ഫാദർ ജിൻസ് എൻ ബി

Published: 10 october 2026 ഇന്ത്യനറിവ്

കേരളീയ വിജ്ഞാന വ്യവസ്ഥയും നാടൻ കളികളും

കല്ലിന്മേൽ കല്ല് കളി അഥവാ കോരിക്കളിയുടെ സാമൂഹിക-ശാരീരിക- ശാസ്ത്ര വിശകലനം

ആമുഖം

മാനവ സംസ്കാരത്തിന്റെയും സാമൂഹിക പരിണാമത്തിന്റെയും ചരിത്രത്തോളം തന്നെ സുദീർഘമായ പാരമ്പര്യമുള്ള ഒന്നാണ് കളികളും വിനോദ പ്രക്രിയകളും. ഒരു ജനസമൂഹത്തിന്റെ സവിശേഷമായ ജീവനരീതികൾ, ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ, സാമൂഹിക ഘടന, പ്രകൃതിയുമായുള്ള ജൈവിക പാരസ്പര്യം എന്നിവയുടെ സമന്വയത്തിൽ നിന്നാണ് തനത് നാടൻ കളികൾ രൂപപ്പെടുന്നത്. കേരളീയ വിജ്ഞാന വ്യവസ്ഥയുടെ (Kerala Knowledge System) പശ്ചാത്തലത്തിൽ വിശകലനം ചെയ്യുമ്പോൾ, ഇത്തരം കായികവിനോദങ്ങൾ കേവലം ആനന്ദോപാധികൾ എന്നതിലുപരി ശാരീരിക-മാനസിക ആരോഗ്യസംരക്ഷണവും സാമൂഹിക ശാസ്ത്ര തത്ത്വങ്ങളും അന്തർലീനമായ ഒരു സമഗ്ര വിജ്ഞാന ശാഖയായിരുന്നു എന്ന് വ്യക്തമാകുന്നു. ആധുനിക സാങ്കേതികവിദ്യയുടെയോ കൃത്രിമ കായിക സാമഗ്രികളുടെയോ സഹായമില്ലാതെ, പ്രകൃതിദത്തവും പ്രാദേശികവുമായി ലഭ്യമായ വസ്തുക്കൾ മാത്രം പ്രയോജനപ്പെടുത്തി രൂപകൽപ്പന ചെയ്തവയാണ് കേരളത്തിന്റെ പരമ്പരാഗത കളികൾ എന്നത് ശ്രദ്ധേയമാണ്.

 കേരളത്തിന്റെ ഗ്രാമീണ മേഖലകളിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചിരുന്ന അത്തരം ഒരു പ്രധാന കായിക വിനോദമാണ് ‘ കല്ലിന്മേൽ കല്ല് കളി’ അഥവാ ‘ചട്ടിക്കളി’ (ഇന്ത്യയിലൊട്ടാകെ ഇത് ‘ലഗോരി’ എന്നും അറിയപ്പെടുന്നു). പരന്ന രണ്ട് വശങ്ങളുള്ള കല്ലുകളോ മൺചട്ടി തുണ്ടുകളോ ,ഓടിൻ കഷ്ണങ്ങളോ ഒന്നിനുമുകളിൽ ഒന്നായി അടുക്കിവെച്ച് പന്തുകൊണ്ട് എറിഞ്ഞു വീഴ്ത്തുന്നതാണ് ഈ കളിയുടെ പ്രധാന രീതി. 7 എണ്ണം, 9 എണ്ണം എന്നിങ്ങനെ പ്രാദേശിക വ്യത്യാസങ്ങൾ ഇതിലുണ്ട്. കല്ലടുക്ക് എറിഞ്ഞ് വീഴ്ത്തുന്ന ടീമും, എതിർ ടീമിന്റെ ആക്രമണത്തിൽ നിന്ന് സ്വയം രക്ഷിച്ച് ആ കല്ലുകൾ വീണ്ടും കൃത്യമായി അടുക്കിവെക്കാൻ ശ്രമിക്കുന്ന ടീമും തമ്മിലുള്ള ഒരു മത്സരമാണിത്.

