
ഇസ്മത്ത് ഹുസൈൻ
Published: 10 november 2026 കഥ
ഫണ്ട് ഫണ്ട് ഫോലോ
ലക്ഷദ്വീപിലെ വാമൊഴിക്കഥകൾ – 10
കടൽ കൊള്ളക്കാരൻ തട്ടിക്കൊണ്ട് പോയ ദ്വീപു സുന്ദരിയുടെ കഥ
ലക്ഷദ്വീപ് സമൂഹം ഏറെ അടിച്ചമർത്തലുകളും പീഡനങ്ങളും നേരിടുകയും നിവൃത്തിയില്ലാതെ വന്ന സാഹചര്യങ്ങളിൽ ചെറുത്ത് നിൽപ്പുകളും പ്രതിഷേധങ്ങളും നടത്തിയതായും വാമൊഴി ചരിത്രങ്ങളിൽ നിന്നും മനസിലാക്കാനാവും. അത്തരമൊരു തട്ടിക്കൊണ്ടു പോവലിൻ്റെ കഥയാണ് കൽപ്പേനിയിലെ സാണം കദിയയുടെ കഥ.
ലക്ഷദ്വീപ് സമൂഹത്തിൽ ആദ്യ കുടിയേറ്റ ദ്വീപുകളിൽപ്പെട്ട ദ്വീപാണ് കൽപ്പേനി. ഇവിടെ ആർക്കയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിൽ ബി.സി. 1500 വർഷങ്ങൾക്ക് മുമ്പ് ഇവിടെ ജനവാസമുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.
കൽപ്പേനിദ്വീപിൽ തറവാട്ടിലെ പാത്തുമ്മക്ക് ഒരു ഒരോടം കെട്ടുവാൻ ആശ ഉദിച്ചു. ഓടം ഉള്ള തറവാടിന് മേൻമ വലുതാണ്. പാത്തുമ്മായാണ് ആ തറവാട്ടിലെ കാരണവത്തി. തീരുമാന പ്രകാരം മേലാകടൽ തീരത്ത് ഓടം കെട്ടുന്നതിനുള്ള പാണ്ടിയാല കെട്ടി കിടുവ് മൈത്. കരയിൽ നിന്ന് കൊണ്ട് വന്ന ഐയിനി മരത്തിൻ്റെ പാണ്ടി വെച്ച് പാണ്ടിക്ക് നൂലിടൽ ദിവസം നിശ്ചയിച്ചു. അന്നു രാത്രി പാത്തുമ്മയുടെ പുതിയാപ്ല നല്ല സന്തോഷത്തിലായിരുന്നു. പാത്തുമ്മയിൽ ഇത്ര സന്തോഷം ഈയടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. നാളെ രാവിലെയാണ് ഓടത്തിന് പാണ്ടിക്ക് നൂലിടൽ കർമ്മം. അതിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായിരി ക്കുന്നു. നാളെ സുബിഹി നിസ്ക്കാരം കഴിഞ്ഞാൽ കൽപ്പേനിദ്വീപിലെ വലിയ ഖാളിയുടെ ദുആയോട് കൂടി നാട്ടുമാൽമി ആ കർമ്മം നിർവ്വഹിക്കും.
“ ഇയ്യോടത്ത കൂട ബളരുവാം നാക്കുര് പെൺ കുന്നിയ ബേണും “
കുളിച്ച് അത്തർ പൂശി, പുതു വസ്ത്രങ്ങൾ അണിഞ്ഞ് ഒരു മണവാട്ടിയെ പോലെയാണ് അന്ന് പാത്തുമ്മ കയറിവന്നത്. മരുമകനെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു. അയാളും ആവേശം കൊണ്ട് പുളഞ്ഞു. അങ്ങിനെ കുഞ്ഞിപ്പാത്തുമ്മാൻ്റെ ഓടത്തിന് പാണ്ടിക്ക് നൂലിടൽ കർമ്മം ഒരാഘോഷം പോലെ നടന്നു. ഓരോ മാസവും മണ്ടവി (ആശാരി) ഓടത്തിൻ്റെ ഓരോ വരി പലകൾ പിടിച്ച് കയർകൊണ്ട് വരിഞ്ഞ്കെട്ടാൻ തുടങ്ങി.
