മനു കൈരളി

Published: 10 october 2026 കവിത

എങ്ങനെയെന്നാണ് ചോദ്യം?

എന്നെ മുറിച്ചുമാറ്റാൻ
നിങ്ങളെ ഏൽപ്പിച്ചു
വച്ചതാരാണ്.

എനിക്കരികിൽ
ഒരു കടലുണ്ടായിപ്പോയത് കൊണ്ട്
എന്റെ ഇടം ഞാനറിയാതെ
വിൽക്കാൻ വാക്കുറപ്പിച്ചതാരാണ്.

എനിക്കുമെന്റെ സ്വപ്നങ്ങൾക്കും
അധികവർഷം കണക്കാക്കി
അധിക വില വികസിപ്പിച്ചതാരൊക്കെച്ചേർന്നായിരിക്കും?


ഞങ്ങളുടെ ഇടം
കൊത്തിമുറിക്കാൻ
പാകത്തിന്
സൗജന്യം പാകം
ചെയ്തതാരാണ്?

മുറിച്ചുമാറ്റുന്ന
തിരക്കിലായിരിക്കെയും
കത്തിപ്പടരുന്ന
തീയിൽ
ഞങ്ങൾക്ക് മൃഷ്ടാന്ന ഭോജനം
സ്പോൺസർ ചെയ്തതെന്തിനാണ്.

ഞങ്ങളുടെ ഭാഷയെ കച്ചവടം ചെയ്തവരേ,
ഞങ്ങളുടെ വാർത്തമാനങ്ങളെ
കൊള്ളയടിച്ചവരേ,
ഏതൊരു പ്രഭാതത്തിലാണ്
ഞങ്ങളെ
മുറിക്കാൻ
ഉപകരണങ്ങൾ
ഉപേക്ഷകൾ
ഉത്തരവുകൾ
പാകപ്പെട്ടുവന്നത്.

ഊറിക്കൂടിയൊരു
ചിരിയെക്കണ്ടുവോ?
ഊറിക്കൂടിച്ചൊരു
കട്ടൻചായ നീ
കണ്ടുവോ?
ഊതിയൂതിത്തണുപ്പിച്ച
വേദന കണ്ടുവോ?
പ്രതീക്ഷയസ്തമിച്ചൊരു
മുറിവ് നീ കണ്ടുവോ?
ഭൂമിയാകെ
പച്ചയ്ക്ക് കത്തിച്ചു വച്ചതാര്?
ഭൂമിയുമാകാശവും
അപരലോകങ്ങളും
വിറ്റു തിന്നാഘോഷിക്കുന്നവർ
വിൽക്കാത്തതെന്തുണ്ട്?

നിന്നെയും എന്നെയും
കത്തിച്ചു വച്ചതാര്?
പച്ചയ്ക്ക്.
പാകത്തിന്.
ഉപ്പുതേച്ചുപുരട്ടി-
യൊരുത്തരം
നെഞ്ചിനുള്ളിൽ
പിൻ ചെയ്തു വച്ചതാർ?

മനു കൈരളി

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x