
ഷഹാന ഷെറിൻ പി.പി
Published: 10 november 2026 കവർ സ്റ്റോറി
കലയുടെ ജനപ്രിയതയും ജനപക്ഷതയും
എസ്.സുധീഷിൻ്റെ നോവൽ വിമർശനങ്ങൾ
ഭാഗം -1
പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ വ്യവസായിക വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട ‘വരേണ്യം’ (High Art), ‘അധമം/ജനപ്രിയം’ (Low Art/Popular Culture) എന്നീ കലാസങ്കൽപ്പങ്ങൾ മുതലാളിത്തകച്ചവടസംസ്കാരത്തിന്റെ ഉൽപ്പന്നങ്ങളായിരുന്നു. യഥാർത്ഥ ജനങ്ങളുടെ ഇച്ഛകളെയും പ്രതിരോധങ്ങളെയും തമസ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സാംസ്കാരിക വിഭജനം സാധിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ഫ്രാങ്ക്ഫർട്ട് സ്കൂൾ ചിന്തകർ ജനപ്രിയകലയെ ‘സംസ്കാര വ്യവസായമായി’ (Culture Industry) വിലയിരുത്തി ഇതിലെ കച്ചവട താൽപ്പര്യങ്ങളെ തുറന്നുകാട്ടിയിരുന്നു. എന്നാൽ കേരളീയ സാഹചര്യത്തിൽ എഴുപത്-എൺപതുകളിൽ മാധ്യമവ്യവസായത്തിന്റെ ഭാഗമായി ‘പൈങ്കിളിസാഹിത്യവും’ സമാന്തരമായി ജനങ്ങളിൽ നിന്ന് അകന്നുനിന്ന വരേണ്യആധുനികതാവാദപ്രസ്ഥാനവും ഒരേപോലെ വിപണനം ചെയ്യപ്പെടുന്ന വൈരുദ്ധ്യമാണ് കാണാൻ കഴിഞ്ഞത്(ഉദാഹരണത്തിന്, ഒരുടമസ്ഥതയിലുള്ള വരേണ്യ – പൈങ്കിളിമാധ്യമങ്ങൾ -മലയാള മനോരമയും ഭാഷാപോഷിണിയും).
ഉത്തരാധുനിക കാലഘട്ടം ഈ വരേണ്യ-ജനപ്രിയ വിഭാഗീയതയെ സൈദ്ധാന്തികമായി ചോദ്യം ചെയ്തെങ്കിലും, വിപണിയുടെ ഇടതടവില്ലാത്ത ഒഴുക്കിൽ ഇരു സംസ്കാരങ്ങളെയും യാതൊരു വിവേചനവുമില്ലാതെ സ്വീകരിക്കുന്ന നിലപാടാണ് പ്രചരിപ്പിച്ചത്. ഫ്രെഡറിക് ജെയിംസണെ പോലുള്ളവർ ജനപ്രിയ സംസ്കാരത്തെ പഠനവിധേയമാക്കി അതിലെ കച്ചവട താൽപ്പര്യങ്ങൾ കണ്ടെത്തിയപ്പോൾ, കേരളത്തിൽ ഉത്തരാധുനികത പലപ്പോഴും ജനപ്രിയ/കച്ചവട സംസ്കാരത്തിന്റെ ഉപരിപ്ലവമായ മഹത്വവൽക്കരണമായാണ് അവതരിപ്പിക്കപ്പെട്ടത്. ഈയൊരു പശ്ചാത്തലത്തിൽ ആണ് ആധുനികതാവാദകാലത്ത് നോവലുകളെ പഠിച്ച എസ്.സുധീഷിൻ്റെ കലാനിലപാടുകൾ ചർച്ചയ്ക്ക് എടുക്കുന്നത്. ആധുനിക അസ്തിത്വവാദവരേണ്യ നോവലുകളെ പൈങ്കിളിനോവലുകളുമായി ചേർത്തുവച്ച് കൊണ്ട് രണ്ടിലേയും വരേണ്യജന്മിത്ത-മുതലാളിത്തനിലപാടുകളെ പഠിച്ചു കൊണ്ട് ആധുനികതാവാദത്തിൻ്റെ വരേണ്യ-നീച ശ്രേണികളെ തകർക്കുകയായിരുന്നു എസ്.സുധീഷ്. ഉത്തരാധുനികതാവാദാനന്തരകാലത്ത് ഇത് പഠിക്കുമ്പോൾ ഇതിൽ ആധുനികതാവാദത്തിൻ്റെ ജനവിരുദ്ധതയ്ക്ക് സമാനമായുള്ള ഉത്തരാധുനികതയുടെ മുഖം കൂടി പുറത്തു വരുന്നു. വരേണ്യ/നീചശ്രേണിയെ തകർക്കുക മാത്രമല്ല, ജനപക്ഷമെന്തെന്ന ചോദ്യം കൂടി ഈ വിമർശനങ്ങൾ ഉന്നയിക്കുന്നു. ഇക്കാര്യമാണ് ഈ പ്രബന്ധത്തിൽ അന്വേഷിക്കുന്നത്.വരേണ്യതയുടെയും ജനപ്രിയതയുടെയും വ്യാജ വിഭാഗീയതകളെ തള്ളിക്കളഞ്ഞുകൊണ്ട്, ജനങ്ങളുടെ യഥാർത്ഥ ഇച്ഛകളെ പ്രതിഫലിപ്പിക്കുന്ന ജനപക്ഷ നിലപാടുകളെ സുധീഷ് എങ്ങനെയാണ് നിർവചിക്കുന്നതെന്നു കണ്ടെത്തുക എന്നതാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം.
എസ്.സുധീഷിൻ്റെ നോവൽവിമർശനങ്ങളെ സാമാന്യമായി മനസിലാക്കുകയാണ് ആദ്യഭാഗത്ത്
എസ്. സുധീഷിന്റെ വിമർശനപദ്ധതി: ചരിത്രം, സംസ്കാരം, രാഷ്ട്രീയം
“ലോകം ഇന്നു തീപിടിച്ച ഒരു വീടാണ്. കൊലയുടെ ചോരമണവും കത്തിയെരിയുന്ന മാംസത്തിൻ്റെ നിലവിളികളും അന്തരീക്ഷത്തിൽ വ്യാപിക്കുന്നു. ഈ ജീവിതാവസ്ഥയ്ക്കുമേൽ സ്വകാര്യവ്യഥയുടെ സുഖഭോഗങ്ങൾ വായിച്ചു വീഴ്ത്തിക്കൊണ്ട് എരിഞ്ഞുവീഴുന്ന നിലവിളികളെപ്പറ്റി സംസാരിക്കുവാൻ തനിക്കു ബാധ്യതയില്ല എന്നു പ്രഖ്യാപിക്കുന്ന ജീവിയെ ഇനിയും കലാകാരൻ എന്നു വിളിക്കാനാവില്ല. അവൻ്റെ ദന്തഗോപുര സുരക്ഷിതത്വത്തിനുവേണ്ടി ഭാവുകത്വത്തിന്റെ ഗതാഗതക്കുരുക്ക് രചിച്ചുകൊടുക്കുന്ന ലാവണ്യനിയമകാരൻ്റെ ചിന്താപരമായ ക്ലീബതയുടെ ഇന്ദ്രിയങ്ങൾ ജീർണ്ണിച്ചുകഴിഞ്ഞിരിക്കുന്നു( വിമോചനത്തിൻ്റെ വാക്കും മനസും,2)എന്ന് പ്രഖ്യാപിച്ചുകൊണ്ട് കലയെ കേവലമായ സ്വകാര്യ സുഖാനുഭവമായി കാണുന്ന പ്രവണതയെ അദ്ദേഹം നിരാകരിക്കുന്നു. സമൂഹത്തിന്റെ നിലവിളികളെ അഭിസംബോധന ചെയ്യാത്ത സർഗ്ഗാത്മകതയ്ക്ക് കലാപരമായ അസ്തിത്വമില്ലെന്ന അദ്ദേഹത്തിന്റെ നിലപാട്, വിമർശനത്തെ ഒരു നൈതികമായ ഇടപെടലായി പരിവർത്തിപ്പിക്കുന്നു.മാരാരുടെ സൗന്ദര്യബോധവും മുണ്ടശ്ശേരിയുടെ രാഷ്ട്രീയബോധവും കേസരിയുടെ ചരിത്രബോധവും ഒരുപോലെ എസ്. സുധീഷ് എന്ന വിമർശകനിൽ പ്രത്യക്ഷപ്പെടുന്നത് കാണാം(ഷൂബ കെ.എസ്, മലയാള സാഹിത്യ വിമർശന ചരിത്രം, https://www.gcwmalayalam2023.com/sahithyavimarshanam02)എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.ഹിംസയുടെയും അരാഷ്ട്രീയതയുടെയും പശ്ചാത്തലത്തിൽ കലയുടെയും സാഹിത്യത്തിന്റെയും രാഷ്ട്രീയ ദൗത്യത്തെ പുനർനിർവ്വചിക്കുന്ന സുധീഷ് അരാഷ്ട്രീയവാദം എന്നത് യഥാർത്ഥത്തിൽ മത-ജാതി-വംശീയതയുടെ ഭീകരതയ്ക്ക് വളമിടുന്ന ഒന്നാണെന്നും, രാഷ്ട്രീയനാഗരികതയുടെ വിവേകം വീണ്ടെടുത്തുകൊണ്ട് മാത്രമേ ഇതിനെ പ്രതിരോധിക്കാനാകൂ എന്നും സമർത്ഥിക്കുന്നു.
സ്ത്രീപക്ഷചിന്തകളെ വിപണിയുടെ ഉല്പന്നമായല്ല, മറിച്ച് അധികാരവ്യവസ്ഥയോടുള്ള (രാമനെതിരെയുള്ള സീതയുടെ നിലപാട് പോലെ) കലഹമായി അദ്ദേഹം കാണുന്നു. രാഷ്ട്രീയത്തെ അഭിനയവിദ്യയാക്കുന്ന കാല്പനിക സെന്റിമെന്റലിസത്തെ തള്ളിക്കളയുന്ന ഗ്രന്ഥകാരൻ, ‘പൊളിറ്റിക്കൽറിയലിസത്തിന്റെ’ ഭാഷ കണ്ടെത്തേണ്ടത് എഴുത്തുകാരന്റെയും രാഷ്ട്രീയപ്രവർത്തകന്റെയും ബാധ്യതയാണെന്ന് ഓർമ്മിപ്പിക്കുന്നു. വൈദേശികസിദ്ധാന്തങ്ങളോടുള്ള മാനസികഅടിമത്തത്തെ വിമർശിക്കുന്ന അദ്ദേഹം , സ്വാതന്ത്ര്യം, മതനിരപേക്ഷത, ജനാധിപത്യം എന്നീ വാക്കുകളെ മനുഷ്യന്റെ അസ്തിത്വത്തിൽ ജ്വലിക്കുന്ന ലവണങ്ങളായി വിശേഷിപ്പിച്ചുകൊണ്ട് വിമോചനത്തിന്റെ പുതിയ വഴിതുറക്കാൻ ആഹ്വാനം ചെയ്യുന്നു.
സ്വതന്ത്രമായ സൈദ്ധാന്തികചിന്തയുടെ അടിസ്ഥാനത്തിൽ കലാനിരൂപണസപര്യയിൽ ഏർപ്പെട്ട ചിന്തകനാണ് എസ് സുധീഷ്. മാനവിക സൗന്ദര്യബോധവുമായി സർഗാത്മകമായി പ്രതിപ്രവർത്തിക്കാൻ കഴിയുന്ന അധ്വാന ഉൽപ്പന്നവും മനുഷ്യന്റെ മാനസിക പരിമിതികളെ മറികടക്കാനുള്ള ഉപാധിയുമാണ് കലയെന്ന് അദ്ദേഹം വിശ്വസിച്ചു. ഇതിഹാസങ്ങളിൽ തുടങ്ങി ജനപ്രിയകലകളിലേക്കും വിവിധ കലാരൂപങ്ങളിലേക്കും വ്യാപിക്കുന്ന സങ്കീർണമായ അധികാര വ്യവസ്ഥയുടെ സന്ദിഗ്ദ്ധത ധർമ്മസന്തതി-ജാരസന്തതി സംഘർഷത്തിൽ നിന്നാണ് രൂപം കൊള്ളുന്നത് എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. ബ്രാഹ്മണാധിപത്യത്തിനെതിരെ നിലകൊണ്ട ബൗദ്ധപ്രസ്ഥാനത്തെ ഉദാഹരിച്ചുകൊണ്ട് എല്ലാ ദൈവപ്രതീകങ്ങളുടെയും പിന്നിൽ വ്യവസ്ഥാവിരുദ്ധമായ ജനസമരവും സാമൂഹിക ഇച്ഛയും ഒളിഞ്ഞിരിക്കുന്നു എന്ന് അദ്ദേഹം വ്യാഖ്യാനിക്കുന്നു.പിന്നീട് ദൈവസങ്കല്പം വ്യക്തിപരമാകുമ്പോൾ ജനകീയ ഇച്ഛ മറഞ്ഞു പോകുകയും അത് കൃതികളിൽ ദൈവപുത്രൻ- ജാരപുത്രൻ വിഭജനമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
മലയാളത്തിലെ ആധുനികതാപ്രസ്ഥാനത്തെയും അതിന്റെ ലാവണ്യശാസ്ത്രത്തെയും സുധീഷ് നിശിതമായി വിശകലനം ചെയ്തിട്ടുണ്ട്. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ പ്രബലമായ വായനകളെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തുവന്ന അദ്ദേഹം, കൃതിയിലെ ആഭിജാതവൽക്കരണത്തെയും വൈദികസ്വാധീനത്തെയും തുറന്നുകാട്ടി. ഖസാക്കിലെ യഥാർത്ഥ പ്രതിനായകൻ നൈസാമലിയാണെന്നും, ആ അനാഥബാലന്റെ നിലവിളി അവിടുത്തെ ‘യോഗാത്മക വീര്യ’ങ്ങളെ തകർക്കുന്ന ആന്തരികശക്തിയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഈ യാഥാർത്ഥ്യത്തെ മറച്ചുപിടിക്കാനാണ് ഖസാക്കിന്റെ ലാവണ്യശാസ്ത്രം പരിശ്രമിക്കുന്നത്. അതുപോലെ, വി.കെ.എന്നിനെ കേവലമൊരു ഹാസ്യകാരനായി കാണുന്ന പ്രവണതയെ തിരുത്തിക്കൊണ്ട്, ബ്രാഹ്മണിക മൂല്യവ്യവസ്ഥയെ കടപുഴക്കുന്ന രാഷ്ട്രീയബോധമാണ് അദ്ദേഹത്തിന്റെ സൃഷ്ടികളിലെന്ന് സുധീഷ് സ്ഥാപിച്ചു. വെറും ഹാസ്യസാഹിത്യകാരനായി ചുരുക്കിക്കാണപ്പെട്ടിരുന്ന വി. കെ.എന്നിനെ കുമാരനാശാന് ശേഷമുള്ള വലിയ എഴുത്തുകാരനായി ഉയർത്തിക്കാണിച്ചതും സുധീഷാണ്(‘ആത്മയുദ്ധത്തിൻ്റെ കല’,ഏകലവ്യൻ്റെ കൈവിരൽ). മൂല്യച്യുതികളെ പരിഹാസമാക്കുന്നവനല്ല, മറിച്ച് മൂല്യസംവിധാനങ്ങളെ തന്നെ ചോദ്യംചെയ്യുന്ന എഴുത്തുകാരനാണ് വി.കെ.എൻ. എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
വ്യവസ്ഥയും എം.ടിയിലെ ഉപരിവർഗ്ഗാതുരത്വമുള്ള പാതിമനുഷ്യനും തമ്മിലുള്ള അഭിരമ്യത(Harmony)യിൽ നിന്നും പിറവിയെടുക്കുന്ന അംഗലാവണ്യമാണ് എം.ടി.ഭാഷയിലെ സുകുമാരത. എന്നാൽ ആ സുകുമാരതയുടെ അടിയുറച്ച നിലത്തിൽ വ്യവസ്ഥയുടെ ക്രൂരതകൊണ്ട് അടിച്ചമർത്തപ്പെട്ട അസുരവിത്തുകളുടെ കരച്ചിലും ഒളിഞ്ഞിരിക്കുന്നുവെന്ന തിരിച്ചറിവും അദ്ദേഹം പങ്കുവെക്കുന്നു. ‘നായർ പുരുഷത്വ’ത്തിന്റെ അമർഷവും ഇന്ത്യൻ മധ്യവർഗ്ഗയുവത്വത്തിന്റെ മാനസികഷണ്ഡീകരണവും എം.ടിയുടെ കൃതികളിൽ പ്രവർത്തിക്കുന്നുവെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.(‘ഷണ്ഡൻ്റെ അമർഷം’, ഏകലവ്യൻ്റെ കൈവിരൽ).
