സലീം അഹമ്മദ് ഷാഫി

Published: 10 november 2026 സാഹിത്യപഠനം

മുഹമ്മദ് അനീസ് കെ.ടി.

Published: 10 november 2026 സാഹിത്യപഠനം

ടി. ഉബൈദിന്റെ കാവ്യലോകങ്ങൾ

പ്രബന്ധ സംഗ്രഹം

മലയാള സാഹിത്യ പൊതുമണ്ഡലത്തിൽ മാപ്പിള കാവ്യപാരമ്പര്യത്തെയും പ്രാദേശിക സാംസ്‌കാരിക തനിമകളെയും പ്രതിഷ്ഠിച്ച ബഹുഭാഷാ പണ്ഡിതനും കവിയുമായിരുന്നു ടി. ഉബൈദ്. ഈ പ്രബന്ധം ഉബൈദിന്റെ കാവ്യലോകത്തെയും അദ്ദേഹത്തെ മുൻനിർത്തിയുള്ള പിൽക്കാല വിമർശന പഠനങ്ങളിലെ പരിമിതികളെയും സൈദ്ധാന്തികമായി പരിശോധിക്കുന്നു. മലയാളം, കന്നഡ, അറബിക്, ഉറുദു ഭാഷകളിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം സർഗ്ഗാത്മക വിവർത്തനങ്ങളിലൂടെയും മാപ്പിളശീലുകളിലൂടെയും ഇരുഭാഷാ സാഹിത്യങ്ങൾക്കിടയിൽ ഒരു സാംസ്‌കാരിക പാലം നിർമ്മിക്കാൻ സഹായിച്ചുവെന്ന് പ്രബന്ധം വ്യക്തമാക്കുന്നു. സാഹിത്യ പരിഷത്ത് പ്രസംഗത്തിൽ ഉബൈദ് അവതരിപ്പിച്ച ‘കാക്ക-കുയിൽ’ രൂപകത്തെ മുൻനിർത്തി, സവർണ്ണ ഭാവുകത്വം കുത്തകയാക്കി വെച്ചിരുന്ന ‘സൗന്ദര്യാത്മക അധികാര’ത്തെയും പൊതുമണ്ഡല പ്രവേശനത്തെയും കുറിച്ചുള്ള സൈദ്ധാന്തിക അന്വേഷണമായി ഈ പഠനം വികസിക്കുന്നു. ഒപ്പം, ഉബൈദിനെ കേവലം കൊളോണിയൽ ആധുനികതയുടെയോ ഓറിയന്റലിസ്റ്റ് യുക്തിയുടെയോ വെളിച്ചത്തിൽ മതബാഹ്യനായ ഒരു ഉത്പതിഷ്ണുവായി മാത്രം വായിച്ച പിൽക്കാല പഠനങ്ങളുടെ രീതിശാസ്ത്രപരമായ ന്യൂനതകളെ ലേഖനം പ്രശ്നവൽക്കരിക്കുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ സമ്പന്നമായ ആന്തരിക സംവാദങ്ങളുടെയും വിജ്ഞാന പാരമ്പര്യത്തിന്റെയും തുടർച്ചയിലാണ് ഉബൈദിന്റെ സാമുദായിക വിമർശനങ്ങളും നവീകരണ ശ്രമങ്ങളും നിലകൊണ്ടത് എന്ന് ഈ പഠനം സമർത്ഥിക്കുന്നു.

താക്കോൽ വാക്കുകൾ

ടി. ഉബൈദ്, മാപ്പിള സാഹിത്യം, മാപ്പിളപ്പാട്ട്, ബഹുഭാഷാ സാംസ്‌കാരികത, കാവ്യരാഷ്ട്രീയം, മലയാളീകരണം, ഇസ്‌ലാമിക നവോത്ഥാനം, ആന്തരിക വിമർശനം, ഓറിയന്റലിസം

  1. ടി. ഉബൈദിന്റെ കാവ്യലോകം

മലയാളത്തിൽ സ്വന്തമായി എഴുതിയ കവിതകളും മാപ്പിളപ്പാട്ടുകളും ഗവേഷണ സ്വഭാവമുള്ള ലേഖനങ്ങളും പഠനങ്ങളും കൊണ്ടുതന്നെ മലയാള സാഹിത്യമണ്ഡലത്തിൽ സർഗാത്മക മുദ്ര പതിപ്പിക്കാൻ കഴിഞ്ഞ പ്രതിഭയാണ് ടി. ഉബൈദ്. ഉബൈദിന്റെ ബഹുഭാഷാ പാണ്ഡിത്യം ഇതിന് അദ്ദേഹത്തെ ഏറെ സഹായിച്ചു എന്ന് വേണം കരുതാൻ. അറബിക് അധ്യാപകനായിരുന്ന ഉബൈദിന് മലയാളം, കന്നഡ, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷകൾ സ്വായത്തമായിരുന്നു. കാസർകോട് പോലുള്ള ഒരു ബഹുഭാഷാ സാംസ്‌കാരിക ഭൂമികയിൽ നിന്ന് എഴുത്തിന്റെ ഉയരങ്ങളിലേക്ക് ഒരു ഭാഷ തിരഞ്ഞെടുക്കുന്നതിൽ വെല്ലുവിളികൾ ഉണ്ടാകുമ്പോൾ തന്നെ, അതിനെ ഭാവനാപരമായി പല വഴികളായി സ്വീകരിക്കാൻ ഉബൈദ് കാണിച്ച മിടുക്ക് ശ്രദ്ധേയമാണ്.

