
അനഘ ടി ജെ
Published: 10 november 2026 കവിത
രൂപാന്തരം
ഉറക്കത്തിലെപ്പോഴും
കത്തി കരിഞ്ഞൊരു രൂപമെന്റെ
ചാരത്തു കിടക്കും.
ഒന്നനങ്ങാനോ ഒച്ച വയ്ക്കാനോ
കഴിയാതെ
ഞാൻ വിയർപ്പിൽ കുളിക്കും.
നഖങ്ങളില്ലാത്ത വിരലുകളെന്റെ
മുടിയിൽ തലോടി
ഇരുട്ടിൽ മറയും,
ഭയത്തിന്റെ നെറുകയിൽ
തൊട്ട് ഞാൻ ഭൂമിയിൽ പതിക്കും.
ഒരു സ്വപ്നമെന്നോണം –
അതെന്നിൽ നിന്ന് മറവിയിൽ കുതിക്കും,
എന്നുമിതാവർത്തിക്കും.
ഒട്ടും പരിചയമില്ലാത്ത
മുഖമാണെന്ന് ഓരോ തവണയും
മന്ത്രിക്കും.
ഒരു തലോടലിനപ്പുറം
ബന്ധമൊന്നും കൽപ്പിക്കാത്ത
കരിഞ്ഞ ശരീരം.
ആരാലും തലോടാതെ പോയ
എന്റെ ആത്മാവിനെ
തൊടുന്നൊരു രൂപം.
തിരിഞ്ഞു കിടന്നും
ഓടിയൊളിച്ചും പറ്റിച്ചും
ഞാൻ എന്നെത്തന്നെ കബളിപ്പിക്കും.
എന്നാലിതീന്ന് ഒരു വിടുതലില്ലെന്ന്
നിരന്തരം അതെന്നെ ഓർമിപ്പിക്കും.
കരിഞ്ഞ രൂപത്തിനൊപ്പം
രാത്രികൾ കടന്നു പോയി
ഭയം എന്നെ ഭയന്നു.
എന്റെ അരികുപറ്റി
ശാന്തമായുറങ്ങുന്ന ആ –
ശരീരത്തെ നോക്കി ഞാൻ
ഉച്ചത്തിൽ ചിരിക്കും.
ചിരിക്കൊടുവിൽ
ശരീരമാകെ ചൂടുകേറി
ഞാനുമൊരു കരിഞ്ഞ
ശരീരമാകും!

