ഡോ.പ്രമോദ് കുമാർ ഡി.എൻ.
Published: 10 october 2024 സാഹിത്യവിമർശനം
രാമരാജാബഹദൂർ – വിധേയത്വപ്രച്ഛന്നങ്ങളും നിഷേധനിർമ്മിതിയും (ഭാഗം – 2)
തിരസ്കൃതരുടെ കൊലവിളിയും വ്യക്തിത്വസ്ഥാപനവും
ക്ഷത്രിയാധികാരവും ബ്രാഹ്മണപൗരോഹിത്യവും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് ഭൂരിപക്ഷജനതയെ അടിച്ചമർത്തിയതിൻ്റെ ചോരപ്പാടുകൾ ഭാരതചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്ന ഒന്നാണ്. നിഷ്‌കാമത്തിന്റെ (പൗരോഹിത്യം) മുഖംമുടിക്കു പിന്നിൽ ഇളകിയാടിയത് അതികാമത്തിന്റെ (സാമ്രാജ്യവ്യാപനം) രാമ/രാവണ വേഷങ്ങളായിരുന്നു. ചാതുർവർണ്യത്തിൻ്റെ ഹെജിമണി, അധികാരത്തിന്റെ ശ്രേണി നിർമ്മിക്കുകയും വിഭിന്നങ്ങളായ ആധിപത്യ/വിധേയത്വ രൂപങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തു. തൊട്ടുമുകളിലുള്ളവൻ്റെ ദാസനായാൽ താഴെയുള്ളവരുടെ യജമാനനാകാം എന്നതാണ് ഈ അധികാര ശ്രേണിയുടെ ആകർഷണീയത. എന്നാൽ ഈ ശ്രേണിയുടെ ഇടയിൽ നിന്നുതന്നെ ചില പൊട്ടിച്ചിതറലുകൾ ഉണ്ടായിട്ടുണ്ട്. ആത്മാഭിമാനത്താൽ വിധേയത്വത്തെ കുടഞ്ഞെറിഞ്ഞ്, ‘യജമാനത്വം’ എന്ന സൗജന്യം ഉപേക്ഷിച്ച് ദുരന്തംവഹിച്ച ജീവിതങ്ങൾ. ഈ ജീവിതങ്ങളുടെ ആഖ്യാനമാണ് സി.വി.യുടെ ‘രാമരാജാബഹദൂറി’നെ മഹത്തമമാക്കുന്നത്.
പ്രത്യക്ഷത്തിൽ സി.വി. രാജഭക്തനാണ്, യാഥാസ്ഥിതികനുമാണ് (രാജഭക്തനും കലാകാരനും – ഇ.എം.എസ്.). അതിന് അനേകമനേകം ഉദാഹരണങ്ങൾ സി.വി.കൃതികളിൽ നിന്ന് കണ്ടെത്താനാകും. രാജനാമങ്ങളാണ് നോവലുകൾക്കുള്ളത്. കളപ്രാക്കോട്ടത്തമ്പിയുടെ രാജസ്‌തുതിയോടെയും ‘അടിയൻ’ എന്ന പദത്തോടെയാണ് ധർമ്മരാജാ അവസാനിക്കുന്നത്. രാമരാജാബഹദൂർ അവസാനിക്കുന്നത് ഉണ്ണിത്താന്റെ രാജസ്തുതിയോടെയാണ്. അവസാനവാക്യം,” ഇതെല്ലാം കണ്ടു പഠിപ്പാൻ ഗുരുനാഥൻ നമ്മുടെ തിരുമേനി തന്നെ. അവിടത്തെ തിരുവടികളെ തുടർന്നാൽ എല്ലാത്തിലും എവിടെയും എന്നും ക്ഷേമം, വിജയം. “ എന്നും. ‘ധർമ്മരാജാ’ ശ്രീമൂലം തിരുനാളിനും രാമരാജാബഹദൂർ ശങ്കരൻ തമ്പിക്കുമാണ് സമർപ്പിച്ചിരിക്കുന്നത്. സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും നായർവർഗ്ഗാഭിമാനവും കുഴിച്ചെടുക്കാനാകും. എന്നാൽ അന്തമില്ലാത്ത തീക്കടൽ പോലെ ജ്വലിക്കുന്ന ജീവിതസംഘർഷങ്ങളുടെ ആ മഹാലോകത്തിലേയ്ക്കു കടക്കണമെങ്കിൽ വഴിമാറി സഞ്ചരിക്കേണ്ടി വരും. ‘രാജാധികാരത്തെ പ്രതിഷ്‌ഠാപനം ചെയ്യുന്നതിനു പകരം ആ വ്യവസ്ഥയുടെ വൈരുധ്യങ്ങൾ തുറന്നുകാട്ടുകയും അധികാരവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചരിത്രത്തിൻ്റെ പാഠാത്മകതയിലൂടെ നിർദ്ധാരണം ചെയ്യുകയുമാണ് സി.വി.യുടെ ആഖ്യായികകൾ” എന്ന് പി.കെ.രാജശേഖരൻ (അന്ധനായ ദൈവം, പുറം, 30).
ദുർബ്ബലനും എന്നാൽ അധികാരിയുമായ രാജാവിൻ്റെ ഇരുപുറത്തും പെരുങ്കൈ നോക്കാൻ കെല്‌പുള്ള മഹാകായന്മാരെ അണിനിരത്തി സി.വി. നടത്തുന്ന ബലപരീക്ഷണം രേഖീയമായ ചരിത്രാഖ്യാനങ്ങളെ വെല്ലുവിളിക്കുകയും പരാജിതൻ്റെയും പ്രാന്തവൽകൃതൻ്റെയും പുതുചരിത്രങ്ങൾ അടയാളപ്പെടുത്തുകയും ചെയ്യുന്നു.
“അധികാരപ്പാരക്കോല് എന്തിനെയും മറിക്കും, തിരിക്കും, മുടിക്കും” എന്നു പറയുന്നത് ദുർബ്ബലനും പ്രാന്തവൽകൃതനുമായ കൊടന്തയാശാനാണ്. രാമയ്യൻ ദളവയുടെ ഓലച്ചീന്ത്, പടക്കളരിയിലെ വലിയത്താൻ എന്ന സ്ഥാനത്തിൽനിന്ന് നന്തിയത്തുകാരുടെ ആശ്രിതർ എന്ന രീതിയിലേക്ക് നിപതിപ്പിച്ച പ്ലാമണ്ണിൽ കുടുംബത്തിലെ അംഗമായ കൊടന്ത, ദാക്ഷിണ്യമില്ലാത്ത രാജനീതിയുടെ ഇരയാണ്. രാജസേവകനായ ഉണ്ണിത്താനെ ഉപജാപങ്ങൾ വഴി മാനസികമായി തകർക്കാൻ ശ്രമിച്ച് അയാൾ സംതൃപ്തനാകുന്നു. ഉണ്ണിത്താൻ്റെ മകളെ വിവാഹം കഴിച്ച് പഴയപ്രതാപം തിരിച്ചുപിടിക്കാമെന്നും മോഹിക്കുന്നു. ദിവാൻജിയോടും അയാൾക്ക് വിരോധമാണ്. ഈ രാജപക്ഷശത്രുതയാണ് അയാളെ പറപാണ്ടയുടെ മിത്രമാക്കിത്തീർക്കുന്നത്. ഒരേസമയം ഹാസ്യകഥാപാത്രവും ദുരന്തകഥാപാത്രവുമാണയാൾ. ആശ്രിതത്വം എന്ന നിന്ദനീയാവസ്ഥയെ വെറുക്കുന്ന കൊടന്ത, വിധേയത്വത്തിൻ്റെ ഉള്ളിൽ നിന്നുകൊണ്ട് തന്റേതായ ഒരു പെരുങ്കൈയ്ക്ക് ഒരുങ്ങുന്നു.
ആശ്രിതത്വത്തിൽ നിന്ന് താൻപോരിമയിലേയ്ക്കുള്ള ഈ വികാസം രാമരാജാബഹദൂറിലെ തിരസ്കൃത കഥാപാത്രങ്ങളിൽ തെളിഞ്ഞുകാണാം. മന്ത്രിയാകണമെന്നായിരുന്നു ചന്ത്രക്കാറൻ്റെ ആദ്യമോഹം. അതിനായി അഞ്ചുതെങ്ങിലെ ഇംഗ്ലീഷുകാരുടെ സഹായം അയാൾ പ്രതീക്ഷിക്കുന്നുമുണ്ട്. (ഇംഗ്ലീഷുകാർക്ക് തിരുവിതാംകൂർ ഭരണത്തിന്മേലുണ്ടായിരുന്ന സ്വാധീനത്തിൻ്റെ തെളിവുകൂടിയാണിത്). എന്നാൽ ഹരിപഞ്ചാനനുമായുള്ള സൗഹൃദം ‘താൻ ഭരിച്ചാൽ തിരുവിതാങ്കോടു ഭരുമോ’ന്നു നോക്കാം എന്ന സങ്കല്പത്തിലേയ്ക്ക് നയിക്കുന്നു. പിന്നീട് അധികാരമോഹത്തിനപ്പുറമുള്ള പ്രതികാരചിന്തയിലേക്കു വളരുന്നു. രാമനാമഠത്തിൽ പിള്ളയുടെ മകനായി ജനിച്ച്, കഴുകേറ്റിൽ നിന്ന് എങ്ങനെയൊക്കെയോ രക്ഷപ്പെട്ട്, ദാരിദ്ര്യത്തിനു നടുവിൽ നിന്ന് ചിലമ്പിനഴിയം എന്ന ചെറുലങ്കയിലേക്കു വളർന്ന് ഒടുവിൽ ‘കരുങ്കൂരിരുളേ, നീയേ നെടുഘെതി’ എന്നു പറഞ്ഞ് അന്ധകാരബ്രഹ്മാണ്ഡത്തിൽ മറയുന്ന ചന്ത്രക്കാരൻ (ധർമ്മരാജാ) അറുത്തിട്ടാൽ തുടിക്കുന്ന കരളോടെ രാമരാജാബഹദൂറിൽ തിരിച്ചെത്തുന്നു. മൈസൂർ വ്യാഘ്രമായ ടിപ്പുവിൻ്റെ മുന്നിലും അയാൾ ആശ്രിതനല്ല. തന്നെ ചുട്ടുചാമ്പലാക്കാൻ വിധിച്ച ടിപ്പുവിൻ്റെ മുന്നിൽ അയാളുടെ പൗരുഷം പൊട്ടിത്തെറിക്കുന്നു. “ഏതു പൊൻകയ്യോ ഒടവാളേന്തിയ കയ്യോ എരിക്കട്ടെ, കരിക്കട്ടെ. കാളി ഉടയാൻ ചന്ത്രക്കാറൻ വച്ചവീടും നേടിയ പൊരുളും ആൺപേരാളും. അതു കണ്ടു കണ്ണു നിറഞ്ഞേ നിറഞ്ഞു. ഇനി ഇരിപ്പെന്ത്, മരിപ്പെന്ത്?” എന്ന് മരണത്തിനു മുന്നിൽ നിന്ന് നെഞ്ചുറപ്പോടെ പറയുന്ന ചന്ത്രക്കാറനെ സി.വി. അതിമാനുഷൻ എന്നു വിശേഷിപ്പിക്കുന്നു. പ്രളയജലത്തിനുമുന്നിലും “ഈ പിളുപിളുത്ത വെള്ളത്തോടു തോൽക്കുകയോ” എന്ന് പൗരുഷമാളുന്ന അയാൾ വിധിയെയും പ്രകൃതിയെയും തോൽപ്പിച്ച് അനശ്വരനാകുന്നു. “ദ്രോഹം കൊണ്ടല്ലാതെ ഭജനത്താൽ രാമവർമ്മ മഹാരാജാവാൽ താൻ അഭിമാന്യനാവുകയില്ലെ’ ന്നാണ് തൻ്റെ ‘ആൺതത്വം’ നിനച്ച് അയാൾ ചിന്തിക്കുന്നത്. ‘ബഹുമാനിയാ ഞാനാരെയും തൃണവൽ’ എന്ന കലിവാക്യമാണ് ചന്ത്രക്കാറനെ അവതരിപ്പിക്കാനുള്ള പശ്ചാത്തലമായി സി.വി. ഉദ്ധരിക്കുന്നത്. അധികാരത്തിനു മുന്നിൽ കുനിയാത്ത തലയും മെരുങ്ങാത്ത മനസ്സും ആ ഈശ്വരദ്രോഹിയായ ചാർവ്വാകനെ സി.വി.യുടെ ഏറ്റവും മികച്ച കഥാപാത്രമാക്കുന്നു.
പെരിഞ്ചക്കോടനും തിരസ്‌കൃതവ്യക്തിത്വമാണ്. സ്വന്തം കുലത്തിൽ നിന്ന് കുടിയിറക്കപ്പെട്ട അയാൾ തസ്‌കരജീവിതം നയിച്ച് ധനവാനാകുന്നു. മകൾക്ക് മികച്ച ഭർത്താവിനെ കണ്ടുപിടിക്കുക എന്ന ഗാർഹികലക്ഷ്യത്തിനു മാർഗ്ഗമാരായുന്നവൻ എന്ന നിലയിൽ നിന്ന് രാജാധികാരത്തിൻ്റെ ശത്രു എന്ന നിലയിലേക്ക് അയാളെ വളർത്തുന്നത് ആത്മാഭിമാനമാണ്. തൻ്റെ എലങ്കം രാജസേവകരാൽ തകർക്കപ്പെടുന്നതുവരെ ‘ഗൗണ്‌ഡനുമായി ബന്ധമില്ലായിരുന്നുവെങ്കിൽ രാജസേവനം ചെയ്യാമായിരുന്നു’ എന്നാണയാൾ ചിന്തിക്കുന്നത്. എന്നാൽ തൻ്റെമേൽ അധികാരം കൈവച്ചു തുടങ്ങുമ്പോൾ അയാളുടെ ആത്മാഭിമാനം കുടഞ്ഞെഴുന്നേൽക്കുകയും ആശ്രിതത്വം തെറിച്ചുപോവുകയും “അവരെ കരുവക്കല്ലും എളക്കും” എന്ന ഉഗ്രപ്രതിജ്ഞയിലെത്തിച്ചേരുകയും ചെയ്യുന്നു. തൻ്റെ മച്ചമ്പിയായ കേശവനോടുള്ള വ്യക്തിശത്രുതയല്ല, തന്റെ വ്യക്തിത്വത്തെ വെല്ലുവിളിക്കുന്ന അധികാരശക്തിയോടുള്ള പകയാണ് പെരിഞ്ചക്കോടനിലുള്ളത്.
“തമ്പുരാനായാലെന്ത്? തലയാരിയായാലെന്ത്? ഢിപ്പുവാര്? ഢീഭ്രാക്കാര്? ഛെ! ഫോവാൻ പറ” എന്ന് പരസ്പരം ശത്രുക്കളായി നിൽക്കുന്ന രണ്ട് അധികാരകേന്ദ്രങ്ങളെയും (രാജാവ്, ടിപ്പു)അയാൾ തിരസ്കരിക്കുന്നു. പെരിഞ്ചക്കോടനിലെ അഘാംശങ്ങളുടെ പരിമിതിയെ അതിലംഘിച്ച് ബഹുവിശ്വങ്ങളെ സ്വർഗ്ഗമണ്ഡലങ്ങൾ ആക്കാൻ പര്യാപ്തമായ അയാളിലെ വാത്സല്യപ്രചുരിമയെ സി.വി. പുകഴ്ത്തുമ്പോഴും അധികാരത്തോടു മല്ലിടുന്ന അയാളുടെ ഇച്ഛാശക്തിയാണ് ‘രാമരാജാബഹദൂറി’ൽ തെളിഞ്ഞു നിൽക്കുന്നത്.
സ്വയം തിരസ്കൃതനായി മാറുന്ന കുഞ്ചൈക്കുട്ടിപ്പിള്ള കാര്യക്കാർ ആശ്രിതനോ വിധേയനോ അല്ല. ബാല്യം മുതൽ, തന്നെ സുഹൃദ്‌ഭാവത്തിൽ പരിഗണിച്ച കേശവപിള്ളയോടുള്ള സ്നേഹമാണ് ആ ബുദ്ധിരാക്ഷസനെ രാജപക്ഷത്തോടു ചേർത്തു നിർത്തുന്നത്. ഒടുവിൽ രാജാവ് കേശവപിള്ളയെ ദുഷിക്കുമ്പോൾ, “കൊടുത്തത് ഒരു ഒടിയുന്ന വാളാണ്; വൈഷ്‌ണവധനുസ്സല്ല. ധരിപ്പിച്ചത് ഒരു വെള്ളപ്പഞ്ഞിക്കവണി, ബ്രഹ്മകൂർപ്പാസമല്ല” എന്നുപറഞ്ഞ്, രാജാവിൻ്റെ പിൻവിളികളെ തൃണവൽഗണിച്ച് ആ മഹാകായൻ നടന്നകലുന്നു. അഴകൻ പിള്ളയെപ്പോലെ ‘ശരി തന്നെയോ അണ്ണാ’ എന്ന്, മഹാരാജാവിനോടു പെരുമാറേണ്ട രീതിയെപ്പറ്റി തിരിഞ്ഞുനിന്നു ചോദിക്കുന്ന വിശ്വസ്‌തവിനീതവിധേയനല്ല അയാൾ. രാജാധികാരത്തെയും രാജസന്നാഹങ്ങളെയും ചോദ്യംചെയ്യാൻ കെല്‌പുണ്ട് അയാൾക്ക്. ചന്ത്രക്കാറനെയും പെരിഞ്ചക്കോടനെയും പോലെ ജലസമാധിയാണ് ആ താൻപോരിമക്കാരന് സി.വി. വിധിച്ചത്.
കേശവനിൽ നിന്ന് രാജാകേശവദാസനിലേക്കു വളരുന്ന കേശവപിള്ളയും തിരസ്‌കൃതനാണ്. ദാസ്യവൃത്തിക്കു പ്രതിഫലമായിക്കിട്ടിയ മുറിവുമായി അരത്തമപ്പിള്ളത്തങ്കച്ചിയുടെ മുന്നിൽ നിന്നിറങ്ങുന്ന കേശവൻ, പൊന്നുതമ്പുരാൻ്റെ സേവകനായി മാറുന്നു. ആശ്രിതത്വത്തെ മറികടക്കാൻ കഴിയുന്നില്ലെങ്കിലും അധ്വാനവും ബുദ്ധിശക്തിയും അയാളെ ഉയർന്ന പദവിയിലെത്തിക്കുന്നു. രാജാധികാരത്തിലെ കപടധാർമ്മികത അയാളെയും വലയം ചെയ്യുന്നതു കാണാം. കണ്ഠീരവരായരുടെ കൊലയിൽ ബ്രഹ്മഹത്യാപാപം ശങ്കിച്ച് വിഷണ്ണനാവുകയും ‘വടുകനോ വള്ളുവനോ ആണ്’ എന്നറിയുമ്പോൾ ശുഭശകുനമായെണ്ണുകയും ചെയ്യുന്ന അയാൾ, പൗരോഹിത്യം നിർമ്മിച്ച കൃത്രിമധാർമ്മികത പുലർത്തുന്നവനാണ്. തന്റെ കുലമഹിമയുടെ അഭാവത്തെക്കുറിച്ചുള്ള ബോധമാണ് മീനാക്ഷിയെ നഷ്‌ടമാകുന്ന അവസ്ഥയുമായി സമരസപ്പെടാൻ അയാളെ പ്രാപ്‌തനാക്കുന്നത്. കുശാഗ്രബുദ്ധിയും തന്ത്രപടുത്വവും രാജ്യാഭിമാനവും അയാളെ മികച്ച രാജസേവകനാക്കുന്നു. അയാളുടെ ഒരേയൊരു കുറവ് ആശ്രിതത്വമാണ്. അജിതസിംഹൻ തിരുവിതാംകൂർ സിംഹാസനം വാഗ്ദാനം ചെയ്യുമ്പോൾ ദിവാൻജിക്കുണ്ടായ ഭാവമാറ്റം സി.വി. ചിത്രീകരിക്കുന്നതു നോക്കുക. “ദിവാൻജിയുടെ മുഖം ഭയപാണ്‌ഡുരതയാൽ ആവേഷ്ടിതമായി. അദ്ദേഹം ദിഗ്ഭ്രമത്താലെന്നപോലെ നാലുപാടും നോക്കി”. ഇത്തരം വാഗ്ദാനം കേൾക്കുന്ന ധീരദേശസ്നേഹിക്ക് ഉണ്ടാകാവുന്ന പുച്ഛവും കോപവുമല്ല ദിവാൻജിക്ക് ഉണ്ടാകുന്നത്. മറിച്ച് ഭയവും ദിഗ്ഭ്രമവുമാണ്. ഇത് ഭക്തവിനീതവിധേയൻ്റെ പ്രതികരണമാണ്; ഹനുമാൻ കോംപ്ലക്സാണ്. അത് രാജ്യഭക്തിയല്ല. രാജഭക്തിയാണ്. “പൊന്നുതമ്പുരാൻറെ ചോറുതിന്നാൽ അന്യൻ്റെ പഴി കേൾക്കേണ്ടി വരില്ലല്ലോ”’ എന്നാണ് ‘ധർമ്മരാജാ’ യുടെ തുടക്കത്തിൽക്കാണുന്ന കൊച്ചുകേശവൻ ചിന്തിക്കുന്നത്. ശൈശവസഹജമായ ആ നിഷ്കളങ്കതയാണ് അയാൾ ദിവാൻജിയായപ്പോഴും പുലർത്തുന്നത്. പ്രഭുകുടുംബത്തിലെ സേവകത്വം ശ്വാനവൃത്തിയാണെന്നു മനസ്സിലാക്കുന്ന അയാൾ രാജസേവനം അതിൻ്റെ വലിയ രൂപമാണെന്നു തിരിച്ചറിയുന്നില്ല. രാജാവുതന്നെ രാജ്യം എന്ന വികലവിശ്വാസത്തിലാണ് ആ ശൈശവത്വം നിലനിർത്തപ്പെടുന്നത്. പല സന്ദർഭങ്ങളിൽ രാജസ്ഥാനത്തുനിന്ന് അന്യായമായ ശിക്ഷകൾ ഉണ്ടാകുമ്പോഴും, അമ്മയുടെ താഡനമേൽക്കുന്ന കുഞ്ഞിനെപ്പോലെ എല്ലാംമറന്ന് അയാൾ രാജദാസത്വം തുടരുന്നു. തകഴിയുടെ ‘വെള്ളപ്പൊക്കത്തി’ലെ നായയ്ക്ക് ഉണ്ടാകുന്ന ദുരന്തം ജന്മിയുടെ ആശ്രിതനുണ്ടാകുന്ന സ്വാഭാവികാവസ്ഥയാണ്. ചേന്നപ്പറയൻ നൽകുന്ന ഒരുരുള ഉച്ചിഷ്‌ടത്തിൻ്റെ വില മുതലയുടെ രൂപത്തിൽ അതിനെ ഗ്രസിക്കുന്നു. ആശ്രിതത്വത്തിന് രാജാകേശവദാസന് ചരിത്രം നൽകിയ ശിക്ഷ കാരാഗൃഹവാസവും ദുർമ്മരണവുമാണ്. ആ കഥ( ദിഷ്ട ദംഷ്ട്രം എന്ന നോവൽ) സി.വിക്ക് എഴുതാൻ കഴിയാതെ പോയി.
അഗ്നിസ്ഫോടനത്തിലമരുന്ന ഹരിപഞ്ചാനനനും ബ്രഹ്മാണ്‌ഡഭേദനാരവത്തോടെ കുതിച്ചു വന്ന ജലപ്രവാഹത്തിൽ ലയിച്ചു ചേരുന്ന കുഞ്ചൈക്കുട്ടിപ്പിള്ളയ്ക്കും അലറിവരുന്ന പ്രളയജലത്തോടെതിരിട്ട് നീർനായ്ക്കളുടെ കടിയേൽക്കുന്ന അന്ത്യനിമിഷത്തിലും തനിക്കേറ്റവും പ്രിയപ്പെട്ടവളുടെ ജീവൻ രക്ഷിച്ച് മൃതിയിലാഴുന്ന ചന്ത്രക്കാറനും വെടിയുണ്ടയുടെ അഗ്നിപ്രഹരമേറ്റ് ജലത്തിൽ പതിച്ചപ്പോഴും പ്രതികാരവാഞ്ഛ കൈവെടിയാത്ത പറപാണ്ടയെന്ന പെരിഞ്ചക്കോടനും കിട്ടുന്ന അന്തസ്സുള്ള മരണമല്ല രാജാകേശവദാസനെ കാത്തിരുന്നത്. രാജാധികാരത്തിൻ്റെ കപടനന്മയെ തിന്മ കൊണ്ട് എതിരിടുന്ന ഖലനായകരുടെ വ്യക്തിത്വത്തിനുമുന്നിൽ അയാൾ നിഷ്പ്രഭനായിപ്പോകുന്നു.
