
ഇസ്മത്ത് ഹുസൈൻ
Published: 10 october 2026 കഥ
ഫണ്ട് ഫണ്ട് ഫോലോ
ലക്ഷദ്വീപിലെ വാമൊഴിക്കഥകൾ – 9
ബംഗ്ലാപ്പുരയിലെ ജിന്നുകൾ കാവലുള്ള നിധിയുടെ കഥ
ലക്ഷദ്വീപു വാമൊഴിക്കഥകളിൽ ഏറേ കൗതുകമുള്ള കഥയാണ് ഇത്. കരയിൽ നിന്നും കുടിയേറി വന്ന ഒരു കുടുംബം ദ്വീപു സംസ്‌കൃതിയുടെ ഭാഗമായി ഇഴുകിച്ചേർന്ന ഒരു സാംസ്‌ക്കാരിക ചരിത്രവും കൂടി ഈ കഥയിൽ അന്തർലീനമായി കിടപ്പുണ്ട്.
ഫണ്ട് ഫണ്ട് പോലോ ടിപ്പു സുൽത്താനെ ചതിച്ച് കൊലപ്പെടുത്തി ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി ലക്ഷദ്വീപുകൾ അടക്കി ഭരിക്കുന്ന കാലത്ത്, മംഗലാപുരത്തുകാരനായ അബ്ദുറഹ്മാൻ സാഹിബ് എന്ന മനുഷ്യൻ കച്ചേരി ഉദ്യോഗസ്ഥനായി അമിനി ദ്വീപിലെത്തി. ആദ്യം ദ്വീപോടിയിൽ കയറി അയാൾ തനിച്ചാണ് എത്തിയതെങ്കിലും മംഗലാപുരത്തുകാരിയായ ഭാര്യയേയും അയാൾ അടുത്ത യാത്രയിൽ അമിനി ദ്വീപിലേക്ക് കൊണ്ടുവന്നു. അമിനിയിൽ ഒരു സ്ഥലം വാങ്ങി അയാൾ ഒരു വലിയ വീട് വെക്കാനുള്ള ശ്രമമാരംഭിച്ചു. വീട് പണി ആരംഭിച്ചപ്പോൾ കിണറ്റിനുള്ള സ്ഥലം നിശ്ചയിച്ച് കിണർ കുഴിക്കാനാരംഭിച്ചു. കുഴിച്ച് കുഴിച്ച് താഴെ എത്തിയപ്പോൾ പാര ഏതോ ലോഹത്തിൽ തട്ടി ശബ്ദിച്ചു. പെട്ടെന്ന് ഒരു ഭൂമി കുലുക്കം പോലെ, കിണറിലേക്ക് മണ്ണിടിഞ്ഞ് വീണു. കിണറിൽ പണി എടുത്ത് കൊണ്ടിരുന്നവർ മണ്ണിനടിയിലായി. പെട്ടെന്ന്തന്നെ മണ്ണ് നീക്കി പണിക്കാരെ പുറത്തെടുത്തപ്പോൾ അവർക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.
മംഗലാപുരത്ത് നിന്നും കണിയാന്മാരെ കൊണ്ട് വന്ന് പ്രശ്‌നം വെപ്പിച്ചപ്പോഴാണ് രഹസ്യം പുറത്തറിഞ്ഞത്. ആ കിണർ കുഴിച്ച സ്ഥലത്ത് ഒരു വലിയ നിധി കുമ്പാരമായിരുന്നു. അത്രയും വലിയ നിധി ശേഖരത്തിന് കാവലിരിക്കുന്ന നാല് ജിന്നുകൾ. നിധി എടുക്കാൻ ശ്രമിച്ചാൽ മരണം ഉറപ്പ്.
“ കണിയാരെ ആ നിധികൾ സ്വന്തമാക്കാൻ എന്താ പോംവഴി ഉള്ളത്?”
