എം. എൻ.വിജയൻ: ഫ്രോയിഡിൽ നിന്നുമുള്ള ദൂരങ്ങൾ.
എം എൻ വിജയൻ്റെ സാഹിത്യ വിമർശനങ്ങളെ കുറിച്ച്
ഭാഗം -1
(2021 ൽ നടത്തിയ എംഎൻ വിജയൻ പ്രഭാഷണം)
എസ്. സുധീഷ്
പ്രിയമുള്ളവരേ നമ്മൾ ഇന്ന് വിജയൻ മാഷെ അനുസ്മരിക്കുമ്പോൾ തീർച്ചയായും എന്താണ് ജീവിതമെന്നുള്ളതിനെക്കുറിച്ച് കൂടുതൽ തീക്ഷ്ണമായി അറിഞ്ഞു കൊണ്ടിരിക്കയാണ്. ഒന്നരവർഷക്കാലമായി ബന്ധനത്തിലകപ്പെട്ട മനുഷ്യസമുദായത്തിന്റെ പ്രതിനിധികളെന്ന നിലയിൽ വരുംതലമുറയോട് ,നമ്മുടെ കുഞ്ഞുങ്ങളോട് – ഈ ബന്ധനത്തിന്റെയവസ്ഥ ചരിത്രത്തിൽ നിന്നും നിരസിക്കപ്പെടുകയാണെങ്കിൽ- ഇങ്ങനെയൊരു കാലമുണ്ടായിരുന്നുവെന്ന് പറഞ്ഞുകൊടുക്കാൻ വേണ്ടത്രയാഴത്തിൽ നമ്മളെ തകർത്തുകളയുന്ന ഒരു കാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ പറഞ്ഞ രാഷ്ട്രീയമായ ഫാസിസത്തിന്റെ പിടിയിലകപ്പെട്ടാൽ നമ്മുടെ സ്വാതന്ത്ര്യത്തിന് അതിരുകളുണ്ടാവുകയും എന്നാൽ ആകാശത്തിന് അതിരുകളില്ലാതിരിക്കുകയും നമ്മൾ അകവും പുറവും നഷ്ട്ടപ്പെട്ടവാരായിത്തീരുകയും എവിടെയും മൂക്കുംനാക്കുമില്ലാതെ മറയ്ക്കപ്പെട്ടജീവിതത്തിന്റെ പ്രതിനിധികളായിത്തീരുകയും ചെയ്യുന്ന ഒരവസ്ഥ ഉണ്ടായിത്തീർന്നിരിക്കുന്നു. ഒരുരോഗമാണ് നമ്മളെ ആക്രമിക്കുന്നത്. അതൊരുപക്ഷേ ഫാസിസത്തിന്റെ രോഗമാവാം അല്ലെങ്കിൽ ബയോളജിക്കലായ രോഗമാവാം എന്തായാലും നമ്മൾ വല്ലാതെ ഒതുക്കപ്പെട്ടിരിക്കുന്നുവെന്നതാണ് വസ്തുത. ഇതുപറഞ്ഞപ്പോഴാണ്, വിശേഷിച്ച് രണ്ടായിരത്തിയേഴിന് മുൻപ് വിജയൻമാഷ് നടത്തിയ ഒരു പ്രഭാഷണത്തിൽ പറയുകയുണ്ടായി ഹാൻഡ് വാഷ് ഇൻഡസ്ട്രിയുടെ ഒരു യുഗം വരാൻ പോവുകയാണ് എന്ന്.മാഷത് പറഞ്ഞപ്പോൾ,വലിയ സ്ട്രെസ് ചെയ്തുപറയുന്നതെന്തുകൊണ്ടാണെന്ന് സ്വാഭാവികമായും ആലോചിച്ചിട്ടുണ്ട് ഞാൻ. പക്ഷേ ഇപ്പോൾ ഹാൻഡ് വാഷ് എന്നു പറയുന്നത് നിർബന്ധിതജീവിതശീലമാക്കുകയും അത് ഏതുതരം ഹാൻഡ് വാഷാണ് നിങ്ങൾ ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് വ്യക്തതയുണ്ടായിരിക്കയും ചെയ്യുന്നു. അപ്പോൾ ഇത്തരത്തിൽ ചില ഉപരോധത്തിലൂടെ നിങ്ങളുടെ തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ചു കൊണ്ടു ഈയൊരു ഉപഭോഗവസ്തുവിന്റെ മാർഗ്ഗത്തിലൂടെ സഞ്ചരിക്കണമെന്ന് നമ്മെ ഉപദേശിക്കുകയും ചെയ്യുന്നൊരവസ്ഥയിലേയ്ക്ക് നമ്മൾ നീങ്ങിക്കൊണ്ടിരിക്കയാണ്.