 

ഉബൈദിന്റെ സമകാലികനും സഹനാട്ടുകാരനുമായ മഹാകവി പി. കുഞ്ഞിരാമൻ നായരുടെ കാവ്യജീവിതം വടക്കുനിന്ന് മാറുകയും, മഹാകവി എം. ഗോവിന്ദ പൈ അടക്കമുള്ളവർ മലയാളത്തിൽ നിന്ന് അകലം പാലിച്ച് കന്നഡയിൽ സജീവമാകുകയും ചെയ്തപ്പോൾ, ഉബൈദ് ഈ ബഹുഭാഷാ സാംസ്‌കാരികതയുടെ ഭാവനാസമ്പത്തിനെ സർഗാത്മകമായി ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചത്. പല ഭാഷകൾ കൈവശപ്പെടുമ്പോൾ ലഭ്യമാകുന്ന ഭാവനാപരമായ സമ്പത്ത് അതിബൃഹത്താണല്ലോ. അതുകൊണ്ടുതന്നെ ഉബൈദിന്റെ കവിതകളിൽ പ്രാദേശികമായ ഭാവനാപരിസരവും മാപ്പിളത്തനിമയും ഇഴചേർന്നു കിടന്നിരുന്നു എന്ന് നിരീക്ഷിക്കാനാവും. ഉബൈദിന്റെ പ്രസിദ്ധമായ ‘വിടവാങ്ങൽ’ എന്ന കവിത തന്നെ ഇതിനുദാഹരണമാണ്.

ഭാഷാപരമായും ഭാവനാപരമായും സ്വായത്തമായ ഈ സമ്പത്തിനെ ഉബൈദ് ആവിഷ്‌കരിച്ചതും ആസ്വാദകരിലേക്ക് എത്തിച്ചതും ഈ ഭാഷകളിലെല്ലാം സജീവമായി ഇടപെട്ടുകൊണ്ടാണ്. തമിഴിലെയും കന്നഡയിലെയും സാഹിത്യസമ്പത്തിനെക്കുറിച്ച് അല്പജ്ഞാനം പോലുമില്ലാത്ത മലയാളികൾക്ക് അവയെക്കുറിച്ചുള്ള ഒരു പാഠപുസ്തകമാകാൻ ഉബൈദിന്റെ ശ്രമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. “മലയാള സാഹിത്യത്തിൽ മുസ്‌ലിം ജനതയുടെയും ഇതര ജനതകളുടെയും സാംസ്‌കാരികവും സാഹിത്യപരവുമായ അകൽച്ചയകറ്റിയ പാലം നിർമ്മിച്ചത് ടി. ഉബൈദ് ആണ്” എന്ന സി.പി. ശ്രീധരന്റെ നിരീക്ഷണം ഈ നിലയ്ക്കും പ്രസക്തമാണ്.

ഏകദേശം 45 വർഷക്കാലത്തെ സാർത്ഥകമായ സാഹിത്യജീവിതത്തിൽ അസംഖ്യം കവിതകൾ, മാപ്പിളപ്പാട്ടുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ എന്നിവ രചിച്ചു. ഇതിനുപുറമേ മലയാള കവിതാ സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ കുമാരനാശാന്റെ ‘വീണപൂവ്’ ഉൾപ്പെടെയുള്ള കൃതികൾ അദ്ദേഹം കന്നഡയിലേക്ക് വിവർത്തനം ചെയ്തു. തിരിച്ച് ശിവരാമ കാരന്തിന്റെ ‘മറളി മണ്ണഗെ’ (മണ്ണിലേക്ക് മടങ്ങുക) ഉൾപ്പെടെയുള്ള കൃതികൾ കന്നഡയിൽ നിന്ന് മലയാളത്തിലേക്കും ഭാഷാന്തരം ചെയ്തു. അതുപോലെതന്നെ അക്കാലത്ത് ഏറെ ശ്രദ്ധേയമായ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ‘ശിക‍്‌വ, ജവാബെ ശിക‍്‌വ’ എന്ന വിഖ്യാത കൃതിയും മലയാളത്തിലാക്കി; അതിനായി അദ്ദേഹം സ്വീകരിച്ച മാധ്യമം ഇശലുകളിൽ വിരചിതമായ മാപ്പിളപ്പാട്ടാണ് എന്നത് ശ്രദ്ധേയമാണ്. ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കാവ്യങ്ങളുടെ കന്നഡ വിവർത്തനത്തിലും ശ്രദ്ധേയമായ പങ്കുവഹിച്ചു. ഈ നിലയിലെല്ലാം മലയാള-കന്നഡ ഭാഷകൾക്കിടയിലെ ഒരു സാംസ്കാരിക ചാലകം കൂടിയായി ഉബൈദ് മാറുകയായിരുന്നു.

കാസർകോട്ടെ മുസ്‌ലിം നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് ഷെറൂൽ സാഹിബിന്റെ പിന്തുണയിലാണ് സാഹിത്യരംഗത്തും പൊതുരംഗത്തും ഉബൈദ് സജീവമാകുന്നത്. 1931-ൽ അദ്ദേഹവുമായി ചേർന്ന് ‘രണ്ടു ബോധനങ്ങൾ’ എന്ന കൃതി രചിച്ചു. ഉമ്മയുടെ മരണത്തെത്തുടർന്ന് സംസ്‌കൃതവൃത്തത്തിൽ ‘ബാഷ്പധാര’ എന്ന വിലാപകാവ്യം എഴുതി. ഇക്കാലത്തുതന്നെ ചന്ദ്രികയിൽ കവിതകളും ലേഖനങ്ങളും തുടർച്ചയായി പ്രസിദ്ധീകരിച്ചു. തുടർജീവിതത്തിൽ മുപ്പതോളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചതായാണ് കണക്ക്.

