കാണാം.പക്ഷെ അങ്ങനെയല്ല. ഇത് പറയാൻ ഒരാൾ മാർക്സിസ്റ്റ് ആവണമെന്നില്ല. ഒരു ആന്ത്രപ്പോളജിസ്റ്റ് സംസ്കാരത്തെ വിഭജിക്കുന്നത് മനുഷ്യൻ ഉപയോഗിച്ച ടൂൾസിനെ, അതുണ്ടാക്കാൻ ഉപയോഗിച്ച ലോഹത്തെ, ആയുധത്തെ മുൻനിർത്തിയാണ്.വേദമന്ത്രങ്ങൾ പുരോഹിതന്മാർക്ക് അവരുടെ തൊഴിലിന് ആവശ്യമായ കുറിപ്പുകൾ മാത്രമായിരുന്നു എന്ന് അയ്യപ്പൻ പറഞ്ഞിട്ടുണ്ട്. മഴപെയ്യുന്നത് പോലെ ചില കാര്യങ്ങൾ സംഭവിപ്പിക്കാൻ ആണ് വേദമന്ത്രങ്ങൾ ഉപയോഗിച്ചിരുന്നത്. മറ്റെല്ലാ കലകളെയും പോലെ സാഹിത്യവും ഒരായുധമാണ്.മാർക്സിസ്റ്റുകാർ അല്ലാത്തവർക്കും ഇത് അങ്ങനെ തന്നെയാണ്. .അധികാരം കൊയ്യണം ആദ്യം നാം ‘ എന്ന് പാടിയത് ഞാനല്ല, ഒരു പൊന്നാനിക്കാരൻ തന്നെയാണ് .

ചോദ്യം: ഉപരിഘടനയ്ക്ക്സ്വാതന്ത്ര്യത്തിന്റെ ഒരു തലമേ ഇല്ലെന്നാണോ അത് ഏത് അവസ്ഥയിലും മെറ്റീരിയൽ കണ്ടീഷൻസ്കൊണ്ട് പൂർണമായി നിയന്ത്രിതമാണെന്നാണോ?

വിജയൻ മാഷ്: ഉത്തരം പട്ടത്തെ ആകാശത്തിലെ കാറ്റു നിയന്ത്രിക്കാം. പക്ഷേ അതിൻറെ ചരട് താഴെയുള്ള മനുഷ്യൻറെ കയ്യിൽ തന്നെയാണ്.

 ചോദ്യം: കാറ്റു നിയന്ത്രിക്കുന്ന അവസ്ഥയെ, ഉയരത്തിലുള്ള ചലനത്തെ സ്വാതന്ത്ര്യം എന്ന് വിവരിച്ചു കൂടെ?

വിജയൻ മാഷ്: പാടില്ല ഒരു ഗോട്ടി ഉരുട്ടുമ്പോൾ അല്പ ദൂരം നേരെ പോയി പിന്നീട് അതിൻറെ മൂവ്മെന്റ് സിഗ്സാഗ് ആകും.അപ്പോൾ അത് സ്വതന്ത്രമായി പോകുന്നു എന്ന് നാം പറയും. തറയിൽ വരുന്ന വ്യത്യാസം ഫോഴ്സിൽ വരുന്ന വ്യത്യാസം ഇവയൊക്കെയാണ് ചലനത്തെ സിഗ്സാഗ് ആക്കുന്നത്. അതിനെ സ്വാതന്ത്ര്യം എന്ന് പറയരുത്. അങ്ങനെ പറയുന്നത് സൈൻ്റിഫിക് അല്ല.

ചോദ്യം:മെറ്റീരിയൽ കണ്ടീഷൻസ് ആണ് ഒരു കലാസൃഷ്ടിയുടെ സ്വഭാവം നിർണയിക്കുന്നതെങ്കിൽ അതിനെ നിരൂപണം ചെയ്യുമ്പോൾ കണ്ടെത്തേണ്ടത് കാര്യവും ഇതുതന്നെയല്ലേ

വിജയൻ മാഷ്:അതെ

ചോദ്യം:എങ്കിൽ മാമ്പഴത്തെ നിരൂപണം ചെയ്തപ്പോൾ അത് അല്ലല്ലോ ചെയ്തത്

വിജയൻ മാഷ്:മെറ്റീരിയൽ എന്നതിനെ എക്കണോമിക് എന്ന് മാത്രമല്ല അർത്ഥം ഫാമിലി സിറ്റുവേഷൻസിനെ കുറിച്ച് പറയുന്നത്, അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നത് മെറ്റീരിയലാണ്. ഫ്രോയിഡ് വ്യക്തിയെക്കുറിച്ചും മാർക്സ് സമൂഹത്തെയും കുറിച്ച് പറഞ്ഞു എന്ന് വേർതിരിച്ച് പറയുന്നത് ശരിയല്ല.

ചോദ്യം:സാഹിത്യ നിരൂപണത്തിൽ എന്ത് സ്ട്രസ് ചെയ്യുന്നു എന്നത് പ്രധാനമല്ലേ

വിജയൻ മാഷ്:ആണ്

ചോദ്യം:എങ്കിൽ സൈക്കോളജിയെ അവലംബിക്കുന്നതും സോഷ്യോളജി അവലംബിക്കുന്നതും വ്യത്യസ്തമല്ലേ?

വിജയൻ മാഷ്: ഒരു ലബോറട്ടറിയിൽ വെച്ച് കെമിക്കലിനെ അനലൈസ് ചെയ്യുന്നതും പുറത്തുവച്ച് ആ കെമിക്കലിന്റെ മറ്റ് പ്രോപ്പർട്ടിസിനെ കുറിച്ച് പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഒരു വർക്ക് ഷോപ്പിൽ വച്ച് ഒരു എൻജിന്റെ പണി ചെയ്യുന്ന മെക്കാനിക്കും ഓട്ടോമേഷനെ കുറിച്ച് സംസാരിക്കുന്ന ആളും തമ്മിൽ വ്യത്യാസം ഉണ്ട്

ചോദ്യം:നിരൂപണത്തിൽ ഇതിലേത് ശരി എന്ന പ്രശ്നമില്ലേ?

വിജയൻ മാഷ്: ലാബിൽ ചെയ്യുന്നതിന് അതിൻ്റെ ഫംഗ്ഷൻ ഉണ്ട്. അതും ശരിയാണ്.

ചോദ്യം: എവിടെ സ്ട്രെസ് ചെയ്യുന്നു എന്ന പ്രശ്നമില്ലേ?