അപ്പോൾ അടച്ചുപൂട്ടപ്പെട്ട ഒരു ജീവിതത്തിൽ നമുക്ക് ഇങ്ങനെയൊക്കെ പുറംലോകത്തോട് സംവേദിക്കാനേ കഴിയുകയുള്ളൂവെന്ന ഒരു ദുരന്തത്തിന്റെ മദ്ധ്യത്തുനിന്നുകൊണ്ട് മാഷിനെ അനുസ്മരിക്കുമ്പോൾ സ്വാതന്ത്ര്യം കവർച്ചചെയ്യപ്പെടുന്നുവെന്നുള്ള ഒരറിവിന്റെ മുന്നറിയിപ്പുകൾ തന്നിരുന്ന വിജയൻമാഷ് തീർച്ചയായും ആ മുന്നറിയിപ്പിന്റെ ആ തീവ്രമായഭാഷ നമുക്ക് നേരത്തേകേൾപ്പിച്ചുതന്നു എന്നുള്ളതുകൊണ്ട് നമ്മൾ അദ്ദേഹത്തെ സ്മരിക്കുമ്പോൾ അദ്ദേഹം ഒരു അറിവായിത്തീരുകയാണ്. ആ അറിവ് പറയുമ്പോൾ ഇന്നലെവരെ ഒരാശയമായിരുന്നത് ഇന്നൊരു യാഥാർത്ഥ്യമായിത്തീർന്നിരിക്കയാണ്. ഇപ്പൊ ആനുകാലികമായി പറയാവുന്നത് എന്തെന്നുവെച്ചാൽ രണ്ട് ദിവസം മുൻപ് ഹയർഎഡ്യൂക്കേഷൻ കൗൺസിലിന്റെ ഒരു മുതിർന്ന പൗരൻ നമ്മുടെ പ്രധാനപ്പെട്ട പത്രത്തിൽ ഒരു ലേഖനമെഴുതുകയുണ്ടായി. വിദ്യാർത്ഥികളെ രണ്ടായിതരംതിരിക്കയും കുറേപേർക്ക് ജോലിക്കുള്ള സർട്ടിഫിക്കറ്റ് കൊടുത്ത് അവരെ പറഞ്ഞുവിടുകയും തുടർപഠനത്തിന് യോഗ്യതയുള്ളവരെ തെരഞ്ഞെടുത്ത് അവരെ തൊഴിലുടമകളാക്കിത്തീർക്കുക അല്ലെങ്കിൽ തൊഴിൽ ദായകരാക്കിത്തീർക്കുക കുറേക്കൂടി വ്യക്തമായ്പ്പറഞ്ഞാൽ ഒരു മില്യൺ ഡോളർ മൂല്യമുള്ള സൈബർ വ്യവസായത്തിന്റെ ഉടമകളാക്കിത്തീർക്കുവാൻ യോഗ്യതയുള്ള ഒരു സമുദായത്തെ വാർത്തെടുക്കുകയെന്നുള്ളതാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന്. അതിലേയ്ക്കായി എല്ലാവർക്കും പ്രവേശനം ലഭിക്കുന്നില്ലെന്ന് നമ്മുടെ ഹയർഎഡ്യൂക്കേഷൻ കൗൺസിലിന്റെ ഒരു വക്താവ് പറയുകയുണ്ടായി. അപ്പോഴിത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. എന്തെന്നുവെച്ചാൽ നമ്മളിന്നലെവരെ വിദ്യയെപ്പറ്റിയും അവിദ്യയെപ്പറ്റിയും വിദ്യകൊണ്ട് സ്വതന്ത്രരാകുകയെന്ന ആശയത്തെപ്പറ്റിയും എനിക്ക് വിദ്യവേണമെന്നാവശ്യപ്പെടുന്ന ഒരു സമുദായത്തെപ്പറ്റിയും അതിനുവേണ്ടി സമരംചെയ്യുന്ന ഒരു സമുദായത്തെപ്പറ്റിയും എന്റെ കഴുത്തറ്റുവീണാലും വിദ്യചോദിക്കും എന്നു പറഞ്ഞ ചരിത്രത്തെപ്പറ്റിയും നമ്മൾ സംസാരിച്ചുകൊണ്ടിരിക്കയാണ്. ഇന്ന് വിദ്യ നിങ്ങൾക്ക് ഒരു മുതലുടമയായിത്തീരാനുള്ള ഔന്നത്യങ്ങളിലേയ്ക്ക് വഴികാണിച്ചുവിടുന്ന ഒരു സമ്പ്രദായമാണെന്നും അതിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ ഒരു ന്യൂനപക്ഷമാണെന്നും യാതൊരു ലജ്ജയും സങ്കോചവും കൂടാതെ തുറന്നെഴുതുവാൻ കൂടിയുള്ള ഒരു നെഞ്ചൂക്ക് നമ്മുടെ ഭരണസ്ഥാപനങ്ങൾക്കുണ്ടായിരിക്കുന്നു. തീർച്ചയായും മാഷ് പറയുന്നത് പോലെ നമ്മൾ നമ്മളെത്തന്നെ വീണ്ടും തുറിച്ചു നോക്കേണ്ടിയിരിക്കുന്നു. നമ്മളാരാണ് എന്നതിനെക്കുറിച്ച് നമുക്ക് സംശയങ്ങൾ ഉണ്ടായിവന്നിരിക്കുന്നു.
ഇതുപറയുമ്പോൾ മാഷെന്താണ് നമുക്ക് തന്നതെന്നതിനെക്കുറിച്ച് നമുക്കിടയിൽത്തന്നെ വലിയ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നു.
ഞാനിവിടെ പ്രധാനമായിട്ടും സംസാരിക്കാൻപോകുന്നത് മാഷിന്റെ സാഹിത്യവിമർശനപ്രയത്നങ്ങളെക്കുറിച്ചാണ്. അതിലദ്ദേഹം മുന്നോട്ട് വെച്ചിട്ടുള്ള നിലപാടുകളെപ്പറ്റിയാണ്. 1949 ൽ കന്നിക്കൊയ്ത്തിന് അവതാരികയെഴുതിക്കൊണ്ട് സാഹിത്യ രംഗപ്രവേശനം ചെയ്ത എം. എൻ. വിജയൻ ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചുവെന്നും എവിടെ എത്തിനിൽക്കുന്നുവെന്നും അദ്ദേഹത്തിന്റെ വളർച്ചയുടെ പാതയെന്താണെന്നും അദ്ദേഹം എവിടെനിന്നാരംഭിച്ചു, എന്തായിത്തീർന്നുവെന്നും എങ്ങനെ അദ്ദേഹം കേരളം നിറയുന്ന ആത്മാവിന്റെ ശബ്ദമായിത്തീർന്നുവെന്നും മനസിലാക്കാൻ തീർച്ചയായും അദ്ദേഹത്തിന്റെ സാഹിത്യവിമർശനത്തിന്റെ രേഖകളിലൂടെതന്നെ കടന്നുപോകേണ്ടിയിരിക്കുന്നു.
ഫ്രോയിഡും എം എൻ വിജയനും
വിജയൻമാഷ് എന്നപേര് പറയുന്നതിനോടൊപ്പം പറയുന്ന പദമാണ് ഫ്രോയ്ഡിയൻ എന്ന് പറയുന്നത്. പക്ഷേ മാഷിന്റെ വിമർശനസങ്കേതത്തെ സാരമായി സ്വാധീനിച്ചിട്ടുള്ള ഒരു മനഃശാസ്ത്രപദ്ധതിയല്ല ഫ്രോയ്ഡിയൻമനശാസ്ത്രപദ്ധതിയെന്ന് അദ്ദേഹത്തിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസിലാക്കാൻ സാധിക്കും. അദ്ദേഹം എന്തുമാത്രം ഫ്രോയ്ഡിനെ സ്വീകരിച്ചിട്ടുണ്ടോ അതിനേക്കാളും ശക്തിയായോടെ ഫ്രോയ്ഡിനെ നിരസിച്ചിട്ടുമുണ്ട് എന്നുള്ള വസ്തുത മറയ്ക്കപ്പെട്ടിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ കൃതികളിലൂടെ കടന്നുപോകുമ്പോൾ നമ്മൾ മനസ്സിലാക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് നമ്മളദ്ദേഹത്തെ ഫ്രോയ്ഡിയൻ എന്ന് വിളിക്കുന്നു, എന്തുകൊണ്ട് കേസരി എ. ബാലകൃഷ്ണപിള്ളയെ ഫ്രോയ്ഡിയൻ എന്ന് വിളിക്കുന്നുവെന്ന് ചോദിക്കാവുന്നതാണ്.അവരിരുവരും ഫ്രോയ്ഡിയൻ ചിന്തയിൽ കലർന്നിരിക്കുന്ന സ്ഫോടനാത്മകമായ ആശയങ്ങൾകൊണ്ട് സമൂഹത്തെ, സംസ്കാരത്തെ ലജ്ജിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്തവരാണ്. അവിടെ ഏ. ബാലകൃഷ്ണപിള്ള അദ്ദേഹത്തിനൊരു മാതൃകയായിരുന്നു. ഏ. ബാലകൃഷ്ണപിള്ള എങ്ങനെയാണ് ഫ്രോയ്ഡിനെ ഉപയോഗപ്പെടുത്തിയത്.
