ജൂലി ഡി എം

Published: 10 November 2024 ആര്‍ട്ട് ഗാലറി/ട്രോള്‍

മലയാള കവിതയുടെ മാറുന്ന മുഖം

(ആദിയുടെ പെണ്ണപ്പൻ എന്ന കൃതിയുടെ വായന)

 

വിവേചനങ്ങളോടെ ആണിനും പെണ്ണിനും മാത്രമായി ഇടമൊരുക്കുന്ന സമൂഹത്തോട് തങ്ങൾക്കെവിടെയാണ് ഇടമെന്ന് ജെൻഡർ ബൈനറികൾക്കപ്പുറമുള്ള മനുഷ്യർ തങ്ങളുടെ ആവിഷ്കാരങ്ങളിലൂടെ ചോദിച്ചു തുടങ്ങിയിരിക്കുന്നു.നിർദയം കൊന്നു തള്ളപ്പെട്ട മനുഷ്യർക്ക് വേണ്ടി കവിതകളെഴുതുന്നു. അവരുടെ ശബ്ദമാകുന്നു.സ്വയം ഇല്ലാതാ വേണ്ടിവരുന്ന, ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന, അരക്ഷിതമായ അര ജീവിതം നയിക്കുന്ന മനുഷ്യരുടെ പ്രതിനിധിയായി നിന്ന് താൻ എഴുതുന്നത് കവിതകളല്ലെന്നും തന്റെ മരണക്കുറിപ്പുകളാണെന്നും ഒരു കവിക്ക് പറയേണ്ടിവരുന്നു.നോൺ ബൈനറി  മനുഷ്യരെയൊ, അവരുടെ അനുഭവ ലോകങ്ങളെയൊ, ആവിഷ്കാരങ്ങളെയൊ തെല്ലും പരിഗണിക്കാത്ത ഒരു ലോകത്തോട് പൊരുതിനിൽക്കുന്ന ഇതര ലിംഗ വിഭാഗങ്ങളുടെ പ്രതിനിധാനമാണ് ആദിയുടെ പെണ്ണപ്പൻ എന്ന സമാഹാരം.അഡ്രസ്സ് ഇല്ലാതെ, ഐഡന്റിറ്റി ഇല്ലാതെ ജീവിക്കേണ്ടി വരികയും മരണക്കുറിപ്പുകൾ എഴുതി വയ്ക്കാതെ ഒടുങ്ങേണ്ടിവരികയും ചെയ്യുന്ന മനുഷ്യരുടെ ജീവിത സാക്ഷ്യങ്ങളാണ് പെണ്ണപ്പൻ എന്ന സമാഹാരത്തിലുള്ളത്. നിങ്ങൾക്ക് എന്ത് ഐഡന്റിറ്റിയാണുള്ളതെന്ന്, നിങ്ങൾ എങ്ങനെ ജീവിക്കണമെന്ന്, എങ്ങനെ പ്രണയിക്കണമെന്ന് ,ഇണചേരണമെന്ന് നിശ്ചയിക്കുന്ന ആണധികാരസമൂഹത്തിന് നേരെയുള്ള പ്രതിഷേധം ആ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു.

