ഡോ.രാഖി പി.ആർ.

Published: 10 october 2026 സാഹിത്യ വിമർശനം

ഷാർലറ്റ്  ബ്രോണ്ടി: പ്രതിരോധത്തിന്റെ കാവ്യസാക്ഷ്യങ്ങൾ

Manfully, fearlessly, / The day of trial bear, /

For gloriously, victoriously, / Can courage quell despair!”

Life ( Charlotte Bronte p.31)

ജീവിതം ഇരുണ്ട ഒരു സ്വപ്നമല്ല എന്നുറക്കെ പറഞ്ഞ ഷാർലറ്റ് ബ്രോണ്ടി(Charlotte Bronte-21 ഏപ്രിൽ 1816- 31 മാർച്ച് 1855)യുടെ പേര് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ ആദ്യം തെളിയുന്നത് ജെയ്ൻ ഐയർ എന്ന നോവലായിരിക്കും. എന്നാൽ ആ ആഖ്യാനത്തിന്റെ വേരുകൾ കിടക്കുന്നത് ഷാർലറ്റ് തന്റെ കൗമാരകാലം മുതൽ രഹസ്യമായി കുറിച്ചിട്ട കവിതകളിലാണ്. ജെയ്ൻ ഐയർ, ഷെർലി, വിലെറ്റ്, ദി പ്രൊഫസർ, എമ്മ (അപൂർണ്ണ നോവൽ) എന്നീ നോവലുകളിലൂടെ നോവലിസ്റ്റ് എന്ന നിലയിൽ തന്റേതായ ഇടം നേടിയെടുത്ത ഷാർലറ്റ്, ക്യുറെർ ബെൽ (Currer Bell) എന്ന തൂലികാനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ഷാർലെറ്റിന്റെ സഹോദരിമാരായ എമിലി ബ്രോണ്ടി (വുതറിംഗ് ഹൈറ്റ്സ്), ആൻ ബ്രോണ്ടി (ആഗ്നസ് ഗ്രേ) എന്നിവരും ഇംഗ്ലീഷ് സാഹിത്യത്തിലെ വിഖ്യാതരായ എഴുത്തുകാരായിരുന്നു. വിക്ടോറിയൻ സാമൂഹികജീവിതത്തിന്റെ കെട്ടുപാടുകൾക്ക് ഇടയിൽ നിന്നു കൊണ്ട് തന്റെ നോവലുകളിലൂടെ പ്രണയം, ലിംഗദേദം, സാമൂഹികമായ വിലക്കുകൾ  എന്നിവയെക്കുറിച്ച് സത്യസന്ധമായ അവതരണം നടത്താൻ ഷാർലറ്റിനു കഴിഞ്ഞിരുന്നു. ഷാർലറ്റിന്റെ  നോവലുകളുടെ അവതരണ ശൈലിയും പ്രമേയങ്ങളും സൃഷ്ടിച്ച ഖ്യാതി പലപ്പോഴും അവരുടെ കവിതകൾ വായനക്കാർക്ക്  ഇടയിൽ പ്രചരിക്കുന്നതിന് തടസ്സമായി നിലകൊണ്ടു എന്നു പറയുന്നതാകും ശരി.