‘’പുഞ്ചിരി ഹാ കുലീനമാംകള്ളം’’
അങ്ങനെ കുലീനമായ ഒരു കള്ളത്തിലാണ് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. നെഞ്ചുകീറി ഞാൻ നേരിനെക്കാട്ടാം എന്നു പറയുമ്പോൾ ഈ നേര് എന്താണ് എന്ന പ്രശ്നമുണ്ട്.sexual extravagant domination ആണ് ഫ്രോയ്ഡിന്റെ വീക്ഷണത്തിന്റെ ഒരു സവിശേഷത എന്ന് പറയുന്നത്. അവിടെയും ഇവിടെയുമെല്ലാം ലൈംഗികതയുടെ സ്വാരസ്യം കണ്ടെത്താൻ ശ്രമിക്കുന്ന അല്ലെങ്കിൽ ആ ലൈംഗികതയുടെ libidinal energy യുടെ അടിസ്ഥാനത്തിൽ ജീവിതത്തെ നിർവ്വചിക്കാൻ ശ്രമിക്കുന്ന ഒരു ഫ്രോയ്ഡിയൻ പദ്ധതിയുണ്ട്. ആ ഫ്രോയ്ഡിയൻ പദ്ധതി ഇങ്ങോട്ട് കൊണ്ടുവന്നിട്ട് ഏ. ബാലകൃഷ്ണപിള്ള മലയാളത്തിന് പരിചയപ്പെടുത്തി ക്കൊടുക്കുമ്പോൾ ഇപ്പറഞ്ഞതു പോലെ കുലീനം എന്ന് നമ്മൾ പറയുന്ന ഒരു വലിയ കള്ളമാണ് നമ്മുടെ ജീവിതത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് എന്നു വെളിപ്പെടുത്തുകയായിരുന്നു.കുലീനതയുടെ കാലമാണ്, ഫ്യൂഡലിസത്തിന്റെ കാലമാണ്, ഫ്യൂഡൽ സൗന്ദര്യശാസ്ത്രത്തിന്റെ കാലമാണ് കേസരിക്ക് മുൻപ് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് നിങ്ങളുടെ എല്ലാ പുഞ്ചിരികളിലും കുലീനമായ ഒരു കള്ളംകലർന്നിരിക്കുന്നുവെന്ന് പറയുന്നത്.
എന്നാൽ ഫ്രോയ്ഡിന്റെ പ്രത്യക്ഷസഹായമില്ലാതെതന്നെ വൈലോപ്പിള്ളിക്കിത് പറയാൻ കഴിയുന്നു. നെഞ്ചുകീറി ഞാൻ നേരിനെക്കാട്ടാമെന്ന് പറയുമ്പോൾ ആ ഇടനെഞ്ച് വേദനിപ്പിക്കുന്ന ഒരിടനെഞ്ചാണെന്നും അത് ദുഃഖബദ്ധമായ മനസ്സിന്റെ നിലവിളിയാണെന്നുമൊക്കെ നമ്മൾ മനസ്സിലാക്കേണ്ടതാണ്.വൈലോപ്പിള്ളിക്കവിതയിൽനിന്നും നിലവിളി കേൾക്കുന്നുവെന്ന് പറയാൻ കഴിയില്ല. അതൊരു ഞരങ്ങലും മൂളലും ആത്മനിന്ദയുമടങ്ങുന്ന ഒരു സങ്കീർണ്ണമായ പ്രതിഭാസമായാണ് വൈലോപ്പിള്ളിക്കവിതയിലൂടെ വരുന്നത്. ഹനുമാൻ നെഞ്ചുകീറിയപ്പോൾ കാണിച്ചുകൊടുത്തൊരു ബിംബമുണ്ട്. ആ ബിംബമിപ്പോഴും ഇന്ത്യയ്ക്കൊരു പ്രശ്നമായിനിൽക്കയാണ്. ആ കുലീനമായ ബിംബത്തെയാണ് ഹനുമാൻ നെഞ്ചുകീറിക്കാട്ടുന്നത്. നമ്മളെല്ലായിപ്പോഴും ഭക്തഹനുമാന്മാരല്ലെന്നും അതുകൊണ്ട് ഞാൻ നെഞ്ചുകീറി മറ്റൊരു നേരിനെക്കാട്ടുകയാണെന്നും ആ നെഞ്ച് മനുഷ്യരെസംബന്ധിച്ച ഒരു സങ്കല്പമാണ് എന്നുമാണ് വൈലോപ്പിള്ളി പറയുന്നത്. മാഷ് യഥാർത്ഥത്തിൽ വൈലോപ്പിള്ളിയുടെ അവതാരകനായാട്ടാണ്,അദ്ദേഹം ഫ്രോയ്ഡിന്റെ അവതാരകനായിട്ടല്ല കേരള വിമർശനസാഹിത്യത്തിലേയ്ക്ക് കടന്നുവരുന്നത്. വൈലോപ്പിള്ളിയ്ക്ക് ഒരു അവതാരകനേയുണ്ടായിട്ടുള്ളൂ, വൈലോപ്പിള്ളിയുടെ മനസ്സറിഞ്ഞയൊരാൾ എന്നുള്ള രീതിയിൽ വൈലോപ്പിള്ളിയുടെ വിമർശനത്തിന് ഒരുങ്ങുമ്പോൾ അദ്ദേഹം ചില ഫ്രോയ്ഡിയൻ ഉപകരണങ്ങൾകൊണ്ട് വൈലോപ്പിള്ളിയെ ബന്ധിച്ച് നിർത്താൻ ശ്രമിക്കുന്നുവെങ്കിലും ആ ബന്ധനങ്ങൾ പൊട്ടിച്ചുകൊണ്ട് അപാരമായൊരു ബന്ധനത്തിന്റെ മറ്റൊരുമേഖലയിലേക്ക് കടന്നുപോകുന്നൊരു കവിയെ നമ്മൾ വൈലോപ്പിള്ളിയിൽ കാണുന്നുണ്ട്.