ഭക്തികാലത്തെ നിഷേധിക്കുന്ന ചരിത്രവാക്കായി കുഞ്ചൻ നമ്പ്യാരെ അദ്ദേഹം വായിക്കുന്നു. വീരന്റെ സ്ഥാനത്ത് കാരിക്കേച്ചർ അവതരിപ്പിക്കുന്ന നമ്പ്യാർ, ചരിത്രകല്പനകളെ പരിഹസിക്കുന്ന ശക്തിയായി പ്രവർത്തിക്കുന്നു. പാർത്ഥസാരഥി വർണ്ണനയിലെ വീരചരിത്രത്തിന്റെ ഫലിതചിത്രമാണ് നായർ പടയാളിയെന്ന വ്യാഖ്യാനം, ഹാസ്യത്തിന്റെ രാഷ്ട്രീയവായനയായി മാറുന്നു.(‘കുഞ്ചൻ: ഹാസ്യരസത്തിൻ്റെ രാഷ്ട്രീയം ‘, പാഠം മാസിക – 3).
മലയാള വിമർശനശാഖയിൽ സൗന്ദര്യശാസ്ത്രത്തെ മനുഷ്യാധ്വാനത്തിന്റെയും ചരിത്രപരമായ ഇച്ഛയുടെയും ഉൽപ്പന്നമായിട്ടാണ് എസ്. സുധീഷ് അടയാളപ്പെടുത്തുന്നത്. കല കേവലമായ ഒരു നിർമ്മിതി എന്നതിലുപരി, മാനവികസൗന്ദര്യബോധവുമായി സർഗ്ഗാത്മകമായി സംവദിക്കുന്ന സാംസ്കാരികരൂപമാണ്. പ്രകൃതിപരമായ പ്രേരണകളും മാനവികമായ മൂല്യബോധവും തമ്മിലുള്ള വൈരുദ്ധ്യാത്മക സംഘർഷങ്ങൾ ഏകോപിപ്പിക്കപ്പെടുന്ന ‘സൗന്ദര്യക്ഷേത്രം’ എന്ന ആശയത്തിന് ഇവിടെ വലിയ പ്രസക്തിയുണ്ട്. ഈ വൈരുദ്ധ്യങ്ങളെ പുനഃസംശ്ലേഷണം ചെയ്തുകൊണ്ട് മനുഷ്യബോധത്തെ ഉണർത്തുക എന്നതാണ് യഥാർത്ഥ കലയുടെ ദൗത്യം. ഇതിൽ ‘മോഹം’ (Illusion), ‘ഇച്ഛ'( will ) എന്നിവയെ വേർതിരിച്ചു കാണേണ്ടതും സെൻസേഷണലിസത്തിലൂടെയും സെന്റിമെന്റലിസത്തിലൂടെയും മനുഷ്യനെ യാഥാർത്ഥ്യത്തിൽ നിന്ന് അകറ്റുന്ന നിലവിലെ ആധിപത്യഘടനകളെ കല നിരസിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. ഉത്തമമായ കല മനുഷ്യനിലെ ‘ഇച്ഛാശക്തിയെ’ പ്രകോപിപ്പിക്കുകയും ഗുണപരമായ മാറ്റങ്ങൾക്കും യാഥാർത്ഥ്യവൽക്കരണത്തിനും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നായി മാറുന്നു. വർഗ്ഗബന്ധങ്ങൾ, ഉൽപ്പാദന-പ്രത്യുൽപ്പാദന പ്രക്രിയകൾ, കുടുംബം, രാഷ്ട്രം എന്നിവയുടെ ചരിത്രപരമായ പരിണാമങ്ങൾ കലാസൃഷ്ടികളിൽ പ്രതിഫലിക്കുമ്പോഴാണ് സൗന്ദര്യബോധം ഒരു ‘ഏഴാമിന്ദ്രിയം’ എന്ന നിലയിൽ ഭാവുകത്വത്തെ സംസ്കരിക്കുന്നത്.
സൗന്ദര്യശാസ്ത്രത്തെ ഇത്തരത്തിൽ രാഷ്ട്രീയവൽക്കരിക്കുന്ന സുധീഷ്, ഫ്രോയ്ഡിയൻ മനഃശാസ്ത്ര സിദ്ധാന്തങ്ങളെയും ചരിത്രപരമായ പശ്ചാത്തലത്തിൽ പുനർവ്യാഖ്യാനിക്കുന്നു. രതിയും അധികാരവും തമ്മിലുള്ള ബന്ധം കേവലം ജൈവികമായ പ്രേരണകളോ മാനസിക സംഘർഷങ്ങളോ മാത്രമല്ല, മറിച്ച് അവ സാമൂഹിക-രാഷ്ട്രീയ ഘടനകളിലൂടെ നിർമ്മിക്കപ്പെടുന്നവയാണ്. ഈഡിപ്പസ് കോംപ്ലക്സ്, വന്ധ്യംകരണഭയം തുടങ്ങിയ സങ്കല്പങ്ങൾ ചരിത്രനിരപേക്ഷമായ സത്യങ്ങളല്ല; മറിച്ച് പിതൃകേന്ദ്രാധിപത്യത്തിന്റെയും ഭരണകൂടവ്യവസ്ഥകളുടെയും ജീർണ്ണതയെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ രൂപകങ്ങളാണ്. നിഷിദ്ധരതി (Incest) പോലുള്ള ആശയങ്ങൾ ഗോത്രഘടനകളുമായും അധികാരവ്യവസ്ഥയുമായും ബന്ധപ്പെട്ട് രൂപപ്പെട്ടവയാണെന്നും, അവ സാഹിത്യത്തിൽ ഭരണകൂടത്തിന്റെ നൈതികശോഷണത്തെ വിമർശിക്കാനുള്ള ഉപാധികളായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. പാശ്ചാത്യ നാടകങ്ങളിലെ ഈഡിപ്പസ്, ഹാംലെറ്റ് എന്നീ കഥാപാത്രങ്ങളെപ്പോലെതന്നെ, ഇന്ത്യൻ ഇതിഹാസങ്ങളിലെ ഭീഷ്മർ , രാമൻ തുടങ്ങിയവരും പിതൃവിധേയത്വത്തിന്റെയും അധികാരാനുസരണത്തിന്റെയും ഭാഗമായി രതിനിഷേധത്തിന്റെ രാഷ്ട്രീയ രൂപങ്ങളായി മാറുന്നു. ഇത്തരത്തിൽ മനഃശാസ്ത്രത്തെ ചരിത്രവുമായും രാഷ്ട്രീയവിമർശനവുമായും സംയോജിപ്പിക്കുന്നത് അധികാരതന്ത്രങ്ങൾ മറച്ചുപിടിക്കുന്ന ജൈവിക വ്യാഖ്യാനങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
ഈ രാഷ്ട്രീയ ജാഗ്രത കുമാരനാശാൻ്റെ കാവ്യപ്രപഞ്ചത്തെ പുനർവ്യാഖ്യാനിക്കുമ്പോഴും സുധീഷ് ഉയർത്തിപ്പിടിക്കുന്നു. ആശാൻ്റെ നായികമാർ പുരുഷനെ കേവലമായ ആത്മീയതയിലേക്കല്ല, മറിച്ച് തീക്ഷ്ണമായ മാനവികബോധത്തിലേക്കാണ് നയിക്കുന്നത്. മനുഷ്യനിർമ്മിതമായ നൈതിക നിയമങ്ങൾക്കും സാമൂഹിക വ്യവസ്ഥകൾക്കും എതിരായ കലാപഭാവമാണ് ഈ കവിതകളുടെ അന്തർധാര. ‘വീണപൂവി’നെ ആത്മതപസ്സിൻ്റെയും ബലിയുടെയും രക്തസാക്ഷിരൂപകമായി കാണുന്നതോടൊപ്പം തന്നെ, ‘ലീല’യിലെയും മറ്റും ഐന്ദ്രിയജ്ഞാനപരമായ രാഷ്ട്രീയമാനങ്ങളെ തത്ത്വചിന്തയുടെയും മനഃശാസ്ത്രത്തിൻ്റെയും പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്നു സുധീഷ്. ഹരിനാമകീർത്തനം പോലുള്ള മുൻകാല കൃതികൾ പതിതഗണത്തിൽ പെടുത്തിയ ഇരപ്പവനെയും ഋതുവായ പെണ്ണിനെയും തൻ്റെ കാവ്യപ്രമേയങ്ങളുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുക വഴി ആശാൻ വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചത്. ജാതിവിരുദ്ധതയും അടിമത്തവിരുദ്ധതയും ചേർന്ന ഈ കാവ്യഭാഷ, ഭൂമി, ജലം, പെൺ, ഭയം, കരുണ തുടങ്ങിയ ആദിരൂപാത്മകമായ പ്രത്യയശാസ്ത്രപ്രരൂപങ്ങൾ വൈരുധ്യാത്മകമായി കൂട്ടിയിണക്കി ഇന്ത്യൻ രാഷ്ട്രീയ ചരിത്രമനസ്സിൽ വലിയ പരിവർത്തനങ്ങൾ സൃഷ്ടിക്കുന്നു.
എസ്. സുധീഷ് മലയാളത്തിലെ ആധുനികതാവാദപ്രസ്ഥാനത്തെയും അതിലെ എഴുത്തുകാരെയും വിമർശനാത്മകമായി വിശകലനം ചെയ്യുന്ന കൃതിയാണ് ‘ഏകലവ്യന്റെ കൈവിരൽ’.പാശ്ചാത്യഅസ്തിത്വവാദ എഴുത്തുകാരായ കാഫ്ക, കമ്യൂ, സാർത്ര് തുടങ്ങിയവരുടെ ദർശനങ്ങളെ യാന്ത്രികമായി അനുകരിച്ചുകൊണ്ട് മലയാളത്തിൽ തുടങ്ങിയ ആധുനികത, കേവലം ‘ദാർശനിക വൈജ്ഞാനികത’യുടെ (Philosophical Intellectualism) പ്രകടനപരത മാത്രമാണെന്ന് ഇതിൽ സൂചിപ്പിക്കുന്നു . ഒ.വി. വിജയൻ, ആനന്ദ് എന്നിവരുടെ കൃതികളിൽ പ്രതിഭയേക്കാൾ കൂടുതൽ ദാർശനികമായ ഇറക്കുമതിച്ചരക്കുകളാണ് നിറഞ്ഞുനിൽക്കുന്നതെന്നും, വികാരങ്ങളെ ദാർശനികവൽക്കരിച്ച് വായനക്കാരെ കബളിപ്പിക്കുകയാണ് ഇവർ ചെയ്തതെന്നും വെളിപ്പെടുത്തുന്ന അദ്ദേഹം ഇതിനു വിപരീതമായി വി.കെ.എൻ-ന്റെ രചനകളിലെ ജീവസ്സുറ്റ മനുഷ്യരെയും ആശാൻ്റെ ആഴത്തിലുള്ള ദർശനങ്ങളെയും ഉയർത്തിക്കാട്ടുന്നുണ്ട്. കല എന്നത് മുൻകൂട്ടി നിശ്ചയിച്ച തത്ത്വങ്ങളുടെയോ രാഷ്ട്രീയ ലക്ഷ്യങ്ങളുടെയോ പ്രചാരണമല്ല, മറിച്ച് എഴുത്തുകാരൻ സ്വന്തം മധ്യവർത്തി മനോഭാവത്തോടും സാമൂഹിക യാഥാർത്ഥ്യങ്ങളോടും നടത്തുന്ന ആഭ്യന്തരയുദ്ധമാണെന്നും, സത്യസന്ധമായ ആത്മവിമർശനത്തിലൂടെ മാത്രമേ ഉന്നതമായ കല ജനിക്കുകയുള്ളൂ എന്നും സുധീഷ് സമർത്ഥിക്കുന്നു.സാഹിത്യരചനയിലും ആസ്വാദനത്തിലും പ്രകടമാകുന്ന ‘അതിഭാവുകത്വം’ (Excess) സൗന്ദര്യാനുഭൂതിയെ എപ്രകാരം വഞ്ചിക്കുന്നുവെന്ന ഗൗരവതരമായ നിരീക്ഷണവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.എഴുത്തുകാരന്റെ മനോഭാവം സമതുലിതാവസ്ഥ കൈവിട്ട് സെൻസേഷണലിസത്തിലേക്കും ദാർശനികമായ അതിപ്രസരത്തിലേക്കും വഴുതിവീഴുമ്പോൾ ഭാവുകത്വഭ്രംശം സംഭവിക്കുന്നു. ചങ്ങമ്പുഴയുടെ ‘രമണനും’ ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസവും’ മധ്യവർഗ്ഗത്തിന്റെ നായകത്വവാസനകളെയും ഫ്യൂഡൽ പാരമ്പര്യത്തോടുള്ള അഭിനിവേശത്തെയും തൃപ്തിപ്പെടുത്തിയതിനാലാണ് വലിയ ജനപ്രീതി നേടിയത്. ഇത്തരം കൃതികൾ വൈരുദ്ധ്യങ്ങളെ സർഗ്ഗാത്മകമായി സംഗ്രഥിക്കുന്നതിന് പകരം ആത്മപരമായ പ്രീണനത്തിലൂടെ വായനക്കാരെ ലഹരിയിലാഴ്ത്തുകയാണ് ചെയ്യുന്നത്. കല എന്നത് കേവലം രാഷ്ട്രീയമോ ദാർശനികമോ ആയ വേഷപ്പകർച്ചകളല്ല, മറിച്ച് ഗുണപരമായ മാറ്റത്തിന് വഴിതെളിക്കുന്ന ക്രിയയാകണം. എന്നാൽ ആധുനിക വിമർശകർ ഈ ആഴം തിരിച്ചറിയാതെ ഭാഷാപരമായ അലങ്കാരങ്ങൾ കൊണ്ട് തങ്ങളുടെ പാണ്ഡിത്യം പ്രദർശിപ്പിക്കാനാണ് ശ്രമിക്കുന്നത്. അർജ്ജുനന്റെ സുരക്ഷയ്ക്കായി ഏകലവ്യന്റെ വിരൽ മുറിച്ചുവാങ്ങുന്ന ആചാര്യന്മാരെപ്പോലെ, യുവതലമുറയുടെ സർഗ്ഗചേതനയെ തളച്ചിടുന്ന വിഗ്രഹങ്ങളായി ഇവർ മാറുന്നു. ഈ വഞ്ചനാപരമായ ആചാര്യമനഃസ്ഥിതിയെ നിഷേധിച്ചുകൊണ്ട് മാത്രമേ സർഗ്ഗപൂർണ്ണമായ ഒരു പുതിയ ഭാവുകത്വം സൃഷ്ടിക്കാൻ കഴിയൂ എന്ന് ഈ കൃതിയിലൂടെ അദ്ദേഹം സ്ഥാപിക്കുന്നു.