ഇംഗ്ലണ്ടിന്റെ പശ്ചാത്തലത്തിൽ പിറന്നു വീണ ഷാർലറ്റ് ബ്രോണ്ടിയുടെ കവിതകളുടെ പൊതുസ്വഭാവം  കാല്പനികതയുടെ അടിയൊഴുക്കും വികാരങ്ങളുടെ തീവ്രാവിഷ്കാരവും ആണെന്നു പൊതുവെ വായിക്കപ്പെട്ടിട്ടുണ്ട്. അക്കാലത്തെ സ്ത്രീകളുടെ ആത്മസംഘർഷങ്ങളെയും വൈകാരികതീക്ഷ്ണതകളെയും തുറന്നു കാണിക്കുന്ന രചനകളായും ഷാർലറ്റ് കവിതകളെ കാണാം. ഷാർലറ്റിന്റെ വ്യക്തി ജീവിതത്തിലുണ്ടായ പല അനുഭവങ്ങളും കവിതകളായി രേഖപ്പെടുത്തിയിട്ടുണ്ട്. On The death of Anne Bronte, The teacher’s monologue, Presentiment തുടങ്ങിയ കവിതകൾ അതിനുദാഹരണങ്ങളാണ്. സഹോദരിമാരുടെ മരണം, ഗവർണസ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ വ്യക്തി ജീവിതത്തിൽ നേരിട്ട പ്രശ്നങ്ങൾ എന്നിവ ഈ കവിതകളിലൂടെ അവർ തീക്ഷ്ണമായി അവതരിപ്പിക്കുന്നു. കവിതയെ കാല്പനികതയുടെ ഭാവനാമണ്ഡലങ്ങളിലേക്കും വികാരത്തള്ളിച്ചയുടെ പരിസ്ഫുരണമെന്ന നിലയിലേക്കും ഒതുക്കി നിർത്തുമ്പോൾ നഷ്ടപ്പെടുന്നത് കവിതയുടെ ആന്തരികസത്ത ആയിരിക്കും. ഇത്തരം കെട്ടുപാടുകളിൽ നിന്നും സ്ത്രീ എന്ന നിലയിൽ ഷാർലറ്റ് ബൗദ്ധികമായി രൂപപ്പെടുത്തിയ ആഖ്യാന തന്ത്രമാണ് വൈകാരികതയിലും പ്രണയത്തിലും ഭ്രമണം ചെയ്യുന്ന അവരുടെ കാവ്യസപര്യ.   

ശക്തമായ വികാരങ്ങളും ഉജ്ജ്വലമായ ഇമേജറികളും കൊണ്ട് സവിശേഷമാക്കപ്പെട്ട ഷാർലറ്റിന്റെ കവിതകൾ പ്രണയം, നഷ്ടം, പ്രകൃതി തുടങ്ങിയ ആഖ്യാനപരിസരത്തിലൂടെയാണ് വളർച്ച പ്രാപിക്കുന്നത്. എങ്കിലും അവയെ വൈകാരിക പ്രകടനങ്ങളായല്ല, മറിച്ച് മതപരവും സാമൂഹികവുമായ അധികാരരൂപങ്ങൾക്കെതിരെ നടത്തിയ തീക്ഷ്ണമായ പ്രതിരോധത്തിന്റെ സാക്ഷ്യങ്ങളായി നമുക്ക് മുന്നിൽ അവശേഷിക്കുന്നു. ഷാർലറ്റ് ബ്രോണ്ടി എന്ന തന്റെ തന്നെ നോവലിസ്റ്റ് എന്ന പ്രതിരൂപത്തിന്റെ നിഴലിൽ ഒതുങ്ങിപ്പോയ ആ വലിയ കവയിത്രി തന്റെ പതിനാലാം വയസ്സിൽ, 1830-ൽ തന്നെ താനൊരു കവയിത്രിയാകാൻ വിധിക്കപ്പെട്ടവളാണെന്ന് വിശ്വസിച്ചിരുന്നു. ഷാർലറ്റ് കൗമാര കാലം മുതൽ കുത്തിക്കുറിച്ച കവിതകൾക്ക് അവരുടെ  പ്രായഭേദങ്ങൾക്കും ജീവിതാനുഭവങ്ങൾക്കും അനുസൃതമായി നിരന്തരം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് വിക്ടർ എ. യൂഫെൽറ്റ് (Victor A. Neufeldt) ഷാർലറ്റിന്റെ കവിതകളുടെ സമാഹാരത്തിനു നൽകിയ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിലൂടെ വിക്ടോറിയൻ കാലഘട്ടത്തിലെ കർക്കശമായ നിയമങ്ങൾക്കും പുരുഷാധിപത്യത്തിനും മുകളിൽ സ്വന്തം സ്വത്വം സ്ഥാപിക്കാനാണ് അവർ കവിതകളെ ഉപയോഗിച്ചത് എന്നു മനസ്സിലാക്കാം.

