വി.രവികുമാർ
Published: 10 December 2024 ലോകസാഹിത്യവിവർത്തനങ്ങൾ
നിങ്ങൾ കാണുന്നയാളെ സ്നേഹിക്കുക
സോറൻ കീർക്കെഗോർ
വിവ: വി.രവികുമാർ
ഒരാളെ അയാളുടെ ദൗർബല്യങ്ങളും സ്ഖലിതങ്ങളും അപൂർണ്ണതകളും കണ്ടില്ലെന്നു നടിച്ചുകൊണ്ട് സ്നേഹിക്കുന്നത് ശരിയ്ക്കുള്ള സ്നേഹമല്ല. അല്ല, സ്നേഹിക്കുക എന്നാൽ ആ ദൗർബല്യങ്ങളും സ്ഖലിതങ്ങളും അപൂർണ്ണതകളുമിരിക്കെത്തന്നെ അയാളെ സ്നേഹാർഹനായി കാണുക എന്നാണ്, ആ ദൗർബല്യങ്ങളോടും സ്ഖലിതങ്ങളോടും അപൂർണ്ണതകളോടുമൊപ്പം അയാളെ സ്നേഹിക്കുക എന്നാണ്. നമുക്കന്യോന്യം മനസ്സിലാക്കാൻ ശ്രമിക്കാം.
രണ്ടു ചിത്രകാരന്മാരുണ്ടെന്നിരിക്കട്ടെ; അവരിൽ ഒരാൾ പറയുന്നു: “ഞാൻ ഒരുപാടു യാത്ര ചെയ്തു, ലോകം കുറേയൊക്കെ കാണുകയും ചെയ്തു; എനിക്കു വരയ്ക്കാനർഹനായി ഒരാളെ കണ്ടെത്താൻ എനിക്കായില്ല. വരയ്ക്കാൻ എന്റെ മനസ്സിനെ പ്രേരിപ്പിക്കുന്ന വിധം സൗന്ദര്യത്തിന്റെ പൂർണ്ണത തികഞ്ഞ ഒരു മുഖം എനിക്കു കണ്ടുകിട്ടിയില്ല. ഞാൻ കണ്ട ഓരോ മുഖത്തിലും ഒന്നല്ലെങ്കിൽ മറ്റൊരു വൈകല്യം കാണാനുണ്ടായിരുന്നു. അങ്ങനെ ഞാൻ തേടിനടന്നതു വെറുതെയായി.” ഈ കലാകാരൻ മഹാനായ കലാകാരനാണെന്നതിന്റെ സൂചനയാണോ ഇത്? മറിച്ച്, രണ്ടാമത്തെയാൾ പറയുകയാണ്: “ഞാൻ വലിയൊരു ചിത്രകാരനാണെന്നൊന്നും പറയുന്നില്ല, ചിത്രകാരനാണെന്നുപോലും പറയുന്നില്ല. ഞാൻ അത്രയധികം യാത്ര ചെയ്തിട്ടുമില്ല. എന്നാൽ, എനിക്കു സുപരിചിതമായ ഒരു പരിമിതവൃത്തത്തിനുള്ളിൽ അത്രയ്ക്കഗണ്യമോ അത്രയ്ക്കു വികലമോ ആയ ഒരു മുഖം ഞാൻ കണ്ടിട്ടില്ല, സുന്ദരമെന്നു പറയാവുന്ന ഒരു വശം കാണാനില്ലാത്തതായി, വിശിഷ്ടമായതെന്തെങ്കിലും കണ്ടെത്താനില്ലാത്തതായി. അതിനാൽ കലാകാരനാണെന്ന അവകാശവാദമൊന്നും ഉന്നയിക്കുന്നില്ലെങ്കിലും എന്റെ കലയിൽ ഞാൻ തൃപ്തനാണ്.“ കലാകാരൻ എന്നു വിളിക്കേണ്ടത് ഇദ്ദേഹത്തെത്തന്നെയാണെന്നല്ലേ, ഇതു ചൂണ്ടിക്കാണിക്കുന്നത്? അയാൾ തന്നോടൊപ്പം കൊണ്ടുവന്ന ‘എന്തോ ഒന്നി’ന്റെ സഹായത്താൽ ഒരു പാടു യാത്ര ചെയ്ത കലാകാരന് ലോകത്തൊരിടത്തും കണ്ടെത്താൻ കഴിയാതെപോയത് കണ്ടെത്തുകയായിരുന്നു. ആദ്യത്തെ കലാകാരന് ആ ‘എന്തോ ഒന്ന്’ സ്വന്തമായിട്ടില്ലായിരിക്കാം! ഈ രണ്ടു പേരിൽ രണ്ടാമത്തെയാളല്ലേ യഥാർത്ഥ കലാകാരൻ?