കവിതയിലെ കീഴാള പക്ഷം

മഴ പെയ്യുമ്പോൾ വീട് കരയുന്ന, അരിയില്ലെന്ന് അമ്മമാർ ആവലാതിപ്പെടുന്ന, ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ മനുഷ്യരുടെ പക്ഷത്താണ് ആദിയുടെ    കവിത നിലയുറപ്പിച്ചിരിക്കുന്നത്.സവർണ്ണ ഉപരിവർഗ്ഗ വിശ്വാസങ്ങളും ആചാരങ്ങളും കീഴാള മനുഷ്യർക്ക് മേൽ അധിനിവേശം നടത്തുകയും എന്നാൽ ഉപരിവർഗ്ഗത്തിന്റേതായ ജീവിതം നിഷേധിക്കുകയും ചെയ്യുന്ന കാഴ്ച ‘കലിച്ചി പുറത്ത് ചീപോതി അകത്ത്’ എന്ന കവിതയിൽ കാണാം. കർക്കിടക മാസത്തിൽ കലിച്ചിയെയും മക്കളെയും ആട്ടിയോടിച്ച് ചീപോതിയെയും   മക്കളെയും വിളിച്ചു കയറ്റിയിട്ടും ചേരികളിലെ ഓരം പറ്റിയ ജീവിതങ്ങളിൽ പട്ടിണിയും ദുരിതങ്ങളും ഒഴിഞ്ഞില്ല. സവർണ്ണ ഗൃഹങ്ങളിൽ നിന്ന് ആട്ടിയിറക്കിയ കലിച്ചിയും മക്കളും ദരിദ്രരുടെ വീടുകളിലെത്തുമ്പോൾ അവിടന്നും ഇറക്കിവിടുകയാണ്.ഒടുവിൽ തങ്ങൾ ആട്ടിയിറക്കിയ കലിച്ചിയും മക്കളും വയറെരിഞ്ഞും മഴ നനഞ്ഞും തങ്ങളെപ്പോലെ തന്നെ ചത്തുപോകുമെന്നും അപ്പോഴും അയൽ വീട്ടിലെ പത്തായത്തിൽ ആവോളം നെല്ലുള്ളതിനാൽ അവിടങ്ങളിൽ രാമായണം വായിക്കുകയും രാമനും മക്കളും ഓടിക്കളിക്കുകയും ചെയ്യുമെന്നും പഞ്ഞമാസം മുഴുവൻ കഞ്ഞികുടിച്ചു കഴിച്ചുകൂട്ടുന്നവർ തിരിച്ചറിയുന്നു.രാമായണവും കർക്കിടക മാസാചരണവും കീഴാള മനുഷ്യരുടെ ജീവിതങ്ങളിൽ കൂടി  കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കുന്ന സമകാലിക സാമൂഹിക സാഹചര്യത്തെ കൂടി കവിത ഓർമ്മിപ്പിക്കുന്നു.

സ്ത്രൈണതയോട് ചായ് വുള്ള കവിതകൾ

മനുഷ്യരെന്ന നിലയിൽ അംഗീകാരമോ ദൃശ്യതയോ നീതിയോ കിട്ടാത്ത മനുഷ്യർക്ക് എല്ലായ്പ്പോഴും വിവേചനം അനുഭവിക്കുന്നവരോട് ചേർന്ന് നിൽക്കാനേ കഴിയൂ. അതുകൊണ്ടുതന്നെ പുരുഷത്വത്തിന്റെ  ആഘോഷമായി മാറാൻ ട്രാൻസ്/ ക്വീർ മനുഷ്യരുടെ ആവിഷ്കാരങ്ങൾക്കാവില്ല.ആദിയുടെ കവിതയിലാകെ അമ്മമാരുടെയും പെൺകുട്ടികളുടെയും പെണ്ണാവാൻ ആഗ്രഹിക്കുന്ന മനുഷ്യരുടെയും അനുഭവ ലോകങ്ങൾ നിറഞ്ഞു നിൽക്കുന്നു.സ്നേഹിക്കാൻ ആരുമില്ലാത്ത ” എൻറെ ഞാനേ” എന്ന് വിളിച്ചുറക്കെ സ്വയം കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്ന പെണ്ണുങ്ങൾ മലയാള കവിതയിൽ കാലെടുത്തുവെക്കുന്നു. ആണുങ്ങളോടൊപ്പം ജീവിക്കുമ്പോൾ തന്നെ ആണുങ്ങളെ പ്രേമിക്കാത്ത പെണ്ണുങ്ങൾ കവിതയിൽ അടയാളപ്പെടുന്നു. അമ്മമാരുടെ ആവിഷ്കാരങ്ങളുടെയെല്ലാം ആഖ്യാതാക്കൾ മക്കളാണെന്ന പ്രത്യേകതയും എടുത്ത് പറയണം. അമ്മയെക്കുറിച്ച് ഉണ്ടാക്കി വച്ചിരിക്കുന്ന പരമ്പരാഗത സങ്കല്പങ്ങളെ മക്കളെക്കൊണ്ട് പൊളിച്ചടുക്കുന്ന കാഴ്ച വേറിട്ട കാഴ്ച തന്നെയാണ്.