ചരിത്രപരമായി നോക്കിയാൽ, ഷാർലറ്റിന്റെ കാവ്യജീവിതം വലിയൊരു ലിംഗവിവേചനത്തെ നേരിടേണ്ടി വന്നിട്ടുണ്ട്. 1837-ൽ ഇംഗ്ലീഷ് കവിയായ റോബർട്ട് സൗത്തി (Robert southey) യിൽ നിന്ന് ലഭിച്ച കത്ത് ഇതിന്റെ തെളിവാണ്. “സാഹിത്യം ഒരു സ്ത്രീയുടെ ജീവിതത്തിലെ തൊഴിലായിക്കൂടാ” എന്ന സൗത്തിയുടെ ഉപദേശം സത്യത്തിൽ സ്ത്രീകളുടെ സർഗ്ഗാത്മകതയെ നിയന്ത്രിക്കാനുള്ള ഒരു അധികാര പ്രയോഗമായിരുന്നു. ഇതിനോടുള്ള ഷാർലറ്റിന്റെ പ്രതികരണം നിശബ്ദമായ വെല്ലുവിളിയായിരുന്നു. അവൾ തന്റെ ഡയറിയിൽ സൗത്തിയുടെ കത്തിന് പുറത്ത് ഇങ്ങനെ കുറിച്ചു:

 “സൗത്തിയുടെ ഉപദേശം എന്നെന്നേക്കുമായി സൂക്ഷിച്ചുവെക്കുക.”

എന്നാൽ അതേ വർഷം തന്നെ അവൾ എഴുപതോളം കവിതകൾ രചിച്ചുകൊണ്ട് തന്റെ പോരാട്ടം തുടർന്നു.(p.37) വ്യക്തിസത്തയ്ക്ക് നേരിടേണ്ടി വന്ന പ്രശ്നം മാത്രമായല്ല ഈ അനുഭവത്തെ ഷാർലെറ്റ് സ്വാംശീകരിച്ചത്. വിക്ടോറിയൻ സാമൂഹിക രംഗത്ത് നിലനിന്നു പോന്ന പലതരം അധികാരങ്ങളോടുള്ള പ്രതികരണങ്ങളായാണ് ഷാർലെറ്റ്  പിന്നീട് തന്റെ കവിതകളെ രൂപപ്പെടുത്തിയത്.

അധികാരത്തിന്റെ ഭിന്നഭാവങ്ങൾ

അധികാരം എന്നത് കേവലം രാജാവിന്റെയോ സർക്കാരിന്റെയോ നിയമങ്ങളല്ല. അത് കുടുംബം, മതം, വിദ്യാഭ്യാസം തുടങ്ങിയ സ്ഥാപനങ്ങളിലൂടെ മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും അച്ചടക്കമുള്ളതാക്കി മാറ്റുന്ന പ്രക്രിയയാണ്. ഷാർലറ്റ് ബ്രോണ്ടിയുടെ കവിതകളിൽ ഈ അധികാരം പലപ്പോഴും ‘കടമ’ എന്ന രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഈ ആസ്വാദനത്തിൽ ഷാർലെറ്റിന്റെ വിശ്വാസത്യാഗം  (Apostasy), ഗിൽബർട്ട് (Gilbert), പീലാത്തോസിന്റെ ഭാര്യയുടെ സ്വപ്നം (Pilate’s Wife’s Dream) മുൻഗണന (Preference), പാതിരി (The Missionary) എന്നീ അഞ്ച് കവിതകളുടെ വായനയാണ് ഉൾക്കൊള്ളുന്നത്. പൗരോഹിത്യാധികാരം, കുറ്റബോധമെന്ന നിരീക്ഷണാധികാരം, ഭരണകൂടാധികാരം, പ്രണയത്തിലെ അധികാരം, പിന്നെ സ്വയം അടിച്ചേൽപ്പിക്കുന്ന അച്ചടക്കത്തിന്റെ അധികാരം എന്നിങ്ങനെ അധികാരത്തിന്റെ അഞ്ച് വ്യത്യസ്ത ഭാവങ്ങളെയാണ് ആ കവിതകൾ പ്രതിനിധീകരിക്കുന്നത് എന്നു കാണാം.

