കെ.കെ. ശിവദാസ്

Published: 10 october 2026 വിവര്‍ത്തനകവിത

രണ്ട് ഇന്ത്യൻ കവിതകൾ

ഒരു തെണ്ടിയുടെ ആത്മഗതം

സുനിൽ അഭിമാൻ അവചർ

വിവ: കെ.കെ.ശിവദാസ്

അജ്ഞനും പലതവണ പരാജയപ്പെട്ടവനും ഇടയ്ക്കിടെ തകർന്നവനുമാണെങ്കിലും എന്നെക്കളിയാക്കുന്ന ലോകത്തെ ഞാൻ വണങ്ങില്ല.അർത്ഥശൂന്യമായ പൂർണവിരാമമായി ഞാൻ മാറില്ല.

നിങ്ങളുടെ വഴിയിലെ മുള്ളായിരിക്കും ഞാൻ
രക്തമൊലിക്കും വരെ നിങ്ങളുടെകാലിൽ ഞാനടിക്കും.
നിങ്ങളുടെ വേഗം ഞാൻ കുറയ്ക്കും.
നിങ്ങൾ ചിരിക്കുമ്പോൾ ഞാനൊരു തുപ്പലാകും.
നിങ്ങളുടെവിജയാഘോഷങ്ങളിൽ ഞാൻ വിഷം കലർത്തും നിങ്ങളുടെ ധിക്കാരത്തിനു ഞാൻ ചുട്ട മറുപടിയാകും.
നിങ്ങളുടെ വെടിയുണ്ടക്കു പ്രതിക്രിയയായി ഞാനൊരു വെടിയുണ്ടയാകും.
നിങ്ങളുടെയുറക്കത്തിനു ഞാനൊരസ്വസ്ഥതയാകും.
നിങ്ങളുടെ പാലങ്ങൾ ഞാൻ തകർക്കും
നിങ്ങളുടെ കമ്പ്യൂട്ടറുകൾ ഞാൻ ഹാക്ക് ചെയ്യും.
നിങ്ങളുടെ ഷെയർ മാർക്കറ്റുകൾ ഞാൻ കൂപ്പുകുത്തിക്കും.
നിങ്ങളുടെ രഹസ്യസംഗമങ്ങൾ ഞാൻ തടസ്സപ്പെടുത്തും
നിങ്ങളുടെ ഉത്തരവുകൾ ഞാൻ ലംഘിക്കും

ചുറ്റുവട്ടത്ത് കെട്ടിത്തിരിയുന്ന തെണ്ടിക്ക് പിരിച്ചുവിടൽ ഉത്തരവു നൽകാൻ നിങ്ങൾക്കാവില്ല.
എന്നെ നിയന്ത്രിക്കുന്ന ഉത്തരവുകളൊന്നും ഞാൻ പാലിക്കില്ല
.
തെണ്ടലിനൊരറുതി വരുത്താൻ ഞാൻ വിചാരിക്കുന്നു
എന്റെ സന്ദേശം നിങ്ങൾ വായിക്കുക
, വാക്കുകൾ വിട്ടു പോയിരിക്കുന്നു.

ഞങ്ങൾ പിറന്നപ്പോൾ അമ്മമാരുടെ മുലകളിൽ ഒരു തുള്ളി പാലുണ്ടായിരുന്നില്ല’

എങ്ങനെയോ എത്തിപ്പെട്ട് സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അത് തകർന്നുവീണു.

കൈക്കൂലി നൽകാൻ ജീവനാഡി തന്നെ ഞങ്ങൾ വിറ്റു.

എന്റെ വരുംതലമുറയുടെ പ്രതി നിധി വളരുമ്പോൾ
കരഞ്ഞുകൊണ്ടിരിക്കുന്നു.
തകർന്നടിഞ്ഞ തലമുറകളുടെ ചരിത്രം അവൻ എഴുതിക്കൊണ്ടിരിക്കുകയാണ്.

(മഹാരാഷ്ട്രയിൽ നിന്നുള്ള കവിയും എഴുത്തുകാരനും ചിത്രകാരനുമാണ് സുനിൽ അഭിമാൻ അവചർ (Sunil Abhiman Awachar).
അദ്ദേഹത്തിന്റെ രചനകൾ ജാതി വിവേചനം, സാമൂഹിക സമത്വം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പോരാട്ടങ്ങൾ എന്നിവ പ്രമേയമാക്കുന്നവയാണ്.’പോസ്റ്റ് കാർഡ്’ (Postcard), ‘ബ്രഹ്മൻഷാഹിച്യ പ്രാതിനിധിക് കവിതാ’ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കവിതാ സമാഹാരങ്ങളാണ്.
മുംബൈ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായ അദ്ദേഹം സ്വന്തം വരകളിലൂടെയും കവിതകളിലൂടെയും സാമൂഹിക മാറ്റങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തുന്നു. )

ചെലിൻ ബായ്

ബസുദേവ് സുനാനി

വയലിൽ
ആടുകളോടൊപ്പം ചെലിൻ ബായിയെക്കണ്ടാൽ അവൾ ആടുകളെ പരിപാലിക്കുകയാണോ
ആടുകൾ അവളെ പരിപാലിക്കുകയാണോ എന്നു മനസ്സിലാക്കാൻ പ്രയാസമാണ്.