‘ഉടലുരസിയുരസി തീകൂട്ടുന്നവളുടെ രഹസ്യം’ എന്ന കവിതയിൽ

“അപ്പച്ചൻ മരിച്ചേപ്പിന്നെ

അമ്മ പ്രേമിച്ചിട്ടേയില്ല”

എന്ന് തുടങ്ങുന്ന കവിത

“അപ്പച്ചൻ മരിച്ചേപ്പിന്നെ

അമ്മയാണുങ്ങളെ പ്രേമിച്ചിട്ടേയില്ല”

എന്നും

“അല്ലേലും അപ്പച്ചൻ മരിക്കും മുന്നേയും അമ്മ ആണുങ്ങളെ പ്രേമിച്ചിട്ടേയില്ല “

എന്നും  അമ്മയുടെ സ്വത്വ പ്രകാശനമായിമാറുന്നു.

ദാരിദ്ര്യം ആകാരം പൂണ്ട അമ്മമാരാണ് ആദിയുടെ കവിതയിൽ നിറയുന്നത്. നാലഞ്ചു മീൻ അധികം കിട്ടാൻ മീൻ മേടിക്കുന്ന മാപ്ളയെ പ്രേമിക്കുന്ന അമ്മ. അരിക്കച്ചവടക്കാരനെയും പലചരക്ക് കാരനെയും അമ്മ ഈ മട്ടിൽ പ്രേമിച്ചിട്ടുണ്ട്.ചെതല് തിന്ന് വീഴാൻ പോണ വീട്ടിൽ കഴിയുന്നവർക്കുള്ള മുന്തിയ നീലക്കാർഡ് മാറ്റാൻ പഞ്ചായത്ത് മെമ്പറെ പ്രേമിച്ചു. അയാൾ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ നിറമുള്ള സാരി നിരസിച്ച അമ്മ “രണ്ടുർപ്പ്യെടെ  അരി” എന്നാണ് പറഞ്ഞത്.എങ്കിലും

“കരേലെ ആണുങ്ങളെ

 ചോരകുടിച്ചാ ഓളും മക്കളും

 ചീർക്കുന്നേ “ എന്ന് നാട്ടുകാർ ദുഷിച്ചു.ഇമ്മട്ടിൽ നാട്ടുകാർ ദുഷിച്ച അമ്മയും മക്കളും തലയിലെ പേനിനേയും അരിയിലെ ചെള്ളിനെയുമല്ലാതെ ആരെയും കൊല്ലുകയോ ചോര കുടിക്കുകയോ ചെയ്തിരുന്നില്ല.നാടക ട്രൂപ്പിലെ നടിയായിരുന്നതിന് എന്നും ഭർത്താവിൽ നിന്നും ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും തല്ലു കൊള്ളുകയും തെറിവിളി കേൾക്കുകയും ചെയ്തിരുന്ന അമ്മയുടെ ദുരിതപർവ്വം അവതരിപ്പിക്കുന്നത് സ്കൂളിൽ നാടകം ചെയ്തതിന് അപ്പന്റെയും അപ്പാപ്പന്മാരുടെയും തല്ലുകൊള്ളുന്ന മകളാണ്.

‘അച്ഛനെന്നു പേരുളള ഒരാൾ മരിച്ചുപോകുമ്പോൾ’ എന്ന കവിത

“അച്ഛൻ എന്ന് പേരുള്ള

ഒരാൾ മരിച്ചു

 പോകുമ്പോൾ

നാലാളുകാണേ

ആയമ്മ ആർത്തു കരയും

നെഞ്ഞത്തടിക്കും

അച്ഛൻ പതിവായി

 ഊര വളച്ചാണിടിക്കാറ്” എന്നാണ് തുടങ്ങുന്നത്.