കേവലം ഒരു ഗ്രാമീണ വിനോദം എന്നതിനപ്പുറം, ഭൗതികശാസ്ത്രത്തിലെ ചലനനിയമങ്ങൾ, ജ്യാമിതീയ കൃത്യത, ഉന്നംവെക്കാനുള്ള ഏകാഗ്രത, തന്ത്രപരമായ ചിന്തകളുടെ രൂപീകരണം (Strategic thinking) എന്നിവയുടെ പ്രായോഗിക തലം കൂടിയാണ് ഈ കളി. ഒപ്പം, കൂട്ടായ പ്രവർത്തനത്തിന്റെ സാമൂഹിക പാഠങ്ങളും ഇത് പ്രധാനം ചെയ്യുന്നു. എന്നാൽ, സമകാലിക ഡിജിറ്റൽ യുഗത്തിന്റെ കടന്നുകയറ്റവും, നഗരവൽക്കരണം മൂലമുള്ള കളിക്കളങ്ങളുടെ ദൗർലഭ്യവും, തിരക്കുപിടിച്ച ജീവിതക്രമങ്ങളും ഈ തദ്ദേശീയ കായിക സംസ്കാരത്തെ വിസ്മൃതിയിലേക്കും വിനാശത്തിലേക്കും നയിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിൽ, കല്ലിന്മേൽ കല്ല്/ഡപ്പകളി/ചട്ടിക്കളി / കോരി കളി / ഏറ് പന്ത് എന്നെല്ലാം അറിയപ്പെടുന്ന പരമ്പരാഗത വിനോദത്തെ കേരളീയ തനത് വിജ്ഞാന ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സൈദ്ധാന്തികമായി അടയാളപ്പെടുത്താനും, അതിന്റെ പ്രസക്തിയെ ആധുനിക സമൂഹത്തിന് മുന്നിൽ പുനർവ്യാഖ്യാനിക്കാനുമുള്ള ശ്രമമാണ് ഈ പഠനം ലക്ഷ്യമിടുന്നത്.

ഗവേഷണ രീതിശാസ്ത്രം

കേരളീയ വിജ്ഞാന വ്യവസ്ഥയുടെ ഭാഗമായ നാടൻ കളികളെക്കുറിച്ചുള്ള പഠനമായതുകൊണ്ട് തന്നെ, ഈ പഠനം പ്രധാനമായും ഗുണപരമായ ഗവേഷണ രീതിയെയാണ്  അവലംബിച്ചിരിക്കുന്നത്. ചരിത്രപരവും നരവംശശാസ്ത്രപരവുമായ സമീപനത്തിലൂടെയാണ് വിവരശേഖരണവും വിശകലനവും നടത്തിയിട്ടുള്ളത്. ഇതിനായി താഴെ പറയുന്ന മാർഗ്ഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്:

വിവരശേഖരണം

i)അഭിമുഖങ്ങൾ: കേരളത്തിലെ ഗ്രാമീണ മേഖലകളിൽ മുൻകാലങ്ങളിൽ ഈ കളികളിൽ സജീവമായി ഏർപ്പെട്ടിരുന്ന മുതിർന്ന വ്യക്തികൾ, പ്രാദേശിക കായിക പ്രതിഭകൾ എന്നിവരുമായി നേരിട്ട് അഭിമുഖങ്ങൾ നടത്തി. കളിയുടെ നിയമങ്ങൾ, പ്രാദേശിക വകഭേദങ്ങൾ, പണ്ട് ഉപയോഗിച്ചിരുന്ന സാമഗ്രികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവരിലൂടെയാണ് ക്രോഡീകരിച്ചത്. ii) പങ്കാളിത്ത നിരീക്ഷണം : കോരികളി/ചട്ടിക്കളി എന്നിവ നിലവിലും കളിക്കുന്ന ചില ഗ്രാമീണ കൂട്ടങ്ങൾ നേരിട്ട് സന്ദർശിക്കുകയും, കളിയുടെ ശാരീരിക ചലനങ്ങൾ, എറിയുന്ന ദൂരം, കല്ലുകളുടെ അടുക്കൽ എന്നിവ നിരീക്ഷിക്കുകയും ചെയ്തു.