ഒന്നാമത്തെ വരി പലക പിടിച്ചപ്പോൾ കുഞ്ഞി പാത്തുമ്മാക്ക് ഗർഭം ഒരു മാസമായിരുന്നു. രണ്ടാം പലക പിടിച്ചപ്പോൾ രണ്ടാം മാസവും. ഒരു മാസവും 10 ദിവസവും കഴിഞ്ഞ് ഓടം കടലിലിറക്കുമ്പോഴേക്കും പാത്തുമ്മ പ്രസവിക്കുകയായിരുന്നു. നല്ല സുന്ദരിയായ ഒരു പെൺ കുഞ്ഞായിരുന്നു അത്.
“ എന്നാ കുന്നിക്ക് സാണംക്കദിയാ എന്ന് പേര് “
കുഞ്ഞിപ്പാത്തുമ്മ ആ വേദനക്കിടയിലും വിളിച്ച് പറഞ്ഞു. പാത്തുമ്മയുടെ പ്രസവം നടക്കുന്ന സമയത്ത് ഓടം പത്തിരുകളും പലഹാരങ്ങളും തൂക്കി അലങ്കരിച്ച് ഓടം കടലിലേക്ക് ആഘോഷപൂർവ്വമാണിറങ്ങിയത്. ഓടത്തിനും പേര് സാണംക്കദിയാ എന്നായിരുന്നു.
സാണംക്കദിയയുടെ സൗന്ദര്യം ലക്ഷദ്വീപിലാകെ കേളികേട്ടു. എട്ടു നാട്ടിലേയും സൗന്ദര്യ ആരാധകർ സാണം കദിയായെ കാണാൻ കൽപ്പേനിയിലേക്ക് തോണി തുഴഞ്ഞു. അക്കാലത്ത് ലക്ഷദ്വീപ് കടലിനെ ഭീതിയുടെ മുൾ മുനയിൽ നിർത്തിയ കടൽകൊള്ളക്കാരൻ കോട്ടക്കൽ കുട്ടിയമ്മതിൻ്റെ ചെവിയിലും സാണം കദിയാനെക്കുറിച്ച് വിവരമെത്തി. കുട്ടിയമ്മാക്ക് സാണംക്കദിയാനെ കാണാൻ മോഹമുദിച്ചു. കടൽ കൊള്ളക്കാരൻ്റെ വലിയ കപ്പൽ കൽപ്പേനി ദ്വീപിൻ്റെ പുറങ്കടലിൽ നങ്കൂരമിട്ടു.
കുട്ടിയമ്മതും സംഘവും ദ്വീപിലിറങ്ങി സാണം കദിയാക്ക് വേണ്ടി തിരഞ്ഞ് നടന്നു. നാടരിച്ച് പെറുക്കീട്ടും സാണം കദിയാനെ കാണാൻ കഴിഞ്ഞില്ല. അപ്പോഴാണ് സാണം കദിയാൻ്റെ അനുജത്തികുട്ടി ഓത്തമ്പലത്തേക്ക് പോവുന്നത് കണ്ടത്.
“മോളെ നിന്നിലും മൊഞ്ചുള്ള ആരാ ഈ ദ്വീപിലുള്ളത്?” കുട്ടിയമ്മത് അവളോട് ചോദിച്ചു.
“ ഇന്നാട്ട് ഏറ്റവും മൊഞ്ചുള്ളത് അന്നാ മൂത്തോൾ സാണംക്കദിയാ”
“സാണംക്കദിയാ ഇതാരാപ്പോലെ “
“ ഉദിച്ച് നിൽക്കിണ്ട ഖമർ കദിയാ; അസ്തമിക്കിണ്ട ഫുളുത് കദിയാ “
“കദിയാ മേല് പൊന്നണിഞ്ഞിട്ടുണ്ടോ?”
