റാസി
Published: 10 october 2024 കവിത
ഞാമ്പറഞ്ഞ മുറി
കെടക്കേണ്ട കട്ടിലിൽ അവിത്തയള്
ഇരിക്കേണ്ട കസേരയിൽ അവിത്തയള്
ചാക്കിലവിത്തിയള്
കീസിലവിത്തിയള്
തറയിലവിത്തിയള്
കട്ടിലിനടിയിലവിത്തിയള്
കസേരക്കടിയില് അവിത്തിയള്..
അവിത്തിയള് =പുത്തകങ്ങൾ.
അടിമുടി ബാധിച്ച
ഒരു ഫ്രണയ ചവിട്ടിനും
കൊറേ കുഞ്ഞുപാവകളുടെയും
കീ കീ കിനാക്കൾക്കും ശേഷം
ഈ വീട്ടിലെ ഈ മുറിയിൽ
ഞാൻ ബല്ലപ്പോഴുമേ കയറൂ.
അനുജന്റെ വീടും മുറിയും.
അനുജന്റെ ഇരട്ടപ്പേര്
പലസ്തീൻബാദുഷ.
ബാദുഷ നമ്മടെ കവി ശൈലന്റെയും നമ്മടെ കഥാകൃത്ത് ശ്രീകണ്ഠൻ
കരിക്കത്തിന്റേയും ചങ്കായിയാണ്.
ഞാനീ മുറിയിൽ കയറിയാലും അവിത്തിയളിലേതെങ്കിലുമൊന്നിനെ വേർപ്പെടുത്തും
വാതിലടയ്ക്കും.
ഈ മുറിയിൽ എന്റെ ഉയിരത്തിയുടെ
തളിരിട്ട കിനാക്കളുണ്ട്.
ഉയിരത്തി എത്രയോ തവണ എനിക്ക്
പാടി തന്ന തളിരിട്ട കിനാക്കൾ!
ഈ മുറിയിൽ ഒരു രാജ്യത്തിലെ
മുഴുവൻ കുഞ്ഞുപാവകളുമുണ്ട്.
അവരുടെ കിനാ കീ കീകളുണ്ട്.
എന്റെ ഉയിരത്തിയുടെ ഒരേയൊരു പാട്ടുകാരി എസ്. ജാനകി.
എസ്. ജാനകിയുടെ ശബ്ദവും എന്റെ ഉയിരത്തിയുടെ ശബ്ദവും ഇപ്പോൾ കേൾക്കാനേ കഴിയുന്നില്ല!
കുഞ്ഞുപാവകളുടെ കീ കീ കേക്കാം.
എന്റെ വിധിയുടെ പുത്തകത്തിലെ
നീണ്ട ഫ്രണയ ചവിട്ടുകളുടെയും
കുഞ്ച് കീ കീ പാവകളുടെയും
കബ്ത മറ്റന്നാ പണയാം.
ഇന്ന് പുലർച്ചെ എനിക്കീ മുറിയിൽ നിർബന്ധമായും ഒരു മണിക്കൂർ
കയറണമായിരുന്നു.
കട്ടിലിൽ കൂട്ട സംഭോഗത്തിലേർപ്പെട്ടു കിടക്കുന്ന അവിത്തിയളിൽ രണ്ടെണ്ണത്തിനെ വേർപ്പെടുത്തണമായിരുന്നു.
അവിത്തിയളിൽ രണ്ടെണ്ണം മേതിലിന്റെ നെഞ്ചിൽ കാലുകൾ വെച്ച് കിടക്കുന്നു.
ഇസ്രായേലനുകൂല ധിഷണയുള്ള
മേതിൽ സുരതത്തിന് ശത്രു മിത്ര
ജെൻഡർ ഭേദമില്ലെന്ന് ബിചാരിച്ചാവാം
മുരീദ് ബർഗൂത്തിയുടെയും ഇസബെല്ല ഹമ്മദിന്റെയും കാലുകളെ നെഞ്ചിൽ സ്വീകരിച്ചത്.
മുരീദ് ബർഗൂത്തിയേയും ഇസബെല്ല ഹമ്മദിനേയും ഇസ്രായേലി
മേതിൽനെഞ്ചിൽ നിന്നും വേർപ്പെടുത്തി
മുറിയുടെ വായടച്ച് ഞാൻ തെരുവിലേക്ക് നടന്നു..
മുറിയുടെ മുറിവ് എന്നൊരു
ചെർയ കബ്ത എന്റെ
പാദറിക്ഷയെ തടഞ്ഞു.
മുറിയുടെ മുറിവിനെ ഞാൻ
പാദറിക്ഷയിൽ കയറ്റി.
പാദറിക്ഷയിലിരുന്ന്
മുറിയുടെ മുറിവ് പലസ്തീന് ബേണ്ടിയും
കീ കീ കുഞ്ഞുങ്ങൾക്ക് ബേണ്ടിയും
എന്റെ ഫ്രണയത്തിന് ബേണ്ടിയും ചൊമന്ന കഫക്കാറൽ കാറി.
റാസി
ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്
മാജിക്കൽ സ്ട്രീറ്റിസം (റാസിയുടെ പുസ്തകം) തന്നെയാണ് അയാളുടെ കവിതയും ഭാഷയും. അത് വായനക്കാരൻ്റെ സമസ്ത ബോധങ്ങളേയും ഡയനാമിറ്റ് വച്ച് തകർക്കുന്നു.
അഭിനന്ദനം dear