ഒരു വസ്തുവിനെ സ്നേഹിക്കണമെങ്കിൽ അതെങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചു നിർത്തില്ലാതിങ്ങനെ പറഞ്ഞുപോവുക എന്നത് വ്യസനകരവും എന്നാൽ സർവ്വസാധാരണവുമായ ഒരു കീഴ്മേൽ മറിച്ചിലാണ്. നിങ്ങളുടെ ദൗത്യം സ്നേഹാർഹമായ വസ്തുവിനെ കണ്ടെത്തുകയല്ല, മറിച്ച്, നിങ്ങൾക്കു മുന്നിലുള്ള വസ്തു (അതിനി നിങ്ങൾക്കു വീണുകിട്ടിയതോ നിങ്ങൾ തേടിപ്പിടിച്ചതോ ആകട്ടെ) സ്നേഹാർഹമാണെന്നു കണ്ടെത്തുകയാണ്; ആ വ്യക്തി എങ്ങനെയൊക്കെ മാറിയാലും സ്നേഹാർഹനായി അയാളെ കാണുകയാണ്. സ്നേഹിക്കുക എന്നാൽ നിങ്ങൾ കാണുന്നയാളെ സ്നേഹിക്കുക എന്നാണ്. യോഹന്നാൻ നമ്മെ ഓർമ്മിപ്പിക്കുന്നില്ലേ: ”കണ്മുന്നിലുള്ള തന്റെ സഹോദരനെ സ്നേഹിക്കാത്തവൻ കണ്മുന്നിലില്ലാത്ത ദൈവത്തെ സ്നേഹിക്കുന്നതെങ്ങനെ?“
തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെ ക്രിസ്തു നോക്കിയത് ഏതുവിധമാണെന്ന് ഒന്നാലോചിച്ചുനോക്കൂ. അത് തള്ളിക്കളയുന്നൊരു നോട്ടമായിരുന്നോ, തിരസ്കാരത്തിന്റെ നോട്ടമായിരുന്നോ? അല്ല. സ്വന്തം അവിവേകം കൊണ്ട് അപായത്തിന്റെ വക്കിലെത്തിയ കുഞ്ഞിനെ അമ്മ നോക്കുന്ന നോട്ടം പോലെയായിരുന്നു അത്. അടുത്തു ചെന്ന് അവനെ രക്ഷിക്കാൻ പറ്റില്ലെന്നതിനാൽ കുറ്റപ്പെടുത്തുന്നതെങ്കിലും രക്ഷിക്കുന്ന ഒരു നോട്ടത്തോടെ അമ്മ അവനെ അവനറിയാതെ ചെന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അപ്പോൾ പത്രോസ് അപകടത്തിലായിരുന്നോ? സ്വന്തം സ്നേഹിതനെ ഒറ്റു കൊടുക്കുക എന്നത് എത്ര ഗുരുതരമായ കാര്യമാണെന്ന് കഷ്ടം, നമുക്കു മനസ്സിലാകുന്നില്ല. അതേ സമയം തന്നെ തള്ളിപ്പറഞ്ഞവനാണ് ശരിക്കും അപകടത്തിലായിരിക്കുന്നതെന്ന് ചതിക്കപ്പെട്ട സ്നേഹിതൻ തന്റെ കോപത്തിന്റെയോ വിഷമത്തിന്റെയോ തീവ്രതയിൽ അറിയുന്നുമില്ല. എന്നാൽ താനല്ല, പത്രോസാണ് അപകടത്തിലായിരിക്കുന്നതെന്ന് രക്ഷകൻ വ്യക്തമായി കണ്ടു; രക്ഷ വേണ്ടത് പത്രോസിനാണെന്നും. പത്രോസ് തന്നെ സഹായിക്കാൻ തിടുക്കപ്പെട്ടില്ലെന്ന കാരണത്താൽ തന്റെ ദൗത്യം പരാജയപ്പെട്ടു എന്നു കരുതാനുള്ള ബുദ്ധിമോശം ലോകരക്ഷകൻ കാണിച്ചില്ല. അതേസമയം താൻ രക്ഷിക്കാൻ തിടുക്കപ്പെട്ടില്ലെങ്കിൽ പത്രോസ് നശിച്ചുപോകുമെന്ന് അവൻ കാണുകയും ചെയ്തു.
