സ്റ്റാന്‍ലി.ജി.എസ്.
Published: 10 November 2024 സംസ്കാരപഠനം
മലയാള ഭാഷാ ശൈലികളും ബൗദ്ധ സ്വാധീനവും
ഒരു പദോൽപ്പത്തി സാമൂഹ്യശാസ്ത്ര വിശകലനം (ഭാഗം – 1)
കേരളം എന്ന് ഇന്ന് അറിയപ്പെടുന്ന ഭൂവിഭാഗത്തിന് ബുദ്ധധർമ്മവുമായി അഭേദ്യമായ ബന്ധമുണ്ട്. ഏതാണ്ട് ബി.സി മൂന്നാം നൂറ്റാണ്ട് മുതൽ ഏട്ടാം നൂറ്റാണ്ടു വരെ കേരളത്തിൽ ബുദ്ധമതത്തിന് പ്രാധാന്യമുണ്ടായിരുന്നു[i]. കേരളം എന്ന പേര് തന്നെ ഥേര എന്ന പാലി വാക്കിൽ നിന്നുത്ഭവിച്ചതാണ് എന്ന് കരുതപ്പെടുന്നു. കേരളത്തിൽ പ്രാധാന്യമുണ്ടായിരുന്ന ബുദ്ധദർശനം ഥേരാവാദം ആയിരുന്നു. ഥേര എന്ന വാക്ക് പാലിയിൽ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേര എന്നായതാണെന്നും, സ്ഥലം എന്ന അർത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും പ്രസ്തുത പദങ്ങളുടെ സംയോജനഫലമായാണ് ഥേരന്റെ സ്ഥലം എന്നർത്ഥമുളള കേരളം എന്ന വാക്കുണ്ടായതെന്നും കരുതപ്പെടുന്നു.
ബുദ്ധ ധർമ്മം പ്രചാരത്തിലിരുന്നതിന്റെ അനേകം ഭൗതിക തെളിവുകൾ കേരളത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. ബുദ്ധ ധർമ്മത്തിന്റെ സ്വാധീനം നമ്മുടെ ഭാഷയിലും പ്രതിഫലിച്ചിട്ടുണ്ട്. ഭാഷാപരമായ അനേകം തെളിവുകൾ കണ്ടെത്തിയിട്ടുമുണ്ട് – ഇനിയും കണ്ടെത്താനാകുമെന്നതിൽ തർക്കമില്ല.
മലയാള ഭാഷയിലെ വാക്കുകൾ, ശൈലികൾ, പ്രയോഗങ്ങൾ, ചൊല്ലുകൾ, പഴമൊഴികൾ, കടങ്കഥകൾ, വായ്ത്താരികൾ തുടങ്ങിയവ പരിശോധിച്ച് മേൽപ്പറഞ്ഞ ബുദ്ധ ബന്ധം കണ്ടെത്താനാണ് ഈ പഠന പംക്തി കൊണ്ട് ഉദ്ദേശിക്കുന്നത്.
അയ്യട അയ്യോ അയ്യയ്യോ ! – അർത്ഥം മറന്നാലും നാവിൽ നിന്നൊഴിയാത്ത ശരണംവിളി
അയ്യ എന്ന വാക്കുമായി ബന്ധപ്പെട്ട് മലയാളത്തിൽ അനേകം വ്യാക്ഷേപകങ്ങൾ കാണാൻ സാധിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘അയ്യോ’. എന്തിനും ഏതിനും മലയാളി ചേർക്കുന്ന വ്യാക്ഷേപകമത്രെ ‘അയ്യോ’. ആര്യ എന്ന സംസ്കൃത വാക്കിന്റെ ദ്രാവിഡ രൂപമായ ‘അയ്യ’യിൽ നിന്നുമാണ് ‘അയ്യോ’ എന്ന വ്യാക്ഷേപകം ഉണ്ടായിട്ടുളളത്. ആര്യ എന്ന സംസ്കൃത വാക്ക് ബൌദ്ധരുടെ ഭാഷയായ പാലിയിൽ അജ്ജയും ദ്രാവിഡത്തിൽ അയ്യയും ആണ്. ആര്യൻ യഥാക്രമം അജ്ജനും അയ്യനും ആണ്. ആര്യം എന്ന വാക്കിന്റെ അർത്ഥം ശ്രേഷ്ഠം എന്നാണ്. അയ്യൻ ബുദ്ധനാണെന്നതിന് ഇന്ന് അനേകം തെളിവുകളുണ്ട്. രക്ഷയ്ക്കായും മറ്റും ദൈവമേ, അമ്മോ, അച്ചോ[ii] എന്നൊക്കെ വിളിക്കുമ്പോലെ ആപത്തിലും മറ്റും ബുദ്ധനെ ‘അയ്യോ’ എന്ന് സമാന രീതിയിൽ വിളിച്ചിരുന്നു. പിന്നീട് ബുദ്ധമതം ക്ഷയിച്ചു പോയെങ്കിലും അയ്യോ വിളി ഭാഷയിൽ തുടർന്ന് വന്നു. യഥാർത്ഥത്തിൽ അയ്യോ എന്നത് വാചകമാണ്, ദ്യോതകമല്ല. അതിന് ദൈവമെന്ന അർത്ഥമില്ല. ബുദ്ധനെ ആണ് അത് സൂചിപ്പിക്കുന്നത്.
‘അയ്യം’ എന്ന വാക്കിന് നിലവിൽ ‘മോശപ്പെട്ടത്, ചീത്തയായ, ചീത്ത, അശുചിയായത്’ എന്നൊക്കെ അർത്ഥം കാണുന്നു. അയ്യേ എന്നത് ചീത്തയായ കാര്യത്തെ ദ്യോതിപ്പിക്കുന്നു. അയ്യ എന്ന വാക്കിൽ നിന്നുമാണ് ഈ വാക്കുകൾ രൂപപ്പെട്ടിട്ടുളളത്. അയ്യം അഥവാ ആര്യം എന്നതിന് ശ്രേഷ്ഠം എന്നാണ് യഥാർത്ഥ അർത്ഥം. എന്നാൽ പിൽക്കാലത്ത് അയ്യേ, അയ്യം തുടങ്ങിയ വാക്കുകൾക്ക് മോശപ്പെട്ടത് എന്ന അർത്ഥം വന്നു ചേർന്നു. ഈ വാക്കുകളുമായി ചേർന്ന് നിന്നിരുന്ന സംസ്കാരത്തിന് തകർച്ച നേരിട്ടപ്പോൾ പദത്തിനും അതേ അധഃപതനം സംഭവിച്ചതായി മനസിലാക്കാവുന്നതാണ്. അങ്ങനെ സംഭവിക്കാറുണ്ട്. തേവിടിച്ചി എന്ന പദം ദേവദാസികളെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്ന പദമായിരുന്നു. ദേവന് മുമ്പിൽ സമർപ്പിക്കപ്പെട്ടവരായിരുന്നു ദേവദാസികൾ. എന്നാൽ പിൽക്കാലത്ത് പുരോഹിതന്മാരും അമ്പലം മേൽനോട്ടക്കാരും അവരെ ഉപയോഗിക്കുവാൻ തുടങ്ങിയപ്പോൾ ആ വാക്കിന് വേശ്യ എന്ന അർത്ഥം വന്നു ചേർന്നു. അതേ പോലെ ആദ്യകാലത്ത് ബുദ്ധർ ഉന്നതിയിലായിരുന്ന സമയത്ത് അയ്യ എന്ന വാക്കിന് മഹത്വവും, പിൽക്കാലത്ത് തകർച്ചയിലാവുകയും ബുദ്ധ ആശയങ്ങൾക്ക് എതിരെ നിന്നവരുടെ വാഴ്ച ഉണ്ടാവുകയും ചെയ്തപ്പോൾ ഇകഴ്ചയും വന്നു ചേർന്നു.
ശൈവ വൈഷ്ണവ മതങ്ങൾ ശക്തി പ്രാപിച്ച സമയത്ത് ‘അയ്യോ’ ശബ്ദം മോശമായി കരുതപ്പെട്ടു. മരിക്കാൻ കിടക്കുന്ന / രോഗാവസ്ഥയിൽ കിടക്കുന്ന ആൾ അയ്യോ എന്ന് വിളിക്കരുതെന്നും അയ്യൻ കാലനാണെന്നും ദൈവമേ എന്നോ ഇഷ്ടപ്പെട്ട ദേവതയുടെ പേരോ മാത്രമേ വിളിക്കാവൂ എന്നുമുളള നിഷ്കർഷകൾ നിലവിലുണ്ടായിരുന്നത് ഇതിനെ പിന്താങ്ങുന്നുണ്ട്.[iii]നമ്പൂതിരി ഇല്ലങ്ങളിൽ ഇപ്പോഴും അയ്യോ എന്ന് വിളിക്കുന്നതിന് വിരോധം[iv] ഉണ്ട്.
‘അയ്യോ പാവി’ എന്നൊരു ശൈലിയും ബുദ്ധനുമായി ബന്ധപ്പെട്ടത് തന്നെ. പാവി എന്ന വാക്കിന് ‘പാവത്താൻ, ദോഷമുണ്ടാക്കാത്തവൻ’ എന്നെല്ലാമാണ് അർത്ഥം. ആരെയും ഉപദ്രവിക്കാത്ത, അഹിംസയിൽ അടിയുറച്ച് വിശ്വസിച്ചിരുന്നവരായിരുന്നു ബുദ്ധ ഭിക്ഷുക്കൾ. ഇക്കാരണത്താലാണ് ബുദ്ധ ഭിക്ഷുക്കളെ പോലെ പാവത്താൻ എന്ന അർത്ഥത്തിൽ ‘അയ്യോ പാവി’ എന്ന ശൈലി രൂപപ്പെട്ടിട്ടുളളത്. അപ്പാവി എന്ന വാക്കും സമാന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു.
“അയ്യോ പൊത്തോന്ന്” എന്ന ഒരു പ്രയോഗം വാമൊഴി മലയാളത്തിൽ കാണാനാകും. വീഴ്ചയെ കാണിക്കാനാണ് മിക്കവാറും ഇത് പ്രയോഗിക്കുന്നത്. വീഴ്ച സമയത്ത് ആൾക്കാർ ബുദ്ധനെ ശരണാർത്ഥം വിളിക്കുന്നതാണ് നാം ഈ വിളിയിൽ കേൾക്കുന്നത്. ‘ആര്യ ബുദ്ധോ’ എന്നതിന്റെ ദ്രാവിഡ രൂപമാണ് “അയ്യോ പൊത്തോ” എന്ന് കാണാൻ പ്രയാസമില്ല.
അയ്യ ശബ്ദവുമായി ബന്ധപ്പെട്ട മറ്റൊരു ശൈലിയാണ് “അയ്യട എന്നായിപ്പോവുക”. എന്തെങ്കിലും അമളി പിണയുന്ന സന്ദർഭങ്ങളിൽ മലയാളികൾ ഉയോഗിക്കുന്ന ഒരു ശൈലിയാണിത്. ചെയ്ത പ്രവൃത്തി അബദ്ധമായിപ്പോയി എന്ന് തിരിച്ചറിയുമ്പോഴാണ് ഈ ശൈലി പ്രയോഗിക്കപ്പെടുന്നത്. സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഈ ശൈലിക്ക് ബുദ്ധ ബന്ധമുള്ളതായി കാണാം. അയ്യാ എന്ന വാക്ക് ബുദ്ധനെയാണ് സൂചിപ്പിക്കുന്നതെന്ന് കണ്ടു കഴിഞ്ഞു. അട എന്ന ദ്രാവിഡ വാക്കിന് അഭയം അഥവാ ശരണം എന്ന് അർത്ഥം കാണാം. ചുരുക്കത്തിൽ അയ്യട എന്നാൽ ‘ബുദ്ധം ശരണം’ എന്നത്രെ അർത്ഥം.
അയ്യ + അട[v] = അയ്യട > ബുദ്ധം ശരണം.
ബുദ്ധൻ, ധർമം, സംഘം എന്നീ മൂന്ന് ആശ്രയങ്ങളെയാണ് ബുദ്ധ ധർമ്മത്തിലെ ശരണത്രയങ്ങൾ എന്ന് വിളിക്കുന്നത്. ശരണത്രയത്തിലെ ആദ്യത്തേതും പ്രധാനവുമായ ‘ബുദ്ധം ശരണം’ എന്നതിനെയാണ് ‘അയ്യട’ എന്ന വാക്ക് സൂചിപ്പിക്കുന്നത്. ഇനി ഈ ശൈലി ഉണ്ടാകാനിടയുള്ള സാമൂഹ്യ സാഹചര്യത്തിലേയ്ക്ക് വരാം.
നേരത്തേ സൂചിപ്പിച്ചതു പോലെ അബദ്ധം പറ്റുമ്പോഴും വീഴ്ച ഉണ്ടാകുമ്പോഴുമെല്ലാം മനുഷ്യൻ മിക്കവാറും അഭയം നൽകുന്നവരെ വിളിച്ചുപോകാറുണ്ട്. അമ്മേ, ദൈവമേ, റബ്ബേ, എന്റെ മുത്തപ്പാ, എന്റെ ശിവനേ എന്നെല്ലാമുള്ള വിളികൾ സാധാരണമാണ്. അതേ പോലെ ബുദ്ധനെ അഭയസ്ഥാനമായി മനസിൽ കണ്ട് ‘അയ്യോ’ എന്ന് വിളിച്ചിരുന്നുവെന്ന് നാം കണ്ട് കഴിഞ്ഞു. കൂടാതെ ബുദ്ധ ധർമ്മക്കാർ ‘ബുദ്ധം ശരണം’ എന്നത് ആശംസാ വാചകമായും മറ്റും ഉപയോഗിച്ചിരുന്നു. ഇതേ പോലെ, ബുദ്ധ ധർമ്മത്തിന് സമകാലീനമായിരുന്ന മതങ്ങളായ ശൈവ വൈഷ്ണവ മതങ്ങൾ “ശിവ ശിവ”, “നാരായണ നാരായണ” എന്നെല്ലാം ഉപയോഗിച്ചിരുന്നു. ശൈവ വൈഷ്ണവ മതങ്ങൾ ശക്തമാവുകയും ബുദ്ധ ധർമ്മത്തിന് അധഃപതനം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ ബുദ്ധ അനുയായികളായിരുന്ന അനേകം പേർ ശൈവ വൈഷ്ണവ മതങ്ങളിലേയ്ക്ക് കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കൂട്ടിച്ചേർക്കപ്പെട്ടവർ പിൽക്കാലത്ത് ശൈവ വൈഷ്ണവ മതങ്ങളിൽ അവർക്ക് കൂടുതൽ സ്വീകാര്യത കിട്ടുന്നതിനായി തങ്ങളുടെ പൂർവ്വ കാല ബുദ്ധ ബന്ധം മറച്ച് വെയ്ക്കുവാൻ ശ്രമിച്ചിരുന്നു. എങ്കിലും പല സന്ദർഭങ്ങളിലും പുതിയ മതത്തിലെ വ്യാക്ഷേപകങ്ങളായ ‘ശിവ ശിവ’ എന്നോ ‘നാരായണ നാരായണ!’ എന്നോ പറയുന്നതിന് പകരം, പറഞ്ഞ് ശീലിച്ച് പോയ ‘അയ്യട’ എന്ന ശരണ മന്ത്രം അറിയാതെ പറഞ്ഞു പോകുമായിരുന്നു. പറഞ്ഞ് കഴിഞ്ഞതിന് ശേഷമാണ് അബദ്ധം പറ്റിയ കാര്യം അവർ ഓർത്തിരുന്നത്. ഇത്തരം അമളികളിൽ നിന്നാണ് “അയ്യടാ എന്ന് ആയി പോയി” എന്ന ശൈലി രൂപപ്പെട്ടത്. “അയ്യടാ എന്ന് പറഞ്ഞു പോയി” എന്നത് പിൽക്കാലത്ത് എല്ലാത്തരം അബദ്ധങ്ങളെയും സൂചിപ്പിക്കുന്ന ഒരു ശൈലിയായി തീർന്നു. “എന്നുക” എന്ന വാക്കിന് ആദ്യ കാലത്ത് “പറയുക” എന്ന് അർത്ഥമുണ്ടായിരുന്നു. പിൽക്കാലത്ത് “എന്‍” ധാതുവിന് അർത്ഥസങ്കോചവും ഖിലത്വവും സംഭവിച്ചപ്പോൾ “എന്നു പറഞ്ഞു” എന്നപോലെ അർത്ഥം ആവർത്തിക്കുന്ന തരത്തിലുള്ള പ്രയോഗം നടപ്പിൽ വന്നിട്ടുണ്ട്. എന്നാൽ “അയ്യടാ ‘എന്ന്’ ആയി പോയി” എന്ന ശൈലിയിൽ ഉണ്ടായിരുന്ന ‘എന്ന് ‘ എന്ന വാക്കിന്, അത് ശൈലിക്ക് ഉളളിൽ മറ്റ് വാക്കുകളാൽ ബന്ധിപ്പിക്കപ്പെട്ടിരുന്നതിനാൽ തന്നെ മേൽപറഞ്ഞ അർത്ഥ ആവർത്തനം വരാതെ തുടർന്നു. അതുകൊണ്ടാണ് “അയ്യട എന്നായിപ്പോയി” എന്ന് ശൈലി നിലനിൽക്കുകയും “അയ്യട എന്ന് പറഞ്ഞു പോയി” എന്ന് മാറാതിരിക്കുകയും ചെയ്തതതെന്ന് ന്യായമായും കരുതാവുന്നതാണ്.
‘അയ്യട’ എന്ന വാക്ക് ‘അയ്യെടാ’ എന്ന വാക്കുമായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. അയ്യെട എന്നാൽ അയ്യ, എടാ എന്നീ വാക്കുകൾ ചേർന്നുണ്ടായതാണ്. ബുദ്ധന്റെ പര്യായമായ ‘അയ്യ’യോട് ‘എടാ’ എന്ന, വെറുപ്പോ ആശ്ചര്യമോ സൂചിപ്പിക്കുന്ന വ്യാക്ഷേപകം ചേർത്ത് ഉണ്ടാക്കിയിരിക്കുന്ന വാക്കാണ് ‘അയ്യെടാ’. അതുകൊണ്ടാണ് അതിന് ‘അയ്യെടി’ (അയ്യ എടി) എന്ന സ്ത്രീലിംഗ സൂചകമായ തത്തുല്യം ഉണ്ടായിരിക്കുന്നത്. ‘അയ്യ’ എന്നതിനോട് ‘എട’ എന്ന പദം ചേർന്നല്ല ‘അയ്യട’ ഉണ്ടായിരിക്കുന്നത് എന്നതിനാലാണ് ‘അയ്യടി’ എന്ന വാക്ക് ചേർത്ത് സമാന ശൈലി പ്രയോഗിക്കപ്പെടാത്തത് എന്ന് ന്യായമായും കരുതാവുന്നതാണ്. “അയ്യട എന്നായിപ്പോയി” എന്ന ശൈലിയേ ഉള്ളൂ, മറിച്ച് “അയ്യടി എന്നായിപ്പോയി” എന്ന ശൈലി ഇല്ല. “അയ്യട എന്നായിപ്പോയി” എന്ന ശൈലിയിലെ “അയ്യട”, “ബുദ്ധം ശരണം” എന്ന ശരണ മന്ത്രം അല്ലാതെ മറ്റൊന്നുമല്ല. ചുരുക്കത്തിൽ, അയ്യന്റെ അർത്ഥം മറന്നെങ്കിലും, ആപത്തിൽ വിളിച്ചപേക്ഷിക്കാവുന്ന ഒരു ഭാഷാ ശകലമായി മലയാളികളുടെ ഉളളിന്റെയുളളിൽ അയ്യനിപ്പോഴും മായാതെ നിൽക്കുന്നുവെന്നാണ് ഈ ശൈലികളും വ്യാക്ഷേപകങ്ങളും എല്ലാം സൂചിപ്പിക്കുന്നത്.
[1]ബൌദ്ധ സ്വാധീനം കേരളത്തിൽ – പവനൻ, സി.പി. രാജേന്ദ്രൻ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2008, പുറം. 3
[2] ബൌദ്ധരുടെ ഭാഷയായ പാലി ഭാഷയിൽ നിന്നുമാണ് അമ്മ എന്ന വാക്കും അച്ഛൻ എന്ന വാക്കും മലയാളിക്ക് ലഭിച്ചത്. അംബ എന്ന സംസ്കൃത വാക്കിന്റെ പാലി രൂപമാണ് അമ്മ. ആര്യ എന്ന സംസ്കൃത വാക്കിന്റെ പാലി രൂപമായ അജ്ജൻ എന്നതിൽ നിന്നാണ് അച്ഛൻ എന്ന വാക്ക് ഉണ്ടായിട്ടുളളത്.
[3]തെക്കൻ തിരുവിതാംകൂർ മേഖലയിൽ അയ്യോ എന്നതിന് പകരം അപ്പോ എന്നാണ് പ്രയോഗം. ശിവനെ (വൈക്കത്തപ്പൻ, ഏറ്റുമാനൂരപ്പൻ) യും വിഷ്ണുവിനെയും (തൃക്കാക്കരയപ്പൻ, ഗുരുവായൂരപ്പൻ) സൂചിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ട്. അയ്യോയെ അപ്പോ കൊണ്ട് ബ്രാഹ്മണ മതം ആദേശം ചെയ്തതായി കരുതപ്പെടുന്നു. യഥാർത്ഥത്തിൽ അപ്പനും ബുദ്ധൻ തന്നെ.
[4]പുത്തൻ കേരളം – കേരള സംസ്കാരത്തിന്റെ ബൌദ്ധ അടിത്തറ – ഡോ .അജയ് ശേഖർകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, മാർച്ച് 2008. പുറം നം. 14.
[5] അട എന്ന വാക്കിന് പ്രമുഖ തമിഴ് നിഘണ്ടുക്കളില്‍ ചുവടെ പറയുന്ന അര്‍ത്ഥങ്ങള്‍ കാണുന്നു – (I) Miron Winslow – A Comprehensive Tamil and English Dictionary – அடை- aṭai – கிறேன், ந்தேன், வேன், அ டைய, v. a. To approach, frequent, gain access to, reach, arrive at, சேர. 2. To obtain, get, enjoy, suffer, பெற. 3. v. n. To drift ashore, கரைசேர. 4. To apply for refuge or protection, take shelter with one, சரண்புக. 5. To subside, sink to the bot tom, be deposited as a sediment, வண்டல் படிய. 6. To collect, adhere as dust, தூசி யடைய. 7. To be choked, filled up, in closed, stopped up, தூர. 8. To be conti guous, adjacent, border upon, கிட்ட. 9. [prov.] To settle, become close, compact, hard–as bread not well leavened, sand by rain, &c., உரக்க. 1. To be preserved as pickles, &c., அடைகாயடைய. 11. To incline towards a color, நிறம்பற்ற. 12. To die, as a great or holy person, obtain bliss, absorp tion, &c., முத்தி, being understood.
(II) University of Madras Lexicon – அடைந்தோர் – aṭaintōr n. அடை¹- +.1. Those who have taken refuge; அடைக்கலம்புகுந்தவர். (கம்பரா. விபீடண. 114.) 2. Relatives;சுற்றத்தார். (சது.)