കീറത്തുണി ധരിച്ച്
മരത്തിനടിയിൽ അവൾ നിൽക്കുന്നതു കണ്ടെങ്കിൽ
മനുഷ്യർ അവരുടെ ആടുകളോട് എത്ര വിശ്വസ്തരാണെന്ന് നിങ്ങൾക്കു തോന്നിയേക്കാം.

ദിവസത്തിൽ മൂന്നു തവണ ബായ് തൊള്ളയിടുന്നു ആദ്യത്തേത്
ആടുകളെ വയലിലേക്ക് കൊണ്ടുപോകുമ്പോൾ
രണ്ടാമത്തേത്
മേച്ചിൽ കഴിഞ്ഞ ആടുകളെ ഉടമകൾക്കടുത്തെത്തിക്കുമ്പോൾ
മൂന്നാമത്തേത്
നാടു മുഴുവനും നടന്ന് കഞ്ഞിക്കിരക്കുമ്പോൾ

ഈ മൂന്നു തൊള്ളയിടലുകളിൽ നാട് മൂന്നുതവണയുണരുന്നു ഉടനെ നാട്ടുകാർ അവരുടെ പാടുനോക്കുന്നു.

വേറൊരു ദിവസം നട്ടുച്ചയ്ക്ക് ഞാൻ ബായിയെത്തടഞ്ഞ് അവളോടു സംസാരിക്കാൻ ശ്രമിച്ചു
ബായിയുടെ വിശപ്പിനുമേൽ ആടുകളുടെ നാണം മുഴുവൻകൈമാറിയ പോലെ അവൾ ഉൾവലിഞ്ഞു.

കഞ്ഞിവെള്ളത്തിനിരക്കുമ്പോഴും മോശം കാലാവസ്ഥ അവഗണിച്ച് ആടിനെ മേക്കുമ്പോഴും എന്തു കിട്ടുന്നെന്ന് ഒരവസരം വന്നാൽ ഞാനവളോട് ചോദിക്കും.

ആണുങ്ങൾ
ഇലകളും പുല്ലും പറിച്ച് പാകം ചെയ്ത് തിന്നാനറിയുന്ന വികസിച്ച ആടുകളാണെന്ന്
.ഞാൻ ആ ആണുങ്ങളെ മേക്കുന്നുവെന്ന്
ഒരു പക്ഷെ അവൾ പറയുമായിരിക്കും.

കുട്ടിയായിരിക്കുമ്പളേ ആയിരമാടുകളുടെ നിഷ്കളങ്കത ഞാൻ ബായിയുടെ കണ്ണുകളിൽ കണ്ടിട്ടുണ്ട്.

പണ്ഡിതന്മാരേ!
എന്നെ വിശ്വസിക്കൂ, കേവലമൊരു കവിതയിൽ ചെലിൻ ബായിയെ വിവരിക്കാൻ അത്രയ്ക്ക് എളുപ്പമല്ല.

(1962-ൽ ഒഡീഷയിലെ നുവാപാഡ ജില്ലയിൽ ജനിച്ച ബാസുദേവ് സുനാനി പ്രമുഖനായ ഒരു ഒറിയ കവിയും എഴുത്തുകാരനുമാണ്.
ആധുനിക ഒറിയ സാഹിത്യത്തിലെ ശക്തമായ ശബ്ദമായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ രചനകൾ സാമൂഹിക അനീതികൾ, ജാതി വിവേചനം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതം എന്നിവയെ കേന്ദ്രീകരിച്ചുള്ളവയാണ്.
‘അസ്പൃശ്യ’ (Asprushya), ‘കരാഡി ഹാട്ട’ (Karadi Haata), ‘മഹുല ബന’ (Mahula Bana) തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കവിതാ സമാഹാരങ്ങളാണ്.കവിതകൾക്ക് പുറമെ പ്രബന്ധങ്ങൾ, ചെറുകഥകൾ, നോവലുകൾ എന്നിവയും രചിച്ചിട്ടുണ്ട്. )

Dr. K. K. SIVADAS

Prof. Department of Malayalam University of Kerala, Karyavattom Campus.

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x