വിവര വിശകലന രീതി

ശേഖരിച്ച വിവരങ്ങളെ കേവലം ഒരു കായിക വിനോദം എന്ന നിലയിലല്ല വിശകലനം ചെയ്തത്. അതിനെ താഴെ പറയുന്ന പ്രധാന തലങ്ങളിലായി തരംതിരിച്ച് കേരളീയ തനത് വിജ്ഞാനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിച്ചിരിക്കുന്നു: i)ശാസ്ത്രീയ തലം: കല്ലുകളുടെ ഘടന, എറിയലിന്റെ വേഗത, കോൺ (Angle) എന്നിവയിലെ ഭൗതിക-ഗണിത തത്വങ്ങൾ.ii)ആരോഗ്യ തലം: കളിക്കാരുടെ ചടുലത, ഏകാഗ്രത എന്നിവയെക്കുറിച്ചുള്ള കായിക-ആരോഗ്യ ശാസ്ത്രപരമായ വിശകലനം.iii)സാമൂഹിക തലം: കളിയിലൂടെ രൂപപ്പെടുന്ന പരസ്പര സഹകരണവും സാമൂഹിക ബോധവും, വൈകാരിക ഉത്തേജനവും.

കേരളീയ വിജ്ഞാന വ്യവസ്ഥാ അടിസ്ഥാനത്തിലുള്ള വിശകലനം

കേരളീയ വിജ്ഞാന വ്യവസ്ഥ (Kerala Knowledge System) എന്നത് പ്രകൃതിയോട് ഇണങ്ങി ജീവിച്ചുകൊണ്ട് ഒരു ജനത ആർജ്ജിച്ചെടുത്ത പ്രായോഗിക വിജ്ഞാനത്തിന്റെ സമാഹാരമാണ്.ഐന്തിണകളിലൂടെ രൂപമാറ്റം വന്ന ഈ കളി രൂപങ്ങൾക്ക് വ്യവസ്ഥാപിതമായ ഐകരൂപം കാണാൻ പറ്റും. ഡപ്പകളി അല്ലെങ്കിൽ കോരിക്കളിയെ കേവലം ഒരു വിനോദമായി കാണാതെ, ഈ വിജ്ഞാന വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ അതിൽ ശാസ്ത്രം, ആരോഗ്യം, പരിസ്ഥിതി ബോധം, സാമൂഹിക ദർശനം എന്നിവ അന്തർലീനമായി കിടക്കുന്നതായി കാണാം. ഈ ഘടകങ്ങളെ താഴെ പറയുന്ന രീതിയിൽ തരംതിരിച്ച് വിശകലനം ചെയ്യാം:

  1. ഭൗതിക-ഗണിതശാസ്ത്ര തത്വങ്ങൾ

ആധുനിക പാഠപുസ്തകങ്ങളുടെ സഹായമില്ലാതെ തന്നെ കുട്ടികൾ ലളിതമായ ഭൗതികശാസ്ത്ര-ഗണിത തത്വങ്ങൾ ഈ കളിയിലൂടെ പ്രായോഗികമായി പ്രയോഗിച്ചിരുന്നു: i.)ഗുരുത്വാകർഷണവും സന്തുലിതാവസ്ഥയും: പരന്ന കല്ലുകൾ വലുതിൽ നിന്ന് ചെറുതിലേക്ക് മുകളിലേക്ക് അടുക്കി വെക്കുമ്പോൾ (Pyramid structure) അതിന്റെ ഗുരുത്വകേന്ദ്രം കൃത്യമായി നിലനിർത്താൻ കളിക്കാർ ശ്രദ്ധിക്കുന്നു. വളരെ കുറഞ്ഞ സമയത്തും മാനസിക സമ്മർദ്ധമുള്ള മത്സര സമയത്തും കല്ലുകൾ ചരിഞ്ഞുപോകാതെ തുലനാവസ്ഥയിൽ നിർത്തുന്നത് ഒരു എൻജിനീയറിങ് വൈഭവമാണ്.ii) കോണളവും ഏറിയലും: പന്ത് എറിയുന്ന ദൂരവും, അത് കല്ലിൽ പതിക്കേണ്ട സ്ഥാനവും (Angle of impact) കളിക്കാരൻ മുൻകൂട്ടി മനക്കണ്ണാൽ കണക്കുകൂട്ടുന്നു. കല്ലുകളുടെ കൃത്യം മധ്യത്തിലോ താഴെയോ കൊണ്ടാൽ മാത്രമേ അടുക്ക് പൂർണ്ണമായി തകരൂ എന്ന ബോധ്യം ഇതിന് പിന്നിലുണ്ട്.ഇതിന് ശക്തിയുടെ കൂടെ മാനസികമായ ഇച്ഛാശക്തിയും വിശകലന ബോധവും ആവശ്യമായി വരുന്നു.

