ഡോ.ഡി.വി. അനിൽകുമാർ
Published: 10 october 2024 ചലച്ചിത്രപഠനം
ഉത്തരാധുനികതയും ഉപഭോഗസമൂഹവും
(Post modernism and consumer society)
ഫ്രെഡറിക് ജയിംസൺ
വിവ. ഡോ ഡി വി അനിൽകുമാർ
ചിന്തയെ ചരിത്രവൽക്കരിക്കുന്നതിലൂടെ നിരന്തരം നവീകരിക്കാൻ ആഹ്വാനം ചെയ്തിരുന്ന, ഉത്തരാധുനികതയുടെ വിമർശനാത്മക ചരിത്രമെഴുതിയ ജെയിംസൺ ഇനി നമ്മോടൊപ്പം ഇല്ല. ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് 90 ആം വയസ്സിൽ അദ്ദേഹം ദിവംഗതനായി. ഉപഭോഗാടിമത്തത്തിലായ സമൂഹത്തിന്റെ കലയെ അപഗ്രഥിക്കാൻ പുതിയൊരു മാതൃക വിഭാവനം ചെയ്യുകയായിരുന്നു അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ മനഃശാസ്ത്രം വെളിപ്പെടുത്താൻ സംസ്കാരപഠനത്തിലൂടെ അദ്ദേഹത്തിന്കഴിഞ്ഞു. വിപണിമുതലാളിത്തത്തെ(market capitalism) റിയലിസത്തോടും സാമ്രാജ്യത്വത്തെ(imperialism) മോഡേണിസത്തോടും പിൽക്കാലമുതലാളിത്തത്തെ(late capitalism) പോസ്റ്റ് മോഡേണിസത്തോടൊപ്പം ബന്ധിപ്പിച്ച് ഉത്തരാധുനികതയുടെ പൊതുസ്വഭാവങ്ങളെ അവതരിപ്പിക്കുകയാണ് ജെയിംസൺ.
ഈ ലേഖനം 1988 ലാണ് പ്രസിദ്ധീകൃതമായത്. ഇതേ പേരിൽ 1983 പ്രസിദ്ധീകരിച്ച ലേഖനത്തിന്റെയും 1984ൽ പ്രസിദ്ധീകരിച്ച “Post modernism the cultural logic of late capitalism” എന്ന ലേഖനത്തിന്റെയും പ്രസക്തഭാഗങ്ങൾ കൂട്ടിച്ചേർത്ത് നവീകരിച്ചാണ് ജെയിംസൺ ഈ ലേഖനം പ്രസിദ്ധീകരിച്ചത്. ഈ ലേഖനത്തിലെ ഉത്തരാധുനികതയുമായി ബന്ധപ്പെടുത്തി സിനിമയെക്കുറിച്ച് ചർച്ച ചെയ്യുന്ന ആദ്യ ഭാഗത്തിന്റെ സമ്പൂർണ്ണമായ വിവർത്തനമാണ് ഇവിടെ നിർവഹിച്ചിരിക്കുന്നത്
ആധുനികത, ഉന്നതാധുനികത, ഉത്തരാധുനികത എന്നിവയെ നിർവചിക്കുകയും മാർക്സിയൻ- മനഃശാസ്ത്ര ചിന്തകളെ കൂട്ടിയിണക്കി വിശകലനം നടത്തുകയും ചെയ്യുന്ന ഈ ലേഖനത്തിൽ ജെയിംസൺ തനതായതും നവീനവുമായ ചില സങ്കൽപനങ്ങളെ അവതരിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു.