എന്നിരുന്നാലും, കേവലം ഒരു ‘മാപ്പിളപ്പാട്ടെഴുത്തുകാരൻ’ അല്ലെങ്കിൽ ‘മാപ്പിള കവി’ എന്ന വിലാസങ്ങളിലേക്ക് ഉബൈദിനെ ചുരുക്കിക്കണ്ടത് അദ്ദേഹത്തിന്റെ രചനകളിലെ ബഹുതല സ്പർശത്തെ തിരിച്ചറിയാത്തതുകൊണ്ടാണ്. എഴുത്തിലെ ദേശീയത, മാനവികത തുടങ്ങിയ ഘടകങ്ങളിലൂടെ വേറിട്ടുനിന്ന ഉബൈദിന്റെ രചനകൾ, ഇസ്‌ലാമിന്റെ കാഴ്ചപ്പാടിലൂടെ ലോകവീക്ഷണത്തിന് മതനിരപേക്ഷമായ ഒരു മാനം നൽകുകയായിരുന്നു. ഇങ്ങനെ ബഹുതല സ്പർശിയായ കാഴ്ചപ്പാടുകൾ കവിതയിലുടനീളം പുലർത്തിയ ഒരു കവിയെ എങ്ങനെ ഒരു ‘മാപ്പിള കവി’ മാത്രമായി പരിമിതപ്പെടുത്തും എന്ന ചോദ്യം പ്രസക്തമാണ്.

 

വിസ്മയിക്കയോ നിങ്ങൾ മാനവസമൂഹമേ

യസ്മദന്തികേ ആദംപുത്രനിങ്ങണവതിൽ

മണ്ണിനു വിണ്ണേറുവാൻ വയ്യെന്ന മിഥ്യാബോധ-

മിന്നോളം നിങ്ങൾ വച്ചുപോറ്റതു തകർന്നില്ലേ!

(മിടുക്കൻ ആദംപുത്രൻ)

 

ഈ കവിതയിലെ മതദാർശനികതയെ കേവല മതത്തിലേക്ക് ചുരുക്കിക്കാണേണ്ടതില്ല. മാപ്പിള കവി എന്നതിലുപരി, മാപ്പിള സാഹിത്യത്തെ മാനവികതയിലേക്ക് കൂടുതൽ അടുപ്പിച്ചു നിർത്തിയ കവി എന്ന നിലയ്ക്കാണ് അദ്ദേഹത്തെ മനസ്സിലാക്കേണ്ടത്.

അതുപോലെതന്നെ ദേശത്തെ അതിലംഘിക്കുന്ന ദേശീയത ഉബൈദിന്റെ കവിതകളിൽ കാണാം. മാനവികതയുടെയും ദേശീയതയുടെയും വക്താക്കളായിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ ഇഖ്ബാലും ടാഗോറും വെട്ടിത്തുറന്ന കാവ്യധാരയിലാണ് ഉബൈദും സഞ്ചരിച്ചത്. രാജ്യം നേരിട്ട എല്ലാ വെല്ലുവിളികളോടും കവിതയിലൂടെ പ്രതികരിച്ച ഉബൈദിനെ ഇതിൽ കാണാം:

 

ഈ കപടവൃത്തിക്കൊന്നു പകരം വീട്ടാൻ

ഇന്ത്യൻ പോരാളികൾ

ഞങ്ങൾ പോരുമോർക്ക ചീനേ…

(ചീനയോട്)

 

അദ്ദേഹത്തിന്റെ കവിതകളുടെ പ്രഥമ പ്രസക്തി ശൂരനാട് കുഞ്ഞൻപിള്ള അടക്കമുള്ളവർ ചൂണ്ടിക്കാണിച്ചതുപോലെ ‘കേരളത്തോടും കൈരളിയോടും കാണിച്ച അസാമാന്യ പ്രതിപത്തി തന്നെയാണ്’. പല ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നിട്ടും മലയാളത്തെ മാതൃഭാഷയായി സ്വീകരിക്കുകയും, അതിനെ ആധുനിക കാസർകോടിന്റെ അടയാളമായി ഉറപ്പിച്ചുനിർത്തുകയും ചെയ്യുന്ന സമരോത്സുകത ഉബൈദ് ആവിഷ്‌കരിച്ചു. ഭാഷാ സംസ്ഥാന രൂപീകരണത്തിന് എട്ടുവർഷം മുമ്പ്, 1949-ൽ സാഹിത്യ പരിഷത്തിന്റെ നീലേശ്വരം സമ്മേളനത്തിൽ അവതരിപ്പിച്ച ‘വിടവാങ്ങൽ’ എന്ന കവിതയിലടക്കം മലയാളത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിപത്തി വ്യക്തമാണ്. മലനാടിനെക്കുറിച്ചുള്ള സങ്കല്പങ്ങളായും അഭിമാനങ്ങളായും അവ പല കവിതകളിലും വിന്യസിക്കപ്പെട്ടു.

 

  1. സൗന്ദര്യാത്മക അധികാരവും ‘കാക്ക-കുയിൽ’ രാഷ്ട്രീയവും

 

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഉബൈദിന്റെ കവിതകൾ ഭാവുകത്വപരമായും സൗന്ദര്യാത്മകമായും അല്പം പിന്നിലാണ് സഞ്ചരിച്ചതെന്ന് ചിലർ നിരീക്ഷിക്കാറുണ്ട്. വള്ളത്തോളിനെയും പിന്നീട് ജി. ശങ്കരക്കുറുപ്പിനെയും കാവ്യമാതൃകകളായി സ്വീകരിച്ച അദ്ദേഹം, തന്റെ കാലഘട്ടത്തിന്റെ ഭാവുകത്വമായ കാല്പനികതയുടെ രണ്ടാംഘട്ടത്തെയോ എൻ.വി., ഇടശ്ശേരി, വൈലോപ്പിള്ളി തുടങ്ങിയവരിലൂടെ പ്രബലമായിക്കൊണ്ടിരുന്ന വിമർശനാത്മക കാല്പനികതയെയോ പൂർണ്ണമായി ഉൾക്കൊണ്ടിരുന്നില്ല. വൃത്തനിബദ്ധവും ഛന്ദോബദ്ധവും ശബ്ദാലങ്കാര നിഷ്കർഷയുമുള്ള ഒരു രൂപവാദിയായി അദ്ദേഹത്തെ നിരീക്ഷിക്കുന്നവരുണ്ട്. ഇത്തരം വിമർശനങ്ങളെ അദ്ദേഹത്തിന്റെ കവിത തന്നെ നിർമമതയോടെ നേരിടുന്നത് ‘അഭയം തേടും’ എന്ന രചനയിൽ കാണാം:

 

എൻ ഗാനം പഴഞ്ചനാണെങ്കിലായ്‌ക്കൊള്ളട്ടെ

താങ്കളെൻ പാട്ടിനെ ചെവികൊണ്ടാലുമില്ലെങ്കിലും

നൂതനാവേശത്തോടെ പാടട്ടെ മേലിലും ഞാൻ

പൂതമാമിപ്പഴഞ്ചൻ കീർത്തനം മരിപ്പോളം.

(അഭയം തേടും)

 

‘പഴഞ്ചൻ’ എന്ന് ഉബൈദ് തന്നെ വിശേഷിപ്പിച്ച തന്റെ കാവ്യശൈലിക്ക് സുപ്രധാനമായ ഒരു രാഷ്ട്രീയതലമുണ്ടെന്ന് റഫീഖ് ഇബ്രാഹിം നിരീക്ഷിക്കുന്നുണ്ട്.

 

“അദ്ദേഹം എഴുതുന്നു: “നമുക്കീ ഒറ്റശ്ലോകം ഒന്നു വായിക്കാം:

 

പാരവാരമിതിങ്കലെൻ തരണീ താൻ

തട്ടാതെ മുട്ടാതെയും

ഘോരാപൽക്കരമായ വൻചുഴികളിൽ

തങ്ങാതെ മുങ്ങാതെയും

ആരാമം തവ ഖുൽദുതാൻ വിലസിടും

തീരത്തു ചേരാൻ പ്രഭോ

നേരാം പാതയിൽ നീങ്ങുമാറു കൃപതൻ

ചുക്കാൻ പിടിക്കേണമേ!

 

ഇനി വെണ്മണിമാരിലെ പ്രമുഖനായ പൂന്തോട്ടത്ത് അച്ഛന്റെ ഈ പ്രസിദ്ധ ശ്ലോകം ഇതിനോടൊന്നു ചേർത്തുവച്ചു നോക്കൂ:

 

മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും

മൂട്ടിട്ടു വൻകറ്റയും

ചൂടിക്കൊണ്ടരിവാൾ പുറത്തു തിരുകി

പ്രാഞ്ചിക്കിതച്ചങ്ങനെ

നാടൻ കച്ചയുടുത്തു മേനി മുഴുവൻ

ചേറും പുരണ്ടിപ്പോഴീ

പാടത്തൂടു വരുന്ന നിൻ വരവുക-

ണ്ടേറെക്കൊതിക്കുന്നു ഞാൻ.

ഭാഷാപരമായ ലാളിത്യം അല്പം ഏറിനിൽക്കുന്നു പൂന്തോട്ടത്തിന്റെ ശ്ലോകത്തിൽ എന്നത് മാറ്റിവെച്ചാൽ, മലയാള സാഹിത്യത്തിൽ സാമാന്യധാരണയുള്ളവർ പോലും ആദ്യ ശ്ലോകം വെണ്മണിമാരിൽ ഒരാളുടേതല്ലേ എന്ന് തെറ്റിദ്ധരിച്ചുപോകും. ആശാൻ, വള്ളത്തോൾ, ജി. എന്നിങ്ങനെ പ്രമുഖ കവികളുമായി ഉബൈദിന്റെ വരികളെ താരതമ്യപ്പെടുത്താൻ സാധിക്കും. എന്നാൽ ഈ സാമ്യതകളെ കേവലം ‘മാറ്റൊലി’ എന്ന് ലഘൂകരിച്ച് തള്ളാൻ കഴിയില്ല. ഉബൈദിന്റെ കവികർതൃത്വം സുപ്രധാനമായ ഒരു രാഷ്ട്രീയപ്രശ്നമായി മനസ്സിലാക്കുമ്പോഴാണ് ഈ സാമ്യതകൾക്ക് സാഹിത്യചരിത്ര വിജ്ഞാനീയപരമായ പ്രാധാന്യം കൈവരുന്നത്.”

 

ഇവിടെയാണ് ഉബൈദ് തന്റെ പരിഷത്ത് പ്രസംഗത്തിൽ ഉപയോഗിച്ച ‘കാക്കയും കുയിലും’ എന്ന രൂപകം കേവലമായ ഒരു സാഹിത്യ വിനയത്തിനപ്പുറം മൂർച്ചയുള്ളൊരു സൈദ്ധാന്തിക പ്രതിരോധമായി മാറുന്നത്. മലയാള കാവ്യശാസ്ത്രത്തിൽ ആരാണ് ‘കുയിൽ’? ആർക്കാണ് സൗന്ദര്യാത്മകമായ ആധികാരികത മുൻകൂറായി കൽപ്പിച്ചു നൽകപ്പെട്ടത്? ചരിത്രപരമായി രൂപപ്പെട്ട സവർണ്ണ ഭാവുകത്വവും, സംസ്കൃതവൃത്തങ്ങളും, മണിപ്രവാള-വെണ്മണി പാരമ്പര്യവും സ്വായത്തമാക്കിയ വരേണ്യ കവിത്വമാണ് മലയാളത്തിൽ എക്കാലവും ‘കുയിൽ’ ആയി വാഴ്ത്തപ്പെട്ടത്. അവരുടെ നാദമാണ് ‘മാധുര്യ’മുള്ളതായും, കവിതയുടെ പ്രമാണികമായ സൗന്ദര്യശാസ്ത്രമായും അംഗീകരിക്കപ്പെട്ടത്. മറുപുറത്ത്, മുഖ്യധാരയ്ക്ക് പുറത്തുനിന്ന മാപ്പിളപ്പാട്ടുകാരും, പാമരജനങ്ങളും, അവരുടെ നാട്ടുഭാഷയും ‘കർക്കശ’വും അപരിഷ്കൃതവുമായ ‘കാക്കക്കരച്ചിലു’കളായി മാറ്റിനിർത്തപ്പെട്ടു.