  1. കായിക-ആരോഗ്യ ശാസ്ത്രം

പരമ്പരാഗത ആരോഗ്യ വിജ്ഞാനപ്രകാരം ശരീരത്തിന്റെയും മനസ്സിന്റെയും ഏകാഗ്രതയും ചടുലതയും വർദ്ധിപ്പിക്കാൻ ഈ കളി സഹായിക്കുന്നു.i.)കണ്ണും കൈയും തമ്മിലുള്ള ഏകോപനം : നിശ്ചിത അകലത്തിൽ ഇരിക്കുന്ന കല്ലിലേക്ക് കൃത്യമായി പന്തെറിയാൻ ഉയർന്ന ഏകാഗ്രത ആവശ്യമാണ്. ഇത് കുട്ടികളുടെ ദൃഷ്ടിശക്തിയും ലക്ഷ്യബോധവും വർദ്ധിപ്പിക്കുന്നു.ii )ചടുലതയും പ്രതികരണശേഷിയും : കല്ല് വീണയുടൻ എതിർ ടീമിന്റെ പന്തേറിൽ നിന്ന് ഒഴിഞ്ഞുമാറി ഓടാനും, അതേസമയം കല്ലുകൾ തിരികെ വന്ന് അടുക്കാനും  വേഗത്തിലുള്ള ശാരീരിക ചലനങ്ങൾ വേണം. ഇത് ഹൃദയാരോഗ്യവും പേശീബലവും വർദ്ധിപ്പിക്കുന്ന മികച്ച ഒരു കാർഡിയോ വ്യായാമമാണ് (Cardio Workout). ജീവിതത്തിലെ സമ്മർദ്ധ ഘട്ടങ്ങളെ അതിജീവിക്കാനുള്ള പരിശീലനമായിതിനെ നിരീക്ഷിക്കാം.

  1. പരിസ്ഥിതി സൗഹൃദ സാമഗ്രി വിജ്ഞാനം

കേരളീയ വിജ്ഞാന വ്യവസ്ഥ പ്രകൃതിക്ക് ദോഷം വരാത്ത വിഭവങ്ങളുടെ പുനരുപയോഗത്തിന് പ്രാധാന്യം നൽകുന്നു: i.)ആധുനിക കളിപ്പാട്ടങ്ങൾ പോലെ പ്ലാസ്റ്റിക്കോ രാസവസ്തുക്കളോ ഈ കളിക്ക് ആവശ്യമില്ല.ii )പൊട്ടിയ മൺചട്ടിയുടെ തുണ്ടുകൾ (ചട്ടിക്കഷ്ണങ്ങൾ), പ്രകൃതിയിൽ നിന്ന് കിട്ടുന്ന പരന്ന കല്ലുകൾ, ചെടിയ ഡപ്പകൾ തുടങ്ങിയവയാണ് ഇതിന് ഉപയോഗിക്കുന്നത്. പ്രകൃതിദത്തമായ ഈ വസ്തുക്കൾ കളിയവസാനിക്കുമ്പോൾ വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നു. തദ്ദേശീയമായ പുനരുപയോഗ സംസ്കാരത്തിന്റെ (Upcycling) ഉത്തമ ഉദാഹരണമാണിത്. കാർബൺ ഫൂട്ട് പ്രിൻ്റ് കുറഞ്ഞ പ്രാദേശിക വിഭവങ്ങളുപയോഗിക്കാനുള്ള പരിശീലനവും അതുപയോഗിച്ച് വ്യത്യസ്തമായ വിനോദങ്ങളിൽ ഏർപ്പെടാനും ഇതിലൂടെ സാധിക്കുന്നു.

