പോളി വർഗ്ഗീസ്
Published: 10 september 2024 കവിത
പൊള്ളിയിട്ടേയില്ലാത്തവർ
ഹേ മാർഗരറ്റ്
ഓർമയില്ലേ
കൊടും വെയിൽ
യാത്രകളെ
പുതച്ചു മൂടിയിട്ടും
ദിനങ്ങൾ വടിച്ചെടുത്ത ചുണ്ടുകളെ…
ഇരുമ്പു മതിലുകളെ പുണർന്ന
പൂക്കളുടെ കൊയ്ത്തുകാലം.
കാൽപാദങ്ങൾകൊണ്ട് വരച്ച മൺസൂൺ..
ഹേ സാറാ
പനീർ ദളങ്ങൾ നിറഞ്ഞ തടാകങ്ങളേ,
ഈണങ്ങൾ നിറച്ചെടുത്ത മരാളങ്ങളേ,
പരിഭവങ്ങൾക്കു പിറകിൽ നീ മുളപ്പിച്ച ആലിംഗനങ്ങളേ…
ഭൂഖണ്ഡങ്ങൾ ചേർക്കാൻ
കെട്ടഴിച്ച ബലൂണുകളേ,
ഒരേ ഉടലായ് വാനിലേക്കുയർത്തിയ ഈണങ്ങൾ നമ്മൾ…
ലില്ലിയാണ,
അനുഭവിക്കുന്നു ,
ഭയചകിതയായി തോക്കിൻ മുനയിൽ,
കുടിയേറിയ നിമിഷം.
വെടിയുണ്ടകളാൽ
സെക്കൻഡുകൾ തിരിച്ചു നടക്കുന്നു,
പിന്നെ
കറുപ്പാണ് സത്യമെന്ന് നീ തുറക്കുന്നു.
ഫാസിയാ,
നിന്നെ ഇറച്ചിപ്പോലെ പൊതിഞ്ഞ,
പ്രവാചകരെ കീറിയെറിയണമെന്ന് –
നഗ്നതയാൽ ഇഴഞ്ഞു പറഞ്ഞത് …
മക്കളെ വലിച്ചിഴച്ച മഹല്ലുകൾ-
പ്രണയഭാജനത്തിന്റെ കഴുത്തറുത്ത നാൾ .
ഹാ മാർത്ത
കൊടുംങ്കാറ്റിൽ ആടുകളെ തേടിയലഞ്ഞവളേ,
ഉടൽ നിറയെ ചോരയും
പൊളിഞ്ഞു തൂങ്ങിയ ചുണ്ടുമായി
മരവിച്ചവളേ,
വഴിയിൽ ഒറ്റപെട്ട ആടും ഇടയനും ഞാൻ
ഹേ ഡോണ
ഹേ ഡോറ
ഇരുണ്ട ഇടനാഴിയിലെ,
വിറങ്ങലിച്ച തടവറക്കുള്ളിലെ വിശപ്പ്.
റിയാഭ,
നീ
കൊല്ലപ്പെട്ട കയറിൽ നിന്നും-
കാലവർഷം മുളക്കുന്നു.
ഹേ മിത്ര,
അസാധാരണമായ മഴയെ വെയിലാക്കിയ,
ഞാൻ മൗനമാകുന്നതെന്ത്,
നിശീഥത്തിൽ പടിയിറങ്ങിയവർക്ക്,
പെണ്മക്കളെ പൊള്ളാത്തതെന്ത്,
ഉടൽ മുറിഞ്ഞൊലിച്ചു,
എന്നെ തേടിയെത്തിയവൾക്കു,
ഞാൻ വെട്ടേറ്റ മരമാകാത്തതെന്തു…
ഞെരിഞ്ഞു തീരുന്ന
നിലോഭ ഗന്ധങ്ങളുടെ
വസ്ത്രമണിയുന്ന പൂക്കളാണ് നീയുള്ളവർ
ഞങ്ങളോ-
നിങ്ങളെത്ര തിളതിളച്ചിട്ടും
പൊള്ളിയിട്ടേയില്ലാത്തവർ…
പോളി വർഗ്ഗീസ്
സംഗീതജ്ഞന്, കവി, ഗാനരചനയിതാവ്
ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്