ഈയൊരു സൗന്ദര്യാത്മക അധികാരശ്രേണിയെയാണ് (Aesthetic Hegemony) ഉബൈദ് തലതിരിച്ചിടുന്നത്. കുയിലുകൾ മാത്രം പാടുന്ന വസന്തത്തിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുന്ന ‘കാക്ക’യുടെ രൂപകം ഒരു അധികാരപ്രവേശനത്തിന്റെ രാഷ്ട്രീയമാണ് പറയുന്നത്. ആർക്കാണോ പൊതുമണ്ഡലത്തിൽ സൗന്ദര്യാത്മക പൗരത്വം നിഷേധിക്കപ്പെട്ടത്, അവൻ ആ പൊതുമണ്ഡലത്തിന്റെ തന്നെ ഉപാധികളെയും ഭാഷാസങ്കേതങ്ങളെയും സ്വന്തം ഉപകരണമാക്കി മാറ്റുകയാണ് ചെയ്യുന്നത്. റഫീഖ് ഇബ്രാഹിം നിരീക്ഷിക്കുന്നതുപോലെ: “മഹാകവി കുട്ടമത്തിന്റെ ‘ബാലഗോപാലനി’ലെ ക്ലാസിക്കൽ ഭാവം അഭ്യസിച്ചെടുത്ത് വെണ്മണിമാരുടെ അയത്നലളിതമായ പദവിന്യാസവും, വള്ളത്തോളിന്റെ അഭിജാത കാവ്യശൈലിയും, ആശാന്റെ ‘വീണപൂവി’നെ ഓർമ്മിപ്പിക്കുന്ന രൂപനിഷ്കർഷയും സമമായി ചേർത്ത് ഉബൈദ് കവിതകൾ എഴുതി.”

മലയാളം ഔപചാരികമായി പഠിച്ചിട്ടില്ലാത്ത, അറബി-ഉറുദു പശ്ചാത്തലത്തിൽ നിന്ന് വന്ന ഒരു തുളുനാടൻ മാപ്പിള, കേരളവർമ്മ സ്കൂളിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ഇത്തരം ശ്ലോകങ്ങൾ എഴുതി എന്നത് സൗന്ദര്യാത്മക തനിയാവർത്തനമല്ല; മറിച്ച്, സവർണ്ണ ഭാവുകത്വം കുത്തകയാക്കി വെച്ചിരുന്ന അച്ചടിഭാഷയുടെയും കാവ്യരൂപങ്ങളുടെയും കോട്ടകളിലേക്ക് അധഃസ്ഥിത കാവ്യശരീരം നടത്തിയ നിർണ്ണായകമായ കടന്നുകയറ്റമാണ്. കുയിലിന്റെ സ്വരം അനുകരിക്കുകയല്ല, മറിച്ച് കുയിലിനു മാത്രം അനുവദിക്കപ്പെട്ട ആലാപനത്തിന്റെ വ്യാകരണത്തെ സ്വന്തം രാഷ്ട്രീയ ഇച്ഛകൾക്കായി പിടിച്ചെടുക്കുകയാണ് ഇവിടെ ‘കാക്ക’ ചെയ്തത്. ഈ അർത്ഥത്തിൽ തിരുവിതാംകൂറിലും കൊച്ചിയിലുമായി മൂലൂരും പണ്ഡിറ്റ് കറുപ്പനും തുടക്കംകുറിച്ച സൗന്ദര്യാത്മക സാഹിത്യ സമരത്തിന്റെ മലബാർ പതിപ്പായി ഉബൈദിന്റെ ഇടപെടലുകളെ വായിക്കേണ്ടതുണ്ട്.

ഇതോടൊപ്പം തന്നെ, തങ്ങൾ അന്യവൽക്കരിച്ചു നിർത്തിയ മാപ്പിളമാരുടെ ചൊൽവടിവുകളെയും താളങ്ങളെയും മലയാള കവിതയിലേക്ക് സന്നിവേശിപ്പിക്കാനുള്ള വിപരീത ദിശയിലുള്ളൊരു ദൗത്യവും ഉബൈദ് ഏറ്റെടുത്തു. പരിഷത്ത് പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി:

 

“അന്യഭാഷകളോട് കടം യാചിക്കുന്നതിനു പകരമായി മാപ്പിളപ്പാട്ടുകളിലെ മധുരങ്ങളായ രാഗങ്ങൾ ഭാഷാകാവ്യങ്ങളിൽ ഉപയോഗിക്കുകയാണ് നമ്മുടെ കവികൾ ചെയ്യേണ്ടത്. മാപ്പിളപ്പാട്ടുകൾ കൈരളിയുടെ സ്വന്തം സമ്പത്താകുന്നു. അത്തരം രീതികൾ സ്വീകരിക്കുന്നതിൽ യുവകവികൾ വൈമനസ്യം കാണിക്കേണ്ടതില്ല. അന്യമാതാക്കളുടെ സന്താനങ്ങളോട് യാചിക്കുന്നതിനേക്കാൾ സ്വന്തം സഹോദരങ്ങൾ ഉപയോഗിക്കുന്നതും മാതാവിന്റെ പക്കലുള്ളതുമായ വേഷഭൂഷകൾ സ്വീകരിക്കുന്നതാണല്ലോ ഉത്തമം.”