  1. സാമൂഹിക സംഘ ബോധവും തന്ത്രരൂപീകരണവും

സമൂഹത്തിലെ ഒത്തുചേരലിനെയും ജനാധിപത്യ ബോധത്തെയും ഈ കളി പ്രതിഫലിപ്പിക്കുന്നു: i) സംഘബോധവും നേതൃത്വപാടവവും: ഗ്രൂപ്പിലെ അംഗങ്ങൾ പരസ്പരം സഹായിച്ചാൽ മാത്രമേ കല്ലുകൾ വേഗത്തിൽ അടുക്കാൻ കഴിയൂ. ആരാണ് പന്ത് എടുക്കേണ്ടത്, ആരാണ് കല്ല് അടുക്കേണ്ടത് എന്ന് കളിക്കാർക്കിടയിൽ വ്യക്തമായ ആശയവിനിമയവും പ്ലാനിംഗും (Strategic Planning) നടക്കുന്നു.ii)പൊതുവിടങ്ങളുടെ ജനാധിപത്യവൽക്കരണം: ജാതി, മത, സാമ്പത്തിക വ്യത്യാസങ്ങൾ ഇല്ലാതെ നാട്ടിൻപുറത്തെ പറമ്പുകളിലും തൊടികളിലും കുട്ടികൾ ഒത്തുചേരുന്നതിലൂടെ ശക്തമായ ഒരു സാമൂഹിക ബന്ധമാണ് രൂപപ്പെട്ടിരുന്നത്. സ്വയം രക്ഷപെടുകയും കൂട്ടുകാരനെ രക്ഷിക്കുകയും അതിലൂടെ സംഘത്തെ രക്ഷിക്കുകയും ചെയ്യുന്നതിലൂടെ ലഭിക്കുന്നു സാമൂഹിക ബോധം സന്നിഗ്ദ്ധ ഘട്ടങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ സഹായിക്കും.

  1. മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയും പ്രതിരോധശേഷിയും

 i)മാനസിക സമ്മർദ്ദ അതിജീവനം (Under-pressure Performance): കല്ലുകൾ വീഴ്ത്തിക്കഴിഞ്ഞാൽ, എതിർ ടീമിലെ അംഗം പന്തുമായി തൊട്ടടുത്ത് നിൽക്കുമ്പോഴുള്ള കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കളിക്കാരൻ കല്ലുകൾ തിരികെ അടുക്കേണ്ടി വരുന്നത്. അപ്രതീക്ഷിത പ്രതിസന്ധികളിലും ഭയപ്പെടാതെ മനസ്സിനെ ശാന്തമാക്കി ലക്ഷ്യം പൂർത്തിയാക്കാനുള്ള ഒരു തദ്ദേശീയ മാനസിക പരിശീലനമായി (Indigenous Mental Conditioning) ഇതിനെ കാണാം.ii) വിജയ പരാജയങ്ങളെ നേരിടൽ: ഈ കളിയിൽ ഒരു ഘട്ടത്തിൽ ജയിച്ചുകൊണ്ടിരിക്കുന്ന ടീം പെട്ടെന്ന് ഔട്ടാവുകയും പരാജയപ്പെടുകയും ചെയ്യാം. കളിയിലെ ഈ പെട്ടെന്നുള്ള മാറ്റങ്ങൾ കുട്ടികളിൽ പക്വമായ മാന്യതയും (സ്പോർട്സ്മാൻ സ്പിരിറ്റും) പരാജയങ്ങളെ ഉൾക്കൊള്ളാനുള്ള മാനസിക പക്വതയും വളർത്തിയിരുന്നു.

  1. സ്ഥലകാല വിജ്ഞാനീയവുംനരവംശശാസ്ത്രവും
  2. i) ഇടങ്ങളുടെ വിനിയോഗം : കേരളത്തിലെ ചെറുവെളിപ്രദേശങ്ങൾ, തൊടികൾ (പറമ്പ്), വയലുകൾ, കൃഷിയിടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ കളി രൂപപ്പെട്ടത്. നിശ്ചിത അതിരുകളില്ലാത്ത ഇത്തരം പൊതുവിടങ്ങളിൽ കളിക്കുമ്പോൾ പ്രകൃതിയോട് ഇണങ്ങി എങ്ങനെ ഒരു കളിക്കളം രൂപപ്പെടുത്തണം എന്ന കൃത്യമായ ബോധം (Spatial Intelligence) കുട്ടികൾക്ക് ഉണ്ടായിരുന്നു.ii)കാലാവസ്ഥാ വിജ്ഞാനം: സാധാരണയായി വേനൽക്കാലത്തും കൊയ്ത്തുഴിഞ്ഞ പാടങ്ങളിലുമാണ് ഈ കളി സജീവമായിരുന്നത്. കാർഷിക ചക്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗ്രാമീണ ജനതയുടെ ഒഴിവുസമയ സംസ്കാരത്തെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും ഈ നാടൻ വിനോദം അടയാളപ്പെടുത്തുന്നു.
  3. ഭാഷാപരവും ഫോക് ലോർപരവുമായ ഘടകങ്ങൾ

i.പ്രാദേശിക നാമകരണ ശാസ്ത്രം (Toponymy and Dialects): ഒരേ കളിക്ക് തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പേരുകളാണ് ഉള്ളത് (കോരി കളി, കല്ലിൻമേൽ കല്ല്, ഡപ്പകളി, ചട്ടിക്കളി, കട്ടക്കളി). ഈ പേരുകൾ രൂപപ്പെട്ടതിന് പിന്നിൽ ആ പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചിരുന്ന സാമഗ്രികളുടെ (ഓട്, കട്ട, ഡപ്പ) ഭാഷാപരമായ സ്വാധീനമുണ്ട്. ഇത് കേരളത്തിലെ പ്രാദേശിക ഫോക്  ലോർ വിജ്ഞാനത്തിന്റെ വൈവിധ്യത്തെ കാണിക്കുന്നു.

പേര് വന്ന വഴികൾ

കല്ലിന്മേൽ കല്ല് : ഒരു കല്ലിന് മുകളിൽ മറ്റൊരു കല്ല് വരുന്ന രീതിയിൽ അടുക്കി വെക്കുന്നത് കൊണ്ട് ഇതിന് കല്ലിന്മേൽ കല്ലുകളിൽ എന്ന പേര് വന്നിട്ടുണ്ട് ഇത് 7 കല്ലോ 9 കല്ലോ ആയി പ്രാദേശികമായി വ്യത്യാസപ്പെടുന്നു.

കോരികളി: ഇത് കേരളത്തിലെ പല സ്ഥലങ്ങളിലും ഉള്ള കരിങ്കൽ ക്വോറികളുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന പേരായിട്ടാണ് മനസ്സിലാക്കാൻ പറ്റുന്നത്. ഉയർന്ന പാറകൾ രൂപം കൊള്ളുന്നത് പോലെ കല്ലുകൾ അടിക്കിവെച്ച് വലിയൊരു രൂപം ഉണ്ടാകുന്നു എന്നതിൽനിന്ന് ഈ പേര് ഈ കളിക്കും ഉണ്ടായി.

ചട്ടി കളി: ഇത് അടുക്കളയിലെ ഉപയോഗശേഷം പൊട്ടിപ്പോകുന്ന ചട്ടികളുടെയോ, കലങ്ങളുടെയോ ചെറുകഷണങ്ങൾ ഉപയോഗിച്ച് പിരമിഡ് ആകൃതിയിൽ അടുക്കിവെച്ച് കളിക്കുന്നത് കൊണ്ട് ഉണ്ടായ പേരാണ്

ഡപ്പ കളി: ഉപയോഗശൂന്യമായ ഡപ്പികൾ ഉപയോഗിച്ച് കളിക്കുന്നത് കൊണ്ട് ഉണ്ടായ പേരാണ്

ഏറു പന്ത് കളി: കല്ലോ ഓടിൻ്റെയോ പൊട്ടിയ ചട്ടികളുടെയോ കട്ടക്കഷ്ണങ്ങളോ ഉപയോഗിച്ച് പിരമിഡ് ആകൃതിയിൽ ഉണ്ടാക്കുന്ന രൂപത്തെ എറിഞ്ഞു വീഴ്ത്തിക്കാനായി ഉപയോഗിക്കുന്ന ചെറിയ പന്തിനെ സൂചിപ്പിച്ചുകൊണ്ടാണ് ഈ പേര് ഉണ്ടായിട്ടുള്ളത്. ഈ പന്തുകൊണ്ട് കല്ലിനെ എറിഞ്ഞു വീഴ്ത്തുകയും എതിർ ടീമിലെ അംഗങ്ങളെ എറിഞ്ഞു കൊള്ളിക്കുകയും ചെയ്യുന്നതുകൊണ്ട് ഈ പേര് വന്നു. ഇതിനായുള്ള പന്ത് പാഴ്ത്തുള്ളി കൊണ്ട് ഉണ്ടാക്കാറുണ്ട് . ചിലയിടങ്ങളിൽ അതിൻറെ പുറത്ത് ഒട്ടുപാലിന്റെ നൂല് ചുറ്റി പന്ത് രൂപത്തിലാക്കാറുണ്ട്. കടയിൽ നിന്ന് വാങ്ങുന്ന വലിപ്പം കുറഞ്ഞ  പന്തും ഇതിന് ഉപയോഗിക്കുന്നു.

കട്ട കളി:  പാഴായിപ്പോകുന്ന മൺകട്ടകൾ ഉപയോഗിച്ച് ഈ കളി നടത്തുന്നതുകൊണ്ട് ഉണ്ടായ പേര്.