പെല കഴിഞ്ഞ് വലിച്ചുകെട്ടിയ പന്തലും വാടകയ്ക്ക് ഇറക്കിയ കസേരകളും പോകുമ്പോൾ “ചായ”യെന്നുറക്കെയുള്ള വിളിയില്ലാതെ ,

വിളി കേൾക്കാത്തതിലുള്ള തള്ളയ്ക്കു വിളിയും തന്തയ്ക്ക് വിളിയുമില്ലാതെ,

 തെറി കേട്ട് മക്കൾ പിടഞ്ഞെണീക്കാത്ത ദിവസങ്ങളിൽ അമ്മയ്ക്ക്

“വീണ്ടും ചെറുപ്പം വെക്കും

മുഖം തെളിയും” എന്നിങ്ങനെ ദുരിത ജീവിതമൊഴിഞ്ഞ് തളിർക്കുന്ന അമ്മമാരെ കവി വരച്ചുവയ്ക്കുന്നു. അമ്മ ചെയ്യേണ്ടതെന്ന് സമൂഹം കൽപ്പിക്കുന്ന ജോലികൾ ചെയ്യാതെ അമ്മ കവിതയെഴുതാനിരുന്നാൽ ആ ജോലികൾ പിന്നെ ആര് ചെയ്യും എന്ന് ചോദ്യം “തൽക്കാലം അമ്മ കവിതയെഴുതണ്ട” എന്ന തീർപ്പിലാണെത്തുന്നത്

ലിംഗം ബാധ്യതയാകുന്ന മനുഷ്യർ

വിവേചനങ്ങളോടെ ആണിനും പെണ്ണിനും മാത്രമായി ഇടം ഒരുക്കി വെച്ചിരിക്കുന്ന ഒരു വ്യവസ്ഥയിൽ ലിംഗം ബാധ്യതയാകുന്ന മനുഷ്യർ നേരിടുന്ന പ്രതിസന്ധിയും വെല്ലുവിളിയുമാണ് പെണ്ണപ്പൻ എന്ന കൃതി ചർച്ചയ്ക്ക് വയ്ക്കുന്നത്.ഭൂരിപക്ഷവും ഹെറ്റെറോ സെക്ഷ്വൽ ആയ മനുഷ്യരുടെ ഇടയിൽ വ്യത്യസ്തമായ ലൈംഗിക ചായ് വുള്ള (sexual orientation) മനുഷ്യർ നേരിടുന്ന ദുരന്തങ്ങൾ കവിതയ്ക്ക് വിഷയമാകുന്നു.

”ആണുങ്ങളെയെനിക്ക് പ്രേമിക്കണ്ടമ്മാ”യെന്ന് നിലവിളിക്കുന്ന പെൺകുട്ടിയെ ‘നെലോളി’ എന്ന കവിതയിൽ കാണാം.ആണുങ്ങളെ എനിക്ക് പ്രേമിക്കേണ്ടെന്ന് നെലവിളിച്ച  പെൺകുട്ടിക്ക് ദൈവവിളി ഉണ്ടായെന്നു പറഞ്ഞ് അമ്മ മഠത്തിൽ ചേർത്തു. അവളുടെ അമ്മയും അപ്പനും ചേച്ചിയുമെല്ലാം കർത്താവിന് നിരക്കുന്ന പ്രേമത്തിലാണ് പെട്ടത്. മഠത്തിൽ, കർത്താവിന് നിരക്കുന്ന പ്രേമത്തിൽ പെട്ടവരെ സ്വപ്നം കണ്ട് കിടക്കവേയാണ് കർത്താവ് വന്നു കുപ്പായം പൊക്കിയത്. 

“കർത്താവും ആണാണ് ;

പക്ഷേ

എനിക്ക് നെരക്കാത്തത് !