 

മാപ്പിളപ്പാട്ടുകൾ കൈരളിയുടെ അവിഭാജ്യ പൈതൃകമാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ, സംഗീതശൂന്യമായ ഭാഷാകാവ്യങ്ങൾക്ക് ജീവൻ പകരാൻ മാപ്പിളശീലുകൾക്ക് സാധിക്കുമെന്ന് അദ്ദേഹം സ്ഥാപിച്ചു. പി. ഭാസ്‌കരനിലൂടെയും മറ്റും മലയാള ചലച്ചിത്രഗാനങ്ങളിലേക്ക് മാപ്പിളശീലുകൾ ഇടംപിടിക്കുന്നത് ഇതിന്റെ ചരിത്രപരമായ തുടർച്ചയാണ്.

മുസ്‌ലിം ജനസാമാന്യത്തെ മാത്രം അഭിസംബോധന ചെയ്യുന്ന മാപ്പിള സാഹിത്യത്തിന്റെ പരമ്പരാഗത രീതിയേയും ഉബൈദ് മറികടന്നു. മാപ്പിളപ്പാട്ടുകൾ മുഖ്യധാരയിൽ എത്താതിരുന്നതിന് കാരണം സാഹിത്യത്തിലെ അധികാര വ്യവസ്ഥകൾ മാത്രമായിരുന്നില്ല; ഭാഷയിലും ലിപിയിലും ‘അറബിമലയാളം’ എന്ന നിലയിൽ സ്വത്വം നിലനിർത്താനുള്ള രചയിതാക്കളുടെ നിഷ്കർഷ കൂടിയായിരുന്നു. എന്നാൽ ഉബൈദ് അറബിമലയാളത്തിന്റെ ബാഹ്യമുദ്രകൾ മാറ്റിനിർത്തിക്കൊണ്ട് ‘കേരളഗാനം’ രചിച്ചു:

 

“ജയിച്ചിടുന്നിതു മാമക ജനനി

ജയിച്ചിടുന്നിതു കേരള ധരണി

ജഗത്തിലൊക്കെവെ പെരുത്ത തൂവൊളി

പരത്തിടും സുമണി—ഉലകിലെ

ജനതതിയനുദിനമനവധി വിനുതികൾ

പൊഴിച്ചിടും രമണി…

മയക്കി വാഴ് വൂ പണ്ടു മുതൽക്കേ

മഹീതലത്തെ സ്സുഭഗതയാൽ നീ

മതങ്ങളനവധി ഭവത്സവിധമതി-

ലിണങ്ങി വാഴുകയായ്, അകളുഷ

മമതയൊടിത, തവ വരുതിയിൽ സമതയൊ-

ടൊതുങ്ങി മേവുകയായ്.”

 

മാപ്പിളപ്പാട്ടിലെ പ്രസിദ്ധ ഇശലായ ‘മുഹിബ്ബുർ’ ഈ കവിതയുടെ ഈണമായി സ്വീകരിക്കുമ്പോഴും അറബിമലയാള പദാവലികളെ അദ്ദേഹം അകറ്റിനിർത്തി. ഇതിലെ ‘മഹീതലം’ എന്ന പ്രയോഗം ശ്രദ്ധേയമാണ്. ഹൈന്ദവ മിത്തോളജിയുമായി ബന്ധമുള്ള സംസ്കൃതപദങ്ങൾ പോലും സ്വാഭാവികമായി പ്രയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ധാത്രി, അംബ, ജനനി, വിഭാതം തുടങ്ങി ഏത് സംസ്കൃതപദത്തെയും സ്വീകരിക്കാൻ ഉബൈദിന് സാധിച്ചത്, ഉറച്ച മതവിശ്വാസിയായിരിക്കെത്തന്നെ സങ്കുചിത മതമൗലികവാദത്തെ അകറ്റിനിർത്താൻ കഴിഞ്ഞതുകൊണ്ടാണ് എന്ന് എം.എ. റഹ്മാൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അരനൂറ്റാണ്ട് മുമ്പ് വിടപറഞ്ഞ ഈ എഴുത്തുകാരനെ, കേവലം ഒരു മാപ്പിള കവി എന്നതിലുപരി മലയാളത്തിലേക്ക് കലർപ്പിനെ സ്വാഗതം ചെയ്ത ഒരു രാഷ്ട്രീയ ധൈഷണികനായി വായിക്കേണ്ടതുണ്ട്. താൻ പ്രതിനിധാനം ചെയ്ത സമുദായത്തിന്റെ സാംസ്കാരികതനിമകളെ മലയാളത്തിന്റെ ഭാഗമാക്കാനും, അവരെ മലയാളിയുടെ പൊതുമണ്ഡലത്തോട് ചേർത്തുനിർത്താനും അദ്ദേഹം നടത്തിയ ശ്രമങ്ങൾ കേരളീയ നവോത്ഥാന ചരിത്രത്തിലെ തിളക്കമുള്ള ഒരേടാണ്.

 

  1. ഉബൈദ് പഠനങ്ങളുടെ പരിമിതി

 

മാപ്പിളസാഹിത്യത്തെ ജനകീയമാക്കുന്നതിൽ ചരിത്രപരമായ പങ്കുവഹിച്ച ഉബൈദിന്റെ സാഹിത്യസംഭാവനകളെയും, സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളെയും വിലയിരുത്തിയ പിൽക്കാല പഠനങ്ങളിൽ ചില രീതിശാസ്ത്രപരമായ പരിമിതികൾ കാണാം. ഇത്തരം പഠനങ്ങൾ സ്വീകരിച്ച മാനദണ്ഡങ്ങൾ പലപ്പോഴും മുൻനിശ്ചയിച്ച നിഗമനങ്ങളിൽ ചെന്നവസാനിക്കുന്നവയായിരുന്നു.

