അറവൻ

Published: 10 september 2024 കഥ

സ്പഷ്ടഃ – തുഷ്ടഃ – പുഷ്ടഃ

സ്നേഹത്താൽ കാടായിത്തീർന്നുകൊണ്ടിരിക്കുന്ന രണ്ടു മരങ്ങൾ അവർ. ഉരുളുകൾ അവരുടെ ആവാസസ്ഥലിയെ ആവും വിധം പച്ചപ്പിക്കുകയും മഞ്ഞിച്ചതാക്കുകയും എടുത്തെറിയുകയും….. നീർച്ചാലുകൾ ചുറ്റിയും പിണഞ്ഞും പരന്നും… അവയിൽ ചിലത് നനവിൻ്റെ കടലാഴങ്ങളെയും വാനവഴിയിലെ നക്ഷത്രസ്പർശത്തെയും കുറിച്ച് കഥകളും കവിതകളും ജീവിതവും പറയുക മാത്രമല്ല അവരെല്ലാരും നൂൽനൂറ്റ് ഒറ്റ കൊക്കൂണായി തീരുകയും അതിൽ നിന്ന് വിവിധ ശലഭങ്ങളായി പുതുപുതുത്ത അന്വേഷണങ്ങളിലേക്ക് പാറുകയും …
ഭംഗിവാക്കുകളോതാത്ത നീർച്ചാലുകളുടെ കഥകൾ കേട്ട്കേട്ട് ആ കാട്ടിൽ ഒരു കുഞ്ഞിൻ്റെ കരച്ചിൽ ഒച്ചവച്ചൊച്ചവച്ചുയരവേയാണ് ആ സ്ഥലിയിൽ ‘സ്പഷ്ടഃ തുഷ്ട പുഷ്ട ഭർ ഭൃർർ ‘ എന്നൊക്കെയുള്ള നീട്ടിക്കുറുക്കലുകൾ ഉയർന്നു തുടങ്ങിയത് , അതിങ്ങനെയായിരുന്നു ;

“വ്യവസായോ വ്യവസ്ഥാനഃ
സംസ്ഥാനഃ സ്ഥാനദോ ധ്രുവഃ
പരർദ്ധി: പരമസ്പഷ്ട-
സ്തുഷ്ടഃ പുഷ്ടഃ ശുഭേക്ഷണഃ” ##

അമ്മായ്യപ്പൻ ഡംഭ ഡുംഭ താളത്തിൽ ഭിർ ഭിർ അവസ്ഥയിൽ പഷ്ട -തുഷ്ട – പുഷ്ട എന്നൊക്കെ ഉരുവിട്ടുകൊണ്ടേയിരുന്നു . വിഷ്ണുസഹസ്രനാമമാണ് . കോലായിൽ വായുകോണിൽ അമ്മായിയമ്മ കഴുത്തിനെ മുലയിടുക്കിൽ താങ്ങിനിർത്തി യു ട്യൂബിൽ വൈഷ്ണവീയം താംബൂല ജ്യോതിഷാലയം വക ക്ലിപ്പും ‘ഹായ് -ഹലോ – ഗയ്‌സിന്റെ വിവിധങ്ങളായ ലിങ്കുകളും ക്ലിക്കി ക്ലിക്കി തത്തുകയായിരുന്നു. കോലായിലെ ഈശാനകോണിൽ നവവധു കണവന് ചപ്പാത്തിയും ചുണ്ടലും വായിൽ തിരുകുകയാണ് . ചൂതബാണൻ1 തലേനാൾ ഈമ്പി തുപ്പിയ ചൂതബീജത്തിൽ2 കണ്ണുംനട്ട് ചവച്ചുകൊണ്ട് പറഞ്ഞു :

‘വലതു കൈമുട്ട് വലിഞ്ഞു , നമുക്കൊന്ന് കുഴമ്പിട്ടാലോ ‘

കോലായ്ക്ക് മുന്നിൽ താഴെ തോട്ടിനക്കരെ ഞാറില്ലാപ്പാടത്ത് കുത്തിയിരുന്ന് ചതുപ്പിൽ കൈയിറക്കി വയൽചെളിയെടുത്ത് അലങ്കാരച്ചെടികൾക്ക് വളമാക്കുന്ന വിനോദം ചൂതബാണന്റെ മാസമുറയായിരുന്നു.
സ്വ പാടം കവട്ട3ക്കാടായതിൽ തോന്നാത്ത നൈരാശ്യം അലങ്കാരച്ചെടികളുടെ സ്ഥാനചലനത്തിൽ അനുഭവിച്ചിരുന്ന നിഷ്കാമനായിരുന്നു ഓൻ . ഒന്നരയേക്കർ കവട്ടക്കാടിൽ ഒരേക്കർ തുരന്ന് താമരക്കുളം എന്നത് ചൂതബാണന്റെ നവസ്വപ്നസ്ഖലനങ്ങളിൽ ആവർത്തിക്കപ്പെടുന്ന ഒന്നാണ്.