ഈ തിരസ്കൃതനായകർക്ക് ഒരു പൂർവ്വമാതൃകയുണ്ട്. സൂക്ഷിച്ചുനോക്കിയാൽ രാജാധികാരത്തോട് നിരന്തരം കലഹിച്ച് 1910-ൽ നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഛായ അതിനുണ്ടെന്നു മനസ്സിലാകും. “അറുത്തിട്ടാൽ തുടിക്കും എന്നുള്ള അഭിനന്ദനത്തിൽ അന്തർഭൂതമായ വീര്യോൽക്കർഷം, ജീവിതത്തെ കേവലം വ്യവസായവൃത്തിയാക്കാതെ ഗുണം വാ ദോഷം വാ സ്വാത്മപൗരുഷത്തെ സ്വാദർശരീത്യാ പരിരക്ഷിച്ചുപോരുന്ന ധീമാൻമാരിൽ ഇന്നും കാണാറുണ്ട്” എന്ന സി.വി.യുടെ വാക്യത്തിൽ അതുണ്ട്. ചന്ത്രക്കാറനെപ്പോലെയുള്ളവർ ‘ഇന്നും ഉണ്ട്’ എന്ന് സി.വി. പറയുമ്പോൾ അതിൽ പ്രധാനി സ്വദേശാഭിമാനി ആകാതെ വഴിയില്ല. സി.വി. ഒരു പ്രശ്നമായി ഉന്നയിച്ചുകൊണ്ടിരുന്ന അന്യദേശാധിപത്യത്തിന്(മലയാളി മെമ്മോറിയൽ) എതിരേ ജനമനസ്സുകളെ ഒരുക്കിയ വ്യക്തിയാണ് സ്വദേശാഭിമാനി. സി. രാജഗോപാലാചാരി എന്ന വിദേശീയ ദിവാനെതിരെയും രാജപക്ഷത്തിൻ്റെ അധികാര ദുർവിനിയോഗത്തിനെതിരെയും സ്വദേശാഭിമാനി ബ്രഹ്മാസ്ത്രങ്ങൾ തൊടുക്കുമ്പോൾ സി.വി.യുടെയുള്ളിലെ കലാപകാരി സന്തോഷിച്ചിരിക്കണം. നാടുകടത്തപ്പെട്ട രാമകൃഷ്‌ണപിള്ളയെക്കുറിച്ച് ‘അവിവേകി’ എന്ന അഭിപ്രായമായിരുന്നു സി.വി.ക്കുണ്ടായിരുന്നത് (ആണുങ്ങളില്ലാത്ത കൊറ വല്യകൊറ പു. 63). ഇതേ അവിവേകം തന്നെയാണ് ചന്ത്രക്കാറനും പെരിഞ്ചക്കോടനും പുലർത്തുന്നത്. ഭജനം അപമാനകരമാണെന്നും രാജദ്രോഹമാണ് അഭിമാന്യമായ പ്രവൃത്തി എന്നും ചിന്തിക്കുന്ന ചന്ത്രക്കാറനും ടിപ്പുവിനെയും മഹാരാജാവിനെയും ഒരേസമയം തിരസ്ക്കരിക്കുന്ന പെരിഞ്ചക്കോടനും രാജവിധേയത്വം അലങ്കാരമായിക്കണ്ടിരുന്ന ഒരു കാല ഘട്ടത്തിൽ (സി.വി.യുടെ കാലഘട്ടവും ഇങ്ങനെയായിരുന്നു) അതു തിരസ്‌കരിച്ച് സ്വന്തം വ്യക്തിത്വത്തെ സ്ഥാപിച്ചെടുക്കുന്നു. ആ അവിവേകം ആത്മാഭിമാനത്തിൻ്റേതാണ്. അതുതന്നെയാണ് അവരെ ലോകോത്തര ദുരന്തകഥാപാത്രങ്ങളാക്കുന്നത്. അവരെപ്പോലെ രാജപക്ഷത്തോടേറ്റുമുട്ടി ദുരന്തം വരിച്ചയാളാണ് സ്വദേശാഭിമാനി. അദ്ദേഹം രാജാധികാരത്തിനെതിരേ ജനശക്തിയുടെ വാളും പരിചയുമായി. എന്നാൽ രാജപക്ഷം/ജനപക്ഷം എന്ന നേർരേഖയിലുള്ള ഈ ദ്വന്ദ്വത്തെ സി.വി. വക്രവും വിലക്ഷണവുമാക്കി, തിന്മയുടെ തീക്ഷ്‌ണസൗന്ദര്യം കലർത്തി പ്രതിനായകരെ സൃഷ്‌ടിച്ചെടുത്തു.
ഡോ.പ്രമോദ് കുമാർ ഡി.എൻ.
അസ്സോസിയേറ്റ് പ്രൊഫസർ മലയാള വിഭാഗം ഗവ.കോളേജ്,പത്തിരിപ്പാല