
ഡോ. ദീപാമോൾ മാത്യു
Published: 10 Navomber 2026 സാഹിത്യപഠനം
ഉപ്പ്-ശരീരസ്മൃതിയായി മാറുന്ന രുചി.
പ്രബന്ധ സംഗ്രഹം
ജിൻഷ ഗംഗ എഴുതിയ “ഉപ്പ്” എന്ന ചെറുകഥയെ കേന്ദ്രീകരിച്ചുള്ള ഈ പ്രബന്ധം, കഥയിലെ കേന്ദ്രബിംബമായ ഉപ്പിനെ ഒരു ബഹുതല സാഹിത്യചിഹ്നമായി വിശകലനം ചെയ്യുന്നു. ജീവന്റെ അടിസ്ഥാനഘടകം, ആഗ്രഹത്തിന്റെയും ശരീരത്തിന്റെയും പ്രതീകം, വേദനയുടെ അടയാളം എന്നീ നിലകളിൽ തുടങ്ങി, ഒടുവിൽ ബാല്യകാല ട്രോമയുടെ ശരീരവൽക്കരിക്കപ്പെട്ട സ്മൃതിയായി (somatic memory) പരിണമിക്കുന്ന ഉപ്പിന്റെ അർത്ഥസഞ്ചാരം പ്രബന്ധം സൂക്ഷ്മമായി പിന്തുടരുന്നു. കഥയുടെ രേഖീയമല്ലാത്ത (non-linear) ആഖ്യാനഘടന, സ്ത്രീആഖ്യാതാവിന്റെ ആഗ്രഹങ്ങളുടെ അപ്രകാശിത ആവിഷ്കാര രീതി, ഭക്ഷണത്തെയും സ്വകാര്യതയെയും കുറിച്ചുള്ള കഥാപാത്രത്തിന്റെ ദാർശനിക നിലപാട്, പ്രണയത്തിന്റെയും അവഗണനയുടെയും വൈരുദ്ധ്യാത്മക ബന്ധം എന്നിവയും പ്രബന്ധം പരിശോധിക്കുന്നു. പ്രത്യേകിച്ച്, ഉപ്പ് എന്ന പരമ്പരാഗത സാംസ്കാരികബിംബം നൽകുന്ന ജീവൻ, സൗഹൃദം, ആതിഥ്യം, ദുഃഖത്തിന്റെ സാർവത്രികത തുടങ്ങിയ അർത്ഥതലങ്ങൾ ഈ കഥയിൽ എങ്ങനെ അട്ടിമറിക്കപ്പെട്ട്, ഒരു വ്യക്തിയുടെ ലൈംഗികാതിക്രമാനുഭവത്തിന്റെ ഭൗതികചിഹ്നമായി പുനർനിർമ്മിക്കപ്പെടുന്നു എന്നത് പഠനത്തിന്റെ കാതലായ കണ്ടെത്തലാണ്. ട്രോമ ഒരു വ്യക്തിയുടെ ശരീരബോധത്തെയും ബന്ധങ്ങളെയും ജീവിതകാലം മുഴുവൻ എങ്ങനെ നിർണ്ണയിക്കുന്നു എന്നതിന്റെ സാഹിത്യപരമായ ആവിഷ്കാരമായി ഈ കഥയെ പ്രബന്ധം വായിക്കുന്നു.
താക്കോൽവാക്കുകൾ:-
ഉപ്പ്, ബിംബകല്പന, ശരീരസ്മൃതി, ട്രോമ, മലയാളം ചെറുകഥ, ജിൻഷ ഗംഗ
ആമുഖം
ജിൻഷാ ഗംഗ എഴുതിയ ‘ഉപ്പ്’ എന്ന ചെറുകഥ ഒറ്റനോട്ടത്തിൽ പ്രണയത്തിന്റെയും പ്രണയ നിരാസത്തിന്റെയും മനഃശാസ്ത്ര ഘടകങ്ങൾ പേറുന്ന ഒരു കഥയായി തോന്നാമെങ്കിലും സൂക്ഷ്മ വായനയിൽ അത് ഓർമ്മ, ആഗ്രഹം, ശരീരം, അവഗണന, ട്രോമ, ലൈംഗികത എന്നിവയുടെ സങ്കീർണമായ ഒരു നെയ്ത്തായി മാറുന്നു. കഥയുടെ ശീർഷകം ‘ഉപ്പ്’ എന്ന് നൽകിയിരിക്കുന്നതിലൂടെ ഒരു ബഹുതല ബിംബത്തിനെ അവതരിപ്പിച്ചിരിക്കുകയാണ്. കഥയുടെ ഉൾസ്വഭാവത്തെ അത് വെളിപ്പെടുത്തുന്നുണ്ട്. ഉപ്പിന് ഒരു ക്ഷണത്തിൽ ഒരുപാട് അർത്ഥങ്ങൾ നൽകാൻ കഴിയും; ഭക്ഷണത്തിന് രുചി നൽകുന്ന ഘടകം, ശരീരത്തിന്റെ വിയർപ്പിൽ ഉൾക്കൊള്ളുന്ന രാസഘടകം, കടലിലെ ഉപ്പ്, ജീവന്റെ നിലനിൽപ്പിന് അനിവാര്യമായ ഘടകം എന്നിവ കൂടാതെ വിശപ്പ്, വേദന, കണ്ണുനീർ, ചുംബനം, രതി തുടങ്ങിയ അനേകം ബിംബാർത്ഥങ്ങൾ. ‘മുറിവിൽ ഉപ്പ് തേക്കുക’ എന്ന ശൈലിതന്നെ ഉപ്പിനെ വേദനയുടെ പ്രതീകമാക്കുകയാണ്. ജിൻഷയുടെ കഥയിൽ ഉപ്പിന് ഒരർത്ഥമല്ല, ഒരുപാട് അർത്ഥങ്ങൾ ഒരേസമയത്ത് പ്രവർത്തിക്കുകയാണ്. ഈ പ്രബന്ധം ഉപ്പ് എന്ന കഥയുടെ ആഖ്യാന ഘടന, ബിംബ വ്യവസ്ഥ, മനശാസ്ത്രപരമായ അടരുകൾ എന്നിവ വിശകലനം ചെയ്യാൻ ശ്രമിക്കുന്നു.
ഇതിവൃത്തം
വിപഞ്ചിക കൃഷ്ണൻ എന്ന എഴുത്തുകാരി 14 വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞ തന്റെ കോളേജ് കാലത്തെ പ്രണയിതാവ് ആനന്ദിന്റെ ഫോൺവിളി സ്വീകരിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. മരണം കാത്തു കഴിയുന്ന അയാൾ മരിക്കുന്നതിനു മുൻപ് അവളെ ഒരേ ഒരു തവണ കാണണമെന്ന് ആവശ്യപ്പെടുന്നു. ഇത് അവളെ പഴയകാല ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു. ആനന്ദും വിപഞ്ചികയും കോളേജ് ലൈബ്രറിയിൽ വച്ച് ആദ്യമായി കണ്ടതും, ചിത്രകാരനായ ആനന്ദിന്റെ ഒറ്റപ്പെട്ട സ്വഭാവം അവൾ തിരിച്ചറിയുന്നതും, മെല്ലെമെല്ലെ അവരുടെ സൗഹൃദം വളരുന്നതും, അത് പ്രണയമായി തീരുന്നതും അവൾ ഓർത്തെടുക്കുന്നു. ഭക്ഷണം എപ്പോഴും തനിച്ച് കഴിക്കുകയും, ഉപ്പ് ഒരിക്കലും കഴിക്കാതിരിക്കുകയും ചെയ്യുന്ന അയാളുടെ വിചിത്രമായ ശീലവും ബീച്ചിൽ വെച്ച് കടൽ വെള്ളത്തിലെ ഉപ്പിനെപ്പോലും അസ്വാഭാവികതയോടെ അവതരിപ്പിച്ചതും, ഒരു ചുംബനത്തിന്റെ തുടക്കത്തിൽ വിയർപ്പിന്റെ ഉപ്പിനെ വെറുപ്പോടെ തള്ളി മാറ്റിയതും, ഒടുവിലായി അയാൾ അവളെ കൈയൊഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയതും അയാളുടെ അവഗണനയിൽ ആകെ തകർന്നു പോയ വിപഞ്ചിക മുംബൈയിലേക്ക് ചേക്കേറിയതും അവൾ ഓർത്തെടുക്കുന്നു.