സാഹിത്യത്തിലെന്നപോലെ ദൃശ്യകലയിലും സുധീഷ് തന്റെ സാംസ്കാരിക വിമർശനപദ്ധതി തുടരുന്നു. മലയാള സിനിമയുടെ ചരിത്രപരിണാമത്തെയും രാഷ്ട്രീയ-സാമ്പത്തിക അടിത്തറയെയും വിശകലനം ചെയ്യുമ്പോൾ, ചലച്ചിത്രങ്ങളെ കേവലം ഒരു കലാരൂപമായല്ല, മറിച്ച് അധികാരബന്ധങ്ങൾ പ്രവർത്തിക്കുന്ന സാംസ്കാരിക മണ്ഡലമായാണ് അദ്ദേഹം അടയാളപ്പെടുത്തുന്നത്. 1950-കളിലെ ‘ന്യൂസ്പേപ്പർ ബോയ്’ മുതൽ സമകാലികമായ ‘ന്യൂജനറേഷൻ’ സിനിമകൾ വരെയുള്ള കാലഘട്ടത്തെ മുൻനിർത്തി, സിനിമയുടെ ആന്തരിക ഘടനയിൽ നിലനിൽക്കുന്ന സമാനതകളെ സൈദ്ധാന്തികമായി പരിശോധിക്കുന്നു തന്റെ കൃതികളിൽ. ആർട്ട് സിനിമകളെ ‘ഹൈ ആർട്ട്’ (High Art) ആയി വിശുദ്ധീകരിക്കുന്നതോടൊപ്പം വാണിജ്യ സിനിമകളെ ‘ലോ ആർട്ട്’ (Low Art) ആയി തരംതാഴ്ത്തുന്ന സമീപനങ്ങളെ നിശിതമായി വിമർശിക്കുമ്പോൾ മാത്രമേ സിനിമയുടെ യഥാർത്ഥ രാഷ്ട്രീയ പരിസരം വ്യക്തമാവുകയുള്ളൂ. സിനിമയുടെ പൊളിറ്റിക്കൽ എക്കണോമിയെയും നായകസങ്കൽപ്പങ്ങളെയും വിശകലനം ചെയ്യുമ്പോൾ, ആർട്ട്സിനിമയും കമ്പോളസിനിമയും അവയുടെ ആന്തരിക വിനിമയ രീതികളിൽ സമാനമായ ഘടനകളാണ് പിന്തുടരുന്നത് എന്ന് വെളിപ്പെടുന്നു. ‘നീലക്കുയിൽ’, ‘ചെമ്മീൻ’ തുടങ്ങിയ ക്ലാസിക്കുകൾ മുതൽ ‘മാടമ്പി’, ‘അനിയത്തിപ്രാവ്’ തുടങ്ങിയ ജനപ്രിയചിത്രങ്ങൾ വരെ പരിശോധിക്കുമ്പോൾ, മിത്തുകൾ എങ്ങനെയാണ് പ്രമേയഘടനയെ നിർണ്ണയിക്കുന്നതെന്ന് വ്യക്തമാകുന്നു. ആധുനികത കലയെ മനുഷ്യനിൽ നിന്ന് അകറ്റുന്ന രീതിയും, പുതിയ കാലത്തെ സിനിമകളിൽ പ്രകടമാകുന്ന അധികാരബന്ധങ്ങളും ഇതിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു. ലിംഗപരവും വംശീയവുമായ പരിധികൾക്കുള്ളിൽ നിന്നും സർഗാത്മകസാഹിത്യത്തെ/കലയെ ആദേശം ചെയ്യുന്ന കാലത്തു ലിംഗരാഷ്ട്രീയം, മിത്ത്, ആധുനികതയുടെ പ്രതിസന്ധി എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള വായനകൾ പുതിയൊരു വൈജ്ഞാനിക തലം രൂപപ്പെടുത്തുന്നു.
എം.എൻ. വിജയന്റെ ജീവിതത്തെയും രാഷ്ട്രീയത്തെയും കുറിച്ച് എസ്. സുധീഷ് രചിച്ച രാഷ്ട്രീയ ജീവചരിത്രമാണ് ‘ഇങ്ങനെയാണ് എം എൻ വിജയൻ ചരിത്രമായിത്തീർന്നത്’. എം.എൻ. വിജയൻ എന്ന നിരൂപകന്റെയും ചിന്തകന്റെയും മരണം സൃഷ്ടിച്ച വിവാദങ്ങളെയും, അദ്ദേഹം ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളെയും കേന്ദ്രീകരിച്ചാണ് ഈ കൃതി വികസിക്കുന്നത്. ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കിടയിലെ വലതുപക്ഷവൽക്കരണത്തെയും, ആഗോള സാമ്പത്തിക ശക്തികളുടെ അധിനിവേശത്തെയും കുറിച്ചുള്ള വിജയൻ മാഷിന്റെ ആശങ്കകളെ സുധീഷ് ഈ പുസ്തകത്തിൽ ആഴത്തിൽ വിശകലനം ചെയ്യുന്നു. ‘മാധ്യമ വിപണിയുടെ നവസാംസ്കാരിക അത്യന്താഭാസങ്ങൾ’ എന്ന് ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്ന ആധുനിക പ്രവണതകൾക്കെതിരെ വിജയൻ മാഷ് നടത്തിയ പോരാട്ടങ്ങളെയും, വിക്കിലീക്സ് രേഖകൾ പോലുള്ള ആധുനിക രാഷ്ട്രീയ തെളിവുകളെയും മുൻനിർത്തി കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ സുധീഷ് വിചാരണ ചെയ്യുന്നുണ്ട്. കേവലമൊരു സ്മരണിക എന്നതിലുപരി, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം തുടങ്ങിയ വിഷയങ്ങളിൽ വിജയൻ മാഷ് നൽകിയ അപകടസൂചനകളെ ചരിത്രപരമായ വീക്ഷണകോണിലൂടെ അവതരിപ്പിക്കാൻ ഈ പുസ്തകത്തിലൂടെ എസ്. സുധീഷിന് സാധിക്കുന്നു.
ആധുനിക മാധ്യമലോകത്തെ ‘സത്യാനന്തര’ (Post-truth) രാഷ്ട്രീയത്തെയും സുധീഷ് വിചാരണ ചെയ്യുന്നു.(ഗീബൽസിന്റെ പടയാളികൾ സത്യാനന്തര ഉപദേശി പുസ്തകം).അധികാരതന്ത്രങ്ങളെയും മാധ്യമപ്രവർത്തനങ്ങളെയും വിശകലനം ചെയ്യുമ്പോൾ, സത്യം എങ്ങനെയാണ് ബോധപൂർവ്വമായ നിർമ്മിതികളാൽ പുനസ്ഥാപിക്കപ്പെടുന്നത് എന്ന് ,ജോസഫ് ഗീബൽസിന്റെ പ്രചാരണതന്ത്രങ്ങളെ ഒരു ആധുനിക രൂപകമായി സ്വീകരിച്ചുകൊണ്ട്, സമകാലിക മാധ്യമങ്ങൾ കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന യന്ത്രങ്ങളായി മാറുന്നതിനെ അദ്ദേഹം തുറന്നുകാട്ടുന്നു. ഉത്തരാധുനികചിന്തകരായ ബാർത്തിന്റെ ‘എഴുത്തുകാരന്റെ മരണം’, ജീൻ ബോഡ്രിലാഡിന്റെ ‘യാഥാർത്ഥ്യനിഷേധം’ തുടങ്ങിയ സിദ്ധാന്തങ്ങളെ വിമർശിച്ചു കൊണ്ട്, അറിവും അധികാരവും എങ്ങനെയാണ് വികലമാക്കപ്പെടുന്നത് എന്ന തിരിച്ചറിവും ജനാധിപത്യ പ്രക്രിയയിൽ പൗരന്റെ ‘സമ്മതി’ (Consent) എന്നത് സ്വാഭാവികമായ ഒന്നല്ല, മറിച്ച് അധികാരകേന്ദ്രങ്ങൾ ആസൂത്രിതമായി നിർമ്മിച്ചെടുക്കുന്ന ഒന്നാണെന്നും അദ്ദേഹം തന്റെ കൃതികളിലൂടെ വിളിച്ചുപറയുന്നു . ഭാഷയിലെ പരിഹാസവും വിമർശനാത്മകമായ രാഷ്ട്രീയ ജാഗ്രതയും സമന്വയിപ്പിച്ചുകൊണ്ടുള്ള സുധീഷിന്റെ വിശകലനങ്ങൾ, സത്യാനന്തര കാലത്തെ ബൗദ്ധികമായ പ്രതിരോധങ്ങൾ തീർക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു.
ഘടനാവാദാനന്തര സാംസ്കാരികവിമർശനം സുസ്ഥിരരൂപം നേടുന്നതിന് മുൻപുതന്നെ, വിവിധ ജ്ഞാനരൂപങ്ങളിൽ പ്രവർത്തിക്കുന്ന നിശ്ചിത പാറ്റേണുകൾ അന്വേഷിച്ചിരുന്നത് സുധീഷാണ്. ആനന്ദിലും മുട്ടത്തുവർക്കിയിലും പ്രവർത്തിക്കുന്ന അനുഭവഘടനകൾ കണ്ടെത്തിക്കൊണ്ട് ഉച്ച–നീചജ്ഞാനാധികാരഘടനകളെ അദ്ദേഹം തകർത്തു. ചരിത്രപരവും പ്രത്യയശാസ്ത്രപരവും മനഃശാസ്ത്രപരവുമായ വിശകലനങ്ങളെ സംയോജിപ്പിച്ച സാംസ്കാരികവിശകലനപദ്ധതി അദ്ദേഹത്തിന്റെ വിമർശനത്തിൽ രൂപംകൊള്ളുന്നു. അധഃസ്ഥിത-സ്ത്രീപക്ഷ നിലപാടുകളിൽ നിന്ന് വിട്ടുവീഴ്ചയില്ലാതെ നടത്തിയ വൈജ്ഞാനിക കലാപങ്ങളാണ് അദ്ദേഹത്തിന്റെ ഇടപെടലുകളുടെ സ്വഭാവം. രാഷ്ട്രീയം, ഫോക്ലോർ, സംസ്കാരം, മനഃശാസ്ത്രം, ചലച്ചിത്രം തുടങ്ങി അനേകം ജ്ഞാനശാഖകളിലേക്കു വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ സംഭാവനകൾ മലയാള വിമർശനചരിത്രത്തിൽ സവിശേഷ സ്ഥാനമർഹിക്കുന്നു. അദ്ദേഹത്തിൻ്റെ നോവൽ വിമർശനങ്ങൾ കൂടുതൽ അടുത്തു നിന്നു നിരീക്ഷിക്കുകയാണ് ഇനിയുള്ള ഭാഗത്ത്.( എസ്.സുധീഷിൻ്റെ,ചരിത്രവും ഭാവനയും നോവൽ കലയിൽ എന്ന കൃതിയാണ് സ്വീകരിച്ചിരിക്കുന്നത് )
എസ്.സുധീഷ് നോവൽവിമർശനങ്ങൾ
ആധുനികതയുടെ അരാഷ്ട്രീയതയെയും ഉപരിവർഗ്ഗ ലാവണ്യബോധത്തെയും വിചാരണ ചെയ്യുന്ന പൊതുരീതിശാസ്ത്രം മലയാളനോവൽസാഹിത്യത്തെ സമീപിക്കുമ്പോൾ എപ്രകാരമാണ് പ്രയോഗവൽക്കരിക്കപ്പെടുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട് .
ആദ്യകാല നോവലുകളെക്കുറിച്ചുള്ള പ0നങ്ങൾ:
മലയാള സാഹിത്യചരിത്രത്തിൽ സാമൂഹിക പരിവർത്തനത്തിന്റെ ശക്തമായ ചാലകശക്തിയായി വർത്തിച്ചവയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ രൂപപ്പെട്ട ആദ്യകാല നോവലുകൾ. കേവലമായ ആഖ്യാനങ്ങൾക്കപ്പുറം, ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെയും ആഭ്യന്തര ജാതിവ്യവസ്ഥയുടെയും സങ്കീർണ്ണമായ പാരസ്പര്യത്തിലാണ് ഈ കൃതികൾ രചിക്കപ്പെട്ടത്.