കഴുത്ത് യു ട്യൂബിലെങ്കിലും ഒരു ചെവി ഈശാനകോണിൽ വച്ചിട്ടുള്ളതുകൊണ്ടു ഓന്റെ അമ്മ എടുത്തടിച്ചു ;

‘വല്ലോരും ഓന്റെ കാലികളും ചവിട്ടിത്തുപ്പിത്തൂറിമെതിക്കുന്ന വയല് വിൽക്കാൻ എന്നേ പറയുന്നതാ … അല്ലേൽ പാട്ടത്തിനു കൊടുക്കണം . താമരക്കുളം സ്വപ്നം കണ്ടിരുന്നാൽ പോരാ ചെയ്യണം . വലിയവലിയ അമ്പലങ്ങളിൽ പൂക്കളുടെ കരാറൊപ്പിച്ചാൽ പുണ്യവും പണവും ഒരുമിച്ചു കിട്ടും . ‘

‘അത് മാത്രോ അമ്മയ്ക്കറിയോ , സേവ് ദ ഡേറ്റ് നു കുട്ടവഞ്ചിയും ഇട്ടു ഷൂട്ടിന് കൊടുക്കാം, വാടകയ്ക്ക് ‘

സ്നേഹത്താൽ കാടായി മാറിക്കൊണ്ടിരുന്ന ഇണകളിൽ ഒന്ന് …. അച്ചടക്കമുള്ള നഗരവനവും താമരക്കുളവും ആകുന്നതിന്റെ ഒടിതിരിവ്.

അമ്മയും മോനും പുണ്യപണഷൂട്ടാദിചർവ്വിതങ്ങൾ ഛർദ്ദിക്കേ നവവധു അമ്മായിയമ്മയെ ഒരുമാത്ര പാളിനോക്കി . ആ നോട്ടം ചൂതബാണന്റെ കത്തറകൊത്തറ4 പല്ലുകളിൽ
ചുളിപ്പോടെ വന്നുനിന്നു. ചപ്പാത്തി ചുണ്ടലിൽ ചിന്താഭാരത്തോടെ അമർന്നു. അമർച്ചയിൽ ഇടത്തുവച്ചു വലത്തോട്ടു നീങ്ങി കണ്ണാറിലേക്കു5 പ്രവേശിച്ച ചിന്തയ്‌ക്കൊപ്പം ചുറുമി6-യുടെ ഉരുളൻകണ്ണുകൾ കണ്ണാളി7 -യുടെ കണ്ണിണയിലേക്കു മിഴിച്ചു. ചുറുമി ചുറുതി താഴ്ത്തി പറഞ്ഞു ;

‘ആരേലോ ചവിട്ടിത്തുപ്പി മെതിച്ചു വാരിയതാ ദാ ഇത് , അമ്മേടെ പോന്നോൻ കേറ്റിക്കോ ‘

ചപ്പാത്തിയും ചുണ്ടലും ഉരുതര8-ഉരുളകളായി വായ്ക്കുള്ളിൽ ഗുരുതരമായപ്പോൾ ചൂതബാണൻ കൺമട്ടം പിടിച്ചുകൊണ്ടിരുന്ന ചൂതബീജം, ചുറുമിയുടെ ഇമപ്പളവിനുള്ളിൽ9 തുള്ളനെ കൂസാതെ ഊക്കൻ ചുനച്ചി10-യായി ഉരുവമെടുത്തു .

ചുറുമിയും അയൽപ്പിള്ളേരും ചുനച്ചിയിൽ വിടർന്നു .

“പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരിക
എന്നു പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു.
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ
മുതിരും കോലാഹലമങ്കലധ്വാനത്തോടും
വാസന്തമഹോത്സവമാണവർക്ക്‌…”11

ചുനച്ചിയുടെ മണമേറ്റ് പൊള്ളിയ ചുറുമിയുടെ കവിളുകൾ . ചുണ്ടും മൂക്കും കൈകളും മാങ്ങാചുനയേറ്റ കുട്ടികൾ. എന്നാലും വേണ്ടില്ല ആ അണ്ടിയേറുകൾ കൊണ്ട് അലങ്കാരച്ചെടികളിൽ ഒന്നായ പോതപ്പുല്ലുകളുടെ തലകൾ വർണ്ണാഭമായി ചിതറി, കോലായിലെ വായുകോണിലും ഈശാനകോണിലും.