ഇവിടെ വളർന്നുവന്ന മാപ്പിളപഠനങ്ങൾ, മലബാർപഠനങ്ങൾ തുടങ്ങിയ ഗവേഷണശാഖകളുടെ തുടർച്ചയാണ് ഉബൈദ് പഠനങ്ങളിലും പ്രകടമാകുന്നത്. മോയിൻകുട്ടി വൈദ്യർ സാഹിത്യപഠനങ്ങളിൽ കെ.കെ.എം. അബ്ദുൽ കരീം, സി.എൻ. അഹമ്മദ് മൗലവി, കെ. അബൂബക്കർ, ബഷീർ ചുങ്കത്തറ, ബാവ പാലക്കുന്ന് തുടങ്ങിയവർ അവലംബമാക്കിയ രീതി—മാപ്പിളപ്പാട്ടുകളെ മലബാറിലെ പാരമ്പര്യത്തിന്റെ പ്രധാന സ്രോതസ്സായും ചരിത്രാന്വേഷണത്തിന്റെ അളവുകോലായും സ്വീകരിക്കുന്ന രീതി—ഇവിടെയും കാണാം. ഉബൈദിന്റെ കാര്യത്തിൽ, മലയാള ഭാഷയുടെ ജനാധിപത്യവൽക്കരണത്തിനും മാപ്പിള സമുദായത്തിന്റെ ആധുനികവൽക്കരണത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മുൻനിർത്തിയുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഇവ പലപ്പോഴും ഉബൈദ് ഉൾക്കൊണ്ട ആന്തരിക ദാർശനികതലങ്ങളെ പൂർണ്ണമായി പരിഗണിക്കാതെയോ, കേരളീയ പശ്ചാത്തലത്തിൽ മാത്രമായി പരിമിതപ്പെടുത്തിയോ ആണ് വികസിച്ചത്. കവിതകളിലും സാമൂഹിക ഇടപെടലുകളിലും യാഥാസ്ഥിതിക പ്രവണതകളെ ഉബൈദ് വിട്ടുവീഴ്ചയില്ലാതെ വിമർശിച്ചിരുന്നു. ‘അൽ മുനീറിൽ’ അദ്ദേഹം എഴുതിയ ആദ്യ ലേഖനം തന്നെ പ്രാദേശിക മതനേതൃത്വത്തിന്റെ കടുത്ത വിമർശനത്തിന് വിധേയമായിട്ടുണ്ട്. സമുദായ നേതൃത്വത്തിന്റെ നിഷ്ക്രിയത്വത്തെ വിമർശിച്ചെഴുതിയ ‘തീപിടിച്ച പള്ളി’ എന്ന കവിതയിൽ, സമുദായമാകുന്ന പള്ളിക്ക് തീപിടിച്ച ആപൽഘട്ടത്തിൽ ഒന്നിച്ചുനിൽക്കാനാണ് ഉബൈദ് ആഹ്വാനം ചെയ്തത്. ‘തീപിടിച്ച പള്ളി’ എന്ന കവിതയോട് പ്രാദേശിക മതനേതൃത്വവും കേരളീയ പൊതുനേതൃത്വവും സ്വീകരിച്ച വ്യത്യസ്ത സമീപനങ്ങൾ ആന്തരിക വിമർശനത്തിന്റെ സാധ്യതകൾ വ്യക്തമാക്കുന്നുണ്ട്. പ്രാദേശിക മതനേതൃത്വം ഉബൈദിനെ മതവിരുദ്ധനായി മുദ്രകുത്താൻ ശ്രമിച്ചപ്പോൾ, അന്നത്തെ സമുദായ നേതാവായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ കവിതാ രചയിതാവിനെ അന്വേഷിച്ചെത്തുകയും, “പാട്ടെഴുതുന്നെങ്കിൽ ഇങ്ങനത്തെ പാട്ടെഴുതണം” എന്ന് പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്. എന്നാൽ, പല പഠിതാക്കളും പ്രാദേശിക യാഥാസ്ഥിതികത്വത്തെ സാമാന്യവൽക്കരിക്കുകയും ഇത്തരം ആരോഗ്യകരമായ തിരുത്തൽ ഇടങ്ങളെ വിസ്മരിക്കുകയുമാണുണ്ടായത്.

ഉബൈദിന്റെ നവോത്ഥാന ബോധത്തെയും സാഹിത്യ സംഭാവനകളെയും  മുൻവിധികളില്ലാതെ, അദ്ദേഹത്തിന്റെ ആന്തരിക ദാർശനിക പരിസരത്തുനിന്നുകൊണ്ട് പുനർവായിക്കാനുള്ള ശ്രമങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്.

 

  1. ഉപസംഹാരം

മാപ്പിള സാഹിത്യത്തെ പ്രാദേശികതയുടെയും സാമുദായിക അതിർത്തികളുടെയും പരിമിതികൾക്കപ്പുറത്തേക്ക് വ്യാപിപ്പിച്ച് മലയാള കാവ്യശാഖയുടെ മുഖ്യധാരയിൽ പ്രതിഷ്ഠിച്ച ധൈഷണിക പ്രതിഭയാണ് ടി. ഉബൈദ്. ‘കാക്കയും കുയിലും’ എന്ന സൗന്ദര്യശാസ്ത്ര രൂപകത്തിലൂടെ അദ്ദേഹം നടത്തിയ ഇടപെടൽ, ഭാഷാപരമായ ശുദ്ധിവാദങ്ങളെയും സവർണ്ണ ഭാവുകത്വത്തെയും വെല്ലുവിളിച്ച ഒന്നായിരുന്നു. വരേണ്യമായ സൗന്ദര്യാത്മക അധികാരത്തെ സ്വന്തം കാവ്യോപകരണമാക്കി മാറ്റിയ ‘കാക്കയുടെ പ്രവേശനം’ ഒരു രാഷ്ട്രീയ കർതൃത്വത്തിന്റെ വിളംബരമായിരുന്നു. അതോടൊപ്പം, മാപ്പിള ഇശലുകളെ മലയാളത്തിന്റെ ആത്മാവിലേക്ക് ചേർത്തുവെച്ചുകൊണ്ട് സാംസ്കാരിക വിനിമയത്തിന്റെ വിശാലമായ പാലം അദ്ദേഹം നിർമ്മിച്ചു.