കുലീനമായ ഫ്യൂഡൽ സൗന്ദര്യശാസ്ത്രത്തിന്റെ മേഖലയിൽ ഒരു പൊട്ടിത്തെറിയുണ്ടാക്കാൻപോന്നൊരുസ്ഫോടനശക്തി തീർച്ചയായും ഫ്രോയ്ഡിയൻ ചിന്തകൾക്കുണ്ടായിരുന്നു. അതുകൊണ്ട് നീയൊരു മൃഗമാണെന്ന് നിന്നെ ഓർമ്മപ്പെടുത്തുകയും നിന്റെ ലിബിഡിനലായിട്ടുള്ള പ്രേരണകൾ നിന്റെ ലൈംഗികമായിട്ടുള്ള പ്രേരണകൾ, രതിയുടെ, കാമത്തിന്റെ പ്രേരണകളെന്നുപറയുന്നത് നീതന്നെ അടക്കിവെച്ചിരിക്കുന്നൊരു യാഥാർത്ഥ്യമാണെന്നും അത് പതുങ്ങിപ്പതുങ്ങി ഒരു കുറുനരിയെപ്പോലെ നിന്നെക്കടിച്ചുതിന്നാൻ ശ്രമിക്കുന്നുവെന്നും ബോദ്ധ്യപ്പെടുത്തുകയെന്നതായിരുന്നു ഫ്രോയ്ഡിന്റെ ധർമ്മമെന്ന് ഞാൻ കരുതുന്നു. അത്തരത്തിൽ ഞാൻ പുഞ്ചിരിയിൽ പൊതിഞ്ഞുവെച്ച, വ്യർത്ഥമായ സൗന്ദര്യാത്മകതയിൽ പൊതിഞ്ഞുവെച്ച ആചാരാനുഷ്ഠാനങ്ങളെ വലിച്ചെറിഞ്ഞുകൊണ്ട്, കീറിമുറിച്ചുകൊണ്ട് മനുഷ്യൻ മറ്റൊന്നാണെന്ന് പറയുന്നതിനുള്ള ഒരു മാർഗ്ഗം മാത്രമായിരുന്നു ഫ്രോയ്ഡ് എന്നുള്ളതുകൊണ്ട് ബാലകൃഷ്ണപിള്ളയും വിജയൻമാഷും ഫ്രോയ്ഡിനെ സ്വീകരിക്കുന്നുണ്ട്.
എന്നാലും ഫ്രോയ്ഡിനെ അംഗീകാരിക്കുന്നുവെന്ന് പറയുവാൻ കഴിയില്ല. ഇപ്പൊൾ മാർക്സും ഫ്രോയ്ഡും അങ്ങനെ പരസ്പരപൂരകങ്ങളായിനിൽക്കുന്ന തത്വചിന്താസമീപനങ്ങളാണ്, ജീവിതചിന്താസമീപനങ്ങളാണ് എന്ന് പറയാമെങ്കിലും അവർ തമ്മിലുള്ള പ്രധാനപ്പെട്ട വൈരുദ്ധ്യമെന്ന് പറയുന്നത് കീഴാളനും മേലാളനും തമ്മിലുള്ള ചൂഷിതനും ചൂഷകനും തമ്മിലുള്ള അദ്ധ്വാനത്തിന്റെ മൂല്യത്തെസംബന്ധിച്ചുള്ള മാർക്സിന്റെ വിലയിരുത്തലിനെ പ്രത്യക്ഷത്തിൽ അല്ലെങ്കിൽ പരോക്ഷത്തിൽച്ചെന്നു സ്പർശിക്കുന്ന ഒരു നിലപാട് ഫ്രോയ്ഡിലില്ല എന്നുള്ളതാണ്.
അതേസമയം ഫ്രോയ്ഡ് നമ്മുടെ അബോധത്തെ; അത് വ്യക്തിയുടെ അബോധമായാലും ഒരു സമുദായത്തിന്റെതന്നെ ചരിത്രപരമായ ഒരബോധം (യുങ്ങിന്റെ racial and collective unconscious എന്ന് പറയുന്നത്) ആയാലും നമ്മളിൽ നമ്മളറിയാതെതന്നെ നിഗൂഢമായിവർത്തിച്ചുകൊണ്ടിരിക്കുന്ന ദുർജ്ജനശക്തി, നമ്മളെ നമ്മളറിയാതെതന്നെ അട്ടിമറിച്ചുകൊണ്ടിരിക്കുന്ന അവബോധത്തിന്റെ ശക്തി,റിപ്രസ്ഡ് ആയിരിക്കുന്നു. നമ്മൾ നാഗരികതയിലേയ്ക്ക് സഞ്ചരിക്കുമ്പോൾ, ചില വ്യവസ്ഥയുടെ വിതാനങ്ങളിലേയ്ക്ക് സഞ്ചരിക്കുമ്പോൾ മനുഷ്യന്റെ ജൈവപരമായ ആസക്തികളെ വളരെയേറെ റിപ്രസ്ഡ് ചെയ്യേണ്ടി വരുന്നു. അങ്ങനെയുള്ള റിപ്രസ്ഡ് ആയിട്ടുള്ള ഒരു ലിബിഡോ നമ്മുടെയുള്ളിലുണ്ട്. ഒരു വന്യജീവി നമ്മുടെയുള്ളിലിരിപ്പുണ്ടെന്നും അതൊരുപക്ഷേ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു മുറവിളിയാണെന്നും അതിൽ നിന്നൊരു വിപ്ലവം ഉണ്ടാകുമെന്നും അതിൽനിന്നൊരു കലാപമുണ്ടാകുമെന്നും ഈ കലാപത്തിന്റെ ഇന്ധനം ഈ ലിബിഡോ ആണ് എന്നും പറയുന്നിടത്ത് ഫ്രോയിഡും മാർക്സും കണ്ടുമുട്ടുന്നുണ്ട്. ഒരുപക്ഷേ ഈ കലാപത്തെപ്പറ്റിയുള്ള അല്ലെങ്കിൽ നിലവിലിരിക്കുന്ന ഭരണവ്യവസ്ഥയെ തകർത്തെറിയുകയെന്നുള്ളൊരു ആഹ്വാനത്തിന്റെ ഇന്ധനം നമ്മുടെ ജൈവപരിണാമത്തിൽത്തന്നെ അടങ്ങിയിരിക്കുന്നുവെന്നുള്ള അറിവ് എന്നുള്ള നിലയിൽ മാർക്സും ഫ്രോയ്ഡും ഒരുപക്ഷേ കൂട്ടിമുട്ടുന്നുണ്ടാകാം. പക്ഷേ രണ്ടും രണ്ട് വഴികളാണ്. അതുകൊണ്ട് വിജയൻമാഷ് രണ്ടിനെയും സമന്വയിപ്പിക്കാൻ ശ്രമം നടത്തിയിട്ടുണ്ടോയെന്ന് ചോദിച്ചാൽ അങ്ങനെയുണ്ടെന്ന് പറയാനാവുകയില്ല.
രണ്ടോ മൂന്നോ കൃതികളിൽ മാത്രം ഫ്രോയ്ഡിന്റെ ചില സിദ്ധാന്തങ്ങളെ മുഖ്യാലംബമായി കണ്ടുകൊണ്ട് അദ്ദേഹം രചനനടത്തുകയും അതിനുശേഷം അദ്ദേഹം ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ സാഹിത്യ കൃതികളിലൂടെ പോകുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത്.
ആദ്യകാല വിമർശനസങ്കല്പം
ഞാനദ്ദേഹത്തിന്റെ 1949 മുതലുള്ള കുറേപഠനങ്ങളെ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുകയാണ്, ഉദ്ധരിക്കുകയാണ്.
‘ചിതയിലെവെളിച്ച ‘ത്തിൽ എഴുതുന്നു:
“എങ്കിലും ജീവിതമൂല്യങ്ങളെ ചോദ്യം ചെയ്ത് പുതിയസാഹിത്യവും സാഹിത്യ മൂല്യങ്ങളെ ചോദ്യംചെയ്ത് പുതിയ നിരൂപണവും കഴിഞ്ഞ തലമുറയൊടെ ഇവിടെ ആരംഭിച്ചുകഴിഞ്ഞു. “
അതായത്,എന്താണ് വിമർശനമെന്ന് പറഞ്ഞു കഴിഞ്ഞാൽ സ്ഥാപിതമായ ജീവിതമൂല്യങ്ങളെ ചോദ്യം ചെയ്യുകയെന്നുപറയുന്നതാണ് എന്നു എം.എൻ.വിജയൻ കരുതുന്നു എന്നർത്ഥം.
ബാലകൃഷ്ണപിള്ളയെക്കുറിച്ചു പറയുമ്പോൾ, ഇങ്ങനെ എഴുതുന്നു:
“ബാലകൃഷ്ണപിള്ള കൊണ്ടുവന്ന മാനവശാസ്ത്രബോധവും ചരിത്രബോധവും സാർവദേശീയ സാഹിത്യബോധവും ഒരു തലമുറയ്ക്ക് താങ്ങാൻകഴിയാത്തതായിരുന്നു… “
അതു പറഞ്ഞുകൊണ്ട് അദ്ദേഹം പറയുകയാണ് നിരൂപണത്തിന്റെ ഒരു ധർമ്മം പഴയസാഹിത്യത്തെ നോക്കിക്കാണാനുള്ള പുതിയ കാഴ്ചപ്പാടുകൾ നൽകുക എന്നതാണ് എന്ന്.
മാരാർ വിമർശനങ്ങൾ
ബാലകൃഷ്ണപിള്ളയെ പറഞ്ഞതിനുശേഷം അദ്ദേഹം മാരാരെക്കുറിച്ച് പറയുന്നു:
“മാരാരുടെ മൗലികമായ ന്യൂനതയായി ഞാൻ കാണുന്നത്; തന്റെ സൂക്ഷ്മദർശനവിജ്ഞാന പാടവത്തെ ആധുനികവിജ്ഞാനത്താൽ ദീപ്തമാക്കാൻ മാരാർക്ക് സാധിച്ചിട്ടില്ല എന്നതാണ് “
മാരാരെ വളരെ നിശിതമായി വിമർശിക്കുന്ന ഒരു നിലപാടാണ് മാഷിന്റേത്. പക്ഷേ അവിടെത്തന്നെ അംഗീകരിക്കുന്നുമുണ്ട് അദ്ദേഹത്തിന് ഒരു സൂക്ഷ്മദർശന പാടവം ഉണ്ടായിരുന്നുവെന്ന്.
“പുതിയ വെളിച്ചം സഹായത്തിനുണ്ടായിരുന്നുവെങ്കിൽ അസാമാന്യ ഉൾക്കാഴ്ചയുള്ള മാരാരുടെ പ്രതിഭ…. “ എന്നു പറയുന്നിടത്തും അസാമാന്യമായ ഉൾക്കാഴ്ചയുള്ളയാൾ എന്ന നിലയിൽത്തന്നെയാണ് മാരാരെ കാണുന്നത്.
അദ്ദേഹം പുതിയ വിജ്ഞാനങ്ങളെ സംബന്ധിച്ചു ഒരു പാമരനായിരുന്നു, പുതിയ വിജ്ഞാനങ്ങളെക്കുറിച്ചുള്ള അജ്ഞത മാരാരുടെ പരിമിതിയായിരുന്നു. അത് അദ്ദേഹത്തിൻ്റെ സഹായത്തിനുതകുമായിരുന്നെങ്കിൽ മറ്റൊരു മാരാരായി മാറുമായിരുന്നു. എന്നുള്ള ഒരു നിരീക്ഷണമാണ് മാഷ് മുന്നോട്ടുവയ്ക്കുന്നത്.
ഈയൊരു നിരീക്ഷണത്തോടെ നമുക്ക് പൂർണമായി യോജിക്കാൻപറ്റില്ല. മാരാർ ഒരു പ്രതിഭാശാലി ആയിരുന്നോ ഇല്ലയോ എന്നുള്ളതിനെക്കുറിച്ച് ഇവിടെയൊരു തർക്കമുണ്ടാകേണ്ട കാര്യമില്ല. അത് മാഷ് മനസ്സിലാക്കേണ്ട വസ്തുതയാണ്.
ഭാരതപര്യടനം പോലുള്ള കൃതികൾ വരുമ്പോൾ മഹാഭാരതപഠനങ്ങൾ പോലുള്ളവ മുൻപുണ്ടായിട്ടുണ്ടെന്ന് മാഷ് പറഞ്ഞുവെയ്ക്കാൻ ശ്രമിക്കുന്നുണ്ട്. കാളിദാസന്റെ മേഘസന്ദേശത്തെക്കുറിച്ച് പറയുമ്പോൾ യക്ഷന്റെ മനസ്സിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാമത്തിന്റെ ഖനീഭൂതമായ രൂപമാണ് മേഘം എന്ന് മാരാർ പറയുമ്പോൾ അത് വേറെയും ആൾക്കാർ പറയുന്നുണ്ട്, കൊമ്പുകുത്തിക്കളിക്കുക എന്ന് പറയുന്ന പ്രയോഗം ഒക്കെ മാഷ് ഓർമ്മിപ്പിക്കുന്നു. അതിലൊക്കെ ഒന്നുമില്ലെന്ന് മാഷ് പറയുന്നുണ്ടെങ്കിലും അത്ര ചെറിയ കാര്യങ്ങളല്ല മാരാര് ചെയ്തത്.
ആശാന്റെ ‘ചിന്താവിഷ്ടയായസീത’യെ പലരും ചേർന്ന് ആക്രമിക്കാൻ ശ്രമിക്കുമ്പോൾ മുണ്ടശ്ശേരിയും മാരാരും ചേർന്ന് ആശാന് പ്രതിരോധം ഒരുക്കുന്നുണ്ട്. ആ പ്രതിരോധത്തിനു വേണ്ടി രാമനെ വിചാരണ ചെയ്യുമ്പോൾ ആ കാലഘട്ടത്തിൽ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തീവ്രമായ ഒരു ശൈലിയാണ് മാരാർ സ്വീകരിക്കുന്നത്.. അങ്ങനെയാണ് മാരാര് ശ്രീരാമനെ തകർത്തുകളയുന്നത്. ശ്രീരാമനെ മാത്രമല്ല മാരാർ എഴുത്തച്ഛനെയും അല്ലെങ്കിൽ എഴുത്തച്ഛന്റെ രാമായണത്തിന് അവലംബമായിട്ടുള്ള അധ്യാത്മരാമായണത്തെയും തകർത്തു കളയുന്നു. ഏതോ സനാതനിയായ ജലപിശാച് എന്നാണ് അദ്ധ്യാത്മരാമായണകാരനെപ്പറ്റിപ്പറയുന്നത്. ഇത് വീട്ടിലിരുന്ന് ഭക്തിപൂർവ്വം വായിക്കാൻകൊള്ളാം ഇത് സാഹിത്യമല്ലെന്നുവരെ മാരാര് പറഞ്ഞുവയ്ക്കുന്നു. ഇതൊരു തീക്ഷ്ണമായ അറിവാണ്, വലിയൊരു നിരാസമാണ്.
വിജയൻമാഷിന്റെ നിരൂപണത്തിലേക്ക് വരുമ്പോൾ എഴുത്തച്ഛൻ എന്നൊരു കവി മലയാളത്തിലുണ്ടായിരുന്നോ എന്നു നമ്മൾ സംശയിക്കും. അദ്ദേഹം പലരെപ്പറ്റിയും എഴുതിയിട്ടുണ്ട് ആർ. രാമചന്ദ്രൻ, എൻ. എൻ. കക്കാട്, കടമ്മനിട്ട, അയ്യപ്പപ്പണിക്കരെ സ്പർശിച്ചു കടന്നുപോകുന്നുണ്ട് ഇതൊക്കെയാണെങ്കിലും എഴുത്തച്ഛനെക്കുറിച്ച് എവിടെയോ ഒന്ന് രണ്ട് സ്ഥലങ്ങളിൽ പരാമർശിച്ചു കൊണ്ട് അവഗണിക്കുക എന്ന വലിയൊരു സാഹസികമായ കർമ്മമാണ് എം.എൻ.വിജയൻ ചെയ്യുന്നത്. മാരാർ എഴുത്തച്ഛനെ ആരാധിക്കുകയും എഴുത്തച്ഛന്റെ ഈ കൃതി കൊള്ളില്ല എന്ന് പറയുകയും മറ്റ് പലകൃതികളും ശ്രേഷ്ഠമാണെന്ന് പറയുകയും ചെയ്യുന്നു. അത് മാരാരുടെ ഒരു വൈരുദ്ധ്യമാണ്, മാരാരുടെ ബലഹീനതയാണ്. അതായത് യാഥാസ്ഥിതികത എന്നത് മാരാരുടെ ഒരു ഡോഗ്മ ആയിരുന്നു. അതിനെച്ചുറ്റിപ്പിടിച്ചുകൊണ്ടല്ലാതെ, ആരംഭമായിട്ടല്ലാതെ മാരാർക്ക് നിൽക്കാൻ കഴിയില്ലായിരുന്നു. ആ ഡോഗ്മയെ തള്ളിമാറ്റിക്കൊണ്ട് കൃത്യമായ ഒരു നിരീക്ഷണത്തിന്റെ മുള്ളുകൾ രാമന്റെ നെഞ്ചിൽച്ചെന്ന് തറയ്ക്കുന്നത് അല്ലെങ്കിൽ രാമായണത്തിലെ ആദർശപുരുഷന്റെ നെഞ്ചിൽച്ചെന്ന് തറയ്ക്കുകയെന്നത് മെയിൽ ഹെജിമണിയുടേതായിട്ടുള്ള ആ സ്വരൂപത്തെ എങ്ങനെ തകർക്കാമെന്നുള്ളത് ഒരു സ്ത്രീയുടെ വിചാരവഴിയിൽ നിന്നുകൊണ്ട് വ്യാഖ്യാനിക്കുന്ന ഒരു സമീപനം മാരാരിലുണ്ട്. അത് നമുക്ക് നിസാരമായിതള്ളിക്കളയാൻ പറ്റില്ല. കുലീനത വാർത്തെടുത്ത സ്ത്രീപക്ഷചിന്തയുടെ പഞ്ജരത്തിൽ നിന്നുകൊണ്ടാണ് മാരാരുടെ സീത ചോദ്യങ്ങൾ ചോദിക്കുന്നത്. അതവളെവളഞ്ഞുവെച്ചിരിക്കുന്ന ഓടിനേയും അവളുടെ ആരാദ്ധ്യപുരുഷനെ ത്തന്നെയും തകർത്തുകളയുന്നു. ഇതാണ് മാരാരുടെ സവിശേഷത. വിജയൻമാഷ് മാരാരെ ഉൾക്കൊള്ളുന്നില്ല, മാരാരെ അംഗീകരിക്കാൻ തയാറല്ല.എന്നാൽ മാരാരുടെ പ്രതിഭാവിലാസത്തെ അംഗീകരിക്കുന്നു. മാഷുടെ ഈ നിലപാടിനെ സ്വീകരിക്കാനാവില്ലെങ്കിലും മാരാരുടെ യാഥാസ്ഥിതികത അദ്ദേഹത്തിന്റെ ഒരു പരിമിതിതന്നെയാണ്.