നമ്പൂതിരിവാഴ്ചാവിമർശനം ആദ്യകാലനോവലുകളിൽ:
ബ്രിട്ടീഷ് അധിനിവേശകാലത്തെ കേരളീയ സാമൂഹികപശ്ചാത്തലത്തിൽ രൂപപ്പെട്ട ആദ്യകാലമലയാളനോവലുകളെ ആഭ്യന്തര-വൈദേശിക അധിനിവേശ ശക്തികളുടെ സംഘർഷാത്മക ഭൂമികയിൽ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ഈ പഠനം ഗൗരവതരമായ ചരിത്രവീക്ഷണമാണ് മുന്നോട്ടുവെക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ നിലനിന്നിരുന്ന നമ്പൂതിരി മേധാവിത്വത്തെയും വർണ്ണവിവേചനത്തെയും ഒയ്യാരത്ത് ചന്തുമേനോന്റെ ‘ഇന്ദുലേഖ’, പോത്തേരിക്കുഞ്ഞമ്പുവിന്റെ ‘സരസ്വതീവിജയം’ എന്നീ കൃതികൾ എപ്രകാരമാണ് അഭിസംബോധന ചെയ്തതെന്ന് ഈ പഠനം വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നു. നമ്പൂതിരിജന്മിത്തവും നായർതറവാടിത്തവും തമ്മിലുള്ള അധികാരത്തർക്കമായി ‘ഇന്ദുലേഖ’യിലെ പരിഷ്കരണവാദം ഒതുങ്ങിപ്പോകുമ്പോൾ, ‘സരസ്വതീവിജയം’ ദളിതന്റെ വിദ്യാഭ്യാസ-മനുഷ്യാവകാശങ്ങളെ മുൻനിർത്തി നമ്പൂതിരികോയ്മയുടെ ആന്തരിക വൈരുദ്ധ്യങ്ങളെക്കൂടി തുറന്നുകാട്ടുന്നുണ്ട്. എന്നാൽ, ഈ രണ്ട് കൃതികളും വൈദേശിക അധിനിവേശ മൂല്യങ്ങളെ അന്ധമായി സ്വാഗതം ചെയ്തപ്പോൾ, അതിനെതിരെ ഭാരതീയപൈതൃകത്തിന്റെ പക്ഷത്തുനിന്നുകൊണ്ട് കലഹിച്ച കൃതിയായി കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോന്റെ ‘പറങ്ങോടീ പരിണയ’ത്തെ സുധീഷ് അടയാളപ്പെടുത്തുന്നു.
‘ഇന്ദുലേഖ’യിലെ നായകത്വത്തിലെ പൊള്ളത്തരങ്ങളെ ഹാസ്യാനുകരണത്തിലൂടെ (Parody) തുറന്നുകാട്ടുന്ന ‘പറങ്ങോടീ പരിണയം’ പാശ്ചാത്യ അനുകരണഭ്രമത്തെ നിശിതമായി പരിഹസിക്കുന്നുണ്ട് . നമ്പൂതിരിയെ പരിഹസിക്കാൻ ദാസിപ്പെണ്ണിനെ കേവലം ഒരു ഉപാധിയായി മാത്രം ചന്തുമേനോൻ ഉപയോഗിച്ചതിലെ വർഗ്ഗപരമായ വിവേചനത്തെ സുധീഷ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, ആഭ്യന്തരാധിനിവേശത്തിലെ ജാതീയമായ ക്രൂരതകളെ രാമൻകുട്ടി മേനോൻ കണ്ടില്ലെന്നു നടിച്ചുവെന്ന വിമർശനവും പ്രസക്തമാണ്. വൈദേശിക മൂല്യങ്ങളോടുള്ള ഭയഭക്തിബഹുമാനങ്ങളെ ധാർമ്മിക രോഷത്തോടെ നേരിടുന്ന ‘പറങ്ങോടീ പരിണയം’ മലയാളത്തിലെ ആദ്യത്തെ ‘കൗണ്ടർ ഹെജിമണിക്’ (Counter-hegemonic) രചനയായാണ് വിലയിരുത്തപ്പെടുന്നത്. സവർണ്ണയുവത്വവും ബ്രിട്ടീഷ് കൊളോണിയൽ നിയമവ്യവസ്ഥയും തമ്മിലുള്ള സങ്കീർണ്ണമായ പാരസ്പര്യത്തെയും, സ്ത്രീസമൂഹം ആഭ്യന്തര വ്യവസ്ഥയിൽ അനുഭവിച്ച കോളനിവൽക്കരണത്തെയും കുറിച്ച് ഈ പഠനം നൽകുന്ന ഉൾക്കാഴ്ചകൾ പുതിയ കാലത്തെ സാഹിത്യ വിമർശനത്തിന് മികച്ചൊരു മാതൃകയാണ്. ചുരുക്കത്തിൽ, ഉപരിവർഗ്ഗ താൽപ്പര്യങ്ങളും അയിത്തസമൂഹത്തിന്റെ അതിജീവനവും തമ്മിലുള്ള വടംവലികൾക്കിടയിൽ മലയാള നോവൽ സാഹിത്യം എങ്ങനെയാണ് അതിന്റെ സാമൂഹ്യധർമ്മം നിർവ്വഹിച്ചതെന്ന് ഈ നിരീക്ഷണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ജാതിഭേദവും ബ്രിട്ടീഷ് വിരുദ്ധതയും മാധവന്റെ കാഴ്ചപ്പാടിൽ :
ആധുനിക കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ഭാവുകത്വത്തെ നിർണ്ണയിച്ച ജാതിവിവേചനവും ബ്രിട്ടീഷ് വിരുദ്ധതയും ആദ്യകാല സാഹിത്യകൃതികളിൽ എപ്രകാരം പ്രതിഫലിക്കുന്നു എന്നതിന്റെ സൂക്ഷ്മമായ വിലയിരുത്തലാണ് ഈ പഠനം. കുമാരനാശാൻ,ഒ.ചന്തുമേനോൻ, പോത്തേരിക്കുഞ്ഞമ്പു എന്നിവരുടെ നിലപാടുകളെ മുൻനിർത്തി സ്വാതന്ത്ര്യം എന്ന സങ്കൽപ്പത്തെ സമത്വവാദവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു പുതിയ സംവാദമണ്ഡലമാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നത് .
കുമാരനാശാന്റെ ‘സിംഹനാദം’, ‘പരിവർത്തനം’ എന്നീ കാവ്യങ്ങളിലെ രാഷ്ട്രീയദർശനത്തെ സവിശേഷമായി അടയാളപ്പെടുത്തുന്ന ഈ പഠനം ആശാന്റെ സ്വാതന്ത്ര്യബോധം കേവലം വിദേശാധിപത്യത്തിൽ നിന്നുള്ള മോചനമായിരുന്നില്ല, മറിച്ച് മനുഷ്യത്വത്തെ ഹനിക്കുന്ന ജാതിഭേദത്തിൽ നിന്നുള്ള മോചനം കൂടിയായിരുന്നു എന്നു വെളിപ്പെടുത്തുന്നു . വിദേശി-സ്വദേശി ഭേദമില്ലാതെ എല്ലാവരും സമന്മാരായിത്തീരുന്ന ഒരു പദവിയാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്ന് ആശാൻ കരുതി. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുന്നതിനേക്കാൾ പ്രധാനമാണ് ‘ജാതി’ ഇന്ത്യ വിട്ടുപോകുക എന്നത് എന്ന ആശാന്റെ ഉറച്ച നിലപാട് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അന്നത്തെ നേതൃത്വത്തിൽ നിന്നും അദ്ദേഹത്തെ വേറിട്ടു നിർത്തുന്നു.
ചന്തുമേനോന്റെ ‘ഇന്ദുലേഖ’യിലെ നായകനായ മാധവന്റെ കാഴ്ചപ്പാടുകളെ വിശകലനം ചെയ്യുമ്പോൾ, ജാതിഭേദത്തെ ഒരു മൗലികമായ സ്വാതന്ത്ര്യപ്രശ്നമായി കാണുന്നതിൽ അദ്ദേഹം പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടുന്നു എസ് സുധീഷ് . ജാതിവിവേചനത്തെ ഒരു അടിയാളപ്രശ്നമായി നിസ്സാരവൽക്കരിക്കാനാണ് ചന്തുമേനോൻ ശ്രമിച്ചത്. ഇന്ദുലേഖയുടെ പിൽക്കാല പതിപ്പുകളിൽ ചേർക്കപ്പെട്ട പതിനെട്ടാം അധ്യായത്തിലൂടെ മാധവൻ അവതരിപ്പിക്കുന്ന കോൺഗ്രസ്സ് മിതവാദരാഷ്ട്രീയം, ബ്രിട്ടീഷ് സിംഹാസനത്തോടുള്ള കൂറ് പ്രഖ്യാപിക്കുന്ന ഒന്നാണ്. ഇത് ചന്തുമേനോന്റെ ഉപരിവർഗ്ഗ മനസ്സിന്റെ പ്രതിഫലനമായാണ് ലേഖകൻ വിലയിരുത്തുന്നത്.
മറുവശത്ത്, ‘സരസ്വതീവിജയ’ത്തിലൂടെ പോത്തേരിക്കുഞ്ഞമ്പു ജാതി പീഡനത്തെ ജീവിതത്തിന്റെ ഏറ്റവും വലിയ നെറികേടായി ഉയർത്തിക്കാട്ടി. ആഭ്യന്തര കോളനിവൽക്കരണമായ ജാതിവ്യവസ്ഥയെ ചെറുക്കാൻ വൈദേശിക ശക്തിയുടെ സഹായം തേടുന്നതിൽ അദ്ദേഹം തെറ്റുകണ്ടില്ല. അംബേദ്കറുടെ രാഷ്ട്രീയ നിലപാടുകളോട് ചേർന്നുനിൽക്കുന്ന ഈ ചിന്താധാരയെ കുമാരനാശാനിലും കുഞ്ഞമ്പുവിലും ദർശിക്കാമെന്ന് ലേഖനം സ്ഥാപിക്കുന്നു. ഗാന്ധിജിയെപ്പോലുള്ള നേതാക്കൾ പുലർത്തിയ ബ്രിട്ടീഷ് വിധേയത്വം ചർച്ചയാകാതിരിക്കുകയും, അതേസമയം ആശാന്റെ രാഷ്ട്രീയ ദർശനങ്ങളെ വികലമായി ചിത്രീകരിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യത്തെ ലേഖനം വിമർശനാത്മകമായി ചോദ്യം ചെയ്യുന്നു.
ചുരുക്കത്തിൽ, ഉപരിവർഗ്ഗ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ബ്രിട്ടീഷ് വിരുദ്ധതയേക്കാൾ, ജാതിരഹിതമായ സമത്വസുന്ദരമായ ഒരു ഭാരതമാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്ന് സ്വപ്നം കണ്ട എഴുത്തുകാരുടെ രാഷ്ട്രീയപ്രതിബദ്ധതയെ ഈ പഠനം കൃത്യമായി വരച്ചുകാട്ടുന്നു. ആദ്യകാല നോവലുകളിലെയും കവിതകളിലെയും രാഷ്ട്രീയ സ്വഭാവം വിശകലനം ചെയ്യുന്ന ഏതൊരു പഠനത്തിനും ഈ നിരീക്ഷണങ്ങൾ വിലപ്പെട്ട ആധാരശിലകളാണ്.
ആനന്ദിനെ കുറിച്ചുള്ള പ0നം
ആധുനിക മലയാള നോവലുകളുടെ രാഷ്ട്രീയ ഉള്ളടക്കത്തെയും ഭാവുകത്വത്തെയും പുനർവിചാരണ ചെയ്യുകയാണ് ആനന്ദിനെക്കുറിച്ചുള്ള ഭാഗം. ആദ്യകാല നോവലുകളിൽ പ്രകടമായിരുന്ന ഉപരിവർഗ്ഗ താൽപ്പര്യങ്ങളും കൊളോണിയൽ വിധേയത്വവും പിൽക്കാല ആധുനിക സാഹിത്യത്തിൽ എങ്ങനെ പുതിയ രൂപങ്ങളിൽ ആവർത്തിക്കപ്പെടുന്നു എന്ന് ഈ പഠനം അന്വേഷിക്കുന്നു.
മോഹവിചാരത്തിന്റെ രാഷ്ട്രീയം മുട്ടത്തുവർക്കി മുതൽ ആനന്ദ് വരെ :
മലയാള സാഹിത്യവിമർശനചരിത്രത്തിൽ പുതിയൊരു ദിശാബോധം നൽകിയ പഠനമാണ് എസ്. സുധീഷിന്റെ ‘മോഹവിചാരത്തിന്റെ രാഷ്ട്രീയം’. മുട്ടത്തുവർക്കി മുതൽ ആനന്ദ് വരെയുള്ള എഴുത്തുകാരെ ഒരേ രാഷ്ട്രീയ തലത്തിൽ നിർത്തിക്കൊണ്ട്, സാഹിത്യത്തിലെ ‘ഉൽകൃഷ്ടമെന്നും’ ‘അധമമെന്നും’ ഉള്ള തരംതിരിവുകൾക്ക് പിന്നിലെ വർഗ്ഗപരമായ പൊള്ളത്തരങ്ങളെ ഈ പഠനം നിശിതമായി വിചാരണ ചെയ്യുന്നു. കലയുടെ ആന്തരികമായ സാമൂഹ്യകഥയ്ക്ക് (Inner social story) എല്ലായ്പ്പോഴും വ്യക്തമായ ഒരു സാമൂഹ്യപക്ഷപാതമുണ്ടായിരിക്കുമെന്ന് സുധീഷ് വാദിക്കുന്നു. വായനക്കാരന്റെ സാമൂഹ്യഭാവുകത്വത്തെ പരിവർത്തനപരമായി സ്വാധീനിക്കുന്ന ‘ഇച്ഛാശക്തിയുടെ കല’ എന്നും, അതിനെ യാഥാർത്ഥ്യങ്ങളിൽ നിന്ന് വഴിതിരിച്ചുവിടുന്ന ‘മോഹബദ്ധമായ കല’ എന്നും അദ്ദേഹം സാഹിത്യത്തെ രണ്ടായി വേർതിരിക്കുന്നു. ഈ രണ്ടാമത്തെ വിഭാഗത്തിലാണ് മുട്ടത്തുവർക്കി മുതൽ ആനന്ദും വിജയനും വരെയുള്ളവർ ഒരേപോലെ അണിനിരക്കുന്നത് എന്നതാണ് ഈ പഠനത്തിന്റെ നിരീക്ഷണം.
വിരുദ്ധവർഗ്ഗങ്ങളെയും സാമൂഹിക യാഥാർത്ഥ്യങ്ങളെയും കൂട്ടിയിണക്കാൻ എഴുത്തുകാർ ‘ഗാനത്തിന്റെ പാലം’ എന്ന തന്ത്രമാണ് ഉപയോഗിക്കുന്നതെന്ന് ലേഖകൻ ചൂണ്ടിക്കാട്ടുന്നു. ചങ്ങമ്പുഴയുടെ ‘രമണൻ’ മുതൽ തകഴിയുടെ ‘ചെമ്മീൻ’ വരെ പ്രണയത്തെയും ഗാനങ്ങളെയും വർഗ്ഗനിരപേക്ഷമായ ശുദ്ധദാർശനികതയായി അവതരിപ്പിക്കുന്നത് യഥാർത്ഥത്തിൽ ആധിപത്യ വ്യവസ്ഥിതിയെ സംരക്ഷിക്കാനാണ്. തൊഴിലാളി വർഗ്ഗത്തെയും മുതലാളിത്തത്തെയും ഒരേസമയം പ്രീണിപ്പിക്കാൻ ശ്രമിക്കുന്ന ‘ഫ്യൂഡൽ സോഷ്യലിസ്റ്റ്’ മനോഭാവം തകഴിയിലും ദേവിലും കാണാം. ഫ്യൂഡലിസത്തിന്റെ തകർന്നു വീണ തറയിൽ ചിതറിക്കിടക്കുന്ന കാരുണ്യത്തെ അധഃസ്ഥിത പ്രേമമായി വ്യാഖ്യാനിക്കുന്ന ഇവർ, ഒടുവിൽ പുത്തൻ മുതലാളി യുവത്വത്തെ രക്ഷകസ്ഥാനത്തേക്ക് ഉയർത്തുകയാണ് ചെയ്യുന്നത്. ആനന്ദിന്റെ ‘ആൾക്കൂട്ട’ത്തിൽ ദരിദ്രയായ ലളിതയെ സമ്പന്നനായ ഗോപാൽ വിവാഹം കഴിക്കുന്നതിലൂടെ മുതലാളിത്തത്തിന്റെ മേധാവിത്വത്തിന് നൈതികമായ സാധൂകരണം നൽകുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്.
ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ രവി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള സുധീഷിന്റെ വിശകലനം ആധുനികതാ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം തന്നെ പിടിച്ചുലയ്ക്കുന്നതാണ്. ചന്തുമേനോൻ മാധവനിലൂടെ അവതരിപ്പിച്ച മുതലാളിത്ത നായകത്വം രവിയിലെത്തുമ്പോൾ അരാജകത്വത്തിന്റെയും ഗുഹ്യരോഗത്തിന്റെയും അപചയമായി മാറുന്നു. ഇതിനെ ‘അസ്തിത്വദുഃഖം’ എന്ന വൈജ്ഞാനിക ലേബലൊട്ടിച്ച് ഉദാത്തീകരിക്കാനാണ് വിജയൻ ശ്രമിക്കുന്നത്. സ്കോച്ചും ഐസുകട്ടയും ഉപനിഷത്തും അസ്ട്രോഫിസിക്സും ചേർത്ത് വിജയൻ നിർമ്മിച്ചെടുക്കുന്ന നായകവ്യക്തിത്വം ഉപരിവർഗ്ഗത്തിന്റെ പൊങ്ങച്ചമായിട്ടല്ലാതെ മറ്റൊന്നായി കാണാൻ ലേഖകന് കഴിയുന്നില്ല. ഇന്ദ്രിയബോധപരമായ ജീവിതത്തിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും അധഃസ്ഥിതരുടെയും മോഹങ്ങളെ ‘പെൺപൈങ്കിളി’ സാഹിത്യമെന്നും, അതിനെത്തന്നെ ആശയവൽക്കരിച്ച് അവതരിപ്പിക്കുന്ന ആധുനിക സാഹിത്യത്തെ ‘ആൺകിളി’ സാഹിത്യമെന്നും സുധീഷ് തരംതിരിക്കുന്നു. രണ്ടും അടിസ്ഥാനപരമായി വായനക്കാരനെ മോഹാവസ്ഥയിൽ തളച്ചിടുന്ന ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്.
അറിവുകൊണ്ട് മോഹങ്ങളെ തകർക്കുന്ന കുമാരനാശാന്റെ സിംഹനാദവും പരിവർത്തനവും പോലുള്ള കൃതികളാണ് ഉത്തമകലയുടെ മാതൃകകളായി സുധീഷ് ഉയർത്തിക്കാട്ടുന്നത്. അവിടെ സിദ്ധാന്തങ്ങൾ ഗാർഹിക കാമനകളായല്ല, മറിച്ച് മനുഷ്യന്റെ വിമോചനത്തിനുള്ള ഇച്ഛാശക്തിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ആധുനിക കൃതികളിൽ അറിവ് പോലും മോഹത്തെ ഉത്തേജിപ്പിക്കാനുള്ള ഉപാധിയായി മാറുന്നു. സ്കോച്ച് വിസ്കിയെക്കാൾ ഉജ്ജ്വലമാണ് വാറ്റുചാരായമെന്ന് രവി പറയുമ്പോൾ അത് അധഃസ്ഥിതന്റെ ദാരിദ്ര്യത്തോടുള്ള വികലമായ ഉപരിവർഗ്ഗതാൽപ്പര്യമായി ലേഖകൻ തുറന്നുകാട്ടുന്നു. ചുരുക്കത്തിൽ, ഉൽകൃഷ്ട സാഹിത്യമെന്ന് വാഴ്ത്തപ്പെടുന്നവയിലെ ദാർശനികഭാരം യഥാർത്ഥത്തിൽ പൈങ്കിളി സാഹിത്യത്തിലെ വൈകാരികഭാരത്തിന്റെ മറ്റൊരു വേഷപ്പകർച്ച മാത്രമാണെന്നും, അവ രണ്ടും മുതലാളിത്ത വ്യവസ്ഥിതിയെ നിലനിർത്തുന്ന മോഹരൂപങ്ങളാണെന്നും ഈ പഠനം സമർത്ഥിക്കുന്നു.
ഖസാക്ക് പഠനങ്ങൾ:
മലയാള നോവൽ സാഹിത്യത്തിലെ ഉപരിവർഗ്ഗ-മുതലാളിത്ത താൽപ്പര്യങ്ങളെയും ‘ആൺകിളി’ ഭാവുകത്വത്തെയും കുറിച്ചുള്ള പൊതുവായ അന്വേഷണങ്ങളിൽ നിന്ന്, ആധുനികതയുടെ ഇതിഹാസമായി വാഴ്ത്തപ്പെടുന്ന ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലേക്ക് വിമർശനദൃഷ്ടി തിരിക്കുകയാണ് ‘ഖസാക്ക് പഠനങ്ങൾ’ എന്ന ഭാഗം. ‘മോഹവിചാരത്തിന്റെ രാഷ്ട്രീയത്തെ’ ഖസാക്കിലെ കഥാപാത്രങ്ങളിലൂടെയും പ്രമേയങ്ങളിലൂടെയും വിസ്തരിച്ച് വിചാരണ ചെയ്യുകയാണ് എസ്. സുധീഷ് ഈ പഠനങ്ങളിലൂടെ ചെയ്യുന്നത്. ഖസാക്കിന്റെ ഇതിഹാസത്തെയും അതിലെ നായകത്വത്തെയും നാല് വ്യത്യസ്ത തലങ്ങളിലൂടെ അപനിർമ്മിക്കുകയാണ് തുടർന്ന് വരുന്ന ഭാഗങ്ങളിൽ .
ഒരു കുഞ്ഞിന്റെ കരച്ചിൽ :
എസ്. സുധീഷിന്റെ ‘ഒരു കുഞ്ഞിന്റെ കരച്ചിൽ’ എന്ന പഠനം ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിനെ മാർക്സിയൻ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെയും മനഃശാസ്ത്രത്തിന്റെയും പശ്ചാത്തലത്തിൽ വിചാരണ ചെയ്യുന്ന ഒന്നാണ്. മാറ്റത്തെയും നിഷേധത്തെയും കുറിച്ചുള്ള മാർക്സിയൻ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് അദ്ദേഹം തന്റെ വിമർശനം ആരംഭിക്കുന്നത്. ഗുണപരമായ മാറ്റത്തിന് കാരണമാകുന്ന ആന്തരിക വൈരുദ്ധ്യങ്ങളുടെ പ്രക്രിയയെയാണ് നിഷേധം എന്ന് വിളിക്കുന്നത്. ഈ പ്രക്രിയ നിലവിലുള്ള നൈതിക വ്യവസ്ഥയെ മാറ്റിമറിക്കുമ്പോഴാണ് പാപം ജനിക്കുന്നത്. എന്നാൽ ഖസാക്കിലെ നായകനായ രവിയുടെ പാപബോധം ഇത്തരത്തിൽ ആന്തരിക വൈരുദ്ധ്യങ്ങളിൽ നിന്ന് ജനിക്കുന്ന ഒന്നല്ലെന്നും, മറിച്ച് അത് പുസ്തകനിഷ്ഠമായ ഒരു അതിഭാവുകത്വം മാത്രമാണെന്നും സുധീഷ് വാദിക്കുന്നു.
രവിയുടെ ലൈംഗിക പാപങ്ങൾ സിദ്ധാന്തങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി നിർമ്മിച്ചെടുത്തവയാണ്. ചിറ്റമ്മയെ ഭോഗിക്കുന്നതിലൂടെ ഈഡിപ്പസ് കോംപ്ലക്സിന്റെ തലത്തിലേക്ക് ഉയരാൻ ശ്രമിക്കുന്ന രവിയിൽ നിഷേധത്തിന്റെ ഊർജ്ജസ്വലമായ പാപമില്ല. ലൈംഗികതയെ വെറും വിഷയസുഖമായി അപചയപ്പെടുത്തുന്ന വിജയന്റെ ശൈലി വെൺമണി പ്രസ്ഥാനത്തിന്റെ ആധുനിക രൂപം മാത്രമാണെന്ന് ലേഖകൻ കുറ്റപ്പെടുത്തുന്നു. രവിയുടെ ലൈംഗിക വീരകൃത്യങ്ങൾ കേവലം ഒരു ഉപരിവർഗ്ഗ നായകന്റെ നേരമ്പോക്കായി (Leisure time hobby) മാറുകയാണ് ചെയ്യുന്നത്. ഈ പാപബോധം കാൽപ്പനികമായ ഒരു ചായം പൂശൽ പോലെ ഉപരിപ്ലവമാണ്.
ലൈംഗികതയുടെ കിടക്കറയിൽ നിന്ന് മോചിതനായി പിതാവിന്റെ കാൽക്കൽ വീഴാൻ ആഗ്രഹിക്കുന്ന രവിയുടെ മനസ്സ്, യഥാർത്ഥത്തിൽ ലൈംഗികതയുടെ സർഗ്ഗാത്മക മൂല്യത്തെ നിഷേധിക്കുന്ന ഒന്നാണ്. സ്ത്രീയെ വിട്ടോടി അച്ഛന്റെ പാദങ്ങളിൽ അഭയം തേടുന്ന ഈ പ്രവണത, ലൈംഗികതയെ ഒരു അനാശാസ്യ പ്രവൃത്തിയായി പരോക്ഷമായി അംഗീകരിക്കുന്നതിന് തുല്യമാണ്. രവിയുടെ ലൈംഗിക ബന്ധങ്ങളിലെല്ലാം മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും വികാരപരമായ ഇടപെടലുകൾ കാണാം. ഇത് ലൈംഗികതയുടെ നിഷേധമൂല്യത്തെ തകർക്കുകയും കുടുംബബന്ധങ്ങളുടെ ഉപരിപ്ലവമായ സുഖവികാരങ്ങളെ ഉദാത്തീകരിക്കുകയും ചെയ്യുന്നു. ലൈംഗികതയിലെ കലാപവീര്യം നഷ്ടപ്പെട്ടതുകൊണ്ടാണ് നായകന് പിതൃവ്യവസ്ഥയ്ക്ക് കീഴടങ്ങേണ്ടി വരുന്നതെന്ന് സുധീഷ് നിരീക്ഷിക്കുന്നു.
യുവാവായിരിക്കുമ്പോഴും ശിശുവാകാൻ ആഗ്രഹിക്കുന്ന രവിയുടെ മനോഭാവത്തെ ഒരു തരം വൈകൃതമായാണ് ലേഖകൻ കാണുന്നത്. അപ്പുക്കിളി എന്ന കഥാപാത്രം ഈ ശിശുത്വത്തിന്റെ വികൃതമായ പ്രതിരൂപമാണ്. യുവത്വത്തിന്റെ സർഗ്ഗശക്തിയെയും ലൈംഗികതയെയും നിരാകരിച്ചുകൊണ്ട് ‘അമീബയുടെ അലൈംഗിക പ്രജനനം’ സ്വപ്നം കാണുന്ന രവിയിൽ പ്രകൃതിവിരുദ്ധമായ അതിഭാവുകത്വമാണുള്ളത്. നോവലിന്റെ അന്ത്യത്തിൽ പാമ്പിന്റെ കൊത്തേറ്റ് രവി നടത്തുന്ന വിടവാങ്ങലിനെ “പല്ലുമുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതി”യായി വിജയൻ വിശേഷിപ്പിക്കുന്നത് ഈ പ്രകൃതി വൈകൃതത്തെ സത്യസന്ധമായി പ്രക്ഷേപിക്കുന്നു. പല്ലുമുളയ്ക്കാത്ത കുഞ്ഞിന്റെ കൊത്തുകൾക്ക് ഒരു നൈതിക വ്യവസ്ഥയെയും തകർക്കാൻ കഴിയില്ല എന്നതുകൊണ്ട് തന്നെ ഖസാക്കിലെ പാപബോധം തികച്ചും ബാലിശമാണെന്ന് സുധീഷ് സമർത്ഥിക്കുന്നു.
നിരാനന്ദത്തിന്റെ ചതി:
എസ്. സുധീഷിന്റെ ‘നിരാനന്ദത്തിന്റെ ചതി’ എന്ന പഠനം ഒ.വി. വിജയന്റെ വർഗ്ഗപരമായ പക്ഷപാതങ്ങളെയും ഉപരിവർഗ്ഗബോധത്തെയും അതിരൂക്ഷമായി വിമർശിക്കുന്ന ഒന്നാണ്. ഖസാക്കിന്റെ ഇതിഹാസത്തിൽ അധഃസ്ഥിത വർഗ്ഗത്തെയും ഉപരിവർഗ്ഗത്തെയും ചിത്രീകരിക്കുന്നതിൽ എഴുത്തുകാരൻ പുലർത്തുന്ന ഇരട്ടത്താപ്പിനെയാണ് സുധീഷ് ഇവിടെ പ്രധാനമായും വിചാരണ ചെയ്യുന്നത്. ഒരേ സ്വഭാവവിശേഷങ്ങൾ അധഃസ്ഥിതരിൽ വികലമായും ഉപരിവർഗ്ഗത്തിൽ ഉദാത്തമായും ചിത്രീകരിക്കപ്പെടുന്നു. ഉദാഹരണത്തിന്, അപ്പുക്കിളിയിലൂടെ വെളിപ്പെടുന്ന വികലമായ ശിശുത്വവും രവിയിലൂടെ പ്രകടമാകുന്ന ഉദാത്തമായ ശിശുത്വവും വിജയന്റെ വർഗ്ഗപരമായ ആത്മനിഷ്ഠതയ്ക്ക് തെളിവായി ലേഖകൻ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണത്തോടുള്ള ആർത്തിയും ലൈംഗികതയോടുള്ള ആർത്തിയും തമ്മിലുള്ള താരതമ്യത്തിലൂടെ വിജയന്റെ ദർശനപരമായ പൊള്ളത്തരങ്ങൾ സുധീഷ് തുറന്നുകാട്ടുന്നു. ദാരിദ്ര്യം മൂലം അധഃസ്ഥിതൻ കാട്ടുന്ന ഭക്ഷണാർത്തിയെ വിജയൻ അപകർഷവും പരിഹാസ്യവുമായി കാണുന്നു.എന്നാൽ മദ്യത്തോടും സിഗരറ്റിനോടും പെണ്ണിനോടും രവി കാണിക്കുന്ന അമിതമായ ആസക്തിയെ ഒരു ‘ധാർമ്മിക സാഹസികത’യായും (Moral Adventure) ദർശനദുഃഖമായും ഉദാത്തീകരിക്കാനാണ് എഴുത്തുകാരൻ ശ്രമിക്കുന്നത്. ഭക്ഷണാർത്തി നിന്ദ്യമാണെങ്കിൽ ലൈംഗികചൂഷണവും ഒരുപോലെ നിന്ദ്യമാണെന്ന് കാണാൻ വിജയന് കഴിയുന്നില്ല. ഖസാക്കിലെ സ്ത്രീകളെയാകെ തിന്ന് തന്റെ ലൈംഗികദാഹം തീർക്കുന്ന രവിയുടെ ‘ലൈംഗിക മാടമ്പിത്തത്തെ’ ദാർശനികതയുടെ ചായം തേച്ച് മിനുക്കിയെടുക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്.
രവിയും കുപ്പുവച്ചനും തമ്മിലുള്ള ബന്ധം വർഗ്ഗപരമായ ചൂഷണത്തിന്റെ പ്രച്ഛന്നരൂപമാണെന്ന് സുധീഷ് സമർത്ഥിക്കുന്നു. കുപ്പുവച്ചൻ കേശിയെ രവിക്ക് കാഴ്ചവെക്കുന്നതിനെ ഒരു ‘ആത്മനിഷേധരസമായി’ (Self-denial) ചിത്രീകരിക്കുന്നതിലൂടെ വർഗ്ഗശത്രുതയുടെ വീര്യം നശിപ്പിക്കുകയാണ് വിജയൻ ചെയ്യുന്നത്. വെള്ളയപ്പം കഴിച്ച കുപ്പുവച്ചന്റെ മുഖത്ത് മലീമസത ആരോപിക്കുന്ന എഴുത്തുകാരൻ, മദ്യലഹരിയിൽ സ്ത്രീയെ ഭോഗിച്ചു കഴിഞ്ഞ രവിയുടെ മുഖത്ത് ‘നിരാനന്ദത്തിന്റെ ചിരി’ നൽകി അവനെ വീരനായകനാക്കുന്നു. ലിംഗം കൊണ്ട് ചിന്തിക്കുന്നതിനെ ഉദാത്തമായി കാണുകയും ഉദരം കൊണ്ട് ചിന്തിക്കുന്നതിനെ അപഹസിക്കുകയും ചെയ്യുന്ന ഈ മനോഭാവം പച്ചയായ ചൂഷണത്തെ ഭാഷ കൊണ്ട് മറച്ചുപിടിക്കാനുള്ള ശ്രമമാണ്.
ചുരുക്കത്തിൽ, അധഃസ്ഥിതത്വത്തെ അതിഭാവുകത്വപരമായി വികലീകരിക്കുകയും ഉപരിവർഗ്ഗത്തെ ഉദാത്തീകരിക്കുകയും ചെയ്യുന്ന വിജയന്റെ രചനാശൈലി ഒരു തരം ‘ഉപരിവർഗ്ഗ സേവ’യാണെന്ന് സുധീഷ് പ്രഖ്യാപിക്കുന്നു. കുപ്പുവച്ചന്റെ മുഖത്ത് എഴുത്തുകാരൻ കാണുന്ന മലീമസത യഥാർത്ഥത്തിൽ സ്വന്തം ഉപരിവർഗ്ഗ വിധേയത്വത്തിന്റെ പ്രതിഫലനം മാത്രമാണ്. നിരാനന്ദത്തിന്റെ ദാർശനികമായ ആവരണത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത് ചൂഷണത്തിന്റെ പച്ചമാംസമാണെന്നും, വിജയൻ ആ ചായത്തിന്റെ മിനുസമുള്ള പ്രതലത്തിൽ വഴുതിവീണ എഴുത്തുകാരനാണെന്നും സുധീഷ് നിരീക്ഷിക്കുന്നു.
ആസ്ട്രോഫിസിക്സും ഉപനിഷത്തും:
എസ്. സുധീഷിന്റെ ‘ആസ്ട്രോഫിസിക്സും ഉപനിഷത്തും’ എന്ന പഠനം, ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ പാശ്ചാത്യ-വൈദികാഭിമുഖ്യങ്ങളെയും അതിന് പിന്നിലെ വർഗ്ഗപരമായ അടിമത്തത്തെയും വിചാരണ ചെയ്യുന്നു. ഇന്ത്യൻ കമ്മ്യൂണിസത്തോട് ഭാഷാപരമായ ഗോഷ്ഠികൾ കാട്ടുന്ന വിജയന്, ഇന്ത്യൻ വർണ്ണാശ്രമവ്യവസ്ഥയോടും അതിന്റെ ആധിപത്യത്തോടും ഗൂഢമായ ഭക്തിയുണ്ടെന്ന് ലേഖകൻ നിരീക്ഷിക്കുന്നു. പാശ്ചാത്യമായ ആധുനികതയെയും (അമേരിക്കൻ മിത്ത്) പുരാതനമായ വൈദികദാർശനികതയെയും (ഉപനിഷത്ത്) കോർത്തിണക്കി രവി എന്ന നായകന് ഒരു ‘അഭിജാത പരിവേഷം’ നൽകാനാണ് വിജയൻ ശ്രമിക്കുന്നത്. ഈ ‘ആസ്ട്രോഫിസിക്സ്-ഉപനിഷത്ത്’ കലർപ്പ് യഥാർത്ഥത്തിൽ ആധിപത്യ വ്യവസ്ഥിതിയുടെ ഇരയായിത്തീർന്ന ഒരെഴുത്തുകാരന്റെ ആത്മനിന്ദയിൽ നിന്ന് ജനിക്കുന്നതാണെന്ന് സുധീഷ് വാദിക്കുന്നു.
അമേരിക്കയിൽ നിന്നുള്ള പ്രൊഫസറുടെ പ്രശംസയും ഇംഗ്ലണ്ടിലെ സഹോദരിമാരും ചേർന്ന് രവിക്ക് നൽകുന്ന കാൽപ്പനികമായ ഈ ആഭിജാത്യം, ഖസാക്കിലെ നിരക്ഷരരായ മനുഷ്യരെ പരിഹസിക്കാനുള്ള ഒരു ആയുധമായി മാറുകയാണ്. പാശ്ചാത്യതയുടെ ഈ ഉദാത്തീകരണത്തിന് പിന്നിൽ ഒരു ‘അധമമനസ്സിന്റെ അടിമത്തം’ സുധീഷ് ദർശിക്കുന്നു. സ്വന്തം മാതാപിതാക്കളെ നിന്ദിച്ചുകൊണ്ട് താൻ വലിയൊരു പ്രഭുവിന്റെ മകനാണെന്ന് അവകാശപ്പെടുന്ന അന്തസ്സാരശൂന്യന്റെ നിലപാടാണ് രവിയിലൂടെ വിജയൻ പുലർത്തുന്നത്. അമേരിക്കൻ പരിഷ്കൃതസ്ത്രീകളുടെ ലാളിത്യത്തോട് വൈകാരികമായി പ്രതികരിക്കുന്ന രവി, മാറുമറയ്ക്കാത്ത ചെറുമികളെ കാണുമ്പോൾ ‘നിരാനന്ദത്തിന്റെ ചിരി’ തൂകുന്നത് തന്റെ വർഗ്ഗപരമായ അന്യത പ്രഖ്യാപിക്കാനാണ്. താൻ മാതാപിതാക്കളുടെ ശാരീരിക ബന്ധത്തിലൂടെ ഉണ്ടായ വെറും മനുഷ്യനാണെന്ന് സമ്മതിക്കുന്നതിനേക്കാൾ, ആസ്ട്രോഫിസിക്സും ഉപനിഷത്തും ചേർന്നുണ്ടായ അത്ഭുതമാണെന്ന് വിശ്വസിക്കാനാണ് നായകനും എഴുത്തുകാരനും ഇഷ്ടപ്പെടുന്നത്.
ചെറുമികൾ മാറുമറയ്ക്കാനുള്ള അവകാശത്തിനായി നടത്തിയ വിപ്ലവകരമായ പോരാട്ടങ്ങളെ വിസ്മരിച്ചുകൊണ്ട്, അതിനുമേൽ പാശ്ചാത്യ ദാർശനികതയുടെ പുകമറയിടുന്നത് മാനുഷികമായ വലിയ തെറ്റാണെന്ന് ലേഖകൻ ചൂണ്ടിക്കാട്ടുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ഫ്യൂഡൽ വിധേയത്വവും കലർന്ന വിജയന്റെ ഈ നിലപാട് ശോചനീയമാണ്. നായകന്റെ നെഞ്ചത്ത് കെട്ടിയിട്ട ആസ്ട്രോഫിസിക്സിനേക്കാൾ മാനുഷികമൂല്യം കേരളത്തിലെ അധഃസ്ഥിത വർഗ്ഗബോധത്തിനുണ്ടെന്ന് തിരിച്ചറിയാൻ എഴുത്തുകാരൻ വിസമ്മതിക്കുന്നു. അമ്മയുടെ ഗർഭപാത്രത്തേക്കാൾ മൂല്യം മദാമ്മയുടെ പൊങ്ങച്ചസഞ്ചിക്ക് നൽകുന്ന ഈ മനോഭാവം, മേലാളൻ തന്റെ കാൽപ്പനികമുഖം കാട്ടി കീഴാളനെ വശീകരിച്ചതിന്റെ വിജയത്തെയാണ് കാണിക്കുന്നത്. ചേറും ചെളിയും പുരണ്ട സ്വന്തം വർഗ്ഗത്തെ നിന്ദിച്ചുകൊണ്ട് വൈദികവൽക്കരണത്തിന്റെയും പാശ്ചാത്യവൽക്കരണത്തിന്റെയും പിന്നാലെ പോകുന്ന നായകന്റെ ഈ രാഷ്ട്രീയത്തെ സുധീഷ് തള്ളിക്കളയുന്നു.
ധർമശിശുത്വഫാൻസിയുടെ പൊരുൾ:
എസ്. സുധീഷിന്റെ ‘ധർമശിശുത്വഫാൻസിയുടെ പൊരുൾ’ എന്ന പഠനം ഖസാക്കിന്റെ ഇതിഹാസത്തിലെ നായകസങ്കൽപ്പങ്ങളെ വർഗ്ഗപരമായ അപകർഷതയുടെയും ഉദാത്തീകരണത്തിന്റെയും പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്നു. നോവലിലെ പ്രധാന കഥാപാത്രങ്ങളായ രവിയെയും നൈസാമലിയെയും വിജയന്റെ നായകത്വസങ്കൽപ്പത്തിന്റെ രണ്ട് മുഖങ്ങളായി ലേഖകൻ അവതരിപ്പിക്കുന്നു. പാശ്ചാത്യതയുടെയും ദാർശനികതയുടെയും സംരക്ഷണയിലുള്ള ‘ധർമസന്തതി’യായി രവി പ്രത്യക്ഷപ്പെടുമ്പോൾ, വ്യവസ്ഥയുടെ അവമതിയേറ്റുവാങ്ങിയ ‘ജാരസന്തതി’യായി നൈസാമലി നിലകൊള്ളുന്നു. ഒരേതരം അരാജകത്വവും ആത്മീയ അന്വേഷണങ്ങളും ഇരുവരിലും ഉണ്ടെങ്കിലും, രവിക്ക് ലഭിക്കുന്ന ദാർശനികമായ ഉദാത്തത നൈസാമലിക്ക് ലഭിക്കുന്നില്ല. അധഃസ്ഥിത സാഹചര്യങ്ങളിൽ നിന്ന് വളർന്നുവരുന്ന നൈസാമലിയിലെ നായകത്വം വെറും അപഹാസ്യതയായും പ്രതിനായകത്വമായും മാറ്റപ്പെടുകയാണ് ചെയ്യുന്നതെന്ന് സുധീഷ് നിരീക്ഷിക്കുന്നു.
അനാഥത്വത്തിന്റെ പകയോടെ വ്യവസ്ഥയോട് കലഹിക്കാൻ ശ്രമിക്കുന്ന നൈസാമലിയുടെ പ്രയാണത്തെ എഴുത്തുകാരൻ ബോധപൂർവ്വം പരാജയപ്പെടുത്തുന്നുണ്ട്. നൈസാമലിയിലെ വർഗ്ഗബദ്ധമായ കലഹവീര്യം രവി എന്ന ഉപരിവർഗ്ഗ നായകന്റെ മുന്നിൽ കീഴടങ്ങുന്നതോടെ, വിജയനിലെ എഴുത്തുകാരൻ തന്റെ അധഃസ്ഥിത പക്ഷപാതങ്ങളെ ഉപരിവർഗ്ഗത്തിന്റെ വർണ്ണക്കേളികൾക്ക് പണയപ്പെടുത്തുകയാണെന്ന് ലേഖകൻ കുറ്റപ്പെടുത്തുന്നു. ജാരസന്തതി ധർമസന്തതിയുടെ മടിത്തട്ടിൽ തളർന്നുകിടക്കുന്ന ചിത്രം, ആധിപത്യവ്യവസ്ഥിതിയുടെ സുഭഗമുഖം കണ്ട് പരാജയപ്പെട്ടുപോയ അധഃസ്ഥിതശക്തിയുടെ ദാരുണമായ അവസ്ഥയെയാണ് കാണിക്കുന്നത്. വർഗ്ഗവൈരുദ്ധ്യങ്ങളെ നിരാനന്ദത്തിന്റെ അതിഭാവുകത്വം കൊണ്ട് ബുദ്ധിമാന്ദ്യം വരുത്തി, ഉപരിവർഗ്ഗത്തിന് അനുകൂലമായ വിധി സമ്പാദിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്.