പ്രിയപ്പെട്ട വായനക്കാരേ

ബുദ്ധന് സമ്മാനമായി കിട്ടി,ഒരു മാന്തോപ്പ്. ബൗദ്ധർ മാങ്ങാണ്ടികളുമായി കടോടികളായി. ചരകസംഹിതയിൽ,അജന്തയിൽ എല്ലോറയിൽ മാവിന്റെ വരകളും എഴുത്തുകളും പതിഞ്ഞു . അക്ബർ മാവിന്റെ മുന്തിയ ഇനങ്ങൾ കണ്ടെത്താൻ സമയത്തെ പിടിച്ചു . ആര്യന്മാർ മണ്ണിൽ പണിയെടുത്തിരുന്നില്ലല്ലോ…അവർ പ്രചരിപ്പിച്ചത് ‘ സംവിന്മാത്രസ്വരൂപത്വം നിമിത്തം വ്യവസായ: എന്നും ,
കഥയിലെ അമ്മായപ്പൻ ഉരുവിട്ടുകൊണ്ടിരിക്കുന്ന മന്ത്രം കേൾക്കുന്നില്ലേ ….സർവ്വത്തിന്റെയും വ്യവസ്ഥിതി അദ്ദേഹത്തിലായതുകൊണ്ടും ലോകപാലാദ്യധികാരങ്ങളേയും ബ്രാഹ്മണാദിവർണ്ണങ്ങളെയും ആശ്രമങ്ങളെയും മറ്റും വിഭജിച്ചു വ്യവസ്ഥ ചെയ്യുന്നത് കൊണ്ടും വ്യവസ്ഥാന: എന്നുമൊക്കെയാണല്ലോ.
ഒറ്റക്കാര്യം മാത്രം ; സംവിൻമാത്ര സ്വരൂപികളും സർവ്വവ്യവസ്ഥിതിയുടെ ഉടയോരും വിഭജനവ്യവസ്ഥാം ദേഹികളായും സര്‍വ്വഥാ പൂര്‍ണ്ണനും സര്‍വാതിശായിയായ പ്രഭാവത്തിന്‍റെ ഉടമയുമായി മാറുന്നതിനുള്ള നെട്ടോട്ടത്തിനിടയിൽ, കൊമ്പത്തേറി ചുനച്ചിയെ ചപ്പിച്ചൂപ്പി പക്കത്തുള്ള കെയ്രിനെ12 കൂക്കിവിളിച്ചു ആനത്തൊട്ടാവാടിക്കാട്ടിലേക്ക് അണ്ടിക്ക് കൂട്ടുപോകാൻ കാറുന്നതിനിടെ നീറിൻകൂടിളകുന്നതിൻ്റെ പുളിയും നീറ്റലും മണവും മാങ്ങാച്ചുനയുടെ പൊള്ളലും ഏൽക്കാനുള്ള അപൂർണ്ണാനന്ദം ഉണ്ടാവട്ടെ.

## നാമം 384 വ്യവസായ := പരിശ്രമം / അധ്വാനം / നിശ്ചയദാർഢ്യം 1 ഉള്ളവൻ

385 വ്യവസ്ഥാനഃ = വ്യവസ്ഥ / ആധാരം ആയവൻ

386 സംസ്ഥാനഃ = സമുചിത സ്ഥാനമാർന്നവൻ

387 സ്ഥാനദഃ = ഓരോന്നിനും ഓരോ ആൾക്കും അതതു സ്ഥാനം നൽകുന്നവൻ

388 ധ്രുവഃ = ശാശ്വതൻ/മാറ്റമില്ലാത്തവൻ

389 പരർധി: = പരമായ /എന്തിലും മെച്ചപ്പെട്ട ഋദ്ധി/ഉൽകർഷം ഉള്ളവൻ

390 പരമസ്പഷ്ട : = ഏറ്റവും വ്യക്തമായവൻ

391 തുഷ്ടഃ = തുഷ്ടി / ആനന്ദം ഉള്ളവൻ

392 ശുഭേക്ഷണ = മംഗളകരമായ ഈക്ഷണം / കണ്ണ് / കാഴ്ച ഉള്ളവൻ

392 പുഷ്ടഃ = പുഷ്ടി /സമ്പത്ത്/പൂർണത ഉള്ളവൻ


1 കാമദേവൻ / മാമ്പൂവ് ബാണമായിട്ടുള്ളവൻ
2 മാങ്ങയണ്ടി
3 നെല്ലിനിടയിലെ കള
4 നിരപ്പില്ലാത്ത
5 പാടശേഖരം
6 പെൺകുട്ടി
7 കാമാതുരൻ
8 ഏറ്റവും വലിയ
9 ഒറ്റ ഇമവെട്ടൽ സമയം
10 ഒരിനം മാങ്ങ
11 മാമ്പഴം കവിത/ വൈലോപ്പിള്ളി
12 ആത്മസുഹൃത്ത് (മുതുവാൻ ഭാഷ)

അറവൻ

മാധ്യമപ്രവര്‍ത്തകന്‍

ചിത്രീകണം

സ്റ്റാര്‍ലി. ജി എസ്

4 4 votes
Rating
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
പ്രമോദ് കുമാർ
പ്രമോദ് കുമാർ
3 months ago

കൊള്ളാം 😃👍

bijuthurayilkunnu
bijuthurayilkunnu
3 months ago

വ്യത്യസ്തമായ പ്രമേയം, ശൈലി. പുതുമയുള്ള ഈ എഴുത്തു രീതി ഉണ്ണി മാഷിൻ്റെ പരീക്ഷണങ്ങളിൽ പെടുത്താം.

2
0
Would love your thoughts, please comment.x
()
x
×