അതേസമയം എഴുത്തച്ഛനെ തുറന്നാക്രമിക്കുന്ന മാരാരും എഴുത്തച്ഛനെ സമ്പൂർണ്ണമായി നിരസിക്കുന്ന മാഷും ഒരിടത്ത് നിൽക്കുന്നു. എഴുത്തച്ഛൻ (രാമ രാമ രാമ.. എന്ന ഭാഗങ്ങളെയൊക്കെ മുൻനിർത്തിക്കൊണ്ട്) അറുവഷളനാണ് എന്നു എം എൻ വിജയൻ മാഷ് പറയുന്നുണ്ട്. എഴുത്തച്ഛന്റെ നിരാസമെന്ന് പറയുന്നത് യഥാർത്ഥത്തിൽ സാഹിത്യ വിമർശകനെ സംബന്ധിച്ചിടത്തോളം, സാഹിത്യ വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം, ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. നമുക്കൊരു പുതിയഭാഷ ഉണ്ടായിവരുന്നു എന്ന് പറയുന്ന കാലത്തിന്റെ പ്രതിനിധിയായിട്ടാണ് എഴുത്തച്ഛൻ വരുന്നത്. മാഷ് തന്നെ പറയുന്നുണ്ട്, നിങ്ങൾ ഒരു ഭാഷയെത്തൊടുമ്പോൾ ഒരു സമുദായത്തെയാണ് ചെന്നു തൊടുന്നത് എന്ന്.(ബഷീർക്കൃതികളെക്കുറിച്ചുള്ള പഠനം) അതായത് നിങ്ങൾ ഒരു ഭാഷയെ തൊടുമ്പോൾ നിങ്ങൾ തൊടുന്നത് മനുഷ്യനെയാണ്. അങ്ങനെ കണക്കാക്കുമ്പോൾ തീർച്ചയായിട്ടും നമ്മുടെ ഈ ഭാഷയിൽ വരുന്ന ഒരു പരിണാമശ്രേണിയിൽ നിൽക്കുന്ന എഴുത്തച്ഛനെ ജീവിതവീക്ഷണത്തിൽ പരിമിതികളുണ്ടാകുമ്പോൾത്തന്നെ ആ ഭാഷയിൽനിന്ന് സൃഷ്ടിക്കാവുന്ന ഒരു രൂപം നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട് എന്ന പേരിൽ പരിഗണിക്കാവുന്നതാണ്.അത്തരത്തിൽ അദ്ദേഹം അർഹിക്കുന്നതിനപ്പുറം ആദരവ് മലയാളം കൊടുത്തുകഴിഞ്ഞിട്ട് അദ്ദേഹം ഭാഷയുടെ പിതാവ് എന്നുള്ള ഒരു പ്രതിഷ്ഠാപനത്തിന്റെ അവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുന്നു. എന്നാൽ ആ വിഗ്രഹത്തെ ഭഞ്ജിക്കുന്നതാണ് വിജയൻ മാഷിന്റെ നിലപാടിന്റെ തുടക്കം എന്ന് ഞാൻ കരുതുന്നു. അതു വളരെ അസാധാരണമായൊരു നിലപാടാണ്. ഇങ്ങനെ ഒരാളില്ലെന്ന മട്ടിലോ അല്ലെങ്കിൽ ഇതെന്തു വഷളാണെന്ന് പറഞ്ഞുകൊണ്ടോ മലയാളത്തിലെ മറ്റ് ഒരു ശ്രേഷ്ഠനിരൂപകനും എഴുത്തച്ഛനെ തിരസ്കരിക്കുവാൻ തയ്യാറായിട്ടില്ല. അവിടെയാണ് അദ്ദേഹത്തിന്റെ സാഹിത്യവിമർശനത്തിന്റെ തുടക്കവും നിലപാടും വളർച്ചയും വീക്ഷണവും നമ്മൾ കണ്ടെത്താൻ ശ്രമിക്കേണ്ടത്. കാരണമെന്തെന്നാൽ ഒരു ഫ്യൂഡൽ സൗന്ദര്യശാസ്ത്രത്തിൽനിന്നും വിട്ടുമാറാൻ അദ്ദേഹം വളരെ അധികം പാശ്ചാത്യധാരകളെപ്പിന്തുടർന്നു.
പക്ഷേ ആ വൈജ്ഞാനിക ധാരകളെ ഒരു ഡോഗ്മ എന്ന നിലയിലല്ല; കാലത്തെ ധിക്കരിക്കുവാൻ ഈ വൈജ്ഞാനിക ധാരകൾ എന്തുമാത്രം ഉപയോഗപ്പെടുത്താമെന്നുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ചില ഫ്രോയിഡിയൻ തത്വങ്ങളെ വിമർശനത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിട്ടുള്ളത്.
സാഹിത്യവിദ്യ എന്നുള്ള മാരാരുടെ പ്രയോഗത്തെയും അദ്ദേഹം എതിർക്കുന്നു.
സംഗീതത്തിനുള്ള സർവ്വോത്തരമായ കഴിവ് മനസ്സിലാക്കി ലോകകവികൾ കാവ്യത്തെ സംഗീതത്തോടടുപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. മാരാര് കവിതയിലെ സംഗീതത്തെ പരിഗണിക്കുന്നില്ല എന്ന അർത്ഥത്തിലാണ് വിമർശനം.എന്നാൽ അവിടെയും വസ്തുത വേറൊന്നാണ്. Literature is a constructed quality എന്നത് കൺസ്ട്രക്ടിവിസത്തിന്റെ തിയറിയാണ്. അതായത് സാഹിത്യം ഭാഷയിൽ നമ്മൾ നിർമ്മിക്കുന്ന ഒരു ഗുണമാണ് സാഹിത്യഗുണം എന്നുള്ളത്. ആ ഒരർത്ഥത്തിലാണ് മാരാര് സാഹിത്യവിദ്യ എന്ന് പ്രയോഗിക്കുന്നത്. അതു ഏതു നിലയിലുള്ള, താണ തലത്തിലുള്ളപദസമ്മിശ്രമായാലും അങ്ങനെ തന്നെയാണ്.അതിൽ സംഗീതം ഉണ്ട്.അതിൽ ഫൊണറ്റിക്കായിട്ടുള്ള സംഗീതതലമുണ്ട്.
ഉദാഹരണത്തിന് ഹോക്കിൻസിന്റെ കൃതികളിൽ ഫൊണറ്റിക് ഇൻസ്കേപ്പ് എന്ന പ്രയോഗമുണ്ട്. ശബ്ദത്തിന്റെ തലത്തിൽത്തന്നെയുണ്ടാകുന്ന ഒരു ഇൻസ്കേപ്പ്,ഒരു അന്തർവിതാനമെന്ന് പറയുന്ന ഒന്ന് കവിതയ്ക്കുണ്ടായിരിക്കണമെന്ന് അദ്ദേഹം പറയുന്നുണ്ട്. തൻ്റെ കവിതകളെ ആർക്കും മനസ്സിലാകാത്ത ദുർഗ്രഹകവിതകളാണെന്ന് പറയുന്നവരോട് ഞാൻ നിങ്ങൾക്ക് വായിക്കാൻ വേണ്ടിയല്ല കേൾക്കാൻവേണ്ടിയാണ് കവിതയെഴുതുന്നതെന്ന് പറഞ്ഞയാളാണ് ഹോക്കിൻസ്. അദ്ദേഹത്തെപ്പോലെ ഗംഭീരമായകവിത ഒരുപക്ഷേ അദ്ദേഹത്തിന് ശേഷമുള്ള യേറ്റ്സിനോ വില്യംബ്ലേക്കിനോ എഴുതാൻ കഴിഞ്ഞിട്ടില്ല. അതുപോലത്തെ ഒരു ഫൊണറ്റിക് ഇൻസ്കേപ്പ് ‘’സാഹിത്യ വിദ്യ’യിലും ഉണ്ട്.
