കരിങ്ങന്നൂർ ശ്രീകുമാർ

Published: 7 August 2024 കഥ

പെൺപാമ്പ്

3.ചിക്കൻപോക്സിലെ വേഴ്ച

ചിക്കൻപോക്സ് മാരകരോഗമേയല്ല.

 ആളുകളുടെ സമീപനം മാറണം.  പണ്ടത്തെപ്പോലെയൊന്നുമല്ലകേട്ടോ. വ്യക്തമായ ചികിത്സയും മരുന്നുമുണ്ട്. അവളുടെ പുറത്തെല്ലാം കുമിളകൾ വിടർന്നു. ചൂടുകുരു എന്നാണ് ആദ്യം ധരിച്ചു പോയത്. പാടുകൾ പോലും കാണാത്ത വിധം പറ്റിപ്പോകാനുള്ള ഇഞ്ചക്ഷൻ കൊടുത്തു സൈന ഡോക്ടർ. പഴയകാലത്തെ  സമീപനമല്ല വേണ്ടത്. സ്ഥിരം കുളിക്കണം. പണ്ടുള്ളവർ അത് സമ്മതിക്കില്ല. ഇപ്പോഴും എത്ര പറഞ്ഞാലും ആളുകൾക്ക് ധൈര്യം പോര. ചൂടുവെള്ളത്തിൽ തുണിമുക്കി രണ്ട് മൂന്ന് നേരം പുറം തുടയ്ക്കും.  അത്രമാത്രം. അകത്തും പുറത്തും എരിഞ്ഞു കയറുന്ന വേവും ചൂടും ആണ് അസഹ്യം. അതുകൊണ്ട് രണ്ടുമൂന്നു വട്ടമെങ്കിലും തണുത്തവെള്ളത്തിൽ ദിവസേന കുളിക്കണം. രോഗിയുടെ തുണികൾ തിളച്ചവെള്ളത്തിലിട്ടു വച്ചശേഷം കഴുകണം. രോഗിയുടെ മുറിയിൽ സഹവാസം പാടില്ല. പകർച്ചവ്യാധിയാണ്. നന്നായിട്ട് തണുത്ത ആഹാരം കഴിക്കണം. പ്രത്യേകിച്ചും പഴങ്ങൾ….

 വേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിലാണ് അവൾ കുളിച്ചത്. പരമാവധി പഴങ്ങൾ മാത്രമേ കഴിച്ചുള്ളൂ. എട്ടിന്റന്ന്  പച്ചവെള്ളത്തിൽ കുളിച്ചുകയറി. അടയാളം വലുതായി വന്നില്ല എന്ന് മാത്രം. ശരീരം മുഴുവൻ ചെറിയ പാടുകൾ പറ്റി നിറഞ്ഞു കിടന്നു. ഒരാഴ്ച കഴിഞ്ഞിട്ടാണ് സൂക്ഷിക്കേണ്ടത്. പിന്നെയാണ് പകരാൻ തുടങ്ങുക. ധൈര്യമുള്ളവർക്ക് രോഗിയെ കാണാം. കുഴപ്പമില്ല.

നന്നായി ഒരുമാസം വിശ്രമിക്കണം.  സൈന മികച്ച ഡോക്ടറാണ്. ഇത്രയും വിശദമായി അവൾ ഫോണിലൂടെ ഗോകുലിനോട് പറഞ്ഞു. നടുവേദനയാണ്‌ ഏറ്റവും സഹിക്കാൻ വയ്യാത്തത് എന്നും പറഞ്ഞിട്ട് അവൾ  പൂർണമായും മൊബൈൽ ഓഫാക്കിവച്ചു. ഞാൻ വിളിച്ചോളാം. എന്നെ തീരെ കൊള്ളത്തില്ല എന്നു മെസ്സേജും ഇട്ടിരുന്നു.

 ഗോകുൽ ആ  എട്ട് ദിവസങ്ങൾക്കിടയിൽ മൂന്നു ദിവസമെങ്കിലും അവളെ കാണാൻ പണിപ്പെട്ടു. അവൾ  തയ്യാറായില്ല. ലാന്റ്ഫോണിലും കിട്ടിയില്ല. അവളുടെ അമ്മയുടെ ഫോണിൽ പലവട്ടം വിളിക്കാൻ നോക്കി.എങ്കിലും എന്തോ ധൈര്യക്കുറവ്.