വിശ്വാസത്തിന്റെ അപനിർമ്മിതികൾ

മരണാസന്നയായ ഒരു നായികയും അവൾക്ക് ചുറ്റും നിൽക്കുന്ന പുരോഹിതനും തമ്മിലുള്ള നാടകീയമായ ഒരു സംഭാഷണത്തിലൂടെയാണ് വിശ്വാസത്യാഗം എന്ന കവിത വികസിക്കുന്നത്. വിക്ടോറിയൻ കാലഘട്ടത്തിലെ മതപരമായ ചട്ടക്കൂടുകൾക്കും സാമൂഹികമായ അടിച്ചമർത്തലുകൾക്കുമെതിരെയുള്ള ഒരു സ്ത്രീയുടെ വിപ്ലവകരമായ പ്രഖ്യാപനമാണ് ഇതിലെ പ്രധാന പ്രമേയം. ഭൗതികമായ ലോകത്തെ മതനിയമങ്ങളേക്കാൾ തന്റെ ആന്തരികമായ പ്രണയസത്യത്തിന് അവൾ മുൻഗണന നൽകുന്നു.

​”Point not to thy Madonna, Priest, / Thy sightless saint of stone”

“Not Death shall shake, nor Priestcraft break / My rock-like constancy!” ((P.7)

എന്നീ വരികളിലൂടെ വാൾട്ടർ എന്ന കാമുകനോടുള്ള പ്രണയത്തെ നായിക ഉയർത്തിപ്പിടിക്കുന്നു. പുരോഹിതനോട് അന്ത്യകർമ്മങ്ങൾ ആവശ്യമില്ലെന്നും പ്രണയമാണ് തന്റെ മതമെന്നും മരണാസന്നയായ നായിക പറയുമ്പോൾ മരണാനന്തര ജീവിതത്തെക്കക്കുറിച്ചുള്ള മതാത്മകചിന്തകളും പൊളിച്ചെഴുതപ്പെടുന്നു. സ്ഥാപനവൽക്കരിക്കപ്പെട്ട അധികാരത്തെയാണ് പുരോഹിതൻ പ്രതിനിധീകരിക്കുന്നത്. എന്നാൽ നായിക തന്റെ പ്രണയത്തെ ഒരു പുതിയ അധികാരകേന്ദ്രമായി പ്രതിഷ്ഠിക്കുന്നു. മരണം അവളെ കീഴടക്കുന്നതിന് മുൻപ്, താൻ ആരെ സ്നേഹിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം അവൾ തിരിച്ചുപിടിക്കുന്നു.അവളുടെ അവസാന വാക്ക് ദൈവത്തിന്റെ നാമമല്ല, പ്രിയപ്പെട്ടവന്റെ നാമമായിരുന്നു.

​”Then up she sprang—but fell back, dead, /

His name her latest word.” (p. 9)

വിക്ടോറിയൻ സമൂഹത്തിൽ സ്ത്രീകൾ മതത്തിനും കുടുംബത്തിനും വിധേയരായിരിക്കണം എന്നായിരുന്നു നിയമം. എന്നാൽ ഈ കവിതയിലെ നായിക തന്റെ ഏകസത്യമായി പ്രണയിതാവായ വാൾട്ടറെ പ്രതിഷ്ഠിക്കുന്നു. പള്ളി നൽകുന്ന ഇരുണ്ട നിയമങ്ങളെ പ്രണയത്തിന്റെ പ്രകാശം കൊണ്ട് കീഴടക്കുന്ന ഒരു സ്ത്രീയുടെ ആത്മാലാപമാണിത്. ഷാർലറ്റ് ബ്രോണ്ടിയുടെ നോവലുകളിലെ നായികമാർ കാണിക്കുന്ന അജയ്യമായ മനക്കരുത്തിന്റെ ആദ്യരൂപം ഈ കവിതയിലെ വരികളിൽ നമുക്ക് ദർശിക്കാം.