ഇന്നും ഉത്തരാധുനികത എന്ന സങ്കൽപനം എല്ലാവരാലും അംഗീകരിക്കപ്പെട്ടതോ മനസ്സിലാക്കപ്പെട്ടതോ അല്ല. അതിനെതിരെയുള്ള പ്രതിരോധം അതിൽ ഉൾപ്പെടുന്ന കലാസൃഷ്ടികളുമായുള്ള അപരിചിതത്വത്തിൽ നിന്ന് ഉണ്ടായതാകാം. എല്ലാ കലാവിഭാഗങ്ങളിലുംപെട്ട സൃഷ്ടികൾ ഇതിൽ ഉൾക്കൊള്ളുന്നുണ്ട്. ജോൺ ആഷ്ബറി(John Ashbery)യുടെ കവിത ഉദാഹരണമാണ്. കൂടാതെ 1960 കളിലെ സങ്കീർണവും പരിഹാസ്യവും അക്കാദമികവുമായ ആധുനിക കവിതയ്ക്കെതിരെയുള്ള പ്രതികരണം എന്ന നിലയിൽ പുറത്തുവന്ന സംസാരഭാഷയോളം ലളിതമായ കവിത, ആധുനിക വാസ്തുവിദ്യയുടെ പ്രത്യേകിച്ച് അന്താരാഷ്ട്ര ശൈലിയിലുള്ള രമ്യഹർമ്യനിർമ്മിതികൾക്കെതിരെയും ഉണ്ടായ സൃഷ്ടികൾ, റോബർട്ട് വെഞ്ചുറി(Robert Ventury) അദ്ദേഹത്തിന്റെ മാനിഫെസ്റ്റോയിൽ പുകഴ്ത്തുന്ന പോപ്പ് കെട്ടിടങ്ങളും അലങ്കരിക്കപ്പെട്ട ഷെഡ്ഡുകളും, ലേണിങ് ഫ്രം ലാസ് വെഗാസ്,ആൻറി വാർഹോൾ, പോപ് ആർട്ട് എന്നിവയും, പുതിയ ഫോട്ടോറിയലിസം, സംഗീതത്തിൽ ജോൺ കേജ്, ഫിലിപ്പ് ഗ്ലാസ്, ടെറി റിലി എന്നിവരിലെ ക്ലാസിക്കലും ജനകീയതയും അലിഞ്ഞുചേർന്ന ശൈലി, പങ്ക്, ന്യൂ വേവ് എന്നിവ ഉപയോഗിച്ചുള്ള ക്ലാഷ്(clash) പോലുള്ള സംഘങ്ങൾ(talking heads, gang of four), സിനിമയിൽ ഗൊദാർദിന്റെ എല്ലാ സിനിമകളും, അവന്ത് ഗാർഡ് സിനിമയും വീഡിയോയും, , പുതിയ ശൈലിയിലുള്ള കലാപരവും കച്ചവടപരവുമായ സിനിമകൾ; ഇവയ്ക്ക് തുല്യമായ പുതിയ തരം നോവലുകളും ഉണ്ട്, വില്യം ബറോ(William Burroughs)തോമസ് പിൻചൺ(Thomas Pynchon)ഇസ്മയിൽ റീഡ്(Ismael Reed) എന്നിവർ ഒരു ഭാഗത്തും; പുതിയ ഫ്രഞ്ച് നോവലുകൾ മറുഭാഗത്തും, തുടങ്ങിയവയെല്ലാം ഉത്തരാധുനികതയുടെ വിവിധതരം ചരങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെടേണ്ടവയാണ്.
രണ്ട് കാര്യങ്ങൾ ഒറ്റനോട്ടത്തിൽ തന്നെ നിവേദിക്കുന്നവയാണ് മുകളിൽ പറഞ്ഞ ശ്രേണി: ഒന്നാമതായി, ഉന്നത ആധുനികതയുടെ(high modernism) വ്യവസ്ഥാപിത രൂപങ്ങൾക്കെതിരെയുള്ള പ്രതികരണം എന്നോണം ആണ് ഉത്തരാധുനികതയിലെ മുകളിൽ പറഞ്ഞവയിൽ അധികവും ഉണ്ടായത്. ചിലപ്പോൾ ഈ ഉന്നതാധുനികതയ്ക്കെതിരായോ; അത് കീഴടക്കിയ യൂണിവേഴ്സിറ്റി, മ്യൂസിയം, ആർട്ട് ഗ്യാലറി ചങ്ങലകളും; പ്രസ്ഥാനങ്ങളും എന്നിവയ്ക്കെതിരായോ ആണ് ഇവ ഉണ്ടായത്. ആദ്യകാലത്തെ കീഴടങ്ങാത്തതും പടപൊരുതുന്നതുമായ ശൈലികൾ എന്ന വിശ്വസിച്ചിരുന്ന പൗണ്ടിന്റെയും(Pound) എലിയെട്ടിന്റെയും(Eliot) വാലസ് സ്റ്റീവൻസിന്റെ(Wallace Stevens)യും ആധുനിക കവിതയും (ഇവ സങ്കീർണമായ എക്സ്പ്രഷനിസമാണ്),ലെ കോർബസിയർ(Le Corbusier), ഫ്രാങ്ക് ലോയിഡ്(Frank Lloyd ),റൈറ്റ് (Wright),മീസ്(Mies) സ്ട്രാവിൻസ്കി(Stravinsky), ജോയ്സ്(Joyce), പ്രൂസ്റ്റ്(Proust),മൻ(Mann) എന്നിവരുടെ അന്താരാഷ്ട്ര ശൈലിയും നമ്മുടെ പിതാമഹന്മാർക്ക് ഞെട്ടിപ്പിക്കുന്നതും ഉപജാപപരവും എന്ന് തോന്നിയിരുന്നു. എന്നാൽ 1960കളിലെ തലമുറ അവ വ്യവസ്ഥയുടെ ഭാഗവും മരിച്ചതും ശത്രുവും നെയ്യാമികവും ശ്വാസംമുട്ടിക്കുന്നതും തകർക്കപ്പെടേണ്ടതുമായ വ്യവസ്ഥാപിത നിർമ്മാണങ്ങൾ ആണെന്ന് വിശ്വസിക്കാൻ തുടങ്ങി. അതായത് എത്ര തന്നെ ഉന്നതാധുനികതകൾ
ഉണ്ടായിരുന്നോ അത്രതന്നെ ഉത്തരാധുനികതകളും ഉണ്ടായി; കാരണം ആദ്യകാലത്ത് പ്രാദേശികമായ പ്രതികരണം എന്നവണ്ണം പ്രത്യേക മാതൃകകൾക്കെല്ലാം എതിരെ ഉത്തരാധുനികതകൾ ഉണ്ടായി. ഉത്തരാധുനികതയെ പൂർണ്ണമായി വിവരിക്കാൻ ഇത് സഹായകമാകുന്നില്ല. എന്തെന്നാൽ ഇവയുടെ ഏകാത്മകമായ സ്പന്ദനം, അങ്ങനെ ഒന്നുണ്ടെങ്കിൽ; ഇവയിൽ അല്ല അവ പുറന്തള്ളാൻ ശ്രമിക്കുന്ന ഉന്നതാധുനികതയിൽ തന്നെയാണ് കുടികൊള്ളുന്നത്.
ഉത്തരാധുനികതയുടെ മറ്റൊരു പ്രത്യേകത പരസ്പരം വേർതിരിക്കുന്ന അതിരുകളെ അത് തുടച്ചുനീക്കുന്നു എന്നതാണ്. ഉന്നത സംസ്കാരവും ആൾക്കൂട്ട- ജനകീയ സംസ്കാരവും തമ്മിലുള്ള അതിര് ഒലിച്ചുപോയി തുടങ്ങുന്നു. അക്കാദമികമായ തലത്തിൽ നിന്ന് നോക്കുമ്പോൾ ഇത് ഏറ്റവും നിരാശാജനകമായ മാറ്റമാണെന്ന് തോന്നും. പരമ്പരാഗതമായി ഉന്നതമായ സംസ്കാരത്തെ സംരക്ഷിക്കുക എന്ന സ്ഥാപിത താല്പര്യം അതിൽ ഉണ്ട്.അതുകൊണ്ട് തന്നെ ചുറ്റുപാടും കാണുന്ന ഭൗതിക യാഥാർത്ഥ്യങ്ങളായ ടെലിവിഷൻ സീരിയലുകൾ, ‘റീഡേഴ്സ് ഡൈജസ്റ്റ് സംസ്കാരം’, വിലകുറഞ്ഞ വസ്തുക്കൾ, വിലകുറഞ്ഞ കലാരൂപങ്ങൾ(kitch) എന്നിവ വായന, ശ്രദ്ധ, കാഴ്ച തുടങ്ങിയ സങ്കീർണമായ വൈദഗ്ധ്യങ്ങളിൽ വരുത്തുന്ന വ്യതിയാനങ്ങളെയും അവർ അവയ്ക്കെതിരെയുള്ള ആക്രമണങ്ങളായി പരിഗണിക്കും. എന്നാൽ പുതിയ ഉത്തരാധുനികതയെ രസകരമാക്കുന്നത് ഹോളിവുഡിലെ ഗ്രേഡ്- ബി സിനിമയും, പരസ്യ ലോകവും, മോട്ടലുകളും, എയർപോർട്ടിലും മറ്റും വില്പന ലക്ഷ്യമാക്കി പുറത്തിറങ്ങുന്ന ഗോഥിക് – റൊമാൻസ് കൃതികളുടെ പേപ്പർ ബാക്ക് എഡിഷനുകളും ചേർന്നാണ്. ജനകീയ ജീവചരിത്രങ്ങൾ, നിഗൂഢ കൊലപാതക കഥകൾ, സയൻസ് ഫിക്ഷൻ, ഫാന്റസി നോവലുകൾ എന്നിവയും അതിൽ പെടും. അവർ ജോയ്സിനെയും മഹിറിനെയും(Mahier) പോലെ ‘പാഠങ്ങളെ’ അതുപോലെ ഉദ്ധരിക്കുന്നില്ല; അവയെ ഇണക്കിച്ചേർക്കുകയാണ് പതിവ്. അങ്ങനെ ഉന്നത കലയും കച്ചവടകലയും തമ്മിലുള്ള വിഭജനരേഖയെ അപ്രസക്തമാക്കുന്നു.