“ അന്നാ കദിയാക്ക് എന്നും താം പൊൻ. കദിയാ മൊഞ്ചിൽ രാജകുമാരിയാണ്ടേo. “
“ ഇക്കദിയാനെ ഒന്ന് കാണാനെന്താ വഴി?”
“മുക്കുവ കോലത്ത് ഫുവ്വാൽ കദിയാനെ കാണിലാം”
കുട്ടിയമ്മദ് എന്ന് പേരുള്ള കടൽ കൊള്ളക്കാരൻ രാജകീയ വസ്ത്രങ്ങൾ അഴിച്ച് മാറ്റി മുക്കുവ വേഷം ധരിച്ചു. ഒരു ബീച്ച് വലയും തോളിലിട്ട് കടൽ തീരത്ത് കൂടി സാണംകദിയാൻ്റെ വീടിൻ്റെ ഭാഗത്തേക്ക് നടന്നു. മെല്ലെ വീടിൻ്റെ അടുത്തേക്ക് ചെന്ന മുക്കുവനെ കണ്ട് സാണം കദിയാൻ്റെ ഉമ്മ ചോദിച്ചു.
“എന്ന് താം മുക്കുവ കയ്യാ?”
“ബീടി കത്തിക്കാൻ കുറച്ച് തീ വേണമായിരുന്നു “
പാത്തുമ്മാ അടുപ്പിൽ നിന്നും കനൽ ചിരട്ടയിലാക്കി മുക്കുവന് കൊടുത്തു. മുക്കുവൻ നീയുമായി മേലാവാ (പടിഞ്ഞാറെ കടൽ തീരം) യിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോൾ അകത്ത് സാണംക്കദിയ നെയ്യപ്പം ചുടുകയാണെന്ന വിവരവുമായി തിരികെ വന്നു.
“മുക്കുവ്വ കയ്യാ ആദ്യം നീം എന്നും ബന്നത്?”
“ നെയ്യപ്പവും കട്ടിയും (തെങ്ങിൻ ചർക്കര ) തിന്നാൻ ഒരാശ “
പാത്തുമ്മ ഒരു പാത്രത്തിൽ ചർക്കരയും മൂന്ന് നെയ്യപ്പവും അവന് കൊണ്ടുവന്ന് കൊടുത്തു. അവൻ നെയ്യപ്പവും കട്ടിയുമായി കടൽ തീരത്തേക്ക് നടക്കുന്നതിനിടയിൽ ഒരു ചെറിയ പഴുതിലൂടെ സാണംകദിയാൻ്റെ അഭൗമമായ സൗന്ദര്യം കണ്ടു. അവൻ സ്വയം മറന്ന് നിന്നു. തനിക്ക് ഭാര്യയായി സാണംക്കദിയായെ മതി എന്ന് കടൽ കൊള്ളക്കാരൻ കുട്ടിയമ്മാക്കാ തീരുമാനിച്ചു.
കുട്ടിയമ്മാക്കാ കാര്യങ്ങൾ അന്വേഷിച്ച് സാണംകദിയാനെ തട്ടികൊണ്ട് പോവുന്നതി നുള്ള പദ്ധതി തയ്യാറാക്കി.
വീണ്ടും അയാൾ മുക്കുവ വേഷത്തിൽ തിരികെ വന്നു.
“സാണം കദിയാൻ്റെ പശു ബോളാ രത്ത് പ്രസവിച്ചിട്ടുണ്ട്. നല്ല വെള്ള കുഞ്ഞ്.”