ആ ഫോൺകോളിലെ ക്ഷീണിതനായ ആനന്ദിന്റെ ശബ്ദം അവളെ കൊച്ചിയിലെ അയാളുടെ ഫ്ലാറ്റിലേക്ക് എത്തിക്കുകയാണ്. അതീവ ക്ഷീണിതനും രോഗാതുരനും ആയ ആനന്ദ് അനിയത്തിയുടെയും ഭർത്താവിന്റെയും സംരക്ഷണത്തിലാണ് എന്നും ഒരമ്മയുടെയും രണ്ട് അച്ഛന്മാരുടെയും മക്കളാണ് അവർ എന്നും അവിടെ വെച്ചാണ് അവൾ തിരിച്ചറിയുന്നത്. ആനന്ദ് തന്നോട് പറയാതെ സൂക്ഷിച്ച രഹസ്യങ്ങളിൽ വിപഞ്ചിക വേദനിക്കുന്നുണ്ട്. ആ രാത്രി അവർക്ക് കഴിഞ്ഞ കാലത്തിലേക്കുള്ള സഞ്ചാരത്തിന്റെ, ഓർമ്മകളുടെ വീണ്ടെടുക്കലിന്റെ രാത്രിയായിരുന്നു. കോളേജിലെ ഓർമ്മകളും അവളുടെ കവിതകളിലെ വരികളും ഒക്കെയായി ഒരിക്കൽ നഷ്ടപ്പെട്ടുപോയ കാലത്തെ ആനന്ദ് വീണ്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു. അവൾക്കായി ഒരു ചിത്രം വരച്ചു വെച്ചിട്ടുണ്ട് എന്ന് പറഞ്ഞെങ്കിലും നേരിട്ട് അത് കൊടുക്കാൻ ആനന്ദിന് കഴിഞ്ഞില്ല. ആ രാത്രി ഉറങ്ങി എഴുന്നേറ്റപ്പോൾ അയാൾ മരിച്ചുപോയിരുന്നു. ജീവിതത്തിൽ ഒരിക്കലും ഉപ്പു കഴിക്കാൻ കൂട്ടാക്കാതിരുന്ന ആനന്ദിന്റെ ചുണ്ടുകളിലും നെഞ്ചിലുമൊക്കെ ഉപ്പു വിതറി തന്റെ ചുണ്ടുകളും നാവും കൊണ്ട് അതൊക്കെയും നക്കിയെടുക്കുമ്പോൾ വിപഞ്ചികയുടെ ഉള്ളിൽ വീണ്ടും അവഗണിച്ചു ഉപേക്ഷിച്ചു പോയതിന്റെ പക തിളച്ചു മറിയുകയായിരുന്നു. അതിനുശേഷമാണ് അയാളുടെ പുതപ്പിനടിയിൽ നിന്നും ആ ചിത്രം അവൾ കണ്ടെത്തുന്നത്. അതിൽ, നിറയെ ഉപ്പ് വിതറിയ ഒരു പുരുഷലിംഗത്തിന്റെ മുൻപിൽ ഭയന്നുവിറച്ച് കണ്ണുകൾ അടച്ച് നിന്നിരുന്ന ഒരു ചെറിയ ആൺകുട്ടിയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ആ കുട്ടിയുടെ ചുണ്ടുകളിൽ ഉപ്പുതരികൾ പറ്റിപ്പിടിച്ചിരുന്നു.
ആ ചിത്രത്തിന്റെ അർത്ഥം മനസ്സിലായപ്പോഴാണ് വിപഞ്ചികക്ക് ആനന്ദിന്റെ ശരീരത്തിലെ ഉപ്പ് രസം പൊള്ളിക്കുന്നതായി തോന്നിയത്. ആനന്ദിനോട് ചോദിക്കാൻ അവൾ ബാക്കി വെച്ചിരുന്ന എല്ലാ ചോദ്യങ്ങളും അവളുടെ കണ്ണുനീരിനൊപ്പം ഒഴുകിപ്പോയി. അയാളുടെ ജീവിതകാലം മുഴുവൻ നിലനിന്ന ഭക്ഷണ നിരാസത്തിന്റെയും ശരീരസ്പർശന ഭയത്തിന്റെയും യഥാർത്ഥ കാരണം വ്യക്തമാക്കിക്കൊണ്ട് കഥ അവസാനിക്കുന്നു.
പ്രണയം, ഓർമ്മ, അകൽച്ച എന്നിവയിലൂടെ സഞ്ചരിച്ച് ഒടുവിൽ ബാല്യകാല ദുരനുഭവങ്ങളുടെ വെളിപ്പെടുത്തലിലേക്ക് എത്തിച്ചേരുന്ന ഒരു കഥയാണിത്. ഇതിലൂടെ ട്രോമ എങ്ങനെ ഒരു വ്യക്തിയുടെ ശരീര ബോധത്തെയും ബന്ധങ്ങളെയും ജീവിതകാലം മുഴുവൻ നിർണയിക്കുന്നു എന്നത് ഉപ്പ് എന്ന ബിംബത്തിലൂടെ ജിൻഷ ആവിഷ്കരിച്ചിരിക്കുന്നു.
നോൺ ലീനിയർ ആഖ്യാനവും ഓർമ്മയുടെ ഘടനയും
കഥ ഒരു രേഖീയമായ കാലക്രമത്തിൽ അല്ല സഞ്ചരിക്കുന്നത്. ഒരു ഫോൺവിളിയിൽ തുടങ്ങി 14 വർഷം മുൻപുള്ള കോളേജ് കാലത്തിലേക്ക് പോയി വീണ്ടും വർത്തമാനത്തിലേക്ക് വന്ന് ഒടുവിൽ ഭൂതകാലത്തിന്റെ ഏറ്റവും ഇരുണ്ട അടരിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു ചുഴിപോലെയാണ് ആഖ്യാനം നീങ്ങുന്നത്. ‘ഓർമ്മകൾ തിരമാലകൾ പോലെയാണ്’ എന്ന കഥാകാരിതന്നെ മുന്നോട്ടുവെക്കുന്ന ഉപമയെ കഥാഘടന അക്ഷരാർത്ഥത്തിൽ പിന്തുടരുന്നു. ഓർമ്മകൾ ഒഴുകിവരികയും പിൻവാങ്ങുകയും ചെയ്യുന്നു. ഓരോ തവണയും കൂടുതൽ ആഴത്തിലേക്ക് ഓർമ്മകൾ സഞ്ചരിക്കുകയാണ്.
ഘടനാപരമായ ഈ തിരഞ്ഞെടുപ്പ് കേവലം സൗന്ദര്യാത്മകം മാത്രമല്ല. മറിച്ച്, മനശാസ്ത്രപരമായ ഒരു യുക്തി ഉൾക്കൊള്ളുകയും കൂടിയാണ്. മനശാസ്ത്ര നിരീക്ഷണപ്രകാരം ട്രോമ നൽകുന്ന ഓർമ്മകൾ രേഖീയമായല്ല, ഫ്രാഗ്മെൻറ്റഡ് ആയാണ് മനുഷ്യ മനസ്സിനെ ആക്രമിക്കാറുള്ളത്. ഈ ആശയവുമായി കഥ പൊരുത്തപ്പെടുന്നു. കഥയുടെ അവസാനംവരെ ആനന്ദിന്റെ ഭക്ഷണ നിരാസത്തിന്റെ യഥാർത്ഥ കാരണം അജ്ഞാതമായി തുടരുന്നത് ഈ ഘടനയുടെ ഫലമാണ്.
ഉപ്പിന്റെ ബഹുതലബിംബസ്വഭാവം
കഥയിൽ ഉപ്പ് ആദ്യന്തം പ്രത്യക്ഷപ്പെടുന്ന ഓരോ സന്ദർഭവും ഒരു ചങ്ങലയായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഉപ്പിന്റെ ഓരോ പ്രത്യക്ഷവൽക്കരണവും മുൻപത്തേതിനെ പുനർവ്യാഖ്യാനിക്കുകയും അടുത്തതിന് അടിത്തറ പാകുകയും ചെയ്യുന്നു. ഈ ചങ്ങല സൂക്ഷ്മമായി പിന്തുടർന്നാൽ ഉപ്പ് ഒരു ഒറ്റബിംബമല്ല, മറിച്ച്, കഥയിലുടനീളം അർത്ഥപരിണാമം സംഭവിക്കുന്ന ഒരു ജൈവബിംബമാണ് എന്ന് കാണാം.