“ അതിന് ഒരു ബലിയാണ് വേണ്ടത്. ഒരു കറുത്ത കുഞ്ഞിനെ ബലി നൽകണം. എന്നാൽ ജിന്നുകൾ വിട്ട് പോവും.“
ആ ഉപാധിക്ക് അബ്ദുറഹ്‌മാൻ സാഹിബ് തയ്യാറല്ലായിരുന്നു. അദ്ദേഹം ഇക്കാര്യത്തിന് അമിനിദ്വീപിലെ അറബി മാന്ത്രികവിദ്യയിൽ അഗ്രഗണ്യനായ ശൗറാൻ ഉവ്വാൻ്റെ സഹായം തേടി.
ശൗറാൻ ഉവ്വാൻ്റെ അറബി മഷിയിലും നാല് ജിന്നുകളെ കണ്ടു. തലയിൽ രണ്ട് കൊമ്പുകളും ശരീരമാസകലം രോമങ്ങളു മുള്ള കറുത്തരൂപങ്ങളുള്ള വരായിരുന്നു ജിന്നുകൾ. ബലി നൽകാതെ ജിന്നുകളെ അവിടന്ന് പറഞ്ഞ് വിടാനാവില്ല. ശൗറാൻ ഉവ്വ അറബി മാന്ത്രികനായത്കൊണ്ട് ജിന്നുകളുമായി ആശയവിനിമയത്തിന് അവസരമുണ്ടായി. അങ്ങനെയാണ് ജിന്നു കളുമായി ഒരു ഒത്തുതീർപ്പ് സാധ്യമായത്. അങ്ങനെ മുഴുവനായും വെളുത്ത ഒരു പശുവിനെയും കറുത്ത ഒരു എരുമയെയും ബലി നൽകാൻ തീരുമാനമായി. അബ്ദു റഹ്മാൻ സാഹിബ് അടുത്ത ഓടത്തിൽ മംഗലാപുരത്തേക്ക് പോയി. വെളുത്ത പശുവിനേയും കറുത്ത എരുമയേയും കേറ്റിയാണ് അബ്ദുറഹ്മാൻ സാഹിബ് തിരികെ വന്നത്.
അങ്ങിനെ ആർഭാടപൂർവ്വം കർമ്മങ്ങൾ നടത്തി ശൗറാൻ ഉവ്വാ ബലിയറവ് നടത്തി. പറഞ്ഞപോലെ ജിന്നുകൾ അവിടം വിട്ടുപോയി. എന്നാൽ ജിന്നുകൾ ഒരു നിബന്ധന വെച്ചിരുന്നു. ഈ നിധി ആ വീട്ടുകാർക്ക് എടുത്ത് ഉപയോഗിക്കാം. എന്നാൽ വഴിവിട്ട ജീവിതമാണ് ആ വീട്ടിലുള്ളവർ നയിക്കുന്നതെങ്കിൽ ജിന്നുകൾ അവരുടെ ജീവിതത്തിലേക്ക് കയറി ഇടപെടുമത്രേ. അങ്ങനെ കിട്ടിയ നിധിയുമായി അബ്ദുറഹ്മാൻ സാഹിബ് ഓടങ്ങളും മഞ്ചുകളും വാങ്ങിക്കൂട്ടി. ദ്വീപുകളിലെല്ലാം കച്ചവടങ്ങൾ ആരംഭിച്ചു. ദ്വീപുകളിൽ ഭൂമികൾ വാങ്ങി. പിന്നീട് അബ്ദുറഹ്‌മാൻ സാഹിബിൻ്റെ മൂത്ത മകൻ ഛോട്ടാസാഹിബ് എന്നറിയപ്പെടുന്ന അബ്ദുൾ ഖാദർ ദ്വീപുകളിലെങ്ങും പ്രശസ്തനാണ്. അദ്ദേഹത്തിന് അമിനി, ചെത്ത്ലത്ത്, കിൽത്താൻ, കോഴിക്കോട്ടിലുമെല്ലാം ഭാര്യമാരും മക്കളുമുണ്ട്. ഇന്നും ലക്ഷദ്വീപിലെ സാംസ്‌കാരിക ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു കുടിയേറ്റ കുടുംബമാണ് ബംഗ്ലാപ്പുര കുടുംബം.