ഇതിന്റെ വ്യത്യസ്തമായ മറ്റൊരു സൂചനയാണ് പഴയകാല വിഭാഗങ്ങളെ എല്ലാം തള്ളിക്കൊണ്ട് കടന്നുവന്ന സമകാലികമായ സിദ്ധാന്തം (contemporary theory).ഒരു തലമുറ മുൻപ് സാങ്കേതികമായി പ്രൊഫഷണൽ തത്വശാസ്ത്രം എന്ന് വിളിക്കുന്ന ഒരു വിഭാഗം തന്നെ ഉണ്ടായിരുന്നു- സാർത്രിന്റെയും പ്രാതിഭാസിക വിജ്ഞാനീയരുടെയും വ്യവസ്ഥ, വിറ്റ്ഗസ്റ്റീന്റെ (Wittgenstein) അപഗ്രഥനാത്മകമായ സാമാന്യഭാഷാതത്വശാസ്ത്രം, രാഷ്ട്രതന്ത്രത്തിന്റെ ഭാഗമായ വ്യത്യസ്ത വിഭാഗങ്ങളിലുള്ള വ്യവഹാരങ്ങൾ; സോഷ്യോളജിയും സാഹിത്യവിമർശനവും. ഇന്ന് കാലം കഴിയുന്തോറും നമുക്ക് സിദ്ധാന്തം(Theory )എന്ന് വിളിക്കുന്ന ഒരു വിഭാഗം ഉണ്ടായി വന്നിരിക്കുന്നു. ഇത് ഫ്രാൻസുമായി ബന്ധപ്പെട്ടതും ‘ഫ്രഞ്ച് തിയറി’ എന്ന് അറിയപ്പെടുന്നതും ആണ്. ഇത് വ്യാപിക്കുകയും തത്വശാസ്ത്രത്തിന്റെ തന്നെ അന്ത്യം അടയാളപ്പെടുത്തുകയും ചെയ്തു. ഉദാഹരണമായി മിഷേൽ ഫൂക്കോയുടെ സംഭാവനകളെ തത്വശാസ്ത്രം, ചരിത്രം, സാമൂഹ്യസിദ്ധാന്തം, രാഷ്ട്രതന്ത്രശാസ്ത്രം എന്നീ വിഭാഗങ്ങളിലേതിലാണ് ഉൾപ്പെടുത്തേണ്ടത്? അത് നിർണീതമല്ല. എനിക്ക് നിർദ്ദേശിക്കാനുള്ളത്; ഇത്തരം സൈദ്ധാന്തികമായ വ്യവഹാരങ്ങളെ ഉത്തരാധുനികതയുടെ വെളിപ്പെടുത്തലുകളായി വേണം പരിഗണിക്കാൻ.