മാരാർക്ക് എതിരെയുള്ള ശരിക്കുള്ള ആക്രമണം കുഞ്ചന്റെ നിരാസത്തെ സംബന്ധിച്ചുള്ളതാണ്. കുഞ്ചനെ ഒരു കാരണവശാലും ഉൾക്കൊള്ളാൻ മാരാർക്ക് കഴിയുന്നില്ല.
ഏ. ബാലകൃഷ്ണപിള്ള പറയുന്നത് മലയാളത്തിൽ നിലനിൽപ്പുള്ള രണ്ടേ രണ്ട് കവികൾ ഒന്നു ചങ്ങമ്പുഴയും മറ്റേത് കുഞ്ചൻനമ്പ്യാരുമെന്നാണ്.ബാലകൃഷ്ണപിള്ളയുടെ സാഹിത്യസംഭാവനയെന്താണെന്ന് ചോദിച്ചാൽ ഈ അഭിപ്രായമാണ് എന്ന രീതിയിൽ എംഎൻ വിജയൻ മനസ്സിലാക്കുന്നു എന്നു പറയാം.ആശാൻ്റെ പ്രധാനപ്പെട്ട കൃതിയായി ചണ്ഡാലഭിക്ഷുകിയെയും ദുരവസ്ഥയെയും ബാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇതു രണ്ടും ആശാൻകൃതികളിൽ അധ:കൃതമായി മാറ്റിനിർത്തപ്പെട്ടവയാണ് എന്നതാണ്. അത്തരം വ്യവസ്ഥാപിതനീതിവാക്യത്തെ തകർത്തുകൊണ്ടിട്ടാണ് ബാലകൃഷ്ണപിള്ള അങ്ങനെ പറയുന്നത്.
അങ്ങനെ പറയുന്ന ബാലകൃഷ്ണപിള്ളയെ അംഗീകാരിച്ചുകൊണ്ടാണ് ഇവിടെ വരുമ്പോൾ മാരാരുടെ പരിമിതികളെപ്പറ്റി സംസാരിക്കുന്നത്. മാരാർക്ക് ആശാനെ കൈവെടിയാൻ കഴിയില്ല. കാര്യമെന്തെന്നുവെച്ചാൽ ഋഷി തുല്യനായ കവിയാണ് ആശാനെന്നൊക്കെ മാരാർ പറയുന്നുണ്ട്. ഇന്നലെ വരെയുള്ള നമ്മുടെ ഭാവുകത്വത്തിൽ ഒരു വലിയ പരിവർത്തനമുണ്ടാക്കുന്ന നിലപാടാണ് നമ്പ്യാരെയും ചങ്ങമ്പുഴയെയും പ്രധാന കവിയായി കാണുന്നതിലുള്ളത്. സംഗീതാത്മകവും ജനകീയവുമായ കാവ്യ സംസ്കാരമാണത്.
ചങ്ങമ്പുഴ മറ്റൊരു ഭാവുകത്വശീലമാണ് അതീപ്പറയുന്നപോലെ ചണ്ഡാലഭിക്ഷുകിയുടെയോ ദുരവസ്ഥയുടെയോ കാവ്യശീലവുമായി പോലും പൊരുത്തപ്പെടുന്ന ഒന്നല്ല. അതൊരു വേറിട്ട കാവ്യസംസ്കാരമാണ്. ആശാൻ തന്നെ വേറിട്ട പലകാവ്യ സംസ്കാരത്തിലൂടെ സഞ്ചരിക്കുന്ന ആളാണ്. ചങ്ങമ്പുഴയുടെ കാവ്യശൈലി ജനകീയമാണ്, അത് ആരോടും അനുവാദം ചോദിക്കാതെ നിങ്ങളുടെ ഇരുപ്പുമുറികളിൽ കടന്നുവന്ന് നിങ്ങളോടൊപ്പം ഇരിക്കുന്നു. നിങ്ങളെ പാടി കേൾപ്പിക്കുന്നു.. അതിനാൽ നിലനില്പുള്ള രണ്ട് കവികളിൽ ഒരാൾ ചങ്ങമ്പുഴയും മറ്റേയാൾ നമ്പ്യാരും -രണ്ടാമത്തെ കുമാരനാശാനാണെന്ന് പോലും ബാലകൃഷ്ണപിള്ള പറയുന്നില്ല – എന്നു പറയുമ്പോൾ ഒരു സവിശേഷതരം കാവ്യസംസ്കാരത്തെ ഉയർത്തിക്കൊണ്ടുവരികയാണ്.
ഇപ്പോൾ വി. കെ. എൻ. യുഗത്തിൽ വന്നെത്തിനിൽക്കുമ്പോൾ ഹാസ്യരചനയിൽ ഗൗരവം കാണും എന്നു അംഗീകരിക്കാതിരിക്കാൻ കഴിയാതെ വന്നിരിക്കുമ്പോൾ,കുഞ്ചനെ നമ്മളങ്ങനെ പരിഗണിച്ചിട്ടില്ല എന്ന് പറയുന്ന ഒരു പരാതി ഉയർത്തിക്കൊണ്ട് വന്നു എന്നുള്ളത് ബാലകൃഷ്ണപിള്ളയുടെ കാഴ്ചപ്പാടിന്റെ ഒരു സവിശേഷതയാണ്. അത് കണ്ടെത്തുന്നുവെന്നുള്ളത്, എടുത്തുകാട്ടുന്നുവെന്നുള്ളത് എം. എൻ. വിജയൻ മാഷിന്റെ ഭാവുകത്വവുമായി ബന്ധപ്പെട്ട് കിടക്കുന്ന സവിശേഷതയാണ്.
(തുടരും)
എസ്. സുധീഷ്.
പകർത്തിയെഴുതിയത്
അമൃത ഐ.പി. ഗവേഷക, സര്‍ക്കാര്‍ വനിതാ കോളേജ്, തിരുവനന്തപുരം