മറ്റാരും വായിക്കാത്ത കവിതയുടെ ആദ്യവരി: കഥ ആരംഭിക്കുന്നത് വിപഞ്ചിക കൃഷ്ണൻ എന്ന എഴുത്തുകാരിയുടെ പതിനാലു വർഷങ്ങൾക്കു മുൻപ് എഴുതിയ, ആരും വായിക്കാത്ത കവിതയുടെ ആദ്യ വരി ഉദ്ധരിച്ചുകൊണ്ടാണ്. ‘വിയർപ്പിന്റെ രുചി മധുരമായിരുന്നെങ്കിൽ’ എന്ന വരി ഒരു സാങ്കൽപ്പിക ആശയത്തിൽ നിന്നാണ് ജനിക്കുന്നത്. വിയർപ്പ് സ്വാഭാവികമായി ഉപ്പുരസമുള്ളതാണ് എന്നിരിക്കെ അത് മധുരമായിരുന്നെങ്കിൽ എന്ന ആഗ്രഹം യാഥാർത്ഥ്യത്തിന്റെ കയ്പ്പിനെ (ഉപ്പിനെ) മറികടക്കാനുള്ള ഒരു കാവ്യാത്മക അഭിലാഷമായി വായിക്കാം. കഥയുടെ അവസാനം എത്തുമ്പോൾ മാത്രമേ ഈ വരിയുടെ പൂർണ്ണമായ ഭാരം വായനക്കാരന് മനസ്സിലാകൂ. ശരീരത്തിന്റെ ഉപ്പുരസം ഒരാൾക്ക് എത്രത്തോളം ഭീതിതമായ ഒരു ഓർമ്മയുടെ വാഹകമാകാം എന്നത് ആ വരി സൂചിപ്പിക്കുന്നു. തുടക്കത്തിലെ മുറിഞ്ഞുപോയ ഒരു ചുംബനത്തിന്റെയും, വിയർപ്പിലെ ഉപ്പുരസത്താൽ തകർന്നു പോവുകയും അവഗണിക്കപ്പെടുകയും ചെയ്ത പ്രണയത്തിന്റെയും, തന്റെ ശരീരത്തെക്കുറിച്ച് അടിച്ചേൽപ്പിക്കപ്പെട്ട അപമാനത്തിന്റെയും, തുടർന്നുണ്ടായ അപകർഷതയുടെയും ഭാരമാണ് വിപഞ്ചിക തന്റെ ആ വരിയിലൂടെ വെളിപ്പെടുത്തുന്നത്. കഥയുടെ അന്ത്യത്തിൽ ഈ ആദ്യ വരി കേവലം ഒരു കാവ്യശകലമല്ല, മറിച്ച് വിപഞ്ചികയുടെയും ആനന്ദിന്റെയും ജീവിതത്തിന്റെ മുഴുവൻ വേദനകളെയും ദുരന്തപര്യവസാനത്തെയും മുൻകൂട്ടി സൂചിപ്പിക്കുന്ന ഒരു ഘടനാപരമായ ജാലകം കൂടിയാണ്.
കടൽ വെള്ളത്തിലെ ഉപ്പ്: കോളേജ് കാലഘട്ടത്തിൽ ആനന്ദും വിപഞ്ചികയും ഒന്നിച്ച് ബീച്ചിലേക്ക് പോയ രംഗം ഈ കഥയിലെ ബിംബവ്യവസ്ഥയിലെ ഒരു നിർണായക ഘട്ടമാണ്. ആനന്ദ് കടലിനെ വെറുക്കുന്നു എന്നും തിരമാലകളിൽ നിന്ന് അകലം പാലിച്ചു നടക്കുന്നു എന്നും ഈ രംഗം വ്യക്തമാക്കുന്നു. ‘കടലിൽ ഉപ്പ് കാണും’ എന്ന ആനന്ദിന്റെ മുന്നറിയിപ്പിന് വിപഞ്ചിക ‘അതിനെന്താ?’ എന്ന് നിസ്സാരമായി മറുപടി പറയുമ്പോൾ ആ നിസ്സാരതയും അയാളുടെ ഗൗരവവും തമ്മിലുള്ള അന്തരം ശക്തമായി പ്രകടമാകുകയാണ്. തിരയിലേക്ക് ഇറങ്ങിയ വിപഞ്ചികയെ ബീച്ചിൽ ഉപേക്ഷിച്ച് തിരിഞ്ഞു പോയ ആനന്ദ് പിറ്റേന്ന് അവളെ കാണുമ്പോൾ കാലുകൾ ചകിരി ഉപയോഗിച്ച് ഉരച്ചു കഴുകിയോ എന്ന് ഗൗരവത്തോടെ അന്വേഷിക്കുന്നതും നഖങ്ങൾക്കിടയിൽ ഉപ്പ് പറ്റിപ്പിടിച്ചു കാണും എന്ന് ഭയത്തോടും വെറുപ്പോടും കൂടി പറയുന്നുമുണ്ട്. ഈ അമിത ശ്രദ്ധ ഒരു സാധാരണ വൃത്തിബോധമായി ആദ്യവായനയിൽ തോന്നാമെങ്കിലും കഥയുടെ അന്ത്യത്തിൽ ഇത് ശരീരത്തിൽ പറ്റിപ്പിടിക്കുന്ന ഉപ്പിനോടുള്ള ആഴത്തിലുള്ള ഭയത്തിന്റെ, അസ്വസ്ഥതയുടെ, ഉപ്പ് ശരീരത്തിൽ നിന്നും പൂർണ്ണമായി ഉരച്ചു കളയേണ്ടതുണ്ട് എന്ന നിർബന്ധ ബോധത്തിന്റെ ആദ്യ സൂചനയായി മാറുന്നു.
ഭക്ഷണത്തിലെ ഉപ്പിന്റെ നിരാസം: ക്ഷീണിതനായി ലൈബ്രറിയിൽ തളർന്നുവീണ ആനന്ദ്, ഡോക്ടറുടെ മുന്നിൽ ‘ഞാൻ ഉപ്പ് കഴിക്കാറേയില്ല’ എന്ന് ഏറ്റുപറയുന്ന രംഗം കഥയിലെ ഏറ്റവും ഗൗരവമുള്ള നിമിഷമാണ്. വൈദ്യശാസ്ത്രപരമായി ഈ ഉപ്പിന്റെ നിരാസം ആനന്ദിന്റെ ശരീരത്തിലെ സ്ഥിരമായ ക്ഷീണവും ബി പി യിലെ വ്യതിയാനവുമായി ഡോക്ടർ ചൂണ്ടിക്കാണിക്കുന്നുണ്ട്. വളരെ ചെറിയ പ്രായത്തിൽ അതീവ ക്ഷീണിതനായി കിഡ്നികൾ തകരാറിലായി ആനന്ദ് മരണത്തിലേക്ക് നടന്നടുക്കുന്നതും ഉപ്പിനോടും ഭക്ഷണത്തോടുമള്ള അവന്റെ മനസ്സിന്റെ നിരാസത്തിന്റെ ഫലമാണ്. ഇവിടെ ഉപ്പ് എന്നത് ശരീരത്തിന്റെ അനിവാര്യമായ ഒരു ധാതു ആണെങ്കിലും ആനന്ദിന് അത് സ്വീകരിക്കാൻ കഴിയാത്തത് അവന്റെ ബോധപൂർവ്വമായ തിരഞ്ഞെടുപ്പല്ല. മറിച്ച്, ശരീരം തന്നെ നിരസിക്കുന്ന ഒരു നിർബന്ധിത അവസ്ഥയാണ് എന്ന് അയാളുടെ നിസ്സഹായമായ മൗനത്തിൽ നിന്ന് വ്യക്തമാകുന്നു. ജീവൻ നിലനിർത്താൻ അനിവാര്യമായ ഒന്നിനെ ശരീരം തന്നെ വിസമ്മതിക്കുന്നു എന്ന വൈരുദ്ധ്യം കഥയുടെ അവസാന ഭാഗം വെളിപ്പെടുത്തുന്ന സത്യത്തിന്റെ വെളിച്ചത്തിലാണ് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുന്നത്.
