എം.കെ.ഷഹസാദ്

Published: 10 october 2024 കഥ

ഒരു പോലീസുകാരന്റെ കഥ

ഒരു കഥ പറയുമ്പോഴോ ചരിത്രം എഴുതുമ്പോഴോ അത് മാന്യന്റെ പക്ഷത്ത് നിന്ന് പറയുന്നതോ എഴുതുന്നതോ ആണല്ലോ നമ്മുടെ രീതി. നാടോടികളായ രണ്ട് കൗമാരക്കാരികളേക്കാൾ മാന്യനാണല്ലോ നമുക്കൊരു പോലീസുകാരൻ. അതുകൊണ്ടാണ് ഈ കഥക്ക് ഒരു പോലീസുകാരന്റെ കഥ എന്ന് പേരിട്ടിരിക്കുന്നത്.

പണ്ട്, അധികം പണ്ടൊന്നുമല്ല, ഒരു അഞ്ചോ ആറോ വർഷം മുമ്പ് ഒരു യാത്ര കഴിഞ്ഞ് മടങ്ങവെയുണ്ടായ സംഭവമാണ്. ട്രെയിനിലാണ്. ട്രെയിൻ അപ്പോൾ ഇന്ത്യയിലെവിടെയോ ആണ് എന്ന് മാത്രമാണ് ഇപ്പോൾ ഓർക്കുന്നുള്ളൂ.

കമ്പാർട്ട്മെന്റിൽ നല്ല തിരക്കുണ്ടായിരുന്നു. റിസർവ് ചെയ്തവരും ചെയ്യാത്തവരുമായി വലിയ പുരുഷാരം. പിന്നെ ചായ വിൽപ്പന, പേരക്ക, കുക്കുമ്പർ, പൈനാപ്പിൾ, സമൂസ ഇത്യാദികളുടെ
വിൽപ്പനയൊക്കെയായി കുറച്ച് പേർ. കൂടാതെ നേരത്തെ സൂചിപ്പിച്ച ബാല്യം വിട്ട് കൗമാരത്തിലേക്ക് കടന്നിട്ടുള്ള നാടോടിപ്പെൺകുട്ടികളും. അവർ ഇയർ ഫോണും മറ്റും വിറ്റ് നടക്കുകയാണ്. നല്ല ഉത്സാഹം, ചെറു പുഞ്ചിരി മുഖത്ത്.

എന്റെയടുത്തും വന്ന് ചോദിച്ചു, ഇയർഫോൺ വേണോ എന്ന്, വേദനിപ്പിക്കാതെ നിരസിച്ചു. അവർ എവിടുത്തുകാരെന്ന് തിരക്കി. രാജസ്ഥാനിൽ നിന്നാണ് തങ്ങൾ എന്ന് കൂട്ടത്തിൽ ചെറുപ്പക്കാരിയായവൾ പറഞ്ഞു. വെറുതെ ഒരു ചോദ്യം കൂടി ചോദിച്ചു.

“രണ്ട് പേര് മാത്രേ ഉള്ളോ?”
അവൾ പറഞ്ഞു.
“ഞങ്ങൾ സഹോദരിമാരാണ്.”

അമ്മയുൾപ്പടെയുണ്ട് കൂടെയെന്നും വലിയ സംഘമായാണ് അവർ പുറപ്പെട്ടിരിക്കുന്നതെന്നും
പലരും പല ട്രെയിനുകളിൽ കച്ചവടം നടത്തുന്നുണ്ടെന്നും വൈകിട്ട് എല്ലാവരും ടെന്റിൽ കണ്ട് മുട്ടുമെന്നും ഇളയവൾ വിശദീകരിച്ചു. അവർ അടുത്ത യാത്രക്കാരന്റെ അടുത്തേക്ക് പോവാൻ ധൃതിവെച്ചു. ഞാൻ ചോദ്യങ്ങൾ അവസാനിപ്പിച്ച് പുറത്തേക്ക് നോക്കി.

ട്രെയിനിന്റെ വേഗത കുറഞ്ഞു. വണ്ടി ഏതോ സ്റ്റേഷനിൽ അടുക്കുകയാണ്. സ്‌റ്റേഷനിൽ പ്ലാറ്റ്ഫോമിലല്ല നടുക്കുള്ള ഒരു ഒരു ട്രാക്കിലാണ് ട്രെയിൻ നിർത്തിയത്. അപ്പുറത്ത് പ്ലാറ്റ്ഫോമിൽ നമ്മുടെ കേന്ദ്ര കഥാപാത്രമായ പോലീസുകാരൻ എല്ലാ കമ്പാർട്ടുമെന്റുകളിലേക്കും ചൂഴന്ന് നോക്കി നടക്കുന്നുണ്ട്. ഞങ്ങളുടെ കമ്പാർട്ട്മെന്റിലേക്ക് നോക്കിയശേഷം അദ്ദേഹം പതുക്കെ ട്രാക്ക് മുറിച്ചുകടന്ന് ഞങ്ങൾക്കു നേരെ നടന്ന് വന്നു. അകത്തു കടന്ന അയാളുടെ കണ്ണുകൾ ആ സഹോദരിമാരിൽ ഉറച്ചു. അവരുടെ അടുത്തേക്ക് നടന്നുചെന്ന് ഇയർഫോണുകൾ കൈയിലേക്ക് വാങ്ങി. പുറകെ ചെല്ലാൻ ആങ്ങ്യം കാണിച്ചു. ആ കുട്ടികൾ ഇതൊരു സാധാരണ സംഭവമെന്ന മട്ടിൽ പോലീസുകാരൻ്റെ പുറകേ നടന്നു, ട്രാക്ക് മുറിച്ച് കടന്നു. അവരിൽ ഇളയവളേയും കൂട്ടി പോലീസുകാരൻ സ്റ്റേഷന് പിറകിലേക്ക് മറഞ്ഞു. മൂത്തവൾ വിൽപ്പന സമാനങ്ങളുമായി മുന്നിലെ ബെഞ്ചിലിരുന്നു. വണ്ടി പതുക്കെ നീങ്ങിത്തുടങ്ങി. അവൾ വിഷണ്ണയായി. ഞാനൊരു ഇംഗ്ലീഷ് പത്രം നിവർത്തി ലോക വാർത്തകൾ വായിച്ച് തുടങ്ങി. വണ്ടി നീളത്തിലൊരു ചൂളം മുഴക്കി.

എം.കെ.ഷഹസാദ്

ആന്ത്രോപ്പോളജി വിദ്യാര്‍ഥി, ഇഗ്നോ

ചിത്രീകണം

സ്റ്റാര്‍ലി. ജി എസ്

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
×