ക്രിസ്തുവിന് പത്രോസിനോടുള്ള സ്നേഹം പരിധിയറ്റതായിരുന്നു; പത്രോസിനെ സ്നേഹിക്കുന്നതിലൂടെ താൻ കാണുന്ന വ്യക്തിയെ സ്നേഹിക്കുക എന്നത് അവൻ കൈവരിക്കുകയും ചെയ്തു. “പത്രോസേ, എനിക്കിനിയും നിന്നെ സ്നേഹിക്കാൻ കഴിയണമെങ്കിൽ നീ ആദ്യം മാറണം, മറ്റൊരാളാവണം,” എന്ന് അവൻ പറഞ്ഞില്ല. അതെ, അതിന്റെ നേരേ എതിരാണ് അവൻ പറഞ്ഞത്: “പത്രോസേ, നീ പത്രോസാണ്, നിന്നെ ഞാൻ സ്നേഹിക്കുന്നു; മറ്റൊരാളാവാൻ സ്നേഹം നിന്നെ സഹായിക്കും.” പത്രോസുമായുള്ള സൗഹൃദം വിച്ഛേദിക്കുകയും അയാൾ മറ്റൊരാളായപ്പോൾ അതു പുനഃസ്ഥാപിക്കുകയുമല്ല ക്രിസ്തു ചെയ്തത്. അല്ല, ആ സൗഹൃദം നിലനിർത്തുകയും അതുവഴി മറ്റൊരാളാവാൻ പത്രോസിനെ തുണയ്ക്കുകയുമായിരുന്നു. അത്രയും വിശ്വസ്തമായ ഒരു സ്നേഹമില്ലാതെ പത്രോസിനെ വീണ്ടും വരുതിയിലാക്കാൻ കഴിയുമായിരുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?
ഒരാൾ വഷളായാൽ പിന്നെ അയാളെ സ്നേഹിക്കേണ്ട ബാദ്ധ്യതയിൽ നിന്നു നാം ഒഴിവായതായി വിഡ്ഢികളായ നാം പലപ്പോഴും കരുതുന്നു. സ്നേഹിക്കേണ്ട ബാദ്ധ്യതയിൽ നിന്നൊഴിവാകുക: എത്ര നിരർത്ഥകമായ ഭാഷാപ്രയോഗമാണത്. നാം കുടഞ്ഞുകളയാൻ കാത്തിരിക്കുന്ന ഒരു ഭാരമാണ് സ്നേഹമെന്നോ! ഈ വിധത്തിലാണ് നിങ്ങൾ ഒരു വ്യക്തിയെ കാണുന്നതെങ്കിൽ നിങ്ങൾ അയാളെ കാണുന്നതേയില്ല. നിങ്ങൾ കാണുന്നത് അയോഗ്യത മാത്രമാണ്, അപൂർണ്ണത മാത്രമാണ്, അതുവഴി നിങ്ങൾ സമ്മതിക്കുകയുമാണ്, അയാളെ സ്നേഹിച്ചപ്പോൾ നിങ്ങൾ ശരിക്കും അയാളെയല്ല കണ്ടിരുന്നതെന്ന്, അയാളുടെ മേന്മയും പൂർണ്ണതകളുമാണ് കണ്ടിരുന്നതെന്ന്. യഥാർത്ഥസ്നേഹമെന്നാൽ ഒരാളെ കാണുന്നപോലെ സ്നേഹിക്കുക എന്നാണ്. ഊന്നൽ ഒരാളുടെ പൂർണ്ണതകളെ സ്നേഹിക്കുക എന്നതിലല്ല, അയാളെ അയാളായിത്തന്നെ സ്നേഹിക്കുന്നതിലാണ്; അയാൾക്കുണ്ടായിരിക്കാവുന്ന യോഗ്യതകളും അയോഗ്യതകളും എന്തുമായിക്കോട്ടെ.