 കുളിച്ച എട്ടിന്റന്നാണ് അവൾ വിളിച്ചത്.  എത്ര  വിലക്കിയിട്ടും കേൾക്കാതെ അന്നു തന്നെ ഗോകുൽ അവളുടെ മുറിയിൽ എത്തിപ്പെട്ടു. മുകൾ നിലയിലെ ഇടത് മുറിയാണ്. നേരെ നടന്നുവന്ന് ഗേറ്റ് തുറന്ന് കടന്നപ്പോഴോ, വാതിൽ തുറന്നു കിടക്കുന്നു. വീട്ടിൽ ആരെയും കാണുന്നില്ല.കോളിങ് ബെൽ അടിച്ചുനോക്കി. ബെല്ലിനും അനക്കമില്ല. നേരെ ടിവി ചിലയ്ക്കുന്ന ഹാളിലൂടെ മുകളിലേക്കു സ്വഭാവികമായി നടന്നു. തിരിഞ്ഞു നോക്കിയതേയില്ല. ആദ്യമായാണ് ആ വീട്ടിൽ…  ഉച്ച കഴിഞ്ഞ നേരം. ഭയം തീരെ ഇല്ലായിരുന്നു. മറ്റാരോ എന്നു ധരിച്ചാണ് അവളും കതകു തുറന്നത്.

ഈ വീട്ടിൽ ആരുമില്ലേ ഞാനാരെയും കണ്ടില്ല. അവന്റെ പാദസ്പന്ദനം കേട്ടപ്പോൾ പൊടുന്നനെ അതാ കാരാഗൃഹവാതിലുകളെല്ലാം തനിയെ തുറന്നടഞ്ഞു എന്നു കേട്ടിട്ടില്ലേ… അതേമാതിരി. പക്ഷേ ഇപ്പോൾ പമ്മി പതുങ്ങി വന്ന ജാരനെപ്പോലെയൊരു തോന്നൽ… ശ്ശേ… ആകെ ഒരു ചുളിപ്പ് ഞാനാരെയും കണ്ടില്ല. തിരികെ പോയി നിന്റെ അമ്മയെ ഒന്നു കണ്ടാലോ…

ഇനി വേണ്ട.

അവൾ കതകടച്ചു. അവളുടെ ശുഷ്കിച്ച ശരീരത്തെ നോക്കി  അവനിരുന്നു. അമ്മയും അവളും മാത്രമേ ഉള്ളൂ. അച്ഛൻ മലേഷ്യയിലാണ്.

അവൾ കരഞ്ഞു. നിറഞ്ഞുവീങ്ങിയ കണ്ണുകളോടെ മാറിമാറി നിന്നു. ശരീരത്തിലെ ചോരക്കുത്തുകൾ കാണിച്ചു. വീണ്ടും അസ്സഹനീയമായി വിങ്ങിക്കൊണ്ട് അവൾ ടോയ്‌ലെറ്റിലേക്കു കയറി വാതിലടച്ചു.

ആകെ അധൈര്യപ്പെട്ട് കള്ളനെപ്പോലെ അവനിരുന്നു. കുറേനേരം കഴിഞ്ഞാണ് അവൾ തുറന്നിറങ്ങി വന്നത്…

നിറയെ ചോരക്കുത്തുകൾ വീണ ശരീരത്തെ ബലമായി പിടിച്ചു ചേർത്തു നിറുത്തി…. ചുംബിച്ചു. കുനുകുനെ ശരീരമാസകലം ചുവന്ന പാടുകൾ.. ഭയമുണ്ടായിരുന്നെങ്കിലും അവൾ മെല്ലെ  ഉണർന്നു വന്നു. ചോരപ്പൊട്ടുകളിൽ പ്രണയം തിണർത്തു. അവൾ വിശാലമായ കിടക്കയിലേക്ക് തളർന്നുകിടന്നു.

 അസാധാരണമായ നിലയിൽ അവളുടെ ശരീരം ചൂടെടുത്തു. ആഴത്തിൽ അഗ്നിയുടെ ചൂട് അവനറിഞ്ഞു. ചൂടിന്റെ  കടുപ്പത്തിലും അവൾ  ഉള്ളിലേക്ക്  തുടിച്ചുവലിക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു….