ആഗ്രഹവും അറപ്പും നിറഞ്ഞ ചുംബനത്തിലെ ഉപ്പ്: ആനന്ദ് വിപഞ്ചികയെ ചുംബിക്കാൻ ശ്രമിക്കുന്നത് ഉള്ളിൽ നിറഞ്ഞു കവിഞ്ഞ ആഗ്രഹത്തോടുകൂടിയാണ്. എന്നാൽ അവളുടെ ചുണ്ടുകൾക്ക് മുകളിലെ വിയർപ്പ് തുള്ളികളിൽ നാവു തൊട്ടതും ചുണ്ടിൽ ഷോക്കേറ്റത് പോലെ അയാൾ പിന്നോട്ടു മാറുകയാണ്. അയാളുടെ പിൻവാങ്ങലിന്റെ കാരണം മനസ്സിലാകാതെ നോക്കിയ വിപഞ്ചികക്ക് ആനന്ദിന്റെ കണ്ണുകളിൽ നിറഞ്ഞ ഭയമാണ് കാണാൻ സാധിച്ചത്. സമീപകാലത്ത് മരണപ്പെട്ടുപോയ അച്ഛന്റെ ഓർമ്മയാലാകാം അങ്ങനെ സംഭവിച്ചത് എന്ന ചിന്തയോടെയുള്ള ‘അച്ഛനെ ഓർത്തോ’ എന്ന വിപഞ്ചികയുടെ ചോദ്യത്തിന്റെ ഭാരം കഥയുടെ അന്ത്യത്തിൽ മാത്രമേ പൂർണ്ണരൂപം പ്രാപിക്കുകയുള്ളൂ. അത് സമ്മതിച്ചുകൊണ്ടുള്ള ആനന്ദിന്റെ തലയാട്ടൽ എത്ര ഭയാനകമാണ് എന്നതും അപ്പോൾ മാത്രമാണ് വ്യക്തമാക്കുക. ആ ഒരു നിമിഷം അയാളുടെ നിസ്സഹായതയിൽ അതീവ പ്രണയം തോന്നിയ വിപഞ്ചിക അയാളെ ചുംബിക്കാൻ ശ്രമിച്ചപ്പോൾ ‘നിന്റെ ശരീരം മുഴുവൻ ഉപ്പാണ്. നിന്റെ ശരീരം തൊടാൻ എനിക്ക് പേടിയാണ്’ എന്നൊരു നിലവിളിയോടെ വിപഞ്ചികയെ തള്ളി നിലത്തേക്കിട്ട്, അവളെ പരിഗണിക്കാതെ, തിരിഞ്ഞു നോക്കാതെ ആനന്ദ് നടന്നുപോയി. അതായിരുന്നു അവർ തമ്മിലുള്ള അവസാന കൂടിക്കാഴ്ച. അവിടെയായിരുന്നു അവരുടെ പ്രണയത്തിന്റെ അവസാനവും. ഇവിടെ ഉപ്പ് കേവലം ഒരു രുചിയല്ല. മറിച്ച് ശാരീരിക അടുപ്പത്തിന്റെ ഏറ്റവും ദുർബലമായ നിമിഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു അപ്രതീക്ഷിത ട്രിഗർ ആണ്. നിന്റെ ശരീരം തൊടാൻ എനിക്ക് പേടിയാണ് എന്ന ആനന്ദിന്റെ ഏറ്റുപറച്ചിൽ പ്രണയിനിയോടല്ല, മറിച്ച്, സ്വന്തം ശരീരത്തിൽ പതിഞ്ഞുപോയ ഒരു മുറിവിന്റെ ഓർമ്മയോടുള്ള ഭയമാണ് വെളിപ്പെടുത്തുന്നത്. കഥയുടെ അവസാനം, ആനന്ദിന്റെ മരണത്തിന് ശേഷം അയാളുടെ ശരീരത്തിൽ ഉപ്പു വിതറി അതു മുഴുവനും ചുണ്ടുകളും നാവും കൊണ്ട് നുകർന്നെടുക്കുന്ന വിപഞ്ചികയുടെ ചിത്രം പ്രണയത്തിന്റെയും പ്രണയ നിരാസത്തിന്റെയും അപമാനത്തിന്റെയും മുറിവുകൾക്കുമേൽ പതിക്കപ്പെട്ട ഉപ്പിന്റെ പക നിറഞ്ഞ മരുന്നുകൂടിയാണ്.
ചിത്രത്തിലെ ഉപ്പ് – ട്രോമയുടെ ഭൗതികരേഖ: വായനക്കാരന്റെ മനസ്സിനെ പിന്തുടർന്ന് അസ്വസ്ഥപ്പെടുത്താൻ ശേഷിയുള്ള ഒന്നാണ് ആനന്ദിന്റെ മരണശേഷം വിപഞ്ചിക കണ്ടെത്തുന്ന ചിത്രം. ചിത്രത്തിലെ ബലപ്രയോഗത്തിന് വിധേയനാകുന്ന കുട്ടിയുടെ ചുണ്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉപ്പുതരികൾ ഭീതിയുടെയും വിയർപ്പിന്റെയും കണ്ണീരിന്റെയും ഭൗതികാവശിഷ്ടം കൂടിയാകുന്നു. ഈ ഒറ്റ ദൃശ്യാംശത്തിലൂടെ മുകളിൽ പറഞ്ഞ ഉപ്പിന്റെ എല്ലാ ബിംബതലങ്ങളും ഒരൊറ്റ ഉറവിടത്തിലേക്ക് സംഗമിക്കുന്നു. ചിത്രത്തിൽ ബലപ്രയോഗം നടത്തുന്നയാൾ അഴിച്ചിട്ട കാക്കി പാന്റ്, കഥയിൽ നേരത്തെ പോലീസിലാണ് എന്ന് സൂചിപ്പിക്കപ്പെട്ട ആനന്ദിന്റെ അച്ഛനേക്കുറിച്ചുള്ള അവ്യക്തമായ പരാമർശവുമായി ചേർന്ന് അസ്വസ്ഥജനകമായ ഒരു അനുരണനം സൃഷ്ടിക്കുന്നു. ആനന്ദിന്റെ മുഴുവൻ ജീവിതത്തിന്റെയും ട്രോമയുടെ ഭൗതിക രേഖയായി ആ ചിത്രം മാറുന്നു. അച്ചന്റെ മരണവാർത്ത കേട്ടപ്പോഴുള്ള ആനന്ദിന്റെ കടുത്ത നിശബ്ദതക്കും, പാതിയിൽ മുറിഞ്ഞു പോയ ചുംബനത്തിന്റെ കാരണം തേടി ‘അച്ഛനെ ഓർമ്മ വന്നോ’ എന്ന വിപഞ്ചികയുടെ ചോദ്യത്തിന് തിളക്കം നഷ്ടപ്പെട്ട് ഭയം നിറഞ്ഞ കണ്ണുകളോടെയുള്ള അയാളുടെ തലയാട്ടലിനും അപ്പോൾ ഭാരിച്ച അർത്ഥതലങ്ങൾ കൈവരുന്നു.