വിജയൻ മാഷ്: ഉണ്ട് അപ്പോഴും ഒന്ന് ശരിയും മറ്റൊന്ന് തെറ്റുമാകുന്നില്ല

ചോദ്യം:പക്ഷേ രണ്ടു നിരൂപകർ ഒരേ കൃതിയിൽ നിന്ന് രണ്ടു കാര്യങ്ങൾ കണ്ടെത്തുമ്പോൾ… ഉദാഹരണത്തിന് കെ.പി.അപ്പൻ….

വിജയൻ മാഷ്: കോളിൻ വിൽസൻ പലതും പറഞ്ഞിട്ടുണ്ട്. പക്ഷേ അയാൾ ഒരു സോഷ്യോളജിസ്റ്റ് സൈക്കോളജിസ്റ്റോ അല്ല. ഒന്നിൻ്റെയും അതോറിറ്റിയല്ല.( തോന്നൽക്കൽ വാസുദേവൻ,’ എം എൻ വിജയൻ ചരിത്രത്തിൻ്റെ ആൽമരം’)

സാഹിത്യമെന്ന ഭക്ഷണം

ഏതു രീതി ശാസ്ത്രമെന്നല്ല അതു നിരൂപണമാകുന്നുണ്ടോ എന്നതാണ് പ്രശ്നം. ഒരു കൃതിയിലെ ഭാഷയെ വിശകലനം ചെയ്യാം, മനശ്ശാസ്ത്രത്തെ വിശകലനം ചെയ്യാം, ചരിത്രത്തെ വിശകലനം ചെയ്യാം എന്നാൽ അവ വിമർശനമാകുന്നുണ്ടോ എന്നതാണ് പ്രധാന കാര്യം. വിശക്കുന്നവൻ്റെ വിളി അതിലുണ്ടോ എന്നതാണ് പ്രശ്നം. രാഷ്ട്രീയ നിലപാടുകൾ മാഷിന് പിൽക്കാലത്ത് ലഭിച്ചതാണെന്ന് കരുതുന്ന ശുദ്ധാത്മാ ക്കൾ ഉണ്ട്. ആദ്യ കാലഘട്ടത്തിൽ അദ്ദേഹം വെർട്ടിക്കൽ ആയിരുന്നു പിന്നീട് ഹൊറിസോണ്ടലായി നിവർന്നു രക്ഷപെട്ടു എന്നുമുള്ള തമാശകൾ കച്ചവടമാസികകൾ പ്രചരിപ്പിക്കുന്നുണ്ട്.  എന്നാൽ മാഷിൻറെ ഒന്നാമത്തെ പുസ്തകം മുതൽ തന്നെ വിട്ടുവീഴ്ചയില്ലാത്ത ഇടതുരാഷ്ട്രീയ നിലപാടുകൾ കാണാൻ കഴിയും. യാന്ത്രികഭൗതികവാദികൾ പറയുന്ന സ്വർഗ്ഗവും ആത്മീയ വാദികൾ പറയുന്ന പൂർണ്ണതകളുടെ സ്വർഗ്ഗവും തനിക്ക് വേണ്ട തൻ്റെ സ്വർഗ്ഗത്തിൽ അപൂർണ്ണതയും വൈരൂപ്യതയും വേണം.രാഷ്ട്രീയ നേതാക്കളുടെയും വിദ്യാർത്ഥികളുടെയും ഇടയിലാണ് തൻ്റെ സ്വർഗ്ഗം ഏകാന്തതയിൽ അല്ല എന്നു ഖയ്യാമിനെ കുറിച്ചുള്ള ആദ്യ പുസ്തക ലേഖനത്തിൽ തന്നെ പറയുന്നുണ്ട്. മാമ്പഴത്തെക്കുറിച്ച് പറഞ്ഞവസാനിക്കുന്നത് ഇങ്ങനെയാണ്:

‘’അമ്മയുടെ മാറിടത്തിന്റെ ഇളം ചൂടിൽ നിന്നും സുരക്ഷിതത്വത്തിൽ നിന്നും വിട്ടുപോരാൻ കൂട്ടാക്കാത്ത – മീശ മുളച്ചാലും മനസ്സിന് മുലകുടി മാറാത്ത- നമ്മെ രഹസ്യമായി സമാശ്വസിപ്പിക്കുന്ന ഈ കാവ്യത്തിൽ പ്രാഥമിക നാർസിസവും (ആത്മരതി) മാതൃരതിയും (ഈഡിപ്പസ് കോംപ്ലക്സ്) സമ്മേളിക്കുന്നു.”

കേരളത്തിൻ്റെ നവോത്ഥാനമെന്നൊക്കെ പറയുകയും കൊണ്ടാടുകയും ചെയ്യുന്ന ഈ ജനപ്രിയ കൃതി മീശ മുളച്ചാലും മുലകുടി മാറാത്ത സമൂഹ മനസിൻ്റെ സൃഷ്ടിയാണ് എന്ന കാര്യമാണ് പറയുന്നത്.പാർട്ടി എന്ന അമ്മയുടെ മടിത്തട്ടിൽ ഉറങ്ങുന്ന മുലകുടി മാറാത്ത വോട്ടർമാരുടെ കാര്യത്തെക്കുറിച്ചും പിന്നീട് പറയുന്നുണ്ട്. അമ്മയുടെ മടിത്തട്ടിൽ ഉറങ്ങുക എന്നും ശൈശവമായിരിക്കുക എന്നത്  ഒരു ഫാസിസ്റ്റ് മനശ്ശാസ്ത്രമാണ്. അതിനെ അംഗീകരിക്കാത്തവർക്ക് പാലു കിട്ടാതെ നിലവിളിക്കേണ്ടി വരും

ആദ്യ കൃതി മുതൽ വിശക്കുന്നവൻ്റെ വിളി വിജയൻ മാഷ് കേട്ടിരുന്നു. മാത്രമല്ല അങ്ങനെയല്ലാത്ത എഴുത്തുകാരെയും പ്രസ്ഥാനങ്ങളെയും രൂക്ഷമായി എതിർത്തിരുന്നു. അരാഷ്ട്രീയ എഴുത്തുകാരനായ അഴീക്കോടിൻറെ ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു. എന്ന പുസ്തകത്തെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ എന്ന പേരിൽ  തന്നെ വിമർശനലേഖനം എഴുതിയിട്ടുണ്ട്.

മേൽ ഉദ്ധരിച്ച,കെ.പി.അപ്പൻ്റെ കാര്യത്തിൽ എന്നപോലെ അരാഷ്ട്രീയതയോട്  കർശനമായ നിലപാട് സ്വീകരിച്ചിരുന്നു. അപ്പൻ്റെ അസ്തിത്വത്തെ തന്നെ റദ്ദ് ചെയ്യുന്ന നിലപാട് ഇവിടെ കണ്ടത്. അപ്പനെ കുറിച്ച് പറയാൻ തുടങ്ങുമ്പോൾ അപ്പൻ അനുകരിച്ച കോളിൻ വിൽസനെക്കുറിച്ചാണ് പറയുന്നത്.(വിൽസൻ നൈറ്റിനെയും കോളിൻവിൽസനെയും അപ്പൻ പകർത്തിയതിനെ മുൻനിർത്തി വി.പി.ശിവകുമാറും പരിഹസിച്ചിട്ടുണ്ട്.) ഇത്തരത്തിലുള്ള അരാഷ്ട്രീയ ആധുനികതാവാദഎഴുത്തുകാരെയും ഭക്തി സാഹിത്യത്തെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്.

“ആശാന്റെയും വള്ളത്തോളിൻ്റെയും ഒക്കെ കാലത്ത് സാമൂഹിക ധർമ്മ ച്യുതിയോട് ഫലപ്രദമായി പ്രതിഷേധിക്കാനും ധർമ്മം നിർവഹിക്കാനും അവർക്ക് കഴിഞ്ഞു എന്നിടത്താണ് ആധുനിക കവിതയുടെ ശോച്യാവസ്ഥ നമുക്ക് ബോധ്യപ്പെടുക. ജീവിതത്തിൻറെ സ്വരൂപം എന്തെന്ന് വ്യക്തമായി നിർണയിക്കാനുള്ള പൊതു കഴിവുകേടിന്റെ ഭാഗമായാണ് ഈ ദൗർഭാഗ്യം ഉണ്ടാകുന്നത് “

അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം ഒരു തികഞ്ഞ പരാജയം എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. റിൽക്കെയുടെയും ഇലിയട്ടിൻ്റെയും സ്വാധീനമുള്ള ‘കുരുക്ഷേത്രം’ ഒരു തികഞ്ഞ പരാജയമാണെന്ന് താൻ കരുതുന്നു എന്നാണ് വിജയൻ മാഷ് പറയുന്നത്. മാത്രമല്ല ഇപ്പോൾ പണിക്കരെ രൂക്ഷമായി വിമർശിച്ച തായാട്ട് ശങ്കരൻ്റെ കൃതിയെ മിച്ചതായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. തായാട്ട് ശങ്കരനെ ശൂന്യപാത്രങ്ങൾ എറിഞ്ഞുടച്ച എന്നാണ് വിശേഷിപ്പിക്കുന്നത്

തായാട്ടിനെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്:

“ തായാട്ടിന്റെ നിരൂപണം ശ്രദ്ധിക്കപ്പെടുന്നത് പണിക്കരുടെ കവിതകൾക്ക് എഴുതിയ പ്രത്യാഖ്യാനത്തോടെയാണ്. അദ്ദേഹത്തിൻറെ പ്രധാനപ്പെട്ട ഒരു സാഹിത്യ പ്രവർത്തനം തന്നെയായിരുന്നു…. ശ്രദ്ധിക്കണമെങ്കിൽ മുഖത്ത് ചെരുപ്പ് കൊണ്ട് അടിച്ചു മന്ത്രസ്വരത്തിൽ പറയണം എന്ന ബർണാഡ് ഷായുടെ  തത്ത്വമനുസരിച്ച് തന്നെയാണ് തായാട്ട് കൃതികൾ എഴുതിയിരുന്നത്. അദ്ദേഹം പറയാൻ ഉദ്ദേശിച്ചത് വളരെ പ്രധാനപ്പെട്ട മിക്കപ്പോഴും വിസ്മരിക്കപ്പെട്ടു പോകുന്ന സരളമായ ഒരു കാര്യമാണ്. സാഹിത്യം മനുഷ്യന് ഭക്ഷിക്കാനുള്ള ഒരു ആഹാരമാണ് എന്നുള്ളതാണ് സത്യം. എല്ലാ കലകളും എന്തിനാണ് എന്ന പഴയ ചോദ്യത്തിന് വലിയ വലിയ ഉത്തരം നൽകാം. എന്നാൽ അതിനുള്ള ചെറിയ ഉത്തരമാണ് ഏറ്റവും ശരിയായ ഉത്തരം. “

സാഹിത്യം വിശപ്പിനുള്ളതാണ് എന്നതാണ് ഇവിടെ അദ്ദേഹം പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം. എന്നാൽ അങ്ങനെ അല്ലാത്ത ലഘുവായ സാഹിത്യകൃതികളെ വലുതാക്കി കാണിക്കുക എന്ന് പറയുന്ന പ്രവർത്തനമാണ് മാധ്യമരംഗത്തും എഴുത്തുരംഗത്തും കാണുന്നത്. വ്യാജമായ ഒരു സാഹിത്യ ചരിത്ര നിർമ്മിതിക്ക് വേണ്ടി ആസൂത്രിതമായി നിർമ്മിക്കപ്പെട്ട മിത്തായിരുന്നു ആധുനിക കവിതയുടെ ഉദ്ഘാടകനായി പ്രതിഷ്ഠിക്കപ്പെട്ട അയ്യപ്പപ്പണിക്കർ.അതുകൊണ്ട് ആണ് അതിനെ എതിർക്കുന്ന രൂക്ഷമായ വിമർശനരീതി പിന്തുടർന്ന തയാട്ടിനെ  വിജയൻ മാഷ് സ്വീകരിക്കുന്നത്: ‘

‘’ചെറിയ കാര്യങ്ങൾ വലുതായി തോന്നിപ്പിക്കുവാനുള്ള കഴിവിനെ പറ്റി പറഞ്ഞല്ലോ ഊണിന് വിളമ്പുന്ന പപ്പടത്തിന്റെ ചിഹ്നമൂല്യം അതാണെന്നു തോന്നുന്നു വലിയ പല്ലു വേണമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന, പല്ലില്ലാത്തവർക്കും കഴിക്കാവുന്ന ഒരു ആഹാരസാധനമാണത്. അതൊരു കുമിള മാത്രമാണത്. ഏഴ് പപ്പടം ഒന്നിച്ചു പൊട്ടിച്ചവനാണ് എന്ന് നമ്മുടെ നാട്ടിൽ നാട്ടിൻപുറത്ത് ഫലിതം പറയാറുണ്ട് .ഇങ്ങനെ ഏഴു പപ്പടവും ഏഴ് കവിതയും ഏഴായിരം പുസ്തകവും ഒന്നിച്ചു പഠിച്ച ആളുകൾ നമ്മുടെ നാട്ടിൽ വലിയ ശല്യം ചെയ്യുന്നു എന്നതു കൊണ്ടാണ് തായാട്ട് തന്റെ പ്രത്യേകമായ ഒരു രീതി അവലംബിച്ചത് എന്ന് ഞാൻ കരുതുന്നു”

ഉത്തരാധുനികതയും ഇങ്ങനെ ഏഴു പപ്പടവും ഏഴു കവിതയും ഏഴായിരം പുസ്തകങ്ങളുമായി എത്തിയതാണ്. വിശപ്പിനുള്ളത് ആയിരുന്നില്ല എന്നു മാത്രം. എഴുത്തച്ഛനായാലും ദറിദയായാലും അതു തന്നെയായിരുന്നു മാനദണ്ഡം. എഴുത്തച്ഛൻ്റെ രാമായണം അറു വഷളൻ കൃതി എന്നാണ് വിമർശിക്കുന്നത്:

“ശ്രീരാമരാമരാമ, എന്നുള്ളതൊക്കെ മാറ്റിവച്ച് വായിച്ചുനോക്കിയാൽ അതൊരു അറുവഷളൻ സാധനമാണ് എന്ന് നിങ്ങൾക്കും മനസ്സിലാകും. ഒരു ക്രെഡിബിലിറ്റി ഇല്ലാത്ത, അർത്ഥബോധ മില്ലാത്ത, ഒരു യുക്തിബോധമില്ലാത്ത, ഒരു വൈകാരിക ബോധമില്ലാത്ത ഒന്ന്. “

എഴുത്തച്ഛൻ ആചാര്യൻ ആയതിന് കാരണം വിവരിക്കുന്നുണ്ട്:

‘’പുരാണങ്ങൾ തർജ്ജമചെയ്‌ത്‌ വൈഷ്ണവ ۵۵۰ പ്രചരിപ്പിക്കാൻ സാമൂഹികമായും ഭാഷാപരമായും പ്രത്യയശാസ്ത്രപരമായും പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു രാഷ്ട്രീയ സംഘടനയുടെ മിഷണറിയായിരുന്നു എഴുത്ത ച്ഛൻ. ബുദ്ധമതം പോയ ഒഴിവിലേക്ക് വൈഷ്ണ വമതത്തെ ആനയിക്കാനുള്ള തെലുങ്ക് നാട്ടിലെ ആചാര്യപ്രസ്ഥാനത്തിലെ ഒരംഗമായിരുന്നു എഴുത്തച്ഛൻ. അതുകൊണ്ടാണ് അദ്ദേഹത്തെ ആചാര്യനെന്ന് വിളിക്കുന്നത്. അല്ലാതെ മലയാള ഭാഷ ഉണ്ടാക്കിയതുകൊണ്ടല്ല. അതിനുമുമ്പല്ലേ കൃഷ്ണഗാഥ ഉണ്ടായത്.”

ഉത്തരാധുനികതയും പഴയ ഭക്തി കാലത്തെ ആവർത്തനമായാണ് കണ്ടത്. ലോകത്തെ ചിതറിച്ചു കളഞ്ഞിട്ട് സത്യം ഒന്നിലും ഇല്ല എന്നു പറയുന്ന മായാവാദമാണത് എന്നു എം എൻ വിജയൻ പറഞ്ഞു.

അതായതു ഏതു ലാബിൽ പരീക്ഷണം നടത്തിയാലും ഏതു പ്രസ്ഥാനമായാലും ഏതു രീതിശാസ്ത്രം പിൻതുടർന്നാലും ഫലം കിട്ടുന്നുണ്ടോ വിശപ്പു മാറുമോ എന്നതായിരുന്നു എം എൻ വിജയൻ്റെ കലാദർശനം

വിവിധ രീതി ശാസ്ത്രങ്ങൾ

മനശ്ശാസ്ത്രപരവും ചരിത്രപരവും രാഷ്ട്രീയപരവും ഭൗമ ശാസ്ത്രപരവും അങ്ങനെ ഏതാണ്ട് എല്ലാ രീതിശാസ്ത്രവും കേസരിയെ പോലെ വിജയൻ മാഷും സ്വീകരിച്ചു.

ഒരു ലേഖനം തന്നെ ഉദാഹരിക്കാം:

കാവ്യകലയെ കുറിച്ച് ചില നിരീക്ഷണങ്ങൾ എന്നാണ് ഈ ലേഖനത്തിന്റെ പേര്.

അവ്യവസ്ഥിതത്വം (Ambiguity) കവിതയുടെ സ്വഭാവമാണ് എന്നു പറഞ്ഞിട്ട്

ഓരോ വാക്കുകൾ ഇങ്ങനെയാണ് കവിതയുടെ സ്ഥലത്ത് നിലകൊള്ളുന്നത് എന്ന് വിശദീകരിക്കുന്നു.പെൻസിൽ എന്ന പദത്തിന് പകരം തൂലിക എന്ന വാക്ക് ഉപയോഗിക്കുമ്പോൾ അത് ഒരു പക്ഷിയുടെ ശരീരത്തിൽ നിന്ന് വരുന്ന ഒരു വസ്തുവായിട്ട് മാറുന്നു. പണ്ട് തിരുവിതാംകൂറിലെ രാജാക്കന്മാർ ഡെക്കറേറ്റീവ് ഒബ്ജക്റ്റീവ് ആയിട്ട് ഒട്ടകപക്ഷിയുടെ തൂവൽ കീഴടങ്ങിയിരുന്നു എന്നും ചൂണ്ടിക്കാണിക്കുന്നു. തൂവൽ പറിച്ചെടുക്കുമ്പോൾ നോവും തൂവലിലൂടെ വിരിയുന്നത് ജീവരക്തം തന്നെയാണ് എന്ന് വൈലോപ്പിള്ളി പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ട് കവിതയിലെ വാക്കുകൾ എങ്ങനെ അർത്ഥങ്ങൾ കൊണ്ട് ജീവിതത്തെ തൊടുന്നു എന്ന കാര്യത്തിലേക്ക് പോകുന്നു. രാജാവിൻറെ തലയിൽ ഇരിക്കുന്ന അലങ്കാരഅർത്ഥത്തിൽ നിന്ന് വ്യത്യസ്തമായിട്ട് ജീവരക്തത്തെ തൊടുന്ന ഒരു അർത്ഥത്തിലേക്ക് കാവ്യത്തിലെ വാക്ക് പ്രവേശിക്കുന്നു അതുകൊണ്ടാണ് കവിതയുടെ സ്വഭാവം കൈവരിക്കുന്നത് എന്നാണ് പറയുന്നത്. ഭാഷാശാസ്ത്രപരമായ അറിവുകൊണ്ട് എന്താണ് കലയിലെ സൗന്ദര്യം

 വിലയിരുത്തുമ്പോഴും അധികാര പ്രശ്നം തന്നെയാണ് ഉന്നയിക്കപ്പെടുന്നത്.

ഈ ലേഖനത്തിൽ തന്നെ നമ്പ്യാർ വാഴത്തോട്ടത്തെ വിവരിക്കുമ്പോൾ പച്ചക്കദളിക്കുലകൾക്കിടയ്ക്കിടെ എന്ന് തുടങ്ങുന്ന വരികളിൽ വൈഡൂര്യം കടന്നുവരുന്നത്  ചൂണ്ടിക്കാട്ടുന്നു.എന്നാൽ ചങ്ങമ്പുഴക്ക് വാഴക്കുലയെ വൈഡൂര്യമായി സാമ്യപ്പെടുത്താൻ കഴിയുന്നില്ല. ആശയായി പ്രതീക്ഷയുടെ കൂമ്പായി മാറുന്നു അത് മറ്റാർക്കോ വെട്ടിക്കൊണ്ടുപോകാൻ ഉള്ളതായിട്ട് മാറുന്നു അത് ഒരു നവോത്ഥാന കാലഘട്ടത്തിലെ ആശയം ആയിട്ട് മാറുന്നു. ഇവിടെ എം എൻ വിജയൻ ചരിത്രപരമായ സമീപനമാണ് സ്വീകരിക്കുന്നത് അപ്പോഴും അത് ഇല്ലാത്തവൻ്റെ വിശപ്പുമായിട്ട് ബന്ധപ്പെട്ടു കിടക്കുന്നു.

മേഘസന്ദേശത്തിലെ മേഘത്തെക്കുറിച്ചും ഈ ലേഖനത്തിൽ പറയുന്നുണ്ട്. മേഘം കൊമ്പുകുത്തിക്കളിക്കുന്ന കൊമ്പനാനയായി, രതിക്രീഡയായി യക്ഷൻ കാണുന്നു. ദേശീയ പ്രസ്ഥാന കാലത്ത്  വള്ളത്തോൾ മേഘത്തെ നൂൽനൂൽക്കുന്ന പരുത്തിയായി ആണ് കണ്ടത്. ഉത്തരേന്ത്യയിൻ ഹിമാലയൻ ചുരങ്ങൾ വഴി പോയ കച്ചവടക്കാർ യാക്കി നു പുറത്ത് മഴക്കാലത്ത് മടങ്ങിവരും അതു കൊണ്ടാണ് ശൈശവ ഭാവന കൊണ്ട് തിരസ്കൃതനായ യക്ഷന് മേഘം പ്രണയമായി തോന്നുന്നത് എന്നു പറയുന്നു. അതായത് മഴ മേഘം ആ ഭൂപ്രകൃതിയിൽ സമാഗമവുമായും സമ്പത്തുമായും ബന്ധപ്പെട്ടിരിക്കുന്നു. ദേശീയ രാഷ്ട്രീയ സമരവുമായി വള്ളത്തോളിൻ്റെ മേഘം ബന്ധപ്പെട്ടിരിക്കുന്നു.

ഭൗമ ശാസ്ത്ര നിരൂപണം ഇവിടെ ഇനി വരാൻ വേണ്ടി കപ്പൽ കയറിയിട്ടുള്ള ഒരു വിമർശനരീതി ശാസ്ത്രമാണ്. ഡിജിമോഡേണിസവും ഡിജിറ്റൽ ഹ്യുമനിറ്റീസും പോലെ. കേസരിയും ഇത്തരം രീതി ശാസ്ത്രം സ്വീകരിച്ചിട്ടുണ്ട്. ബംഗാളിൽ ചിത്രകലയും തമിഴ്നാട്ടിൽ ശില്പകലയും ഉണ്ടാകാൻ കാരണം ഭൂമിശാസ്ത്രപരമായാണ് വിശദീകരിക്കുന്നത്. മണ്ണിൻ്റെ സവിശേഷതയാണ് വ്യത്യാസത്തിന് കാരണം എന്നു പറയുന്നുണ്ട്. ‘സാഹിത്യത്തിൻ്റെ ഭൂപടം’ എന്നൊരു ലേഖനം 2004ൽ വിജയൻ മാഷ് എഴുതുന്നുണ്ട്. Atlas Of Liteature എന്ന പുസ്തകത്തെ ഉദ്‌ ധരിച്ചു കൊണ്ടാണ് തുടങ്ങുന്നത്. പഴയൊരു പുസ്തകം എന്നാണ് പറയുന്നത്. ഇംഗ്ലീഷ് നിരൂപകനായ മാൽക്കം ബ്രാഡ്ബറി (Malcom Bradbury) എഡിറ്റ് ചെയ്ത 1996 ൽ എഴുതിയ പുസ്തകത്തെയാണ് ഉദ്ദേശിക്കുന്നത് എന്നു തോന്നുന്നു.ലോക സാഹിത്യത്തെ ഭൂമി ശാസ്ത്രപരമായി അടയാളപ്പെടുത്തുന്ന കൃതിയാണ്. പണ്ട് വ്യക്തികളെ കൊണ്ടാണ് ചരിത്രത്തെ അടയാളപ്പെടുത്തിയതെങ്കിൽ ഇന്നു സ്ഥലങ്ങളെ കൊണ്ട് എന്നായിരിക്കുന്നു എന്നു ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ Literary cartography, സാഹിത്യ ഭൂപടം എന്ന രീതി ശാസ്ത്രമാണ് മേഘസന്ദേശ നിരൂപണത്തിൽ സ്വീകരിക്കുന്നത്. ഏതൊക്കെ സ്വീകരിക്കുമ്പോഴും സാമ്പത്തിക ശാസ്ത്രം കൊണ്ടും ഭൂമിശാസ്ത്രം കൊണ്ടും തിരസ്കരിക്കപ്പെട്ടവരുടെ പ്രശ്നമായി കൃതിയെ കാണാൻ അദ്ദേഹത്തിനു കഴിയുന്നു. ജ്ഞാനങ്ങളും ജ്ഞാനശാഖകളും ആർക്കുവേണ്ടി, എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.

ആരാണ് എഴുത്തുകാരൻ?എന്താണ് കല? എന്താണ് അസ്വാദനം, എന്താണ് കലയുടെ ഉപയോഗം തുടങ്ങിയ കലാ ദർശനത്തിലെ ചോദ്യങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആരാണ് എഴുത്തുകാരൻ? എന്താണ് കല?

സാഹിത്യം വിശക്കുന്നവന്റെ വിളി ആയി സ്വീകരിക്കുന്നതുകൊണ്ട് തന്നെ പുരോഗമന കലാസാഹിത്യകാരനെയാണ് ഏറ്റവും വലിയ സാഹിത്യകാരനായിട്ട് കാണുന്നത്. പുരോഗമന സാഹിത്യകാരൻ എന്ന് പറയുമ്പോൾ കേസരിയെ പോലുള്ള എഴുത്തുകാരെയാണ് ഉദ്ദേശിക്കുന്നത് പുരോഗമനം അലങ്കാരമായി കണ്ടവരെയോ അതും ഉപേക്ഷിച്ച വികസന കലാ സാഹിത്യകാരന്മാരെയോ അല്ല ഉദ്ദേശിക്കുന്നത്. എഴുത്തുകാരൻ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് ഒരു കാലഘട്ടത്തിൽ നമ്മുടെ ഭാവിയെ അപകടപ്പെടുത്തുന്നത് എന്താണ് എന്ന് മനസ്സിലാക്കി ഉണർന്നിരിക്കുന്ന ആളിനെയാണ്. സ്വപ്നങ്ങൾ തീർക്കുന്നയാളിനെയാണ് കലാകാരൻ എന്നു വിളിക്കുന്നത്.

“ ഒരു കിനാവിനെ സാമൂഹ്യ അനുഭവമായി ആസ്വാദ്യമായി തലകീഴായ സ്വപ്നം ആക്കി തീർക്കുന്നവൻ ഇന്ന് ജീവിച്ചുകൊണ്ട് ഒരു നാളെ കുറിച്ച് ഇവിടെ ഇഴഞ്ഞുകൊണ്ട് പറക്കുന്ന ഒരു കാലത്തെക്കുറിച്ച് സ്വപ്നം കാണാൻ ഉള്ള കഴിവാണ് കലാകാരന്റെ കഴിവ്”

ഫ്രോയിഡ് ദിവാസ്വപ്നമാണ് കല എന്നു പറയുന്നുണ്ട്. എന്നാൽ അത് ഉപരിവർഗ്ഗജന പ്രിയ കലയ്ക്ക് വേണ്ടി പറയുന്ന നിർവ്വചനമാണ്. ദിവാസ്വപ്നത്തിൽ ഇച്ഛയില്ല. തലകീഴായ സ്വപ്നം എന്നാണ് ഇവിടെ പറയുന്നത്.അതായത് മാർക്സ് പറയുന്ന പ്രത്യയശാസ്ത്ര പ്രവർത്തനം കൂടി കലയിൽ സംഭവിക്കുന്നുണ്ട്. സ്വന്തം സ്ഥലത്ത്, കാലത്ത് ഇഴഞ്ഞു കൊണ്ട് ചിറകുള്ള കാലത്തെ സ്വപ്നം കാണുന്ന പുഴുവാണ് കലാകാരൻ. വാക്കിനെ കുറിച്ച് ഇങ്ങനെ പറയുന്നു:

‘’ഒരുപാട് വെളിച്ചം ഉണ്ടാക്കുന്ന ഒരിക്കലും തീരാത്ത അർത്ഥ പരമ്പരകൾ ഉണ്ടാക്കുന്ന ഒരു സംഭവം. അബോധത്തിൽ തലചായ്ച്ചുറങ്ങുകയും ബോധത്തിൽ തല ഉയർത്തി നിൽക്കുകയും ചെയ്യുന്ന ഇരുതലയുള്ള ശിശുവാണ് വാക്ക് “

കവിതയെ ഇങ്ങനെ നിർവ്വചിക്കുന്നു:

‘’സാധ്യതകളുടെയും അർത്ഥങ്ങളുടെയും വലിയ തോട്ടം. തലയിൽ നിന്ന് പറിച്ചെടുത്ത് സമുദായത്തിൽ തലകീഴായി നടുന്ന ഇച്ഛയാകുന്നു കവിത. ‘പൊയട്രി ഈസ് ഇൻവെർട്ടർ ഡ്രീം’’

മാർക്സിൻ്റെയും കാഡ്വലിൻ്റെയും നിലപാടുകളുടെ സ്വാധീനം ഇവിടെ കാണാം. കാണുന്ന ലോകത്തിൻ്റെ, സത്യത്തിൻ്റെ മറിച്ചിടൽ ആണ് കല. ശീർഷാസനം എന്നു തൻ്റെ ഗ്രന്ഥത്തിന് ശീർഷകം നല്കുന്നത് അതുകൊണ്ടാണ്. എഴുത്തുകാരൻ്റെ തലയും സാമൂഹ്യ സ്ഥലവും തമ്മിലുള്ള വൈരുധ്യാത്മക പ്രവർത്തനമാണ് കല. എഴുത്തുകാരൻ എന്നത് ഒരു പ്രവർത്തനമാണ്. കർതൃത്വത്തിൻ്റെ നിർമ്മിതിയാണ് അത്, മരണമല്ല. അതുകൊണ്ടാണ് കർതൃത്വത്തിൻ്റെ മരണം എന്ന ഉത്തരാധുനിക പ്രമേയത്തെ അദ്ദേഹം എതിർത്തത്.

ഒരു കലാകാരനും ചരിത്ര പ്രവാഹത്തിൻ്റെ കരയിൽ കയറി നില്ക്കാൻ കഴിയില്ല എന്നതുകൊണ്ടാണ് കലയ്ക്ക് ശാശ്വതമൂല്യമില്ല എന്നു എം എൻ വിജയൻ പറഞ്ഞത്.

എന്താണ് കലാസ്വാദനം?

കാവ്യാസ്വാദനത്തിന് ധ്വന്യാ ലോകകാരനൊക്കെ ഉപയോഗിച്ച ഒരു വാക്കാണ് ചർവ്വണ.എപ്പോഴും ചവച്ചു കൊണ്ടിരിക്കുക. ഭക്ഷണം കഴിക്കില്ല, മറിച്ച് വെറുതെ ചവച്ചു കൊണ്ടിരിക്കുക എന്നുള്ളതാണ്. എന്നാൽ വെറുതെ ചവച്ചു കൊണ്ടിരിക്കുക ഒരു ഉല്പാദന പ്രവർത്തനം അല്ല എന്നാണ് മാഷ് പറയുന്നത്. മുതലാളിത്ത സംസ്കാരത്തെ ചൂയിംഗം കൾച്ചർ എന്നാണ് പറയുന്നത്. വയറ് നിറയാനല്ല,ചൂയിംഗം കഴിക്കുക.വെറുതെ ഒരു രസത്തിനാണ്. എന്നാൽ വിശപ്പ് തീർക്കാനുള്ള ഭക്ഷണമാണ് സാഹിത്യം എന്നാണ് മാഷ് പറയുന്നത്.നാട്യശാസ്ത്രകാരൻ അങ്ങനെ തന്നെയാണ് പറഞ്ഞത്. പല രസങ്ങൾ കൂട്ടി ഭക്ഷണം കഴിക്കുന്നതിനോടും മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയ ചേർത്ത് രസം വയ്ക്കുന്നതു പോലെയുമാണ് ആസ്വാദനം. പുതിയ രസം ഉണ്ടാക്കുക അതാണ് വായനയിൽ സംഭവിക്കുന്നത്. ഒരു നിർമ്മാണ പ്രവർത്തനമാണ് അത്.

“രണ്ടാളുകൾക്ക് ഒരു രുചി അറിയില്ല ഒരു കാലഘട്ടത്തിൻറെ ഉമിനീർ കൂട്ടിയാണ് ഒരു വായനക്കാരൻ പുസ്തകം വായിക്കുന്നത് “

വായന ഒരു നിർമ്മാണ പ്രവർത്തനമാണ് എന്നാണ് വിജയൻ മാഷ് പറയുന്നത്. ചരിത്രത്തിൻ്റെ ഉമിനീരാണ് കൃതിക്ക് പുതിയ വായന നല്കുന്നത്.

അതു കൊണ്ട് തന്നെ ചരിത്രത്തിൻ്റെ ഉമിനീരിൽ പ്രതിപ്രവർത്തിപ്പിച്ച് അനുഭവങ്ങളെ പുനർനിർമ്മിക്കുക എന്നതാണ് ആസ്വാദനം.

കലയിലെ ശാശ്വതീകത്വം

അതുകൊണ്ട് തന്നെ കാലാതീതമോ അലൗകിക മോ ആയ കല എന്നൊന്നില്ല. കാലാതീതമാവുക എന്നത്  കലാവൈശിഷ്ഠ്യമല്ല. ചരിത്രത്തിൻ്റെയും കാലത്തിൻ്റെയും ഉമിനീരിൽ ലയിച്ച് മറ്റൊന്നാവുക എന്നതാണ് കലയിലെ ശാശ്വതീ കത്വം. അങ്ങനെയാണ് കല കാലാതീതമാകുന്നത്. ഒറ്റയ്ക്ക് ഒരു കലയ്ക്കോ കലാകാരനോ  ശാശ്വതമാകാൻ കഴിയില്ല.

മാഷിൻ്റെ വാക്കുകൾ:

“കല്ലുകൊണ്ട് ഉണ്ടാക്കിയാൽ കല്ലായതുകൊണ്ട് കുറേക്കാലം ഇരിക്കും. കല്ലുകളൊക്കെ അങ്ങനെ നിൽക്കുന്നത് കല്ലുകളായത് കൊണ്ടാണ്. അല്ലാതെ അനശ്വരമായ സൗന്ദര്യം കൊണ്ടൊന്നുമല്ല. അന ശ്വരമായത് എത്രയോ നശിച്ചിട്ട് അതിന്റെ മീതെ യാണ് നമ്മളിരിക്കുന്നത്.

എഴുതിയത് അച്ചടിക്കാൻ കഴിയാതെപോയ എത്ര കവിതകൾ നമ്മൾ മറന്ന് പോകുന്നു. അച്ചടിക്കാൻ കൊള്ളാത്ത ബോറൻ കവിതകൾ പാഠപുസ്ത‌കമായി വായിച്ചിട്ട് മരിക്കുന്നത് വരെ മറക്കാൻ കഴിയാതെ നമ്മൾ വിഷമിക്കുന്നുണ്ട്. പഠിച്ചില്ലെങ്കിൽ മാർക്ക് കിട്ടുകയില്ല. അതുകൊണ്ട് പഠിക്കും. പിന്നെ മറക്കാനും കഴിയില്ല.

രാമായണം നിലനിൽക്കുന്നത് രാമായണത്തിന്റെ ഗുണം കൊണ്ടല്ല. രാമായണം മതഗ്രന്ഥമായത് കൊണ്ടാണ്. കർക്കിടകത്തിൽ രാമായണം വായിക്കണം. എല്ലാവരും വായിക്കുന്നു. മനഃപാഠമാക്കു ന്നു. എല്ലാ പാഠപുസ്‌തകങ്ങളിലും എടുത്തുദ്ധരിക്കുന്നു. സാഹിത്യം, കല എന്നൊക്കെപ്പറയുന്നത് അച്ചാറ് പോലെ കുറേക്കാലത്തേയ്ക്ക് വേണ്ടി ഉണ്ടാക്കിവച്ചതല്ല. അച്ചാർ തിന്നിട്ട് ജീവിക്കാൻ പറ്റില്ല. ജീവിക്കാൻ ചോറുതന്നെ തിന്നണം. അച്ചാർ ഒരു കൊല്ലമിരിക്കും. ചോറ് ഒരു ദിവസമേ ഇരിക്കൂ. ജീവി തമെന്ന് പറയുന്നത് അച്ചാറല്ല; ചോറാണ്.”

എന്നാൽ ചരിത്രം നിർമ്മിക്കുന്ന പേരറിയാത്ത മനുഷ്യരുണ്ട്.അതു പോലെ പേരറിയാത്ത അധ്വാനങ്ങൾ സൃഷ്ടിക്കുന്ന കവിതകൾ ചരിത്രത്തിലൂടെ സഞ്ചരിക്കുകയും ചരിത്രത്തെ ഭാവന ചെയ്യുകയും ചരിത്രത്തെ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇഴഞ്ഞു കൊണ്ട്  പറക്കുന്ന കാലത്തെ നിർമ്മിക്കാനുള്ള ശ്രമം എന്ന നിലയിലാണ് കലയുടെ പ്രസക്തി.അതാണ് കലയുടെ ശാശ്വതീകത്വം.

അതു കൊണ്ടാണ് എം എൻ വിജയൻ ഇങ്ങനെ പറയുന്നത്:

“ഭാവി നിർമ്മിക്കുന്നവനാണ് ഭാവിയുടെ അവകാശി. കവിതയും ഭാവിക്കുവേണ്ടിയുള്ള സമാധിയല്ലെങ്കിൽ മറ്റെന്താണ്. വാക്കുകൊണ്ട് താൻ നൂറ്റു കൊണ്ടിരിക്കുന്ന ഈ നനുത്ത പുതപ്പിന് പുറ ത്തേയ്ക്ക് പുതിയ ആകാശങ്ങൾ അളന്നെടുക്കാൻ ചിറകുമുളച്ച ചരിത്രം പറന്നു വരികതന്നെ ചെയ്യും. അതിരുകളില്ലാത്ത ഈ സാധ്യതയുടെ വിതാന ങ്ങളിൽ സ്വയം നിർമ്മിക്കുന്ന പുതിയ ലോകമാണ് ഏത് കവിയുടേയും ലക്ഷ്യം. തലമുറകളിൽ കിനാവിൻ്റെ വിത്തുകൾ എറിഞ്ഞു മറഞ്ഞുപോകുന്ന കവി വർഗ്ഗത്തിന്റെ ധർമ്മം. മരണവും ഒരവസാന വാക്കല്ല.”

കലയുടെ പ്രയോജനമെന്ത്?

അതു കൊണ്ട് തന്നെ കലയുടെ പ്രയോജനം പുതിയ ലോകത്തിൻ്റെ നിർമ്മിതിയാണ്. അതിന് വേണ്ടിയുള്ള ഉപകരണമാകുക എന്നതാണ്. ഇങ്ങനെ പറഞ്ഞു:

‘’ എല്ലാ കലയുടെയും ഉപയോഗം ഒരു ആയുധമായി തീരുക എന്നുള്ളതാണ് കലക്ക് നമ്മുടെ സ്വസ്ഥതയെ നമ്മുടെ ജാഗ്രതയെ നമ്മുടെ അലസതയെ നമ്മുടെ കാലഘട്ടത്തിൻറെ ഭോഗാലസ്യത്തെ തട്ടിയുണർത്തുന്ന മൂട്ടയായി തീരാനും പിറകിൽ വന്നു നമ്മെ കടിക്കാനും നമ്മെ ഉണർത്താനും നമ്മെ ചരിത്രത്തിലെ ഉദ്ബുദ്ധരാക്കി തീർക്കാനും കഴിയും നാം എത്തിച്ചേർന്ന ലോകം മാത്രമല്ല നമുക്ക് എത്തിച്ചേരാവുന്ന ലോകം ഏതെന്ന് വിളിച്ചു പറയുകയാണ് എന്നും കലയുടെ ധർമ്മം”

നമ്മുടെ പാഠ്യപദ്ധതികളിൽ നിന്നും ശാസ്ത്രത്തിനൊപ്പം (ഇന്ന് പ്രയുക്ത ശാസ്ത്രം മാത്രമേ ഉള്ളൂ) സാഹിത്യവും കുടിയിറക്കപ്പെടുന്നു എന്നു പറയുന്ന സന്ദർഭത്തിൽ എന്താണ് കലയുടെ ഉപയോഗം എന്നു പറയുന്നുണ്ട്:

നൂറു ചെടികൾ ആറു ശലഭങ്ങൾ 10 സ്വാതന്ത്ര്യ കഥകൾ …എല്ലാവരും പ്രോജക്ട് ചെയ്യുന്നു. തിങ്കളാഴ്ച അറിവ് കൊയ്തെടുക്കാം. വിദ്യാഭ്യാസത്തിൽ അടങ്ങിയ വൈകാരികതലം തിരിച്ചറിയാത്ത വിദഗ്ധന്മാരും അധികാര വർഗ്ഗവും സംതൃപ്തിയുടെ നടുവിലും ശൂന്യമായ ഒരു സമുദായത്തെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ആയിരം മനസ്സുള്ള ഷേക്സ്ഫിയറിൽ  മുങ്ങി നിവരുമ്പോൾ നിങ്ങൾ മറ്റൊരാളായി തീരും. മനുഷ്യന്റെ ജീവിതം ഏറെക്കുറെ അവൻ്റെ സൃഷ്ടി തന്നെയാണ്. അത് അവസാനിക്കുന്നില്ല. കവികൾ മൂല്യങ്ങൾ – ജീവിക്കാനും മരിക്കാനുള്ള കാരണങ്ങൾ – സൃഷ്ടിക്കുന്നു. ജീവിതത്തിന് അർത്ഥങ്ങളുണ്ടാക്കുന്നു. യന്ത്രങ്ങൾ സൃഷ്ടിക്കുന്നത് ഉപഭോക്താക്കളെയാണ്.”

അർത്ഥശൂന്യമായ ജീവിതവും അർത്ഥശൂന്യമായ മരണവും ആണ് കല അകന്നു പോകുന്ന സമൂഹത്തിൻ്റെ വിധി. ആയിരം മനസ്സുള്ള കലാജീവിതങ്ങളിൽ മുങ്ങി നിവരുമ്പോൾ ഓരോരുത്തരും മറ്റൊരാളായി മാറുന്നു. ഈ ലോകത്തിനു വേണ്ടി, സമൂഹത്തിനു വേണ്ടിയുള്ളവരായി മാറുന്നു.

ചുരുക്കത്തിൽ വിശക്കുന്നവൻ്റെ വിളി കേട്ടുകൊണ്ട്, ചരിത്രത്തിലും ഭൂമിയിലും ഇഴഞ്ഞു കൊണ്ട് ഭാവിയുടെ ചിറകുകൾ ഭാവന ചെയ്യുക എന്നതാണ് കലയെ സംബന്ധിച്ചുള്ള, എം എൻ വിജയൻ്റെ ദർശനം

ഡോ. ഷൂബ കെ.എസ്സ്.

പ്രൊഫസർ, മലയാള വിഭാഗം, ഗവൺമെന്റ് കോളേജ് , നെടുമങ്ങാട്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x