 അവൾ പറഞ്ഞു, നന്നായി കുളിക്കണം. കേട്ടോ.. എനിക്ക് പേടിയുണ്ട്. പകരും. ഒരിക്കലും ഇത് നല്ലൊരു അസുഖമല്ല. ഒറ്റപ്പെട്ടു പോകും. കൂടെക്കൂടെ ചത്തു കളയണം എന്നൊക്കെ തോന്നും, ഇത്രയ്ക്ക് എന്നെ സ്നേഹിച്ചു തോൽപിക്കരുത്… അവൾ കരഞ്ഞു.

 ഇങ്ങനെയൊരു രോഗം വന്നത് ഇപ്പോൾ അനുഗ്രഹമായെന്ന് തോന്നുന്നു ഗോകുൽ… എന്റെ മുറി എനിക്ക് സ്വന്തമായി കിട്ടി.  എന്നെ മാറ്റി സൂക്ഷിച്ചല്ലോ… അമ്മയ്ക്ക് ഭയങ്കര പേടിയാണ്. കതകടച്ച് എത്രനേരം വേണമെങ്കിലും കിടക്കാം.. ഓർമ്മകൾ  കുടഞ്ഞു മിനുക്കിയെടുക്കാം…. സന്ധ്യ കഴിഞ്ഞ നേരം ഗോകുൽ  പതുങ്ങിയിറങ്ങിപ്പോയി. ഇതിനുവേണ്ടി നടക്കുന്ന ജാരനാണോ ഞാനെന്നു കൂടെക്കൂടെ അവനു കയ്ച്ചു വന്നു.

അന്ന് പിന്നീട് ആരാണ് ഇവൾക്ക് ഇത്രയ്ക്ക് ഈന്തപ്പഴവും മാതളവും ഓറഞ്ചും കൊണ്ടു കൊടുത്തതെന്നും, ആരാണ് കാണാൻ വന്നതെന്നും അമ്മ അദ്ഭുതപ്പെട്ടു.

 ആരാക്കെയോ വന്നു. ഓർമ്മയില്ല എന്ന് ക്ഷീണിത പറഞ്ഞു.

 എന്നിട്ട് അവൾ മന:പൂർവം കണ്ണടച്ചു കിടന്നു.

ഈ വീട്ടിലോ… അമ്മ വല്ലാതെ പകച്ചു നിന്നു.

 ഗോകുൽ, പ്രിയനേ… എന്നവൾ കണ്ണു നിറച്ചു,. നിലാവിന്റെയും രതിയുടെയും രക്തം ശിരസ്സിൽ നിറഞ്ഞു.

 വേനലിന്റെ അത്യുഷ്ണം.

 രുദ്രേ, നിന്റെ പടർന്ന മുലകളിലെ വസൂരിപ്പൊട്ടുകൾ ചുവന്നു തിളങ്ങുന്നു…

 പനിച്ചുവെന്ത കടുത്ത വസൂരിയിലും ഗോകുൽ  നിന്നെ ആർത്തിയോടെ പൊത്തിപ്പിടിച്ചു പ്രണയിക്കും.

അവൾ വല്ലാതെ കരഞ്ഞുപോയി.

 രോഗബീജങ്ങൾ കുത്തിയരിക്കുന്ന ശുഷ്കിച്ച നിന്നിലേക്ക്  ഇനിയുമിനിയും അവനിറങ്ങും.

ആയിരവില്ലി കുന്നുകളിൽ ഇനിയുമിനിയും അതേ നിലാവ് ഉദിച്ചു വിടരും… വിസ്മയങ്ങൾ അങ്ങനെ വിടന്നു പടർക്കും.

‘എത്രയെത്ര തോരാത്ത വിസ്മയങ്ങൾ’ ശരിക്കും അതല്ലേ ജീവിതവും.

4.കുഞ്ഞാത്തിയുടെ ഒച്ച

ആയിരവില്ലി കുന്നിൽ നിലാവ് ഉദിച്ചു.

 വെളുത്തവാവ് ആണ്.

 മുക്കമ്പാലച്ചുവട്ടിൽ നിന്നും മൂരി നിവർന്നുണർന്ന്  സുവർണ്ണനാഗങ്ങൾ പൊൻചിതമ്പൽപ്പോള വിരുത്തി ആകാശത്തേക്ക് മിന്നിച്ചു കയറി.