മരണത്തിന്റെ തണുപ്പ് പടർന്ന ഉപ്പ് – പകയുടെയും പ്രണയത്തിന്റെയും പ്രതീകാത്മകത: പുലർച്ചെ ആനന്ദിന്റെ മരിച്ചു മരവിച്ച ശരീരം കാണുന്ന വിപഞ്ചിക മറ്റാരെയും ആ മരണം അറിയിക്കുന്നതിനു മുൻപ് അടുക്കളയിലേക്ക് പോയി ഉപ്പ് എടുത്തുകൊണ്ടുവന്ന് മരിച്ചു കിടക്കുന്ന ആനന്ദിന്റെ ശരീരത്തിൽ വിതറുകയും പിന്നീട് അത് ചുണ്ടുകളും നാവും കൊണ്ട് നക്കിയെടുക്കുകയും ചെയ്യുന്നു. ഇത് ഒരേസമയം പകയുടെയും പ്രണയത്തിന്റെയും സങ്കീർണമായ പ്രതീകാത്മക പ്രവർത്തിയാണ്. ഉപ്പിനോടുള്ള ആനന്ദിന്റെ ഭയം എന്താണ് എന്ന് വിപഞ്ചിക തിരിച്ചറിയുന്നതിന് തൊട്ടുമുൻപുള്ള സന്ദർഭമാണിത്. വിയർപ്പിന്റെ ഉപ്പിനെപ്പോലും ഭയന്നിരുന്ന ആനന്ദിന്റെ മനസ്ഥിതിയാണ് തന്റെ പ്രണയത്തെ നിരസിക്കുകയും തന്നെ അപമാനിച്ച്, അവഗണിച്ച് ഒഴിവാക്കുകയും ചെയ്തത് എന്ന ധാരണയിൽ നിന്ന് ഉടലെടുത്ത പക, ആ പ്രണയപ്പകയുടെ തീ ഒടുക്കാനാണ് വിപഞ്ചിക അപ്രകാരം ചെയ്തത്. ജീവിച്ചിരിക്കുമ്പോൾ ആനന്ദിന് സ്വീകരിക്കാൻ കഴിയാതിരുന്ന ഉപ്പിനെ അയാളുടെ ശരീരത്തിൽ വിതറി തിരിച്ചെടുക്കുന്ന വിപഞ്ചികയുടെ പ്രവർത്തി ഒരേ സമയം പകയുടെ പൂർത്തീകരണവും അന്തിമ വിലാപവും ഒരു ശുദ്ധീകരണ പ്രവർത്തിയും അയാളുടെ ഭീതിയെ സ്വന്തം ശരീരത്തിലേക്ക് ഏറ്റുവാങ്ങാനുള്ള അവസാന സ്നേഹപ്രകടനവുമായി വായിക്കാവുന്നതാണ്. കടലിലെ ഉപ്പിനെ ഉരച്ചു കളയണം എന്നു പറഞ്ഞിരുന്ന ആളുടെ ശരീരം ഉപ്പിനാൽ പൊതിയപ്പെടുകയും ആ ഉപ്പ് പ്രിയപ്പെട്ടയാളാൽ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു എന്നത് ബിംബപരമായി ഒരു വൃത്തം പൂർത്തിയാക്കുന്നു.
ഈ സന്ദർഭങ്ങൾ ചേർത്തു വായിക്കുമ്പോൾ വ്യക്തമാകുന്നത് ഉപ്പ് ഈ കഥയിലെ ഒരു സ്ഥിരബിംബമല്ല, മറിച്ച്, ഒരു സഞ്ചാരബിംബമാണ് എന്നതാണ്. അത് വിപഞ്ചികയുടെ കാവ്യഭാവനയിൽ തുടങ്ങി പ്രകൃതിയിലേക്കും ശരീരത്തിലേക്കും മനസ്സുകളിലേക്കും വ്യാപിച്ച് ഒടുവിൽ ഭൂതകാലത്തിന്റെ ഏറ്റവും വലിയ മുറിവ് പകർന്ന ഇടത്തിലേക്ക് ചെന്നെത്തി അവസാന ശുദ്ധീകരണത്തിലൂടെ പൂർണ്ണമാകുന്നു. ഈ സഞ്ചാരപഥം ട്രോമയുടെ പൊതുസ്വഭാവത്തെ അനുകരിക്കുന്നു. ഭൂതകാല ട്രോമകൾ എത്ര മറച്ചുവച്ചാലും ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും അദൃശ്യമായി വ്യാപിക്കുകയും ഒടുവിൽ അതിന്റെ ഉറവിടത്തിന്റെ തിരിച്ചറിവിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു എന്നത് കഥയും അനുവർത്തിക്കുന്നു.
ഭക്ഷണം, ലൈംഗികത, ശരീരം: ആനന്ദിന്റെ തത്വശാസ്ത്രം
ആനന്ദ് മുന്നോട്ടുവയ്ക്കുന്ന ‘ഭക്ഷണം രതി പോലെയാണ്, അതിന് സൗഹൃദമല്ല സ്വകാര്യതയാണ് വേണ്ടത്’ എന്ന ചിന്ത കഥയിലെ ഏറ്റവും ശ്രദ്ധേയമായ ദാർശനിക പ്രസ്താവനകളിൽ ഒന്നാണ്. ഭക്ഷണത്തെയും ലൈംഗികതയെയും ഒരേ വിതാനത്തിൽ പ്രതിഷ്ഠിക്കുന്ന ഈ ചിന്ത, ആദ്യ വായനയിൽ ഒരു കലാകാരന്റെ വിചിത്രമായ കാഴ്ചപ്പാടായി തോന്നാം. എന്നാൽ കഥയുടെ അന്ത്യത്തിൽ വെളിപ്പെടുന്ന സത്യത്തിന്റെ വെളിച്ചത്തിൽ ഇത് പുനർവായന ആവശ്യപ്പെടുന്നു. ഭക്ഷണം കഴിക്കൽ എന്ന ഏറ്റവും അടിസ്ഥാനപരമായ ശാരീരിക പ്രവൃത്തിപോലും പരസ്യമായി ചെയ്യാൻ കഴിയാത്ത ഒരു മനുഷ്യൻ, തന്റെ ശരീരം മറ്റൊരാൾ കാണുന്നതിനെ ഭയപ്പെടുന്ന ഒരാളാണ് എന്ന് മനസ്സിലാക്കാം. ശരീരത്തെ പൊതുഇടത്തിൽ നിന്ന് മറച്ചുവയ്ക്കാനുള്ള ഈ അഭിനിവേശം, ബാല്യത്തിൽ ശരീരം ലൈംഗികാതിക്രമത്തിന്റെ വേദിയായി മാറിയ ഒരാളുടെ പ്രതിരോധ സംവിധാനമായി വായിക്കാവുന്നതാണ്. ഭക്ഷണനിരാസത്തെ ഒരു ശീലക്കേട് ആയോ, ജീവിതശൈലി രോഗമായോ മാത്രം കാണുന്ന ഡോക്ടറുടെയും ആനന്ദിന്റെ കുടുംബാംഗങ്ങളുടെയും കാഴ്ചപ്പാടും, അതിനു പിന്നിലെ മാനസികമായ കാരണവും തമ്മിലുള്ള അന്തരം കഥ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. ഇത് ശാരീരിക ലക്ഷണങ്ങൾക്ക് പിന്നിലെ മാനസികാഘാതം കാണാതെ പോകുന്ന സാമൂഹികവും വൈദ്യശാസ്ത്രപരവുമായ പരിമിതിയെക്കൂടി സൂചിപ്പിക്കുന്നു.
സ്ത്രീ ആഖ്യാനവും ആഗ്രഹത്തിന്റെ ശബ്ദവും:
മലയാള സാഹിത്യത്തിൽ സ്ത്രീകളുടെ ആഗ്രഹങ്ങളെയും മാനസിക തലങ്ങളെയും നേരിട്ട് ആവിഷ്കരിക്കുന്ന രചനകൾ താരതമ്യേന കുറവാണ് എന്നത് ശ്രദ്ധേയമാണ്. ‘ഉപ്പ്’ എന്ന കഥ പൂർണ്ണമായും വിപഞ്ചിക കൃഷ്ണൻ എന്ന സ്ത്രീയുടെ കാഴ്ചപ്പാടിലൂടെയാണ് പറയപ്പെടുന്നത്. അവളുടെ പ്രണയം, കാത്തിരിപ്പ്, ആനന്ദിനോടുള്ള അഭിലാഷം, നിരാശ, ദേഷ്യം, പക എന്നിവയൊക്കെ മറയില്ലാതെ ആവിഷ്കരിക്കപ്പെടുന്നു.
വിപഞ്ചികയുടെ എഴുത്തുകാരി എന്ന നിലയിലുള്ള വളർച്ച ആനന്ദിന്റെ സാന്നിധ്യത്തിൽ തുടങ്ങി അഭാവത്തിലും വളർന്ന ഒന്നാണ്. അയാൾ അവളുടെ ആദ്യ വായനക്കാരനും ചിത്രകാരനും ആയി തുടരുന്നത് അവരുടെ ബന്ധം ശാരീരികമായി പൂർത്തീകരിക്കപ്പെടാതെ തന്നെ കലാപരമായ പങ്കാളിത്തമായി നിലനിൽക്കുന്നു എന്നതിന്റെ സൂചനയാണ്. വിപഞ്ചികയുടെ കഥാപാത്ര അവതരണത്തിലെ വൈരുദ്ധ്യങ്ങൾ, സ്നേഹവും പകയും ക്ഷമയും കോപവും ആകർഷണവും അകൽച്ചയും സങ്കീർണവും ആധികാരികവുമായ ഒരു മാനുഷിക അനുഭവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അവസാനചിത്രം വെളിപ്പെടുത്തുന്ന പുനർവായന:
കഥയുടെ അവസാന ഭാഗത്ത് കണ്ടെത്തുന്ന ചിത്രം കഥയെ പൂർണ്ണമായും പുനർവായിക്കാൻ വായനക്കാരനെ നിർബന്ധിതനാക്കുന്ന ഘടനാപരമായ വഴിത്തിരിവാണ്. കഥയുടെ ഏറ്റവും പ്രധാനപ്പെട്ടതും ഭാരിച്ചതുമായ ഒരു അടരാണ് അത്. ഈ വെളിപ്പെടുത്തൽ കഥയിലെ പല മുൻ സൂചനകൾക്കും പുതിയ അർഥം നൽകുന്നു.
ശരീരസ്പർശനം ആനന്ദില് ഉളവാക്കിയിരുന്നത് കേവലം സങ്കോചമല്ല, മറിച്ച് ലൈംഗികാതിക്രമം നേരിട്ട ഒരാളുടെ അതിജീവന പ്രതികരണമാണ് എന്ന് ആ ചിത്രത്തിലൂടെ മാത്രമാണ് വെളിപ്പെടുന്നത്.
ഭക്ഷണം സ്വകാര്യമായി മാത്രം കഴിക്കണമെന്ന ആനന്ദിന്റെ നിർബന്ധം ബാല്യകാലത്ത് അനുഭവിക്കേണ്ടിവന്ന അതിക്രമത്തിന് ശേഷം സ്വന്തം ശരീരത്തിന്മേൽ നിയന്ത്രണം തിരിച്ചു പിടിക്കാനുള്ള ശ്രമമായി വായിക്കാം. ഭക്ഷണനിരാസ രോഗങ്ങളെക്കുറിച്ചുള്ള മനശാസ്ത്ര പഠനങ്ങളുമായി ഇത് സമാന്തരമായി നിലനിൽക്കുന്നു. ഉപ്പ് എന്ന ബിംബം തന്നെ ഈ കഥയിൽ പുനർവ്യാഖ്യാനിക്കപ്പെടുന്നു. കണ്ണീരും വിയർപ്പും ഉപ്പുകലർന്ന ശാരീരിക ദ്രവങ്ങളാണ്. അത് ട്രോമയുടെ രാസഘടകം ആയി കൂടി മാറുന്നു.
ഉപ്പിന്റെ ട്രോമാറ്റിക് പുനർനിർമ്മിതി
കഥയുടെ അന്ത്യത്തിൽ വെളിപ്പെടുന്ന ബാല്യകാല ലൈംഗികാതിക്രമത്തിന്റെ ദൃശ്യം, ആനന്ദിന്റെ ഉപ്പിനോടുള്ള ബന്ധത്തെ പൂർണ്ണമായും പുനർനിർവചിക്കുന്നു. ചിത്രത്തിൽ കാണുന്ന കുട്ടിയുടെ ചുണ്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉപ്പുതരികൾ എന്ന വിശദാംശം കഥയിലെ ഏറ്റവും നിർണ്ണായകമായ ബിംബപരിവർത്തനമാണ്. അതുവരെ ഉപ്പ് എന്നത് ജീവിതത്തിന്റെ, ആഗ്രഹത്തിന്റെ, ശരീരത്തിന്റെ സ്വാഭാവിക രുചിഘടകമായി മാത്രം അവതരിപ്പിക്കപ്പെട്ടിരുന്നെങ്കിൽ, ഈയൊരു നിമിഷത്തിൽ അത് ഒരു കുട്ടിയുടെ കണ്ണീരിന്റെയും, ഭീതിയുടെയും, വിയർപ്പിന്റെയും, നിസ്സഹായതയുടെയും, ശാരീരികസ്രവങ്ങളുടെയും രാസഘടകമായി മാറുന്നു.
മനഃശാസ്ത്രത്തിൽ ‘ശരീരസ്മൃതി’ (somatic memory) എന്ന ആശയമുണ്ട്. ട്രോമ ബോധപൂർവ്വമായ ഓർമ്മയിൽ മാത്രമല്ല, ശരീരത്തിന്റെ ഇന്ദ്രിയാനുഭവങ്ങളിലും രേഖപ്പെടുത്തപ്പെടുന്നു എന്നതാണ് ഈ ആശയത്തിന്റെ കാതൽ. ഒരു പ്രത്യേക ഗന്ധം, സ്പർശം, രുചി എന്നിവ ട്രോമയുടെ നിമിഷത്തെ അബോധപൂർവ്വം തിരിച്ചുവിളിക്കാൻ ശേഷിയുള്ളവയാണ്. ആനന്ദിന്റെ കാര്യത്തിൽ, ഉപ്പ് എന്ന രുചി, അത് ഭക്ഷണത്തിലായാലും ചുംബനത്തിലായാലും, അബോധപൂർവ്വം തന്റെ ബാല്യകാല ശാരീരികാനുഭവവുമായി ബന്ധിപ്പിക്കുന്ന ഒരു ‘ട്രിഗർ’ ആയി പ്രവർത്തിക്കുന്നു എന്ന് വായിക്കാം. ഇത് അയാളുടെ ബോധപൂർവ്വമായ തീരുമാനമല്ല, മറിച്ച് ശരീരം സ്വയം സ്വീകരിച്ച ഒരു പ്രതിരോധസംവിധാനമാണ്.
ആനന്ദ് ഉപ്പ് കഴിക്കാൻ വിസമ്മതിക്കുന്നത് കേവലം അരുചിയോ ശീലക്കേടോ അല്ലെന്ന് കഥ സൂക്ഷ്മമായി സൂചിപ്പിക്കുന്നു. ഡോക്ടറുടെ മുന്നിൽ ‘ഞാൻ ഉപ്പ് കഴിക്കാറേയില്ല’ എന്ന് പറയുമ്പോഴുള്ള അയാളുടെ ജാള്യതയും, തുടർന്നുള്ള മൗനവും, ആ വിഷയം പിന്നീട് ചർച്ച ചെയ്യുമ്പോഴെല്ലാം അയാൾ വിഷയം മാറ്റുന്നതുമെല്ലാം ബോധപൂർവ്വമായി അവഗണിക്കുന്ന പെരുമാറ്റ ലക്ഷണങ്ങളാണ്. ട്രോമ അനുഭവിച്ചവരിൽ പലപ്പോഴും കാണാറുള്ള ഒരു പാറ്റേണാണിത്. ട്രോമയുമായി ബന്ധപ്പെട്ട ഏതൊരു ഇന്ദ്രിയാനുഭവത്തെയും ബോധപൂർവ്വമോ അബോധപൂർവ്വമോ ഒഴിവാക്കുക, അതേസമയം അതിന്റെ യഥാർത്ഥ കാരണം ആരോടും, ഏറ്റവും അടുത്ത ആളോട് പോലും, വെളിപ്പെടുത്താതിരിക്കുക എന്നത്.
ഇവിടെ ശ്രദ്ധേയമായ ഒരു വൈരുദ്ധ്യം കൂടിയുണ്ട്. ഭക്ഷണം ഒരു സ്വകാര്യകാര്യമാണെന്നും, രതിയെപ്പോലെ പരസ്യമായി ചെയ്യാൻ പാടില്ലാത്തതാണെന്നുമുള്ള ആനന്ദിന്റെ തത്വശാസ്ത്രം, യഥാർത്ഥത്തിൽ തന്റെ തന്നെ ശരീരത്തിന്മേലുള്ള ഒരു നിയന്ത്രണശ്രമമായി വായിക്കാം. ബാല്യത്തിൽ ശരീരത്തിന്മേലുള്ള നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ട ഒരാൾ, മുതിർന്നപ്പോൾ തന്റെ ശരീരത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പ്രവൃത്തികളിൽ (ഭക്ഷണം കഴിക്കൽ, ഉപ്പ് ഉപയോഗിക്കൽ) കർശനമായ നിയന്ത്രണം ഏർപ്പെടുത്തി സ്വയം സുരക്ഷിതത്വം കണ്ടെത്താൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. ഭക്ഷണം പരസ്യമായി കഴിക്കാതിരിക്കൽ, ഉപ്പ് പൂർണ്ണമായി ഒഴിവാക്കൽ എന്നിവ അയാൾക്ക് തന്റെ ശരീരത്തിന്മേൽ ബാക്കിയുള്ള ഏക അധികാരമായി മാറുന്നു.
