വൈശാഖ്. കെ
Published: 10 November 2024 കഥ
മരണക്കിണർ
അയാൾ തന്റെ കയ്യിലെ വെളിച്ചത്തിൽ ദിശ മനസ്സിലാക്കി നടന്നു തുടങ്ങി. എങ്ങും ഇരുട്ടാണ്. . ‘സൂയിസൈഡ് ‘ പോയന്റിന്റെ ബോർഡ് ആരോ ദൂരേക്കെടുത്തു കളഞ്ഞിരിക്കുന്നു. കയർ അടുത്തുള്ള മരത്തിൽ വലിച്ചുക്കെട്ടി അയാൾ സാവകാശം മരണക്കിണറിന്റെ ആഴങ്ങളിലേക്കിറങ്ങി. പെട്ടന്ന് അയാൾ ഞെട്ടി എഴുന്നേറ്റു. തലയില്ലാത്ത ഒരു ശവത്തെ കയറ്റുന്നത് നീലൻ സ്വപ്നം കണ്ടു.
പ്രഭാതം അതിന്റെ ലക്ഷ്യസ്ഥാനം കൈവരിച്ചിരിക്കുന്നു . നീലൻ എഴുന്നേറ്റ് പ്രഭാതകൃത്യം നടത്തുവാൻ ആരംഭിച്ചു . ഇന്നലെ ഒരാളെ കയറ്റാൻ വേണ്ടി പോയതാണ്.
“വലിയ മെനെക്കേടുള്ള പണിയാണ് “.
നീലൻ മുക്കേരിയുമായി പല്ലുതേക്കാൻ പുറപ്പെട്ടു. വല്ലാത്ത തണുപ്പ് ഷർട്ടിടാത്തത്കൊണ്ട് തണുപ്പ് കൂടുതലായി.
അപ്പുറത്ത് പ്രകൃതി കനിഞ്ഞു നൽകിയ വെള്ളിയാർ മല. ഇപ്പുറത്ത് ചെങ്കൽക്കാട്. നീലൻ പ്രഭാതകൃത്യത്തിൽ മുഴുകി.
“അണ്ണേ?.”
പെട്ടന്നൊരു വിളി പക്ഷെ ആളെ കണ്ടില്ല. നീലൻ തിരികെ ചോദിച്ചു
“യാ രാടാ അത്”.
“നാൻ താ മണി “.ഓടി കിതച്ച് മണി നീലന്റെ കുടിയിലേക്ക് കയറി.
“എന്നടാ ” “അണ്ണേ വെള്ളിയാർ മലയിൽ ഒരു ശവം”.
“നീ എപ്പിടി പാത്താച്ച് “.
“ഇപ്പൊ താ പാത്താച്ച് “.
കയ്യിലുള്ള മുക്കേരി നിലത്ത് കൊട്ടി നീലൻ കുടിയിൽ നിന്ന് ഒരു ഷർട്ടിട്ട് വെള്ളിയാർ മലയിലേയ്ക്കു കുതിച്ചു. പോലീസും നാട്ടുകാരും അവിടെ ഒത്തുകൂടിയിരിക്കുന്നു.വെള്ളിയാർ മല പ്രകൃതിയുടെ വരദാനമാണ് പക്ഷെ ഈ വരദാനത്തിനെ ആളുകൾ കാഴ്ച കാണാനും ഉല്ലാസവും,രസവും കണ്ടെത്താനും മാത്രമല്ല ഉപയോഗിക്കുന്നത്. ആധുനിക മനുഷ്യന്റെ പ്രധാന ആവശ്യമായ ആത്മഹത്യയെ നിറവേറ്റുന്നതിലുള്ള പ്രധാന സ്ഥലമയിക്കൂടിയാണ് വെള്ളിയാർ മലയെക്കാണുന്നത്. എത്ര മനുഷ്യ ജീവികളാണ് ഇവിടെ ആത്മഹത്യ ചെയ്തത് ഈ “മരണക്കിണറിൽ “.
വെള്ളിയാർ മലയെ മരണക്കിണർ എന്നും ആളുകൾ വിളിക്കാറുണ്ട്. നീലനെ കണ്ടതും ഇൻസ്‌പെക്ടർ വേലായുധം നീലന്റെ സമീപതെത്തി
“പെട്ടന്ന് വേണം ഇന്ന് പു ലർച്ചെ വീണതാണ്”.
“. ശരി സാർ”. നീലൻ തലകുലുക്കി പറഞ്ഞു.
മണി അപ്പോഴേക്കും നീലന്റെ കുടിയിൽ നിന്ന് കയറും ബെൽറ്റുമെടുത്ത് വെള്ളിയാർ മലയിലേക്ക് പാഞ്ഞെത്തി.
ചുറ്റിനും കാട് അതിന്റെ ഒത്ത നടുക്ക് ഒരു കൂറ്റൻ മരണക്കിണർ. കയർ അപ്പുറത്ത് കാണുന്ന മരത്തിൽ വലിച്ച് കെട്ടി നീലൻ മുതുകത്ത് തൂക്കിയ ബെൽറ്റിൽ കയറിന്റെ ഒരറ്റവും കെട്ടി. എന്നിട്ട് പതിയെയിറങ്ങാൻ തുടങ്ങി ഇറങ്ങുന്നതിന്റെയിടയിൽ അവന്റെ കാല് ഒരു പാറ മടക്കിൽ പോറി അതിൽ നിന്ന് രക്തം ഇറ്റിറ്റ് വീണു. വേദന സഹിച്ച് നീലൻ മരണകിണറിന്റെ ആഴങ്ങളിലേക്ക് മാഞ്ഞു. ഒടുവിൽ ശവശരീരത്തിന് അരികെയെത്തി. ചുറ്റിനും നീലൻ കണ്ണുപായിച്ചു. വെള്ളിപടർപ്പുകളുടെയിടയിൽ രക്തം വാർന്ന് കിടക്കുന്ന ശവശരീരത്തിനെ നീലൻ അടിമുടിയൊന്ന് നോക്കി.
ചെറുപ്പക്കാരനാണ് തലയുടെ വലത്തേ ഭാഗം പൊളിഞ്ഞിരിക്കുന്നു. പതിയെ ശരീരം അവൻ ബെൽറ്റുപയോഗിച്ച് പുറകിൽ ആഞ്ഞു കെട്ടി.എന്നിട്ട് കയർ വലിക്കാനുള്ള സിഗ്നൽ കൊടുത്തു. കയർ പതിയെ മുകളിലേക്ക് വലിച്ചു.അനാഥ പ്രേതത്തെ വഹിച്ച് നീലൻ മുകളിലേക്ക് കയറി വന്നു. മനുഷ്യ ശവം കയറിൽ നിന്ന് കെട്ടഴിച്ച് ആംബുലൻസിലേക്ക് കയറ്റി. ആളാരാണെന്ന് അറിയില്ല ഒന്നുകിൽ ഒരു നിരാശ കാമുകൻ, അല്ലെങ്കിൽ മറ്റാരോ!…
നീലന് ഇൻസ്‌പെക്ടറുടെ കയ്യിൽ നിന്ന് നാലായിരം രൂപ കൂലി കിട്ടി. അതുമായി നീലൻ കുടിയിലേക്ക് നടന്നു. കൂടി നിന്നവർ പിരിഞ്ഞു പോയി.നടക്കുന്നതിന്റെയിടയിൽ നീലന്റെ കാലിൽ നിന്ന് രക്തം ഒലിച്ചിറങ്ങി. നീലന്റെ കാലിൽ നിന്ന് രക്തം ഒലിക്കുന്നത് ആദ്യമല്ല ഇതിനു മുൻപും മരണകിണറിലെ വെള്ളിപടർപ്പ്കളിൽ കുടുങ്ങിയും പാ- റയിടുക്കുകളിൽ പോറിയും കാലിന് പരിക്ക് സംഭവിച്ചിട്ടുണ്ട്. നീലൻ കുടിയിലേക്ക് കയറി ഷർട്ടിന്റെ പുറകിൽ ചോര പുരണ്ടിട്ടുണ്ട്.
നീലൻ കുളിക്കാൻ സിമന്റ് തിണ്ണയിലേക്ക് കയറി വെള്ളത്തിന് നല്ല തണുപ്പ്. കുളിമുറിയിൽ ഒരൊച്ച് ഗതിയില്ലാതെ ഇഴയുന്നു അതിനെ പിടിച്ച് നീലൻ പുറത്തേക്കിട്ടു.കുളി കഴിഞ്ഞ് നീലൻ വിശ്രമിക്കാൻ ആരംഭിച്ചു. നീലന്റെ കുടിയിലേക്ക് നടന്നടുത്ത റപ്പായി നീലനെ നോക്കി പിച്ചും പേയും പറയാനാരംഭിച്ചു.
” ന്റെ മോനെ കണ്ടോ “.
” ഇല്ല.” കഠിനമായ സ്വരത്തിൽ നീലൻ ഉത്തരം നൽകി.” അപ്പൊ നീ ന്റെ മോനെ കണ്ടില്ലേ”?
നീലൻ മൗനം തുടർന്നു. നീലന്റെ കൂട്ടുകാരനായിരുന്നു റപ്പായിയുടെ മോൻ തോമസ്സ് . ഇടക്ക് എപ്പോഴോ മലയിൽ വച്ച് കാണാതായി അന്ന് തുടങ്ങിയതാ റപ്പായിക്ക് പ്രാന്ത് . നീലൻ പറഞ്ഞു.
“റപ്പായി മൂപ്പരെ മഴ വരുന്നുണ്ട് വേഗം കുടിയിലേക്ക് പൊക്കോ”.
പള്ളിവക അനാഥാലയത്തിലാണ് റപ്പായി താമസിക്കുന്നത്. ഇടക്ക് അവരുടെ കണ്ണു വെട്ടിച്ചുകൊണ്ട് നാട്ടിലൂടെ മകനെ അന്വേഷിച്ച് അലഞ്ഞുനടക്കും. റപ്പായി വീണ്ടും തുടർന്നു.
“ന്റെ മോനെക്കണ്ടോ “? നീലൻ മൗനം തുടർന്ന്നിന്നില്ല ഉടനെ അവിടെ നിന്ന് എഴുന്നേറ്റുപ്പോയി. റപ്പായി അതിൽ ശടിച്ച് നടന്നു പോയി. നീലൻ വിചാരിച്ചു.”പാവം റപ്പായി”.
സൂര്യൻ അതിന്റെ യാത്ര തുടർന്നു സമയം ഉച്ചയായി. നീലൻ കുടിയിൽ ചോറും കറിയും വച്ച് കഴിക്കാൻ ആരംഭിച്ചു. ഓട് വീട്, ചാണകം കൊണ്ട് മെഴുകിയ നിലം. മണ്ണു കൊണ്ട് തേച്ച ചുവര് ഇതാണ് നീലന്റെ കുടി. നീലൻ അപ്പോഴാണ് മണിയെ കുറിച്ചോർത്തത്.
മണി തന്റെ സ്വന്തം കൂട്ടുകാരനായ കൂടപ്പിറപ്പ്. അവന്റെ അപ്പനും, അമ്മയും മരണക്കിണറിൽ ചാടിയാ മരിച്ചത് അന്ന് അവന് പതിനഞ്ചു വയസ്സ് പ്രായം.
നീലന് അന്നം ഇറങ്ങിയില്ല കൈ കഴുകി എഴുന്നേറ്റു. മണിയുടെ അപ്പനെയും, അമ്മയെയും മരണക്കിണറിൽ നിന്ന് പുറത്തിറക്കിയത് നീലന്റെ അപ്പനായിരുന്നു. “അപ്പൻ “.അപ്പന്റെ ചിന്ത അവനെയലട്ടി.അമ്മ മലയാളിയായിരുന്നു അപ്പൻ തമിഴനും. പതിയെ മണി നീലന്റെ കുടിയിലേക്കിറങ്ങി.
“അണ്ണേ!….. സാപ്പിട്ടാച്ചാ?”.
“ആമാ നിയോ?”
“നാനും സാപ്പിട്ടാച്ച് “.
“നിനക്കിന്ന് പണിയില്ലേ”? “ഇല്ലേ ഇന്നൊന്നും കെടക്കലേ “.
“അണ്ണേ!…. നാളെ കാലയിൽ മലയിൽപ്പോയി തേൻ എടുക്കണം അണ്ണയും നാളെ വരുങ്കോ”.
“ഇല്ലേ മണി ഞാൻ വരില്ല എനക്ക് ഒന്നിനും വയ്യെ “
“ഉനക്ക് എന്നാച്ച് അണ്ണേ?”
“ഒന്നുമില്ലേ മണി “.
അല്പ സമയത്തെ മൗനം. നീലന്റെ ചിന്തയിൽ അവനും മരണക്കിണറുമായിരുന്നു. തന്റെ ഇരുപതാമത്തെ വയസ്സിൽ തുടങ്ങിയതാണ് മരണക്കിണറിൽ നിന്ന് ശവം കയറ്റാൻ ആദ്യത്തെ ശവം കയറ്റൽ തന്റെയപ്പന്റെയായിരുന്നു. അലറി വിളിച്ചു കൊണ്ട് കയറിൽ തൂങ്ങി ബെൽറ്റുമായി നീലൻ അന്ന് ആദ്യമായി മരണക്കിണറിലിറങ്ങി. അപ്പന്റെ ശവത്തിന് അന്ന് നാലുദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇന്നും ഓരോ ശവം കയറ്റുമ്പോഴും അവന് അപ്പനെയോർമ്മവരും.
അമ്മ അതുകഴിഞ്ഞ് ദീനം വന്ന് മരിച്ചു.നീലൻ മാത്രം ഒറ്റക്ക്. ഇപ്പോഴും അപ്പനും, അമ്മയും വെള്ളിയാർ മലയിൽ നിന്ന് വിളിക്കുന്നതുപ്പോലെ അവന് തോന്നും.
ഏതൊരു പുരുഷനെയും പോലെ നീലനും ഒരു പെൺകുട്ടിയോട് താല്പര്യമുണ്ടായിരുന്നു.അവളോടതിനെക്കുറിച്ച് ഒരുനാൾ ചോദിച്ചു അവളുടെ ഉത്തരം ഇങ്ങനെയായിരുന്നു .
“അപ്പനോട് ചോദിക്ക് “.
പുഞ്ചിരി കലർന്ന സ്വരത്തിൽ അവൾ മറുപടി പറഞ്ഞു. നീലൻ പഠിപ്പുകാരനല്ലലോ പോരാത്തതിന് ശവം ചുമക്കുന്നവന്റെ മകൻ എന്ന പേരും.ഒരു നാൾ വിവാഹാലോചന നടത്താൻ വേണ്ടി നീലൻ തന്നെ അവളുടെ അപ്പനെ നേർക്ക് നേരെ കാണുവാൻ തീരുമാനിച്ചു. എന്നും ഇട്ടി മൂപ്പിന്ന് വരുന്ന തക്കം നോക്കി നീലനിരിക്കും. എന്നാൽ മൂപ്പീന്നിന്റെ വരവ് പോകുന്നപോലെയല്ലാ. പോകുമ്പോൾ രണ്ടുകാലിലും വരുമ്പോൾ നാല് കാലിലുമായിരിക്കും.നാട്ടിലെ വലിയ ധനികനാണ് ഇട്ടിമൂപ്പിന്ന്.’ധനികനിൽ നിന്ന് ദാരിദ്രനിലേക്ക്’ എന്ന പഴമൊഴി ഇട്ടിമൂപ്പിന്നിന്റെ ജീവിതവുമായി ചേർത്തു വായിക്കാം.
ഒരു നാൾ മൂപ്പിന്നിനെ നേർക്ക് നേരെ കണ്ടു എന്നിട്ട് വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചു. മൂപ്പിന്നിന്റെ വായിൽ നിന്ന് പരിഹാസത്തിന്റെ കാട്ടു തീ നീലന്റെ നെഞ്ചിലേയ്ക്ക് ആളിപ്പടരാൻ തുടങ്ങി.
“എടാ നിന്റെ അപ്പന്റെ തൊഴിലല്ലേ നീയും ചെയ്യണേ!………
“.അപ്പൊ ശവം കോരിന്റെ മോന് ഞാൻ ന്റെ മോളെ കൊടുക്കില്ല”.
“ശവം കോരുന്നത് നിനക്ക് നാറ്റണ്ടാവില്ലാ. “ന്നാ എനിക്ക് കൊറച്ചിലുണ്ട്.”
നീലന്റെ കനത്ത ശബ്‌ദം അയാളുടെ വാക്കുകളെ ഇല്ലാതാക്കി അയാളുടെ മുൻപിൽ നീലനലറി.
“മതി, മതി. ഒത്തിരി മോഹിച്ചുപോയി അത്കൊണ്ടാ ചോദിച്ചത്”.
“എന്നാൽ നീകേട്ടോ നിനക്ക് ഞാൻ ന്റെ മോളെ തരില്ലാ “.
എന്നും പറഞ്ഞ് ഇട്ടിമൂപ്പിന്ന് നീലനെ തട്ടിമാറ്റിപ്പോയി.
അപ്പോഴേയ്ക്കും ആളുകൾ കൂടിയിരുന്നു ഇട്ടിമൂപ്പിന്നിന്റെ വർത്തമാനം കേട്ട് എല്ലാവരും നീലനെ കളിയാക്കുവാൻ തുടങ്ങി.
“ശവംക്കോരിന്റെ മകൻ “.
ആ അലറി വിളിച്ചുള്ള ശബ്ദം വെള്ളിയാർ മലയിൽ മുഴുകി.
ഇട്ടിമൂപ്പിന്ന് കോരിയിട്ട തീ നീലന്റെ മനസ്സിനെ ചുട്ടെരിച്ചു.അന്ന് പതിവിലും അധികമായി നീലൻ ചാരായം മോന്തി.എന്നിട്ടും ആ കനൽ കെട്ടില്ല . പക്ഷെ ഒരു നാൾ അവളുടെ വീട്ടുകാരുടെ ശവങ്ങളും ചുമന്നത് നീലനായിരുന്നു. ഒരു കട ബാധ്യത അതിൽ പിടിച്ചു നിൽക്കാൻ പറ്റാഞ്ഞിട്ട് ഇട്ടിമൂപ്പിന്നും, കെട്ട്യോളും മരണക്കിണറിൽ ചാടി മരിച്ചു.
അവളൊഴികെ മറ്റെല്ലാവരും കൂട്ടാത്മഹത്യക്ക് മരണക്കിണർ തന്നെ തിരഞ്ഞെടുത്തു. ഒന്നും രണ്ടും ദിവസം ശവശരീരങ്ങൾ ആരും തൊട്ടില്ല. നീലൻ മടിച്ചുമാറിനിന്നു .
അവസാനം അവൾ നീലന്റെ കുടിയിലേയ്ക്ക് കടന്നു ചെന്നു.
“ന്റെ അപ്പനും, അമ്മയും”.
“ആ ഞാനറിഞ്ഞു ചാടിച്ചത്തല്ലേ “. “അവസാനം ഈ ശവം കോരിന്റെ മകൻ തന്നെ വേണംല്ലെ? “
“എനിക്ക് നിന്റെ അപ്പനെ കയറ്റാൻ പറ്റില്ല അയാളുടെ ശവം അവിടെ കിടന്നു നാറാട്ടെ, ചിലപ്പോൾ വല്ല പട്ടിയുംവന്ന്കടിച്ചു തിന്നോളും”.
പൊട്ടി കരഞ്ഞു കൊണ്ട് നീലൻ തുടർന്നു.
“നീപോയി വല്ലവർക്കും കൈമടക്ക് കൊടുക്ക് എന്നിട്ട് നിന്റെ അപ്പന്റെയും , അമ്മേന്റെയും ശവം കോരിക്ക്”.
“കൈമടക്ക് കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ലാ”.
അവൾ തേങ്ങിക്കൊണ്ട് തുടർന്നു.
“മൂന്ന് ദിവസം പട്ടിണിയിലായിരുന്നു കൈമടക്ക് കൊടുക്കാനുണ്ടെങ്കിൽ ആദ്യം വയറ്റിലെ വിശപ്പ് ഞാൻ അകറ്റിയേനെ”.
അവളുടെ ആ വാചകത്തിന് നീലന്റെ തീരുമാനം മാറ്റാനുള്ള ശേഷിയുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപെ നീലനനുഭവിച്ചത് ഇന്നവളുമനുഭവിക്കുന്നു. അവളുടെ കണ്ണുനീർ പതിയെ കണ്ണിൽ നിന്നും പുറത്ത് ചാടി അത് നീലന്റെ കാലിൽ ചെന്ന് പതിച്ചു.ആ തുള്ളികൾക്ക് തീപ്പൊള്ളലിന്റെ ചൂടുണ്ടായിരുന്നു നീലൻ കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് കയറും, ബെൽറ്റുമുപയോഗിച്ച് മരണക്കിണറിലേയ്ക്കിറങ്ങി ഇരു ശവങ്ങളും കയറ്റി.അന്ന് നീലന്റെ പ്രവർത്തികണ്ട് എല്ലാവരും കൈയടിച്ചു. പലരും പറഞ്ഞു.
“അവസാനം ഇട്ടിയുടെ ശവംക്കോരാനും നീലൻ തന്നെ വേണ്ടിവന്നു “.
ആരോരുമില്ലാത്തവളെ നീലൻ കൈവിട്ടില്ല. അടുത്തുള്ള മഠത്തിൽ അവളെ ചേർത്തു.ഇന്നവൾ ‘സിസ്റ്റർ സായയാണ്’.
സന്ധ്യയാകാൻ പോകുന്നു നീലൻ മണിയുമായി ഒന്ന് നടക്കാൻ വേണ്ടിയിറങ്ങി. കാലിലെ മുറിയിൽ ചോര കട്ടപ്പിടിച്ചിട്ടുണ്ട്. കാട്ടിൽ നിന്ന് കുറുക്കന്മാർ ഓരിയിടുന്നു.ഇരുട്ട് കട്ടപ്പിടിക്കാൻ തുടങ്ങി. ചീവീടുകൾ കരയുന്നു. പെട്ടന്നാണ് ഇരുട്ടത്ത് ഓടിക്കിതച്ച് മുത്തു ആ വഴി വന്നത്.
“അണ്ണേ ഒരു ശവം”.
ഒട്ടും താമസിക്കാതെ നീലൻ വീട്ടിലേക്കോടി അവിടെ നിന്ന് കയറും, ബെൽറ്റുമെടുത്ത് മരണകിണറിന്റെ അടുത്തേക്ക് ചെന്നു കയറ് മരത്തിൽ കെട്ടി സാവധാനം നീലനിറങ്ങി. ഒന്നല്ല രണ്ട് ശവങ്ങൾ. കമിതാക്കളാണ് ഇവരെന്തിന് ഈ മരണകിണർ ആത്മഹത്യ ചെയ്യാൻ തിരഞ്ഞെടുത്തു? പണ്ട് ഇതു പോലെ ശവം കയറ്റുമ്പോൾ ശവത്തിന് അനക്കം അന്ന് നീലൻ ഞെട്ടി നിലവിളിച്ചു. ആദ്യമായാണ് തനിക്ക് അങ്ങനെയൊരനുഭവം. അവൻ പറഞ്ഞത്
“എന്നെ ഇവിടെ ഉപേക്ഷിച്ചു പോകൂ മനുഷ്യാ!…… അല്ലെങ്കിൽ നിങ്ങളുടെ കയ്യിൽ എന്തെങ്കിലുമായുധമുണ്ടങ്കിൽ എന്നെ കൊല്ലൂ!….എനിക്ക് ജീവിക്കേണ്ടാ!”
.പക്ഷെ ആ മനുഷ്യന്റെ പ്രാണനറുക്കാൻ നീലന് കഴിഞ്ഞില്ല. പെട്ടന്ന് വലിച്ചു കയറ്റി ആശുപത്രിയിലെത്തിച്ചു.
നീലൻ ഇരു ശവശരീരങ്ങളും മുകളിലേക്ക് കയറ്റി. തന്റെ സ്ഥിരം കൂലി നാലായിരം രൂപ വാങ്ങിച്ച് കുടിയിലേക്ക് നടന്നു.
രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും നീലന്റെ ചിന്ത മരണക്കിണറിനെക്കുറിച്ചായിരുന്നു. താനും മരണക്കിണറിന് ഇരയാവുമോ? എന്ന ചിന്ത. ആ ചിന്തയിൽ നിന്ന് അവൻ പതിയെ ഉറക്കത്തിലേക്ക് ചേക്കേറി. ഉറക്കത്തിൽ മരണക്കിണർ അവൻ സ്വപ്നം കണ്ടു. അപ്പൻ കയ്യുയർത്തി മരണക്കിണറില്ലേക്ക് വിളിക്കുന്നു. കിണറിന്റെ ഉൾവശം പ്രേതങ്ങളുടെ വിഹാര സ്ഥലമാണ്.അതിൽ നിന്ന് ചെന്നായ്ക്കൾ ഓരിയിടുന്നു .പെട്ടന്ന് അവൻ അതിൽ നിന്ന് മുക്തനായി.ഞെട്ടി എഴുന്നേറ്റ് നീലൻ മൺ കൂജയിലെ വെള്ളം അകത്താക്കി. ശരീരം മുഴുവൻ വിയർത്തിരിക്കുന്നു.പെട്ടന്ന് കതകിൽ ആരോ തട്ടുന്നു നീലൻ എഴുന്നേറ്റ് വാതിൽ പതിയെ തുറന്നു. വാച്ചർ ശക്തി. നീലൻ ചോദിച്ചു
” എന്താ ശക്തി ഈ പാതിരക്ക്?”.
“അയ്യാ മരണക്കിണറിൽ ഒരു ശവം”.
ഒട്ടും വൈകാതെ നീലൻ കയറും, ബെൽറ്റുമെടുത്ത് മരണക്കിണറിലേയ്ക്ക് കുതിച്ചു
വൈശാഖ്. കെ
ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്