ഈ സങ്കൽപ്പനത്തിന്റെ ശരിയായ പ്രയോഗത്തെക്കുറിച്ചുള്ള ചില വാക്കുകളാണ് എനിക്കിനി പറയാനുള്ളത്. ഒരു പ്രത്യേക ശൈലിയെ കുറിക്കുന്നതിനോ വിവരിക്കുന്നതിനോ ഉള്ള മറ്റൊരു വാക്കല്ല അത്. അത്, എൻറെ ഉപയോഗത്തിലെങ്കിലും ഒരു കാലാനുസരിയായ സങ്കൽപനമാണ്. സംസ്കാരത്തിന്റെ രൂപപരമായ സ്വഭാവസവിശേഷതകളെയും പുതുതായി രൂപപ്പെട്ടു വരുന്ന സാമൂഹ്യജീവിതത്തെയും സാമ്പത്തിക ക്രമത്തെയും തമ്മിൽ ഇണക്കുകയാണ് അതിന്റെ ധർമ്മം. അതിനെ തെറ്റില്ലാതെ ആധുനികീകരണം, വ്യാവസായികാനന്തരം അല്ലെങ്കിൽ ബഹുരാഷ്ട്രാനന്തര മുതലാളിത്തം, ഉപഭോഗസമൂഹം, മാധ്യമങ്ങളുടെയും കെട്ടുകാഴ്ചകളുടെയും സമൂഹം എന്നെല്ലാം വിളിക്കാം. അമേരിക്കയിൽ ഈ കുതിച്ചുചാട്ടം സംഭവിക്കുന്നത് യുദ്ധാനന്തരം, 1940കളുടെ അന്ത്യത്തിലും 1950കളുടെ ആദ്യവുമാണ്. ഫ്രാൻസിൽ ആകട്ടെ 1958 ൽ അഞ്ചാം റിപ്പബ്ലിക്കിന്റെ സംസ്ഥാപനത്തോടെയാണ്. പലവഴിക്ക് ചിന്തിച്ചാലും 1960കളാണ് ശരിക്ക് സംക്രമണകാലം, പുതിയ ലോകക്രമത്തിന്റെ ഉദയകാലം (നവ കോളനീകരണം, ഹരിതവിപ്ലവം, കമ്പ്യൂട്ടറൈസേഷനും ഇലക്ട്രോണിക് വിവരസാങ്കേതികവിദ്യയും) ഒരുവശത്തും; മറുവശത്ത് അവ തന്നെ അവയുടെ ആന്തരികമായ വൈരുദ്ധ്യത്താൽ വിറകൊണ്ടതും ഇതേ കാലത്താണ്. പുറത്തുനിന്നുള്ള സമ്മർദ്ദവും ഇതിന് മറ്റൊരു കാരണമാണ്. പുതിയ ഉത്തരാധുനികത പുതുതായി രൂപപ്പെട്ട സാമൂഹ്യ ക്രമത്തിന്റെ രൂപമായ പിൽക്കാല മുതലാളിത്തത്തിന്റെ(Late capitalism)ആന്തരിക സത്യത്തെ എങ്ങനെ വെളിപ്പെടുത്തുന്നു എന്ന് വരച്ചുകാട്ടുകയാണ് എന്റെ ലക്ഷ്യം. ഞാൻ അവയുടെ രണ്ട് പ്രധാന സ്വഭാവ സവിശേഷതകളിലേക്ക് ചുരുക്കുകയാണ്. ഞാനവയെ ശൂന്യാനുകരണം(pastiche), ചഞ്ചലത്വം(Schizophrenia ) എന്നിങ്ങനെ വിളിക്കുന്നു. സ്ഥലത്തിലും സമയത്തിലും ഉത്തരാധുനികാനുഭവം സുവ്യക്തമാക്കാൻ ഇവ സഹായിക്കും.