പ്രണയത്തിന്റെ പ്രത്യയശാസ്ത്രം

ഷാർലറ്റ്  ബ്രോണ്ടിയുടെ ഗിൽബർട്ട് എന്ന കവിത, പ്രണയത്തിലെ വഞ്ചനയെയും അതിനെത്തുടർന്നുണ്ടാകുന്ന സംഘർഷങ്ങളെയും ആഴത്തിൽ വിശകലനം ചെയ്യുന്ന ഒരു രചനയാണ്. വഞ്ചിക്കപ്പെട്ട കാമുകിയുടെ(എലിനർ) ആത്മഹത്യയും അതിനെത്തുടർന്ന് വഞ്ചകനായ കാമുകൻ (ഗിൽബർട്ട്) അനുഭവിക്കുന്ന മാനസിക പീഡനവുമാണ് ഈ കവിതയുടെ കേന്ദ്ര പ്രമേയം. ഇവിടെ പ്രണയം എന്നത് കേവലം വികാരമല്ല, മറിച്ച് ഒരാൾ മറ്റൊരാൾക്ക് മേൽ ചെലുത്തുന്ന അധികാരമാണ്. ഈ കവിതയിൽ അധികാരം പ്രയോഗിക്കപ്പെടുന്നത് ഭൗതികമായല്ല, മറിച്ച് മാനസികമായാണ്. വഞ്ചിക്കപ്പെട്ട കാമുകിയുടെ ‘മൃതമായ നോട്ടം’ ഗിൽബെർട്ടിനെ സദാ പിന്തുടരുന്നത് ഫൂക്കോ വിഭാവനം ചെയ്ത ‘പനോപ്റ്റിക്കൻ’ നിരീക്ഷണത്തിന് തുല്യമാണ്.

​”And truly it was sweet / To see so fair a woman kneel /

 In bondage, at my feet” (p. 20)

ഈ വരികളിൽ സ്ത്രീശരീരത്തെ ഒരു അധീനശരീരമായി മാറ്റാനുള്ള പുരുഷന്റെ ശ്രമം ഷാർലറ്റ് തുറന്നുകാട്ടുന്നു. എന്നാൽ മരണാനന്തരം അവൾ ഒരു നിരീക്ഷകയായി മാറുകയും അധികാരത്തിന്റെ കേന്ദ്രമമായി മാറുകയും ചെയ്യുന്നു. ശാരീരികമായ അധികാരത്തേക്കാൾ മാനസികമായ അധികാരം എത്രത്തോളം ഭീകരമാണെന്ന് ഷാർലെറ്റ് ഈ കവിതയിലൂടെ കാണിച്ചുതരുന്നു. സ്നേഹം അടിമത്തമായി മാറുമ്പോൾ അത് ഇരുവർക്കും നാശമുണ്ടാക്കുമെന്ന വലിയ സത്യം ഗിൽബർട്ട് എന്ന കവിത പങ്കുവെക്കുന്നു.

ആഖ്യാനത്തിന്റെ നവലോകം

  പീലാത്തോസിന്റെ ഭാര്യയുടെ സ്വപ്നം എന്ന കവിതയിലെ ആഖ്യാതാവ് പീലാത്തോസിന്റെ ഭാര്യയാണ്. അവൾ ക്രിസ്തുവിന്റെ നിരപരാധിത്വത്തെക്കുറിച്ച് ഒരു സ്വപ്നം കാണുന്നു. എന്നാൽ പുരുഷാധിപത്യപരമായ ഭരണകൂടാധികാരത്തിന് മുന്നിൽ അവളുടെ വാക്കുകൾ കേവലം ഒരു സ്ത്രീയുടെ സ്വപ്നമായി പിന്തള്ളപ്പെടുന്നു. ബൈബിൾ ചരിത്രത്തിൽ ക്രിസ്തുവിന്റെ വിചാരണവേളയിൽ പീലാത്തോസിന്റെ ഭാര്യ അയച്ച സന്ദേശത്തെ (“ഈ നീതിമാന്റെ കാര്യത്തിൽ നീ ഇടപെടരുത്, കാരണം ഇന്ന് സ്വപ്നത്തിൽ അവൻ നിമിത്തം ഞാൻ ഏറെ സങ്കടപ്പെട്ടു”) സർഗ്ഗാത്മകമായി ഷാർലറ്റ് വികസിപ്പിക്കുന്നു. ഈ കവിതയിലെ ഏറ്റവും വലിയ പ്രമേയം സ്ത്രീയുടെ ശബ്ദം എങ്ങനെ അധികാരത്തിന് മുന്നിൽ നിഷ്ഫലമാകുന്നു എന്നതാണ്. പീലാത്തോസ് പ്രതിനിധീകരിക്കുന്നത് റോമൻ സാമ്രാജ്യത്തിന്റെ പരമാധികാരത്തെയാണ്. ഭാര്യയാകട്ടെ, തന്റെ അറിവ് വെളിപ്പെടുത്താൻ ശ്രമിക്കുമ്പോഴും ‘അബല’ എന്ന ലേബലിൽ ഒതുക്കപ്പെടുന്നു​.

താൻ പറയുന്നത് ആരും വിശ്വസിക്കില്ല എന്ന തിരിച്ചറിവോടെ തന്നെ അവൾ അത് വിളിച്ചുപറയുന്നത് അധികാരത്തോടുള്ള ഒരു ധീരമായ പ്രതിരോധമാണ്. വിക്ടോറിയൻ കാലഘട്ടത്തിൽ സ്ത്രീകൾക്ക് രാഷ്ട്രീയമായ തീരുമാനങ്ങളിൽ പങ്കില്ലായിരുന്നു എന്ന യാഥാർത്ഥ്യത്തെയാണ് ഷാർലറ്റ് പീലാത്തോസിന്റെ ഭാര്യയിലൂടെ അവതരിപ്പിക്കുന്നത്. അധികാരം എപ്പോഴും സത്യത്തെ മറച്ചുപിടിക്കാൻ ശ്രമിക്കുമെന്നും, എന്നാൽ അറിവുള്ളവർ അത് വിളിച്ചുപറയാൻ ബാധ്യസ്ഥരാണെന്നുമുള്ള സന്ദേശമാണ് ഈ കവിത നൽകുന്നത്.

വിമോചനത്തിന്റെ പൊരുൾ

പുരുഷാധിപത്യപരമായ വ്യവസ്ഥിതിക്ക് മുന്നിൽ സ്വന്തം സ്വത്വം പണയം വെക്കാത്ത ഒരു സ്ത്രീയുടെ വീര്യമാണ് തിരഞ്ഞെടുക്കൽ എന്ന കവിതയ്ക്ക് പ്രമേയമാകുന്നത്. ഇതിൽ ഒരു സൈനികന്റെ ആവേശഭരിതമായ പ്രണയാഭ്യർത്ഥനയെ തിരസ്കരിക്കുന്ന നായികയെ കാണാം.പ്രണയം എന്നത് കേവലം കീഴടക്കാനുള്ള ഒന്നല്ലെന്നും മറിച്ച് അത് പരസ്പര ബഹുമാനത്തിലും സമാനമായ മൂല്യങ്ങളിലും അധിഷ്ഠിതമാകണമെന്നും വാദിക്കുന്ന കവിതയാണ്. ചടുലമായ നീക്കങ്ങളോ പദവികളോ തന്നെ സ്വാധീനിക്കില്ലെന്നും തന്റെ സ്നേഹം സത്യസന്ധനും ചിന്തകനും നീതിമാനുമായ ഒരു പുരുഷനാണെന്നും നായിക വ്യക്തമാക്കുന്നു.

​”Man of conscience—man of reason…

Motionless, his fingers plying / That untired, unresting pen”(p. 53)

വികാരത്തിനുമേൽ വിവേകത്തിനും ശാരീരിക ബലത്തിനുമേൽ ബൗദ്ധിക കരുത്തിനും ലഭിക്കുന്ന വിജയത്തെയാണ് പ്രധാനമായും കവിതയിൽ പ്രതിപാദിക്കുന്നത്. ഒരു സ്ത്രീ തന്റെ വികാരങ്ങൾക്കും ശരീരത്തിനും മേൽ പുലർത്തുന്ന സ്വയംഭരണാധികാരത്തെയും, അധികാരം പ്രയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നവനോടുള്ള ശക്തമായ പ്രതിരോധത്തെയുമാണ് ഈ കവിതയുടെ പ്രമേയം അനാവരണം ചെയ്യുന്നത്. ബാഹ്യമായ പ്രതാപത്തേക്കാൾ മനുഷ്യന്റെ അന്തർലീനമായ നൈതികതയ്ക്കും സത്യസന്ധതയ്ക്കും പ്രാധാന്യം നൽകുന്ന ഒരു ഉത്തമ സ്ത്രീപക്ഷ നിലപാടാണ് ഈ രചനയുടെ അന്തസ്സത്ത.

ആത്മാർപ്പണത്തിന്റെ പിന്നാമ്പുറം

ലൗകികമായ പ്രണയത്തെയും സുരക്ഷിതത്വത്തെയും ഉപേക്ഷിച്ച്, ദൈവികമായ ദൗത്യത്തിനായി സ്വയം സമർപ്പിക്കുന്ന ഒരു മനുഷ്യന്റെ ആത്മത്യാഗത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ആഖ്യാനമാണ് പാതിരി എന്ന കവിത. ഷാർലറ്റിന്റെ മറ്റു കവിതകളിൽ നായികമാർ അധികാരത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ / പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ, പാതിരിയിൽ നായകൻ അധികാരത്തിന്റെ തന്നെ ഭാഗമാകാൻ ശ്രമിക്കുന്നു. ഭാരതത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ കവിതയിൽ, മിഷേൽ ഫൂക്കോ വിഭാവനം ചെയ്ത പൗരോഹിത്യാധികാരം എന്ന ആശയമാണ് പ്രകടമാകുന്നത്; ഇവിടെ നായകൻ തന്റെ ലൗകികമായ പ്രണയത്തെയും സുരക്ഷിതത്വത്തെയും അടിച്ചമർത്തിക്കൊണ്ട് ദൈവികമായ അധികാരത്തിന് പൂർണ്ണമായി കീഴ്പ്പെടുന്നു. തന്റെ വീടും പ്രണയിനിയെയും ഉപേക്ഷിച്ചു പോകുന്ന നായകൻ, ക്രിസ്ത്യൻ മിഷണറി പ്രവർത്തനത്തെ ഒരു കൊളോണിയൽ ദൗത്യമായിട്ടല്ല, മറിച്ച് ആത്മീയമായ ഒരു ബലിയായിട്ടാണ് കാണുന്നത്. കവിതയിലെ

I grasp the plough, there’s no returning,

Let me, then, struggle to forget. (p. 64)

എന്ന വരികൾ ലൗകികബന്ധങ്ങളിൽ നിന്നുള്ള മോചനത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അത് മതപരമായ കർക്കശമായ അച്ചടക്കത്തിന് വിധേയനാകൽ കൂടിയാണ്. ചുരുക്കത്തിൽ, അധികാരത്തോടുള്ള പ്രതിരോധമല്ല, മറിച്ച് ഉയർന്ന ഒരു നൈതികകാധികാരത്തിനായി സ്വയം സമർപ്പിക്കുന്നതിലൂടെയുള്ള ഒരു പുതിയ സ്വത്വനിർമ്മിതിയാണ് പാതിരി എന്ന കവിതയുടെ കാതൽ.