വിജയന്റെ കൃതികളിൽ ആവർത്തിച്ചു വരുന്ന ജാരസന്തതി ബോധം, ലൈംഗികതയെ അനാശാസ്യമായി കാണുന്ന മനോഭാവത്തിൽ നിന്നാണ് ഉടലെടുക്കുന്നത്. ലൈംഗികതയെ നിഷേധിച്ച് ‘അലൈംഗിക സാത്വികതയുടെ’ അച്ഛനമ്മമാരിൽ അഭയം തേടാനുള്ള രവിയുടെ ആഗ്രഹം ഈ അപകർഷതയിൽ നിന്നുള്ള മോചനശ്രമമാണ്. പിതൃലാളനയും വാത്സല്യവും കൊതിക്കുന്ന ‘ധർമശിശുത്വഫാൻസി’ യഥാർത്ഥത്തിൽ അനാഥത്വവും അവമതിപ്പും അനുഭവിച്ച അധഃസ്ഥിത വർഗ്ഗത്തിന്റെ ഒരു സ്വപ്നം മാത്രമാണ്. ഖസാക്കിന്റെ ഇതിഹാസം ഈ ഫാൻസിക്ക് കൊടിനാട്ടുന്നതിലൂടെ കലാപത്തിന്റെയും നിഷേധത്തിന്റെയും വീര്യത്തെ തല്ലിക്കെടുത്തുന്നു. അമർഷത്തിന് പകരം കാരുണ്യവും, കലഹത്തിന് പകരം അനുരഞ്ജനവും നിർദ്ദേശിക്കുന്ന ഈ നിലപാട് അധഃസ്ഥിതനെ വീണ്ടും അടിമത്തത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.
എം ടി നോവലുകളുടെ പഠനം:
മലയാളിയുടെ സവിശേഷമായ ഒരു സാംസ്കാരിക-സാമൂഹിക മാറ്റത്തെ രാഷ്ട്രീയമാനദണ്ഡങ്ങളിലൂടെ വിശകലനം ചെയ്യുകയാണ് ‘എം. ടി. യുടെ നോവലുകൾ: പഠനം’ എന്ന ഈ ഭാഗം. ഒ.വി. വിജയന്റെ കൃതികളിൽ ദൃശ്യമായ ഉപരിവർഗ്ഗത്തിന്റെ ‘അസ്തിത്വദുഃഖ’ത്തിന്റെ രാഷ്ട്രീയത്തിൽ നിന്ന്, ഫ്യൂഡൽ തകർച്ചയും മുതലാളിത്തത്തിന്റെ കടന്നുവരവും മലയാളി മധ്യവർഗ്ഗ പുരുഷത്വത്തിൽ ഉണ്ടാക്കിയ സ്വത്വപ്രതിസന്ധികളിലേക്ക് ഈ പഠനം വിരൽചൂണ്ടുന്നു.
ഷണ്ഡന്റെ അമർഷം
ഇന്ത്യൻ മധ്യവർഗപുരുഷത്വത്തിന്റെ ആന്തരിക സംഘർഷങ്ങളെയും അപചയത്തെയും കുറിച്ചുള്ള ഈ പഠനം ‘കാലം’ എന്ന നോവലിന്റെ പശ്ചാത്തലത്തിൽ സവിശേഷമായ ചില നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കുന്നു. ഫ്യൂഡൽവ്യവസ്ഥയുടെ തകർച്ചയും മുതലാളിത്തത്തിന്റെ കടന്നുവരവും സൃഷ്ടിച്ച സാമൂഹികാന്തരീക്ഷത്തിൽ, സ്വത്വപ്രതിസന്ധി നേരിടുന്ന നായർ യുവാവിന്റെ മനോനിലയെ ‘ഷണ്ഡന്റെ അമർഷം’ എന്ന പ്രയോഗത്തിലൂടെ ഇവിടെ കൃത്യമായി അടയാളപ്പെടുത്തുന്നു. മാധവമ്മാമയിൽ ആരംഭിച്ച് സേതുവിൽ പൂർണ്ണതയിലെത്തുന്ന ഈ അമർഷം, വ്യവസ്ഥിതിയെ വെല്ലുവിളിക്കാൻ ആഗ്രഹിക്കുമ്പോഴും സ്വന്തം ഭീരുത്വത്താലും ലാഭേച്ഛയാലും അതിനോട് അനുരഞ്ജനപ്പെടാൻ നിർബന്ധിതനാകുന്ന ഒരു വർഗ്ഗത്തിന്റെ നിസ്സഹായതയാണ് വെളിവാക്കുന്നത്. ഉണ്ണിനമ്പൂതിരിയുമായുള്ള ലൈംഗിക ശത്രുതയിൽ മാധവമ്മാമ പുലർത്തുന്ന ‘ഉറയിലിട്ട കത്തി’ പോലുള്ള പക, നേരിട്ടുള്ള ഏറ്റുമുട്ടലുകൾക്ക് കെൽപ്പില്ലാത്ത മധ്യവർഗത്തിന്റെ പ്രതീകാത്മകമായ നിശബ്ദതയായി മാറുന്നു.
സേതുവിന്റെ ജീവിതത്തിലെ സ്ത്രീബന്ധങ്ങളെ വിശകലനം ചെയ്യുമ്പോൾ, തങ്കമണിയോടുള്ള കാൽപ്പനികമായ പ്രേമവും സുമിത്രയുമായുള്ള പാപബോധം നിറഞ്ഞ ലൈംഗികതയും തമ്മിലുള്ള വൈരുദ്ധ്യം വ്യക്തമാണ്. സുമിത്രയുമായുള്ള ബന്ധം നോവലിൽ പാപത്തിന്റെയും മരണത്തിന്റെയും ഇരുണ്ട ബിംബങ്ങളാൽ ചുറ്റപ്പെട്ടു നിൽക്കുന്നു; ഇത് കേവലമൊരു പ്രണയത്തിനപ്പുറം വ്യവസ്ഥാപിത നൈതികതയോടുള്ള കറുത്ത നിഷേധമായി പരിണമിക്കുന്നു. എന്നാൽ, ഈ നിഷേധത്തിന് അന്തിമ വിജയം നേടാൻ കഴിയാതെ പോകുന്നത് സേതുവിന്റെ ഉള്ളിലെ ‘കാര്യസ്ഥ’ മനോഭാവം കൊണ്ടാണ്. ലളിതയുടെ മുന്നിൽ ഒരു ‘ഇടയനെപ്പോലെ’ കീഴടങ്ങുന്ന സേതു, സാമ്പത്തികവും സാമൂഹികവുമായ ഉന്നതിക്കായി സ്വന്തം പുരുഷത്വത്തെയും വിപ്ലവവീര്യത്തെയും പണയപ്പെടുത്തുന്ന ആധുനിക മനുഷ്യന്റെ നേർചിത്രമാണ്. ‘അസുരവിത്തി’ലെ ഗോവിന്ദൻകുട്ടിയെപ്പോലെ വ്യവസ്ഥയെ പൂർണ്ണമായി തച്ചുടയ്ക്കാനുള്ള ധീരത സേതുവിനില്ലാത്തതിനാൽ, അവന്റെ പ്രതിഷേധങ്ങൾ ഒരു ‘ഷണ്ഡന്റെ അമർഷം’ പോലെ അലസിപ്പോകുന്നു.
ചുമട്ടുകാരനായ ചെറുമന്റെ കാലടിശബ്ദങ്ങളും വിറയ്ക്കുന്ന ഇരുമ്പുപാലത്തിന്റെ മുഴക്കവും നോവലിന്റെ അന്ത്യത്തിൽ പ്രതിഫലിക്കുമ്പോൾ, അത് വരാനിരിക്കുന്ന ഒരു വലിയ സാമൂഹിക മാറ്റത്തിന്റെ സൂചനയായി മാറുന്നു. എങ്കിലും, ഈ മാറ്റത്തിന്റെ ഭാഗമാകാൻ കഴിയാതെ തന്റെ തണുത്ത മെത്തയ്ക്കരികിൽ നിസ്സഹായനായി നിൽക്കുന്ന സേതു, ഇന്ത്യൻ മധ്യവർഗത്തിന്റെ ധാർമ്മികാധഃപതനത്തെയാണ് പ്രതിനിധീകരിക്കുന്നത്. എം.ടി.യുടെ രചനകളിൽ ലൈംഗികത വെറുമൊരു ശാരീരിക വ്യാപാരമല്ല, മറിച്ച് വ്യവസ്ഥിതിക്കെതിരായ പോരാട്ടവീര്യത്തിന്റെ ഊർജ്ജസ്രോതസ്സുകൂടിയാണ്. ഈ ഊർജ്ജത്തെ തിരിച്ചറിയാൻ കഴിയാത്തതും എന്നാൽ അതിന്റെ നഷ്ടത്തിൽ വിലപിക്കുന്നതുമായ ഒരു ജനതയുടെ ആത്മനൊമ്പരമാണ് ‘ഷണ്ഡന്റെ അമർഷം’ എന്ന ആശയത്തിലൂടെ ഈ പഠനം സമർത്ഥിക്കുന്നത്.
വി. കെ . എൻ നോവലുകളുടെ പഠനം
അധികാരത്തിന്റെ പച്ചയായ ഭൗതിക യാഥാർത്ഥ്യങ്ങളെയും അതിന്റെ പ്രഹസനങ്ങളെയും വിചാരണ ചെയ്യുകയാണ് ‘വി.കെ.എൻ നോവലുകൾ പഠനം’ എന്ന ഈ ഭാഗം. പൂർവകാല നോവൽപഠനങ്ങളിൽ ചർച്ച ചെയ്ത വ്യക്തിപരമായ നിസ്സഹായതകളിൽ നിന്ന് മാറി, ഭരണകൂടം, മൂലധനശക്തി, ചരിത്രബോധം എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സമവാക്യങ്ങളിലേക്ക് ഈ പഠനം കടന്നു ചെല്ലുന്നു.
അധികാരത്തിന്റെ പാഠങ്ങൾ :
വി.കെ.എൻ. സാഹിത്യത്തിലെ അധികാരരാഷ്ട്രീയത്തെയും ചരിത്രബോധത്തെയും വിശകലനം ചെയ്യുന്ന ഈ പഠനം മലയാള സാഹിത്യത്തിൽ കുമാരനാശാനു ശേഷം ചരിത്രത്തെയും അധികാരത്തെയും ഇത്രമേൽ ആഴത്തിൽ വ്യാഖ്യാനിച്ച മറ്റൊരു എഴുത്തുകാരൻ ഇല്ലെന്ന് നിരീക്ഷിക്കുന്നു. ഇന്ത്യൻ സമൂഹത്തിന്റെ ബോധോപബോധങ്ങളിൽ കലങ്ങിക്കിടക്കുന്ന രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ ക്ലാസിക് മാനത്തോടെ സമീപിക്കുന്നവരാണ് ഇരുവരും. ആശാൻ തന്റെ കവിതകളിലൂടെ ഇന്ത്യൻ ആത്മീയതയിലെ ‘സാത്വികത’ എന്ന അധികാര മുനമ്പിനെ ചോദ്യം ചെയ്യുകയും, ചണ്ഡാലഭിക്ഷുകിയിലൂടെയും വാസവദത്തയിലൂടെയും വിശുദ്ധി സങ്കല്പങ്ങളെ ഉടച്ചുവാർക്കുകയും ചെയ്തപ്പോൾ, വി.കെ.എൻ. അതിന്റെ പ്രഹസനപരമായ പിന്തുടർച്ചയാണ് നിർവഹിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ‘അർദ്ധനഗ്നനായ ഫക്കീർ’ എന്ന ബിംബത്തിലൂടെ രൂപപ്പെടുത്തിയെടുത്ത അഹിംസാത്മകവും സാത്വികവുമായ രാഷ്ട്രീയ ധാർമ്മികതയുടെ (Political Morality) കപടതയെ വി.കെ.എൻ. തന്റെ കൃതികളിലൂടെ തുറന്നുകാട്ടുന്നു. അധികാരത്തിന്റെ ശരീരത്തിൽ നിന്നും ആത്മീയതയുടെ കള്ളമുഖം എടുത്തുമാറ്റി, അതിന്റെ നഗ്നമായ ഭൗതിക രൂപത്തെ പുറത്തെടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
വി.കെ.എൻ. കൃതികളിൽ അധികാരം എന്നത് കേവലമൊരു പദവിയല്ല, മറിച്ച് അതൊരു സൈദ്ധാന്തിക പ്രശ്നമാണ്. ‘പിതാമഹൻ’ എന്ന നോവലിലെ സർ ചാത്തു, നാടുവാഴിത്തത്തിന്റെ തകർച്ചയിൽ നിന്ന് ആധുനിക മുതലാളിത്തത്തിന്റെ ഹൃദയശൂന്യതയിലേക്ക് വളരുന്ന ഇന്ത്യൻ അധികാര രാഷ്ട്രീയത്തിന്റെ ക്രൂരമായ യാഥാർത്ഥ്യമാണ്. ഉപ്പുസത്യാഗ്രഹത്തെ ‘അരികത്തിക്കൽ’ എന്ന് പരിഹസിക്കുമ്പോൾ, വി.കെ.എൻ. ജനപ്രിയ മൂല്യങ്ങളെ നിന്ദിക്കുകയല്ല, മറിച്ച് ആ മൂല്യങ്ങൾക്കുള്ളിലെ അയഥാർത്ഥതയെ ആക്രമിക്കുകയാണ് ചെയ്യുന്നത്. ഫ്യൂഡലിസത്തിൽ നിന്ന് മിച്ചമൂല്യത്തിലധിഷ്ഠിതമായ മുതലാളിത്തത്തിലേക്കുള്ള മാറ്റത്തെ സർ ചാത്തുവിന്റെ പടയോട്ടങ്ങൾ പ്രതിനിധീകരിക്കുന്നു. രാജ്യം തന്നെ ഒരു ചരക്കായി വിൽക്കുന്ന ചാത്തു, മാനുഷിക ബന്ധങ്ങളെ നാണയ ബന്ധങ്ങളാക്കി മാറ്റുന്ന മൂലധനശക്തിയുടെ പ്രവചന സ്വഭാവമുള്ള ബിംബമായി മാറുന്നു.
ഭക്ഷണവും ലൈംഗികതയും വി.കെ.എൻ. സാഹിത്യത്തിൽ അധികാരത്തിന്റെ വിനിമയ ഉപകരണങ്ങളാണ്. ആത്മനിരാസത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഭൗതിക തൃഷ്ണയുടെ വെല്ലുവിളിയായി അദ്ദേഹം ഭക്ഷണത്തെ പ്രതിഷ്ഠിക്കുന്നു. ‘അശോകൻ’ എന്ന കഥയിൽ കലിംഗയുടെ പടക്കളത്തെ ഒരു തീൻമേശയാക്കി മാറ്റുന്നതിലൂടെ ചരിത്രത്തിലെ ആത്മീയ അതിഭാവുകത്വങ്ങളെ അദ്ദേഹം നിരാകരിക്കുന്നു. അതുപോലെതന്നെ, ഉപരിവർഗ്ഗ സ്ത്രീബന്ധങ്ങളും പയ്യന്റെ ഇടപെടലുകളും അധികാര മനഃശാസ്ത്രവുമായി (Power Psychology) ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ, ഈ അർത്ഥശൂന്യതയുടെ മഹാസമുദ്രത്തിനിടയിലും ‘ചമേലി’ എന്ന പെൺകുട്ടിയിലൂടെ ലളിതവും ഋജുവുമായ മനുഷ്യബന്ധങ്ങളുടെ ഒരു തുരുത്ത് വി.കെ.എൻ. ബാക്കിവെക്കുന്നുണ്ട്. അധികാരത്തിന്റെ അന്തഃപുരങ്ങളിലെ അസ്വസ്ഥതകളേക്കാൾ അർത്ഥവും വിവേകവും നഗരച്ചാളയിലെ ആ പാവപ്പെട്ട പെൺകുട്ടിക്കുണ്ടെന്ന് തിരിച്ചറിയുന്നിടത്താണ് വി.കെ.എൻ.-ന്റെ രാഷ്ട്രീയ ദർശനം പൂർണ്ണമാകുന്നത്.