കഥയിലെ ഏറ്റവും തീവ്രമായ നിമിഷങ്ങളിലൊന്ന്, ചുംബനത്തിനിടെ നായികയുടെ ചുണ്ടിലെ വിയർപ്പുതുള്ളികളിലെ ഉപ്പ് നാവുകൊണ്ട് സ്പർശിക്കുമ്പോൾ ആനന്ദ് പെട്ടെന്ന് പിന്മാറുന്നതാണ്. ഇവിടെ ശ്രദ്ധിക്കേണ്ടത്, അയാൾ പിന്മാറുന്നത് ചുംബനത്തിൽ നിന്നല്ല, മറിച്ച് ആ പ്രത്യേക നിമിഷത്തിൽ നാവിൽ അനുഭവപ്പെട്ട ഉപ്പിന്റെ രുചിയിൽ നിന്നാണ് എന്നതാണ്. ഇത് വ്യക്തമാക്കുന്നത്, അയാളുടെ ഭയം ലൈംഗികമായ അടുപ്പത്തോടല്ല, മറിച്ച് ആ അടുപ്പത്തിനിടയിൽ ബോധമില്ലാതെ കടന്നുവരുന്ന ഒരു നിർദ്ദിഷ്ട ഇന്ദ്രിയാനുഭവത്തോടാണ് എന്നാണ്. ‘നിന്റെ ശരീരം മുഴുവൻ ഉപ്പാണ്… നിന്റെ ശരീരം തൊടാൻ എനിക്കു പേടിയാണ്’ എന്ന അയാളുടെ വാക്കുകൾ, പ്രണയിനിയോടുള്ള ഭയമല്ല, മറിച്ച് സ്വന്തം ശരീരസ്മൃതിയോടുള്ള ഭയമാണ് വെളിപ്പെടുത്തുന്നത്. അടുപ്പത്തിന്റെ ഏറ്റവും സ്വാഭാവികമായ ഒരു നിമിഷത്തിൽ പോലും ട്രോമ എങ്ങനെ അപ്രതീക്ഷിതമായി തിരിച്ചുവരാം എന്നതിന്റെ സൂക്ഷ്മമായ ചിത്രീകരണമാണിത്.
പരമ്പരാഗതമായി ഉപ്പിന് നൽകിയിരിക്കുന്ന ബിംബകല്പനയിൽ നിന്നുള്ള വ്യതിയാനം
മലയാളസാഹിത്യത്തിലും പൊതുവെ ഭാരതീയ സാംസ്കാരികഭാവനയിലും ഉപ്പിന് പരമ്പരാഗതമായി ചില സ്ഥിരബിംബങ്ങളുണ്ട്. ജീവിതാനുഭവത്തിന്റെ ആഴം സൂചിപ്പിക്കുന്നത്, ‘ഉപ്പുതിന്നവൻ വെള്ളം കുടിക്കും’ എന്ന ചൊല്ലിലെന്നപോലെ കർമ്മഫലത്തിന്റെയോ ജീവിതാനുഭവത്തിന്റെയോ പ്രതീകമായി, വിശ്വസ്തതയുടെയും കൂറിന്റെയും പ്രതീകമായി (ഉപ്പും ചോറും തിന്ന എന്ന പ്രയോഗം പോലെ), സൗഹൃദത്തിന്റെയും ആതിഥ്യത്തിന്റെയും അടയാളമായി, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ, ഉപ്പ് പങ്കിടുന്നതിന്റെ സാമൂഹികബന്ധമായി, വിലാപത്തിന്റെയും കണ്ണീരിന്റെയും സാർവത്രിക ബിംബമായി, (കണ്ണീരിന്റെ ഉപ്പുരസം ദുഃഖത്തിന്റെ പൊതുവായ പ്രതീകമായി കാവ്യങ്ങളിൽ ആവർത്തിക്കപ്പെടാറുണ്ട്) ഉപ്പ് മാറാറുണ്ട്.
‘ഉപ്പ്’ എന്ന കഥ ഈ പരമ്പരാഗത അർത്ഥങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്നില്ല, മറിച്ച് അവയെ കൂടുതൽ വ്യക്തിഗതവും ശാരീരികവുമായ ഒരു തലത്തിലേക്ക് കൊണ്ടുപോയി അട്ടിമറിക്കുകയാണ് ചെയ്യുന്നത്.
കൂട്ടായ്മയിൽ നിന്ന് ഒറ്റപ്പെടലിലേക്ക്: പരമ്പരാഗതമായി ‘ഉപ്പ് പങ്കിടൽ’ എന്നത് സാമൂഹികബന്ധത്തിന്റെ പ്രതീകമാണ്; എന്നാൽ ഈ കഥയിൽ ഉപ്പ് ആനന്ദിനെ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്തുന്ന ഒരു ഘടകമായി മാറുന്നു. അയാൾക്ക് ഭക്ഷണം പോലും കൂട്ടായി കഴിക്കാൻ കഴിയാത്തത് ഈ ഒറ്റപ്പെടലിന്റെ പ്രകടനമാണ്.
ദുഃഖത്തിന്റെ സാർവത്രിക പ്രതീകത്തിൽ നിന്ന് ഒരു പ്രത്യേക ട്രോമയുടെ വ്യക്തിഗത അടയാളത്തിലേക്ക്: കണ്ണീരിലെ ഉപ്പ് സാർവത്രിക ദുഃഖത്തിന്റെ ബിംബമല്ലാതായി, ഒരു കുട്ടിയുടെ നിസ്സഹായതയുടെയും ഭീതിയുടെയും അതിനിർദ്ദിഷ്ടമായ ഓർമ്മയായി ചുരുങ്ങുന്നു. പൊതുവായ വൈകാരികബിംബത്തെ കഥ വ്യക്തിഗതമായ ട്രോമയുടെ അടയാളമാക്കി മാറ്റുന്നു.
ജീവിതാനുഭവത്തിന്റെ പക്വതയിൽ നിന്ന് ജീവന് ഭീഷണിയായ ഒന്നിലേക്ക്: ‘ഉപ്പുതിന്നവൻ’ എന്ന ചൊല്ല് ജീവിതാനുഭവസമ്പന്നതയെ സൂചിപ്പിക്കുമ്പോൾ, ഈ കഥയിൽ ഉപ്പ് ഒഴിവാക്കൽ ആനന്ദിന്റെ ജീവന് തന്നെ ഭീഷണിയാകുന്ന ഒരു ശാരീരികാവസ്ഥയായി (വൃക്കത്തകരാറ്, ബി.പി. തകരാറ്) മാറുന്നു. ജീവിതത്തെ സമ്പന്നമാക്കേണ്ട ഘടകം, ജീവനെ തന്നെ ഇല്ലാതാക്കുന്ന ഒന്നായി വിപരീതമാവുന്നു എന്നത് കഥയിലെ ഏറ്റവും തീവ്രമായ വൈപരീത്യമാണ്.
ആതിഥ്യമര്യാദയിൽ നിന്ന് ശരീരാതിക്രമണത്തിലേക്ക്: ഉപ്പ് സാധാരണ ആതിഥ്യത്തിന്റെയും കരുതലിന്റെയും പ്രതീകമായി വരുമ്പോൾ, ഈ കഥയിൽ അത് ശരീരത്തിന്മേലുള്ള അതിക്രമണത്തിന്റെ ശാരീരികാടയാളമായി മാറുന്നു. ആനന്ദ് വരച്ച ചിത്രത്തിലെ കുട്ടിയുടെ ചുണ്ടിൽ ഉപ്പുതരികൾ പറ്റിപ്പിടിച്ചിരിക്കുന്നത്, കരുതലിന്റെയല്ല, മറിച്ച് നിസ്സഹായതയുടെ അടയാളമായി മാറുന്നു.