കേട്ടപാടെ സാണംകദിയാ ഓടിപ്പുറപ്പെട്ടു. അവളുടെ ഉമ്മ കുഞ്ഞിപ്പാത്തുമ്മാ വിലക്കീട്ടും അവൾ ചെവികൊടുത്തില്ല. “മോളേ കടപ്പുറം നിറയെ മലയാം മക്കളാണ്ടേം. ഫോകായി നിന്ന അവ ആരെങ്കിലും പിടിച്ചോണ്ട് പോകും”
സാണംകദിയാ ഉമ്മ പറയുന്നതൊന്നും ശ്രദ്ധിക്കാതെ കടൽ തീരത്തേക്കോടി. തൻ്റെ ആറ്റലായ ഫൈവ് (പശു) കട്ഞ്ഞൂൽ പ്രസവം കഴിഞ്ഞ് ക്ഷീണിച്ച് നിൽക്കുന്നുണ്ടാവും. കുട്ടി ഉമ്മാനെ പോലെ തന്നെ കഴുത്ത് കറുത്തതാ ഫോലോ?
മേലാവായിൽ മൺമേല് എവിടേയും തൻ്റെ പശുവിനേയും കുട്ടിയേയും കാണാതെ വിഷമിച്ച് നിന്ന സാണംക്കദിയാനെ പുറകെ വന്ന കുട്ടിയമ്മാക്കാ കൈയും കാലും കൂട്ടി പൊക്കിയെടുത്ത് തോണി മേലേക്ക് കയറ്റി. കാത്ത് നിന്ന തോണിക്കാര് വേഗം കപ്പൽ കൂട്ടത്തിലേക്ക് തുഴഞ്ഞു. സാണം കദിയാൻ്റെ പുറകെ വന്ന് കടപ്പുറത്തെത്തിയ ഉമ്മ കുഞ്ഞിപ്പാത്തുമ്മ തൻ്റെ സാണംക്കദിയാനെ കുട്ടിയമ്മദ് കള്ളൻ കട്ടോണ്ട് പോയ വിവരമറിഞ്ഞ് വേഗം തോണിയിറക്കി കപ്പൽ കൂട്ടത്തിലേക്ക് തുഴഞ്ഞു.
വലിയ കപ്പലിൻ്റെ അടുത്ത് പോയപ്പോൾ ചെറിയ കപ്പലിലാണെന്ന് പറഞ്ഞ് അങ്ങോട്ട് പറഞ്ഞയച്ചു. അവിടെ ചെന്നപ്പോൾ വലിയ കപ്പലിലാണെന്ന് പറഞ്ഞു. അപ്പോഴാണ് വലിയ കപ്പലിൻ്റെ അകത്ത് നിന്നും സാണംക്കദിയാൻ്റെ ഒച്ച പൊങ്ങിയത്.
“കുട്ടിയമ്മദ് കള്ളാ നിങ്ങ ശീതത് മാന്യതക്ക് ചേർന്നതല്ല “
“ നാക്ക് കട്ട് തിന്നാണ് പരിചയം. എൻ്റെ പെണ്ണിനേയും ഞാൻ കട്ടോണ്ട് പോവുന്നു. “
കപ്പലുകൾ ഇളകി ഓടാൻ തുടങ്ങി. കുഞ്ഞിപ്പാത്തുമ്മക്ക് സങ്കടത്തോടെ ദ്വീപിലേക്ക് തിരികെ വരേണ്ടി വന്നു. കുട്ടിയമ്മാക്കാ കോട്ടക്കല്ലിൽ വെച്ച് സാണംക്കദിയാനെ നിക്കാഹ് ചെയ്ത് ഭാര്യയാക്കി ജീവിച്ചു. അവർക്ക് ഒരാൺകുഞ്ഞ് പിറന്നു. വൻക്കരയിൽ പടർന്ന് പിടിച്ച വസൂരി കുട്ടിയമ്മാക്കാനെ കൊണ്ട് പോയി. സാണംക്കദിയായും മകനും കൽപ്പേനി ദ്വീപിലേക്ക് തിരിച്ച് വന്നു. അപ്പോഴും കണ്ണിലെണ്ണ ഒഴിച്ച് തൻ്റെ മകളേയും കാത്തിരിക്കുകയായിരുന്നു സാ ണംകദിയാൻ്റെ ഉമ്മ കുഞ്ഞിപ്പാത്തുമ്മ.