കസൻദ്സാക്കീസിന്റെ നോവലിനെക്കുറിച്ച്:
ലോകസാഹിത്യത്തിലെ ഒരു ക്ലാസിക് കൃതിയെ രാഷ്ട്രീയ-മാനവിക ദർശനങ്ങളിലൂടെ പുനർവ്യാഖ്യാനിക്കുകയാണ് കസൻദ്സാക്കീസിന്റെ നോവൽ പഠനം.സാർവ്വലൗകികമായ ആത്മീയ സങ്കല്പങ്ങളെയും പുരാവൃത്തങ്ങളെയും മനുഷ്യകേന്ദ്രീകൃതമായി അപനിർമ്മിക്കുന്ന ഒരു വലിയ സംവാദമണ്ഡലത്തിലേക്കാണ് ഈ പഠനം വഴി തുറക്കുന്നത്.
ജൂദാസിന്റെ പ്രതീകാർഥങ്ങൾ :
നിക്കോസ് കസാൻദ്സാക്കീസിന്റെ ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’ എന്ന നോവലിനെ ആസ്പദമാക്കി, യേശുവിന്റെയും ജൂദാസിന്റെയും പ്രതീകാത്മകതയെയും ചരിത്രപരമായ വായനയെയും വിശകലനം ചെയ്യുന്ന ഈ പഠനം യേശുവിനെ ദൈവപുത്രൻ എന്ന പരിവേഷത്തിൽ നിന്ന് മോചിപ്പിച്ച്, രക്തവും മാംസവുമുള്ള ഒരു സാധാരണ മനുഷ്യനായി അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്. സുവിശേഷകന്മാരും അപ്പോസ്തലനായ പൗലോസും ചേർന്ന് സൃഷ്ടിച്ചെടുത്ത അത്ഭുതപ്രവർത്തകനായ ക്രിസ്തുവിനെ കസൻദ്സാക്കീസ് നിശിതമായി വിമർശിക്കുന്നു. നോവലിലെ യേശുവും പൗലോസും തമ്മിലുള്ള സംവാദം ഇതിന്റെ വ്യക്തമായ തെളിവാണ്. കുരിശേറാത്ത, ഉയിർത്തെഴുന്നേൽക്കാത്ത, വെറുമൊരു മരപ്പണിക്കാരനായ മനുഷ്യനാണ് താനെന്ന് യേശു അലറിക്കരയുമ്പോഴും, തന്റെ ആവശ്യങ്ങൾക്കായി ഒരു ക്രിസ്തുവിനെ സൃഷ്ടിച്ചെടുക്കുകയാണ് പൗലോസ് ചെയ്യുന്നത്. ഇവിടെ യേശു എന്ന വ്യക്തിയേക്കാൾ പൗലോസ് വിഭാവനം ചെയ്ത ‘ക്രിസ്തു’ എന്ന ആശയത്തിനാണ് പ്രാധാന്യം ലഭിക്കുന്നത്.
നോവലിന്റെ കേന്ദ്രബിന്ദു യേശുവിന്റെ ആത്മസംഘർഷങ്ങളാണ്. നോവലിന്റെ തുടക്കത്തിൽ വിമോചന ഭടന്മാർക്ക് കൊലക്കുരിശ് പണിഞ്ഞുകൊടുക്കുന്ന ‘ദേശവഞ്ചകൻ’ എന്ന നിലയിലാണ് യേശു പ്രത്യക്ഷപ്പെടുന്നത്. മഗ്ദലന മറിയത്തോടുള്ള ലൈംഗിക താല്പര്യങ്ങളും ജൂദാസ് പ്രതിനിധാനം ചെയ്യുന്ന വിപ്ലവവീര്യവും യേശുവിനെ നിരന്തരം വേട്ടയാടുന്നു. ഇവിടെ ജൂദാസ് വെറുമൊരു ഒറ്റുകാരനല്ല, മറിച്ച് യേശുവിനെ വിമോചനത്തിന്റെ പാതയിലേക്ക് നയിക്കുന്ന കരുത്തനായ പോരാളിയാണ്. സ്നേഹത്തിലൂടെയല്ല, ഖഡ്ഗത്തിലൂടെയാണ് മോചനം സാധ്യമാകുക എന്ന് വിശ്വസിക്കുന്ന ജൂദാസ്, യേശുവിന്റെ ആത്മീയതയിലെ പൊള്ളത്തരങ്ങളെ ചോദ്യം ചെയ്യുന്നു. എന്നാൽ, രാഷ്ട്രീയ സമരത്തിൽ നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്ന യേശു, മരണത്തെ ഒരു രക്ഷപ്പെടൽ തന്ത്രമായി ഉപയോഗിക്കുന്നു. “നീ എന്റെ ഒറ്റുകാരനാവൂ” എന്ന് യേശു ജൂദാസിനോട് ആവശ്യപ്പെടുന്നത് തന്റെ പരാജയത്തെ രക്തസാക്ഷിത്വമായി ഉദാത്തീകരിക്കാനാണ്.
കസാൻദ്സാക്കീസിന്റെ വായനയിൽ, കുരിശിലെ മരണവേളയിൽ യേശുവിനുണ്ടാകുന്ന ഭ്രമദർശനമാണ് നോവലിന്റെ ഇതിവൃത്തം. ആ സ്വപ്നത്തിൽ യേശു കുരിശിൽ നിന്ന് ഇറങ്ങിവരുകയും മഗ്ദലനയോടും പിന്നീട് മേരിയോടും മാർത്തയോടും ഒപ്പം കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു. ലൈംഗികതയും ഗാർഹികതയും ആത്മീയതയുടെ അസ്വസ്ഥതകൾക്കുള്ള ശമനമായാണ് ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. ഒടുവിൽ വാർദ്ധക്യത്തിൽ ജൂദാസ് വന്ന് യേശുവിനെ വഞ്ചകൻ എന്ന് വിളിക്കുമ്പോഴാണ്, താൻ ഭീരുത്വത്താൽ ചരിത്രത്തെ വഞ്ചിക്കുകയായിരുന്നു എന്ന് യേശു തിരിച്ചറിയുന്നത്. ബലിപീഠത്തിലെ രക്തസാക്ഷിത്വം പലപ്പോഴും ഭീരുത്വത്തിന്റെ മുഖംമൂടിയാണെന്നും, യഥാർത്ഥ വിമോചനം ജനങ്ങളിലൂടെ മാത്രമാണെന്നുമുള്ള കനത്ത രാഷ്ട്രീയ ബോധ്യമാണ് ഈ നോവലിലൂടെ കസൻദ്സാക്കീസ് മുന്നോട്ടുവെക്കുന്നത്.
അരുന്ധതിറോയിയുടെ നോവലിനെക്കുറിച്ച്:
കൊളോണിയൽ-നവകൊളോണിയൽ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ദളിത് സ്വത്വത്തെ സാഹിത്യകൃതികൾ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് വിചാരണ ചെയ്യുകയാണ് ‘അരുന്ധതിറോയിയുടെ നോവൽ പഠനം’ എന്ന ഈ ഭാഗം. മുൻപത്തെ നോവൽപഠനങ്ങളിൽ ചർച്ച ചെയ്ത ചരിത്രപരവും അധികാരപരവുമായ പ്രശ്നങ്ങളെ,വൈദേശിക താല്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന കൃതികളിലെ ദളിത് പ്രതിനിധാനവുമായി ബന്ധിപ്പിച്ച് ഈ പഠനം പുനർവായിക്കുന്നു.
ദളിതന്റെ രക്ഷാപ്രവർത്തനം:ഘാതകവധം മുതൽ അരുന്ധതിറോയ് വരെ :
മലയാളത്തിലെ ആദ്യകാല നോവലുകളിൽ ഒന്നായ ‘ഘാതകവധം’ (Slayer Slain), പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് മിഷനറിരാഷ്ട്രീയത്തിന്റെ ഭാഗമായാണ് ദളിതനെ അവതരിപ്പിക്കുന്നത്. സുറിയാനി ക്രിസ്ത്യാനികൾക്കിടയിലെ ജാതിവിവേചനത്തെ വിമർശിക്കുന്ന ഈ കൃതിയിൽ, ഒരു പുലയൻ തന്റെ യജമാനപുത്രിയെ പ്രളയജലത്തിൽ നിന്ന് രക്ഷിക്കുമ്പോൾ അയാൾ ഒരു “രക്ഷകനായ അടിമ” എന്ന നിലയിലാണ് അടയാളപ്പെടുത്തപ്പെടുന്നത്. തന്റെ ചങ്ങലകൾ അഴിച്ചുമാറ്റി യജമാനനെ കൂടുതൽ ഭക്തിയോടെ സേവിക്കാൻ അനുവാദം ചോദിക്കുന്ന വിധേയത്വമാണ് ഈ കഥാപാത്രത്തിൽ കാണുന്നത്. ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യൻ ആഭ്യന്തര ജാതിവ്യവസ്ഥയെ തകർക്കാനല്ല, മറിച്ച് ദളിതനെ തങ്ങളുടെ സേവന ദൗത്യത്തിലേക്ക് ആകർഷിക്കാനുള്ള ഒരു ആത്മീയ തന്ത്രമായാണ് ഉപയോഗിച്ചത് എന്ന് കാണാം.
അരുന്ധതിറോയിയുടെ ‘കൊച്ചു കാര്യങ്ങളുടെ തമ്പുരാൻ’ (The God of Small Things) എന്ന നോവലിൽ എത്തുമ്പോൾ ഈ ‘ദളിത് രക്ഷകൻ’ എന്ന ബിംബം കൂടുതൽ സങ്കീർണ്ണവും ആഗോളീകൃതവുമാകുന്നു. കോളിൻസ് മദാമ്മയുടെ ദളിതൻ ആത്മീയ രക്ഷകനാണെങ്കിൽ, അരുന്ധതിയുടെ ‘വെളുത്ത’ എന്ന കഥാപാത്രം നായികയായ അമ്മുവിന്റെ ലൈംഗിക വിമോചകനാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നവകൊളോണിയൽ രാഷ്ട്രീയത്തിന്റെ ഭാഗമായി ഇതിനെ വിലയിരുത്താം. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും പുരുഷസമൂഹത്തെയും പുച്ഛത്തോടെ കാണുന്ന ഈ നോവൽ, ദളിതനെ ഒരു ‘എത്നിക്’ പ്രതീകമായി മാറ്റുന്നു. പാശ്ചാത്യ ഫെമിനിസത്തിന്റെയും കമ്പോള രാഷ്ട്രീയത്തിന്റെയും താല്പര്യങ്ങൾക്കനുസൃതമായി ദളിതനെ സുറിയാനി സ്ത്രീയുടെ ലൈംഗിക തൃഷ്ണകൾക്കുള്ള ഉപകരണം മാത്രമാക്കി മാറ്റുകയാണെന്ന് ഇവിടെ വിമർശിക്കപ്പെടുന്നു.
ഈ രണ്ട് കൃതികളും തമ്മിലുള്ള താരതമ്യം കൊളോണിയൽ രാഷ്ട്രീയത്തിന്റെ പരിണാമത്തെ വ്യക്തമാക്കുന്നു. 1860-കളിൽ പുറത്തുവന്ന ‘ഘാതകവധം’ യൂറോകൊളോണിയലിസത്തിന്റെയും മിഷനറി ആത്മീയതയുടെയും പശ്ചാത്തലത്തിൽ ആത്മീയ വ്യക്തിത്വവികാസത്തിനാണ് ഊന്നൽ നൽകിയത്. എന്നാൽ 1997-ൽ പുറത്തുവന്ന അരുന്ധതിയുടെ കൃതി നവകൊളോണിയലിസത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും കാലത്ത് ഫെമിനിസം, വിഘടനവാദം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളിലൂടെ ലൈംഗികവും വ്യക്തിപരവുമായ വിമോചനത്തിനാണ് പ്രാധാന്യം നൽകുന്നത്. ഒന്നിൽ പ്രളയജലത്തിലെ ജീവരക്ഷ ഒരു മോട്ടീഫ് ആയി വരുമ്പോൾ മറ്റൊന്നിൽ ജലക്രീഡയിലൂടെയുള്ള ലൈംഗികതയാണ് വിമോചനത്തിന്റെ പശ്ചാത്തലമാകുന്നത്.
ചരിത്രപരമായ വായനയിൽ കുമാരനാശാനും പോത്തേരി കുഞ്ഞമ്പുവും ദളിതനെ ചിത്രീകരിച്ചത് ആഭ്യന്തരജാതിവ്യവസ്ഥയ്ക്കെതിരെയുള്ള യഥാർത്ഥ പോരാട്ടത്തിന്റെ ഭാഗമായാണ്. എന്നാൽ ‘ഘാതകവധവും’ അരുന്ധതി റോയിയുടെ നോവലും ഇംഗ്ലീഷിൽ എഴുതപ്പെട്ടവയും വൈദേശിക താല്പര്യങ്ങൾ മുൻനിർത്തി ദളിതനെ ഒരു ഉപകരണമായി ഉപയോഗിക്കുന്നവയുമാണ്. കോളിൻസ് മദാമ്മയ്ക്ക് ദളിതനോടുള്ള വാത്സല്യം ബ്രിട്ടീഷ് ഭരണത്തെ സുരക്ഷിതമാക്കാനുള്ള തന്ത്രമായിരുന്നുവെങ്കിൽ, അരുന്ധതി റോയിക്ക് ദളിതൻ ആഗോള കമ്പോളത്തിൽ വിറ്റഴിക്കാവുന്ന ഒരു ‘മാജിക്കൽ റിയലിസം’ മാത്രമാണ്. ചുരുക്കത്തിൽ, ഭൂതകാല യൂറോഅധിനിവേശത്തിന്റെ ന്യായപ്രമാണമാണ് ‘ഘാതകവധമെങ്കിൽ’ നവആഗോള കൊളോണിയലിസത്തിന്റെ ന്യായപ്രമാണമാണ് ‘കൊച്ചു കാര്യങ്ങളുടെ തമ്പുരാൻ’.
(തുടരും)