ഉബൈദ് ഉയർത്തിപ്പിടിച്ച മതനിരപേക്ഷ മാനവികതയും സമുദായ വിമർശനങ്ങളും ഇസ്‌ലാമിന്റെ തന്നെ വിജ്ഞാന-ദാർശനിക പാരമ്പര്യത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് രൂപപ്പെട്ടത്. അതിനാൽ, വാർപ്പുമാതൃകകളെയും ലളിതവൽക്കരണങ്ങളെയും തള്ളിക്കളഞ്ഞ് ഉബൈദിന്റെ കവിവ്യക്തിത്വത്തെയും സാമൂഹിക ഇടപെടലുകളെയും അദ്ദേഹത്തിന്റെ ആന്തരിക ദാർശനിക പരിസരത്തുനിന്നുകൊണ്ട് പുനർവായിക്കേണ്ടത് മലയാള സാഹിത്യ വിമർശനത്തിന്റെ അനിവാര്യമായ ചരിത്രപരമായ ബാധ്യതയാണ്.

 

സഹായക ഗ്രന്ഥസൂചി

  1. അബ്ദുല്ലക്കുഞ്ഞി, ടി. കെ., എഡിറ്റർ. ടി. ഉബൈദ്: രചനകൾ, പഠനങ്ങൾ, ഓർമ്മകൾ. കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, 2016.
  2. അബൂബക്കർ, കെ. “ടി. ഉബൈദ് മലയാളത്തെ ജനാധിപത്യവൽക്കരിക്കുകയായിരുന്നു.” ടി. ഉബൈദ്: രചനകൾ, പഠനങ്ങൾ, ഓർമ്മകൾ, എഡിറ്റർ ടി. കെ. അബ്ദുല്ലക്കുഞ്ഞി, കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, 2016, പുറങ്ങൾ 423–428.
  3. ഇബ്രാഹിം ബേവിഞ്ച. ഉബൈദിന്റെ കവിതാലോകം. കോഴിക്കോട്: വചനം ബുക്സ്, 1997.
  4. ഇബ്രാഹിം ബേവിഞ്ച.. ഉബൈദിന്റെ തീപിടിച്ച പള്ളിയും പി. കുഞ്ഞിരാമൻ നായരുടെ കത്തുന്ന അമ്പലവും. കോഴിക്കോട്: വചനം ബുക്സ്, 2012
  5. ഇബ്രാഹിം ബേവിഞ്ച.. മുസ്‌ലിം സാമൂഹിക ജീവിതം മലയാളത്തിൽ. കോഴിക്കോട്: യുവത ബുക്സ്, 1996.
  6. ഉബൈദ്, ടി. “സാഹിത്യ പരിഷത്ത് പ്രസംഗം (നീലേശ്വരം സമ്മേളനം, 1949).” ടി. ഉബൈദ്: രചനകൾ, പഠനങ്ങൾ, ഓർമ്മകൾ, എഡിറ്റർ ടി. കെ. അബ്ദുല്ലക്കുഞ്ഞി, കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, 2016, പുറങ്ങൾ 181–203.
  7. ബഷീർ ചുങ്കത്തറ. ഇശൽ ചക്രവർത്തി മോയിൻകുട്ടി വൈദ്യർ: ജീവചരിത്രം, പഠനം. തൃശൂർ: കേരള സാഹിത്യ അക്കാദമി, 2010.
  8. റഹ്മാൻ, എം. എ. “ബഹുസ്വരതയുടെ മഹാവിദ്യാലയം.” ടി. ഉബൈദ്: രചനകൾ, പഠനങ്ങൾ, ഓർമ്മകൾ, എഡിറ്റർ ടി. കെ. അബ്ദുല്ലക്കുഞ്ഞി, കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, 2016, പുറങ്ങൾ 492–500.
  9. ലീലാവതി, എം. മലയാള കവിതാ സാഹിത്യ ചരിത്രം. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി, 2011.
  10. ശ്രീധരൻ, സി. പി. “ഉബൈദിന്റെ സൃഷ്ടിപ്രപഞ്ചം.” ഉബൈദ് സ്മാരക ഗ്രന്ഥം, കാസർഗോഡ്: കാസർഗോഡ് സാഹിത്യവേദി, 2008, പുറം 60.

വെബ് റിസോഴ്സുകൾ

  1. റഫീഖ് ഇബ്രാഹിം. “കുയിലും കിളിയും ചിലക്കുന്ന വേദിയിൽ അരനൂറ്റാണ്ട് മുമ്പൊരു കാക്ക.” ദ മലബാർ ജേർണൽ, 3 ഒക്ടോബർ 2023, https://themalabarjournal.com/literature/article-on-t-ubaid-by-rafeeq-ibrahim.

സലീം അഹമ്മദ് ഷാഫി

ഗസ്റ്റ് ലക്ച്ചറർ, മലയാളം വിഭാഗം, എസ്.എം.എസ്.ടി.എം വിമൻസ് കോളേജ്- ആതവനാട്, മലപ്പുറം

മുഹമ്മദ് അനീസ് കെ.ടി

പ്രൊജക്റ്റ് ഫെല്ലോ, മലയാളവിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, റീജിയണൽ സെന്റർ തിരുന്നാവായ

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x