ഷാർലറ്റ് ബ്രോണ്ടിയുടെ കവിതകൾ കേവലം പ്രണയത്തെയോ   വേദനയെയോ കുറിച്ചുള്ള വിലാപങ്ങളല്ല എന്ന് മനസ്സിലാക്കാം. മറിച്ച്, മതപരവും (Apostasy), രാഷ്ട്രീയപരവും (Pilate’s Wife’s Dream), സാമൂഹികവുമായ (Preference) അധികാരരൂപങ്ങളോട് കലഹിക്കുന്ന സ്വതന്ത്ര സ്വത്വത്തിന്റെ ശബ്ദമാണവ. നാടകീയ സ്വഗതാഖ്യാനം എന്ന ആഖ്യാനരീതിയിലൂടെ, അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദത്തിന് സത്തയും ഗാംഭീര്യവും നൽകാൻ അവർക്ക് കഴിഞ്ഞു. വിക്ടോറിയൻ കാലഘട്ടത്തിൽ സ്ത്രീകൾക്ക് വോട്ടവകാശമോ സ്വത്തവകാശമോ ഇല്ലാതിരുന്ന സമയത്താണ് ഷാർലറ്റ് ‘തിരഞ്ഞെടുക്കാനുള്ള അധികാരം’എന്ന പ്രമേയം ഉയർത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഷാർലറ്റ് ബ്രോണ്ടിയുടെ കവിതകൾ ഒരു വ്യക്തിയുടെ ആന്തരികസത്യവും പുറംലോകത്തെ അധികാരവ്യവസ്ഥിതികളും തമ്മിലുള്ള നിരന്തരമായ സംഘർഷത്തിന്റെ രേഖപ്പെടുത്തലുകളാണ്. സാഹചര്യങ്ങൾ വ്യക്തിയെ തളച്ചിടുമ്പോഴും, തന്റെ ഭാവനയിലൂടെയും ചിന്തകളിലൂടെയും എങ്ങനെ സ്വതന്ത്രമായിരിക്കാം എന്ന വലിയ ദർശനമാണ് അവ നൽകുന്നത്. ഈ കവിതകളിൽ നാം കാണുന്ന അധികാരത്തോടുള്ള കലഹവും പ്രമേയങ്ങളുമാണ് പിന്നീട് ഷാർലറ്റിന്റെ വിഖ്യാത നോവലുകളിലെ നായികമാരായി പരിണമിച്ചത്. ഷാർലറ്റിന്റെ കവിതകൾ അധികാരത്തോടുള്ള ‘സർഗ്ഗാത്മകമായ പ്രതിരോധങ്ങൾ’ എന്ന നിലയിൽ എക്കാലവും പുതുമയോടെ നിലനിൽക്കുക തന്നെ ചെയ്യും.

ഗ്രന്ഥസൂചി

Charlotte Brontë Poems.” PoemHunter.com: The World’s Poetry Archive, 2012, www.poemhunter.com/charlotte-bronte.

Singh, Santosh Kumar. “Charlotte Bronte’s Poetic Genius: A Critical Study of Apostasy, Life, and On the Death of Anne Bronte.” Research Review: The Refereed & Peer Review International Journal, vol. 7, no. 88, Aug. 2020.

Neufeldt, Victor A., editor. The Poems of Charlotte Brontë. Routledge, 2015.

ഡോ. രാഖി പി.ആർ.

ഗസ്റ്റ് ലക്ചറർ, മലയാള വിഭാഗം, എൻ. എസ് എസ് കോളേജ്, നിലമേൽ.

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x