
ഐറിസ്
Published: 10 october 2026 വിവര്ത്തനകവിത
സൂര്യസങ്കീർത്തനം (സൃഷ്ടിസങ്കീർത്തനം )
വി ഫ്രാൻസിസ് അസ്സീസിയുടെ ഗീതം
വിവ: ഐറിസ്
മഹോന്നതനേ സർവ്വശക്തനേ നല്ലനാഥനേ
സ്തുതിയും മഹിമയും ബഹുമതിയാശിസ്സുമങ്ങേക്ക്
ചരാചരങ്ങൾക്കുമുടയവൻ നീയേ അത്യുന്നതനേ
നിൻ നാമമുരുവിടാൻ യോഗ്യനായില്ലൊരുവൻ
എൻ നാഥാ നിന്നെപ്പുകഴ്ത്തുന്നു സമാദരൻ
സഹോദരൻ സവിതാവും സർവജീവജാലവും
നിന്റെയറിവാലല്ലോ വിളക്കുന്നോരോ പകലുമവൻ
മഹിമാതിശയങ്ങളാൽ അഴക് വിരിപ്പതും
പ്രകാശകിരണങ്ങൾ ചൊരിവതും
നിന്നിൽനിന്നല്ലോ പ്രിയ സൂര്യസോദരൻ
സോദരിയിന്ദുകലയും താരാവലിയും
അങ്ങേക്കേകുന്നു പുകഴ്ചയുമാരാധനയും
അമൂല്യചാരുതയേകി തെളിവാൽ വിണ്ണിൽ
അവരെ മെനഞ്ഞതും നീയേ
സോദരനാമിളം മാരുതനും
മുകിൽമാലയുമീ തെളിവായുവും
നിനക്ക് വന്ദനമണയ്ക്കുന്നു
ഉല്ലാസത്തൊടു,മമിതബലത്തൊടും
രാവുകൾ പകലുകളാക്കും സോദരനെരിതീ
അഴകൊട് മഹിമയതരുളുന്നു നാഥാ
മധുരം കായ്കനികളും നിറമോലുമാരാമപുഷ്പങ്ങളും
അരോഗമരുളും വനലതകളുമേകി
ഞങ്ങളേപ്പോറ്റി വഴിമുന്നിലണയ്ക്കും
സോദരി അവനിയാമമ്മയും കനിവായ്പുകഴ്ത്തുന്നു
നിന്നെയോർത്തെന്നും ക്ഷമമാത്രമാവുന്ന
ഇടറുമാർത്തരാമിവരിലൂടെന്നും
എൻ നാഥനേകുന്നു മഹിമയുമാരാധനയും
മഹോന്നതനേ നിന്നിലൂടെന്നും
നീവഴിയായും ശാന്തിശാന്തിയെന്നുരുവിടും
ആലംബഹീനരും അവിരാമമങ്ങേ പുകഴ്ത്തുന്നു
വാഴുവോർക്കൊഴിച്ചീടുവാനാവാത്ത
ഉടലിന്റെ മരണമേയെൻ സോദരിയേ
നീയുമെൻ നാഥന് വന്ദനമേകുക
മാരകപാപച്ചുമടുമായ്പ്പോകുവതെത്ര കഷ്ടം
നിൻതിരുവിഷ്ടം നിറവേറ്റുവോർ ഭാഗ്യപൂർണ്ണർ
ഇനിയൊരു മരണമവർ തേടുകില്ല
എൻ നാഥനായരുളാം പുകഴ്ചയുമാശിസ്സും നന്ദിയും
എളിമയോടെന്നും സേവനമേകാം
1226 ഒക്ടോബർ 3ന് നാല്പത്തിനാലാം വയസ്സിൽ ഇഹലോകജീവിതം വെടിഞ്ഞ സന്യാസിവര്യനും പ്രകൃതിസ്നേഹിയും ദാരിദ്ര്യം വ്രതമായേറ്റ മഹാകാരുണികനായ അസ്സീസിയിലെ വി ഫ്രാൻസിസിന്റെ എണ്ണൂറാം ചരമവാർഷികം 2026 ൽ ആചരിക്കുകയാണ് ലോകം .
അദ്ദേഹത്തിന്റെ ഏറ്റവും ഹൃദ്യമായ ഈശ്വരവന്ദനമാണ് Canticle of the Sun( canticle of the creations ).
തന്റെ നാമകരണനായി പോപ്പ് ഫ്രാൻസിസ് സ്വീകരിച്ചത് അസ്സീസിയിലെ ഫ്രാൻസിസിനെയാണ് . ഈ കീർത്തനത്തിന്റെ മൂലരൂപം ഇറ്റാലിയൻ ഭാഷയിലെ ഉംബ്രിയൻ ദേശഭേദത്തിലാണ്.