ആണുങ്ങളെയെനിക്ക്

 പ്രേമിക്കേണ്ടെന്നുറക്കെ

കരഞ്ഞതിനച്ചനെന്നെ മഠത്തിൽ നിന്ന് പൊറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി”

“ആണുങ്ങളെയെനിക്കു

പ്രേമിക്കണ്ടാന്നുറക്കെ നെലോളിച്ച”തിനാണ് മഠത്തിൽ ചേർന്ന പെൺകുട്ടിയുടെ ഒടുക്കത്തെ ശ്വാസവും വെള്ളം കേറിയടഞ്ഞത് എന്ന് കവിത അവസാനിക്കുന്നു.ഹെറ്റെറോ സെക്ഷ്വൽ അല്ലാത്ത മനുഷ്യർ ആണധികാര സമൂഹത്തിൽ ജീവിക്കേണ്ടി വരുമ്പോൾ അനുഭവിക്കുന്ന ദുരന്തങ്ങൾക്കൊപ്പം വിശ്വാസത്തെ ചൂഷണം ചെയ്യുന്ന മതസ്ഥാപനങ്ങൾ നിർധനരും നിസ്സഹായരും കുടുംബം പുറന്തള്ളുന്നവരുമായ പെൺകുട്ടികൾക്ക് ചാവൊരുക്കുന്ന ചാവുനിലങ്ങളായി മാറുന്ന സാമൂഹ്യ പശ്ചാത്തലം കൂടി വിശദീകരണങ്ങളുടെ ആവശ്യമില്ലാതെ കവിതയിൽ വിളക്കിച്ചേർക്കപ്പെടുന്നു.നൂറ്റാണ്ടുകളായി പുരുഷാധിപത്യ സമൂഹത്തിന്റെ കണ്ടീഷനിങ്ങിന് വിധേയരായ മനുഷ്യരുടെ ഇടയിൽ ആൺ പെൺ ദ്വന്ദ്വങ്ങൾക്കിടയിലെ മനുഷ്യർ നേരിടുന്ന പ്രതിസന്ധിയാണ് ‘പെണ്ണപ്പൻ’ എന്ന കവിത പകരുന്നത്. ആണധികാര ലോകത്തിന്റെ ജെൻഡർ ബോധ്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ മീൻ നുള്ളുന്ന, അടുപ്പൂതുന്ന , അടിച്ചുവാരുന്ന മനുഷ്യനാണ് നാട്ടുകാരുടെെ പെണ്ണപ്പൻ.

“അടിപ്പാവാട കൂടി കഴുകിക്കൊട,യാ ണുങ്ങളെ പറയിപ്പിക്കാ”നെന്ന് കരക്കാരു മുഴുവനും വാകീറു”മ്പോൾ

“നൂറ്റാണ്ടുകളുടെ വിഴുപ്പലക്കിക്ക ളയുവാ”ന്ന് സിദ്ധാന്തം പറയും പെണ്ണപ്പൻ.

അടുത്ത പൊരകളിൽ

ആണപ്പന്മാർ

ഭാര്യമാരെ ചെരവ

കൊണ്ടെറിഞ്ഞു വീത്തും

ചീത്ത വിളിക്കും

പിള്ളേരെ പൊതിരെ തല്ലും

മുണ്ട് പൊക്കി

നാണം കെടുത്തും

പക്ഷേ പെണ്ണപ്പനൊന്നും

ചെയ്തില്ല”

ചുറ്റിനുമുയരുന്ന പരിഹാസത്തോട് പൊരുതാനറിയാതെ അലക്ക് കെട്ടില്ലാതെ ആറ്റിലേക്ക് ഇറങ്ങിപ്പോയതാണ് പെണ്ണപ്പന്റെ പെണ്ണ്.

“ആണപ്പന്മാർ പണിതു കാണുമെന്ന് കരക്കമ്പി പോലും വന്നു “

ആ സംഭവത്തിൽ.ഒടുവിൽ ആണപ്പന്മാരുടെ  ഇടയിൽ നിന്നും ആറ്റിലേക്കും മഴയിലേക്കും വെയിലിലേക്കും അടുപ്പിലേക്കും അടിപ്പാവാടകളിലേക്കും കുഞ്ഞിനേയുമെടുത്ത് ഇറങ്ങിപ്പോവുകയാണ് പെണ്ണപ്പൻ. പുരുഷാധിപത്യം തികഞ്ഞ വിവേചനങ്ങളോടെ ആണിനും പെണ്ണിനും തൻറെ അനുശാസനങ്ങൾക്കനുസൃതമായി തലമുറകളെ വളർത്താൻ കെട്ടിപ്പൊക്കിയ കുടുംബം എന്ന മനുഷ്യ വിരുദ്ധ സ്ഥാപനത്തിൽ നിന്നാണ് പെണ്ണപ്പനും അയാളുടെ പെണ്ണും ഇറങ്ങിപ്പോകുന്നത്.

പുരുഷ സൃഷ്ടമായ ഭാഷ ,രണ്ടുകൂട്ടർക്ക് മാത്രമായി നിശ്ചയിച്ച ലിംഗ പ്രത്യയങ്ങൾ

തങ്ങൾക്ക്   ബാധകമല്ലാതിരുന്നതുകൊണ്ട്,

“ മലയാളം ക്ലാസുകളിൽ

 സ്ഥിരം

ലിംഗ പ്രത്യയങ്ങൾ

തെറ്റിച്ചെഴുതിയിരുന്ന

എൻറെ വായിൽ

ആത്മഹത്യാക്കുറിപ്പെഴുതാൻ വാക്കില്ലായിരുന്നു” എന്ന്

കവിയ്ക്കെഴുതേണ്ടി വരുന്നു.

ഒരിക്കലും സ്നേഹിക്കപ്പെടാതെ പോകുന്ന മനുഷ്യർ സ്നേഹത്തെ മറ്റൊരുതരത്തിൽ നിർവചിക്കുന്നു.സ്നേഹം എന്ന പേരിൽ പലപ്പോഴും നാം തെറ്റിദ്ധരിക്കുന്ന വികാരം വിധേയത്വവും അടിമത്തവും കൂറുമാണെന്ന് തിരിച്ചറിവുണ്ടാകുമ്പോൾ “സ്നേഹം ഒരു വൃത്തികെട്ട വികാരമാകുന്നു”എന്ന് പറയേണ്ടി വരുന്നു.

“സ്നേഹമൊരു ഒരു വൃത്തികെട്ട വികാരമാണ്.

 സ്വന്തം സ്വാർത്ഥതയെയാണത് തൃപ്തിപ്പെടുത്തുന്നത് .

അപരന്റെ വിധേയത്വമാണതെപ്പോഴും ആഗ്രഹിക്കുന്നത്

ചിലപ്പോഴെങ്കിലും സ്നേഹം ഒരു വൃത്തികെട്ട വികാരമാണ്.”

കൃതികളിൽ ജീവിതം ആവിഷ്കരിക്കുന്നതിൽ നിന്ന് മാറി, ജീവിച്ചിരിക്കാൻ ആവിഷ്കരണം അനിവാര്യമാവുന്ന മനുഷ്യരുടെ അടയാളപ്പെടുത്തലായി പെണ്ണപ്പൻ എന്ന കൃതി മാറുന്നു.തങ്ങളുടെതല്ലാത്ത കുറ്റത്തിന് ശിക്ഷയേൽക്കേണ്ടി വന്നവർക്കുള്ള വേദനയാറ്റലായി കവിത മാറുന്നു. അത് നിങ്ങൾ നാവ് പിഴുതെടുത്തവരുടെ ശബ്ദമായും കൊന്നുതള്ളിയവർക്കുള്ള കാവ്യനീതിയായും മാറുന്നു.

ജൂലി ഡി എം

അദ്ധ്യാപിക

4 3 votes
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
വൈഗ സുബ്രഹ്മണ്ണ്യം
വൈഗ സുബ്രഹ്മണ്ണ്യം
1 month ago

ആദിയുടെ കവിത പെണ്ണപ്പൻ ❤️ ജൂലി ടീച്ചർ മനോഹരമായി വിവരിച്ചു 🥰

1
0
Would love your thoughts, please comment.x
()
x
×