ഒരാളിൽ കാണുന്ന മേന്മകൾ വെച്ചിട്ട് അയാളെ സ്നേഹിക്കുന്നവൻ അയാളെ കാണുന്നില്ല, അതിനാൽ യഥാർത്ഥമായി സ്നേഹിക്കുന്നുമില്ല; കാരണം, ആ മേന്മകൾ ഇല്ലാതാവുന്നതോടെ അയാളുടെ സ്നേഹവും ഇല്ലാതാവുകയാണ്. അതേ സമയം ഒരാൾ അടിമുടി മാറിയാലും അയാൾ ഇല്ലാതാകുന്നില്ലല്ലോ. സ്നേഹം സ്വർഗ്ഗത്തിലേക്കു ചാടിക്കയറുകയല്ല, അത് സ്വർഗ്ഗത്തു നിന്നിറങ്ങിവരികയാണ്, സ്വർഗ്ഗവും കൊണ്ടു വരികയാണ്. അത് താഴേക്കിറങ്ങുകയും ഒരു വ്യക്തിയെ, അയാളുടെ നല്ലതും ചീത്തയുമായ സകല മാറ്റങ്ങൾക്കിടയിലും അയാളെ സ്നേഹിക്കുകയുമാണ്; കാരണം, ആ മാറ്റങ്ങൾക്കുള്ളിലും അത് ഒരേയാളെത്തന്നെയേ കാണുന്നുള്ളു. മാനുഷികമായ സ്നേഹം എപ്പോഴും സ്നേഹഭാജനത്തിന്റെ പൂർണ്ണതകൾക്കു പിന്നാലെയാണു പറക്കുക. ക്രിസ്തീയസ്നേഹം അപൂർണ്ണതകളും ദൗർബല്യങ്ങളുമിരിക്കെത്തന്നെ സ്നേഹിക്കുന്നു. ഓരോ മാറ്റത്തിലും സ്നേഹം കൂടെ നില്ക്കും, താൻ കാണുന്ന വ്യക്തിയെ സ്നേഹിച്ചുകൊണ്ട്.
കഷ്ടം, സ്നേഹിക്കാൻ പരിപൂർണ്ണനായ ഒരാളെ കണ്ടെത്തുന്നതിനെക്കുറിച്ചണ് നാം സദാസമയവും പറഞ്ഞുകൊണ്ടിരിക്കുന്നത്. താൻ കാണുന്നയാളെ പരിധിയറ്റു സ്നേഹിക്കുന്നയാൾ തന്നെയാണ് പൂർണ്ണനായ വ്യക്തി എന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു. നാം മനുഷ്യർ എപ്പോഴും പൂർണ്ണത തേടി മുകളിലേക്കു നോക്കുകയാണ്; ക്രിസ്തുവിലാകട്ടെ, സ്നേഹം താഴെ മണ്ണിലേക്കു നോക്കുകയും താൻ കാണുന്നയാളെ സ്നേഹിക്കുകയുമാണ്. അപ്പോൾ, സ്നേഹത്തിൽ പൂർണ്ണതയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങൾ കാണുന്നയാളെ സ്നേഹിക്കാൻ യത്നിക്കുക, അയാളുടെ അപൂർണ്ണതകളും ദൗർബല്യങ്ങളുമൊക്കെയായി, നിങ്ങൾക്കയാൾ എങ്ങനെ കാണപ്പെടുന്നുവോ, അതുപോലെ. അയാളെ സ്നേഹിക്കുക, അയാൾ അടിമുടി മാറിക്കഴിഞ്ഞാലും, അയാൾക്കിപ്പോൾ നിങ്ങളെ സ്നേഹമില്ലെന്നാണെങ്കിലും, നിങ്ങളെക്കാണുമ്പോൾ അയാൾ മുഖം തിരിക്കുകയാണെങ്കിലും, മറ്റൊരു സ്നേഹത്തിലേക്കയാൾ തിരിയുകയാണെങ്കിലും. നിങ്ങളെ വഞ്ചിക്കുമ്പോൾ, നിങ്ങളെ തിരസ്കരിക്കുമ്പോൾ അയാളെങ്ങനെയാണോ, അതുപോലെ അയാളെ സ്നേഹിക്കുക. നിങ്ങൾ കാണുന്നയാളെ സ്നേഹിക്കുക, നിങ്ങൾ സ്നേഹിക്കുന്നയാളെ കാണുകയും ചെയ്യുക.
(From Works of Love: Some Christian Reflections in the Form of Discourses.)
വി.രവികുമാർ
കൂടാക്കിൽ, വടക്കുംഭാഗം, ചവറ സൗത്ത്, കൊല്ലം-691584 9446278252