ശൂന്യാനുകരണം ആനുകണത്തെ(Parody) ഗ്രസിക്കുന്നു
ഉത്തരാധുനികതയുടെ ഏറ്റവും പ്രധാനമായ പ്രത്യേകതയോ പ്രവർത്തനമോ ആണ് ശൂന്യാനുകരണം. ഞാൻ ആദ്യം ഈ വാക്കിനെ വിശദീകരിക്കാം. ആളുകൾ മറ്റൊരു വാക്കായ അനുകരണവുമായി(parody) ഈ പദത്തെ സമീകരിക്കാനോ ആശയക്കുഴപ്പത്തിലാക്കാനോ ശ്രമിക്കാറുണ്ട്. രണ്ടിലും അനുകരണത്തിന്റെ അംശം ഉണ്ട്. അതായത് മറ്റ് ശൈലികളുടെ അനുകരണം; മറ്റു ശൈലികളുടെ പ്രത്യേക സ്വഭാവസവിശേഷതകളെ കൂട്ടിയിണക്കൽ എന്നിവ കാണാറുണ്ട്. ആധുനികസാഹിത്യം അനുകരണത്തിന്റെ വലിയൊരു ശേഖരം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. മഹാന്മാരായ വലിയ ആധുനിക എഴുത്തുകാരെല്ലാം തങ്ങളുടെ തനതായ ശൈലി സൃഷ്ടിച്ചിരുന്നു; ഫോക്നറുടെ(Faukner) നീളമുള്ള വാക്യങ്ങളും, ഡി എച്ച് ലോറൻസിന്റെ പ്രകൃതിദൃശ്യചിത്രീകരണവും, വാലൻസ് ന്റെWallace അപരിചിത ലോകത്തേക്ക് കൊണ്ടുപോകലും, ഹൈഡഗർ-സാർത്ര് തുടങ്ങിയ തത്വചിന്തകരുടെ പ്രത്യേക രീതികളും,മാഹലർ(Mahler)-പ്രൊകോഫൈ(Prokofiev) തുടങ്ങിയവരുടെ ഗാന ശൈലികളും ഉദാഹരണങ്ങളാണ്. ഈ ശൈലികൾ ഒന്നിനൊന്ന് വ്യത്യസ്തമാണ് എങ്കിലും താരതമ്യം ചെയ്യാവുന്നതാണ്. ഓരോന്നിനും തെറ്റ് പറ്റിയിട്ടില്ല. ഒരിക്കൽ പഠിച്ചു കഴിഞ്ഞാൽ മറ്റൊരു ശൈലിയും ആയി കുഴങ്ങി പരസ്പരം മാറിപ്പോകില്ല.
ഇപ്പോൾ പാരഡി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇത്തരം ശൈലികളുടെ സവിശേഷമായ സ്വഭാവ സവിശേഷതകളെയും അവയുടെ വ്യതിയാനങ്ങളെയും അനുകരിച്ച് യഥാർത്ഥമായ ശൈലിയെ(original) പരിഹസിക്കുന്നതിനാണ്. പാരഡിയുടെ മുഴുവൻ രൂപങ്ങളിലും പരിഹാസ്യതയുടെ സ്പന്ദനം ബോധപൂർവ്വം ഉള്ളതാണെന്ന് ഞാൻ കരുതുന്നില്ല. മഹാനായ ഒരു അനുകർത്താവിന് അനുകരിക്കുന്ന വ്യക്തിക്ക് സ്വയം പകരം വയ്ക്കാനുള്ള കഴിവുള്ളതുപോലെ എങ്ങനെയായാലും ഒരു മഹാനായ പാരഡിക്കാരന് യഥാർത്ഥ വസ്തുവിനോട് രഹസ്യാത്മകമായ ഒരു വിധേയത്വം ഉണ്ടായിരിക്കും. വിധേയത്വത്തിൽ ആയാലും വെറുപ്പിലായാലും പാരഡിയുടെ പ്രധാന ശക്തി ആളുകൾ സ്വാഭാവികമായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്നതിൽ നിന്ന് ഇത്തരം ശൈലികൾക്കുള്ള വൈയക്തികമായ പ്രത്യേകതകളും അവയിലെ അധികത്വങ്ങളും(excess) കളിയാക്കലിന് വിധേയമാക്കുക എന്നതാണ്. ഭാഷാപരമായ ഒരു അളവുകോലിനെ അടിസ്ഥാനമാക്കുന്നത് കൊണ്ടാണ് മഹത്തായ ആധുനികതയുടെ ശൈലികളെയെല്ലാം പരിഹസിക്കുന്നതിന് പാരഡികൾക്ക് കഴിയുന്നത്.