സെവൻ്റീസ്: ഏഴ് എന്നതിൻ്റെ സൂചനയായി സെവൻ എന്ന ഇംഗ്ലീഷ് പദം ചേർത്ത് വിളിയ്ക്കുന്നു. കളിക്കാരുടെ എണ്ണവും കളിയ്ക്കുന്നതിൻ്റെ ആവർത്തനവും ഉപയോഗിക്കുന്ന കല്ലോ, കട്ടയോ, ഓടോ, ചട്ടിക്കഷ്ണമോ ഏഴ് തന്നെയായിട്ട് നിശ്ചയിക്കുന്നതിൻ്റെ സൂചന.

ii)വാമൊഴി നിയമങ്ങൾ :

ഈ കളിയുടെ നിയമങ്ങൾ എവിടെയും എഴുതിവെച്ചിട്ടുള്ളതല്ല. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് വാമൊഴിയായി (Oral Tradition) പകർന്നു നൽകപ്പെട്ട നിയമങ്ങളാണിവ. കളിയിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ മുതിർന്ന കുട്ടികൾ അത് പരിഹരിക്കുന്ന രീതി തനത് നിയമവ്യവസ്ഥയുടെയും ഗോത്രപരമായ ജനാധിപത്യത്തിന്റെയും ലളിതമായ രൂപമാണ്.

കളി നിയമം

ഇതിന് എഴുതിവെച്ചിട്ടുള്ള കളി നിയമങ്ങൾ ഒന്നും തന്നെ ഇല്ല എങ്കിലും മിക്ക ഇടങ്ങളിലും പ്രചരിച്ചു വരുന്ന നിയമങ്ങൾ i)ഓരോ ടീമിലും 7 അല്ലെങ്കിൽ 9 അംഗങ്ങൾ വീതം ഉണ്ടായിരിക്കണം ii) ഒരു ടീം 7/9 കല്ലുകൊണ്ട് ഉണ്ടാക്കിയിരിക്കുന്ന സ്തംഭത്തെ എറിഞ്ഞ് വീഴ്ത്തണം.iii) ഒരു ടീമിന് ഒന്ന് അല്ലെങ്കിൽ മൂന്ന് അവസരങ്ങൾ ഇതിനായി ലഭിക്കും iv) ഈ അവസരത്തിനുള്ളിൽ എറിഞ്ഞ് വീഴിക്കാൻ പറ്റിയില്ലെങ്കിൽ എതിർ ടീമിന്  അവസരം കിട്ടും v ) എറിഞ്ഞു വീഴിക്കുന്ന ടീം തന്നെ അത് പുനർ നിർമ്മിക്കുകയും ചെയ്യണം vi) പുനർ നിർമ്മിക്കുന്നതിന് മുൻപായി എതിർ ടീമിന് പന്ത് ഉപയോഗിച്ച് നിർമ്മാണടീം അംഗങ്ങളുടെ മുട്ടിനു താഴേക്കോ, കൈകളിലോ എറിഞ്ഞു കൊള്ളിച്ചു മത്സരത്തിൽ നിന്നും അവരെ പുറത്താക്കാൻ അവസരമുണ്ട്.vii) പന്ത് ശരീരത്തിൽ കൊള്ളാതിരിക്കാൻ കല്ലുകൾ അടുക്കുന്ന ടീമിലെ  അംഗങ്ങൾക്ക് ഓടാനും മാറാനും ഒക്കെയുള്ള സ്വാതന്ത്ര്യം ഉണ്ട് viii) ഏറ് കൊണ്ട് ഒരു സംഘം പുറത്താകുകയോ, കല്ലടുക്കൽ പൂർത്തിയാവുകയോ ,ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതിനനുസരിച്ച് ഒരു ടീം വിജയിക്കും.

ഒരു പ്രാവശ്യം ഇങ്ങനെ പൂർത്തികരിച്ചാൽ വീണ്ടും കളി തുടരാവുന്നതാണ്. ടീമംഗങ്ങളെ പുനർവിന്യസിക്കുന്നതിനും, എറിയാനുള്ള അവസരം ലഭിക്കുന്നതിനുമായി ഇലകൾ ഇട്ടും, കയ്യിൽ ഒറ്റ ഇരട്ട സംഖ്യയിൽ വസ്തുക്കൾ മറച്ച് വച്ച് ചോദിച്ചും, ഏതെങ്കിലും ഒരു കയ്യിൽ വസ്തു മറച്ച് വച്ച് ചോദിച്ചുമൊക്കെയാണ് പ്രാദേശികമായ ക്രമീകരണം സാധ്യമാകുന്നത്.