 കുഞ്ഞാത്തി നിറഞ്ഞു പെയ്യുകയാണ്.

ഹയ്യ…വേലൻ മൂത്താച്ചി കണ്ണുമിഴിച്ചു വച്ചു. പിന്നീട് ഉറക്കെ കരഞ്ഞു.

 വയറ്റുകണ്ണി പെണ്ണിന്റെ അടക്കം പറച്ചിൽ…

 മൂത്താച്ചി കുഞ്ഞാത്തിയെ നോക്കി നോക്കി കരഞ്ഞു. ആകാശത്തേക്ക് കൈ നീട്ടി വിറച്ചുനിന്നു … അതേ നിൽപ്പിൽ വിങ്ങിക്കരഞ്ഞു. ഓർത്തോർത്ത് പിന്നെയും തേങ്ങി….

അപ്പോഴൊക്കെ പൊട്ടൻ ആകാശം കനിവോടെ വെറുതേ തിളങ്ങിക്കിടന്നുണ്ടായിരുന്നു ….

 മൊട്ടച്ചിപ്പെണ്ണിനെ ആറ്റിൽ ഇറക്കിയിരുത്തി മുതുകത്തെ  പുണ്ണിൻ പൊറ്റകളെല്ലാം ഉരച്ചു കഴുകിക്കളഞ്ഞ ഓർമ്മ…

 ഒരിക്കൽ മൂത്താച്ചി നടന്നുവന്ന വഴിയിൽ തൂറി വെച്ചിട്ട് കൂസലില്ലാതെ ഒറ്റയ്ക്ക് കാവിനുള്ളിൽ ചുറ്റി നടക്കുകയായിരുന്നു ആ കൂരിച്ചി പ്പെണ്ണ്….

 പച്ചത്തീട്ടത്തിൽ ചവിട്ടിയ മൂത്താച്ചി കാവു കേറിച്ചെന്ന്  പെണ്ണിനെ അടുത്തുപിടിച്ചു. പുണ്ണ് പിടിച്ച തലയും കാലും കയ്യും തടവി നോക്കി. അവൾ അടങ്ങി നിന്നുകൊടുത്തു. ഉടൽ നല്ല വെടുപ്പായിരുന്നു. പെണ്ണ് കുറച്ചൊക്കെ നാണിച്ചു പുളഞ്ഞു.

വല്ലാത്ത നാറ്റമുള്ള ഉടൽ പൊക്കിയെടുത്ത് മൂത്താച്ചി ആറ്റിലിറങ്ങി. തോളത്തിട്ട് നീന്തിത്തുടിച്ചു. കുതിർന്നിളകിയ മുറിവിന്റെ പൊറ്റകൾ മീനുകൾക്ക് കൊത്തിയെടുക്കാനായി നിലവെള്ളം ചവിട്ടി നിന്നു. അവൾ മുതുകിൽ പറ്റിയിറുകി കിടന്നു.  പരൽമീനുകൾ കൂട്ടംകൂടി കൊത്തിപ്പറിച്ച്  പുണ്ണിന്റെ കടി മാറ്റി. അവൾ സുഖിച്ചു…  തലയും കയ്യും കാലും നീറിത്തുടങ്ങി. ആരുമില്ലാത്തവളാണ്. തന്ത കാളകുത്തി ചത്തു. അവളെ കൊച്ചമ്മയുടെ കൂടെ നിർത്തിയിട്ട് തള്ളച്ചി എവിടെയോ പണിക്കു പോയതാണ്.  പട്ടിച്ചി ആരോടോ പൊറുക്കാൻ പോയതോ, ചത്തു പോയതോ….

  പുണ്ണെല്ലാം പൊഴിഞ്ഞിളകിപ്പോയവളെ മൂത്താച്ചി പുരയിൽ കുടി വെപ്പിച്ചു. മിടുക്കത്തി നന്നായി പൊറുതിയും തുടങ്ങി…

  ചക്കപ്പഴം വച്ച് എത്രയെങ്കിലും ചെവിയനെ അവൾ പിടിച്ചിട്ടുണ്ട്. കൂഴച്ചക്കപ്പഴം തിന്നു മദിച്ചു കുടൽപൊട്ടി അവശരായ കാട്ടു മുയലുകളെ പിടിച്ച് ചുട്ടുതിന്നു. വെള്ളെലിയെയും പെരുച്ചാഴിയെയും ചുട്ട് തിന്നു.  കുഞ്ഞാത്തി നിറചിരിയോടെ കുട്ടയും വട്ടിയും  പായും  അടുപ്പുകൊട്ടയും മെടഞ്ഞു. വീടുവീടാന്തരം ചുമന്നു  നടന്ന്  വിറ്റു. മൂത്താച്ചി വലിയ കവണയ്ക്ക് അടിച്ചിട്ട കൊക്കുകളെയും പ്രാവുകളെയും കറിവെച്ചു. ഒറ്റാലിൽ നിറയെ പുഴമീൻ പിടിച്ചു. ചുട്ടു തിന്നേ  കുഞ്ഞാത്തിക്ക്‌  രുചിപിടിക്കത്തൊള്ളൂ. പിന്നെ സുഖിച്ചു വാ നിറയെ മുറുക്കണം.

  മൂത്താച്ചിക്കൊപ്പം അവൾ ഒത്ത ആണിന്റെ ഊക്കോടെയാണ് ആറു നീന്തി ഈറ്റക്കാട്  കയറിയിട്ടുള്ളത്. ഈറ്റ വെട്ടി വലിച്ചു  കൂട്ടിയിട്ടുള്ളത്.

 ക്ഷീണിക്കുമ്പോൾ പാളപ്പൊതി അഴിച്ചുവച്ച് അവൾ മൂത്താച്ചിയെ ഊട്ടി. കട്ടിപ്പൊകയിലത്തട കൂട്ടി  നിറച്ചു മുറുക്കി തരിച്ചു. ചിലപ്പോഴൊക്കെ ഒച്ചവച്ച് ഇണചേരും. തളർന്നു കിടന്ന് കാറ്റിന്റെ ഈറ്റയിളക്കത്തിൽ മയങ്ങും. അപ്പോഴൊക്കെ കൊടുംവിഷ ജാതിപ്പാമ്പുകൾ കൈയ്യകലത്തിൽ ശാന്തമായി ഇഴഞ്ഞു മറയുന്നുണ്ടാവും.

  മൂത്താച്ചിക്കൊപ്പം നിന്ന് അവളും ഈറ്റക്കെട്ട് തുഴഞ്ഞു പുഴ കടത്തുമ്പോഴേക്കും മിക്കപ്പോഴും സന്ധ്യ കഴിഞ്ഞിട്ടുണ്ടാവും….  വയറ്റുകണ്ണിയാവുന്നത് വരെ അവൾ മൂത്താച്ചിക്കൊപ്പം എല്ലാ കട്ടിപ്പണികളും ചെയ്തുനടന്നു.

പിന്നെ മൂത്താച്ചി കുഞ്ഞാത്തിയെ സ്നേഹിച്ച്  വീട്ടിലിരുത്താൻ തുടങ്ങി. എന്നാലും കള്ളത്തി അടങ്ങിയിരിക്കത്തില്ല. മുറുക്കിത്തുപ്പി നടക്കും. തോട്ടിലോ മറ്റോ പോയി കാട്ടുകൈതത്തഴ വെട്ടിക്കെട്ടി കൊണ്ടുവരും. തഴ പരുവത്തിന് വാട്ടി തല്ലിപതമിട്ട് തഴപ്പായ മെടഞ്ഞു വയ്ക്കും.

രാത്രികളിൽ മൂത്താച്ചിവേലന്റെ പുരയുടെ ഇറയത്തു വയറ്റുകണ്ണി പെണ്ണ് ആയിരവില്ലിക്കുന്നിന്റെ ഉച്ചി നോക്കിക്കിടക്കാൻ തുടങ്ങി. എന്നും ഒഴുക്കിൽ നീന്തിക്കുളിച്ചു. പച്ചക്കിഴങ്ങുകൾ പറിച്ചു കൊതിച്ചു തിന്നു. മുളങ്കൂമ്പ് കുറുക്കിത്തിന്നു.  ചേറ്റുമീനെയും ആറ്റുവാളെയും വെച്ചു തിന്നു.

 തിന്നു മടുത്തു തുപ്പി വച്ചു. പൊകലത്തരിപ്പിൽ സുഖിച്ചിരുന്നു. മുറുക്കാത്ത മൂത്താച്ചിയെ പച്ചപ്പല്ലനെന്നു  വിളിച്ചു കളിയാക്കും. ചുവന്നു ചിരിക്കും.

 ഒറ്റയിരുപ്പിൽ കുട്ടയും മുറവും നെയ്തു.  കുടികൾ കയറിയിറങ്ങി. കിട്ടുന്നതൊക്കെ വാങ്ങിച്ചു തിന്നു. അവൾക്ക് വല്ലാത്ത കരിവീട്ടിച്ചന്തം വെച്ചു.

വയർ വളർന്നതോടെ എന്നും മിടുക്കത്തി ഉറങ്ങാൻ തുടങ്ങും വരെ വേലൻ ഉച്ചത്തിൽ നീട്ടി പാട്ടുപാടി രസിപ്പിക്കാൻ തുടങ്ങി.

പിന്നെപ്പിന്നെ ഉള്ളിൽ ഒരാൾ എല്ലാം കേട്ടുണർന്നു ഇളകിച്ചവിട്ടാൻ തുടങ്ങി.

  അമൻ ഒണന്ന് കിക്കിളിയിടുന്നെന്ന് മയക്കത്തിൽ കുഞ്ഞാത്തി പറയും. കറുത്ത വയറ്റിലെ ഇളക്കങ്ങളും കൊഴുത്ത രോമങ്ങളിൽ നിലാവ് തിളങ്ങുന്നതും നോക്കി  വയർ തടവിക്കൊണ്ട്   മൂത്താച്ചി ഉറങ്ങാതിരിക്കും.

  കുഞ്ഞാത്തി  വെറുതേ ഓരോരോ ശാഠ്യം പിടിക്കാൻ തുടങ്ങി.

  ഈ സമയത്ത് അവളെ ഈറ്റക്കാട്ടിലേക്ക് കൂടെ കൊണ്ടുപോകണമെന്ന്  വല്ലാതെ വാശി പിടിച്ചു തുടങ്ങി. പെറാറായ പെണ്ണിനെ കൊണ്ടുപോകാനൊക്കത്തില്ലാന്ന് മൂത്താച്ചി ഭയങ്കര ദേഷ്യം പിടിച്ചു. കുഞ്ഞാത്തി  കരച്ചിൽ തുടങ്ങി.

ആറ്റിൽ ചീങ്കണ്ണി ഇറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു. പന്നിക്കൂട്ടം തെറ്റുംമറ്റും പാഞ്ഞുപോകാറുണ്ടെന്നു പറഞ്ഞു നോക്കി.

അവൾ അടങ്ങിയില്ല. ഗർഭമോഹം പറഞ്ഞു. കുഞ്ഞാത്തി  കരഞ്ഞു സ്നേഹിച്ചു സമ്മതിപ്പിച്ചു.

എങ്കിലും  മൂത്താച്ചിക്കു വല്ലാത്ത പേടിയായി.

  മൂത്താച്ചി പെറാറായ പെണ്ണിനെ പൂണ്ടടക്കം പിടിച്ച് പതുക്കെ പതുക്കെയാണ്  നീന്തി പുഴ കടത്തിയത്.

  വയറ്റുകണ്ണിയുമായി മൂത്താച്ചി ഈറ്റക്കാടുകയറി. അവളെ പാറയിൽ ഇരുത്തി തിന്നാൻ കൊടുത്തിട്ട്  മൂത്താച്ചി ഈറ്റ വെട്ടിയൊതുക്കാൻ  തുടങ്ങി.

കുഞ്ഞാത്തിക്ക്‌ പെട്ടെന്നൊരു ക്ഷീണം വന്നു . ശരീരം മൊത്തം മയക്കം കയറി.  പാറയിൽ വശം ചരിഞ്ഞു കിടന്ന്  അവളുറങ്ങി. 

മൂത്താച്ചി വട്ടംകറങ്ങി നടന്നു നോക്കി. ഈറ്റക്കാട്ടിനിടയിലെ  കാട്ടുമാവ് ഉണങ്ങി മൊളിഞ്ഞിട്ടുണ്ട്. കാട്ടടയ്ക്കാക്കൂട്ടങ്ങളിൽ ആരോ കയറി വെട്ടിയിട്ടുണ്ട്…

  പെട്ടെന്നാണ് മുത്താച്ചിക്കു നേരെ ഈറ്റക്കാട്ടിന്റെ ഇരുട്ടിൽ നിന്നും ഒന്തിവളഞ്ഞ വലിയ തേറ്റകളുമായി മായി കൊഴുത്തുമൂത്ത പന്നിക്കൂറ്റൻ എടുത്തുചാടിയത്. മൂത്താച്ചി തെറിച്ചുവീണു. ഭയന്ന് കുതിച്ചോടിയ ഭ്രാന്തൻ പന്നി പെണ്ണിന് മീതെ എടുത്തു ചാടി. ഇടുപ്പിന് ആഞ്ഞുകുത്തി. കോരി എറിഞ്ഞു. അവൾ നെടുമ്പാടടിച്ചു താഴേക്കു വീണുരുണ്ടു. അലറിക്കൊണ്ട് വെട്ടുകത്തി വീശിയെറിഞ്ഞ്  മൂത്താച്ചി കാട്ടുപന്നിക്കു മീതെ  ചാടിവീണു. എളിയിൽ തൂക്കിയിരുന്ന കത്താളെടുത്തു തലയും വയറും നോക്കി ആഞ്ഞുവെട്ടി. പന്നി കുടഞ്ഞെഴുന്നേറ്റ് രണ്ടു കാലിൽ  പൊങ്ങി. മൂത്താച്ചി ചാടി ചവുട്ടിയിട്ടു വെട്ടി.

  തല പൊളിഞ്ഞു …  പന്നി ചോര ചീറ്റിച്ച് വട്ടംചുറ്റി  കീറി വിളിച്ചു. പിടച്ചടിച്ചു.

  മൂത്താച്ചി ഓടിച്ചെന്ന് പെണ്ണിനെ എടുത്തു പാറയിൽ കിടത്തി.  കുഞ്ഞാത്തിയുടെ കണ്ണുകൾ മലക്കം മറിയാനും കൂടെകൂടെ വെട്ടിപ്പിടയ്ക്കാനും  തുടങ്ങി.

പന്നി കിടന്ന് പിടച്ചുപിടച്ചു അനക്കമില്ലാതായി.

  അവശയായി  മൂളിമൂളി കിടന്ന പെണ്ണിന്റെ ഉടൽ തോളിലിട്ട്, പന്നിയുടെ ഉടൽ അരയിൽ  കെട്ടിവലിച്ചും കൊണ്ട് മൂത്താച്ചി കാടിറങ്ങി.

കുന്നിറങ്ങി..

കുഞ്ഞാത്തി തോളിൽകിടന്നു വെട്ടിപ്പിടച്ചു തുടങ്ങി.

കുഞ്ഞാത്തി ചത്തു വാതുറന്നു.

  മൂത്താച്ചി പന്നിയെ വിട്ടു കളഞ്ഞു.

  പെണ്ണിനെ തോളത്തിട്ടു. പൊത്തിപ്പിടിച്ചു.

ഒരുപാടു നേരം അങ്ങനെയങ്ങ് നിന്നു.

വെട്ടുകത്തിയും കത്താളും ആറ്റിലേക്കു വീശിയെറിഞ്ഞു.

 പതുക്കെ ആറ്റിലേക്കിറങ്ങി.

ഇറങ്ങിയിറങ്ങി മുങ്ങി.

  മൂത്താച്ചി നിലവെള്ളം ചവിട്ടി പൊന്തി നീന്തി.

 കരിംകയത്തിലെ ചുറ്റൊഴുക്കിലേക്കു വട്ടമിട്ടു നീന്തി.

ഊളിയിട്ട് മുങ്ങിത്താണു. ‘എന്റെ പൂവേ’ന്നു കരഞ്ഞും കൊണ്ടു കുഞ്ഞാത്തിയെ മെല്ലെ ഇറക്കിവിട്ടു. എന്നിട്ട്

ശ്വാസം മുറുക്കി മെല്ലെ പൊന്തി വന്നു.

 ആറ്റിന്റെ പരപ്പിലൂടെ കുറേദൂരം നീന്തി. ഒന്നുകൂടെ മുങ്ങിക്കേറി. കൈകൾ ആഞ്ഞു വീശി ഓടി വേഗത്തിൽ കുന്നു കയറി. കാട്ടിലേക്കു ഓടിയിറങ്ങി….

ആഴങ്ങളിൽ കുഞ്ഞാത്തി ഉറക്കെയുറക്കെ ഒച്ചയിടാൻ തുടങ്ങി.

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
×