ഈ അട്ടിമറികളിലൂടെ കഥാകാരി ഒരു സാർവത്രിക സാംസ്കാരികബിംബത്തെ ഒരു വ്യക്തിയുടെ ഏറ്റവും സ്വകാര്യവും വേദനാജനകവുമായ അനുഭവവുമായി കൂട്ടിക്കെട്ടിക്കൊണ്ട്, ബിംബത്തിന്റെ പരിചിതത്വത്തെ തന്നെ അസ്വസ്ഥപ്പെടുത്തുകയാണ്. വായനക്കാരൻ ഇനിമേൽ ‘ഉപ്പ്’ എന്ന വാക്ക് കേൾക്കുമ്പോൾ കേവലം രുചിയെയോ ജീവിതാനുഭവത്തെയോ അല്ല, മറിച്ച് ഒരു കുട്ടിയുടെ നിശ്ശബ്ദമായ വേദനയെക്കൂടി ഓർക്കാൻ നിർബന്ധിതനാകുന്നു. ഇതാണ് ഈ കഥയുടെ ബിംബനിർമ്മിതിയിലെ ഏറ്റവും ശക്തമായ സാഹിത്യനേട്ടം.
ആനന്ദ് തന്റെ ട്രോമ ആരോടും, തന്നെ ഏറ്റവും അടുത്തറിയുന്ന പ്രണയിനിയോടു പോലും, തുറന്നുപറയാതിരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. അയാളുടെ സത്യം വെളിപ്പെടുന്നത് വാക്കുകളിലൂടെയല്ല, മറിച്ച് ഒരു ചിത്രത്തിലൂടെയാണ്. അതും അയാളുടെ മരണശേഷം മാത്രം. ഇത് ലൈംഗികാതിക്രമത്തെ അതിജീവിച്ചവർ പലപ്പോഴും അനുഭവിക്കുന്ന നിശ്ശബ്ദതയുടെ ഭാരത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. വാക്കുകൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്ര ആഴമുള്ള വേദന, ചിത്രകലയിലൂടെ മാത്രം പ്രകടിപ്പിക്കപ്പെടേണ്ടിവരുന്ന ഒരു അവസ്ഥ. ആനന്ദ് ഒരു ചിത്രകാരനായി മാറുന്നത് തന്നെ, വാക്കുകൾക്കതീതമായ തന്റെ അനുഭവത്തെ ആവിഷ്കരിക്കാനുള്ള ഏക മാർഗ്ഗമായി വായിക്കാവുന്നതാണ്.
അവഗണനയും പ്രണയവും: ഒരു വൈരുദ്ധ്യാത്മക ബന്ധം
‘പ്രണയം അവഗണനയിലേക്ക് വഴിമാറുമ്പോൾ അവിടെ പക ജനിക്കും’ എന്ന നായികയുടെ ദാർശനിക നിരീക്ഷണം കഥയുടെ വൈകാരികകേന്ദ്രമാണ്. പതിനാല് വർഷത്തെ അകൽച്ചയ്ക്കു ശേഷവും ഇരുവരും പരസ്പരം മറക്കാൻ കഴിയാതെ തുടരുന്നത്, പ്രണയവും അവഗണനയും ഒരേ വൈകാരികതീവ്രതയിൽ നിന്നാണ് ഉത്ഭവിക്കുന്നത് എന്ന കഥയുടെ കേന്ദ്രാശയത്തെ ബലപ്പെടുത്തുന്നു. ആനന്ദിന്റെ ഭാഗത്തുനിന്നുള്ള നിരന്തരമായ അകൽച്ചയും തിരിച്ചുവരവും, അയാളുടെ സ്വന്തം ട്രോമയുമായി പൊരുത്തപ്പെടാനുള്ള അസാധ്യതയുടെ പ്രതിഫലനമായി വായിക്കാം. അടുപ്പം അയാൾക്ക് ഭീഷണിയായി അനുഭവപ്പെടുന്നു, എന്നാൽ അകൽച്ച സഹിക്കാനും കഴിയുന്നില്ല.
ഉപസംഹാരം
ജിൻഷ ഗംഗയുടെ ‘ഉപ്പ്’ എന്ന കഥ, ഒരു പ്രണയകഥയുടെ പുറംചട്ടയ്ക്കുള്ളിൽ ട്രോമ, ശരീരബോധം, ഭക്ഷണരാഹിത്യം, ഓർമ്മയുടെ ശിഥിലഘടന എന്നിവയെ കോർത്തിണക്കുന്ന ഒരു ബഹുതല രചനയാണ്. കാവ്യഭാവനയിൽ നിന്ന് കടലിലേക്കും ഭക്ഷണത്തിലേക്കും ചുംബനത്തിലേക്കും ഒടുവിൽ ബാല്യകാല അതിക്രമത്തിന്റെ ചിത്രത്തിലേക്കും സഞ്ചരിക്കുന്ന ഉപ്പ് എന്ന ജൈവബിംബത്തിലൂടെ, ജീവന്റെയും സൗഹൃദത്തിന്റെയും പരമ്പരാഗത പ്രതീകമായ ഉപ്പിനെ ഒരു വ്യക്തിയുടെ ശരീരത്തിൽ പതിഞ്ഞുപോയ ട്രോമാ-ചിഹ്നമായി കഥ പുനർനിർമ്മിക്കുന്നു. ഉപ്പ് എന്ന ഒറ്റ ബിംബത്തിലൂടെ ജീവൻ, ആഗ്രഹം, വേദന, സംരക്ഷണം, നാശം എന്നീ വിരുദ്ധധ്രുവങ്ങളെ ഒരുമിച്ചു നിർത്താൻ കഥാകാരിക്ക് കഴിയുന്നു. അതേസമയം, പ്രണയവും അവഗണനയും പകയും ഒരേ വൈകാരികസ്രോതസ്സിൽ നിന്ന് ഉത്ഭവിക്കുന്നു എന്ന ദർശനത്തിലൂടെ മനുഷ്യബന്ധങ്ങളിലെ വൈരുദ്ധ്യങ്ങളെ കഥ ലളിതവൽക്കരിക്കാതെ അവതരിപ്പിക്കുന്നു. അന്ത്യരംഗത്ത് ആഖ്യാതാവ് മരിച്ച ആനന്ദിന്റെ ശരീരത്തിൽ ഉപ്പ് വിതറി അത് സ്വയം ഏറ്റെടുക്കുന്നത്, വാക്കുകൾക്ക് സാധിക്കാതെ പോയ ഒരു അനുരഞ്ജനം ശരീരത്തിന്റെ ഭാഷയിലൂടെ പൂർത്തിയാക്കുന്ന ഒരു അന്തിമ സ്നേഹകർമ്മമായി വായിക്കാം. ഒരു വ്യക്തിയുടെ ശരീരബോധവും ബന്ധങ്ങളും ഭൂതകാലാനുഭവങ്ങളാൽ എത്രത്തോളം ആഴത്തിൽ രൂപപ്പെടുത്തപ്പെടുന്നു എന്നതിന്റെ ഗൗരവമുള്ള സാഹിത്യാന്വേഷണമായി ‘ഉപ്പ്’ നിലകൊള്ളുന്നു.
റഫറൻസ്
- Herman, Judith. Trauma and Recovery: The Aftermath of Violence—from Domestic Abuse to Political Terror. New York: Basic Books, 1992.
- ഗംഗ, ജിൻഷ. ഒട.
- ജി, സൈലേഷ്യ. ഭയത്തിന്റെ മനശാസ്ത്രം. ഡിസി ബുക്സ്, 2022.
- സിഗ്മണ്ട് ഫ്രോയിഡ്, പ്രണയത്തിന്റെയും രതിയുടെയും മനഃശ്ശാസ്ത്രം. ചിന്ത പബ്ലിക്കേഷൻസ്,2013

ഡോ. ദീപാമോൾ മാത്യു
അസോസിയേറ്റ് പ്രൊഫസർ മലയാള വിഭാഗം നിർമലഗിരി കോളേജ് ഫോൺ: 9497447779 ഇ മെയിൽ: deepamol727@gmail.com