ചുരുക്കത്തിൽ, കോരി കളി /ഡപ്പകളി/ചട്ടിക്കളി / സെവൻ്റീസ് എന്നത് വെറുമൊരു ശാരീരിക വിനോദം മാത്രമല്ല; മറിച്ച് പ്രായോഗിക ബുദ്ധിശക്തിയും ശാസ്ത്രബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്ന  തനത് കേരളീയ വിജ്ഞാനീയത്തിന്റെ പ്രായോഗിക രൂപമാണ്.

ഉപസംഹാരം

കേരളീയ വിജ്ഞാന വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ കോരി കളി /കട്ടകളി / കല്ലിൻമേൽ കല്ല് /ഡപ്പ കളി, ഏറു പന്ത് അഥവാ ചട്ടിക്കളിയെക്കുറിച്ച് നടത്തിയ ഈ പഠനം വിരൽ ചൂണ്ടുന്നത് നാടൻ കളികൾ കേവലം വിനോദോപാധികൾ മാത്രമല്ല എന്ന യാഥാർത്ഥ്യത്തിലേക്കാണ്. അവ ജനതയുടെ ശാസ്ത്രബോധം, ശാരീരികക്ഷമത, പരിസ്ഥിതിവിജ്ഞാനം, സാമൂഹിക പാരമ്പര്യം എന്നിവ സമന്വയിച്ച തനത് വിജ്ഞാന ശാഖകളാണ്. പ്രകൃതിദത്തമായ സാമഗ്രികൾ മാത്രം ഉപയോഗിച്ച്, ലളിതമായ ഭൗതിക-ഗണിത തത്വങ്ങളെയും കായിക തന്ത്രങ്ങളെയും അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ഇത്തരം വിനോദങ്ങൾ കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിന് വലിയ പങ്കുവഹിച്ചിരുന്നു.

എന്നാൽ ആധുനിക സാങ്കേതികവിദ്യയുടെ കടന്നുകയറ്റവും, തുറസ്സായ കളിക്കളങ്ങളുടെ ദൗർലഭ്യവും, മൊബൈൽ/കമ്പ്യൂട്ടർ സ്ക്രീനുകളിലേക്കുള്ള കുട്ടികളുടെ ചുരുങ്ങലും നാടൻ കളികളെ വിസ്മൃതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇത് കുട്ടികളിൽ ശാരീരിക അലസതയ്ക്കും സാമൂഹികമായ ഒറ്റപ്പെടലുകൾക്കും കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇതുപോലുള്ള പരമ്പരാഗത കായിക വിനോദങ്ങളെ വീണ്ടെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കായിക പാഠ്യപദ്ധതികളിലും കേരളോത്സവങ്ങളിലും ഇത്തരം നാടൻ കളികളെ ഉൾപ്പെടുത്തുകയും, പ്രാദേശിക ഫോക് ലോർ മേളകളിലൂടെ ഇവയ്ക്ക് പ്രചാരം നൽകുകയും വേണം. കേരളത്തിന്റെ തനത് കായിക സംസ്കാരത്തെയും പൈതൃകത്തെയും വരുംതലമുറയ്ക്കായി നിലനിർത്താൻ ഇത്തരം പുനരുജ്ജീവന ശ്രമങ്ങൾ അനിവാര്യമാണ്.

അവലംബം

1.വേലായുധൻ, കെ. (2015). കേരളത്തിലെ നാടൻ കളികൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

  1. കോരി കളി -അജീഷ് കുമാർ എ.പി. അമ്പലവയൽ, വയനാട്
  2. ചട്ടികളി/ഏറ്- ഡോ. ഷൺമുഖദാസ് സി.എം., കൊയിലാണ്ടി
  3. സെവൻ്റിസ്- ഫാദർ ബെന്നി ഡേവിഡ് ,ആലപ്പുഴ

ഫാദർ ജിൻസ് എൻ ബി

അസിസ്റ്റൻ്റ് പ്രൊഫസർ, മലയാള വിഭാഗം, സെൻ്റ് മേരീസ് കോളേജ്, സുൽത്താൻ ബത്തേരി

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x