എന്നാൽ ഒരാൾ സ്വാഭാവികഭാഷ, സാധാരണഭാഷ, ഭാഷാപരമായ അളവുകോൽ (പരിശുദ്ധവും വിനിമയ ശക്തി ഉള്ളതും എന്ന് ഓർവൽOrwell) ഒരു ഉപന്യാസത്തിൽ വിവരിക്കുന്ന തരം) എന്നിവയിൽ ഒന്നും വിശ്വാസം അർപ്പിക്കുന്നില്ല എങ്കിൽ എന്തു സംഭവിക്കും. ഒരാൾക്ക് ഇങ്ങനെയും ചിന്തിക്കാം: ആധുനികസാഹിത്യത്തിന്റെ അദമ്യമായ ചിതറലും സ്വകാര്യവൽക്കരണവും- അതിന്റെ വ്യത്യസ്തവും സ്വകാര്യവുമായ ശൈലികളും സ്വഭാവ രീതികളുമായുള്ള പൊട്ടിത്തെറിക്കൽ- സാമൂഹ്യജീവിതത്തിനെയാകെത്തന്നയും ഗാഢമായ നിഴലിലാക്കി നിർത്തുന്നു. ആധുനിക കലയും ആധുനികതയും ഏതെങ്കിലും പ്രത്യേകമായ സൗന്ദര്യ ബോധത്തിൽ നിന്നും അകലെയാണെന്ന് സങ്കൽപ്പിച്ചു നോക്കുക ഇതിനനുസരണമായ സാമൂഹികമായ മാറ്റങ്ങളും സംഭവിക്കും മഹത്തായ ആധുനിക ശൈലികൾ രൂപപ്പെട്ടുവന്ന ദശകങ്ങൾ മുതൽ സമൂഹം ഇങ്ങനെയെല്ലാം ചിതറി പോയതായി സങ്കൽപ്പിക്കുക; ഓരോ സമൂഹവും തങ്ങളുടേതായ ഒരു സ്വകാര്യ ഭാഷ സംസാരിക്കാൻ തുടങ്ങുന്നു, ഓരോ തൊഴിലും ഒരു സ്വകാര്യ കോഡോ ഭാഷയോ രൂപപ്പെടുത്തുന്നു. അവസാനമായി ഓരോ വ്യക്തിയും ഓരോ ഭാഷാദ്വീപായി മാറുന്നു; ഓരോരുത്തരിൽ നിന്നും വേർപെട്ട ഒന്ന് .അങ്ങനെയൊരു അവസ്ഥയിൽ ഭാഷാപരമായ അളവുകോലുകൾ കൊണ്ട് സ്വകാര്യ ഭാഷകളെയും പ്രത്യേക ശൈലികളെയും കളിയാക്കുന്ന പതിവ് ഇല്ലാതെയാകും, നമുക്ക് ശൈലീഭിന്നതയും ബഹുസ്വരതയും മാത്രം ലഭ്യമാകും.
ഈയൊരു അവസ്ഥയിൽ ശൂന്യാനുകരണം മാത്രം പ്രത്യക്ഷമാവുകയും പാരഡി സാധ്യമല്ലാതാവുകയും ചെയ്യും. പാരഡിയെപ്പോലെ ശൂന്യാനുകരണവും പ്രത്യേകമായതോ ഉന്നതമായതോ ആയ ഒരു ശൈലിയുടെ അനുകരണമാണ്; ഒരു ശൈലിമുഖംമൂടിയുടെ ധരിക്കലാണ്; ചത്ത ഭാഷയിലെ ഭാഷണം ആണ്; അത്തരം അനുകരണത്തിന്റെ നിർമ്മമമായ പ്രയോഗം മാത്രമാണ്. പാരഡിയുടെ മറച്ചുവയ്ക്കൽ എന്ന ലക്ഷ്യം ഇല്ല; കളിയാക്കണമെന്ന വിചാരമില്ല; ചിരിപ്പിക്കണമെന്ന ലക്ഷ്യമില്ല; സ്വാഭാവികമായ ഒന്നിൽ നിന്നും വ്യത്യസ്തമായ കളിയാക്കപ്പെടേണ്ടതായ ചിലത് അനുകരിച്ച വസ്തുവിൽ ഉണ്ട് എന്ന തെളിയാത്ത വികാരമില്ല. പാസ്റ്റിഷ് ശൂന്യമായ പാരഡിയാണ്(Pastiche is blank parody).പരിഹാസ്യതയുടെ അർത്ഥം നഷ്ടപ്പെട്ട പാരഡി: ആധുനികകാലത്തെ ഒരുതരം ശൂന്യമായ ആക്ഷേപഹാസ്യം, 18 ആം നൂറ്റാണ്ടിലെ സ്ഥിരവും പരിഹാസ്യവുമായ ആക്ഷേപഹാസ്യം എന്ന് വെയിൻ ബൂത്ത്(Wayne Booth) വിളിച്ചത് ഇതിനെയാണ്.
തുടരും
ഡോ.അനിൽകുമാർ
അസ്സോസിയേറ്റ് പ്രൊഫസർ, മലയാള വിഭാഗം, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം