മോശമായി പെരുമാറുന്നതിനെ നോർമലൈസ് ചെയ്യുന്നവർ ഭയപ്പെടുന്ന അവസ്ഥ വന്നു ചേർന്നിട്ടുണ്ട്
സജിത മഠത്തിലുമായുള്ള അഭിമുഖം
ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ (ജെ.എൻ.യു.) നിന്ന് പിഎച്ച്‌ഡി നേടിയ സജിത മഠത്തിൽ നാടകകൃത്തും നാടക നടിയും ചലച്ചിത്ര നടിയുമാണ്. ഷട്ടർ (2012) ഇടുക്കി ഗോൾഡ്, റാണി പത്മിനി, വൈറസ്, പട, ബി 32 മുതൽ 44 വരെ, ഫാമിലി, പുലിമട , കിങ്ങ് ഓഫ് കോത്ത തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഡൽഹി സംഗീത നാടക അക്കാദമിയുടെ ഡെപ്യൂട്ടി സെക്രട്ടറി, കേരള ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ , കെ.ആർ നാരായണൻ ഫിലീം ഇൻസ്റ്റിറ്റൂട്ടിൽ അഭിനയ വിഭാഗം പ്രൊഫസർ, എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.മത്സ്യഗന്ധി, ചങ്കി-ചങ്കരൻ ഫാമിലി റിയാലിറ്റി ഷോ, മാതൃദിനം, മ്യാരേജ് കേക്ക് തുടങ്ങിയ നാടകങ്ങൾ എഴുതി. ഡബ്ള്യൂ സി സി സ്ഥാപക അംഗങ്ങളിൽ ഒരാൾ. മലയാള നാടക സ്ത്രീ ചരിത്രം ,അരങ്ങിന്റെ വകഭേദങ്ങള്‍ (ഉപന്യാസങ്ങൾ )അരങ്ങിലെ മത്സ്യഗന്ധികൾ ( നാടക സമാഹാരം) ,
എം.കെ കമലം – ജീവചരിത്രം, നീലക്കുയിൽ (മിസ് കുമാരിയുടെ ആത്മകഥ ) തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
Q നാടക പ്രവർത്തക, ചലച്ചിത്ര നടി എന്നീ നിലകളിലാണല്ലോ താങ്കൾ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുള്ളത്.ആദ്യകാലം മുതലുള്ള നാടകപ്രവർത്തനങ്ങളെക്കുറിച്ചു പറയാമോ?
A കോഴിക്കോട്ടെ അമേച്ച്വർ നാടകവേദിയിലും,സ്ക്കൂൾ നാടകങ്ങളിലും അഭിനയിച്ച ചെറിയ പരിചയം മാത്രമെ എനിക്ക് ഉണ്ടായിരുന്നുള്ളൂ. നൃത്തത്തിലായിരുന്നു കൂടുതൽ ശ്രദ്ധ. എന്നാൽ ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ കലാജാഥകളും മാനുഷിയുടെയും സമതയുടെയും പ്രവർത്തനങ്ങളെ കുറിച്ചുള്ള അറിവുമാണ് എനിക്ക് നാടകത്തിൻ്റെ സാധ്യതകൾ മനസ്സിലാക്കി തന്നത്. 1987 ലെ സമതയുടെയും 1991ലെ സ്ത്രീ പ0ന കേന്ദ്രത്തിൻ്റെയും നാടക കളരികൾ നാടകം ഐച്ഛികമായി പഠിക്കാൻ ഉള്ള തീരുമാനത്തിലേക്ക് എത്തിച്ചു.
1998ല്‍ അക്കാദമി വനിതാ നാടക പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയിലിൽ ബ്യൂട്ടീപാർലർ എന്ന സോളോ നാടകം അവതരിപ്പിക്കാനായി. ദേശീയതലത്തിലുള്ള പ്രമുഖ വനിതാ നാടകപ്രവര്‍ത്തകരുമായി ഇടപഴകാനും അതൊരു അവസരമായി.
കേരളത്തിലെ ആദ്യ വനിതാ നാടക സംഘമായ ‘അഭിനേത്രി ‘ 1992-93 ലാണ് നിലവില്‍ വന്നത്. ‘ചിറകടിയൊച്ചകൾ ‘ എന്ന നാടകത്തിനു ശേഷം ഒരു സ്ത്രീ നാടക വർക്ക്ഷോപ്പും തെരുവു നാടകവും എല്ലാം ‘അഭിനേത്രി ‘യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. തുടർന്ന് കൊല്‍ക്കത്തയില്‍ പഠനം പൂര്‍ത്തിയാക്കിയ ഞാന്‍ ദല്‍ഹിക്ക് താമസം മാറ്റി. അവിടെയും നാടകപ്രവർത്തനങ്ങൾ തുടർന്നു.
Q വിവാഹത്തിൻ്റെ മൂന്നാം നാൾ ഭർതൃദർശനംപോലും ലഭിക്കാതെ വിധവയായ ഒരു സ്ത്രീയുടെ കഥയെ മുൻനിർത്തി നാടകമെഴുതിയതും ഹരിപ്പാട് വച്ചു കൂടിയ യോഗക്ഷേമസഭയിൽ അവതരിപ്പിച്ചതും നാടകത്തിനു മുൻപ് പാസ്സാകാതെ പോയ വിധവാ വിവാഹപ്രമേയം നാടകത്തിനു ശേഷമാണ് അവതരിപ്പിച്ചിരുന്നതെങ്കിൽ പാസ്സാകുമായിരുന്നു എന്നു ഒരാൾ അഭിപ്രായപ്പെട്ടതും ലളിതാംബികാ അന്തർജ്ജനം രേഖപ്പെടുത്തിയിട്ടുണ്ട്. നവോത്ഥാന കാലസ്ത്രീ നാടകപ്രവർത്തനങ്ങളെ എങ്ങനെ കാണുന്നു?
A 1990 കളുടെ തുടക്കത്തിൽ സ്ത്രീ പഠനകേന്ദ്രം ഒരു സാഹിത്യ പ്രവർത്തകക്യാമ്പ് നടത്തിയിരുന്നു. ചന്ദ്രമതി ടീച്ചർ, മാധവിക്കുട്ടി എന്നിങ്ങനെ പരിചയമുള്ളവരും അല്ലാത്തവരുമായ പലരും ഉണ്ടായിരുന്നു. നാടകത്തിൽ ഗവേഷണം നടത്തിയിരുന്ന രാജലക്ഷ്മി ടീച്ചർ ഉണ്ടായിരുന്നു. അന്നു ഞങ്ങളുടെ ധാരണ യോഗക്ഷേമസഭ മൂന്നു നാടകങ്ങൾ അവതരിപ്പിച്ചിരുന്നു എന്നാണ്. രാജലക്ഷ്മി ടീച്ചറുടെ ഗവേഷണത്തിൻ്റെ ഭാഗമായി എൻ.മോഹനനെ കാണുകയും ലളിതാംബിക അന്തർജ്ജനത്തിൻ്റെ ‘പുനർജന്മം’ എന്ന നാടകം കണ്ടെടുക്കുകയും ചെയ്തു. അതു അന്നു അത്ഭുതമായിരുന്നു.ലളിതാംബിക അന്തർജ്ജനം എഴുതിയ നാടകം എന്തു കൊണ്ട് നാടകചരിത്രത്തിലൊന്നും രേഖപ്പെടുത്തിയില്ല എന്നതായിരുന്നു ആ അത്ഭുതം.
അതുപോലെ രേഖപ്പെടുത്താതെ പോയ നാടകമാണ് ‘തൊഴിൽ കേന്ദ്രത്തിലേക്ക് ‘ എന്ന നമ്പൂതിരി സ്ത്രികൾ എഴുതിയ നാടകം.രണ്ടായിരത്തിൽ കൈരളി ടി.വി.യിൽ ജോലി ചെയ്യുന്ന സമയത്താണ് ഗ്രാമ പ്രകാശ് മാഷ് ഒരു നാടകം തന്നിട്ട് ഇതു വായിച്ചു നോക്കു എന്നു പറയുന്നത്.’തൊഴിൽ കേന്ദ്രത്തിലേയ്ക്ക് ‘ എന്ന നാടകം അദ്ദേഹത്തിൻ്റെ ഭാര്യ ബീന അപ്പൻ തമ്പുരാൻ ലൈബ്രറിയിൽ നിന്ന് കണ്ടെത്തിയതാണ് . ഇങ്ങനെ ഒരു കൃതി ഉണ്ടെന്ന് ആനന്ദി ടി.എ. പറഞ്ഞ് അറിയാമെങ്കിലും അതു വായിക്കുന്നത് അങ്ങിനെയാണ് .ആനന്ദി റിസർച്ച് ചെയ്യുന്ന സമയത്ത് സ്ത്രീകൾ അഭിനയിച്ച ഇങ്ങനെ ഒരു നാടകത്തെക്കുറിച്ച് ഉണ്ണി നമ്പൂതിരിയിലൊക്കെ വായിച്ചറിഞ്ഞ കാര്യം പങ്കുവച്ചിരുന്നു. പിന്നീട് ഇതിനെക്കുറിച്ചുള്ള ഗൗരവമായ പഠന തന്നെ സമതയുടെ പേരിൽ ഇറക്കിയിട്ടുണ്ട്. ഈ സമയത്താണ് ഇത്തരം കൃതികൾ കണ്ടെടുക്കപ്പെടുന്നത്. ഇത് അന്നുവരെ യോഗക്ഷേമസഭയും, നായകൻമാരും അവർ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തിച്ച സ്ത്രീകളും എന്ന കാഴ്ചയെ മാറ്റിമറിച്ചു,
എന്നെ സംബന്ധിച്ച് ഫെമിനിസ്റ്റ് ഡിസ്കോർസിസിനെ ശക്തിപ്പെടുത്താനുള്ള ടൂൾ ആയി മാറി ഈ നാടകങ്ങൾ. .
ഇത്തരം കൃതികൾ പഠിക്കുമ്പോഴാണ് വി ടി യും മറ്റും സ്ത്രീകളെ എങ്ങനെ കണ്ടിരുന്നു എന്ന പുനരാലോചന വരുന്നത്.പുരോഗമന കാംക്ഷിയായ ഒരു പുരുഷനനുയോജ്യയായ സ്ത്രീയുടെ കർതൃത്വ രൂപീകരണം ഈ ആൺ നാടകങ്ങളിൽ വ്യക്തമായി തെളിഞ്ഞു വരും. 1928ൽ തന്നെ പാർവ്വതി നെന്മേനി മംഗലം മറക്കുടയും ഘോഷയും ഇല്ലാതെ യോഗക്ഷേമസഭയിൽ വന്നിട്ടുണ്ട്. മുന്നേ തന്നെ സ്ത്രീകൾക്ക് ഏജൻസി ഉണ്ടായ അല്ലെങ്കിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത്, അതിൽ നിന്നും വ്യത്യസ്തമായി പുരുഷൻ കല്പിച്ചു കൊടുക്കുന്ന കർതൃത്വമാണ് ഈ നാടകങ്ങളിൽ കാണുന്നത്.
നിങ്ങൾ ലളിതാംബിക അന്തർജ്ജനത്തിൻ്റെ നാടകം സവിശേഷമായി ചോദിച്ചത് എനിക്ക് വലിയ സന്തോഷം നൽകുന്നു. ആ നാടകം വളരെ സങ്കീർണ്ണമാണ്. ആ നാടകത്തിൽ വളരെ പുരോഗമനപരമായ നിലപാടു എടുക്കുമ്പോഴും ഒരു ഒത്തുതീർപ്പിൻ്റെ തലം – ആ വാക്കാണോ ഉപയോഗിക്കേണ്ടത് എന്നറിയില്ല പാരമ്പര്യത്തെ പൂർണ്ണമായും വിട്ടു കളയാതെ ഒരു കൈ കൊണ്ടു പിടിക്കുന്നത് അതിൽ കാണാം.പക്ഷെ എന്തായാലും അതു ഗംഭീര നാടകമായിരുന്നു. നമ്മൾ ഇന്നു ആഘോഷിക്കുന്ന നാടകങ്ങൾക്കൊപ്പം നിന്ന നാടകം തന്നെയായിരുന്നു.പക്ഷെ നാടകം സംഭവിക്കണമെങ്കിലും ശ്രദ്ധിക്കപ്പെടണമെങ്കിലും ഒരു ഗ്രൂപ്പുവേണമല്ലോ അതുണ്ടായില്ല. ഒന്നുരണ്ട് സ്ഥലത്തു മാത്രമേ അവതരിക്കപ്പെട്ടുള്ളൂ. പ്രസിദ്ധീകരിക്കാൻ അവർക്ക് താല്പര്യമില്ലായിരുന്നു. ആ വിഷയത്തോട് അവർക്ക് ഭയമുണ്ടായിരുന്നു എന്നു തോന്നുന്നു. പറഞ്ഞു വന്നത് യോഗക്ഷേമസഭ നായകന്മാർ മാത്രമല്ല സ്ത്രീകളെ പുറത്തേക്ക് കൊണ്ടുവന്നത് .സ്ത്രീകൾ അവരുടെ കർതൃത്വം അക്കാലത്ത് തന്നെ തെളിയിച്ചു തുടങ്ങിയിരുന്നു. , അവർ പുറത്തേക്ക് വന്ന കാലത്താണ് പ്രഖ്യാത നാടകങ്ങൾ രചിക്കപ്പെട്ടത്. പക്ഷെ പിന്നീട് നാടകരചനക്ക് തുടർച്ച ഉണ്ടായില്ല എന്നത് സത്യമാണ്. പിന്നീട് മറ്റൊരു തരം തുടർച്ച വരുന്നത് ഇടത് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ്. പക്ഷെ അവയെക്കുറിച്ച് പറയുമ്പോൾ സ്ത്രീ പ്രധാന അജണ്ടയായി വരുന്നുമില്ല.
Q നാടകത്തിൽ അഭിനയിക്കാൻ പോയ സെബാസ്റ്റിൻ കുഞ്ഞുകുഞ്ഞു ഭാഗവതരെക്കുറിച്ച് മോഷണമോ കൊലക്കുറ്റമോ ചെയ്തിരുന്നെങ്കിലും ക്ഷമിക്കാമായിരുന്നു, ഇങ്ങനെ പിശാചിൻ്റെ അടിമയായിപ്പോയല്ലോ എന്നു ഒരാൾ പറഞ്ഞതായി അദ്ദേഹത്തിൻ്റെ നാടക സ്മരണകളിൽ കാണാം. സ്ത്രീകൾ എന്നല്ല പുരുഷന്മാർ നാടകത്തിന് പോകുന്നതും അന്നു പാപമായിരുന്നല്ലോ.നാടകത്തെ ഇങ്ങനെ പിശാചായി കണ്ടതു എന്തുകൊണ്ടാവാം?
A നാടകം തമിഴ്‌നാട്ടിൽ നിന്നും ഒക്കെ വന്നു കണ്ടു തുടങ്ങുന്ന ഒരു കാലമാണത്. അതു വരെ സെക്കുലറായിട്ടുള്ള ആർട്ട് ഫോമുകളല്ല ഉണ്ടായിരുന്നത്. കമ്യൂണിറ്റികളാണ് അവതരിപ്പിച്ചിരുന്നത്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ കമ്യൂണിറ്റികൾക്ക് ഓരോരോ കലാരൂപങ്ങൾ. അല്ലാത്ത ചിലതൊക്കെ ഉണ്ടായിരുന്നു ,ചില ഉത്സവങ്ങൾ ഒക്കെ ഉണ്ടായിരുന്നു എന്നു പറയാമെങ്കിലും. എന്നാൽ ശരീരത്തിൻ്റെ തുറസ്സ് അനുഭവിക്കുന്ന കലാരൂപമായിരുന്നു നാടകം. സ്ത്രീകൾ പങ്കെടുക്കുന്നു, സ്ത്രീ പുരുഷന്മാർ ചേർന്നഭിനയിക്കുന്നു എന്നതൊക്കെ കേരളത്തിലെ പെർഫോമിംഗ് ആർട്ടിനകത്ത് പുതിയ കാര്യമായിരുന്നു. റിയൽ ലൈഫിൻ്റെ ആഘോഷണമാണത്, അവിടെ പ്രണയമുണ്ട്, വൈരാഗ്യമുണ്ട്, പാട്ടും ഡാൻസുമുണ്ട്, ജീവിക്കുന്ന കാലത്തിൻ്റെ പ്രതിഫലനമുണ്ട്.അതു കുറേ മനുഷ്യരെ എക്സൈറ്റ് ചെയ്തിട്ടുണ്ട്. അതു ഏറ്റെടുക്കാൻ പള്ളിക്ക് കഴിഞ്ഞില്ല. ആളുകൾ വഴിപിഴച്ചു പോകുമെന്നു കരുതിയിട്ടുണ്ടാകാം.സെബാസ്റ്റിൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ‘നാടക സ്മരണകൾ ‘ ഞാൻ പല തവണ വായിച്ചിട്ടുണ്ട്
Q അദ്ദേഹത്തിൻ്റെ ‘നാടക സ്മരണകളി’ൽ നാടകത്തിലെ സ്ത്രീകളെക്കുറിച്ച് വിശദമായി കാണാമല്ലോ?
A എന്താ സംശയം എൻ്റെ PhDഉണ്ടായതിൻ്റെ ഏകകാരണക്കാരൻ അദ്ദേഹമാണ്. അതു ഞാൻ എഴുതിയിട്ടുമുണ്ട്. അദ്ദേഹം വരികൾക്കിടയിൽ പറഞ്ഞു പോയ കാര്യങ്ങൾ ചരിത്രപരമായി സ്ഥാനപ്പെടുത്തുകയും തുടർന്ന് അനേഷിക്കുകയുമാണ് ,മലയാള നാടക സ്ത്രീ ചരിത്രത്തിൽ ഞാൻ ചെയ്തത്.
Q ചലച്ചിത്രരംഗത്തെ വ്യവസ്ഥകളെക്കുറിച്ചാണ് ഇപ്പോൾ പറയുന്നത്.നാടകരംഗത്ത് അതുണ്ടോ?കടയ്ക്കാവൂർ കുഞ്ഞിക്കൃഷ്ണപ്പണിക്കരാണല്ലോ കമ്പനി നിയമമനുസരിച്ച് രജിസ്റ്റർ ചെയ്ത് നാടകക്കമ്പനി ആദ്യമായി ആരംഭിക്കുന്നത്.ഒരു വ്യവസ്ഥയുണ്ടാകുന്നത് അതിനു ശേഷമാണല്ലോ. അതു സ്ത്രീകൾക്ക് ഏതെങ്കിലും രീതിയിൽ പ്രയോജനപ്പെട്ടിരുന്നോ?
A ആദ്യകാല കരാർ ഞാൻ കണ്ടിട്ടില്ല. മറ്റ് ചില പ്രൊഡക്ഷൻ രേഖകൾ പ0ന ആവശ്യങ്ങൾക്കായി കണ്ടിട്ടുണ്ട്. അതിലൊന്നും സ്ത്രീ സുരക്ഷ, വേതന വ്യവസ്ഥ എന്നിവയെ കുറിച്ച് കാര്യമായൊന്നും കണ്ടിട്ടില്ല.
Q ഒരു പ്രദർശനം ഫ്രീ ആയി നാടക മുതലാളിക്ക് ചെയ്തു കൊടുക്കണം എന്നൊക്കെ നിബന്ധന ഉണ്ടായിരുന്നല്ലേ?
A അതെ അതുണ്ടായിരുന്നു.അതു കെ.പി.എ.സി.യിൽ പോലും ഉണ്ടായിരുന്നു. അതിനോട് വിയോജിച്ച് സുധർമ്മ എന്ന ആദ്യ കാല പ്രവർത്തക / നടി കെ.പി.എ.സി.യിൽ നിന്നും ഇറങ്ങിപ്പോയിട്ടുണ്ട്.
Q പിന്നീട് നാടകത്തിൽ വ്യവസ്ഥകൾ ഒന്നും ഉണ്ടായിട്ടില്ലേ?
A സിനിമ തുടങ്ങുമ്പോൾ ചേമ്പറിൽ രജിസ്റ്റർ ചെയ്യുമല്ലോ. ഇപ്പോൾ അങ്ങനെ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ആഭ്യന്തര പരിഹാര സമിതി (ICC ) നിർബന്ധമാണ്. അതുപോലെ ഇത്ര ശമ്പളം ഇത്ര ദിവസം എന്നതുൾപ്പെടുന്ന നിബന്ധ ഉണ്ടാവണമെന്നാണല്ലോ ഇപ്പോൾ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതു നടകത്തിൽ സാധ്യമാകുമോ എന്നതാണ് പ്രശ്നം. ചർച്ചകൾ ആരംഭിക്കേണ്ട സമയമായി എന്നാണ് തോന്നുന്നത്. സാമ്പത്തികമായ അടിത്തറയില്ലാത്ത പ്രോജക്ടുകളിൽ അത് സാധ്യമാണോ എന്നറിയില്ല.
Q നവോത്ഥാനകാല സാമൂഹിക നാടകങ്ങൾക്ക് പ്രത്യയശാസ്ത്രപരമായ പരിമിതികൾ ഉണ്ടായിരിക്കുമ്പോൾ തന്നെ അവ ജീവിതവുമായി, ചരിത്രവുമായി അഗാധ ബന്ധവും സാധാരണ ജനങ്ങളുടെ അടിയന്തിര പ്രശ്നങ്ങളുമായി നേർബന്ധവും പുലർത്തിയിരുന്നല്ലോ…. പിന്നീട് തനതു നാടകങ്ങളുടെ കാലം വരുമ്പോൾ അതു നഷ്ടപ്പെട്ടു എന്നു തോന്നുന്നുണ്ടോ?
A തനത് നാടകമൊക്കെ ആർട്ട് ഫോമിനകത്ത് നടത്തിയ മാറ്റങ്ങളാണ് എന്നാണ് കേരളത്തിൽ മനസ്സിലാക്കപ്പെടുന്നത്. കേന്ദ്ര സംഗീത നാടക അക്കാദമി ഉണ്ടായ കാലത്ത് വളരെ ഗൗരവപ്പെട്ട ഒരു സെമിനാർ നടന്നിട്ടുണ്ടായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലാണ് ഹബീബ് തൻവീർ അടക്കമുള്ളവർ,പുറത്തു പോയി നാടകം പഠിച്ചു വന്നവർ, ഇന്ത്യൻ ഫോക് പാരമ്പര്യങ്ങളെ ഉപയോഗിച്ച് ഇന്ത്യക്ക് ഇന്ത്യയുടേതായിട്ടുള്ള നാടക സങ്കല്പം ഉണ്ടാക്കിയെടുക്കാൻ പറ്റുമോ എന്നുള്ള ചർച്ചകൾ അക്കാലത്ത് നടത്തി.അതൊക്കെ അന്നത്തെ നാഷണൽ മൂവ്മെൻ്റിൻ്റെ തുടർച്ചയായി സംഭവിച്ചതാണ്. കാവാലം പോലുള്ളവർ അതിൻ്റെ ആശയങ്ങളിൽ ആകൃഷ്ടരായി. അത് നെഗറ്റീവായും പോസീറ്റാവായും ചർച്ചകൾ കൊണ്ടു വന്നിട്ടുണ്ട്.ഇപ്പോഴും അത്തരം ഫോക് പാരമ്പര്യങ്ങളെ അതിൻ്റെ അന്തസ്സത്ത ഉൾക്കൊണ്ട് ഉപയോഗിക്കുന്നവരുണ്ട്. ഓരോന്നിനും അതിൻ്റേതായ പ്രാധാന്യം ഉണ്ട് എന്നാണ് എൻ്റെ വിശ്വാസം.
Q സ്ത്രീ നാടകവേദി എന്നു പറയാവുന്ന ഒന്ന് കേരളത്തിൽ രൂപപ്പെട്ട് വന്നിട്ടുണ്ടോ?
A പലരും പലവഴിക്കുമുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.മാനുഷി, സമത, പോലുള്ള സംഘങ്ങൾ ഉണ്ടായിട്ടുണ്ട്. പരിഷത്ത് വനിതാ കലാജാഥ മുന്നോട്ടുവെച്ചിരുന്നു. അതാണ് പെർഫെക്ട് എന്നുള്ളതല്ല,ഒരു പാട് പരിശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ചെയ്ത നാടകങ്ങളിലൂടെയും അത്തരം ശ്രമങ്ങൾ തന്നെയാണ് നടത്തിയിട്ടുള്ളത്.
അഭിനേത്രിയും നിരീക്ഷയും ജിഷയുടെയും ശ്രീജ ആറങ്ങോട്ടുകരയുടെയും പ്രവർത്തനങ്ങളും എല്ലാം ഈ രംഗത്തെ ഇടപെടലാണ്. പുതുതായി ഒട്ടേറെ പെൺകുട്ടികൾ നാടകം പഠിച്ച് മലയാള നാടക വേദിയിൽ സജീവമാണ്. ഇതെല്ലാം ഈ രംഗത്തെ ഇടപെടലിൻ്റെ ആകെ തുകയാണ് .
Q മാധ്യമങ്ങളുടെ ഇടപെടൽ ചില രീതിയിൽ ചലച്ചിത്ര രംഗത്തെ സ്ത്രീയുടെ തൊഴിൽ ചൂഷണ പ്രശ്നത്തെ ഉന്നയിക്കാൻ സഹായിച്ചിട്ടുണ്ടെങ്കിലും അധികാര പ്രശ്നം, തൊഴിൽ പ്രശ്നം എന്ന നിലയിൽ നിന്നും ‘മീടു സെൻസേഷണൽ വാർത്താ സീരീസ്’ എന്ന നിലയിലേയ്ക്ക് പ്രശ്നങ്ങളെ ചുരുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ലേ?
A ഒരു പരിധി വരെ അങ്ങനെ പറയാമെങ്കിലും ഞാൻ അതിനെ അങ്ങനെയല്ല കാണുന്നത്. സ്ത്രീയോട് മോശമായി പെരുമാറുന്നതിനെ നോർമലൈസ് ചെയ്തു കൊണ്ടുള്ള പരസ്യ പ്രതികരണങ്ങൾ നടത്തുന്നവരും അങ്ങനെ പെരുമാറുന്നവരും ഒന്നു ഭയക്കുന്ന ഒരവസ്ഥ ഇതു കാരണം ഉണ്ടായിട്ടുണ്ട്.ഒന്നിനെയും കുറച്ചു കാണുന്നില്ല.
Q സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്ന ചലച്ചിത്ര- നാടക സങ്കല്പങ്ങൾ എന്തെല്ലാം? ഭാവി പദ്ധതികൾ എന്തൊക്കെയാണ്?
A ഫിലിം പോളിസിയുമായി ബന്ധപ്പെട്ട പ0നത്തിലാണ് ഇപ്പോൾ പ്രധാനമായും ശ്രദ്ധക്കൊടുക്കുന്നത്. അതിനായി നൽകാൻ നിർദ്ദേശങ്ങൾ തയ്യാറാക്കുന്ന പ്രവർത്തനത്തിലാണിപ്പോൾ. ഒരു നാടകമെഴുതി അവതരിപ്പിക്കണമെന്ന ആ ഗ്രഹവും ഗൗരവമായുണ്ട്.